ഉമര്‍ഖയ്യാം; സ്വപ്‌ന യുഗത്തിലെ നക്ഷത്രം

1856

ഉമര്‍ ഖയ്യാം… മധ്യകാലം എന്ന സ്വപ്‌ന യുഗത്തിലെ സ്വപ്‌ന സഞ്ചാരിയായിരുന്നു അദ്ദേഹം. ദര്‍ബാറുകളിലും കൂടാരങ്ങളിലും കാല്‍പനികത വരച്ചിട്ടിരുന്ന കാവ്യാകുലപതി. മനുഷ്യ ചിന്തക്ക് ആധുനിക മനുഷ്യന്‍ നിര്‍ണയിച്ച പരിമിതികളെ ബേധിച്ചിരുന്നു ഖയ്യാം. കവി, മതപണ്ഡിതന്‍, ജ്യോതിശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍…. അങ്ങനെ ഖയ്യാമിയന്‍ ചിന്തകളും എഴുത്തുകളും കടന്ന് ചെല്ലാത്ത ഇടങ്ങള്‍ കുറവായിരുന്നു.
ഇന്നത്തെ ഇറാന്റെ ഭാഗമായ നൈസാപൂരിലെ ഷഡിയാഖ് ജില്ലയിലാണ് 1048 ല്‍ ഇബ്രാഹിം ഖയ്യാമിന്റെ മകനായി ഉമര്‍ ഖയ്യാം ജനിക്കുന്നത്. നൈസാപൂര്‍ അല്ല ഇസ്ഥരാബാദ് ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം എന്നൊരു അവതരണമുണ്ട്. പക്ഷേ, ബയ്ഹക്കി അതിനെ പൂര്‍ണമായും നിഷേധിക്കുകയും ഖയ്യമും പൂര്‍വികന്മാരും നൈസാപൂരുകാരാണ് എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ഖയ്യാം എന്നാല്‍ കൂടാരം കേട്ടുന്നവര്‍ എന്നാണ് അര്‍ഥം. ഉമറിന്റെ കുടുംബം പാരമ്പര്യമായി കൂടാരം കേട്ടുന്നവര്‍ ആയിരുന്നതു കൊണ്ടാണ് ആ പേര് വന്നത്. അബുല്‍ ഫതഹ് ഉമര്‍ ബിന്‍ ഇബ്രാഹിം ഖയ്യാം എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഖയ്യാമിന്റെ പിതാവ് ഇബ്രാഹിം സൗരാഷ്ട്ര മതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് കടന്നു വന്നതായിരുന്നു എന്നൊരഭിപ്രായം ഖയ്യാമിന്റെ ജീവചരിത്രകാരന്‍ റഹീം ആര്‍ മാലികിക്കുണ്ട്. പക്ഷേ, മറ്റുള്ള ചരിത്രകാരന്മാര്‍ ആ സാധ്യതയെ നിരകരിക്കുന്നുണ്ട്. ഫതഹ് എന്നൊരു മകന്‍ ഉള്ളത് കൊണ്ടാണ് അബുല്‍ ഫതഹ് എന്ന് നാമം വന്നത് എന്നും മാലികി പറയുന്നുണ്ട്. പക്ഷേ, വേണ്ട വിധത്തിലുള്ള മറ്റു തെളിവുകളൊന്നും അതിനും ലഭ്യമല്ല.
നിരക്ഷനായിരുന്ന ഖയ്യാമിന്റെ പിതാവ് അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം നല്‍കിയിരുന്നു. സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നു പോവുന്ന നൈസാപൂര്‍ അന്ന് അറിവിന്റെ നഗരമായിരുന്നു. ഇബ്രാഹിം തന്റെ മകനെ ഖാള്വി മുഹമ്മദ് എന്ന പണ്ഡിതന്റെ അടുക്കല്‍ വിദ്യാഭ്യാസത്തിനായി അയച്ചു. ഖാള്വിയും ഖയ്യാമും കണ്ട് മുട്ടുന്നതും അതിനെ തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭാഷണങ്ങളും ചിന്താവഹമാണ്. ഖാള്വിയുടെ കൂടെ ചേര്‍ന്ന ഖയ്യാം, അദ്ദേഹത്തില്‍ നിന്ന് ഖുര്‍ആന്‍, അറബ് ഭാഷ വ്യാകരണം, സാഹിത്യം, മതപഠനം തുടങ്ങിയ മേഖലകളില്‍ ഉന്നതമായ അവഗാഹം നേടി.
അടിസ്ഥാന പഠനങ്ങള്‍ പൂര്‍ത്തിയാക്കിയ ഉമറിനെ ഖാള്വി ഖ്വാജ അബുല്‍ ഹസന്‍ അല്‍ അമ്പരിയുടെ അടുത്തേക്കയച്ചു. അവിടെവച്ചദ്ദേഹം ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ഗൃഹസ്തമാക്കി. ഒരു ഹാക്കിം ആയിരുന്ന ഖ്വാജക്ക് മറ്റു സംസ്‌കാരങ്ങളെ പറ്റിയും നാഗരികതകളെ പറ്റിയുമൊക്ക ഉന്നതമായ ധാരണയുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ഖയ്യാം ടോളെമിയുടെ അല്‍മജസ്റ്റെ എന്ന ഗ്രന്ഥം പഠിക്കുന്നത്. ഖുര്‍ആനിലും ഫിഖ്ഹിലുമുള്ള തുടര്‍ പഠനങ്ങള്‍ ഇമാം മുവഫിക്കിലൂടെ തുടര്‍ന്ന ഉമര്‍, തത്വശാസ്ത്ര പഠനങ്ങളിലേക്കു കടന്നു. അന്നത്തെ പ്രശസ്ത തത്വശാസ്ത്ര പണ്ഡിതന്‍ ശൈഖ് മുഹമ്മദ് മന്‍സൂര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. ആ കാലത്താണ് ഉമര്‍ ഖയ്യാം പ്രശസ്ത തത്വചിന്തകന്‍ ഇബ്‌നു സീനയുടെ ചിന്തകളില്‍ ആകൃഷ്ടനാവുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു നിര്‍ണായക വഴിതിരിവായിരുന്നു അത്. ഇബ്‌നു സീനയുടെ സ്വാധീനം ഖയ്യാമില്‍ പുതിയ ചിന്താ ധാരകളും പഠന മേഖലകളും തുറന്നിട്ടു. മുസ്‌ലിം ലോകം ബൗദ്ധിക മേഖലയിലെ സുവര്‍ണ കാലഘട്ടത്തിലായിരുന്നെങ്കിലും പണ്ഡിതര്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ സമൂഹത്തിനിടയില്‍ രൂക്ഷമായ പ്രത്യാഘാതംങ്ങളുണ്ടാക്കുന്ന കാലം കൂടെയായിരുന്നു അത്. പക്ഷേ, ഉമര്‍ ഖയ്യാം അതിലൊന്നും ഭാഗവാക്കാകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല അത്തരത്തിലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.
സുന്നി, ശീഈ,ബാത്വിനി,സാഹിരി തുടങ്ങി സമുദായം പല ചേരികളായി തിരിഞ്ഞ് രാഷ്ട്രീയവും മതവും പറഞ്ഞു തമ്മില്‍ രക്തരൂക്ഷിത കലാപങ്ങളും കൊലപാതകങ്ങളുമായി ജീവിക്കുന്ന കാലത്ത് സ്വയമേ ഒരു സര്‍വകലാശാലയാവുകയായിരുന്നു ഖയ്യാം. ഖയ്യമിന്റെ നിര്‍വചനങ്ങളും കണ്ടെത്തലുകളും എല്ലാ വിഭാഗങ്ങളിലും കാലഘട്ടങ്ങളിലും വിമര്‍ശന വിധേയമെങ്കിലും ഐക്യത്തിനു വേണ്ടി അദ്ദേഹം സൂക്ഷിച്ച നിശബ്ദത ചരിത്രം വിസ്മരിക്കില്ല. ഇബ്‌നു സീനയില്‍ ശിഷ്യത്വം സ്വീകരിച്ചിരുന്ന കാലത്തു തന്നെ ഇമാമുല്‍ ഹറമയിനിയുമായും ഇമാം ഗസ്സാലിയുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു.ഇമാം ഗസ്സാലിയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കേ തന്നെ അവര്‍ക്കിടയില്‍ അഗാധമായ സൗഹൃദവും നിലനിന്നിരുന്നു. പല ചരിത്രഗവേഷകരുടെയും അഭിപ്രായത്തില്‍ ഗസ്സാലിയുടെ ‘തദ്ഫാതുല്‍ ഫിലാസഫ’ ഖയ്യാമിന്റെ ചിന്താ ധാരകള്‍ക്കു മറുപടി എന്ന നിലയില്‍ എഴുതപ്പെട്ടതാണെന്നു പറയപ്പെടുന്നു.
നൈസാപൂരില്‍ ജനങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങളായി ജൂവൈനിയോടും ഗസ്സാലിയോടും ചേര്‍ന്നെണ്ണിയിരുന്ന ആള്‍ തന്നെയായിരുന്നു ഖയ്യാമും. പാണ്ഡിത്യവും സൂക്ഷ്മതയും അദ്ദേഹത്തിന് ഹുജ്ജത്തുല്‍ ഹഖ് എന്ന സ്ഥാനപ്പര് ലഭിക്കാനിടയാക്കി. ഒരു പണ്ഡിതനെന്ന നിലക്ക് ജനങ്ങള്‍ക്കിടയില്‍ മാത്രമായിരുന്നില്ല ഭരണാധികാരികള്‍ക്കിടയിലും ഖയ്യാം സ്വീകാര്യനായിരുന്നു. സുല്‍ത്താന്‍ മലിക് ഷാഹ് സെല്‍ജൂകിയുടെയും സുല്‍താന്‍ അഹ്മദ് സഞ്ചാര്‍ സെല്‍ജൂകിയുടെയും സദസ്സുകളില്‍ അദ്ദേഹത്തിന് പ്രത്യേകമായ സ്ഥാനങ്ങളുണ്ടായിരുന്നു. ഗണിതശാസ്ത്ര മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഉന്നതമാണ്. അന്ന് ലോകത്ത് ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞന്‍ ഖയ്യാം ആയിരുന്നു. ജിയോമെട്രിയുടെ പിതാവായി അറിയപ്പെടുന്ന യുക്ലിടിനു ശേഷം എന്ന നിലക്കാണ് ജിയോമെത്രിയില്‍ ഖയ്യാം എണ്ണപ്പെടുന്നത്. നോണ്‍ യുക്ലിടിയന്‍ തിയറികള്‍ ജിയോമെത്രിയില്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ആദ്യമായി ഉപയോഗിച്ചത് ഖയ്യമായിരുന്നു. അതാണ് ഇന്നത്തെ അവസ്ഥയിലേക്ക് ജിയോമേട്രിക് അല്‍ജിബ്രായുടെ വികാസത്തിന് സഹായിച്ചത്. നവോത്ഥാന കാലത്തെ ഫ്രഞ്ച് തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന ഡെകാര്‍തെക്ക് അനലിട്ടികള്‍ ജിയോമീറ്ററിയിലേക്ക് കൂടുതല്‍ വെളിച്ചം ഒരുക്കിക്കൊടുത്തത് ഖയ്യാമാണെന്ന് അഭിപ്രായപ്പെടുന്ന ധാരാളം ചരിത്രകാരന്‍മാരുണ്ട്. യുക്ലിഡിയന്‍ തിയറികളെ വിമര്‍ശ പഠനത്തിന് വിധേയമാക്കിയും അല്‍ജിബ്രായുമായി ബന്ധപ്പെട്ടും മറ്റുമായി ധാരാളം എഴുത്തുകള്‍ ഗണിതശാസ്ത്ര മേഖലയില്‍ ഖയ്യമിന്റേതായിട്ടുണ്ട്.
അദ്ദേഹത്തിന്റെ മറ്റൊരു ശാസ്ത്രസംഭാവന ജ്യോതിശാസ്ത്ര മേഖലയിലാണ്. ആധുനിക ലോകത്തെ പോലും അത്ഭുതപ്പെടുത്തിയ ജലാലി കലണ്ടര്‍ അദ്ദേഹത്തിലെ ജ്യോതിശാസ്ത്രജ്ഞന്റെ സംഭവനയാണ്. സൂര്യന്‍ വെര്‍ണല്‍ ഇക്യുനോക്‌സിനെ താണ്ടുന്ന കൃത്യമായ കണക്കിലാണ് ജലാലി കലണ്ടറില്‍ ഒരു വര്‍ഷം ആരംഭിക്കുന്നത്. ജര്‍മന്‍ ചരിത്രകാരനായിരുന്ന മോറിസ് കണ്ടോറിന്റെ അഭിപ്രായത്തില്‍ ചരിത്രത്തില്‍ നിര്‍മിക്കപ്പെട്ട കലണ്ടറുകളില്‍ ഏറ്റവും മികച്ചത് ജലാലി കലണ്ടര്‍ ആണെന്നാണ്. മലിക് ഷാഹ് സെല്‍ജൂകിയുടെ കാലത്ത് നിര്‍മിക്കപ്പെട്ട കലണ്ടര്‍ അദ്ദേഹത്തിന്റെ മരണ ശേഷം ഉപയോഗം നിലച്ചു. എന്നാല്‍, പത്തോന്‍പതാം നൂറ്റാണ്ടില്‍ ഇറാനിലെ പ്രമുഖ ഭരണകൂടമായിരുന്ന ഖജര്‍ ഭരണകൂടത്തില്‍ ജലാലി ആയിരുന്നു കലണ്ടര്‍. ആധുനിക ഇറാനിലെ ഇന്നത്തെ കലണ്ടറിലും ജലാലി സ്വാധീനമുണ്ട്.
ഇതിനൊക്കെ മുകളിലായി ഖയ്യാമെന്ന കവി പ്രതിഷ്ടിക്കപ്പെടുന്നത് കൊളോണിയല്‍ കാലത്താണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് എദ്വാര്‍ഡ് ഫിട്‌സ്‌ജെരാള്‍ഡ് ഖയ്യാമിന്റെ നാലുവരി കവിതസമാഹാരമായിരുന്ന റുബ്ബിയ്യത് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുന്നത്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വരുത്തിവച്ച ഒരു തര്‍ജമയായിരുന്നു അത്. ഉമര്‍ ഖയ്യാമെന്ന മധ്യകാല ജ്ഞാനകേന്ദ്രത്തെ പൂര്‍ണമായും അവഗണിച്ചു ഭൗതികവാദിയും സുഖഭോഗവാദിയുമായ പുതിയൊരു ഖയ്യാമിനെ നിര്‍മിച്ചെടുക്കുകയായിരുന്നു ഫിട്‌സ്‌ജെരാള്‍ഡ് അവിടെ. വായനയുടെ പലഘട്ടത്തിലും കിഴക്കിന്റെ ജ്ഞാനകേന്ദ്രത്തോട് പടിഞ്ഞാറിന് ഉണ്ടാവാന്‍ സാധ്യതയുള്ള മുന്‍വിധികളുടെ എല്ലാ ചിഹ്നങ്ങളും വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്നതായി കാണാം. വരികളെ പലതിനെയും ദുര്‍വ്യാഖ്യാനം ചെയ്തും മഹത്തായ അദ്ദേഹത്തിന്റെ സംഭാവനകളോട് യാതൊരുവിധ നീതിയും കാണിക്കാത്ത വിധത്തിലുള്ള വ്യക്തിത്വ നിര്‍മിതിയും കൊണ്ട് ഒരു മഹാജ്ഞാനിയെ അദ്ദേഹത്തിന്റെ ജീവിതത്തെ ഫിട്‌സ്‌ജെരാള്‍ഡ് പൂര്‍ണാര്‍ഥത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തു. അതിന്റെ അലയോലികള്‍ ഡികൊളോണിയല്‍ കാലത്തെ മുസ്‌ലിം ചിന്തകരില്‍ പോലും സ്വാധീനം ചെലുത്തി.
ബുക്‌സ് ഐ ഹാവ് ലവ്ഡ് എന്ന ഗ്രന്ധത്തില്‍ ഓഷോ പറയുന്നതായി കാണാം ‘ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടതും അതേസമയം, ലോകത്തില്‍ ഏറ്റവുമധികം പാരായണം ചെയ്യപ്പെട്ടതുമായ ഗ്രന്ഥങ്ങളിലൊന്നാണ് റുബയ്യാത്ത്. വിവര്‍ത്തനത്തിലാണ് അത് ഗ്രഹിക്കപ്പെടുന്നത്. പക്ഷേ, അതിന്റെ ആത്മാവ് തെറ്റിദ്ധരിക്കപ്പെടുന്നു. റുബയ്യാത്ത് പ്രതീകാത്മകമാണ്. വിവര്‍ത്തകന്‍ വളരെ ഋജുബുദ്ധിയായ ഇംഗ്ലീഷുകാരനായിരുന്നു, ഒട്ടുംതന്നെ പുതുമയെ ഉള്‍ക്കൊള്ളുന്നയാളല്ല. റുബയ്യാത്ത് ഉള്‍ക്കൊള്ളാന്‍ നിങ്ങളില്‍ ആ സര്‍ഗാത്മകത അല്‍പമെങ്കിലും ഉണ്ടാവണം. റുബയ്യാത്ത് മദ്യത്തെയും മദിരാക്ഷിയെയുംകുറിച്ച് സംസാരിക്കുന്നു, വിവര്‍ത്തകര്‍ നിരവധി പേരുണ്ട്. തെറ്റാണ്. അവര്‍ക്ക് തെറ്റുപറ്റാതെ നിവൃത്തിയില്ല. എന്തെന്നാല്‍, ഉമര്‍ ഖയ്യാം സൂഫിയായിരുന്നു, തസവ്വൂഫ് ഉള്ളയാള്‍, ജ്ഞാനമുള്ളയാള്‍. സ്ത്രീയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് ദൈവത്തെക്കുറിച്ചാണ്’
വളരെ വ്യക്തമായി തത്വചിന്താ മേഖലയില്‍ ആറോളം ഗ്രന്ഥങ്ങള്‍ രചിച്ച ഖയ്യാമിന്റെ ചിന്തകളെ വ്യാഖ്യാനിക്കാന്‍ ഇന്നും യൂറോകേന്ദ്രീകൃത ലോകം ഫിട്‌സ്‌ജെറല്‍ഡിന്റെ വികൃതമായ പരിഭാഷ ഉപയോഗിക്കുന്നുണ്ട് എന്നിടത്തു വിസ്മൃതിയിലാക്കപ്പെടുന്നത് ലോക ചരിത്രത്തെ തന്നെ നിര്‍ണായകമായി സ്വാധീനിക്കുന്ന മധ്യകാലത്തെ ഒരു വിജ്ഞാന ദീപമാണ്.
ഉമര്‍ ഖയ്യാം അദൃശ്യനല്ല. അദ്ദേഹത്തിലേക്ക് വെളിച്ചം വീശുന്ന അദ്ദേഹം തന്നെ എഴുതിയ ധാരാളം ഗ്രന്ഥങ്ങളുണ്ട്, മാത്രമല്ല, ബായ്ഹാകിയെയും നിസാമി ആരുഡിയെയും പോലുള്ള ധാരാളം ശിഷ്യന്മാരുമുണ്ട്. അതുകൊണ്ടു തന്നെ ഫിറ്‌സ്‌ജെറല്‍ഡിലൂടെ അദ്ദേഹത്തെ വ്യാഖ്യാനിക്കേണ്ട ആവശ്യവുമില്ല. മധ്യ കാലത്തെ മുസ്‌ലിം തത്വചിന്തകര്‍ക്കിടയിലെ പ്രധാന സംവാദവിഷയമായിരുന്നു ഇല്‍മുല്‍ കലാം. കാലഘട്ടത്തെ അതിജീവിച്ചു മുസ്‌ലിം തത്വചിന്തകര്‍ക്കിടയില്‍ രൂപീകരിക്കപ്പെട്ട വിജ്ഞാന ശാഖ പലവിധത്തിലുള്ള സങ്കീര്‍ണതകളിലൂടെയും കടന്നു പോയിരുന്നു. അതില്‍ പ്രധാനപ്പെട്ട വിവക്ഷ ആയിരുന്നു ഇബ്‌നു സീനിയന്‍ ചിന്തകള്‍. യുക്തിയില്‍ അടിസ്ഥാനപ്പെടുത്തിയ ഭൗതിക വാദം എന്ന ആക്ഷേപമൊക്കെ നേരിട്ടിരുന്നേങ്കിലും ദൈവവിശ്വാസത്തിലും ഇസ്‌ലാമിന്റെ മതചിഹ്നങ്ങള്‍ ഉള്‍കൊണ്ടും തന്നെയായിരുന്നു അത് നില കൊണ്ടിരുന്നത്. അതിന്റെ സ്വാധീനം ഖയ്യാമിലും ഉണ്ടായിരുന്നു. എന്നാല്‍, എദ്വാര്‍ഡ് ഈ വിശാല ചിന്തയെ ദൈവനിഷേധത്തില്‍ അധിഷ്ഠിതമായ യുക്തി ചിന്തയായാണ് വ്യാഖ്യാനിച്ചത്. സ്വതന്ത്ര്യ ചിന്ത എന്നത് ദൈവനിഷേധമാണെന്ന യൂറോപ്യന്‍ പരിപ്രേക്ഷയം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു ഈ കൈകടത്തലുകള്‍. എന്നാല്‍, എദ്വാര്‍ഡ് കാണാതെ പോയ മതത്തിന്റെ സാന്നിധ്യം എന്നത് ഖയ്യാമിന്റെ ശാസ്ത്രകൃതികളില്‍ വ്യക്തമാണ്. ദൈവനാമത്തില്‍ അവന്റെ ദൂതനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു എല്ലാ ശാസ്ത്ര ഗ്രന്ഥങ്ങളും ഖയ്യാം എഴുതിയിരുന്നത്. ഓക്‌സിഫോര്‍ഡ് ലൈബ്രറിയിലെ ഒരു കവിതാ സമാഹാരത്തിലൂടെ ഖയ്യാമിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതിലെ പരാജയമാവാം ആ മഹാജ്ഞാനിയെ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് ഫിട്‌സ്‌ജെറല്‍ഡിനെ പിന്നോട്ടടിച്ചത്. നിരവധി വൈജ്ഞാനിക സംഭവനകളും ചിന്തകളും മനുഷ്യവംശത്തിനു സമ്മാനിച്ച മഹാജ്ഞാനി നൈസാപൂരില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

മുഹമ്മദ് ഇസ്മാഈല്‍ ഇബ്‌റാഹീം