സാംസ്‌കാരികമായി കേരളം എന്നും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈവിധ്യം കാത്തുസൂക്ഷിച്ച ഭൂപ്രദേശമാണ്. കേരള മുസ്‌ലിം സാമുദായിക ചരിത്രത്തില്‍ മതസൗഹാര്‍ദ്ദത്തിനുള്ള പങ്ക് വളരെ വലുതാണ്. മുസ്‌ലിം-ഹൈന്ദവ-ക്രൈസ്തവ ഐക്യത്തിന് ഉദാത്തമായ മാതൃക ജീവിതത്തിലൂടെ കാണിച്ചു തന്ന നമ്മുടെ പൂര്‍വികരായിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാരും മങ്ങാട്ടച്ചനും, മഖ്ദൂം തങ്ങളും ആശാരി തങ്ങളും, മമ്പുറം തങ്ങളും കോന്തുനായരുമെല്ലാം. ഇസ്‌ലാമിന്റെ മുഖ്യസന്ദേശമായ സമാധാനത്തിന്റെയും വ്യുല്പനന്നങ്ങളായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാതൃക ജീവിതത്തില്‍ പകര്‍ത്തി മാനവികതയുടെ സന്ദേശം ഓതുന്നവയായിരുന്നു ആ മഹാന്മാരുടെ ജീവിതം. പാടിക്കേട്ട ഈ ജീവിത മഹാകാവ്യങ്ങളും പറയാന്‍ മറന്ന പല സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഈരടികള്‍ ഇന്ന് ജീവിക്കുന്ന സമൂഹം മറക്കുന്നുവെന്നത് ഇന്നിന്റെ നേര്‍ക്കാഴ്ചകളാണ്. മതത്തിന്റെ പേരില്‍ മനുഷ്യത്വം മറക്കുന്ന ഈ കാലഘട്ടത്തില്‍ മതസൗഹാര്‍ദ്ദത്തിന്റെ പാരമ്പര്യവും ചരിത്രവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്
കാലങ്ങള്‍ക്കപ്പുറം എ.ഡി 1341ല്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടായ കടല്‍ക്ഷോഭം നിമിത്തം തുറമുഖത്ത് മണ്ണും ചളിയും അടിഞ്ഞു കൂടിയതിനാല്‍ കപ്പലുകള്‍ക്കടുക്കാന്‍ സാധിക്കാതെ വന്നു. അതേ സമയം കൊച്ചിയിലെ അഴിമുഖത്തുനിന്നും മണ്ണും ചളിയും നീങ്ങി വയ്പ്പ് എന്ന തുരുത്ത് കരവെച്ചുണ്ടാവുകയും ചെയ്തു. അങ്ങനെ കൊച്ചിയൊരു തുറമുഖപട്ടണമായി രൂപാന്തരപ്പെടുകയും ചെയ്തു ഈ സംഭവത്തിനു ശേഷമാണ് കൊച്ചി ഒരു വാണിജ്യ കേന്ദ്രമായി മാറുന്നത്. കടല്‍ക്ഷോഭമല്ല പ്രളയനിമിത്തമാണ് വയ്പ്പ് എന്ന തുരുത്തും കൊച്ചി തുറമുഖവും രൂപപ്പെട്ടതെന്നു മറ്റൊരു പക്ഷം കൂടിയുണ്ട്.
കൊച്ചി രാജകുടുംബം പല വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സ്ഥലവും സ്ഥാനവും പതിച്ചു കൊടുത്ത് പലയിടത്തായി കുടിയിരുത്തി. ചുങ്കവും ചങ്കും കൊടുത്തു വന്നുചേര്‍ന്ന കച്ചവടസംഘങ്ങള്‍ കൊച്ചിയുടെ പ്രജാബലം കൂട്ടി. ഇന്നും കൊച്ചിയുടെ പല ഭാഗത്തായി പല സമൂഹങ്ങള്‍ കൂട്ടമായി പാര്‍ക്കുന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി റോട്ടിലുള്ള ഗുജറാത്തികള്‍, ജൂതതെരുവിലുളള ജൂതന്മാര്‍, ചെറളായിക്കടുത്ത് താമസിക്കുന്ന കൊങ്കണികള്‍, ബസാറിനടുത്തു താമസിച്ചിരുന്ന കച്ചീക്കാര്‍ അങ്ങനെ നീളുന്നു. അനൗദ്യോഗികമായ കണക്കുകള്‍ നോക്കിയാല്‍ മതവംശജാതിയുടെ അടിസ്ഥാനത്തില്‍ ഇരുപതിലേറെ വരുന്ന വിഭിന്ന സമൂഹങ്ങള്‍ കൊച്ചിയിലുണ്ട്. ചില സമൂഹം ഇന്നും ആ പഴയ പ്രകാരം ജീവിക്കുന്നു, ചിലര്‍ അടുത്ത കാലത്താണ് ആ ഘടനയില്‍ നിന്നും മാറി സമ്മിശ്ര സമൂഹത്തിന്റെ ഭാഗമായി മാറിയത്.
ഏതാണ്ട് ഏഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൊച്ചിയൊരു തുറമുഖ വാണിജ്യ പട്ടണമായി രൂപാന്തരപ്പെട്ട കാലം തൊട്ടേ കൊച്ചിയിലെ മുസ്‌ലിംകളുടെ സാമീപ്യം ചരിത്ര രേഖകളില്‍ കാണാന്‍ സാധിക്കുന്നു. 1409 ല്‍ കൊച്ചി സന്ദര്‍ശിച്ച ചൈനീസ് നാവികനായ മാഹുആന്‍ തന്റെ യാത്രാ രേഖകളില്‍ കൊച്ചിയിലെ മുസ്‌ലിംകളുടെ സ്ഥാനം രാജകുടുംബാധികള്‍ക്കും നായന്മാര്‍ക്കും തൊട്ടടുത്തായിരുന്നു എന്ന് വിവരിക്കുന്നു. ചോളമണ്ഡലത്തു നിന്നും വന്നു സ്ഥിരതാമസമാക്കിയ അറബ് വംശപാരമ്പര്യമുള്ള കച്ചവടക്കാരായിരുന്നു കൊച്ചിയിലെ ആദ്യകാല മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം എന്നതും ചരിത്രത്താളുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. ചോളമണ്ഡലത്തില്‍ നിന്നും ശേഖരിച്ച അരിയായിരുന്നു അവരുടെ പ്രധാന വ്യാപാരച്ചരക്ക്. ഇവ കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വില്‍ക്കുകയും പകരമായി സുഗന്ധ-വ്യഞ്ജനങ്ങള്‍ വാങ്ങുകയും അവ അറബ് നാട്ടിലേക്കും മറ്റും കയറ്റിയയക്കലായിരുന്നു അവരുടെ പ്രധാന കച്ചവട രീതി. കൊച്ചിയാസ്ഥാനമാക്കിയ ഇവരുടെ കച്ചവട നൈപുണ്യം അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാരെ വരെ അസൂയാലുക്കളാക്കിയിരുന്നു. പിന്നീട് പല കാലങ്ങളായി പല നാട്ടില്‍ നിന്നും കച്ചവടത്തിനായി കൂടുതല്‍ മുസ്‌ലിംകള്‍ കുടിയേറി പാര്‍ത്തു. കൊച്ചി പോലെ ഒരു സാര്‍വജനീനമായ ഒരു പ്രദേശത്തു മതസൗഹാര്‍ദ്ദവും ഐക്യവും വാക്കുകളില്‍ അല്ല ഓരോതരുടെയും മനസ്സിലായിരുന്നു കുടികൊണ്ടിരുന്നതെന്നു ചരിത്രം പഠിപ്പിക്കുന്നു.
ഹിന്ദു-മുസ്‌ലിം, മുസ്‌ലിം-ക്രൈസ്തവ സൗഹാര്‍ദ്ദത്തിന്റെ കഥകള്‍ കേരളത്തിന്റെ പൂര്‍വകാല ചരിത്രത്തില്‍ നമുക്ക് ധാരളം വായിക്കാം. മുമ്പു പറഞ്ഞ മഹാന്മാരുടെ ജീവിതവും, ഐതിഹ്യമെന്നും വാസ്തവികതയെന്നും കരുതുന്ന അയ്യപ്പന്റെയും വാവരുടെയും കഥയും ഇതില്‍പ്പെടും. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിക്ക് വ്യത്യസ്തവും അപൂര്‍വവുമായ യഹൂദ-മുസ്‌ലിം സൗഹാര്‍ദ്ദത്തിന്റെ ചരിത്രം പറയാനുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ കൊച്ചിയിലെ വലിയ ജുമുഅത്ത് പള്ളിയായ കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി ആസ്ഥാനമാക്കി മതപ്രബോധനം നടത്തിവന്ന സയ്യിദ് മൗലല്‍ ബുഖാരി തങ്ങള്‍ (ഹിജ്റ 1144-1207). കേരളം മുഴുവന്‍ മതപ്രബോധനം നടത്തിയ മഹാനായിരുന്നു സയ്യിദ് മുഹമ്മദ് മൗലാ ബുഖാരി. മതസ്നേഹം വളര്‍ത്തിക്കൊണ്ടുളള ഒരുശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ മതപ്രബോധനം. കൊച്ചിക്കടുത്ത് നെട്ടൂര്‍ കേന്ദ്രമാക്കി അദ്ദേഹം മതപ്രബോധനം നടത്തുന്ന കാലത്താണ് ടിപ്പുവിന്റെ ഭരണത്തിനെതിരില്‍ നായര്‍പ്പട രംഗത്ത് വന്നത്. സമുദായ സ്പര്‍ദ്ധക്ക് ഇത് കാരണമായി. എന്നാല്‍, മൗലയുടെ പ്രസംഗവും പ്രബോധനവും സമുദായസ്നേഹത്തിനു ക്ഷതമേല്‍പ്പിക്കാതിരിക്കാന്‍ കാരണമായി. പ്രകീര്‍ത്തിക്കപ്പെട്ട ഈ മഹാനെ കാണാന്‍ പലതുറയിലുള്ളവര്‍ കൊച്ചിയിലേക്ക് വന്നുകൂടി.
കൊച്ചിയിലെ അന്നത്തെ യഹൂദരുടെ മുതലിയാര്‍ ഒരു സാമൂഹിക സേവകനും, ജ്യോതിശാസ്ത്ര-വിദഗ്ദ്ധനും, കച്ചവടക്കാരനും, ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രാജ്യതന്ത്രപ്രതിനിധിയുമായിരുന്നു. അറബ് ഭാഷയില്‍ പരിജ്ഞാനമുള്ള അദ്ദേഹത്തിന്റെ പൂര്‍വികര്‍ യമനില്‍ നിന്നാണ് കൊച്ചിയിലേക്ക് വന്നു കൂടിയത് എന്നു പറയപ്പെടുന്നു. മൗലാ തങ്ങളുടെ ആത്മീയ ജ്ഞാനത്തെ കുറിച്ച് കേട്ടറിഞ്ഞ ഇദ്ദേഹം തങ്ങളെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
തങ്ങളുടെ ആത്മീയ-വിജ്ഞാന സായാഹ്ന സദസ്സില്‍ നാനാ മതസ്ഥരും ഒത്തുകൂടിയിരുന്നു. ഒരു ദിവസം യഹൂദന്‍ തന്റെ കൂട്ടാളികളുമൊന്നിച്ചു ‘തീര്‍ച്ചയായും ഇദ്ദേഹം ഒരു ദിവ്യ പുരുഷനെങ്കില്‍, മൂസാ നബിയെ കുറിച്ച് സഭയില്‍ ഇന്നു രാത്രി പ്രസംഗിക്കും.’ എന്ന് മനസ്സില്‍ കരുതി മൗലാ ബുഖാരി തങ്ങളുടെ അടുക്കല്‍ ചെന്നു. അത്ഭുതമെന്നു പറയട്ടെ… കര്‍മപരമായ കാര്യങ്ങളില്‍ മതവിധികള്‍ വ്യക്തമാക്കുന്ന വിജ്ഞാനസദസ്സിനിടെ പെട്ടെന്ന് തങ്ങള്‍ വിഷയത്തില്‍ നിന്നും പൊടുന്നനെ തെന്നി മൂസാനബിയെ വിശദമായിത്തന്നെ സംസാരിക്കുകയുണ്ടായി. ആ പ്രസംഗം ദൂരെനിന്നും കേട്ട യഹൂദന്‍ മൗലയുടെ അറിവിവും, കഴിവും, വ്യക്തിപ്രഭാവവും നേരിട്ടറിഞ്ഞ ആത്മസംതൃപ്തിയോടെ സുഹൃത്തുക്കളായി. ശേഷം സമ്മാനമായി രണ്ടു രത്നങ്ങള്‍ അര്‍പ്പിച്ചു. എന്നാല്‍, തങ്ങള്‍ അവ ഭവ്യതയോടെ തിരസ്‌കരിച്ചു. പകരം പള്ളിയുടെ പുനര്‍നിര്‍മാണത്തിന് തേക്കിന്‍ തടി നല്‍കാമോ എന്നാരാഞ്ഞു. യഹൂദന്‍ സസന്തോഷം അവ നല്‍കിയെന്ന് ‘മിന്‍ഹതുല്‍ ബാരി ഫീ മദ്ഹത്തില്‍ ബുഖാരി’ എന്ന മൗലാ തങ്ങളുടെ ജീവചരിത്ര ഗ്രന്ഥത്തില്‍ കാണാന്‍ സാധിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഒരു സ്മാരകമായി ഇന്നും ചെമ്പിട്ടപള്ളി നിലനില്‍ക്കുന്നു. ലോക ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.
ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് കൊച്ചിയിലെ ഡേവിഡ് കോഹെന്‍ എന്ന യഹൂദന്‍ ഒരു ഡച്ചു പണ്ഡിതന്റെ സഹായത്തോടെ ഡച്ചു ഭാഷയില്‍ നിന്നും ഹീബ്രു ഭാഷയിലേക്കു ഖുര്‍ആന്‍ തര്‍ജമ ചെയ്തത്. പൗരാണിക ഹീബ്രു ഖുര്‍ആന്‍ തര്‍ജമകളില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നെണ്ണമേ ഉള്ളൂ. അതില്‍ ഒന്നാണ് കൊച്ചിയില്‍വച്ച് തര്‍ജമചെയ്യപ്പെട്ട ഈ ഹീബ്രു ഖുര്‍ആന്‍.
യഹൂദ-ഹിജ്റ-ഹിന്ദു കലണ്ടര്‍ തമ്മില്‍ താരതമ്യ പഠനം നടത്തി അതെ കുറിച്ച് ഹീബ്രു ഭാഷയില്‍ ‘ഓഹെല്‍ ദാവീദ്’ ബൃഹത്തായ ഒരു പുസ്തകം രചിച്ചതും ദാവീദ് റഹാബിയെന്ന കൊച്ചിയിലെ ഒരു യഹൂദനാണ്. ഡച്ചു ഭരണകാലത്ത് പുസ്തകമെഴുതാനുള്ള പേപ്പറുകള്‍ കൊച്ചിയിലെ യഹൂദരുടെ അടുത്ത് മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കൈകൊണ്ടെഴുതിയരുന്ന അന്ന് എഴുതാനുള്ള പേപ്പര്‍ മാത്രമല്ല എഴുതിയ പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്തിരുന്നതും യഹൂദര്‍ തന്നെ. സഹവര്‍ത്തിത്വം മൂലം ഉളവായ സൗഹൃദത്തിന് പുറമേ ദൈനംദിന ജീവിതാനുഷ്ഠാനം, കല, ഭാഷ തുടങ്ങിയ വ്യവഹാരങ്ങളിലും മറ്റും സാദൃശ്യം പ്രകടമാണ്. വസ്ത്രധാരണ രീതിയിലും കൊച്ചിയിലെ മുസ്‌ലിംകളും യഹൂദരും വളരെയധികം സാമ്യം കാണിച്ചിരുന്നു. കലാരൂപങ്ങളിലുള്ള സാമ്യവും ശ്രദ്ധേയമാണ് മുസ്‌ലിംകളുടെ ഒപ്പനയ്ക്കു സമാനമായ ‘നിന്നുകളി’ എന്ന ഒരു കലാരൂപവും, മാപ്പിളപാട്ടിനോട് സമാനമായ യഹൂദ മലയാളം പാട്ടുകളും യഹൂദര്‍ക്കുണ്ടായിരുന്നു. പെണ്ണുങ്ങള്‍ കൂടിയിരുന്നുള്ള കൈകൊട്ടി പാട്ട് കൊച്ചിയിലെ മുസ്‌ലിംകളുടെ ഇടയിലും യഹൂദരുടെ ഇടയിലും പ്രചുര പ്രചാരത്തിലുണ്ടായിരുന്നു.
ഭാഷ ശൈലിയില്‍ പോലും ആ ബന്ധം കാണാനാകും അഭിവാദ്യവാക്കായി സലാം (അസ്സലാമു അലയ്ക്കും) എന്നും ശാലോം (ശാലോം അലേഖേം) എന്നും വെവ്വേറെ വാക്കാണെങ്കില്‍ ഇരുവര്‍ക്കും ആശീര്വാദപദം ‘ബറക്കത്ത്’ എന്നുതന്നെ. പിതാവിനെ മുസ്‌ലിംകള്‍ ‘വാപ്പ’ എന്ന് വിളിക്കുമ്പോള്‍ യഹൂദര്‍ ‘വാവാ’ എന്ന് വിളിക്കുന്നു. എന്നാല്‍, മാതാവിനെ ‘ഉമ്മ’ എന്നാണ് ഇരു കൂട്ടരും വിളിക്കുന്നത്. ദൈവത്തിനെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ വരെ ആ സാമ്യം കാണിച്ചിരുന്നു എന്നത് വൈശിഷ്ട്യം, ചെമ്പിട്ടപ്പള്ളിയിലെ പ്രധാന കവാടത്തിനു മുകളില്‍ കാണുന്ന 500 വര്‍ഷത്തോളം പഴക്കമുള്ള അറബി-തമിഴ് കോത്തെഴുത്തില്‍ അല്ലാഹു എന്ന അറബി പദത്തിന് തര്‍ജമ തമിഴ് ലിപിയില്‍ ‘തമ്പിരാന്‍’ (തമ്പുരാന്‍) എന്നാണ് നല്‍കിയിരിക്കുന്നത്. യഹൂദരുടെ പഴയ മലയാളം തുടങ്ങുന്നത് എന്ന ‘തമ്പിരാന്‍’ വാക്കുകൊണ്ട് തന്നെ. ‘പടച്ചവന്‍’ എന്നും യഹൂദരും മുസ്‌ലിംകളും ഒരു പോലെ ഉപയോഗിച്ചു വരുന്നു. കൊച്ചിക്കല്ലാതെ തെന്നിന്ത്യയില്‍ മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഈ മതസൗഹാര്‍ദ്ദത്തിന്റെ കഥ നമ്മുക്കൊരു പ്രചോദനമായി മാറണം. ആ സൗഹൃദ ചിന്തകള്‍ കേരളത്തിന്റെ ഇന്നലെകളെ സജീവമാക്കിയതു പോലെ തുടര്‍ന്നും സജീവമാക്കണം.
തൗഫീഖ് സകരിയ്യ