ചെറിയമുണ്ടം കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍; വ്യാജ ത്വരീഖത്തിനെതിരെ പോരാടിയ സൂഫി

2577

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പണ്ഡിത ലോകത്ത് ജ്വലിച്ചുനിന്ന മഖ്ദൂമി പുതിയകത്ത് അബ്ദുറഹ്മാന്‍ എന്ന കുഞ്ഞന്‍ ബാവ മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ പണ്ഡിതനും സൂഫിയും ഖാദിരി, രിഫാഈ, ബാ അലവി, ചിശ്ത്തി ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു ചെറിയമുണ്ടം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍. തുന്നന്‍ വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, ശിഹാബുദ്ധീന്‍ അഹ്മദ് കോയ ശാലിയാതി, പാനായിക്കുളം പുതിയാപ്പിള അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ അഗ്രേസരരായ ഉലമാക്കളും അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. വര്‍ഷങ്ങള്‍ നീണ്ട പഠനശേഷം ഉപരിപഠനാര്‍ഥം വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെത്തിയ അദ്ദേഹം ക്രി: 1921 ല്‍ ഹിജ്‌റ 1339ല്‍ ബാഖവി ബിരുദം നേടി. മര്‍ഹൂം കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍, പാലശ്ശേരി കമ്മു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ബാഖിയാത്തില്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ബാഖിയാത്തിലെ ഉപരിപഠന ശേഷം പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. പിന്നീടാണ് അധ്യാപനം ആരംഭിച്ചത്. തിരൂരങ്ങാടി നടുവില്‍ പള്ളി, ചാലിയം, കോട്ടക്കല്‍ പറപ്പൂര്‍, ചെറിയമുണ്ടം, തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി
കൂടുതല്‍ കാലം ദര്‍സ് നടത്തിയത് ചാലിയത്താണ്. കുഞ്ഞി പോക്കര്‍ മുസ്‌ലിയാരുടെ ചാലിയത്തെ ദര്‍സ് അക്കാലത്ത് ഏറെ പ്രശസ്തമായിരുന്നു. പൂഴിത്തറമ്മല്‍ അബൂബക്ര്‍ മുസ്‌ലിയാര്‍ എന്നാണ് അദ്ദേഹം നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. പൂഴിത്തറമ്മല്‍ എന്നത് വീട് നില്‍ക്കുന്ന സ്ഥലത്തിന്റെ പേരാണ് കുണ്ടില്‍ എന്നാണ് അദ്ദേഹത്തിന്റെ വീട്ടു പേര്. ചെറിയമുണ്ടം കുണ്ടില്‍ അബ്ദുറഹ്മാന്‍ എന്നവരുടെ മകനായി ഹിജ്‌റ 1306 ലാണ് അദ്ദേഹം ജനിച്ചത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരണവുമായി ബന്ധപ്പെട്ട് 1926 ല്‍ കോഴിക്കോട് ചേര്‍ന്ന കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൂടാതെ,
വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകൃതമായ സമസ്തയുടെ പ്രഥമ ജനറല്‍ ബോഡിയില്‍ അംഗവുമായിരുന്നു കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍. 1934ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കല്‍പകഞ്ചേരി കുണ്ടില്‍ കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍ എന്ന് അദ്ദേഹത്തിന്റെ പേര് രജിസ്റ്ററില്‍ കാണാം
വൈജ്ഞാനിക രംഗത്ത് സര്‍വ മേഖലകളിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍, വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ഇബ്‌റാഹിം-സുറത്തു ശറഹ്-സൂറത്തു ളുഹാ-സൂറതുല്‍ കാഫിറൂന്‍-സൂറതുല്‍ വാഖിഅ-സൂറത്തുല്‍ കഹ്ഫ്-സൂറത്തുല്‍ അസ്വര്‍ തുടങ്ങിയ സൂറത്തുക്കള്‍ക്ക് അറബി-മലയാളത്തില്‍ വ്യഖ്യാനങ്ങള്‍ എഴുതിയിട്ടുണ്ട്
അക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രഥമായിരുന്നു അത്തരം രചനകള്‍.
പരിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നത് കൂടിയായിരുന്നു ഓരോ വ്യാഖ്യാന കൃതികളും കൂടാതെ മര്‍ഹൂം തിരൂരങ്ങാടി മൂസാന്‍ കുട്ടി മുസ്‌ലിയര്‍ പ്രസിദ്ധീകരിച്ച ‘ഫളാഇലുല്‍ ഖുര്‍ആനും’ കുഞ്ഞിപോക്കര്‍ മുസ്‌ലിയാരുടെ രചനയാണ്. അക്കാലത്ത് ചില അറബി മുന്‍ഷിമാര്‍ പിഴച്ച വാദങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ചതിനെതിരെ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അറബി മുന്‍ഷികളുടെ പിശാചി കോലങ്ങളെ തൊട്ട് പടച്ചവന്‍ സലാമത്താക്കി സന്മാര്‍ഗത്തില്‍ നിറുത്തി മരിപ്പിക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ഈ ഗ്രന്ഥം അവസാനിപ്പിക്കുന്നത്. പണ്ഡിതന്‍, സൂഫി, പ്രഭാഷകന്‍ എന്നതിനോടൊപ്പം അറബി മലയാള സാഹിത്യത്തിന് വലിയ സംഭാവന നല്‍കിയ വ്യക്തി കൂടിയാണ് കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍. അദ്ദേഹത്തിന്റെ കൃതികളും കത്തിടപാടുകളുമെല്ലാം അറബി മലയാളത്തിലായിരുന്നു.
ഹിജ്‌റ 1370 ക്രി:1951 മുഹറം മാസത്തിലിറങ്ങിയ അല്‍ബയാനില്‍ വന്ന കുഞ്ഞിപോക്കര്‍ മുസ്‌ലിയാരുടെ മരണവാര്‍ത്ത അവര്‍ എത്രമേല്‍ പ്രഗല്‍ഭരായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്
ആ വാര്‍ത്ത ഇപ്രകാരമായിരുന്നു: ‘ഇടിത്തി വീണാലെന്ന പോലെ ഹൃദയ സ്തംഭനമുണ്ടാക്കുന്ന ഭയങ്കര വാര്‍ത്ത. കനത്ത മലയെയും കടുത്ത പാറയെയും ഇടിപ്പൊടിയാക്കുന്ന വ്യസന വാര്‍ത്ത. പേന കൊണ്ട് എഴുതി ഒപ്പിക്കാന്‍ സാധ്യമാവാത്ത ഒരു ദു:ഖ വാര്‍ത്ത എന്ന് തുടങ്ങിയാണ് അല്‍ബയാന്‍ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചൈതത്’. കൂടെ കരിമ്പനക്കല്‍ മമ്മുട്ടി മുസ്‌ലിയാര്‍, കോയപ്പത്തൊടി അഹ്മദ് ഹാജി എന്നിവരുടെയും മരണവാര്‍ത്ത ഒരുമിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിദഇകളെയും കള്ള ത്വരീഖത്തുകളെയും നേരിടുന്നതിനായി ജീവിതം വിനിയോഗിച്ച മഹല്‍ വ്യക്തിത്വത്തിനുടമയായിരുന്നു കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍. ചോറ്റൂര്‍ ശൈഖിന്റെ രംഗപ്രവേശന സമയത്ത് അയാളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കാനായി അദ്ദേഹം ശക്തമായി നിലകൊണ്ടു. സ്റ്റേജുകളും പേജുകളും അതിനായി അദ്ദേഹം വിനിയോഗിച്ചു. ശൈഖിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ക്രോഡീകരിച്ച് അറബി മലയാളത്തില്‍ ഒരുക്കിയ ഗ്രന്ഥമാണ് ഹിദായത്തുല്‍ മുതലത്തഖ് ബി ഗവായതുല്‍ മുതഷയ്യഖ്. യഥാര്‍ഥ ത്വരീഖത്തും കള്ളത്ത്വരീഖത്തും തിരിച്ചറിയാന്‍ ഈ ഗ്രന്ഥം ഏറെ ഉപകാരപ്രദമാണ്. കൂടാതെ പണ്ഡിതന്മാര്‍ക്ക് ഒരു റഫറന്‍സുമാമാണിത്.
കണ്ണൂരില്‍ നിന്നും തിരൂരിലെത്തി ചെരുപ്പ് തുന്നി ജീവിച്ചിരുന്ന ഒരാള്‍ പിശാച് സേവ അറിയുന്ന ഒരു ആശാരിയില്‍ നിന്ന് പൈശാചിക സേവയും മറ്റും പഠിച്ചു സ്വയം ശൈഖായി അവരോധിതനാകുകയായിരുന്നു. തിരൂരില്‍ അദ്ദേഹത്തിന് കാര്യമായ സ്വീകാര്യത കിട്ടുന്നില്ലന്ന് കണ്ടപ്പോള്‍ അയാള്‍ ചോറ്റൂരിലുള്ള തന്റെ കുടുംബ വീട്ടിലേക്ക് താമസം മാറി ചോറ്റൂര്‍ ശൈഖ് എന്ന് സ്വയം പരിചയപ്പെടുത്തി രംഗത്ത് വന്നു.
കൈത്തക്കര ഇബ്‌റാഹീം മൗലവി എന്ന ഒരു പ്രമുഖനും അയാളുമായി ബന്ധമുള്ള ചിലരും ഇയാളുടെ ചതിയില്‍ വീഴുകയും നാടുനീളെ നടന്ന് ചോറ്റൂര്‍ ശൈഖിനെ വാഴ്ത്തിപ്പറഞ്ഞ് സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പണ്ഡിതന്മാര്‍ ശൈഖിനെതിരെ രംഗത്തു വന്നത്. കൈത്തക്കര മൗലവിയും സംഘവും ചോറ്റൂര്‍ ശൈഖിനെ പുകഴ്ത്തിയും അദ്ദേഹത്തെ ബൈഅത്ത് ചെയ്യാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കിയും നാടുനീളെ പ്രസംഗിക്കുകയും എഴുതുകയും ചെയ്തു കൊണ്ടിരുന്നു. ശൈഖിനു വേണ്ടി മൗലവി എഴുതിയ ഗ്രന്ഥമായിരുന്നു ഇശ്തിഹാറു ത്തമ്പീഹ്. അക്കാലത്ത് ചെറുശ്ശോല ഖാള്വിയായിരുന്ന മുഹമ്മദ് കുഞ്ഞി തങ്ങളും ചെറുശ്ശോല മുദരിസായിരുന്ന മര്‍ഹൂം പി.കെ അഹ്മദ് മൗലവിയും ചേര്‍ന്ന് അതിന് മറുപടിയായി ഹിദായതു ത്തമ്പീഹ് ഫീ റദ്ദി അലാ ഇശ്തിഹാറു ത്തമ്പീഹ് എന്ന ഗ്രന്ഥമെഴുതി പ്രതിരോധം തീര്‍ത്തു.
പക്ഷേ, ചോറ്റൂരിലെ വ്യാജ ശൈഖിന്റെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടാന്‍ തങ്ങളുടെ ഗ്രന്ഥം മതിയാകില്ലന്ന് മനസിലാക്കിയ കുഞ്ഞി തങ്ങളും അഹ്മദ് മൗലവിയും കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരെ സമീപിച്ചു. അന്ന് അദ്ദേഹം പറപ്പൂരില്‍ ദര്‍സ് നടത്തുന്ന കാലമായിരുന്നു. കൈത്തക്കര മൗലവിയുടെ ഗ്രന്ഥത്തിനെ പ്രതിരോധിക്കാന്‍ മതിയായ ഒരു ഗ്രന്ഥം താങ്കള്‍ എഴുതി പുറത്തിറക്കണമെന്ന് അവര്‍ കുഞ്ഞിപോക്കര്‍ മുസ്‌ലിയാരോട് ആവശ്യപ്പെട്ടു. പക്ഷേ, തങ്ങളോട് അനുഭാവപൂര്‍വം പ്രതികരിച്ചെങ്കിലും എഴുത്തിനു പകരം തന്റെ നാവു കൊണ്ട് ശൈഖിനെതിരെ രംഗത്ത് വരികയായിരുന്നു കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍ ചെയ്തത്.
കേരളത്തിലുടനീളം ചോറ്റൂര്‍ ശൈഖിനെയും മറ്റു പിഴച്ച ആശയക്കാരെയും പ്രതിരോധിച്ചും അവരുടെ പിഴച്ച വാദങ്ങളുടെ മുനയൊടിച്ചും അദ്ദേഹം മുന്നേറി. അതിനിടക്കാണ് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരോട് പതിനെട്ടു ചോദ്യങ്ങളുമായി കൈത്തക്കര ഇബ്‌റാഹീം മൗലവിയും സംഘവും രംഗത്ത് വരുന്നത്. ആ പതിനെട്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ തന്റെ പ്രശസ്തമായ ഹിദായതുല്‍ മുതലത്തഖ് എന്ന ഗ്രന്ഥം ക്രോഡീകരിച്ചത്.
മര്‍ഹൂം പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ശിഹാബുദ്ധീന്‍ അഹ്മദ് കോയ ശാലിയാത്തി, പൊന്നാനി മഖ്ദൂം പുതിയകത്ത് സൈനുദ്ധീന്‍ മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, അബുല്‍ അലി കോമു മുസ്‌ലിയാര്‍, ഓടക്കല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, മര്‍ഹൂം കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍, പാറക്കടവ് ഖാള്വി തലശ്ശേരി പുതിയവീട്ടില്‍ അബദുള്ള മുസ്‌ലിയാര്‍, വാഴക്കാട് മുദരിസ് അബ്ദുല്‍ ഖാദര്‍ മൗലവി, ചെമ്പ്ര പോക്കര്‍ മുസ്‌ലിയാര്‍, കൂട്ടായി ബാവ മുസ്‌ലിയാര്‍, കോടഞ്ചേരി കോയസ്സന്‍ മുസ്‌ലിയാര്‍, വളവന്നൂര്‍ പരീക്കുട്ടി മുസ്‌ലിയാര്‍, അമ്പലവന്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തുടങ്ങി അക്കാലത്തെ വലിയ ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രഗല്‍ഭരായ മുപ്പത് മഹാ പണ്ഡിതന്മാര്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ സമ്മതപത്രം എഴുതി നല്‍കിയവരാണ്.
ഈ ഗ്രന്ഥമിറങ്ങിതോടെ പ്രതിരോധത്തിലായ ചോറ്റൂര്‍ ശൈഖ് കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരെ എങ്ങിനെയെങ്കിലും തളയ്ക്കാന്‍ തീരുമാനിച്ചു. പൈശാചിക സേവ അറിയാവുന്ന അയാള്‍ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ മാരണം പ്രയോഗിച്ചു. തന്നിമിത്തം കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍ക്ക് സംസാര ശേഷി നഷ്ടപ്പെടുകയും ഓര്‍മക്കുറവ് ബാധിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ കുടുംബം ചികിത്സാര്‍ത്ഥം പലസ്ഥലങ്ങളിലും കൊണ്ടു പോയെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. ഒടുവില്‍ ചോറ്റൂര്‍ ശൈഖിന്റെ ഗുരുവായ ആശാരിയുടെ അടുത്തെത്തി. ആശാരിക്ക് ആളെ മനസിലായതോടെ ഇദ്ദേഹത്തെ ചോറ്റൂര്‍ ശൈഖിന്റെ അരികില്‍ എത്തിച്ചാലേ അസുഖം സുഖപ്പെടുകയൊള്ളു എന്ന് നിര്‍ദേശിച്ചു. കാര്യത്തിന്റെ ഗൗരവമറിയാത്ത കുടുംബക്കാര്‍ തന്റെ ബദ്ധവൈരിയായ വ്യാജ ശൈഖിന്റെ അരികിലും കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരെ കൊണ്ടുപോയി. ഈ സംഭവം ഉയര്‍ത്തി ശൈഖിന്റെ ആളുകള്‍ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ ശൈഖിനോട് മാപ്പു പറഞ്ഞു എന്ന രീതിയില്‍ പ്രചരിപ്പിച്ചു.
അസുഖം ഭേദമായ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ ചികിത്സക്കെന്ന പേരില്‍ പിശാച് സേവക്കാര്‍ക്കരികില്‍ തന്നെ കൊണ്ടു പോയതിനെതിരെ പ്രതികരിക്കുകയും ക്ഷുഭിതനാവുകയും ചെയ്തു. പിന്നീട് പതിന്മടങ്ങ് ശക്തിയോടെ കള്ളത്ത്വരീഖത്തുകള്‍ക്കെതിരെയും ബിദഇകള്‍ക്കെതിരെയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. പക്ഷേ, തനിക്കേറ്റ സിഹ്‌റിന്റെ ദോശ ഫലങ്ങള്‍ ചെറിയ തോതിലെങ്കിലും മരണം വരെ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ആത്മീയ രംഗത്ത് ഉന്നത സ്ഥാനത്തെത്തിയ കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍ക്ക് പ്രഗല്‍ഭരായ ഒട്ടേറെ മുരീദന്മാരുണ്ട്. കക്കിടിപ്പുറം അബൂബക്ര്‍ മുസ്‌ലിയാര്‍, ആലുവായി അബൂബക്ര്‍ മുസ്‌ലിയാര്‍, മടവൂര്‍ സി.എം വലിയുള്ള, ഒ.കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, കൂട്ടായി ഖാള്വി കുഞ്ഞി ബാവ മുസ്‌ലിയാര്‍, ഓടക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന മാനു മുസ്‌ലിയാര്‍, കല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, തലക്കടത്തൂര്‍ അബൂബക്ര്‍ മുസ്‌ലിയാര്‍, മന്ദലാംകുന്ന് പൊട്ടേങ്ങല്‍ കുഞ്ഞിപോക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗല്‍ഭര്‍ അദ്ദേഹത്തിന്റെ മുരീദന്മാരില്‍ പ്രധാനികളായിരുന്നു.
ഒ.കെ ഉസ്താദ് കുഞ്ഞി പോക്കര്‍ മുസ്ലിയാരെ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ ഓറെ കാണാന്‍ ചെന്നു. ബാഅലവിയും രിഫാഇയും സ്വീകരിക്കലായിരുന്നു ഉദ്ദേശം പക്ഷേ, ഞാന്‍ ദര്‍സുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആളായത് കൊണ്ട് കൂടുതല്‍ സമയം അതിനു വേണ്ടി നീക്കിവക്കാന്‍ ഉപദേശിക്കുകയും ബറകത്തിനു വേണ്ടി ബാഅലവി ത്വരീഖത് നല്‍കുകയും ചെയ്തു. അതില്‍ വിര്‍ദുകള്‍ നന്നേ കുറവായിരുന്നുതാനും.
സമസ്ത അധ്യക്ഷനായിരുന്ന ഉസ്താദ് ആനക്കര കോയക്കുട്ടി ഉസ്താദ് പറയുന്നു: എനിക്ക് രിഫാഈ ത്വരീഖത്ത് നല്‍കിയത് കക്കിടിപ്പുറം ശൈഖാണ്. അദ്ദേഹം എന്നോട് പറഞ്ഞത് ഞാന്‍ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരില്‍ നിന്നാണ് രിഫാഈ സ്വീകരിച്ചത് എന്നാണ്. പ്രയാസങ്ങളിലും പ്രതിസന്ധികളിലും പെട്ട് ജീവിതം തള്ളിനീക്കുന്നവര്‍ക്ക് കുഞ്ഞി പോക്കര്‍ മുസ്‌ലിയാര്‍ വലിയ ആശ്വാസമായിരുന്നു. ആവലാതികളുമായി അദ്ദേഹത്തിന്റെ മുന്നിലെത്തുന്നവര്‍ പൂര്‍ണ സന്തോഷത്തോടെയായിരുന്നു തിരിച്ച് പോയിരുന്നത്. അദ്ദേഹം തന്റെ മരണം മുന്‍കൂട്ടി പ്രവചിച്ചു കൊണ്ട് നാല് കത്തുകള്‍ എഴുതിയിരുന്നു. അതില്‍ ഒന്ന് ഒ.കെ ഉസ്താദിന്റെ പിതൃവ്യനും പ്രമുഖ പണ്ഡിതനും സൂഫിയമായിരുന്ന ഇരിങ്ങല്ലൂര്‍ പാലാണി പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഓടക്കല്‍ മാനു മുസ്‌ലിയാര്‍ക്കായിരുന്നു. ഒ.കെ ഉസ്താദ് തന്നെ പലരോടും ഈ സംഭവം പറഞ്ഞിട്ടുണ്ട്.
കത്തിലുണ്ടായിരുന്നത്, ഞാന്‍ മരണപ്പെട്ടിരിക്കുന്നു എന്ന് മാത്രമായിരുന്നുവത്രെ. കത്ത് കിട്ടി മാനു മുസ്‌ലിയാര്‍ ഒ.കെ ഉസ്താദിനെയും കൂട്ടി ചെറിയമുണ്ടത്തെത്തിയപ്പോഴേക്കും കുഞ്ഞി പോക്കര്‍ മുസ്‌ലിയാരുടെ അവസാന സമയമായിരുന്നു. ഒ.കെ ഉസ്താദ് ഈ സംഭവം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു കത്ത് തന്റെ പ്രധാന മുരീദായ കൂട്ടായി ഖാള്വി മര്‍ഹൂം കുഞ്ഞി ബാവ മുസ്‌ലിയാര്‍ക്കായിരുന്നു. അതും സമാന രീതിയിലുള്ളതായിരുന്നു.
മറ്റു രണ്ട് കത്തുകള്‍ ആര്‍ക്കാണന്ന് വ്യക്തമല്ല. കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാരുടെ അടുത്ത സഹപാഠിയും മുരീദും പണ്ഡിതനുമായിരുന്നു. കല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍.
കുഞ്ഞി പോക്കര്‍ മുസ്‌ലിയാരുടെ വീടിനു മുമ്പിലുള്ള വയലിന് അക്കരയായിരുന്നു അവര്‍ അന്ന് താമസിച്ചിരുന്നത്. അക്കാലത്ത് വാണിയന്നൂര്‍ മുദരിസായിരുന്നു അവര്‍.
കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ തന്റെ മരണത്തിന്റെ തൊട്ടുമുമ്പ് പച്ചില വില്‍പനക്കാരന്‍ മൊയ്തീന്‍ എന്നയാളെ കല്ലൂര്‍ മുഹമ്മദ് മുസ്‌ലിയാരുടെ അരികിലേക്കയച്ച് അവരോട് ഇങ്ങോട്ടു വരാന്‍ പറയൂ ഞാന്‍ മരിച്ചിരിക്കുന്നു എന്ന് പറഞ്ഞയച്ച സംഭവമൊക്കെ നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. ഇങ്ങനെ നിരവധി അല്‍ഭുത സംഭവങ്ങള്‍ ജീവിതകാലത്ത് അദ്ദേഹത്തില്‍ നിന്നും പ്രകടമായിട്ടുണ്ട്. ചെറിയമുണ്ടം സ്വദേശിനി ഇയ്യാത്തുമ്മുവാണ് കുഞ്ഞി പോക്കര്‍ മുസ്‌ലിയാരുടെ ഭാര്യ അബ്ദു റഹ്മാന്‍, പാത്തുമ്മു എന്നിവര്‍ മക്കളാണ്
ഹിജ്‌റ 1306 ല്‍ ജനിച്ച കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ ഹിജ്‌റ 1369 ദുല്‍ഹജ്ജ് രണ്ടിനാണ് വഫാത്തായത്. ചെറിയമുണ്ടം പഴയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് അന്ത്യവിശ്രമം

എം.എ റഊഫ് കണ്ണന്തളി