കഥയിലെ ഇസ് ലാമും കാര്യത്തിലെ മുസ് ലിമും

2314

കഥയിലെ ഇസ്ലാമും കാര്യത്തിലെ മുസ്ലിമും തമ്മില്‍ കിഴക്കും പടിഞ്ഞാറും പോലെയാണ് അന്തരം. കിഴക്കോട്ടോങ്ങി പടിഞ്ഞാറില്‍ പ്രഹരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് എന്നു പറയും വിധമാണ് മലയാള സിനിമയിലെ മുസ്ലിം പക്ഷ വായനകള്‍ ചെന്നു നില്‍ക്കുന്നത്. ഒടുവിലത്തേത് എന്നു പറഞ്ഞ് നാവെടുക്കുമ്പോഴേക്ക് വേറെ ഒന്നുകൂടി സംഭവിക്കുന്നതിനാല്‍ കൂട്ടത്തില്‍ അവാസനത്തേത് എന്നേ ഇപ്പോള്‍ പ്രായോഗിക്കുവാന്‍ പറ്റുകയുള്ളൂ. ഒന്നിനു പിറകെ ഒന്ന് എന്ന രീതിയാണ് മലയാള സിനിമകള്‍ ഇസ്ലാം വിരുദ്ധത പറയാന്‍ കോടിപ്പണങ്ങളിറക്കുന്നത്. മലയാള സിനിമയുടെ മാര്‍ക്കറ്റിംഗ് രഹസ്യങ്ങളില്‍ ഇസ്ലാം ഒരു തുറുപ്പുചീട്ടാണ്. ഇസ്ലാമിലെ സിനിമയും സിനിമയിലെ ഇസ്ലാമും ചര്‍ച്ച ചെയ്യുന്നത് പ്രായപൂര്‍ത്തിയാവാത്തതിന്റെ ലക്ഷണമായി വീക്ഷിക്കുന്നവരുണ്ടെങ്കില്‍ അവരുടെ സമാധാനത്തിന് എനിക്ക് പതിനെട്ട് തികഞ്ഞില്ല എന്നുകൂടി പറയുവാണ്. അജ്ഞതയുടെ അന്തക്കേടിന് മരുന്നില്ലല്ലോ…
ഇസ്ലാം വിമര്‍ശനവും മുസ്ലിം പ്രതീകങ്ങളെ പരിഹസിക്കലും ഒരിക്കലും ഒരിടത്തും മതവിദ്വേശമാവാത്ത, അതേ സമയം മുസ്ലിംകള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ഇസ്ലാം പറയുന്നതു മാത്രമേ ശരിയുള്ളൂ എന്ന് പറഞ്ഞാല്‍, പരമ ആക്ഷേപമാവുന്ന കാലത്ത് അഭ്രപാളിയില്‍ കാഴ്ചക്ക് വന്ന രണ്ടു മലയാള ചിത്രങ്ങളുടെ അകത്തെ ഇരുട്ടിനെ കണ്ടെത്തുകയാണിവിടെ.


‘കുരുതി’യിലെ കരുതിക്കൂട്ടലുകള്‍
കേരളത്തില്‍ മതഭ്രാന്തിന്റെ പ്രളയമാണെന്ന ധ്വനിയെ പടച്ചുണ്ടാക്കുന്നവര്‍, ചരിത്രാതീതകാലം മുതല്‍ക്കേ കേരളത്തില്‍ ഹൈന്ദവ-മുസ്ലിം മൈത്രി ഉണ്ടായിരുന്നുവെന്നും അതിന്റെ അടരുകള്‍ വിടര്‍ന്ന പുഷ്‌കലതകള്‍ എമ്പാടുമുണ്ടെന്നും നന്നായറിയുന്നവരാണ്. എന്നിട്ടും ഇങ്ങനെയൊരു അനാവശ്യ യുഗഖണ്ഡനം കൊണ്ടുവരുന്നത് ചരിത്രത്തെ അവര്‍ക്ക് സുഖകരമായയിടത്തു വച്ച് ചാരിത്രകളങ്കം വരുത്താനാണ്. ഭീകരവാദം സമം ഇസ്ലാം എന്ന പാശ്ചാത്യ സമവാക്യത്തിന് ആഗോള കമ്പോളങ്ങളില്‍ സ്വീകാര്യത ഏറെയാണ്. അതിന്റെ കേരളീയ പതിപ്പുകള്‍ മലയാള സിനിമയില്‍ ഒട്ടേറെയുണ്ട്. മുസ്ലിമിന് ബാക്കിയുള്ളവരൊക്കെയും അപരന്മാരും അല്‍പന്മാരുമാണെന്ന വാര്‍പ്പുമാതൃകയെ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് അത്തരത്തിലുള്ള തിരക്കഥകള്‍. ദുനിയാവില്‍ കാലും പരലോകത്ത് മനസ്സും കൊണ്ടുവച്ച് നടക്കുന്ന ‘ദീനിയായ’ മുസ്ലിമിന്റെ നിഷ്‌ക്കളങ്കതയെ പോലും പരിഹസിക്കുന്നു എന്നതാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സങ്കടകരമായ കാര്യം. അത്തരം കാഴ്ചകള്‍, സാധാരണ മനുഷ്യരില്‍ പൊതുമുസ്ലിമിനെ ‘പൊട്ടനാ’ക്കും എന്നുള്ളതാണ് വാസ്തവം. മലയാളി പൊതുബോധത്തില്‍ ഇത്തരം പാകപ്പെടുത്തലിനെ നിര്‍മിക്കുന്നതിലും, നിലനിര്‍ത്തുന്നതിലും സിനിമക്ക് വലിയ പങ്കുണ്ട്.
‘ഈമാനും ഇസ്ലാമും ഇടക്കിടെ സൂചിപ്പിക്കുന്ന, ഇസ്ലാമുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രതീകങ്ങള്‍ നിറച്ചുവച്ച, ഈയിടെ ഇറങ്ങിയ ‘കുരുതി’ ഫാസിസത്തിന്റെ അനൗണ്‍സ് വണ്ടിയായാണ് പ്രേക്ഷകരിലെത്തുന്നത്. ഈ സിനിമയിലൂടെ സംവിധായകന്‍ മനു വാര്യര്‍ ‘ഇരുട്ടി’ലാക്കുന്നത്, മുസ്ലിമിനെയും ഇസ്ലാമിനെയുമാണ്. പുല്ല് തിന്നുന്ന പശുവിന്റെ പേരില്‍ അന്നം തിന്നുന്ന മനുഷ്യരെ വിഭജിക്കുന്ന സംഘപരിവാര്‍ നീക്കത്തെ വെളുപ്പിച്ചെടുക്കുന്ന വാഷിംഗ് പൗഡറാണ് ‘കുരുതി’.
പെട്ടെന്നൊരു ഷോട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായൊരു നേരത്ത് സ്‌ക്രീനിലേക്ക് പ്രത്യക്ഷപ്പെടുന്ന ലായിഖാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. തന്റെ കൂട്ടാളികളെ പിടികൂടാന്‍ വന്ന പോലീസുമായുള്ള ഏറ്റുമുട്ടലിനിടയില്‍ എസ്.ഐ ഓടിക്കയറിയ വീട്ടിലേക്ക് വന്നു കയറുന്ന ലായിഖിന്റെ കണ്ണ് ആദ്യം ചെന്നു പതിയുന്നത് വീടിനകത്തെ മുസ്ലിം ചിഹ്നങ്ങളിലാണ്. ചുമരിലെ ലാഇലാഹ ഇല്ലള്ള കാണുമ്പോള്‍ ലായിഖ് പറയുന്നത് ‘ഇത് ഈമാനുള്ള വീടാണ്’ എന്നാണ്. ഈമാനെന്നാല്‍ തീവ്ര ഇസ്ലാമിനെ പോറ്റുന്നവരുടെ പാര്‍പ്പിടങ്ങളാണെന്ന് സിനിമ പറയാതെ പറയുന്നു.
പടച്ചവനാര്‍ക്കൊപ്പമാണെന്ന ചോദ്യവും അതിന് ഉത്തരവുമാണ് സിനിമയുടെ ആകെത്തുക എന്നു പറയാം. ഇബ്രുവും ലായിഖും എന്നീ കഥാപാത്രങ്ങള്‍ മുഖത്തോട് മുഖം തിരിഞ്ഞു വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തിലാണ് ഈ ചോദ്യം ഗൗരവമായി ഉന്നയിക്കുന്നത്. ‘കൊല’ ഒരു വിഭാഗം ചെയ്യുമ്പോള്‍ സത്കര്‍മവും വേറെ ചിലര്‍ ചെയ്യുമ്പോള്‍ തീവ്രവാദവുമാവുന്നു എന്ന തീര്‍ത്തും തെറ്റായ സന്ദേശമാണ് സിനിമ നല്‍കുന്നത്. താന്‍ എന്തിനുവേണ്ടി കൊലചെയ്യപ്പെട്ടു എന്ന ധാരണ പോലുമില്ലാതെ തീര്‍ത്തും നിഷ്‌കളങ്കമായി കൊലക്കത്തിക്ക് ഇരയാവേണ്ടി വന്ന ലായിഖിന്റെ പിതാവ് കുറ്റക്കാരനും കൊന്നവന്‍ നിഷ്‌കളങ്കനുമായി വരുന്നു.
മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തിചക്രയാണ് മുസ്ലിം തീവ്രവാദികളോടുള്ള വിഭ്രാന്തി വിറ്റ് വിജയം കൈവരിച്ച ഏറ്റവും വലിയ ചിത്രം. കുരുതിയിലെ പ്രധാനിയായ മുസ്ലിം തീവ്രവാദി കഥാപാത്രം ലായിഖിനെ വായിച്ചു തുടങ്ങുമ്പോള്‍, നമുക്ക് കിട്ടുന്ന ഉത്തരങ്ങളില്‍ മേജര്‍ രവിയുടെ നിലപാടുള്ള സംവിധായകനെ കാണാനാവുന്നുണ്ട്. ഇസ്ലാമിന്റെ തനത് ചിഹ്നങ്ങളെ പ്രത്യക്ഷപ്പെടുന്നിടങ്ങളിലൊക്കെയും മതത്തിനിട്ട് തൊഴിക്കുന്നുണ്ട്. താടി, നിസ്‌കാരത്തയമ്പ്, ഖുര്‍ആനും ഹദീസും… വെറുപ്പിന്റെ ഉത്പാദകരും ഏജന്റുമായി പ്രത്യക്ഷപ്പെടുന്നവരൊക്കെയും മുസ്ലിം കഥാപാത്രങ്ങളാണ്. ബാപ്പയെ കൊന്നവന്റെ കഴുത്തില്‍ കത്തിവക്കാന്‍ ഇബ്രുവിനോട് ഭീഷണസ്വരത്തില്‍ ലായിഖ് ആവശ്യപ്പെടുമ്പോള്‍ സ്വകാര്യമെന്നോണം പറയുന്ന വാക്ക് ‘ബിസ്മി ചൊല്ലി ഒരു ബലിയാടിന്റെ കഴുത്തില്‍ കത്തി വക്കുന്ന പോലെ അവന്റെ കഴുത്തറക്കൂ എന്നാണ്. കഥാ മുഹൂര്‍ത്തം അവിടെ എത്തുമ്പോഴാണ് കഥയുടെ തുടക്കത്തില്‍ അറവിനു വച്ച ആടിനെ കൊല്ലേണ്ടെന്ന് വിലക്കിയ ഇബ്രുവിന്റെ മകളുടെ സങ്കടവിലാപത്തിന്റെ ‘ളമീര്‍’ എങ്ങോട്ടാണ് മടങ്ങുന്നത് എന്ന് തിരിയുന്നത്.
മൂസ ഖാദറിന്റെ വീട്ടിലേക്ക് സ്വയം രക്ഷക്കായി കയറിയ എസ്.ഐ. സത്യന്‍ വെളിവാക്കുന്ന രണ്ടു കാര്യങ്ങളില്‍ തീവ്രവാദികള്‍ എങ്ങനെയുള്ളവരാണെന്ന കാര്യം പറയുന്നുണ്ട്. ഒന്ന് തന്നെയും ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാരെ അവര്‍ (മുസ്ലിം തീവ്രവാദികള്‍) ‘ഇരുട്ടടിയടിച്ചു എന്നാണ്. രണ്ട്, ആ രാത്രി തീരുംവരെ അവരില്‍ നിന്ന്? സംരക്ഷണമെന്നോണം വീട്ടില്‍ തങ്ങുകയാണ് എന്നുമാണ്. ഇരുട്ടിന്റെ മറവില്‍ മതമുണ്ടാക്കുന്ന മുസ്ലിമിനെ ഇരുട്ടില്‍ പേടിക്കണമെന്ന് സാരം.
പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു നാടിന്റെയും കുടുംബത്തിന്റെയും സങ്കടജീവിതം പറയുന്നു എന്ന വ്യാജേന, സിനിമ പറയാന്‍ ശ്രമിക്കുന്നത്, ആരുംകൊലകള്‍ ‘ചിലര്‍’ ചെയ്യുമ്പോള്‍ ‘വിട്ടു കൊടുക്കേണ്ട കാര്യവും’ വേറെ ചിലരാകുമ്പോള്‍ ‘വെടിവച്ചു കൊല്ലേണ്ട’ കാര്യവുമാണ് എന്നതാണ്. സുമ എന്ന പെണ്‍കുട്ടിയിലൂടെ ഹിന്ദുത്വ വികാരത്തെ ഉയര്‍ത്തി കൊണ്ടുവരുന്ന സിനിമ ഇസ്ലാം പേടിയുടെ ഒന്നാന്തരം പടക്കപ്പുരയാണ്.


റമദാപള്ളിയുടെ മറുപുറം
മാലിക് എന്ന അറബി വാക്കിന്റെ അര്‍ഥം ഭരണാധികാരി, രക്ഷകന്‍ എന്നൊക്കെയാണ്. ഒരു നാടിന്റെ മാലിക്കെന്ന് പറഞ്ഞാല്‍ ആ നാടിനെ കാക്കുന്നൊന്‍. ആ നല്ല വാക്കിനെയും അതിനൊത്ത ജീവിതത്തെയുമാണ് ശവര്‍മക്കൊരുക്കുന്ന ചിക്കന്‍ പീസ് പോലെ അടിച്ചു പതം വരുത്തി കെണിപ്പ് പൊട്ടിച്ചത്. സിനിമയിലെ ഇസ്ലാമിലൂടെ ദുനിയാവിലെ മുസ്ലിമിനെ വായിക്കുന്ന ഫാസിസ്റ്റ് കാലത്താണ് ഇങ്ങനെയൊരു കഥ കെട്ടിയതും, കഥകൊണ്ട് കൊട്ടിയതും എന്നാണ് ഖേദകരം. ശ്യാമ പ്രസാദ്, വിനയന്‍ മുതല്‍ സത്യന്‍ അന്തിക്കാടും കമലുമടക്കം ഡോ: ബിജു വരേയുള്ള സംവിധായകര്‍ മാപ്പിള ജീവിതത്തെ ഇകഴ്ത്തി അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ബിരിയാണി, ഒപ്പന, പൊട്ടത്തരം, മോഷണം, സ്വവര്‍ഗ രതി, ത്വലാഖ് തുടങ്ങിയ ഇരിവൃത്തങ്ങളില്‍ നിന്ന് മാറി ചരിത്രത്തില്‍ താന്തോന്നിത്തം കാണിച്ചു എന്നത് മാത്രമാണ് വ്യത്യാസം. അപ്പോള്‍ സംവിധായകന്റെ മുസ്ലിം വിരുദ്ധത ബോധ്യമല്ലേ. ബാക്കിയുള്ളോര് ഒപ്പനപ്പാട്ടിട്ട് മാപ്പിളമാരെ കൊണ്ട് ബിരിയാണി തീറ്റിച്ച് പൊട്ടത്തരം ചെയ്യിപ്പിക്കുന്ന സ്ഥാനങ്ങളില്‍ മഹേഷ് നാരായണന്‍ ഷാജി കൈലാസ് ഇറക്കുമതി ചെയ്ത മെഷീന്‍ ഗണ്ണ് നായകന്റെ കയ്യില്‍ കൊടുത്ത് സ്വന്തം സമുദായത്തിന് നേരെ തോക്ക് ചൂണ്ടിപ്പിടിക്കുന്നു. മാറ്റം അത്രമാത്രം.
കാക്കിയില്‍ കാക്കത്തൊള്ളായിരം കാക്കകള്‍ കാഷ്ടിച്ചിട്ടുണ്ടെന്ന് കേരളം ഒന്നടങ്കം പറഞ്ഞ സന്ദര്‍ഭമായിരുന്നു ഭീമാപള്ളി വെടിവപ്പ്. 2009 മേയ് 17 നായിരുന്നു പൊലീസിന്റെ നരനായാട്ട്. ആറുപേരുടെ മരണത്തിനും 52 പേരുടെ ഗുരുതരമായ പരിക്കിനും കലാശിച്ച വെടിവപ്പ് കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ പൊലീസ് വേട്ടയായിരുന്നു. ഗള്‍ഫില്‍ നിന്നു ലീവിന് വന്ന് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടാക്കിയ ശേഷം കടപ്പുറത്തെത്തിയ ചെറുപ്പക്കാരന്‍ വരെ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരിലുണ്ട്. അന്നവിടെ പൊന്തിയ പുകയുടെയും പൊട്ടിയ വെടിയുടെയും ദുരിതം പേറേണ്ടിവന്നവര്‍ ഇന്നും ബീമാപള്ളിയുടെ നൊമ്പരമാണ്.
കൃത്യവും കണിശവുമായ ആലോചനയോടെയും വ്യക്തമായ ലക്ഷ്യബോധത്തോടെ ചിട്ടപ്പെടുത്തിയ അജണ്ട നടപ്പിലാക്കുകയായിരുന്നു പോലീസ്. മുസ്ലിം വിപരീതം കൃസ്ത്യന്‍ എന്ന കഥ മെനഞ്ഞാണ് പോലീസ് വെടിവപ്പിനെ ന്യായീകരിച്ചത്. വെടിവച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. അങ്ങനെ ഒരു സാഹചര്യം അന്നവിടെ ഇല്ലായിരുന്നു എന്നാണ് വസ്തുത. പിന്തിരിഞ്ഞോടിയവരെ പിന്തുടര്‍ന്ന് ലാത്തിയും തോക്കും കൊണ്ടും പൊലീസ് തല്ലിച്ചതച്ചു. പോലീസിന്റെ കുപ്പായവും ഫാസിസത്തിന്റെ മനസ്സുമുള്ളവര്‍ കാക്കിയണിഞ്ഞു വന്നതിന്റെ ദുരന്തമാണ് അന്നവിടെ കണ്ടത്.
മാലിക്കിലൂടെ ഒളിച്ചു കടത്തുന്ന മുസ്ലിം വിരുദ്ധതയാണ് ചര്‍ച്ച. സിനിമ എന്ന കലാ സൃഷ്ടിയെ അതിന്റെ വിജയത്തിലേക്കെത്തിക്കാന്‍ ഭാവനാപരമായ മുന്നൊരുക്കങ്ങളും പിന്‍ നടത്തങ്ങളും സ്വാഭാവികമാണ്. കോടികള്‍ മുതല്‍ മുടക്കുള്ളൊരു പ്രൊജക്ടില്‍ നിന്ന് ഇറക്കിയ കാശ് തിരിച്ചു പിടിക്കാന്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തേണ്ടതായിട്ടുണ്ട്. പക്ഷേ, സാമൂഹികമായ ഓര്‍മകള്‍ ഉള്‍വഹിക്കുന്ന കഥകള്‍ പറയുമ്പോള്‍ ചരിത്ര സത്യങ്ങളെ പിഴുതെറിഞ്ഞ് അവിടെ മിഥ്യാധാരണകള്‍ നിര്‍ംിച്ചുവക്കുക എന്നത് നീതീകരിക്കാവുന്ന കാര്യമല്ല. സാമുദായിക സൗഹാര്‍ദ്ദത്തിന് ദ്രുവീകരണത്തിന്റെ കാരണങ്ങള്‍ തേടുന്ന സമകാലിക സാഹചര്യത്തില്‍ എരിതീയില്‍ എണ്ണ ഒഴിച്ചു എന്ന തെറ്റാണ് മാലിക്ക് എന്ന സിനിമയിലൂടെ മഹേഷ് നാരായണന്‍ ചെയ്ത തെറ്റ്.
മുസ്ലിം സാമൂഹിക പ്രവര്‍ത്തകര്‍ മതപരമായി അകക്കനം കുറഞ്ഞവരാണെന്നും, അവരുടെ അകത്തെ ഇടപാടുകളില്‍ നേരും നെറിയുമൊന്നുമില്ലെന്നും, പുറം കാഴ്ചയുടെ പളപളപ്പുകളില്‍ അവര്‍ ചെയ്യുന്നത് വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമാണെന്നുമൊക്കെ ആധികാരിയമായി പറയാന്‍ ശ്രമിക്കുന്നതിന് മത തീവ്രാവാദത്തെ വരെ സംവിധായകന് കൂട്ടുപിടിക്കേണ്ടി വന്നു എന്നു പറയുമ്പോള്‍, മാലിക്കെന്ന സിനിമ മുസ്ലിം സ്വത്വത്തെ തല്ലി പരിക്കേല്‍പിക്കുകയാണ് ചെയ്തത് എന്നു പറയേണ്ടി വരും. പൂതിക്കും പുതുമക്കും വേണ്ടി ഒന്നോ രണ്ടോ ഷോട്ടില്‍ തമാശക്ക് മതവിരുദ്ധത കാണിക്കുന്നത് പോലെയല്ല അകത്ത് ആയുധം വച്ചുള്ള കളി.
Muslim with terrorism ഒരാഗോള സിംബലാണ്. ആ വടികൊണ്ടുള്ള അടി എന്നും കിട്ടുന്നത് മുസ്ലിം സ്വത്വത്തിന്റെ ഉള്ളം കയ്യിലാണ്. സിനിമയിലെ മുസ്ലിം കഥാപാത്രങ്ങള്‍ ഓരോരുത്തരും അപരന്‍ നരകമാണെന്ന് വിശ്വസിക്കുന്ന മനോഭാവമുള്ളവരാണ്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുലൈമാന്‍ പാതി വഴിയില്‍ പഠനം നിറുത്തി കള്ളക്കടത്തുകാരനും കൊലപാതകിയുമായ ഒരാളാണ്. കള്ളക്കടത്തിലെ കപ്പല്‍ പണിക്കാരനില്‍ നിന്ന് ജനപ്രതിനിധിയുടെ കുപ്പായത്തിലേക്ക് വന്ന്; ഭീകരവാദികളോടും പൊലീസിലെ ക്രിമിനലുകളോടും അകബന്ധം പുലര്‍ത്തുന്ന എം.എല്‍.എ അബു. ആദ്യം കൂട്ടുകാരനും പിന്നെ വര്‍ഗീയത പറഞ്ഞ് സുലൈമാനെ ഒതുക്കാന്‍ നടക്കുന്ന ഒറ്റുകാരനായ അന്‍വര്‍ അലി എന്ന സബ്/കളക്ടര്‍. മാലിക്കിലെ മുസ്ലിം നാമ കഥാപാത്രങ്ങള്‍ കേരളത്തിലെ മുഖ്യധാരാ മുസ്ലിംമിനോട് എങ്ങിനെ എതിരായി നില്‍ക്കുന്നു എന്നുള്ളത് മതേതര കേരളം മനസിലാക്കേണ്ടതുണ്ട്.
സുനാമിയുടെ സമയത്ത് ജീവനും കൊണ്ട് ഓടിയെത്തിയ അമുസ്ലിംകള്‍ക്ക് മുമ്പില്‍ അടച്ച ഗേറ്റിന് പൂട്ടിട്ട മുസ്ലിം പള്ളി കമ്മിറ്റിക്കാര്‍ കേരളത്തിലെ ഏതു മുസ്ലിം മഹല്ലിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് വിശദീകരിക്കേണ്ട ബാധ്യത മഹേഷ് നാരായണനുണ്ട്. മുസ്ലിംകളില്‍ നിന്നുയരുന്ന സാമൂഹികമായ വിയോജിപ്പുകളെപ്പോലും വര്‍ഗീയവത്കരിക്കുന്ന കാലത്താണ് അഭ്രപാളിയില്‍ ഇങ്ങനെയൊരു ചിത്രീകരണം. വീടും പറമ്പും നഷ്ടപ്പെട്ട മുക്കത്തെ ഇരകളുടെ ഗൈല്‍ പൈപ്പ് സമരത്തെ മതതീവ്രവാദികളുടെ എതിര്‍പ്പ് എന്ന് വിശേഷിച്ചവരാണ് ഇന്ന് നാട് ഭരിക്കുന്നത്. അന്നു നമ്മള്‍ കേട്ട പ്രസ്താവനയുടെ ചീഞ്ഞഴുകുന്ന ദുര്‍ഗന്ധത്തിന്റെ മറ്റൊരു ഭാവമാണ് മാലിക്കിലെ സീനില്‍ നമുക്ക് കാണേണ്ടി വന്നത്. പ്രളയ കാലത്ത് വീടിന്റെ വേരറ്റവര്‍ വന്നുപാര്‍ത്ത ഇടമാണ് കേരളത്തിലെ മുസ്ലിം പള്ളികള്‍. അഞ്ചു നേരം നിസ്‌കാരത്തിന് തുറക്കുന്ന പള്ളിവാതിലുകള്‍, വാതിലുകളില്ലാത്ത ഇടം പോലെ സ്‌നേഹത്താല്‍ തുറന്ന് കിടന്നത് കേരളം കണ്ടതാണ്. ആ കാഴ്ച തന്ന മതാതീത ചെങ്ങാത്തത്തെ പൊട്ടക്കിണറ്റില്‍ തള്ളിയതാണ് റമദാപള്ളിയിലെ അടച്ചിട്ട ഇരുമ്പ് ഗേറ്റ്.
സിനിമയിലെ അവതരണ സീനുകള്‍ കൊണ്ട് വൃണപ്പെടാനുള്ളതാണോ മതം എന്ന് ചോദിച്ചാല്‍, ഒരു സീന് വേണമെന്നില്ല, ഒരു വാക്ക് കൊണ്ട് തന്നെ വൃണപ്പെടുന്നതാണ് മതം. അത് അസ്ഥാനത്താണെങ്കില്‍. അതിന് ചരിത്ര വായന നടത്തണം. സിനിമ എന്ന കലയെ അംഗികരിക്കുന്നവരും നിരാകരിക്കുന്നവരും മുസ്ലിംകളില്‍ ഉണ്ട്. ഗുണപാഠ ദായകമായ അഭിനയങ്ങളെക്കുറിച്ചും രണ്ടഭിപ്രായം പറയുന്നവരുണ്ട്. അതേ സമയം സിനിമയിലെ കഥാപാത്രങ്ങളിലൂടെ മുസ്ലിം വിരുദ്ധത പറഞ്ഞുവക്കുന്നതിന് രണ്ടഭിപ്രായങ്ങള്‍ ഇല്ല.
ഒരു വിഭാഗവും അതംഗീകരിക്കില്ല. അന്യ മതസ്ഥരെ ബഹുമാനിക്കുക എന്നത് മതകാര്യങ്ങള്‍ പോലെ പ്രധാനപ്പെട്ട ഒന്നാണ് മുസ്ലിമിന്. പരസ്പര സ്‌നേഹമാണ് മതത്തിന്റെ അടിത്തറ തന്നെ. ജൂതന്റെ മൃതദേഹത്തോടു പോലും എഴുന്നേറ്റു നിന്ന് ആദരവ് കാണിച്ചതതാണ് പ്രവാചക പാഠം. ആരുടെ ഉപദ്രവങ്ങളില്‍ നിന്ന് അയല്‍വാസി നിര്‍ഭയനല്ലയോ, അവന്‍ വിശ്വാസിയുമല്ല’ എന്നനുയായികളെ പഠിപ്പിച്ചത് ഇസ്ലാമിന്റെ പ്രവാചകനാണ്.
ഒരാളെ നിര്‍വഹിക്കാനും അയാളുടെ വിശ്വാസം പോലും നിര്‍ണയിക്കാനും അപരന്റെ സ്വസ്ഥതയ്ക്ക് കൂടി പങ്കുണ്ടെന്ന് പറയുമ്പോള്‍, മതം മനുഷ്യന്റെ വിളംബരമാവുകയാണ് ചെയ്യുന്നത്. മാനുഷികതയുടെ മതമാണ് ഇസ്ലാം. മൂന്ന് വസ്തുക്കളില്‍ ജനങ്ങള്‍ക്ക് കൂട്ടവകാശമുണ്ട്; വെള്ളം, ഉപ്പ്, തീ, ഈ വചനത്തിന്റെ ജീവിതഗന്ധം അപരിചിതമാണ്. ജനങ്ങളെല്ലാം ചീര്‍പ്പിന്റെ പല്ല് പോലെ സമന്‍മാരാണ്. ഉച്ഛനീചത്വങ്ങളുടെ കാടത്തങ്ങള്‍ക്കെതിരെ മുഴങ്ങിയ വാക്കുകളാണത്. വര്‍ഗീയതയോ, വര്‍ഗീയവാദിയോ, വര്‍ഗീയ രക്തസാക്ഷിയോ നമ്മുടെ കൂട്ടത്തിലില്ല. തെറ്റിദ്ധരിക്കപ്പെട്ട മതത്തിന്റെ തെറ്റിപ്പോകരുതാത്ത നിര്‍ണയങ്ങള്‍ തിരുനബി പറഞ്ഞുവച്ചു.
പാരസ്പര്യം എന്ന വാക്കിന്റെ പൊരുളിനെ ഉള്‍വഹിക്കുന്നവരാണ് യഥാര്‍ഥ മുസ്ലിം. മനുഷ്യബന്ധം ഇസ്ലാമില്‍ പ്രധാനപ്പെട്ടതായതു കൊണ്ട് തന്നെയാണ് കഥയിലെ ഇസ്ലാമും കാര്യത്തിലെ മുസ്ലിമും രണ്ടാണെന്നു പറയുന്നത് തന്നെ. താല്‍ക്കാലിക വിജയങ്ങള്‍ക്കു വേണ്ടി ഇസ്ലാമിനെ അതല്ലാതാക്കുന്ന രീതിയെക്കുറിച്ചാണ് ചര്‍ച്ച. വിശ്വാസത്തില്‍ വീര്യമോ വിജ്ഞാനത്തില്‍ വേരുകളോ ഇല്ലാത്ത ദുര്‍ബല മനുഷ്യരാണ് മുസ്ലിംകളെന്ന അപകര്‍ഷതാ മനോഭാവത്തിനാണ് മാറ്റമുണ്ടാകേണ്ടത്. ഈന്തയോലകള്‍ക്ക് ഈന്തത്തടികള്‍ തൂണാക്കി നാട്ടിക്കെട്ടിപ്പൊക്കിയ കുടിലനകത്തേക്ക്, മാലാഖയെ ദിവ്യബോധനത്തിന്റെ പൊതിയുമായി പറഞ്ഞയച്ച പടച്ചവന്റെ കല്‍പനകളായ വിശുദ്ധ ഖുര്‍ആനാണ് മുസ്ലിമിന്റെ വേദഗ്രന്ഥം. ഗിബ്ബും മൂറും ഫിലിപ്പ് കെ ഹിറ്റിയും ബര്‍ണാഡ്ഷായും ടോള്‍സ്റ്റോയിയും തോമസ് കാര്‍ലെയും ഗഥേയും വാഷിങ്ങ്ടണിര്‍വിനും റൂസ്വെല്‍റ്റും മൈക്കലെച്ച്ഹാര്‍ട്ടും ഗാന്ധിജിയും വള്ളത്തോളുമൊക്കെ പ്രമേയമായും പ്രാസമായുമൊക്കെ ഉച്ചരിച്ച പേരായ പ്രവാചകന്‍ മുഹമ്മദ് നബിയാണ് മുന്തിയ മുസ്ലിം. ആ ജീവിതവും ദര്‍ശനവുമാണ് മുസ്ലിമിന്റെ ഇസ്ലാം.
അതൊരു ഫിക്ഷനെഴുത്താണ്, അതിന്റെ ചിത്രീകരമാണ് സിനിമ എന്നൊക്കെ പറയുന്ന ന്യായീകരങ്ങള്‍ തലച്ചോറില്‍ ആള്‍പാര്‍പ്പുള്ള മനുഷ്യര്‍ വിശ്വസിക്കുമെന്ന് തെറ്റിദ്ധരിക്കരുത്.
സിനിമയുടെ അതിന്റെ പാട്ടിന് വിട്ടുകൂടെ, എന്തിനതിന്റെ പിറകെ കൂടണം എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ-ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതിരു നിര്‍ണയിച്ച ഭരണഘടനാ നിര്‍മാതാക്കളേക്കാള്‍ വലുതല്ല മറ്റാരും. ഒരു കാര്യത്തെ അതിന്റെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുമ്പോള്‍ പാലിക്കപ്പെടേണ്ട ചില മര്യാദകളുണ്ട്. അത് പാലിക്കപ്പെടാതെ പോയി എന്നുള്ളതാണ് ഇത്തരം സിനിമകളിലെ ശരിയില്ലായ്മയും മുസ്ലിം വിരുദ്ധതയും.

റഹീം വാവൂര്‍