അഫ്ഗാന്‍; വാദിയാര്, പ്രതിയാര്?

1619

അഫ്ഗാനിസ്ഥാന്‍ ഒരിക്കല്‍ കൂടി മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടായി മാറിയിരിക്കുന്നു. നീണ്ട രണ്ടു പതിറ്റാണ്ടിനു ശേഷം താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതാണ് പ്രധാന ചര്‍ച്ചാവിഷയം. ഇരുപതു വര്‍ഷങ്ങള്‍ നീണ്ട അധിനിവേശത്തിനൊടുവില്‍ അമേരിക്ക അഫ്ഗാനില്‍ നിന്നു മടങ്ങുമ്പോള്‍ വീണ്ടും ആ രാജ്യം താലിബാന്റെ കൈകളിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതിന് ഇത്രമാത്രം വേഗത ഉണ്ടായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. താലിബാന്റെ അധികാരാരോഹണം പ്രവചിച്ചവരെ പോലും അത്ഭുതപ്പെടുത്തികൊണ്ടാണ് അവരുടെ രണ്ടാം വരവ്. 90 ദിവസങ്ങള്‍ക്കകം താലിബാന്‍ കാബൂള്‍ പിടിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ കാബൂളിലെത്തി. ഇത്തവണ താലിബാന്‍ ഒന്നുകൂടി ശക്തരാണ്. കൂടുതല്‍ ആയുധവും സമ്പത്തും അവരിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. യഥാര്‍ഥത്തില്‍ എന്താണ് അഫ്ഗാനില്‍ സംഭവിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധഭൂമിയായി അഫ്ഗാനിസ്ഥാന്‍ മാറിയതെങ്ങനെയാണ്.


നാള്‍വഴി
‘സാമ്രാജ്യങ്ങളുടെ ശവപ്പറമ്പ്’ എന്നാണ് അഫ്ഗാനിസ്ഥാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനെ സാധൂകരിക്കും വിധം ബ്രിട്ടനും സോവിയറ്റ് യൂണിയനും പുറമെ അമേരിക്കയും അഫ്ഗാനില്‍ നിന്ന് പരാജയത്തോടെ പടിയിറങ്ങുന്നു. 19ാം നൂറ്റാണ്ടില്‍ അഫ്ഗാന്‍ പിടിച്ചടക്കാന്‍ റഷ്യയും ബ്രിട്ടനും തുടങ്ങിയ പോരാട്ടങ്ങള്‍ 1838 മുതല്‍ തന്നെ രാജ്യത്തെ തുടര്‍യുദ്ധങ്ങളിലേക്കു തള്ളിവിട്ടിരുന്നു. യുദ്ധങ്ങളിലൂടെ കീഴ്പ്പെടുത്താന്‍ കഴിയാത്ത ജനതയാണ് അഫ്ഗാനികളെന്ന് പിന്നീട് ഇവര്‍ക്ക് മനസ്സിലായി. ശേഷം, ആമിര്‍ അമാനുല്ല ഖാന്‍ സ്വയം രാജാവായി പ്രഖ്യാപിച്ചെങ്കിലും കൂടുതല്‍ കാലം വാഴാനായില്ല. 1933 മുതല്‍ 1973 വരെ നീണ്ടുനിന്ന സാഹിര്‍ ഷായുടെ കാലത്താണ് ആധുനിക അഫ്ഗാന്‍ ഒരു ഭരണത്തുടര്‍ച്ച കാണുന്നത്. രാജാവിന്റെ അടുത്ത ബന്ധുവായിരുന്ന മുഹമ്മദ് ദാവൂദ് ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ സോവിയറ്റ് യൂണിയനുമായി രാജ്യം കൂടുതല്‍ ബന്ധമുണ്ടാക്കുന്നു. 1965ല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍ (പി.ഡി.പി.എ) എന്ന പേരില്‍ അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. 1973ല്‍ സോവിയറ്റ് യൂണിയന്റെ ശക്തമായ പിന്തുണയോടെ നടത്തിയ അട്ടിമറിയിലൂടെ ദാവൂദ് ഖാന്‍ അധികാരത്തിലെത്തി. എന്നാല്‍, 1978ല്‍ നടന്ന സൗര്‍ റെവലൂഷനിലൂടെ ദാവൂദ് ഖാനെ വധിച്ച് നൂര്‍ മുഹമ്മദ് തരാക്കി അധികാരം പിടിച്ചെടുത്തു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മൂലം തരാക്കിയും വധിക്കപ്പെട്ടു. തുടര്‍ന്ന് തകര്‍ച്ചയുടെ വക്കില്‍ നിന്നും അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ താങ്ങിനിര്‍ത്തുക എന്ന ലക്ഷ്യവുമായാണ് 1979ല്‍ സോവിയറ്റ് യൂണിയന്‍ രാജ്യത്ത് അധിനിവേശം നടത്തുന്നത്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുയര്‍ന്നു. തങ്ങളുടെ പാരമ്പര്യവും മത വിശ്വാസവും തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്വ ശക്തി ശ്രമിക്കുമെന്ന ഭയം സോവിയറ്റ് യൂണിയനെതിരെ തിരിയാന്‍ അഫ്ഗാനികളെ പ്രേരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുജാഹിദീന്‍ സംഘങ്ങള്‍ ഉയര്‍ന്നു വന്നു. ശീതയുദ്ധ കാലമായതിനാല്‍ സോവിയറ്റ് യൂണിയനെ പ്രഹരിക്കാന്‍ ലഭിക്കുന്ന ഒരവസരവും അമേരിക്ക പാഴാക്കിയിരുന്നില്ല. അഫ്ഗാനിലെ മുജാഹിദുകള്‍ക്ക് നിര്‍ലോഭമായ പിന്തുണ അമേരിക്ക നല്‍കി. അത്യാധുനിക ആയുധങ്ങളും മറ്റും അമേരിക്കയില്‍ നിന്ന് മുജാഹിദുകള്‍ക്കു ലഭിച്ചു കൊണ്ടിരുന്നു. ഓപ്പറേഷന്‍ സൈക്ലോണ്‍ എന്നായിരുന്നു ഇതിനു പേര് നല്‍കപ്പെട്ടിരുന്നത്. പിന്നീട് അമേരിക്കയുടെ ശത്രുക്കളായ പലരേയും ഈ കാലഘട്ടത്തില്‍ അവര്‍ തന്നെ സൃഷ്ടിച്ചെടുത്തതായിരുന്നു. മുജാഹിദുകളുടെ പോരാട്ടവീര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സോവിയറ്റ് യൂണിയന്‍ നജീബുല്ലയുടെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാവ സര്‍ക്കാരിനെ പ്രതിഷ്ഠിച്ച് അഫ്ഗാനില്‍ നിന്നും 1989ല്‍ പടിയിറങ്ങി. നാഥനില്ലാ കളരിയായി മാറിയ അഫ്ഗാനില്‍ ആഭ്യന്തര കലാപങ്ങള്‍ ഉടലെടുത്തു. ഈ കലാപങ്ങള്‍ക്കിടയിലൂടെയാണ് ‘താലിബാന്‍’ രംഗപ്രവേശനം ചെയ്യുന്നത്.


താലിബാന്‍
വിദ്യാര്‍ഥികള്‍ എന്നാണ് താലിബാന്‍ എന്ന വാക്കിനര്‍ഥം. അഫ്ഗാനിസ്ഥാന്‍ മലനിരകളിലെ പരുക്കന്‍ ജീവിതവും ഗോത്ര സംസ്‌കാരവും മുന്നോട്ടു നയിക്കുന്ന സ്വതവേ പോരാളികളായ പഷ്തൂണ്‍ വിഭാഗത്തിലാണ് ഇവര്‍ ഉദയം ചെയ്യുന്നത്. 1994 ലാണ് മുഹമ്മദ് മുല്ലാ ഉമറിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനായി താലിബാന്‍ രൂപീകരിക്കുന്നത്. ഭൂരിഭാഗം പേരും പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മതപാഠശാലകളില്‍ പഠിച്ചവരും സോവിയറ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായിരുന്നവരുമായിരുന്നു. സോവിയറ്റ് യൂണിയന്റെ ചുവപ്പന്‍ സേനയെ കെട്ടുകെട്ടിക്കാന്‍ യു.എസിന്റെ സഹായത്തോടെ വളര്‍ന്നുവന്ന ഒട്ടനവധി പോരാളി ഗ്രൂപ്പുകളുടെ തുടര്‍ച്ചയാണ് താലിബാനും. അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ശക്തമായ പോരാട്ടത്തിനൊടുവില്‍ സോവിയറ്റ് യൂണിയന്‍ പിന്‍മാറിയതിനു ശേഷം അഫ്ഗാനില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥ മുതലെടുത്ത് താലിബാന്‍ വലിയ ജനപിന്തുണ നേടി. പിന്നീടു നടത്തിയ പോരാട്ടങ്ങളിലൂടെ 1996ല്‍ അവര്‍ അധികാരത്തിലെത്തി. ശേഷം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിക്കുകയും 2001 ലെ അമേരിക്കന്‍ അധിനിവേശം വരെ ഭരണം നടത്തുകയും ചെയ്തു. തീവ്ര നിലപാടുകളായിരുന്നു താലിബാന്റെ മുഖമുദ്ര. ആധുനിക സമൂഹത്തില്‍ നല്‍കപ്പെടേണ്ട ഒട്ടനവധി മനുഷ്യാവകാശങ്ങള്‍ താലിബാന്‍ ഭരണകാലത്ത് ലംഘിക്കപ്പെട്ടു.


അമേരിക്കന്‍ അധിനിവേശം
2001 ലായിരുന്നു താലിബാന്‍ ഭരണം അവസാനിപ്പിച്ച് അമേരിക്ക നാറ്റോ സംഘത്തോടൊപ്പം അഫ്ഗാനിസ്ഥാനില്‍ അധിനിവേശം ആരഭിക്കുന്നത്. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുത്തരവാദികളായവരെ താലിബാന്‍ ഭരണകൂടം സംരക്ഷിക്കുന്നു എന്നതായിരുന്നു അഫ്ഗാന്‍ അധിനിവേശത്തിന് അമേരിക്ക പറഞ്ഞ കാരണം. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് അമേരിക്ക നടത്തിയ അധിനിവേശം പിന്നീട് ഇരുപത് വര്‍ഷത്തോളം നീണ്ടുനിന്നു. മാസങ്ങള്‍ക്കുള്ളില്‍ താലിബാന്‍ ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ അമേരിക്ക ഒരു പാവ സര്‍ക്കാരിനെ അവിടെ പ്രതിഷ്ഠിച്ചു. പിന്നീട് നീണ്ട രണ്ടു പതിറ്റാണ്ടു കാലത്തെ യുദ്ധം അഫ്ഗാനിലെ സാധാരണക്കാരായ ജനങ്ങളെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം വരെ യുദ്ധത്തിന്റെ ഫലമായി അഫ്ഗാനിലും പാക് അതിര്‍ത്തിയിലുമായി ഏകദേശം 241000 ത്തോളം ജീവനുകള്‍ നഷ്ടപ്പെട്ടതായി ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതില്‍ തന്നെ 71000 ലധികവും സാധാരണക്കാരായ പൗരന്മാരായിരുന്നു എന്നത് ഏറെ വേദനാജനകമാണ്. 2009നു ശേഷം മാത്രം ഒരു ലക്ഷത്തി പതിനായിരത്തിലധികം അഫ്ഗാന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുകയോ മാരകമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ വിലയിരുത്തുന്നു.
ജോര്‍ജ് ഡബ്ല്യു ബുഷ്, ബറാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ എന്നീ നാലു പ്രസിഡന്റുമാരാണ് ഇക്കാലയളവില്‍ യു.എസില്‍ അധികാരത്തിലിരുന്നത്. 2011 ല്‍ ഉസാമ ബിന്‍ലാദനെ വധിച്ചെങ്കിലും അമേരിക്ക അധിനിവേശം തുടര്‍ന്നു. 2016 ഓടെ ഭൂരിഭാഗം അമേരിക്കന്‍ സൈനികരുടെയും പിന്‍വാങ്ങല്‍ ഒബാമ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ വീണ്ടും മുന്നോട്ടു പോയി. ഇതിനിടയില്‍ ട്രംപും താലിബാനും തമ്മില്‍ നടത്തിയ ഇടപാടിലൂടെ കൂടുതല്‍ അക്രമങ്ങള്‍ യു.എസ് സൈന്യത്തിനു നേരെ ഉണ്ടാവാതിരിക്കുകയും തീവ്രവാദി സംഘങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്താല്‍ 2021 മെയ് മാസത്തോടെ പൂര്‍ണമായ സൈനിക പിന്‍മാറ്റം ഉണ്ടാവുമെന്ന് ട്രംപ് വാഗ്ദാനം നല്‍കി. പിന്നീട് അധികാരത്തില്‍ എത്തിയ ജോ ബൈഡന്‍ ഈ ഡീലുമായി മുന്നോട്ടു പോവുകയും അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഇതോടെ ഇരുപത് വര്‍ഷം നീണ്ടു നിന്ന ശക്തമായ അധിനിവേശത്തിനാണ് അഫ്ഗാനില്‍ അന്ത്യം കുറിക്കപ്പെടുന്നത്. എന്നാല്‍, നഷ്ടങ്ങള്‍ മാത്രം സമ്മാനിച്ച നീണ്ട യുദ്ധത്തിനൊടുവില്‍ അമേരിക്ക മടങ്ങുമ്പോള്‍ താലിബാന്‍ ഒരിക്കല്‍ കൂടി അധികാരം ഉറപ്പിച്ചിരിക്കുകയാണ്.


താലിബാന്‍ 2.0
രണ്ടാമതും അഫ്ഗാനിസ്ഥാന്‍ താലിബാന്റെ കൈയ്യിലെത്തുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. പഴയ തീവ്ര നയങ്ങള്‍ തന്നെയാണോ ഇന്നും താലിബാന്‍ പിന്തുടരുന്നത്. പുതിയ ഭരണത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവരുടെ കാര്യങ്ങള്‍ എങ്ങനെയായിരിക്കും തുടങ്ങി നിരവധി കാര്യങ്ങള്‍ ആശങ്കകളായി നിലനില്‍ക്കുന്നു. എന്നാല്‍, ഇതിനിടയില്‍ തന്നെ മാറ്റങ്ങളുടെ സൂചനകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്ന താലിബാന്‍ പുറത്തിറക്കിയ പല പ്രസ്താവനകളിലും ഈ മാറ്റം പ്രകടമാവുന്നു. ബി.ബി.സി വാര്‍ത്താ അവതാരകക്ക് താലിബാന്‍ വക്താവ് നല്‍കിയ മറുപടിയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും ഞങ്ങള്‍ ഉറപ്പു നല്‍കുന്നു എന്നു പറഞ്ഞതിനെ വലിയൊരു മാറ്റമായാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടയില്‍ അഫ്ഗാനിലെ ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീ അവതാരക താലിബാന്‍ വക്താവിനെ ഇന്റര്‍വ്യൂ ചെയ്യുന്നത് കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. തങ്ങളുടെ രാജ്യം കേന്ദ്രീകരിച്ച് മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന പ്രസ്താവന കൂടിയാവുമ്പോള്‍ പുതിയ താലിബാനില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നു വേണം കരുതാന്‍. താലിബാന്‍ ഭരണത്തിലെ ആദ്യ ദിനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അല്‍ ജസീറ റിപ്പോര്‍ട്ടര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയ പല കാഴ്ച്ചകളും പഴയ താലിബാനില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ്. ക്യാമറക്കു മുന്നില്‍ പോസ് ചെയ്യുന്നവരും ജനങ്ങളോടൊത്ത് സെല്‍ഫി എടുക്കുന്നവരുമായ താലിബാന്‍ ഭീകരര്‍ കൗതുകകാഴ്ച്ചയാണ്. ഇതിനിടയില്‍ താലിബാന്‍ നടത്തിയ പൊതുമാപ്പ് പ്രഖ്യാപനവും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പഴയ താലിബാന്‍ ഭരണം നല്‍കിയ ഓര്‍മകള്‍ പലരെയും ഭയപ്പെടുത്തുന്നു. അമേരിക്കക്കും സര്‍ക്കാരിനും വേണ്ടി ജോലി ചെയ്തിരുന്നവരും സുരക്ഷാഭടന്മാരും പ്രതികാര നടപടികള്‍ ഭയന്നു കൂട്ടമായി വിമാനത്താവളങ്ങളിലേക്കു പോകുന്നതും അപകടകരമായ രീതിയില്‍ വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വേദനിപ്പിക്കുന്ന കാഴ്ചകളാണ്.
എന്നാല്‍,ഇതിനെല്ലാമിടയിലും താലിബാന്‍ എങ്ങനെ അധികാരത്തില്‍ എത്തി എന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ശക്തമായ അഫ്ഗാന്‍ സൈന്യത്തെ സൃഷ്ടിച്ചാണ് തങ്ങളുടെ മടക്കം എന്ന് യു.എസ് പറയുമ്പോഴും ഒരു ചെറിയ ചെറുത്ത് നില്‍പ്പു പോലും സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 2 ട്രില്ലണിലധികം ഡോളറാണ് അഫ്ഗാന്‍ സൈന്യത്തെ ശക്തിപ്പെടുത്താനായി ചെലവഴിച്ചതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അഫ്ഗാന്‍ സൈന്യത്തിന്റെ പകുതി പോലും ഇല്ലാത്ത താലിബാന്‍ സംഘത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു രാജ്യം പിടിച്ചടക്കാമെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ഒന്നുകില്‍ അമേരിക്കയും താലിബാനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിരിക്കണം അത്. അല്ലെങ്കില്‍ മാധ്യമങ്ങളിലൂടെയും മറ്റും നാം കാണുന്ന ഒരു വിഭാഗം ഒഴിച്ച് അഫ്ഗാനിലെ വലിയൊരു ജനവിഭാഗം അവരുടെ കൂടെയുണ്ട്.


വിദേശ നയം
മുന്‍ ഭരണത്തില്‍ നിന്നും വ്യത്യസ്ഥമായി മറ്റു രാജ്യങ്ങളുമായി നിരന്തര ചര്‍ച്ചകള്‍ക്ക് താലിബാന്‍ തയ്യാറാവുന്നുണ്ട്. ദോഹ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകള്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി താലിബാന്‍ നേതാക്കളില്‍ ഒരു വിഭാഗം ദോഹ കേന്ദ്രീകരിച്ചു ജീവിക്കുകയും മറ്റു രാജ്യങ്ങളുമായി ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. റഷ്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പല രാഷ്ട്രങ്ങളുമായി വര്‍ഷങ്ങളായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നുവെന്ന് താലിബാന്‍ അവകാശപ്പെടുന്നു. ഇതിനിടയില്‍ ചൈനയും റഷ്യയും താലിബാനെ അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. അമേരിക്കയും യഥാര്‍ഥത്തില്‍ താലിബാനെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് ദോഹ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ അഫ്ഗാന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതലായി താലിബാന്‍ പ്രതിനിധികളുമായി ബന്ധപ്പെടുന്നത്. ദോഹയിലെ അവരുടെ ഓഫീസ് തലവനും സ്ഥാപകരിലൊരാളും നിലവിലെ നേതൃത്വത്തിലെ രണ്ടാമനുമായ മുല്ല അബ്ദുല്‍ ഗനി ബറാദറിനെ 2010ല്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2018 ല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി വിട്ടയച്ചതാണെന്ന കാര്യവും ഇതിനോടു ചേര്‍ത്ത് വായിക്കണം. അമേരിക്ക-താലിബാന്‍ ബാന്ധവത്തിലെ അന്തര്‍ധാരയാണിതു സൂചിപ്പിക്കുന്നത്. ഇതിനിടയില്‍ അഫ്ഗാന്‍ കേന്ദ്രീകരിച്ച് മറ്റു രാജ്യങ്ങള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് അനുവദിക്കില്ലെന്നും എല്ലാവരുമായി നല്ല ബന്ധത്തില്‍ മുന്നോട്ടു പോവാനാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അല്‍ഖാഇദയെ സംരക്ഷിച്ചതിന്റെ പേരിലാണ് അമേരിക്ക താലിബാനെതിരെ യുദ്ധം ചെയ്തത് എന്നതുകൊണ്ട് ഈ പ്രസ്താവനക്ക് വലിയ പ്രാധാന്യമുണ്ട്.


യഥാര്‍ഥ ഉത്തരവാദികള്‍
കാലങ്ങളോളം നീണ്ടുനിന്ന യുദ്ധങ്ങള്‍ക്കിരകളാകേണ്ടി വന്ന ഒരു ജനതയാണ് അഫ്ഗാനികള്‍. ലോക വന്‍ശക്തികളുടെ ആര്‍ത്തിയും അധികാര മോഹവുമാണ് ഈവിധം ഒരു രാജ്യത്തെ നശിപ്പിച്ചത്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ചിരുന്ന ഒരു ജനതയെ കെടുതിയിലേക്കും പ്രയാസങ്ങളിലേക്കും തള്ളിവിട്ടതിന്റെ ആദ്യ ഉത്തരവാദി സോവിയറ്റ് റഷ്യ തന്നെയായിരുന്നു. ഷായുടെ ഭരണം അട്ടിമറിച്ച് സോവിയറ്റ് യൂണിയന്‍ തുടങ്ങിവച്ച രക്തച്ചൊരിച്ചിലാണ് ആദ്യം അഫ്ഗാന്റെ സമാധാനം കെടുത്തിയത്. സോവിയറ്റ് യൂണിയനെ ചെറുക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ഒഴുക്കിയ അമേരിക്കയും ലക്ഷ്യമിട്ടത് അഫ്ഗാന്‍ ജനതയുടെ നന്മയായിരുന്നില്ല. അഫ്ഗാനിസ്ഥാനിലെ ധാതുവിഭവങ്ങളിലായിരുന്നു അമേരിക്കയുടെ കണ്ണ്. അഫ്ഗാനിസ്ഥാനില്‍ സൈന്യം തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ 2017ല്‍ ട്രംപ് ഊന്നിപ്പറഞ്ഞ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഇതുതന്നെയായിരുന്നു. ഇറാഖ്, സിറിയ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇതേ നയം തന്നെയാണ് അമേരിക്ക നടപ്പാക്കിയത്. അവര്‍ ഉണ്ടാക്കിയെടുത്ത അരക്ഷിതാവസ്ഥയുടെ ഫലമായിട്ടായിരുന്നു ഇവിടങ്ങളില്‍ തീവ്രവാദ സംഘടനകള്‍ പിടിമുറുക്കിയത്. ഇതു തന്നെയാണ് അഫ്ഗാനിലും സംഭവിക്കുന്നത്. ഇരുപതു ലക്ഷം പേരെങ്കിലും സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ അധിനിവേശത്തിലും വലിയൊരു സംഖ്യയാണ് മരണനിരക്ക്. ചുരുക്കത്തില്‍, ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനും ജീവിതവും കൊണ്ടുള്ള യുദ്ധങ്ങളാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തങ്ങളുടെ ലക്ഷ്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയത്. ഈ മനുഷ്യരുടെ അവകാശങ്ങള്‍ എത്ര ക്രൂരമായിട്ടാണിവര്‍ നിഷേധിച്ചു കളഞ്ഞത്.
എന്നാല്‍, ഇതിനെല്ലാമിടയില്‍ അഫ്ഗാനിലെ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം ഇസ്‌ലാം മതത്തിലേക്ക് ചേര്‍ത്തുവച്ചുള്ള വ്യാപക പ്രചരണം ലോകത്തുടനീളം നടക്കുന്നുണ്ട്. ചില രാജ്യങ്ങള്‍ അവരുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ നീക്കങ്ങളുടെ പരിണിത ഫലങ്ങള്‍ മതത്തിന്റെ പേരിലേക്കു ചേര്‍ക്കുന്നത് ഏറെ അപലപനീയമാണ്. ഇത് കൂടുതല്‍ വംശീയ-വര്‍ഗീയത സംഘര്‍ഷങ്ങളിലേക്കാണ് ലോകത്തെ നയിക്കുക. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആ പ്രദേശത്തെ ഭൂരിപക്ഷ മതം ഉത്തരവാദിയാകുന്നില്ല. ഇന്ത്യയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും ഹിന്ദുമതം ഉത്തരവാദിയാവാത്തതു പോലെ അഫ്ഗാനിലെയും ഇറാഖിലെയും സിറിയയിലെയുമെല്ലാം ഭീകരവാദ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ഇസ്‌ലാം മതവും ഉത്തരവാദിയാകുന്നില്ല. എന്നു മാത്രമല്ല ഇവ തീര്‍ത്തും മതവിരുദ്ധവും മാനവവിരുദ്ധവുമാണ്. സോവിയറ്റ് അധിനിവേശത്തെ ചെറുക്കാനെന്ന പേരില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട വിജയിപ്പിച്ചെടുക്കാന്‍ ഇസ്‌ലാമിനെ തീവ്രമായി വ്യാഖ്യാനിച്ചു പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്ത അമേരിക്കയാണ് ശേഷം പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വഴിതുറന്നത്. സോവിയറ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വലിയ തുക ചെലവഴിച്ച അമേരിക്ക വിദ്യാര്‍ഥികളില്‍ തീവ്രത കുത്തിവക്കാനും മില്യണ്‍ കണക്കിന് ഡോളറുകള്‍ ചെലവഴിച്ചിരുന്നുവെന്ന് 2002ല്‍ വാഷിംഗ്ടണ്‍ പോസ്റ്റ് തുറന്നെഴുതിയിരുന്നു.
ചുരുക്കത്തില്‍, അമേരിക്കയും സോവിയറ്റ് യൂണിയനും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളാണ് യഥാര്‍ഥത്തില്‍ അഫ്ഗാനെ തരിപ്പണമാക്കിയത്. നീണ്ട കാലത്തെ അധിനിവേശത്തിനൊടുവിലും കാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ എത്തിയിട്ടില്ല. യുദ്ധങ്ങള്‍ ഉണ്ടാക്കിയ മുറിവുകള്‍ മാത്രമാണ് ബാക്കി. വൈദ്യുതി പോലും പൂര്‍ണമായി എത്തിച്ചേരാത്ത ഒരു ദരിദ്ര്യ രാഷ്ട്രമായി അഫ്ഗാനെ അവശേഷിപ്പിച്ച് അമേരിക്ക പടിയിറങ്ങുമ്പോള്‍ വീണ്ടുമൊരു പ്രതിസന്ധിയുടെ നടുവിലാണ് അവര്‍. അമേരിക്ക ചാരമാക്കിയ അഫ്ഗാനിലാണ് താലിബാന്‍ പുതിയ ഭരണകൂടം സ്ഥാപിക്കുന്നത്. താലിബാന്റെ രണ്ടാം വരവില്‍ പഴയകാല ഓര്‍മകള്‍ പലരെയും വേട്ടയാടുന്നുണ്ട്. പലരും സകലതും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. എങ്കിലും പുതിയ താലിബാനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. തീവ്രനയങ്ങളില്‍ ഇളവ് വരുത്തി സമാധാന പൂര്‍ണമായ ഒരു ഭരണം പ്രതീക്ഷിക്കുന്നവരുണ്ട്.

വഖാസ് മന്ദലാംകുന്ന്