നോമ്പിന്റെ അതീന്ദ്രിയ ലോകം

2277

ആഗ്രഹങ്ങളെ പ്രതിരോധിക്കുമ്പോഴാണ് മനുഷ്യന് ശക്തി കൈവരുന്നതെന്നാണ് നീഷേ പറയുന്നത്. ധര്‍മനിഷ്ടയുള്ള മനുഷ്യര്‍ ആ ശക്തിയിലൂടെയാണ് കാമാര്‍ഥമായ മാനുഷിക വൈകാരികതയെ ചെറുത്തുനില്‍ക്കുന്നത് എന്നും അദ്ദേഹം ‘സൂപ്പര്‍ ഹ്യൂമന്‍’ എന്ന ആശയത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.’തഖ്‌വ’ അങ്ങനെ ശാരീരിക പ്രേരണകളെ പ്രതിരോധിച്ച് നേടിയെടുക്കേണ്ട വിശ്വാസിയുടെ ഏറ്റവും വലിയ ശക്തിയാണ്. നന്മ-തിന്മ വിവേചനങ്ങള്‍ക്കുള്ള വിശ്വാസിയുടെ മാനദണ്ഡം തന്നെ ദൈവഭക്തിയാണ്. തഖ്‌വയാണ് നോമ്പിന്റെ അടിസ്ഥാനമെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശാരീരിക പ്രേരണകളെ തിരസ്‌കരിച്ച് സ്വന്തത്തോടു തന്നെ സംഘട്ടനങ്ങളിലേര്‍പ്പെടുന്ന ആത്മീയമായ തലമാണ് നോമ്പ് ആവശ്യപ്പെടുന്നത്. തഖ്‌വയില്‍ അസ്ഥിവാരമിട്ട എന്തും സ്വന്തത്തോടുള്ള ചോദ്യം ചെയ്യല്‍ കൂടിയാണ്. കാരണം, തഖ്വ നിലകൊള്ളുന്നത് ഹൃദയത്തിലാണെന്നാണ് പ്രവാചക അധ്യാപനം. ഈയൊരു അര്‍ഥത്തില്‍ വിലയിരുത്തുമ്പോള്‍ നോമ്പിന്റെ ബാഹ്യാര്‍ഥ തലങ്ങളേക്കാള്‍ പ്രസക്തി ആന്തരികമായ പരിപ്രേക്ഷ്യങ്ങള്‍ക്കാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ നീളുന്ന ത്യാഗമെന്നതിനപ്പുറം നോമ്പ് മുന്നോട്ടുവക്കുന്ന, തഖ്‌വ ആധാരമാക്കിയ ചില ആത്മീയ സമരങ്ങള്‍ കൂടി പ്രധാന പരിഗണനകളിലുള്‍പ്പെടുമ്പോഴാണ് റമളാന്‍ എന്ന തുല്യതകളില്ലാത്ത കാലയളവിന്റെ പവിത്രത ശരിക്കും ബോധ്യമാകുന്നത്. ഭക്ഷണം വര്‍ജിക്കുകയും അതേസമയം ശാരീരികാവയവങ്ങള്‍ കൊണ്ട് സ്രഷ്ടാവിനോട് അപരാധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളുടെ വ്രതാനുഷ്ടാനം വുളൂഇല്‍ അംഗങ്ങളോരോന്നും മൂന്നു തവണ കഴുകുന്നതിനു പകരമായി വെള്ളമൊപ്പല്‍ മാത്രമായി ചുരുക്കുന്നവരുടെ നിസ്‌കാരത്തിന് സമാനമാണെന്ന് അല്‍ മക്കി പറയുന്നുണ്ട്. സമയലാഭമുണ്ടാകുമെന്നല്ലാതെ പ്രസ്തുത ഇബാദത്ത് സാരവത്തായ യാതൊരു ഫലവും പ്രസ്തുത വ്യക്തിക്ക് നല്‍കില്ല എന്നതുപോലെത്തന്നെ നോമ്പു കൊണ്ട് അര്‍ഥമാക്കുന്ന അവാച്യമായ ആശയ പ്രപഞ്ചത്തിലെത്താന്‍ ഈ നോമ്പുകാരനും സാധ്യമാകില്ല. കര്‍മശാസ്ത്ര പണ്ഡിതര്‍ നോമ്പിന്റെ ഈ ആന്തരിക തലങ്ങളിലേക്കെത്താത്തവരുടെ നോമ്പും സാധുവാണെന്ന് വിലയിരുത്തുന്നത് സമൂഹത്തിന്റെ പൊതുമനസ്സിലേക്ക് നോക്കിയിട്ടാണെന്ന് ഇമാം ഗസ്സാലി(റ) പറയുന്നുണ്ട്. അല്‍ മക്കി സൗമുല്‍ ഖുസൂസ് എന്നും ഇമാം ഗസ്സാലി(റ) ഒരു പടികൂടി കടന്ന് സൗമുഖുസൂസില്‍ ഖുസൂസ് എന്നും തരം തിരിച്ചു വിശദീകരിക്കുന്ന ഈ ആത്മീയ ശക്തിയുള്ള നോമ്പാണ് തഖ്വ എന്ന ഖുര്‍ആനിക സംവേദനത്തോട് ചേര്‍ന്നു നില്‍ക്കുന്നത്. ആ വിധത്തില്‍ നോമ്പ് തഖ്വയായും ഇലാഹീ സ്‌നേഹത്തിന്റെ പ്രതിഫലനമായും മാറുന്നു. ഇമാം ഗസ്സാലി(റ) യെ പോലെത്തന്നെ ശൈഖുല്‍ അക്ബര്‍ ഇബ്‌നു അറബി(റ)യും നോമ്പിനെ മൂന്ന് തരമായി വിഭജിക്കുന്നുണ്ട്: സൗമുല്‍ ആം, സൗമുന്നഫ്‌സ്, സൗമുല്‍ ഖല്‍ബ്.
ഫിഖ്ഹ് ആവശ്യപ്പെടുന്ന എല്ലാവിധ ഘടകങ്ങളെയും ഉള്‍വഹിക്കുന്നതാണ് സൗമുല്‍ ആം, ശാരീരിക പ്രേരണകളെ അകറ്റി നിര്‍ത്തുന്ന വ്രതമാണ് സൗമുന്നഫ്‌സ്, ഇലാഹിലമരുന്ന ഹൃദയ ശുദ്ധമായ സൗമുല്‍ ഖല്‍ബ് ആണ് മൂന്നാമത്തേത് .
ഫുതൂഹാത്തുല്‍ മക്കിയയില്‍, ‘നോമ്പ് എനിക്കുള്ളതാണ് അതിനുള്ള പ്രതിഫലം ഞാന്‍ നല്‍കുന്നതാണ്’ എന്ന ഖുദ്‌സിയായ ഹദീസ് വിശദീകരിക്കുന്നിടത്ത് ഇബ്‌നു അറബി(റ) നോമ്പിന്റെ അതുല്യതയെ പറ്റി വ്യക്തമാക്കുന്നുണ്ട്. അല്ലാഹു എന്ന പരമമായ ശക്തിയുടെ സ്രോതസ്സിലേക്കെത്തിച്ചേരാന്‍ നോമ്പിനേക്കാള്‍ വലിയ മറ്റൊരു ഇബാദത്തില്ല. കാരണം, മറ്റൊരു ആരാധനാകര്‍മത്തെ സംബന്ധിച്ചും ഇത്രയും സമ്മോഹനമായ വാഗ്ദാനം അല്ലാഹു നല്‍കിയിട്ടില്ല. അതിലുപരി, മറ്റെല്ലാ ആരാധനാ കര്‍മങ്ങളും അല്ലാഹുവിനുള്ളതു തന്നെയാണെങ്കിലും ‘നോമ്പ് എനിക്കുള്ളതാണ്’ എന്ന് പ്രത്യേകം ഊന്നിപറയുന്നതിലൂടെ അതിശക്തമായ ഒരു ഉടമസ്ഥാവകാശം അല്ലാഹു സ്ഥാപിക്കുന്നുണ്ട്. ഈയൊരു ആശയ പ്രതലം നിലനില്‍ക്കുന്നതു കൊണ്ടാകാം പ്രായോഗിക മുസ്‌ലിംകള്‍ അല്ലാത്തവരും അമുസ്ലിംകള്‍ പോലും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലെ വ്രതാനുഷ്ടാനം നിര്‍വഹിക്കുന്നത്. ആരോഗ്യ വശങ്ങളും മന:ശാസ്ത്ര വിഷയങ്ങളുമടക്കമുള്ള പ്രേരണകളുണ്ടെങ്കിലും അദൃശ്യമായ ഒരു പ്രചോദനമായി നോമ്പും സ്രഷ്ടാവുമായുള്ള ബന്ധവും ഇവരുടെ അനുഷ്ടാനങ്ങളുടെ ഉത്തേജകമായി വര്‍ത്തിക്കുന്നുണ്ട്.
യൂറോപ്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും ശ്രമകരമായ ആരാധനയാണ് നോമ്പ്. ഉഷ്ണ കാലത്ത് ദൈര്‍ഘ്യമേറിയ പകലുകളാണ് വിശിഷ്യാ ബ്രിട്ടനിലെല്ലാമുള്ളത്. പുലര്‍ച്ചെ 2:30 ന് അത്താഴം കഴിച്ച് രാത്രി 9:00 മണിക്ക് നോമ്പു തുറക്കുന്ന സാഹചര്യമാണ് അപ്പോഴുണ്ടാകാറുള്ളത്. എന്നാല്‍, ഈ അതി ദൈര്‍ഘ്യ പകലിലും യൂറോപ്യര്‍ വ്രതമനുഷ്ടിക്കുന്നുവെന്നതാണ് നോമ്പിന്റെ ‘സിര്‍'(ഇബ്‌നു അറബി നോമ്പിന്റെ ഈ അപ്രവചനീയാവസ്ഥയെ ‘സിര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്). മറ്റു മതങ്ങളിലും വ്രതാനുഷ്ടാനമുണ്ടെങ്കിലും അവയെല്ലാം പ്രായശ്ചിത്തമായോ വിശിഷ്ട ദിനങ്ങളെ സ്വീകരിക്കുന്നതിനോ വേണ്ടിയുള്ളതാണ്. ശഅ്ബാനിലെ പ്രസംഗത്തിനിടയില്‍ പ്രവാചകര്‍ (സ്വ) പറഞ്ഞു: റമളാന്‍ നമുക്ക് മുമ്പിലെത്തിയിരിക്കുന്നു. അല്ലാഹു നമ്മെ അവന്റെ ആതിഥ്യത്തിലേക്ക് ക്ഷണിച്ചിക്കുന്നു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം നോമ്പ് അല്ലാഹു സൃഷ്ടികള്‍ക്ക് നല്‍കുന്ന വിഭവ സമൃദ്ധമായ സത്കാരമാണ്. അതില്‍ റഹ്മത്ത്, മഗ്ഫിറത്ത്, നരക മോചനം, സ്വര്‍ഗ പ്രവേശം തുടങ്ങിയ വ്യത്യസ്ത അടരുകള്‍ ഒന്നുചേരുന്നുണ്ട്.
ഹിംസക്കെതിരെയുള്ള കവചമാണ് നോമ്പെന്ന് പറഞ്ഞ പ്രവാചകന്‍ ശേഷം പറഞ്ഞു:’ശരീരത്തിന്റെ സകാത്താണ് നോമ്പ്’.
ക്ഷമ, സഹിഷ്ണുത, സഹാനുഭൂതി, കരുണ എന്നീ ഗുണങ്ങളും നോമ്പ് പ്രദാനം ചെയ്യുന്നുണ്ട്. അതിതീവ്ര വൈകാരികതയുടെയും അഭിനിവേശത്തിന്റെയും നിത്യജീവിത പരാക്രത്തിനിടയില്‍ ശരീരത്തെയും മനസ്സിനെയും ഒരു പ്രത്യേക ശാസനയില്‍ തളച്ചിടുന്ന അസ്ഥാവിശേഷത്തിലൂടെ ശരീരത്തെയും മനസ്സിനെയും ക്ഷമ പരിശീലിപ്പിക്കുകയാണ് അല്ലാഹു. വിശപ്പ് സഹജമായി മാറിയ അനേകം പട്ടിണി പേക്കോലങ്ങളുള്ള ഈ ലോകത്ത് വിശപ്പിന്റെ ആഴം സാമൂഹികാഭിജാത്യ ഭേദമില്ലാതെ ധനികരേയും ഉണര്‍ത്തുന്ന ഇലാഹിയായ ബോധനങ്ങളും നോമ്പിനുണ്ട്.
ശരീരത്തിന്റെ സകാത്തായി നോമ്പിനെ വിശേഷിപ്പിക്കുന്നതിന്റെ സാരാംശം ഇതു കൂടിയാണ്. ഖുര്‍ആന്‍ പറയുന്നു: ‘നോമ്പനുഷ്ടാനം നിങ്ങള്‍ക്ക് അത്യുത്തമ(ഖൈര്‍)മാണ്’. വ്രതം ലാഭകരവും നേട്ടവുമാണ് എന്നാണതിന്റെ വിവക്ഷ. ‘ഖൈറിനെ’ ഇബ്‌നു സീന വിശേഷിക്കുന്നത്, പരിപൂര്‍ണത കൈവരാനുള്ള മാധ്യമമാണ് എന്നാണ്. നിര്‍ദ്ദിഷ്ട ലക്ഷ്യത്തോടെ എന്തെങ്കിലും കൈവരിക്കുന്നത് ഉചിതവും ഉത്തമവുമാണ് എന്ന് നാസിറുദ്ദീന്‍ തൂസി പറയുന്നുണ്ട്. ഈ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ നോമ്പ് മനുഷ്യന് പരിപൂര്‍ണത കൈവരുത്താനുള്ള ആയുധമാണെന്ന് ഗ്രഹിക്കാവുന്നതാണ്. ഇത്തരത്തില്‍ നാനാ വശങ്ങളെ ഉള്‍വഹിക്കുന്നതാണ് നോമ്പെങ്കിലും നോമ്പിന്റെ പരമപ്രധാനമായ അടിവേര് ദൈവഭക്തിയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെയാണ് അല്ലാമ തബ തബാഈ പറഞ്ഞത്: നോമ്പിന്റെ പരമപ്രധാനമായ ലക്ഷ്യം ദൈവപ്രീതിയും തഖ്‌വയും കരസ്ഥമാക്കുകയെന്നതു തന്നെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല, ഒരു വ്യക്തി സര്‍വവിധ ശാരീരിക-മാനസിക പ്രലോഭനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുമ്പോള്‍ അയാളുടെ ഇച്ഛാശക്തി കരുത്താര്‍ജിക്കുന്നു.
അസ്തിത്വ വാദ തത്വചിന്തകനായ കിയര്‍കെഗാര്‍ദ് പറയുന്നുണ്ട്: ദൈവം സ്‌നേഹമാണ്. ദൈവത്തിന്റെ ശാസനകള്‍ എത്ര കഠിനമായാലും ആ സ്‌നേഹത്തിലൂടെ മനുഷ്യന്‍ അവന്റെ സങ്കടങ്ങളെ മറക്കുന്നു. ഈയൊരു രസതന്ത്രം നിര്‍ബന്ധ വ്രതാനുഷ്ടാനത്തില്‍ വ്യക്തമായും ദൃശ്യമാണ്. ഈയൊരു അര്‍ഥത്തിലാണ് തത്വചിന്തകന്‍ ഡോ ഫ്രാങ്കള്‍ വിലയിരുത്തുന്നത്: ‘മതകീയമായ വൈകാരികത സൗന്ദര്യബോധമെന്ന പോലതന്നെ മൗലികമായ മാനുഷിക വിചാരമാണ്. അത് ദൈവത്തിലേക്ക് മനുഷ്യനെ കൂടുതല്‍ അടുപ്പിക്കുന്നു’. അദ്ദേഹം അവസാനം ഇപ്രകാരം കൂടി പറഞ്ഞു വക്കുന്നുണ്ട്: ‘നമുക്ക് മനസ്സിലാക്കിത്തരുന്നത് കാല്‍സ്യവും സൂര്യപ്രകാശവും മനുഷ്യന് എത്രത്തോളം ആവശ്യമാണോ അത്രത്തോളം തന്നെ മതവും ആവശ്യമാണ്’. ചുരുക്കത്തില്‍, ദൈവാസ്തിക്യത്തെ ചെന്നു തൊടുന്ന ഏറ്റവും സാര്‍ഥകമായ ആരാധനാ കര്‍മമാണ് നോമ്പ്. ഒരു നോമ്പുകാരന്‍ സര്‍വവും ത്യജിച്ച് വ്രതമെടുക്കുന്നത് തഖ്വ എന്ന ഇലാഹിയായ അനുഗ്രഹത്തിന് വേണ്ടിയാണ്. മറ്റു ആരാധനകളില്‍ നിന്ന് വിഭിന്നമായി നോമ്പുകാരന്‍ സദാ സമയവും സ്രഷ്ടാവുമായി സംവേദനത്തിലുമാണ്.

സുഹൈല്‍ ചുങ്കത്ത്