നാസ്തികത; നിരീശ്വരവാദം വിട്ട് സൃഷ്ടിവാദത്തിലേക്ക് !

1056

1997 മാര്‍ച്ച് 26. അമേരിക്കയിലെ കാലിഫോര്‍ണിയ നഗരത്തിലെ സാന്‍ഡിയാഗോ പോലീസ് സ്റ്റേഷനില്‍ അന്നു വൈകീട്ട് ലഭിച്ച ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തെ പിന്തുടര്‍ന്ന്, നഗരത്തിന്റെ പ്രാന്തപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന കൊട്ടാരസമാനമായ ഇരുനില വീടിനകത്തേക്ക് കടന്നുചെന്ന പോലീസ് സംഘം കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 39 പേര്‍ ആ വീട്ടിനകത്ത് മരിച്ചു കിടക്കുന്നു! എല്ലാവരും ധരിച്ചിരിക്കുന്നത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളും ഷൂസുകളും. ഇതൊരു കൂട്ട ആത്മഹത്യയായിരുന്നുവെന്നും മരണപ്പെട്ട 39 പേരും ഹെവെന്‍സ് ഗേറ്റ് കള്‍ട്ട് എന്നറിയപ്പെടുന്ന മതവിഭാഗത്തില്‍ പെട്ടവരായിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. പറക്കുംതളികള്‍ എന്ന് വിളിക്കപ്പെടുന്ന യു.എഫ്.ഒ (Unidentified Flying objects- അജ്ഞാത ആകാശ വസ്തുക്കള്‍) ആയിരുന്നു ഇവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും, രണ്ടായിരം വര്‍ഷം കൂടുമ്പോള്‍ മാത്രം ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഹെയില്‍ബോപ്പ് എന്ന ധൂമകേതുവിനോടൊപ്പം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്നും തങ്ങളെയും കൊണ്ട് അവര്‍ സ്വര്‍ഗത്തിലേക്ക് യാത്രയാകുമെന്നും അവര്‍ വിശ്വസിച്ചിരുന്നുവെത്ര. മാസങ്ങളോളം ഇതിനുവേണ്ട ആഭിചാര കര്‍മങ്ങളില്‍ മുഴുകിയ അവര്‍ ആ ധൂമകേതു ആകാശത്ത് പ്രത്യക്ഷപ്പെട്ട മാര്‍ച്ച് 26 ന് കൂട്ടത്തോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു(1)


അന്യഗ്രഹ ജീവികളും യു.എഫ്.ഒയും
1947 ല്‍ കെന്നത്ത് ആര്‍നോള്‍ഡ് എന്ന അമേരിക്കന്‍ വൈമാനികന്‍ ആകാശത്ത് പറക്കുന്ന തിളങ്ങുന്ന തളികയാകൃതിയിലുള്ള വസ്തുക്കളെ കണ്ടതോടെയാണ് ‘പറക്കും തളിക’ എന്ന അജ്ഞാത വസ്തുവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആഗോള തലത്തിലേക്ക് കടന്നുവരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗത്തും നിരവധി വ്യക്തികള്‍ പറക്കും തളികകളെ കണ്ടതായി അവകാശപ്പെട്ട് രംഗത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ അടക്കം നിരവധി ഔദ്യോഗിക വ്യക്തിത്വങ്ങള്‍ കൃത്യമായ തെളിവുകളോടെ പറക്കും തളികകളെ കണ്ട അനുഭവങ്ങള്‍ വിശദീകരിച്ചതോടെ ശാസ്ത്ര ലോകത്തും ഇവ സജീവ ചര്‍ച്ചയാവാന്‍ തുടങ്ങി. യു.എഫ്.ഒകളെ പറ്റി പഠിക്കുന്ന യൂഫോളജി മേഖലയില്‍ ഡസന്‍ കണക്കിന് സംഘടനകള്‍ അമേരിക്കയിലും യൂറോപ്പിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യത്തിന് ശാസ്ത്രീയമായ തെളിവുകള്‍ ഇതുവരെ ലഭ്യമല്ലെങ്കിലും അന്യഗ്രഹ ജീവികളാണ് യു.എഫ്.ഒയില്‍ വന്നിറങ്ങുന്നത് എന്നാണ് പൊതുസമൂഹത്തില്‍ വേരിറങ്ങിയിട്ടുള്ള വിശ്വാസം. 2012 ല്‍ നാഷണല്‍ ജോഗ്രഫിക് ചാനല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് 80 ദശ ലക്ഷം അമേരിക്കക്കാര്‍ അന്യഗ്രഹ ജീവികള്‍ സത്യമാണെന്ന് വിശ്വസിക്കുന്നുവെന്നാണ്(2).
അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കുന്നതിനായി റഷ്യന്‍ കോടിപതിയായ യൂറി മില്‍നറുമായി ചേര്‍ന്ന് 100 മില്യണ്‍ ഡോളര്‍ വരുന്ന പദ്ധതിക്ക് 2015 ല്‍ രൂപം നല്‍കിയിരുന്നു(3). അന്യഗ്രഹ ജീവികള്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അവ പരസ്പര ആശയവിനിമയത്തിനായി അയക്കാന്‍ സാധ്യതയുള്ള എക്‌സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജെന്റ്‌സ് സിഗ്‌നലുകള്‍ (ഇ.ടി.ഐ സിഗ്‌നല്‍) കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നാസയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പദ്ധതിയാണ് സേറ്റി (SETI സേര്‍ച്ച് ഫോര്‍ എക്‌സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജെന്റ്‌സ്).(4)
ആധുനിക സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക് പറക്കുംതളികകളെയും അന്യഗ്രഹ ജീവികളെയും കുറിച്ചുള്ള വിശ്വാസം സന്നിവേശിപ്പിക്കപ്പെട്ടത് സയന്‍സ് ഫിക്ഷനുകളും സിനിമകളും വഴിയാണ്. മനുഷ്യനേക്കാള്‍ ബുദ്ധിയും ശക്തിയുമുള്ള ചൊവ്വ ഗ്രഹത്തിലെ ജീവികള്‍ ഭൂമിയിലെത്തുകയും അവര്‍ ഇവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് എച്ച്.ജി വെല്‍സ് എഴുതിയ വാര്‍ ഓഫ് ദി വേള്‍ഡ് എന്ന സയന്‍സ് ഫിക്ഷന്റെ ഇതിവൃത്തം. ഇ.ടി ദ എക്‌സ്ട്രാ ടെറസ്ട്രിയല്‍, ഏലിയന്‍സ്, അവതാര്‍, അവഞ്ചേഴ്‌സ്, സൂപ്പര്‍മാന്‍ തുടങ്ങി അന്യഗ്രഹ ജീവികളും പറക്കുംതളികകളും ഇതിവൃത്തമായ സിനിമകളുടെ ഉറവിടം അമേരിക്കയാണെങ്കിലും ഇന്നവക്ക് ലോകമെങ്ങും വന്‍ പ്രചാരവും സ്വീകാര്യതയുമാണ് ഉള്ളത്. തുടക്കത്തില്‍ സൂചിപ്പിച്ച ഹെവന്‍സ് ഗേറ്റ് കള്‍ട്ട് എന്ന യു.എഫ്.ഒ മതത്തിന്റെ അനുയായികളില്‍ മിക്കവരും അന്യഗ്രഹ ജീവികളും ബഹിരാകാശ സഞ്ചാരവും കേന്ദ്രമാക്കിയ ‘സ്റ്റാര്‍ ട്രെക്ക്’ എന്ന അമേരിക്കന്‍ ടെലിവിഷന്‍ സീരിസിന്റെ ആരാധകരായിരുന്നു. സിലിക്കണ്‍ വാലി കേന്ദ്രമാക്കി ഐ.ടി വ്യവസായം ഉയര്‍ന്നു വരുന്ന കാലത്താണ് രണ്ടര ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ‘യു.എസ് വെബ്’ എന്ന കമ്പിനിയുടെ സി.ഇ.ഒ ആയിരുന്ന ജോ ഫിര്‍മാജ് തന്റെ പദവി രാജിവെച്ച് യു.എഫ്.ഒ മതപ്രചാരണത്തിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഇലക്ട്രോണിക് ചിപ്പുകള്‍, ലേസറുകള്‍, ഫൈബര്‍ ഒപ്റ്റിക്‌സ് തുടങ്ങി ഇന്ന് നാം കരഗതമാക്കിയ മിക്ക നൂതന വിദ്യകളും അന്യഗ്രഹ ജീവികളുടെ സംഭാവനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം(5)
2004 മുതല്‍ 2021 വരെ അമേരിക്കന്‍ സൈന്യം അഭിമുഖീകരിച്ച നൂറോളം അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് അമേരിക്കന്‍ പ്രതിരോധ വിഭാഗമായ പെന്റഗണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടും(6)പറക്കും തളികകളെ കണ്ടു എന്ന് അവകാശപ്പെട്ടവരെ ഉള്‍പ്പെടുത്തി 2022 ല്‍ അമേരിക്കന്‍ പാര്‍ലമെന്റ് നടത്തിയ പബ്ലിക് ഹിയറിംഗും(7) സൂചിപ്പിക്കുന്നത് ആധുനിക ലോകം ഈ മേഖലയെ കെട്ടുകഥ എന്നതിനപ്പുറം ഗൗരവമപരമായ വിഷയമായി സമീപിക്കുന്നു എന്നതാണ്. ഏറ്റവും ഒടുവിലായി, 2022 ഒക്ടോബറില്‍ അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് (unidentified aerial phenomenon) പഠിക്കാന്‍ 16 അംഗ സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തുകയും ഈ വര്‍ഷം പകുതിയോടെ പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും പറയപ്പെടുന്നു.(8)


യു.എഫ്.ഒയുടെ യാഥാര്‍ഥ്യമെന്ത്?
ഭാവനയില്‍ വിരിഞ്ഞ കെട്ടുകഥകളല്ല യു.എഫ്.ഒകള്‍ എന്ന് വ്യക്തമായതോടെയാണ് അതിന്റെ പിന്നിലെ യഥാര്‍ഥ വസ്തുതകളെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി വിവിധ വ്യക്തികളും സംഘടനകളും ഇറങ്ങിത്തിരിച്ചത്. യു.എഫ്.ഒ പ്രതിഭാസങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി എഴുതപ്പെട്ട കൃതികളിലൊന്നാണ് ഫ്രഞ്ച് അസ്‌ട്രോണമറും കമ്പ്യൂട്ടര്‍ സയന്റിസ്റ്റുമായ ജാക്വസ് വാല്ലി എഴുതിയ ‘മെസ്സഞ്ചേഴ്‌സ് ഓഫ് ഡിസ്പ്ഷന്‍‘.(Messengers of Deception).യു.എഫ്.ഒ യുമായി ബന്ധപ്പെട്ട തന്റെ കണ്ടെത്തലുകള്‍ ഐക്യ രാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയായിരുന്ന കാര്‍ട്ട് വാല്‍ടീമിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യ യോഗത്തില്‍ വെച്ച് അവതരിപ്പിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെടുകയുണ്ടായി. യു.എഫ്.ഒയുമായി ബന്ധപ്പെട്ട് ശാസ്ത്രത്തിനകത്തും പുറത്തുമുള്ള വിത്യസ്ത അഭിപ്രായങ്ങളെയും നിരീക്ഷണങ്ങളെയും ആധികാരികമായി അവലോകനം ചെയ്യുന്ന പ്രസ്തുത കൃതിയില്‍ ഈ പ്രതിഭാസത്തിന് പിന്നില്‍ മൂന്ന് സാധ്യതകള്‍ ഉള്ളതായി ജാക്വസ് വാല്ലി വിശദീകരിക്കുന്നുണ്ട്.
ഒന്ന്: റഡാറുകളുടെ ദൃഷ്ടിയില്‍ പതിയുന്നതിനാലും ഭൗതിക അടയാളങ്ങള്‍ ഭൂമിയില്‍ ബാക്കി വെക്കുന്നതിനാലും പറക്കും തളികകള്‍ പദാര്‍ത്ഥ സ്വാഭാവമുള്ള അന്യഗ്രഹ പേടകങ്ങളാണ്.
രണ്ട്: ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് മാത്രം ദൃശ്യമാകുന്നതിനാലും ചുരുങ്ങിയ സമയത്തേക്ക് മാത്രം നില നില്‍ക്കുന്നതിനാലും അതീന്ദ്രീയമായ ഒരു പ്രതിഭാസമാവണം. ചില അജണ്ടകളുടെ ഭാഗമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണകൂടം മന:പൂര്‍വം പടച്ചുവിടുന്നവായിരിക്കും ഇവയെന്നതാണ് മൂന്നാമത്തെ സാധ്യത. ഇതില്‍ ഒന്നാമത്തെ സാധ്യത മാത്രമാണ് ശാസ്ത്രീയമായി വിശദീകരിക്കാനാവുകയെങ്കിലും ഇത്രയധികം അന്യഗ്രഹ പേടകങ്ങള്‍ എങ്ങെനെ ഭൂമിയില്‍ എത്തുന്നു എന്ന ചോദ്യത്തിന് നാസക്കോ അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിനോ തൃപ്തികരമായ ഒരു വിശദീകരണം ഇതുവരെ നല്‍കാനായിട്ടില്ല. 1947 ല്‍ റോസ്‌വെല്‍ എന്ന അമേരിക്കയിലെ മരുഭൂപ്രദേശത്ത് തകര്‍ന്നുവീണ നിലയില്‍ കാണപ്പെട്ട ഒരു അജ്ഞാതവാഹനത്തിന്റെ അവശിഷ്ടങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വേഷങ്ങളെത്തുടര്‍ന്നാണ് അമേരിക്കന്‍ പൊതുബോധത്തിലേക്ക് യു.എഫ്.ഒ ചിന്തയുടെ വിത്തുകള്‍ പാകപ്പെട്ടത്. അന്നു റോസ്‌വെലില്‍ തകര്‍ന്നുവീണ വാഹനത്തിന്റെ അവശിഷ്ടം ഏരിയ 51 എന്ന അതീവ രഹസ്യമായ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇതിലെത്തിയ അന്യഗ്രഹജീവികള്‍ ഇപ്പോഴും അവിടെ യു.എസിന്റെ പരീക്ഷണങ്ങള്‍ക്കു വിധേയരാകുകയാണെന്നുമാണ് പ്രചരിക്കുന്ന കഥകള്‍. ഡിക്കിന്‍സണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു സര്‍വേയില്‍ പറയുന്നത് മൂന്നിലൊന്ന് അമേരിക്കക്കാരും റോസ്‌വെല്‍ മരുഭൂമിയില്‍ പറന്നിറങ്ങിയത് അന്യഗ്രഹ ജീവികളാണെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നാണ്. റോസ്‌വെല്ലില്‍ തകര്‍ന്നു വീണത് കാലാവസ്ഥാ നിരീക്ഷണ ബലൂണായിരുന്നുവെന്ന് ആദ്യകാലത്ത് പറഞ്ഞ യു.എസ് പ്രതിരോധവകുപ്പ് പില്‍ക്കാലത്ത് അഭിപ്രായം മാറ്റി. ശാസ്ത്രലോകത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ പറ്റാത്ത ഒന്നായി ഇന്നും യു.എഫ്.ഒ പ്രതിഭാസങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഭരണകൂടം പല കാര്യങ്ങളും പൊതു സമൂഹത്തില്‍ നിന്നും മറച്ചു വെക്കുന്നു എന്ന വാദം വളരെ ശക്തമാണ്. അജ്ഞാത പേടകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യു.എസ് പദ്ധതിയായ അഡ്വാന്‍സ്ഡ് എയ്‌റോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാം (ആറ്റിപ്) മേധാവിയായിരുന്ന ലൂയിസ് എലിസോണ്ടോ 2017ല്‍ ആ പദവി രാജിവച്ച ശേഷം പറഞ്ഞത് യു.എഫ്.ഒ വിഷയത്തില്‍ യു.എസ് സര്‍ക്കാര്‍ രഹസ്യാത്മകത പുലര്‍ത്തുന്നുവെന്നാണ്. ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാ ഏജന്‍സിയുടെ മേധാവിയായി മൂന്നു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച ഹെയിം എഷേദ് രണ്ടു വര്‍ഷം മുമ്പ് നടത്തിയ പരാമര്‍ശം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. യു.എസ് ഭരണകൂടത്തിന് അന്യഗ്രഹജീവികളുടെ കൂട്ടായ്മയായ ഗലാറ്റിക് ഫെഡറേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഡോണള്‍ഡ് ട്രംപ് ഈ ബന്ധം പൊതുജനങ്ങളോടു വെളിപ്പെടുത്താന്‍ ആലോചിച്ചിരുന്നുവെന്നുമാണ് അന്നദ്ദേഹം വെളിപ്പെടുത്തിയത്.(9)


ഏലിയന്‍സ് ‘കുട്ടിച്ചാത്തന്മാര്‍’
യു.എഫ്.ഒ ഗവേഷകനായ ജാക്വസ് വാല്ലിയുടെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി അമേരിക്കന്‍ ചിന്തകനും എഴുത്തുകാരനുമായ ചാള്‍സ് ആപ്റ്റണ്‍ (കാത്തലിക് കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു) എഴുതിയ ‘ദ ഏലിയന്‍ ഡിസ്‌ക്ലോഷര്‍ ഡിസപ്ഷന്‍’ എന്ന കൃതിയില്‍ ഇങ്ങനെ കാണാം: ജാക്വസ് വാല്ലി മുന്നോട്ടു വെക്കുന്ന മൂന്ന് സാധ്യതകളെയും സ്വതന്ത്രമായി വിശദീകരിക്കാനാകാതിരിക്കുകയും, അതെ സമയം മൂന്ന് സാധ്യതകളും ഒരേ സമയം നില നില്‍ക്കുകയും ചെയ്യുന്നതിനാല്‍, അന്യഗ്രഹ ജീവികള്‍ എന്ന പേരിലറിയപ്പെടുന്നത് നമുക്ക് ഇന്ദ്രിയ ഗോചരമല്ലാത്ത ജിന്ന് വിഭാഗത്തില്‍ പെടുന്ന പിശാചുക്കള്‍ തന്നെയാവണം. ഈസാ നബിയുടെ അധ്യാപനങ്ങളോട് താരതമ്യേന നീതി പുലര്‍ത്തുന്ന പൗരസ്ത്യ ഓര്‍ത്തഡോക്‌സ് ക്രൈസ്തവതയെ പടിഞ്ഞാറിന് പരിചയപ്പെടുത്തിയ, ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാദര്‍ സെറാഫിം റോസ് യു.എഫ്.ഒ പ്രതിഭാസങ്ങളെ വിശദമായി പഠിച്ച ശേഷം അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്:’ ഏലിയന്‍സ് (അന്യഗ്രഹ ജീവികള്‍)എന്ന് നമ്മള്‍ കരുതുന്നവര്‍ യഥാര്‍ഥത്തില്‍ പിശാചുക്കളും യു.എഫ്.ഒ അവരുടെ സൃഷ്ടികളുമാണ്.’United States Air Force of Scientific Research, നു വേണ്ടി അമേരിക്കന്‍ കോണ്‍ഗ്രസ് ലൈബ്രറി തയ്യാറാക്കിയ UFOs and Related Subjects: An Annotated Bibliography എന്ന പഠന റിപ്പോര്‍ട്ടില്‍ ഫാദര്‍ സെറാഫിം റോസ് ഇങ്ങനെ എഴുതിയത് കാണാം: ‘ദൈവശാസ്ത്രജ്ഞര്‍ക്കും പാരാ സൈക്കോളജിസ്റ്റുകള്‍ക്കും കാലങ്ങളായി പരിചയമുള്ള പൈശാചിക ബാധയ്ക്കും അതീന്ദ്രിയ പ്രതിഭാസങ്ങള്‍ക്കും സമാനമാണ് ഇപ്പോള്‍ പ്രചരിക്കുന്ന യു.എഫ്.ഒ റിപ്പോര്‍ട്ടുകളില്‍ പലതും’. യു.എഫ്.ഒ ഒരേ സമയം ഭൗതിക വസ്തുവും അതീന്ദ്രീയ അനുഭവവുമാണെന്ന ജാക്വിസ് വാലിയുടെ നിരീക്ഷണത്തെ സെറാഫിം റോസ് ഇതിലൂടെ ശരിവെക്കുകയാണ്.
യാഥാര്‍ഥ്യം ഇതായിരിക്കെ ഒരു വശത്ത് സയന്‍സ് ഫിക്ഷനുകളും സിനിമകളും വഴി യു.എഫ്.ഒ ചിന്തകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നവര്‍ തന്നെ മറുവശത്ത് അവയെ ഇവ നിഗൂഢ സിദ്ധാന്തങ്ങളെന്ന് പറഞ്ഞു തള്ളിക്കളയുകയും ഇതിന്റെ ശാസ്ത്രീയത തങ്ങള്‍ അന്വേഷിക്കുകയാണെന്നും നിരന്തരം വിളിച്ചു പറയുന്നതിലെ വൈരുധ്യമാണ് അടിസ്ഥാനപരമായി തിരിച്ചറിയേണ്ടത്. യു.എഫ്.ഒ പ്രതിഭാസങ്ങളെ അശാസ്ത്രീയവും അന്ധവിശ്വാസവുമായി തള്ളിക്കളയാതെ പൊതുസമൂഹത്തില്‍ സജീവ ചര്‍ച്ചയായി നിലനിര്‍ത്താന്‍ ആധുനിക ഭരണകൂടം ശ്രമിക്കുന്നതെന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പ്രധാനമായും തന്റെ കൃതിയിലൂടെ ചാള്‍സ് ആപ്റ്റണ്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
പൈശാചിക ആരാധനകള്‍ വഴി അധികാരവും ആധിപത്യവും നേടിയെടുക്കാന്‍ ശ്രമിക്കുന്ന ലോകത്തെ വിവിധ ആഭിചാര സംഘങ്ങളും രഹസ്യ കൂട്ടായ്മകളും ചേര്‍ന്നു നടത്തുന്ന മാരണവിദ്യകളാണ് യു.എഫ്.ഒ പ്രതിഭാസങ്ങളായി അറിയപ്പെടുന്നതെന്ന നിഗമനത്തിലേക്കാണ് ചാള്‍സ് ആപ്റ്റണ്‍ എത്തിച്ചേരുന്നത്. തങ്ങള്‍ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളെത്തൊട്ട് ജനശ്രദ്ധ തെറ്റിക്കുക, മതത്തില്‍ നിന്നും വസ്തു നിഷ്ഠമായ ശാസ്ത്ര പഠനത്തില്‍ നിന്നും അന്യഗ്രഹ ജീവികളിലുള്ള വിശ്വാസത്തിലേക്ക് പൊതു ബോധത്തെ വഴി തിരിച്ചു വിടുക, അനുകരണകൂടോത്ര വിദ്യകള്‍ (Imitative magic) വഴി തങ്ങള്‍ ആരാധിക്കുന്ന പിശാചുക്കളെ ആവാഹിക്കുക എന്നിവയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു വസ്തുവിനെ മറ്റൊന്നായി തോന്നിപ്പിക്കുക,വായുവില്‍ പൊടുന്നനെ വസ്തുക്കളെ പ്രത്യക്ഷപ്പെടുത്തുക തുടങ്ങി പിശാചിനെ കൂട്ടുപിടിച്ച് മാരണവിദ്യകള്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്ന അതെ കാര്യമാണ് യു.എഫ്.ഒ പ്രതിഭാസത്തിനു പിന്നിലും. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട വസ്തുക്കള്‍ക്ക് നമ്മള്‍ ജീവിക്കുന്ന ഭൗതിക ലോകത്ത് സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് യു.എഫ്.ഒ നിമിഷങ്ങള്‍ കൊണ്ട് അപ്രത്യക്ഷമാകുന്നതിനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


നവനാസ്തികതയും പാന്‍സ്‌പെര്‍മിയ വാദവും
പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പരിണമിച്ചുണ്ടായതാണ് മനുഷ്യവംശം എന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് പ്രചാരം നേടുന്നത്. സൃഷ്ടിവാദമെന്ന സെമിറ്റിക് മതവിശ്വാസത്തിനെതിരായി വന്നതിനാല്‍ ഡാര്‍വിനെ നിരീശ്വരവാദിയായി മുദ്രകുത്തപ്പെട്ടെങ്കിലും അദ്ദേഹം തന്നെ അക്കാര്യം നിഷേധിച്ചിട്ടുണ്ട്. താന്‍ ഒരു സന്ദേഹവാദിയാണെന്നും ശാസ്ത്രത്തിന് ക്രിസ്തുവിന്റെ കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നു വരെ അദ്ദേഹം വ്യക്തമാക്കി(10). ജീവികള്‍ എങ്ങനെ പരിണമിച്ചു എന്ന് വ്യക്തമാക്കിയെങ്കിലും ആത്യന്തികമായി ജീവന്റെ തുടക്കം എവിടെ നിന്ന് വന്നു എന്നതിനുള്ള ഉത്തരം തന്റെ പക്കല്‍ ഇല്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരിന്നിരിക്കണം.
1953 ലാണ് ജെയിംസ് വാട്‌സനും ഫ്രാന്‍സിസ് ക്രിക്കും ചേര്‍ന്ന് ജീവന്റെ അടിസ്ഥാന തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എയുടെ ഘടന കണ്ടെത്തുന്നത്.
അതീവ സങ്കീര്‍ണമായ ഒരു ഡി.എന്‍.എ തന്മാത്ര ആകസ്മികമായി രൂപപ്പെടാനുള്ള സാധ്യത ഗണിതപരമായി കണക്കുകൂട്ടിയാല്‍ പൂജ്യം ആണെന്ന് തിരിച്ചറിഞ്ഞ ഫ്രാന്‍സിസ് ക്രിക്കിന്, അജൈവ കണികകളില്‍ നിന്നും ആകസ്മികമായി ജീവന്റെ ആദ്യ കണിക രൂപപ്പെട്ടതാവാം എന്ന വാദത്തെ തള്ളിപ്പറയേണ്ടി വന്നു. സൃഷ്ടിപ്പിനു പിന്നില്‍ ഇന്റലിജന്റ് ഡിസൈനര്‍ കൂടിയേ തീരൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിപെട്ടപ്പോള്‍ ജീവന്റെ ആദ്യ കണികയെ വിശദീകരിക്കാന്‍ നിരീശ്വരവാദിയായിരുന്ന ഫ്രാന്‍സിസ് ക്രിക്കിന് പാന്‍സ്‌പെര്‍മിയ വാദത്തെ കൂട്ടു പിടിക്കേണ്ടി വന്നു.(11) കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ വന്നിറങ്ങിയ അന്യഗ്രഹജീവികള്‍ ജീവികള്‍ വഴിയാണ് ജീവന്റെ ആദ്യ കണികകള്‍ രൂപപ്പെട്ടത് എന്ന വാദമാണ് പാന്‍സ്‌പെര്‍മിയ. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ശാസ്ത്രത്തിന്റെ മുന്നില്‍ ബാക്കിയുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മതത്തിന് മാത്രമേ സാധിക്കുള്ളൂവെന്നും തങ്ങളുടെ മുന്നിലെ ഒരേയൊരു വെല്ലുവിളി ഇസ്‌ലാമാണെന്നും തിരിച്ചറിഞ്ഞ ആധുനികത, നാസ്തിക ചിന്തകളെ പൊടിതട്ടിയെടുത്ത് പുതിയ ലേബലില്‍ അവതരിപ്പിക്കുകയുണ്ടായി. ശാസ്ത്രീയമായ തെളിവില്ലാത്തതിനാല്‍ മതത്തെ അംഗീകരിക്കാന്‍ ആവില്ല എന്നതായിരുന്നു നവനാസ്തികതയുടെ അടിസ്ഥാനവാദമെങ്കിലും ജീവന്റെ ഉത്ഭവത്തെ വിശദീകരിക്കാന്‍ യാതൊരു തെളിവുമില്ലാത്ത പാന്‍സ്‌പെര്‍മിയ വാദത്തെ അവര്‍ക്കും കൂട്ടുപിടിക്കേണ്ടി വന്നു.
നിലവില്‍ ദൈവാസ്തക്യത്തിന് തെളിവില്ലെന്നും ഭാവിയില്‍ തെളിവ് ലഭിച്ചാല്‍ ദൈവത്തെ അംഗീകരിക്കാമെന്നുമാണ് നവനാസ്തികത മുന്നോട്ടുവയ്ക്കുന്ന വാദമെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. 2008 ല്‍ പുറത്തിറങ്ങിയ ‘Expelled: No Intelligence Allowed’ എന്ന സയന്‍സ് ഡോക്യുമെന്ററിയില്‍ നവ നാസ്തികരില്‍ പ്രമുഖനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇങ്ങനെ പറയുന്നത് കാണാം: പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണില്‍ ഒരു നാഗരികത ഡാര്‍വിനിയന്‍ മാര്‍ഗങ്ങളിലൂടെ രൂപം കൊള്ളുകയും അവര്‍ സാങ്കേതികമായി പുരോഗമിച്ച ശേഷം ഭൂമിയില്‍ ജീവന്റെ വിത്ത് പാകുകയും ചെയ്തതാവാനുള്ള സാധ്യത നിലനില്‍ക്കുന്നു. രസതന്ത്രത്തിന്റെയും മോളിക്യുലാര്‍ ബയോളജിയുടെയും സഹായത്താല്‍ ഭാവിയില്‍ ജീവനു പിന്നില്‍ ഒരു ഡിസൈനറുടെ കൈയൊപ്പ് നാം കണ്ടെത്തിയേക്കാം.(12)
തെളിവിന്റെ അഭാവം കൊണ്ടാണ് സെമിറ്റിക് ദൈവത്തെ അംഗീകരിക്കാത്തത് എന്ന് പറയുന്ന ഡോക്കിന്‍സ് അടക്കമുള്ള നവ നാസ്തിക ശക്തികളുടെ യഥാര്‍ഥ ലക്ഷ്യം അന്യഗ്രഹത്തില്‍ നിന്നാണ് ജീവന്‍ കടന്നുവന്നത് എന്ന് സമൂഹത്തെ ശാസ്ത്രീയമായി ബോധ്യപ്പെടുത്തിയ ശേഷം ആ വിശ്വാസത്തിലേക്ക് വഴി നടത്തുകയാണ്. ഇലോഹിം എന്നറിയപ്പെടുന്ന അന്യഗ്രഹ ജീവികള്‍ 25000 വര്‍ഷങ്ങള്‍ക്കു മുമ്പ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി സൃഷ്ടിച്ചതാണ് മനുഷ്യവംശം എന്ന് വിശ്വസിക്കുന്ന ഫ്രാന്‍സില്‍ ഉത്ഭവിച്ച മറ്റൊരു യു.എഫ്.ഒ മതമായ റായെലിസത്തിന്റെ (Realism) പ്രചാരകരില്‍ ഒരാളാണോ ഡോക്കിന്‍സ് എന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. (13).
ഹിബ്രൂ ഭാഷയില്‍ ദൈവത്തിന് വിളിക്കപ്പെടുന്ന പേരാണ് ഇലോഹിം. അമേരിക്കയിലും യൂറോപ്പിലുമായി പതിനായിരക്കണക്കിന് അനുയായികളുള്ള റായെലിസത്തിന്റെ പ്രധാന ഗവേഷണ മേഖല ജനിതക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മനുഷ്യനെ കൃത്യമമായി സൃഷ്ടിക്കാം എന്ന് പറയപ്പെടുന്ന ഹ്യൂമണ്‍ ക്ലോണിംഗാണ്. ഇതിനു വേണ്ടി ഇവര്‍ സ്ഥാപിച്ച ക്ലോനൈഡ് (Clonaid) എന്ന സംഘടന, 2002 ല്‍ ഈവ് (Eve)എന്ന മനുഷ്യക്കുഞ്ഞിനെ ക്ലോണിംഗിലൂടെ സൃഷ്ടിച്ചു എന്ന വാര്‍ത്ത ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.(14)


നിരീശ്വരവാദം വിട്ട് സൃഷ്ടിവാദത്തിലേക്ക്?
വലിയൊരു വിഭാഗം ജനതയെ മതത്തില്‍ നിന്നും അകറ്റാന്‍ നവ നാസ്തികതക്ക് സാധിച്ചുവെങ്കിലും പോസ്റ്റ് മോഡേണ്‍ യുഗത്തിലും മതത്തിന്റെ പ്രത്യേകിച്ച് ഇസ്‌ലാമിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല. എന്നാല്‍, ഭൂമിയിലെ ജീവന്‍,അന്യഗ്രഹത്തില്‍ നിന്നുള്ള ഒരു ശക്തി, ജനറ്റിക് എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ വഴി സൃഷ്ടിച്ചതാണെന്ന സാധ്യതയെ അംഗീകരിച്ച് ജീവിക്കുന്ന ഒരു ജനതയുടെ മുന്നില്‍ പെട്ടെന്നൊരു ദിവസം ഒരു അന്യഗ്രഹ ജീവി പേടകത്തില്‍ വന്നിറങ്ങി ഞാനാണ് നിങ്ങളെ സൃഷ്ടിച്ചതെന്ന് അവകാശപ്പെട്ടാല്‍ ആ സമൂഹമതിനെ അംഗീകരിക്കും എന്നുമാത്രമല്ല, ദൈവമായി കണ്ട് ആരാധിക്കുകയും ചെയ്‌തേക്കാം. സ്രഷ്ടാവിനെ ആരാധിക്കുക എന്ന മനുഷ്യന്റെ നൈസര്‍ഗിക ബോധത്തെ അട്ടിമറിക്കപ്പെട്ടത്തിലൂടെ സൃഷ്ടിക്കപ്പെട്ട ശൂന്യതയെ നികത്തുകയും മതം മുന്നോട്ടുവച്ച ദൈവിക സങ്കല്‍പത്തെ തള്ളികളികളയുകയും ചെയ്യുന്ന ഈ ‘അന്യഗ്രഹ ജീവിയുടെ’ വരവിനെ അവസാന കാലഘട്ടത്തില്‍ ദജ്ജാല്‍ ഭൂമിയിലേക്ക് കടന്നു വരുന്നതിനോടാണ് ചാള്‍സ് ആപ്റ്റന്‍ താരതമ്യപ്പെടുത്തുന്നത്. സിനിമകളും ഫിക്ഷനുകളും വഴി യു.എഫ്.ഒ മതം സമൂഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതും പിശാചിനെ കൂട്ടുപിടിച്ച് മുകളില്‍ സൂചിപ്പിച്ച യു.എഫ്.ഒ പ്രതിഭാസങ്ങള്‍ അരങ്ങേരുന്നതും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന അന്ത്യ ക്രിസ്തുവിന്റെ (ദജ്ജാല്‍) കടന്നു വരവിനെ മാനസികമായി ഉള്‍ക്കൊള്ളുന്നതിനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഭാഗമാണ് എന്ന നിഗമനത്തിലേക്കാണ് ചാള്‍സ് ആപ്റ്റന്‍ അവസാനം എത്തിച്ചേരുന്നത്. അന്യഗ്രഹങ്ങളിലെ ജീവന്റെ സാധ്യതയെ കുറിച്ച് മതങ്ങളുടെ വീക്ഷണങ്ങളെക്കുറിച്ച് പഠിക്കുന്ന എക്‌സോതിയോളജി (Exotheology)മേഖലയിലെ ഗവേഷണത്തിന് ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രമുഖര്‍ മുന്നിട്ടിറങ്ങു എന്ന വസ്തുത കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ന്യൂ ജേഴ്‌സി കേന്ദ്രമായ സെന്റര്‍ ഫോര്‍ തിയോളജിക്കല്‍ ഇന്‍ക്വയറി എന്ന സ്ഥാപനത്തിന്, 2014 ല്‍ നാസയുടെ 1.1 മില്യന്‍ ഡോളറിന്റെ ഗവേഷണ ഫണ്ട് നല്‍കപ്പെട്ടത് ആസ്‌ട്രോബയോളജിയുടെ സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ ആയിരുന്നു(15). പ്രപഞ്ചത്തില്‍ ജീവന്റെ ഉറവിടത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ആസ്‌ട്രോബയോളജി. ബഹിരാകാശ പര്യവേഷണം നമ്മെ മതപരവും തത്വചിന്താപരവുമായ ചോദ്യങ്ങളിലേക്കാണ് നയിക്കുകയെന്ന് പറഞ്ഞത് അമേരിക്കന്‍ അസ്‌ട്രോണമറായ കാള്‍ സാഗന്‍ ആയിരുന്നു. ചുരുക്കത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശക്തിയാര്‍ചിച്ച നവനാസ്തികത പോസ്റ്റ് മോഡേണ്‍ യുഗം പിന്നിടുമ്പോള്‍ മതനിരാസവാദം ഉപേക്ഷിച്ച് പതിയെ പണ്ട് മതങ്ങള്‍ പറഞ്ഞു വെച്ച സൃഷ്ടിവാദത്തിലേക്ക് വഴിമാറുകയാണ്. യഥാര്‍ഥ സ്രഷ്ടാവിനു പകരം അവര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് കപട സൃഷ്ടാവിനെയാണെന്നു മാത്രം!
റഫറന്‍സ്
(1)https://www.sdsheriff.gov/bureaus/media-relations/common-questions/heaven-s-gate-case
(2)https://abcnews.go.com/amp/Technology/ufos-exist-americans-national-geographic-survey/story?id=16661311
(3)https://www.washingtonpost.com/news/speaking-of-science/wp/2015/07/20/stephen-hawking-announces-100-million-hunt-for-alien-life/
(4)https://www.nasa.gov/press-release/nasa-awards-seti-institute-cotnract-for-planetary-protection-support
(5)https://m.sfgate.com/bayarea/article/CEO-Quits-Job-Over-UFO-Views-Advances-in-2952834.php
(6)https://amp.theguardian.com/world/2022/dec/16/several-hundred-ufo-reports-received-by-pentagon-newt-racking-office
(7)https://time.com/6177650/congress-ufo-hearings/
(8)https://www.nasa.gov/feature/nasa-announces-unidentified-anomalous-phenomena-study-team-members
(9)നമ്മള്‍ ഒറ്റയ്ക്കാണോ?
https://www.manoramaonline.com/news/editorial/2022/06/16/studies-on-ufo.html
(10)https://www.darwinproject.ac.uk/commentary/religion/what-did-darwin-believe
(11)https://creation.com/designed-by-aliens-crick-watson-atheism-panspermia
(12)Richard Dawkins documentary: Expelled(2008)
(13)https://evolutionnews.org/2008/04/sirichard_dawkins_a_raelian/
(14)https://www.cnn.com/2002/HEALTH/12/28/human.cloning/index.html
(15)https://www.bbc.com/future/article/20161215-if-we-made-contact-with-aliens-how-would-religions-react

സ്വാലിഹ് താനൂര്‍