മലബാര്‍ സമരം: ചരിത്ര നിര്‍മിതിയിലെ അട്ടിമറികള്‍

2873

ഇന്ത്യയിലെ കൊളോണിയല്‍ വിരുദ്ധ സമര ചരിത്രത്തില്‍ അത്യപൂര്‍വതകള്‍ നിറഞ്ഞ ഏടായ മലബാര്‍ സമരത്തിന് നൂറാണ്ടു തികയുന്ന വേളയാണിത്. 1921 ലെ മലബാര്‍ സമരോര്‍മകള്‍ക്ക് ഒരു ശതാബ്ദം തികയുമ്പോഴും മലബാറില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വസ്തുതാപരമായി ഇനിയും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് ഒളിച്ചുവക്കാനാവാത്ത യഥാര്‍ഥ്യമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളിലൊന്നു കൂടിയായ മലബാര്‍ സമരം സ്വാതന്ത്ര്യ സമരം സംബന്ധിച്ച അക്കാദമിക പഠനങ്ങളിലും ചരിത്ര ഗവേഷണ ഗ്രന്ഥങ്ങളിലും ബോധപൂര്‍വം തമസ്‌കരിക്കപ്പെടുകയോ തെറ്റായി വിലയിരുത്തപ്പെടുകയോ ചെയ്തിട്ടുമുണ്ട്. മലബാര്‍ സമരത്തില്‍ പങ്കെടുത്ത് ധീരരക്തസാക്ഷിത്വം വഹിച്ച 387 പോരാളികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് നീക്കംചെയ്യാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ശുപാര്‍ശ ചെയ്തത് അതില്‍ അവസാനത്തേത് മാത്രമാണ്.
1921 ഓഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാറിലെ ഏറനാട്-വള്ളുവനാട് താലൂക്കുകളില്‍ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും കോഴിക്കോട് പാലക്കാട് താലൂക്കുകളില്‍ ചില ഭാഗങ്ങളിലും അരങ്ങേറിയ സംഭവ പരമ്പരകളാണ് മലബാര്‍ സമരമെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷ് ചരിത്രകാരന്മാരായ വില്യം ലോഗന്‍, എസ്.എഫ് ഡെയില്‍, കോണ്‍റാഡ് വുഡ് തുടങ്ങിയവരും ഭാരതീയരായ കെ.എന്‍ പണിക്കര്‍, സൗമേന്ദ്രനാഥ ടാഗോര്‍ അടക്കം നിരവധിപേരും മലബാര്‍ സമരങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
1836 നും 1921 നും ഇടയില്‍ നടന്ന ചെറുതും വലുതുമായ മാപ്പിള പ്രക്ഷോഭങ്ങളില്‍ ഏറ്റവും ഒടുവിലത്തേതും സംഭവ ബഹുലവുമായിരുന്നു 1921 ലേത്. തൊള്ളായിരത്തി ഇരുപത്തി ഒന്നിലെ ആക്രമണ-പ്രത്യാഘാത പരമ്പരകളെ പൊതുവെ കലാപമെന്നും അതിനു മുമ്പുള്ളവയെ പൊട്ടിത്തെറികളെന്നും ലഹളകളെന്നുമാണ് ചരിത്ര വായനകളില്‍ വിവരിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഒട്ടുമിക്ക ആംഗലേയ ചരിത്രകാരന്മാരും മലബാര്‍ സമരത്തെ വര്‍ഗീയ കലാപങ്ങളായാണ് വിശേഷിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശകം മുതല്‍ മാപ്പിളമാര്‍ നടത്തി വരുന്ന സമരങ്ങളെ തീര്‍ത്തും വര്‍ഗീയപരമായാണ് ബ്രിട്ടീഷ് അധികാരികള്‍ നോക്കികണ്ടത്. മതഭ്രാന്ത്, കൊള്ള, ഹിന്ദുക്കളെ കൊലപ്പെടുത്തല്‍, തുടങ്ങിയ വര്‍ഗീയ സംജ്ഞകളാണ് മാപ്പിള സമരങ്ങളെ സൂചിപ്പിക്കാന്‍ അവര്‍ ഉപയോഗിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക എഴുത്തു കുത്തുകളിലും കലാപങ്ങളെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകളിലും ഇത്തരം വര്‍ഗീയ മുദ്രണങ്ങളുടെ അനുരണനങ്ങള്‍ നിര്‍ബാധം കാണാം. വില്യം ലോഗന്‍ (മലബാര്‍ മാന്വല്‍) സ്റ്റീഫന്‍ ഡെയില്‍ (മാപ്പിളാസ് ഓഫ് മലബാര്‍) എലിയറ്റ് ഡൗസന്‍, തുടങ്ങിയ ആംഗലേയ ചരിത്രകാരന്മാര്‍ മാപ്പിള സമരങ്ങളെ വര്‍ഗീയ പരിപ്രേക്ഷത്തിലൂടെ വിശകലനം ചെയ്തവരാണ്.
മാര്‍ക്‌സിസ്റ്റ് ചരിത്ര വായനകള്‍ മലബാര്‍ സമരത്തെ ജന്മി ക്രൂരതകള്‍ക്കെതിരെ നടന്ന കാര്‍ഷിക കലാപമായാണ് അവതരിപ്പിക്കുന്നത്. കുടിയാന്മാരായ മാപ്പിളമാരുടെയും ജന്മിമാടമ്പിമാരുടെയും ഇടയിലുള്ള ഭൂപ്രശ്‌നങ്ങളുടെ പരിണതിയായി ഉടലെടുത്ത ഒരു പൊട്ടിത്തെറിയായിരുന്നു മലബാര്‍ സമരമെന്നാണ് മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ പക്ഷം. ഗായത്രി വല്ലഭ അയ്യര്‍, സൗമേന്ദ്ര നാഥ ടാഗോര്‍, ഡോ. കെ.എന്‍ പണിക്കര്‍ തുടങ്ങി പലരും കാര്‍ഷിക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മാപ്പിള മുന്നേറ്റങ്ങളെ വിശകലന വിധേയമാക്കിയിട്ടുണ്ട്. കെ.എന്‍ പണിക്കര്‍ തന്റെ മലബാര്‍ കലാപം പ്രഭുത്വത്തിനും രാജ വാഴ്ചക്കുമെതിരെ എന്ന കൃതിയില്‍ തീര്‍ത്തും കാര്‍ഷികമായ വീക്ഷണകോണിലൂടെയാണ് മലബാര്‍ സമരത്തെ വിശകലനം ചെയ്യുന്നത്. മതപരവും വര്‍ഗീയവുമായ പ്രേരകങ്ങളേക്കാളും കലാപവഴിലേക്ക് മാപ്പിളമാരെ നയിച്ചിരുന്നത് ഭൂമി, കൃഷി, നികുതി, ദാരിദ്ര്യം തുടങ്ങിയ സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നുവെന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. സമകാലിക ചരിത്രകാരന്മാരില്‍ പലരും ഇതേ വീക്ഷണകോണിലൂടെ തന്നെയാണ് മലബാര്‍ സമരങ്ങളെ വിശകലനം ചെയ്യുന്നത്.
മലബാറിലെ സമരങ്ങളെകുറിച്ച് ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ചില റിപ്പോര്‍ട്ടുകളിലും വസ്തുതാന്വേഷണങ്ങളിലും കലാപങ്ങളുടെ മൂലകാരണങ്ങളും പാര്‍ശ്വഫലങ്ങളും ചര്‍ച്ച ചെയ്യുന്നിടത്ത് ഇപ്രകാരം മാപ്പിള സമരങ്ങളുടെ കാര്‍ഷിക പശ്ചാത്തലത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ട്. മലബാര്‍ ജില്ലാ കലക്ടര്‍ വില്യം ലോഗന്‍, ഡെപ്യൂട്ടി ജഡ്ജി എച്ച്. വി ഗ്രാം തുടങ്ങിയവര്‍ കലാപങ്ങളെ കാര്‍ഷിക വീക്ഷണത്തിലൂടെ വിലയിരുത്തിയിട്ടുണ്ട്. ലോഗന്‍ 1882 ല്‍ സമര്‍പിച്ച മലബാര്‍ ലാന്‍ഡ് ടെന്വര്‍സ് എന്ന റിപ്പോര്‍ട്ടിലാണ് കലാപങ്ങളുടെ കാര്‍ഷിക പശ്ചാത്തലം നിരീക്ഷണ വിധേയമാക്കുന്നത്. (1887ല്‍ ബ്രിട്ടീഷ് ഗവര്‍ണമെന്റിന്റെ പ്രത്യേക താല്‍പര്യത്തില്‍ പുറത്തിറക്കിയ മലബാര്‍ മാന്വലില്‍ ഇതേ ലോഗന്‍ തന്നെ മാപ്പിള കലാപങ്ങളെ വര്‍ഗീയ പരിവേഷം നല്‍കി വ്യാഖ്യാനിക്കുന്നത് വിരോധാഭാസമാണ്). ലോഗന്റെ മലബാര്‍ ലാന്‍ഡ് ടന്വേര്‍സിനെ മുന്‍നിര്‍ത്തിയാണ് പില്‍ക്കാല ചരിത്രകാരന്മാര്‍ മാപ്പിള മുന്നേറ്റങ്ങള്‍ക്ക് കാര്‍ഷിക പരിവേഷം നല്‍കാന്‍ മുതിര്‍ന്നത്. മാപ്പിള കലാപങ്ങളുടെ അടിവേരുകള്‍ തേടി ങമുുശഹമ ൃലയശഹശീി മിറ ശെേ ഴലിശെ െഎന്ന കൃതി എഴുതിയ ആംഗലേയ ചരിത്രകാരന്‍ കോണ്‍റാഡ് വുഡും ആത്യന്തികമായി കാര്‍ഷിക പ്രശ്‌നങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. ബ്രിട്ടീഷ് അധിനിവേശവാഴ്ചക്കെതിരെ മാപ്പിളമാര്‍ വെല്ലുവിളി ഉയര്‍ത്തിയത് മലബാറില്‍ വൈദേശിക ഭരണം ആരംഭം മുതലുണ്ടാക്കിയ ആഘാതങ്ങളുടെ ഫലമായാണെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം, കാര്‍ഷിക വിഷയത്തില്‍ ജന്മിമാര്‍ നടത്തിയ അനീതികളും അതിനു ഭരണകൂടം നല്‍കിയ പിന്തുണയും കലാപങ്ങളുടെ അടിസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നടന്ന പ്രധാന സമരമുന്നേറ്റമെന്ന നിലയില്‍ മലബാര്‍ സമരത്തെ കാര്‍ഷികമോ വര്‍ഗീയമോ ആയ പരിപ്രേക്ഷ്യങ്ങളിലൂടെ മാത്രം വിലയിരുത്താന്‍ സാധിക്കില്ല. മതപരവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഖിലാഫത്ത് പ്രക്ഷോഭവും അതുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ ഉടലെടുത്ത ബ്രിട്ടീഷ് വിരുദ്ധ വികാരവും വലിയൊരളവോളം മലബാര്‍ സമരത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നല്ല, കാര്‍ഷിക പ്രശ്‌നങ്ങളേക്കാളുപരി 1921 ലെ സമരത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര അടിത്തറ തന്നെ ഖിലാഫത്ത് പ്രക്ഷോഭമായിരുന്നു. ഇതിനുപോല്‍ബലകമായി ആംഗലേയ ചരിത്രകാരന്‍ റോളണ്ട് ഇ മില്ലര്‍ എഴുതുന്നു. ‘മാപ്പിളമാരുടെ സാമ്പത്തിക അസംതൃപ്തി, ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ എന്നിവയോ ഇവയില്‍ പലതും കൂടിച്ചേര്‍ന്നതോ കലാപത്തിനു കാരണങ്ങളായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മാപ്പിള കലാപങ്ങളുടെ കാരണങ്ങളായി പറയപ്പെടുന്നതും അതോടൊപ്പം മറ്റു ചിലതും കൂടിച്ചേര്‍ന്നതാണ് ഈ പട്ടിക. മുന്‍ കലാപങ്ങളില്‍ എന്ന പോലെ 1921 ലെ കലാപവും പൊട്ടിപ്പുറപ്പെടുന്നതില്‍ വിവിധ സ്വാധീനങ്ങള്‍ പ്രതിപ്രവര്‍ത്തിച്ചു. ഇവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ പുതിയ ഘടകം ഖിലാഫത്ത് പ്രസ്ഥാനം ആണ്. (മാപ്പിള മുസ്‌ലിംകള്‍, റോളണ്ട് ഇ മില്ലര്‍ പുറം: 130)
19ാം നൂറ്റാണ്ടില്‍ മാപ്പിളമാര്‍ നടത്തിയ സമരങ്ങളുടെ മൂലകാരണം മാപ്പിള ജനത അനുഭവിച്ചിരുന്ന ദയനീയ ജീവിതത്തിന്റെ പരിതസ്ഥിതിയായിരുന്നു. ഭൂരിപക്ഷവും കൃഷിപ്പണി ചെയ്യുന്ന കുടിയാന്മാരായ മാപ്പിളമാരെ ബ്രിട്ടീഷുകാരുടെ തെറ്റായ നയങ്ങളാണ് ലഹളയുടെ വഴിയിലേക്കെത്തിച്ചത്. ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ച അമിതമായ നികുതി ഭാരവും ജന്മിമാരുടെ അന്യായമായ കുടിയൊഴിപ്പിക്കലും ഉയര്‍ന്ന പാട്ടവ്യവസ്ഥയും തങ്ങളുടെ നിത്യജീവിതം ദുസ്സഹമാക്കിയപ്പോള്‍ മാപ്പിളമാര്‍ അവര്‍ക്കെതിരെ ലഹളകള്‍ നയിച്ച് ശക്തമായി രംഗത്തുവന്നു. ഭൂവുടമകളായ നമ്പൂതിരി ബ്രാഹ്മണന്മാര്‍ക്കും നായന്മാര്‍ക്കുമെതിരെ കീഴ്ജാതിക്കാരായ ഹിന്ദു കുടിയാന്മാര്‍ മുന്നോട്ടുവരാതിരുന്നപ്പോള്‍ പോര്‍ച്ചുഗീസ് കാലം മുതല്‍ പ്രതിരോധം ശീലമാക്കിയിരുന്ന മാപ്പിളമാര്‍ ശക്തമായും കൂട്ടമായും രംഗത്തു വന്നു. അന്യായമായ കുടിയൊഴുപ്പിക്കലിനും അശാസ്ത്രീയമായ പാട്ടവ്യവസ്ഥക്കുമെതിരെ 1916 ല്‍ കുടിയാന്മാരുടെ പ്രസ്ഥാനം രൂപികരിച്ചിരുന്നു. എന്നാല്‍ ഒന്നാം ലോക മഹായുദ്ധാനന്തരം ഉസ്മാനീ ഖിലാഫത്തിന് കീഴിലുള്ള മക്ക, മദീന, കര്‍ബല, നജ്ഫ് തുടങ്ങിയ മുസ്‌ലിംകള്‍ പവിത്രതയോടെ കാണുന്ന പ്രദേശങ്ങള്‍ വീതിച്ചെടുക്കാനുള്ള ബ്രിട്ടന്റെ വഞ്ചന നയത്തില്‍ പ്രതിഷേധിച്ച് ഖിലാഫത്ത് പ്രസ്ഥാനം (1919)രൂപീകൃതമായതോടെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് പുതിയ രാഷ്ട്രീയമാനം കൈവന്നു.
ലോകമഹായുദ്ധാനന്തരം ഒട്ടോമന്‍ തുര്‍ക്കിയെ വിഭജിക്കുന്ന സെവ്‌രസ് ഉടമ്പടി (1919 ആഗസ്റ്റ് ) ഭേദഗതി ചെയ്യാന്‍ മാലാനാ അബുല്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രക്ഷോഭം ആരംഭിച്ചു. അതിന്റെ ഭാഗമായി 1919 ഒക്ടോബര്‍ 17 ഖിലാഫത്ത് ദിനമായി ആചരിക്കുകയും 1920 ഫെബ്രുവരിയില്‍ ബോംബെയില്‍ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1921 ജൂണ്‍ 30 ആകുമ്പോഴേക്കും ഇന്ത്യയൊട്ടുക്കും 200 ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകൃതമായി. 1920 ഏപ്രില്‍ 28ന് നടന്ന മഞ്ചേരി സമ്മേളനത്തോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ശ്രദ്ധനേടുന്നത്. ഖിലാഫത്ത് സംരക്ഷണം ആവശ്യപ്പെട്ട് മുസ്‌ലിം നേതാക്കള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതിനു പിന്തുണ പ്രഖ്യാപിച്ചു. അതോടെ സ്വാതന്ത്ര്യ സാക്ഷാത്കാരം, ഖിലാഫത്ത് സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്-ഖിലാഫത്ത് സംയുക്ത പ്രക്ഷോഭത്തിന് തീരുമാനമായി. 1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട് വന്നു പ്രസംഗിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം 1921 ഏപ്രില്‍ 23 27ന് ഒറ്റപ്പാലത്ത് കോണ്‍ഗ്രസിന്റെയും ഖിലാഫത്തിന്റെയും സമ്മേളനങ്ങള്‍ നടത്തി. കോണ്‍ഗ്രസ് ഖിലാഫത്ത് ധാരണയുടെ അടിസ്ഥാനത്തില്‍ 1921 ആഗസ്റ്റ് 21ന് തീര്‍ത്തും സമാധാനപരമായി മലബാറില്‍ സമരം ആരംഭിച്ചു. എന്നാല്‍, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭമായി ഉയര്‍ന്നുവന്ന ഈ സംയുക്ത പ്രക്ഷോപത്തെ ഒറ്റതിരിച്ചുവിട്ട് അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കുത്സിത നീക്കങ്ങള്‍നടത്തി. ഖിലാഫത്ത് യോഗങ്ങള്‍ മുടക്കിയും പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്തും ജയിലിലടച്ചും അവര്‍ പ്രേകോപനം സൃഷ്ടിച്ചു. ആഗസ്റ്റ് 20 ന് പട്ടാളം അറസ്റ്റ് ചെയ്ത ഖിലാഫത്ത് പ്രവര്‍ത്തകരെ വിട്ടുകിട്ടാന്‍ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ ചെന്നു. അകത്ത് സന്ധിസംഭാഷണം നടക്കുന്നതിനിടയില്‍ പുറത്ത് ജനക്കൂട്ടത്തിനു നേരെ വെടിവപ്പുണ്ടായി. എന്നാല്‍, ജനക്കൂട്ടം പട്ടാളത്തെ ധീരമായി നേരിട്ടു. ഇതായിരുന്നു 1921 ലെ മലബാര്‍ സമരത്തിന്റെ തുടക്കം. എന്നാല്‍, ആഗസ്റ്റ് 20ന് സമരമാരംഭിച്ച് 10 ദിവസത്തിനകം ആലി മുസ്‌ലിയാര്‍ കീഴടങ്ങി. സമരനായകനായ ആലി മുസ്‌ലിയാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സമരം ആര്‍ക്കും തടഞ്ഞു നിര്‍ത്താനാവാത്തവിധം അണപൊട്ടി ഒഴുകി. തോടെ സമരം അക്രമാസക്തമായെന്ന് പറഞ്ഞു കോണ്‍ഗ്രസ് പിന്മാറി. 922 ഫെബ്രുവരി അവസാനം വരെ ആറുമാസംരൂക്ഷമായി തന്നെ സമരം തുടര്‍ന്നു. അതിനിടയില്‍ പൂക്കോട്ടൂര്‍ യുദ്ധവും(1921 ആഗസ്റ്റ് 26) പാണ്ടിക്കാട് ഏറ്റുമുട്ടലും (നവംബര്‍ 14) 120 തടവുകാര്‍ ദാരുണമായി കൊല്ലപ്പെട്ട വാഗണ്‍ ദുരന്തവുമൊക്കെ (നവംബര്‍ 19) സംഭവിച്ചു. ഔദ്യോഗിക കണക്കു പ്രകാരം പങ്കെടുത്ത പതിനായിരം പേരില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും പതിനായിരത്തില്‍ പരംപേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഒട്ടേറെ പേര്‍ നാടുകടത്തപ്പെടുകയും ചെയ്‌തെന്നാണ് അനൗദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
മാപ്പിളമാരോടൊപ്പം തുടക്കത്തില്‍ സമരം ചെയ്ത കോണ്‍ഗ്രസ് മാപ്പിളമാരെ ബ്രിട്ടീഷ് പട്ടാളത്തിനു മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന തരത്തില്‍ സമരരംഗത്തു നിന്ന് പിന്‍മാറിയതായിരുന്നു മലബാര്‍ സമരത്തെ യഥാര്‍ഥത്തില്‍ ദാരുണമായ ഒരു പര്യവസാനത്തിലെത്തിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പോലുള്ള ഒരു ദേശീയ പ്രസ്ഥാനത്തിന് ഒരിക്കലും നിരക്കാത്ത ഖേദകരമായ തീരുമാനമായിട്ടാണ് അതിനെ ചരിത്രകാരനായ ആര്‍.സി മജുംദാര്‍ വിലയിരുത്തുന്നത്. നാശങ്ങളും നഷ്ടങ്ങളും ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ ഉള്ളടക്കങ്ങളുമുളള സമരമായിരുന്നു 1921 ലെ മലബാര്‍ സമരം. അതിനെ കാര്‍ഷികമോ വര്‍ഗീയമോ ആയ പരികല്‍പനകള്‍ നല്‍കി വിധിയെഴുതല്‍ തീര്‍ത്തും അസാധ്യമാണ്. രാഷ്ട്രീയവും കാര്‍ഷികവുമായ ചില കാരണങ്ങളിലൂടെ ഉല്‍ഭവിച്ച് പോലീസ് നരവേട്ടയിലൂടെ ശക്തി സംഭരിച്ച് ബ്രിട്ടീഷുകാര്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് പെട്ടെന്നൊരു പൊട്ടിത്തെറിയില്‍ അവസാനിച്ച മഹാ സംഭവമായിരുന്നു മലബാര്‍ സമരമെന്ന് ചരിത്രകാരന്‍ സി.കെ കരീം എഴുതുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്‍ക്കൊള്ളുന്ന സമരമായി മലബാര്‍ സമരം നിലനില്‍ക്കെ തന്നെ, മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തി പരാജയപ്പെട്ട ഒരു ലഹളയെന്നതിലപ്പുറം മലബാര്‍ സമരത്തെ ഒരു വിമോചന സമരമായി പരിഗണിക്കാന്‍ മതേതര ചരിത്രകാരന്മാരെന്ന് അവകാശപ്പെടുന്നവര്‍ പോലും വിമുഖത കാണിക്കുകയും അപകടകരമായ പക്ഷപാതം പുലര്‍ത്തുകയും ചെയ്യുകയാണ്. ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കിയതും എന്നാല്‍, യാതൊരു ഗുണഫലങ്ങളും എടുത്തു പറയാനില്ലാത്തതുമാണ് 1921 ലെ മലബാര്‍ കലാപമെന്ന് ചരിത്രകാരന്‍ എം.ഗംഗാധരന്‍ വാദിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2011 ജൂലൈ 10-16). ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് തോല്‍പ്പിക്കാനാവില്ലെന്ന കാരണം കൊണ്ട് മലബാര്‍ സമരത്തെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കേവലം പൊട്ടിത്തെറിയെന്നതിലപ്പുറം കാര്യമായ ബ്രിട്ടീഷ് വിരുദ്ധ സമരമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം അതിന് ന്യായീകരിക്കുന്നത്. മലബാര്‍ സമരത്തിന്റെ തൊണ്ണൂറാം വാര്‍ഷിക വേളയില്‍, ഒരുപടി കൂടി മുന്നോട്ടു കടന്ന് മലബാര്‍ സമരം ആഘോഷിക്കരുതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മലബാറില്‍ കൊളോണിയല്‍ കരാളതയുടെ ദുരിതംവിതച്ച വാസ്‌ഗോഡ ഗാമയുടെ ആഗമനത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ചപ്പോഴോ മലബാര്‍ സമരത്തെ പോലെ ഏറെ നാശനഷ്ടങ്ങളുണ്ടായ ഒന്നാം സ്വാതന്ത്ര്യ സമരവും മറ്റും ആഘോഷിച്ചപ്പോഴോ കേള്‍ക്കാത്ത ഈ തിട്ടൂരം വഴി ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച മത ഭ്രാന്തനായ മാപ്പിളയുടെ ഭീതിയുടെ വിളവെടുപ്പ് തന്നെയാണ് ‘മാപ്പിള പഠനങ്ങളുടെ’ ഈ കര്‍ത്താവ് നിര്‍വഹിക്കുന്നത്.
1921 ലെ മലബാര്‍ സമരത്തിന്റെ ഭാഗമായുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മതം മാറ്റത്തിന്റെ പേരില്‍ നടന്നതെന്നും എന്നാല്‍, അത് സമരത്തിന്റെ മുഖ്യധാരയായി കാണേണ്ട തരത്തില്‍ ആസൂത്രിതമോ വ്യവസ്ഥാപിതമോ ആയിരുന്നില്ലെന്നും തിരൂരങ്ങാടി പരിസരത്തുള്ള ഹിന്ദു വീടുകള്‍ക്ക് സുരക്ഷ നല്‍കാന്‍ ആലി മുസ്‌ലിയാര്‍ ഏര്‍പ്പാട് ചെയ്തിരുന്നെന്നും ഇതേ ഗംഗാധരന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍, ആംഗലേയ ചരിത്രകാരന്മാരെ പോലും കവച്ചുവക്കുന്ന വിധം 21 ല്‍ മലബാറില്‍ നടന്ന സമരം വടക്കേ ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിംകള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയെന്നും തദ്വാരാ, 1940 കളിലെ വിഭജനവാദം വരെയുള്ള സാമുദായിക ധ്രുവീകരണങ്ങളുടെയെല്ലാം സ്രോതസ്സായി മലബാര്‍ സമരത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന മാപ്പിള ചരിത്രത്തില്‍ മാത്രം അവഗാഹമുള്ള എം. ഗംഗാധരന്‍, പൂക്കോട്ടൂരിലെ മാപ്പിള പോരാളികളെ അടിച്ചമര്‍ത്തിയതിന് ബ്രിട്ടീഷുകാരെ അഭിനന്ദിച്ച കെ.മാധവന്‍ നായരെ പോലെയുള്ള ദേശീയാധുനികതയുടെ വക്താക്കളുടെ യഥാര്‍ഥ പിന്‍ഗാമിയാണ് താനെന്നു തെളിയിക്കുകയാണ്.
സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ധ്വംസിക്കപ്പെടുകയും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ സ്വയം നിര്‍ണയാവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അന്തസ്സും അഭിമാന ബോധവുമുള്ള ജനപഥങ്ങളില്‍ നിന്ന് സ്വാഭാവികമായുണ്ടാകുന്ന പ്രതികരണങ്ങളാണ് സമരമെന്നും പ്രക്ഷോപമെന്നുമൊക്കെ നാം നിര്‍വചിക്കുന്നത്. സ്വാതന്ത്ര്യ സാക്ഷാത്കാരത്തിനു വേണ്ടി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ അവ പരാജയപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കൂടി അവയെയെല്ലാം വിമോചന സമരങ്ങളായി പരിഗണിച്ചും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ അതിന് ഇടംനല്‍കിയുമാണ് നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രം ഇന്നേവരെ അവലോകനം ചെയ്യപ്പെട്ടിട്ടുള്ളത്. മാപ്പിളമാര്‍ നയിച്ച പ്രതിരോധ സമരങ്ങളും പ്രക്ഷോഭങ്ങളും ഇപ്രകാരം സ്വാതന്ത്ര്യസമര സാക്ഷാത്കാരത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളതാണ്. മാപ്പിള സമരങ്ങള്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഉടലെടുത്ത സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെല്ലാം കൃത്യമായ ആസൂത്രണങ്ങളോ മുന്നൊരുക്കങ്ങളോ കര്‍മ പദ്ധതികളോ ഉള്ള ഏകശിലാത്മകമായ മുന്നേറ്റങ്ങളല്ലായിരുന്നു. വിവിധ ശൈലികളും രീതികളുമുള്ള ബഹുജന പ്രക്ഷോഭങ്ങളായിരുന്നു അവയെല്ലാം. ഗംഗാധരന്‍ പറയുന്നതു പോലെ സായുധമായ പരിണതികളിലെത്തിയ മാപ്പിള സമരങ്ങള്‍ അംഗീകരിക്കപ്പെടാത്തതും പ്രതിലോമകരവുമാണെങ്കില്‍ ഗാന്ധിയന്‍ ശൈലിയിലുള്ള സമരങ്ങളല്ലാത്ത മറ്റെല്ലാ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെയും നാം തള്ളിപറ്റയേണ്ടിവരും. എന്നാല്‍, മാപ്പിള സമരങ്ങളെ ആക്ഷേപിക്കുന്ന ആവേശത്തില്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭഗത് സിംഗിനെയോ സുഭാഷ് ചന്ദ്രബോസിനെയോ പഴശ്ശിരാജയെയോ തള്ളിപ്പറയാന്‍ നമ്മുടെ ‘സവര്‍ണ’ ചരിത്രകാരന്മാര്‍ തയ്യാറല്ല.
ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളോട് കേരളീയ മുസ്‌ലിംകള്‍ പുലര്‍ത്തിയ സമീപനങ്ങള്‍ ഏകശിലാ സ്വഭാവമുള്ളതായിരുന്നില്ലെന്ന വസ്തുത യാഥാര്‍ഥ്യമാണ്. മുസ്‌ലിം പ്രക്ഷോഭങ്ങളോട് വിയോജിപ്പുള്ള നല്ലൊരു വിഭാഗം മുസ്‌ലിം പണ്ഡിതന്മാര്‍ അക്കാലത്തുണ്ടായിരുന്നു. എന്നാല്‍, അവര്‍ ബ്രിട്ടീഷുകാര്‍ ഖാന്‍ബഹദൂര്‍ പദവി നല്‍കി ആദരിച്ച മുസ്‌ലിം ജന്മിമാരെ പോലെ ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരായിരുന്നില്ല. പ്രത്യുത, ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച് വാടിത്തളര്‍ന്ന ഒരു ജനതയെ ഇനിയും സമര മുഖത്തേക്ക് വലിച്ചു കൊണ്ടുവരുന്നത് ആത്മഹത്യാപരമായിക്കുമെന്നായിരുന്നു അവരുടെ പക്ഷം. എന്നാല്‍, 21 ലെ മലബാര്‍ സമരം മുന്‍കാലത്തെ കാര്‍ഷിക സമരങ്ങളില്‍ നിന്ന് ഭിന്നമായി ഖിലാഫത്ത് പ്രക്ഷോഭമടക്കം ഉള്‍ച്ചേര്‍ന്ന മതകീയ പശ്ചാത്തലമുള്ള സമരം കൂടിയായിരുന്നതിനാല്‍ നിരവധി പണ്ഡിതന്മാര്‍ അതിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍ എന്നിവര്‍ ഖിലാഫത്ത് ആഭിമുഖ്യമുള്ള സമരത്തെ പിന്തുണച്ച പണ്ഡിതന്മാരായിരുന്നു. മലബാറിലെ മാപ്പിള കുടിയാന്‍മാരോട് ബ്രിട്ടീഷുകാരുടെ പൂര്‍ണ പിന്തുണയോടെ ജന്മിമാര്‍ കാണിക്കുന്ന, ക്രൂരതകളില്‍ ക്ഷമ വിട്ടവരും ഖിലാഫത്ത് സംരക്ഷണം മുസ്‌ലിംകളുടെ മതകീയ ബാധ്യതയാണെന്ന കാഴ്ചപ്പാടുമുള്ള ഉപര്യുക്ത പണ്ഡിതന്മാരുടെ സാന്നിധ്യം വലിയൊരു അനുയായിവൃന്ദത്തില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം സൃഷ്ടിക്കുകയും സമര മുഖത്തേക്കവര്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തു.
ഖിലാഫത്ത് വിരുദ്ധ പണ്ഡിതരുടെ മുന്‍നിരയിലുണ്ടായിരുന്നതും മലബാര്‍ പണ്ഡിതരില്‍ ശ്രദ്ധേയരായ മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍, തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാര്‍ എന്നിവരായിരുന്നു. സമുദായത്തിന്റെ അടിത്തറയിളക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോപങ്ങളെ സമ്മേളനങ്ങള്‍ നടത്തിയും ഫത്‌വകള്‍ ഇറക്കിയും അവര്‍ നേരിട്ടു. 1921 ജൂലൈ 24 ന് പൊന്നാനിയില്‍ സംഘടിപ്പിക്കപ്പെട്ട ഉലമാ സമ്മേളനം ഇതില്‍ ശ്രദ്ധേയമായത്. 600 ഓളം മതപണ്ഡിതന്മാര്‍ സംഗമിച്ച പ്രസ്തുത സമ്മേളനത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ക്കുമെതിരെ മഹ്ക്കുല്‍ കഫാല അലാ ഇസ്മില്‍ ഖിലാഫ, നാദില്‍ മസ്മൂഅ എന്നീ ഫത്‌വകള്‍ ഇറക്കുകയും 25000 കോപ്പി അച്ചടിച്ചു മലബാറിലാകെ വിതരണം ചെയ്യുകയും ചെയ്തു.
ഭരണകൂട വിരുദ്ധ കലാപങ്ങള്‍ക്ക് മുഖ്യധാര പണ്ഡിതന്മാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല എന്നത് ഒരപരാധമല്ല. ഖിലാഫത്ത് പ്രക്ഷോഭമെന്ന നിലയില്‍ സമരത്തിനു പിന്തുണ നല്‍കിയവര്‍ക്കും സമുദായത്തിന്റെ അസ്തിത്വം തകര്‍ക്കുന്ന സമര മുന്നേറ്റങ്ങളെന്ന നിലയില്‍ പ്രക്ഷോഭങ്ങളോട് പുറംതിരിഞ്ഞു നിന്നവര്‍ക്കും അവരവരുടേതായ ന്യായങ്ങളും വീക്ഷണങ്ങളുമുണ്ടായിരുന്നു. ആത്യന്തികമായി സമൂഹത്തിന്റെ നിയതമായ നിലനില്‍പ്പിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്. ഖിലാഫത്ത് സമരത്തോട് വിയോജിച്ച പണ്ഡിതന്മാര്‍ സമരം തീരുമാനിക്കപ്പെട്ട വേളയില്‍, ബ്രിട്ടീഷുകാരുടെ കഠിന വിരോധികളുമായ മാപ്പിളമാരെ പ്രക്ഷോഭങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ചു നിര്‍ത്തിയാല്‍ ഏതു അഹിംസാസിദ്ധാന്തത്തിന്റെ പേരിലായാലും അതു സായുധസംഘട്ടനത്തിലേക്കു വഴിതിരിഞ്ഞു പോവുമെന്ന് ദീര്‍ഘവീക്ഷണം ചെയ്തിരിക്കാം. ഇന്ത്യയില്‍ പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും മുസ്‌ലിംകളുടെ പിന്തുണ നേടാന്‍ മാത്രം കോണ്‍ഗ്രസ് ഖിലാഫത്ത് പ്രശ്‌നം ഏറ്റെടുത്തതും ഖിലാഫത്ത് പ്രസ്ഥാനത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തിയിട്ടുമുണ്ടാകാം.
ഖിലാഫത്ത് സംരക്ഷണത്തിന്റെ പേരില്‍ സമരത്തെ പിന്തുണച്ചിരുന്ന പണ്ഡിതന്മാര്‍തന്നെ ഒരിക്കലും സായുധ സമരത്തെ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിസ്സഹകരണ-ഖിലാഫത്ത് സംഘാടനത്തില്‍ തീര്‍ത്തും അഹിംസയിലൂന്നിയ സമാധാനപരമായ സമരങ്ങള്‍ക്കായിരുന്നു അവര്‍ പിന്തുണനല്‍കിയത്. എന്നാല്‍, സമരം പലകാരണങ്ങളാല്‍ സമുദായത്തിന്റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ അക്രമാസക്തമാവുകയും ചെയ്തപ്പോള്‍, മാപ്പിളമാരെ ശാന്തരാക്കി സമരം അവസാനിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഖിലാഫത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കലക്ടര്‍ സി.എഫ് തോമസ് 1921 ആഗസ്റ്റില്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രതിചേര്‍ക്കപ്പെട്ടിരുന്ന ത്രിമൂര്‍ത്തികളില്‍ ഒരാളായ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ മലപ്പുറം കച്ചേരി കൊള്ളയടിക്കാന്‍ വന്ന മാപ്പിള സംഘത്തോട് നടത്തിയ പ്രസംഗം സുപ്രസിദ്ധമാണ്. ‘നമ്മുടെ രാജ്യം സ്വതന്ത്രമാവണം, ബ്രിട്ടീഷുകാര്‍ നാട് വിടണം, എന്നാല്‍, അക്രമമല്ല അതിന്റെ പോംവഴി. നിങ്ങള്‍ സമാധാനപൂര്‍വം തിരിച്ചു പോവുക’.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി മാപ്പിളമാരെ ബ്രിട്ടീഷുകാര്‍ക്ക് എറിഞ്ഞുകൊടുത്ത കോണ്‍ഗ്രസിനെതിരെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ 1933 ല്‍ ഫറോക്കില്‍ നടന്ന സമസ്ത ആറാം വാര്‍ഷിക സമ്മേളനത്തില്‍ ബഹിഷ്‌കരണ പ്രമേയം കൊണ്ടു വരുന്നതും സമരത്തെ പിന്താങ്ങിയവര്‍ പോലും സമരാനന്തരം ഭരണകൂടത്തോട് സമരസപ്പെടുന്നതാണ് സമുദായത്തിന് അനുഗുണമാവുക എന്ന നിലപാടിലേക്കെത്തിയതും അങ്ങനെയാണ്. മലബാര്‍ സമരങ്ങളെ ശരിയായി വിശകലനം ചെയ്യാന്‍ പ്രാഥമികമായി പരിശോധിക്കേണ്ടത് പ്രക്ഷോഭ കാലത്തെ മാപ്പിള സമൂഹത്തിന്റെ ആഖ്യാന-ആവിഷ്‌കാരങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കിയ മത പണ്ഡിതന്മാരുടെ സമീപന നിലപാടുകളും തന്നെയാണ്. മാപ്പിള സമരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചരിത്രകാരന്മാര്‍ പറയുന്നത് പോലെ വര്‍ഗീയമാനങ്ങള്‍ സമരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ അവരുടെ നിലപാടുകളിലും ആവിഷ്‌കാരങ്ങളിലും അവ തീര്‍ച്ചയായും പ്രതിഫലിച്ചിരിക്കും. അത്തരം സര്‍വതല സ്പര്‍ശിയായ അവലോകനങ്ങള്‍ക്കോ വിചിന്തനങ്ങള്‍ക്കോ മുതിരാതെ സമരകാല ചരിത്രത്തെ ഉപരിപ്ലവമായ വായനയിലൂടെ വിധിയെഴുതാന്‍ ശ്രമിക്കുന്നത് വങ്കത്തരമാണെന്നും അത്തരം കാര്യങ്ങള്‍ പരിഗണിക്കാതെ ചരിത്ര വായന നടത്തുന്നത് തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്നും ചുരുക്കം.

എന്‍.എം ഫാഇസ് എളേറ്റില്‍