ഇന്ത്യയിലിപ്പോഴും ചില നാട്ടുരാജ്യങ്ങളുണ്ട്

2412

ഹംസ മയ്യില്‍

കേരളീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും സ്വര്‍ണത്തിന്‍െയും സ്വപ്നത്തിന്റെയും മുന്നാമ്പുറങ്ങളിലും പിന്നാമ്പുറങ്ങളിലും അഭിരമിക്കുമ്പോള്‍ വാര്‍ത്തകളിലെ തനിക്കാമ്പുകള്‍ക്ക് പുറത്ത് മുളകും മസാലകളും ചേര്‍ത്ത് ഫാസ്റ്റ്ഫുഡ് രസം ഒരുക്കുമ്പോള്‍, അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത, എന്നാല്‍, ഏറെ ഭീതിദമായ കുറേ സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. ജനാധിപത്യത്തിനും മതേതരത്വ വീക്ഷണത്തിനും സാമൂഹിക സുരക്ഷക്കുമൊക്കെ പേരുകേട്ട നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ, അതിവേഗം ബഹുദൂരം അതില്‍ നിന്ന് അകന്നുമാറി ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ്. അത്തരം രാഷ്ട്ര നന്മകളെ തിരിച്ചുപിടിക്കാനുള്ള യജ്ഞത്തിന് പകരം, രാത്രികളില്‍ നിന്ന് പാതിരാത്രിലേക്കാണ് ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്നത്തെ പ്രയാണം. നമുക്ക് ഏറെ പരിചിതമായ ഇന്ത്യ ടുഡേ എന്ന ദേശീയ മാധ്യമം ഡല്‍ഹിക്ക് നാനൂറ് കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി സ്ഥിതിചെയ്യുന്ന ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് കല്‍ക്കരി ഖനികളില്‍ നിന്നുള്ള ദാരുണമായ ചില വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടുത്തെ ഖനിപ്രദേശങ്ങള്‍ വാണിജ്യാവശ്യത്തിനായി നേടിയെടുക്കുന്ന വ്യവസായികള്‍ അവിടെ ജോലി ചെയ്യാന്‍ പന്ത്രണ്ടും പതിനഞ്ചും പ്രായമുള്ള പെണ്‍കുട്ടികളെ തേടി പിടിക്കുന്നു. ദാരിദ്ര്യവും നിരക്ഷരതയും കൂടെ പൊറുക്കുന്ന അവിടെയുള്ള ആദിവാസി പിന്നാക്ക ഗോത്രവിഭാഗങ്ങളില്‍ നിന്നാണ് ഇവരെ വലവീശി പിടിക്കുന്നത്. നാനൂറ് – അഞ്ഞുറ് രൂപ ദിവസ വേതന വാഗ്ദാനങ്ങളില്‍ ജോലിക്കെത്തുന്ന ഈ കുരുന്നുകള്‍ക്ക് പക്ഷേ, നൂറ്റമ്പത്-ഇരുനൂറ് രൂപമാത്രമാണ് കൂലിയായി ലഭ്യമാവുക, പക്ഷേ, അതോടൊപ്പം ഖനികള്‍ക്കരികെ സജ്ജമാക്കിയ പ്രത്യേകം കേന്ദ്രങ്ങളില്‍ അവര്‍ തങ്ങളുടെ ശരീരങ്ങളെ കൂടി ഇത്തരം കശ്മലന്മാര്‍ക്ക് കാഴ്ച വെക്കണമെന്ന വൃത്തികെട്ട സാഹചര്യം കൂടി അവര്‍ക്ക് സഹിക്കേണ്ടിവരുന്നു. ദാരിദ്ര്യത്തിന് കയ്പുനീരിന്‍ മുകളില്‍ അല്‍പം മധുരം ചേര്‍ക്കണമെങ്കില്‍ അഭിമാനത്തിന്റെ അവസാനത്തെ വസ്ത്രം കൂടി അവര്‍ക്ക് ഊരേണ്ടി വരുന്നുന്നവെന്നത് അക്ഷരാര്‍ഥത്തില്‍ തന്നെ യാഥാര്‍ത്ഥ്യമാവുകയാണ്. വഴങ്ങാത്തവരെ അനുസരിപ്പിക്കാന്‍ മുതലാളിമാരുടെ വേതാള സ്വരൂപങ്ങള്‍ ഏറെയുണ്ടെന്ന് തദ്ദേശവാസികളും പെണ്‍കുട്ടികളുടെ ബന്ധുക്കളും വ്യക്തമാക്കുന്നു. നിയമത്തിന്റെ വഴികള്‍ ആ സാധുക്കള്‍ക്ക് അന്യമാണെന്ന് മാത്രമല്ല അതിലേക്കുള്ള മാര്‍ഗങ്ങളെ കൊട്ടിയടക്കാനുള്ള വിപുലമായ സ്വാധീനംകൂടി അവരുടെ നേതൃത്വത്തിനുണ്ട്. സ്വാതന്ത്ര്യകാലത്ത് നിന്ന് നാം ഏറെ സഞ്ചരിച്ചു. ദാരിദ്ര്യത്തിന്റെ ഉന്മൂലനത്തിന് ഒട്ടേറെ പദ്ധതികളും വീക്ഷണങ്ങളും നാം സ്വരൂപിച്ചെടുത്തു. ജനാധിപത്യവും അധികാര വികേന്ദ്രീകരണങ്ങളും സാമൂഹ്യസുരക്ഷയുംമൊക്കെ പതിയെ പിച്ചവച്ചു നടന്ന കാലത്തില്‍ അതൊക്കെ ഇന്ത്യക്ക് പ്രാപ്യമായിരുന്നു, പക്ഷേ, അധികാരമെന്നത് മുഷ്‌കിന്റെയും മുഷ്ടിയുടേയും വെട്ടിപ്പിടുത്തിന്റെയും തട്ടിയെടുക്കലിന്റെയും മതാന്ധതയുടേയും മതവിദ്വേഷത്തിന്റെയും കൂത്തരങ്ങായപ്പോള്‍ ആ നന്മകള്‍ നമ്മില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജൂലൈ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ ഉത്തര്‍പ്രദേശില്‍നിന്ന് വാര്‍ത്തകള്‍ നമുക്ക് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം, അറുപതോളം കേസുകളില്‍ പ്രതിയായ വിവേക് ദുബെ എന്ന ക്രിമിനല്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ (?) മരിക്കുന്നതിനു മുന്നിലുള്ള പിന്നാമ്പുറക്കഥകള്‍ ആയിരുന്നു അത്. ഉത്തര്‍പ്രദേശിലെ ഏറ്റവും കുപ്രസിദ്ധ കുറ്റവാളിയായി വിശേഷിപ്പിക്കപ്പെട്ട വിവേക് ദുബെ, നേരത്തെ അനേകം തവണ അറസ്റ്റിലായിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ട ചരിത്രമില്ല. നാട്ടുകാരെ സംഘടിപ്പിച്ച് സ്വന്തം ഗുണ്ടാസംഘം ഉണ്ടാക്കി നാട്ടുരാജാവായി വാണ, ഇദ്ദേഹത്തെ അടുത്തിടെ പ്രതിയാക്കപ്പെട്ട കൊലപാതകത്തിന്റെ പേരില്‍ പോലീസ് തേടിയെത്തി. ലക്‌നോവില്‍ നിന്ന് ദുബൈയുടെ ഗ്രാമത്തിലേക്കുള്ള 150 കിലോമീറ്റര്‍ ദൂരത്തില്‍ അയാള്‍ പലയിടത്തും മാര്‍ഗതടസ്സം സൃഷ്ടിച്ചു, ബുള്‍ഡോസര്‍ അടക്കമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ച് മാര്‍ഗതടസ്സങ്ങള്‍ മാറ്റി ദുബൈയുടെ താവളത്തില്‍ എത്തിയ പോലീസ് സംഘത്തെ അടുത്ത കെട്ടിടത്തിന് മുകളില്‍ നിന്ന് തുരുതുരാ വെടിവെച്ചു കൊണ്ടാണ് ദുബെയുടെ സംഘം എതിരിട്ടത്ത്. ഒടുക്കം ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്ര ഉള്‍പ്പെടെ എട്ട് പോലീസ് സൈനികര്‍ മരണപ്പെട്ടു. ചെവി മുറിക്കപ്പെട്ടും തലതകര്‍ക്കപ്പെട്ടും ഏഴ് പേര്‍ ആശുപത്രിയിലുമായി, പോലീസിന് ഏറെ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തോടെ പ്രദേശത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തി. ആ സ്ഥലം സീല്‍ ചെയ്തശേഷം ദുബെയുടെ വീട് പൊലീസ് തകര്‍ത്തു. പൊലീസിനെ തടയാന്‍ ദുബായ് ഉപയോഗിച്ച അതേ ജെ.സി.ബി തന്നെയാണ് ഈ കൃത്യത്തിന് പോലീസ് ഉപയോഗിച്ചത്. പ്രദേശത്തുനിന്ന് കടന്നുകളഞ്ഞ വിവേക് ദുബെയുടെ തലക്ക് പോലീസ് ആദ്യം പതിനായിരവും പിന്നെ ഒരു ലക്ഷവും വിലയിട്ടു. കഴിഞ്ഞ ജൂലൈ 10ന് അയാള്‍ വധിക്കപ്പെടുമ്പോള്‍ തുക അഞ്ച്‌ലക്ഷത്തില്‍ എത്തിയിരുന്നു. ശേഷം നടന്ന വിചാരങ്ങളില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെടാനിടയായ പോലീസ് നടപടിയില്‍ പോലീസ് റെയ്ഡ് വിവരം ദുബേക്ക് എത്തിച്ചു കൊടുത്തത് പോലീസിലെ തന്നെ ഒറ്റുകാര്‍ ആയിരുന്നു എന്ന വാര്‍ത്ത പുറത്തിറങ്ങി. അതുകൊണ്ടുതന്നെ പൊലീസ് റെയ്ഡിനെ പരിപൂര്‍ണമായി എതിര്‍ക്കാനും തടയിടാനും അവരെ വകവരുത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുബെക്ക് സാധിച്ചു, പോലീസ് പിടിയിലായ ദുബൈയുടെ സഹായിയായ അഗ്‌നിഹോത്രി ആണ് ഈ വിവരങ്ങള്‍ പോലീസിന് കൈമാറിയത്. മാത്രമല്ല, ഏറ്റുമുട്ടല്‍ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വൈദ്യുതി വിച്ഛേദിച്ചു ദുബെയെ സഹായിക്കാനും ആസൂത്രിതശ്രമം ഉണ്ടായി. അപരിചിത സ്ഥലത്ത് എത്തിയ പോലീസ് സേനയ്ക്ക് ഇതു മൂലമുണ്ടായ സ്ഥല വിഭ്രാന്തി അവരുടെ വിലപ്പെട്ട ജീവ നാശത്തിനും ഏറെകാരണമായി. ദുബൈയുടെ മൊബൈല്‍ ഫോണില്‍ ഇരുപതിലേറെ പോലീസുകാരുടെ നമ്പര്‍ ഉണ്ടായിരുന്നതായി പിറകെ വാര്‍ത്തകള്‍ വന്നു. മരണപ്പെട്ട ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്ര, കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് എഴുതിയത്, എന്നു പറയപ്പെടുന്ന കത്തും ഇപ്പോള്‍ ഏറെ വിവാദമായിട്ടുണ്ട്. ദുബെയുടെ ധിക്രി ഗ്രാമത്തിനടുത്ത ചൗബയ്പൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് വികാസ് ദുബെയുമായുള്ള അവിഹിത ബന്ധത്തെ സംബന്ധിച്ച് ആയിരുന്നു ആ കത്ത്. ഈ വിവരം തന്റെ മേലുദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചിരുന്നുവെങ്കിലും അതിനു കിട്ടാതെ പോയ ശ്രദ്ധ, എട്ട് പോലീസുകാരുടെ വിലപ്പെട്ട ജീവന്‍ എടുക്കുകയും ചെയ്തു. സംഭവം രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചതോടെ ദുബെയെ പിടികൂടേണ്ടത് തങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി പോലീസ് കണ്ടു. സംശയമുള്ള പ്രദേശങ്ങള്‍ പോലീസ് അരിച്ചുപൊറുക്കിയതോടെ കഴിഞ്ഞ വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ മഹാ കലേശ്വര്‍ക്ഷേത്രത്തില്‍ വച്ച് ദുബായിയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച ദുബെ അതിനുമുമ്പ് നാല് സംസ്ഥാനങ്ങളിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്തിരുന്നു. പക്ഷേ, സമാധാന പ്രേമികള്‍ക്കും നിയമവാഴ്ചയില്‍ വിശ്വാസമുള്ളവര്‍ക്കും കടുത്ത ആഘാതം ഏല്‍പ്പിച്ച് അടുത്ത ദിവസം വൈകുന്നേരത്തോടെ ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തയുമെത്തി. മധ്യപ്രദേശില്‍നിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള യാത്രമധ്യേ കാണ്‍പൂരിനടുത്ത് വച്ച് ദുബെ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടെന്നും പോലീസുകാരുടെ തോക്ക് തട്ടിയെടുത്തു രക്ഷപെടാന്‍ ശ്രമിച്ച ദുബെയെ വെടിവെച്ച് കൊല്ലേണ്ടി വന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. അപകടത്തില്‍പ്പെട്ട കാര്‍ ദുബെ സഞ്ചരിച്ചതല്ലെന്നും ഈ കൊടുംകുറ്റവാളിയെ വിലങ്ങണിക്കാതെയായിരുന്നോ യാത്ര നടത്തിച്ചതെന്നും സംഭവശേഷം രണ്ടു കിലോമീറ്റര്‍ ദൂരെ മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്നും ചോദ്യമുണ്ടായി കഴിഞ്ഞു. ദുബെ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് ഈ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത് എന്നത് മറ്റൊരു വൈപരീത്യം. എല്ലാറ്റിനുമുപരി ദുബെക്ക് സംരക്ഷണം നല്‍കുന്നത് ഭരണാധികാരികള്‍ തന്നെയാണെന്നും ദുബെ ചോദ്യം ചെയ്യപ്പെട്ടാല്‍ അനേകം അവിശുദ്ധ കൂട്ടുകെട്ടുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമെന്നും അതുഭയന്ന അധികാരികള്‍ തന്നെയാണ് ഏറ്റുമുട്ടല്‍ നാടകത്തിന്റെ പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. സുരക്ഷയും സമാധാനവും ഭരണീയര്‍ക്ക് നല്‍കേണ്ടത് ഭരണകര്‍ത്താക്കള്‍ തന്നെയാണ്. ദൗര്‍ഭാഗ്യവശാല്‍ ഉത്തരേന്ത്യന്‍ മോഡലുകള്‍ നമ്മുടെ നാടുകളിലേക്ക് സംക്രമിക്കുന്ന ഭയാനക ഘട്ടത്തിലാണ് നാമിന്ന്. പ്രതികളോടൊപ്പം കൂട്ടു ചേര്‍ന്ന് സമാധാന പാലകര്‍ കോടതി കളിക്കുന്ന അവസ്ഥകളുടെ മണം അന്തരീക്ഷത്തില്‍ ഏറിയിരിക്കുന്നു. പൗരത്വബില്‍ പ്രശ്‌നത്തില്‍ മുയലുകളോടൊപ്പം ഓടാനും വേട്ടക്കാരനൊപ്പം കുതിക്കാനും നാടന്‍ അധികാരകേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.