ആരാധനകള്‍ കേവല കര്‍മങ്ങളല്ല

2150

സ്രഷ്ടാവായ അല്ലാഹു എന്തിനുവേണ്ടിയാണ് അവനെ ആരാധിക്കാന്‍ നമ്മോട് കല്‍പ്പിച്ചത്? അനുഷ്ഠാന കര്‍മങ്ങള്‍ക്ക് പ്രത്യേക രൂപവും രീതിയും സമയവും ആവിഷ്‌കരിച്ചത് എന്തിനാണ്? ആരാധനയുടെ അകംപൊരുള്‍ എന്താണ്?, സര്‍വജ്ഞനും സര്‍വശക്തനും പ്രതാപശാലിയുമായ അല്ലാഹു അവന് ആരാധന നിര്‍വഹിക്കാന്‍ വ്യഥാ കല്‍പ്പിച്ചതാണെന്ന് കരുതാന്‍ സാധിക്കുമോ? പരിശുദ്ധവും പരിപാവനവുമായ വ്രതാനുഷ്ഠാനം നടത്തുന്ന നാം സ്വയം ഉയര്‍ത്തേണ്ട ചോദ്യങ്ങളാണിവ. വിശുദ്ധഖുര്‍ആന്‍ മുന്നോട്ടുവച്ച മൗലിക തത്വങ്ങള്‍ ഉപയോഗിച്ച് ഈ ചോദ്യങ്ങള്‍ക്ക് നിവാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണിവിടെ.

ആരാധനയുടെ ആത്മാവ്
‘ജിന്നുകളേയും മാനവരേയും എന്നെ ആരാധിക്കാനായി മാത്രമേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ളു. അവരില്‍ നിന്ന് ഒരുവിധ ഉപജീവനവും ഞാന്‍ കാംക്ഷിക്കുന്നില്ല. അവര്‍ എന്നെ ആഹരിപ്പിക്കണമെന്നും എനിക്കുദ്ദേശമില്ല'(51:56,57). മനുഷ്യ, ജിന്ന് വര്‍ഗങ്ങളെ സൃഷ്ടിച്ചതിനു പിന്നിലെ ലക്ഷ്യം വ്യക്തമാക്കുന്ന സൂക്തങ്ങളാണിത്. യജമാനനായ അല്ലാഹുവിന്റെ മുമ്പില്‍ ദാസനായ അടിമയുടെ വിനയ പ്രകടനമാണ് ആരാധന. അതിന് പ്രത്യേക രൂപവും ഭാവവും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഏതൊരു കര്‍മത്തിനും കര്‍മഫലം ഉള്ളതുപോലെ, ആരാധനയുടെ കര്‍മഫലം തഖ്‌വയാണ്. ‘ഹേ… ജനങ്ങളെ… ദൈവഭയമുള്ളവരായി തീരുന്നതിനു വേണ്ടി, നിങ്ങളെയും മുമ്പ് കഴിഞ്ഞുപോയ വരെയും സൃഷ്ടിച്ച നാഥനെ ആരാധിക്കുക’ (2:21). തഖ്‌വയാണ് ആരാധനയുടെ അകംപൊരുള്‍. അനുഷ്ഠാന കര്‍മങ്ങളിലൂടെ തഖ്‌വ കരസ്ഥമാക്കുമ്പോഴാണ് വിശ്വാസിയുടെ ആരാധന അര്‍ഥവത്താകുന്നത്. അതിനാല്‍, തഖ്‌വ എന്ന മാപിനി ഉപയോഗിച്ചാണ് ആരാധനയെ അളക്കേണ്ടത്. ഒരുപാടുകാലം അല്ലാഹുവിനെ ആരാധിച്ചിട്ടും ഹൃദയത്തില്‍ ദൈവഭക്തി ലഭിക്കാത്തവന്‍ ഇക്കാലമത്രയും വ്യഥാവ്യായാമ മുറകളില്‍ സമയം പാഴാക്കിയവനാണ്.
നിസ്‌കാരം, നോമ്പ്, സകാത്ത്,ഹജ്ജ് തുടങ്ങിയ കര്‍മങ്ങളെല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് മനുഷ്യനെ ദൈവഭക്തിയുള്ളവനായി പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ വേണ്ടിയാണ്. നിസ്‌കാരത്തെ കുറിച്ച് അല്ലാഹു പറയുന്നു: ‘നബിയേ, അങ്ങേക്ക് അവതീര്‍ണമായ ഈ ഖുര്‍ആന്‍, പാരായണം ചെയ്യുകയും നിസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും ചെയ്യുക. നീചവൃത്തികളിലും നിഷിദ്ധ കര്‍മങ്ങളില്‍ നിന്നും തീര്‍ച്ചയായും നിസ്‌കാരം തടയുന്നതാണ്'(29:45). ഒരു വ്യക്തിയുടെ നിസ്‌കാരം നീചവൃത്തികളില്‍ നിന്ന് അവനെ തടയാത്ത പക്ഷം അത് നിസ്‌കാരമല്ല എന്ന നബിവചനം മേല്‍ സൂക്തത്തോട് ചേര്‍ത്തുവായിക്കേണ്ടതാണ്. നിസ്‌കാരത്തെയും ദുഷ്പ്രവൃത്തിയെയും പരസ്പര ദന്ദ്വങ്ങളായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
ആത്മശുദ്ധീകരണം തന്നെയാണ് സകാത്തിലൂടെയും ലക്ഷീകരിക്കുന്നത്. അല്ലാഹു പറയുന്നു: ‘അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സകാത്ത് അവരുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ വാങ്ങിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക'(9:103) അഥവാ ഒരു വ്യക്തി സകാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് നല്‍കുന്നതിലൂടെ അവന്‍ സംസ്‌കരിക്കപ്പെടണമെന്നു സാരം. വ്രതാനുഷ്ഠാനത്തെ അല്ലാഹു ദൈവഭക്തിയുമായി ബന്ധിപ്പിക്കുന്നത് നോക്കൂ ‘ഹേ… സത്യവിശ്വാസികളെ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്നപോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തിയുള്ള വരാകാന്‍.’
ഹജ്ജ് എന്ന അധ്യായം ആരംഭിക്കുന്നത് തന്നെ ‘ഹേ… ജനങ്ങളെ നിങ്ങളുടെ നാഥനെ സൂക്ഷിച്ചു കൊള്ളുക’ എന്ന ആഹ്വാനം കൊണ്ടാണ്. സൂറത്തുല്‍ ബകറയില്‍ അല്ലാഹു പറയുന്നു: ‘ഹജ്ജിനു ഇഹ്‌റാം ചെയ്താല്‍ സ്ത്രീ സംസര്‍ഗമോ അധിക്രമമോ ദുര്‍വാദങ്ങളോ പാടില്ല, നിങ്ങള്‍ എന്തു നന്മയനുവര്‍ത്തിച്ചാലും അല്ലാഹു അതറിയും. നിങ്ങള്‍ യാത്രോപകരണങ്ങള്‍ സജ്ജീകരിക്കണം, അതില്‍ ഏറ്റവും ഉദാത്തം ഭയഭക്തിയെത്രേ… ബുദ്ധിമാന്‍മാരേ… നിങ്ങളെന്നെ സൂക്ഷിക്കുക.'(2:197) ചുരുക്കത്തില്‍ ആരാധനകളുടെ ആത്മാവ് ദൈവഭക്തി തന്നെയാണ്. ഭക്തിസാന്ദ്രമായ ആരാധനാകര്‍മങ്ങള്‍ മനസ്സില്‍ സമാധാനവും ആത്മാവിനാനന്ദവും സമ്മാനിക്കുന്നു. ഹൃദയത്തിന്റെ ജാലകത്തിലൂടെ സ്രഷ്ടാവിനെ കണ്ടെത്താനും അവന്റെ അനശ്വര പ്രഭയെ അനുഭവിക്കുവാനും അത് സഹായിക്കുന്നു. ഭൗതികതയുടെ കറപുരണ്ട ഹൃദയ ഭിത്തികള്‍ അതിലൂടെ വിമലീകരിക്കപ്പെടുന്നു.

എന്താണ് തഖ്‌വ
അറബി ഭാഷയില്‍ ദൈവഭയം, ധര്‍മനിഷ്ഠ, മതഭക്തി,സൂക്ഷ്മത എന്നെല്ലാമാണ് തഖ്‌വ എന്ന പദം അര്‍ഥമാക്കുന്നത്. ഖുര്‍ആന്‍ പലയിടത്തും വ്യത്യസ്ത അര്‍ഥങ്ങള്‍ക്ക് വേണ്ടി ‘തഖ്‌വ’ ഉപയോഗിച്ചിട്ടുണ്ട്. ‘തഖ്‌വ’ എന്ന ഭാഷാ പദത്തിനപ്പുറം ‘തഖ്‌വല്ലാഹി’എന്ന സാങ്കേതിക സംജ്ഞയാണ് കൃത്യമായി നിര്‍വചിക്കപ്പെടേണ്ടത്. ‘പ്രപഞ്ചനാഥനായ അല്ലാഹു കല്‍പിച്ചതൊക്കെയും പാലിക്കുക, അവന്‍ വിലക്കിയതൊക്കെയും വര്‍ജിക്കുക’ എന്നാണ് പൂര്‍വസൂരികള്‍ നല്‍കിയ പ്രബലമായ നിര്‍വചനം. തീര്‍ച്ചയായും തഖ്വയുടെ പ്രായോഗികരൂപം തന്നെയാണിത്. ഒരിക്കലും പദാര്‍ഥനിഷ്ഠമായ ഒന്നല്ല തഖ്‌വ, മറിച്ച് ബാഹ്യവും ആന്തരികവുമായ അവസ്ഥകള്‍ ഈശ്വര ഭയത്താല്‍ തളിരിതമാകുന്ന ഉജ്ജ്വലമായ മനസ്സാക്ഷിയാണത്. അതിനെ നബി(സ്വ) പരിചയപ്പെടുത്തിയത് തന്റെ ഹൃദയത്തിലേക്ക് കൈചൂണ്ടി ‘തഖ്‌വ ഇവിടെയാണ്’ എന്നാണ്. അല്ലാഹു പറയുന്നു: ‘ബലിയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല പ്രത്യുത അല്ലാഹുവിനെ പ്രാപിക്കുന്നത് നിങ്ങളിലുള്ള തഖ്‌വയാകുന്നു.’
ദൈവ ഭക്തിയാണ് തഖ്വയുടെ പോരുള്‍, സ്രഷ്ടാവിന്റെ കല്‍പനകളെ വഴിപ്പെടാനും വിലക്കുകളെ വര്‍ജിക്കാനും അത് മനുഷ്യനെ പ്രാപ്തനാക്കുന്നു. ഖുര്‍ആന്‍ പരാമര്‍ശിച്ച ‘ഖല്‍ബുന്‍ സലീം’ (സുരക്ഷിത ഹൃദയം) ‘നഫ്‌സുല്‍ മുത്വമഇന്ന’ (പ്രശാന്തി വിളങ്ങുന്ന ആത്മാവ്) തുടങ്ങിയ അവസ്ഥകളിലേക്ക് അത് അവരെ ഉയര്‍ത്തുന്നു. അല്ലാഹു പറയുന്നു: ‘ഹേ… സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ യഥാവിധി സൂക്ഷിക്കുക, മുസ്ലിംകളായല്ലാതെ നിങ്ങള്‍ മരിച്ചു പോകരുത്.'(3:102) മുത്തഖിയുടെ മഹത്വത്തെക്കുറിച്ച് അല്ലാഹു പറയു
ന്നു: ‘ഹേ… മര്‍ത്യകുലമേ ഒരു ആണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്, പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി അല്ലാഹുവിങ്കല്‍ നിങ്ങളില്‍ അത്യാദരണീയന്‍ ഏറ്റവും തഖ്‌വ വന്നത്രേ’.


തഖ്‌വയുടെ നേട്ടങ്ങള്‍
തഖ്‌വയില്‍ അധിഷ്ഠിതമായ ജീവിതം കാഴ്ചവക്കുന്നവര്‍ക്ക് നിരവധി അനുഗ്രഹങ്ങളാണ് അല്ലാഹു നല്‍കുന്നത്.
1-പ്രയാസങ്ങളില്‍ നിന്ന് മോചനവും ഉപജീവന ലഭ്യതയും. അല്ലാഹു പറയുന്നു: ‘അല്ലാഹുവിനെ ആരെങ്കിലും സൂക്ഷിക്കുന്നു എങ്കില്‍ അവന്‍ അയാള്‍ക്കൊരു മോചന മാര്‍ഗം സജ്ജീകരിച്ചു കൊടുക്കുന്നതും നിനച്ചിരിക്കാത്ത വിധം ഉപജീവനം നല്‍കുന്നതുമാണ്’.
2-ഉപകാരപ്രദമായ ജ്ഞാനം. ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരുകയാണ് ഏതു കാര്യത്തെ സംബന്ധിച്ചും അവന്‍ സൂക്ഷ്മ ജ്ഞാനനാകുന്നു’.
3-വിവേചനശേഷി. ‘സത്യവിശ്വാസികളേ…അല്ലാഹുവിനെ സൂക്ഷിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കു സത്യാസത്യ വിവേചന ശേഷി അവന്‍ ഉണ്ടാക്കിത്തരും’.
4-അള്ളാഹുവിന്റെ സ്‌നേഹം. ‘സൂക്ഷ്മാലുക്കളെ അള്ളാഹു സ്‌നേഹിക്കുക തന്നെ ചെയ്യും’.
5-ദൈവസഹായം. ‘നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അറിയണേ, തീര്‍ച്ചയായും അവന്റെ സഹായം സൂക്ഷ്മശാലികള്‍ക്കാണ്’.
6-അനുഗ്രഹങ്ങള്‍. ‘ആ നാടുകളില്‍ നിവസിച്ചിരുന്നവര്‍ സത്യവിശ്വാസം കൈക്കൊള്ളുകയും തഖ്‌വ കാണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആകാശത്തും ഭൂമിയിലും നാം അനുഗ്രഹങ്ങള്‍ തുറന്നു കൊടുത്തിരുന്നേനെ’.
7-ശുഭ വാര്‍ത്തകള്‍. ‘അറിയുക സത്യവിശ്വാസം കൈക്കൊള്ളുകയും അതിസൂക്ഷ്മ ജീവിതം നയിക്കുകയും ചെയ്ത അല്ലാഹുവിന്റെ മിത്രങ്ങള്‍ ഉണ്ടല്ലോ അവര്‍ക്ക് യാതൊരു ഭയപ്പാടും ദുഃഖവും ഉണ്ടാകുന്നതല്ല ഭൗതികജീവിതത്തിലും പരലോകത്തും അവര്‍ക്ക് ശുഭവാര്‍ത്തയാണ് ഉണ്ടാവുക’.
8-കുതന്ത്രങ്ങളില്‍ നിന്ന് രക്ഷ. ‘ക്ഷമ കൈക്കൊള്ളുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്തിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ കുതന്ത്രങ്ങള്‍ ഒരു ദോഷവും ഉണ്ടാക്കില്ല’.
9-കര്‍മങ്ങളുടെ സ്വീകാര്യത. ‘ദൈവഭയം ഉള്ളവരില്‍ നിന്നും മാത്രമേ അള്ളാഹു കര്‍മങ്ങള്‍ സ്വീകരിക്കൂ’.
10-പാപമോചനം. ‘ആരെങ്കിലും അവനെ സൂക്ഷിച്ചു ജീവിക്കുന്നുവെങ്കില്‍ അയാളുടെ തിന്മകള്‍ അവന്‍ മായിച്ചു കളയുന്നതും അവന് മഹത്തായ പ്രതിഫലം നല്‍കുന്നതുമാണ്.’.
11-സ്വര്‍ഗപ്രവേശം.’നമ്മുടെ അടിമകളില്‍ ദൈവഭക്തിയുള്ളവര്‍ ആരായിരുന്നുവോ അവര്‍ക്ക് നാം അവകാശമായി നല്‍കുന്ന സ്വര്‍ഗമത്രേ ഇത്’.
12-അന്തിമവിജയം.’ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കാണ് അന്തിമമായ ശുഭ പരിണാമം’

തഖ്‌വ കൊണ്ടുള്ള വസിയ്യത്ത്
തഖ്‌വയുള്ളവരായി ജീവിക്കാനാണ് മനുഷ്യരാശിയോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും നിങ്ങളോടും അല്ലാഹുവിനെ സൂക്ഷിക്കണമെന്നു നാം കല്‍പിച്ചിരിക്കുന്നു’. നന്മയുടേതും ഭക്തിയുടേതുമായ വിഷയങ്ങളില്‍ നിങ്ങളന്യോന്യം സഹായിക്കണം’.
സന്‍മാര്‍ഗ വെളിച്ചം കാണിക്കാന്‍ വിവിധ സമൂഹങ്ങളിലേക്ക് കടന്നുവന്ന പ്രവാചകന്മാരും തഖ്‌വയിലൂന്നിയ ജീവിതം നയിക്കാനാണ് ജനങ്ങളോട് കല്‍പ്പിച്ചത്. നബി(സ) പറഞ്ഞു: ‘ ഞാന്‍ നിങ്ങളോട് തഖ്‌വ കൊണ്ടും അനുസരണ ശീലം കൊണ്ടും വസിയ്യത്ത് ചെയ്യുന്നു’ ( അബൂ ദാവൂദ് ). നൂഹ് നബി (അ)യെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘ തങ്ങളുടെ സഹോദരന്‍ നൂഹ് നബി അവരോട് പറഞ്ഞ സന്ദര്‍ഭം, സ്മരണീയമത്രേ. നിങ്ങള്‍ ജീവിതത്തില്‍ തഖ്‌വ കാണിക്കുന്നില്ലേ’.
ഹൂദ് നബി (അ)യെ കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞു: ‘ആദ് ഗോത്രം ദൈവദൂതന്മാരെ വ്യാജരാക്കി. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നില്ലേ, എന്ന് സ്വസഹോദരന്‍ ഹൂദ് നബി അവരോട് ചോദിച്ചപ്പോള്‍’. ലൂത്ത് നബി (അ)യെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘ലൂത്ത് നബിയുടെ ഗോത്രവും ദൈവദൂതന്മാരെ വ്യാജരാക്കി. തങ്ങളുടെ സഹോദരന്‍ ലൂത്ത് നബി, അവരോട് ഉണര്‍ത്തിയ സന്ദര്‍ഭം സ്മരണീയമത്രേ,നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ’.
ശുഐബ് നബി(അ) യും സമൂഹത്തോട് ഉണര്‍ത്തി: ‘ഐക്കത്തുകാരും ദൈവദൂതന്മാരെ വ്യാജരാക്കി ശുഐബ് നബി അവരോട് ഉണര്‍ത്തിയ ഘട്ടം സ്മരണീയമത്രേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ’. മൂസാ നബി(അ) യോടുള്ള അല്ലാഹുവിന്റെ കല്‍പന ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘താങ്കളുടെ നാഥന്‍ മൂസാ നബിയെ വിളിച്ച് നിര്‍ദ്ദേശിച്ച സന്ദര്‍ഭം സ്മരണീയമത്രേ: അതിക്രമികളായ ആ ജനതയിലേക്ക്, ഫിര്‍ഔനിന്റെയാളുകളിലേക്ക് താങ്കള്‍ ചെല്ലുകയും അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്യണം’.


ചുരുക്കത്തില്‍ അല്ലാഹുവും അവന്റെ പ്രവാചകന്മാരും മനുഷ്യ സമൂഹത്തോടു ഉദ്‌ഘോഷിച്ചത് തഖ്‌വയുള്ള ജീവിതം നയിക്കാനാണ്. തഖ്‌വയാണ് വിശ്വാസിയുടെ പാതയും പാഥേയവും. അതിലൂടെയാണ് ഒരു വ്യക്തി വിജയതീരമണയുന്നത്. വിശ്വാസി നിര്‍വഹിക്കുന്ന ആരാധനകളും അനുഷ്ഠാനങ്ങളും തഖ്‌വയുള്ള ജീവിതമാണ് അവന് സമ്മാനിക്കേണ്ടത്. അല്ലാത്തപക്ഷം അവന്റെ ആരാധനകള്‍ കേവല കര്‍മങ്ങളായി മാറുന്നു. പുണ്യങ്ങള്‍ വര്‍ഷിക്കുന്ന പരിശുദ്ധ റമദാന്‍ യഥാര്‍ഥത്തില്‍ തഖ്‌വയുടെ പരിശീലന കളരിയാണ്. ആത്മാവിനെ സംസ്‌കരിക്കാനും ദൈവഭയത്താല്‍ ഹൃദയത്തെ ശക്തിപ്പെടുത്താനും ഈ അനുഗ്രഹീത നാളുകളില്‍ നമുക്ക് കൈകോര്‍ക്കാം.

ശൈഖ് ഹംസ യൂസുഫ്
വിവ: ശുഐബ് ഹുദവി പുത്തൂര്‍