മഹാമാരിയും ഇമാം നവവിയുടെ വീക്ഷണ വൈവിധ്യങ്ങളും

960

പ്രമുഖ പണ്ഡിതനും ശാഫിഈ കര്‍മശാസ്ത്ര വിശാരദനും മുഹദ്ദിസുമാണ് ഇമാം അബൂ സകരിയ്യ യഹ്യ ബിന്‍ ശറഫ് നവവി (റ) (ഹി. 631-676/ ക്രി.1234-1277). ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മന:പാഠമാക്കിയ അദ്ദേഹം, തന്റെ ജീവിതം പഠനത്തിനും അധ്യാപനത്തിനും രചനക്കും ഫത്വക്കും വേണ്ടി സമര്‍പ്പിച്ചു. തന്റെ ഭക്ഷണത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവരും അത് ഹലാലും ത്വയ്യിബുമാവണമെന്ന ശാഠ്യക്കാരനുമായിരുന്നു അദ്ദേഹം. 45 വര്‍ഷത്തെ ചുരുങ്ങിയ ജീവിതമാണെങ്കിലും അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭവനകള്‍ ജനങ്ങളെ സ്വാധീനിക്കുന്നതും രചനകള്‍ വ്യത്യസ്ത മേഖലകളില്‍ പ്രാഥമിക അവലംബവുമാണ്. ഹദീസ്, കര്‍മശാസ്ത്രം, ജീവചരിത്രം, വിശ്വാസശാസ്ത്രം എന്നീ മേഖലകളില്‍ സ്വാധീനം ചെലുത്തിയ ഇമാം നവവി തങ്ങളുടെ മഹാമാരിയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകള്‍ ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ പ്രമുഖ ഗ്രന്ഥങ്ങളായ ശറഹ് മുസ്ലിം, രിയാളു സ്വാലിഹീന്‍, അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, റൗളത്തുത്വാലിബീന്‍, അല്‍ അദ്കാറുല്‍ മുന്‍തഖബ് എന്നിവ പരിശോധിച്ച്, അദ്ദേഹം ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളെ, പ്രത്യേകിച്ച് ഖദ്റിന്റെയും (വിധി) ഹദറിന്റെയും (ജാഗ്രത) ഇടയില്‍ മധ്യ നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു മഹാമാരി കഴിഞ്ഞ് ലോകം പടിപടിയായി തിരിച്ചു വരുന്ന കാലത്തും ഇത്തരത്തിലൊരു പഠനം ഏറെ ശ്രദ്ധയാകര്‍ശിക്കുന്നുണ്ട്.


മഹാമാരി: വിധിക്കും ജാഗ്രതക്കുമിടയില്‍
പകര്‍ച്ചവ്യാധി ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട അധ്യായത്തില്‍ രിയാളുസ്വാലിഹീനില്‍ ഇമാം നവവി തങ്ങള്‍ ആദ്യം രണ്ട് ആയത്തുകള്‍ കൊണ്ടുവരുന്നുണ്ട്. 1) ഉയര്‍ന്ന കോട്ടകളാകട്ടെ, എവിടെയുമാകട്ടെ നിങ്ങളെ മരണം പിടികൂടുക തന്നെ ചെയ്യും.(അന്നിസാഅ്: 78), 2) സ്വയം നാശത്തിലേക്ക് ചെന്ന് ചാടരുത് (അല്‍ബഖറ: 195). ഒന്നാം സൂക്തത്തില്‍ മറ്റൊരു ആയത്തിലുള്ള പോലെ, മനുഷ്യന്‍ എന്ത് മുന്‍കരുതല്‍ സ്വീകരിച്ചാലും മരണ സമയമയാല്‍ പിന്നെ അത് പിന്തിക്കപ്പെടുകയില്ലെന്ന് ഉറപ്പു നല്‍കുന്നു. (അല്‍മുനാഫിഖൂന്‍: 11), രണ്ടാം സൂക്തത്തില്‍, ഒരാള്‍ തന്റെ കഴിവിന്റെ പരമാവധി അപകടകരമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സ്വയം നാശത്തിലേക്ക് എടുത്തു ചാടരുതെന്നും മുന്നറിയിപ്പ്
നല്‍കുന്നു. ചുരുക്കത്തില്‍, മരണം മനുഷ്യന് ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്ന് മനുഷ്യന്‍ സ്വയം വിട്ടുനില്‍ക്കലും മുന്‍കരുതല്‍ സ്വീകരിക്കലും ഒരു വ്യക്തിയുടെ നിര്‍ബന്ധ ബാധ്യതയാണ്.
ഈ കാഴ്ചപ്പാട് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ നിന്ന് വ്യക്തമാണ്. ഇബ്നു അബ്ബാസ് (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഉമര്‍ ബിന്‍ ഖത്താബ്(റ) ശാമിലേക്ക് പുറപ്പെട്ടു. സര്‍ഗിലെത്തിയപ്പോള്‍ സൈന്യാധിപനായ അബൂ ഉബൈദ (റ)വിനെയും സംഘത്തെയും കണ്ടുമുട്ടി. അവര്‍ അദ്ദേഹത്തെ ശാമിലെ മഹാമാരിയെ കുറിച്ചറിയിച്ചു. ഇബ്നു അബ്ബാസ് (റ) പറയുന്നു: എന്നോട് ഉമര്‍ (റ) ആദ്യകാല മുഹാജിറുകളെ വിളിക്കാന്‍ പറഞ്ഞു; ഞാന്‍ അവരെ വിളിക്കുകയും അവരോട് അദ്ദേഹം ശാമിലെ മഹാമാരിയെ കുറിച്ച് കൂടിയാലോചിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ പറഞ്ഞു: നിങ്ങള്‍ ഒരു കാര്യത്തിനു വേണ്ടി പുറപ്പെട്ടതല്ലേ, അതൊഴിവാക്കി മടങ്ങണമെന്ന് ഞങ്ങള്‍ക്കഭിപ്രായമില്ല. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങള്‍ക്കൊപ്പം ബാക്കി ജനങ്ങളും സ്വഹാബാക്കളുമുണ്ട് അവരുമായി നിങ്ങള്‍ ഈ മഹാമാരിയിലേക്ക് ചെന്ന് കയറണമെന്ന് ഞങ്ങള്‍ക്കഭിപ്രായമില്ല. അവര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുകയും അവരോട് ഉമര്‍ (റ) പിരിഞ്ഞുപോകാന്‍ പറയുകയും ചെയ്തു.
ശേഷം, അന്‍സ്വാറുകളെ വിളിക്കാന്‍ പറഞ്ഞു; ഞാന്‍ അവരെ വിളിക്കുകയും അദ്ദേഹം അവരോട് കൂടിയാലോചിക്കുകയും അവരും മുഹാജിറുകളെ പോലെ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ അവരോടും പിരിഞ്ഞുപോകാന്‍ പറഞ്ഞു; ശേഷം, മക്കാവിജയാനന്തരം ഇസ്ലാം സ്വീകരിച്ച ഖുറൈശീ പ്രമുഖരെ വിളിക്കാന്‍ പറഞ്ഞു; ഞാന്‍ അവരെ വിളിക്കുകയും അവര്‍ മടങ്ങിപ്പോകാനുള്ള തീരുമാനത്തില്‍ എതിരഭിപ്രായം പ്രകടിപ്പികാതിരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു; നിങ്ങള്‍ മടങ്ങിപോകണമെന്നും മഹാമാരിയിലേക്ക് പോകരുതെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. അന്നേരം ഉമര്‍ (റ) വിളിച്ചു പറഞ്ഞു: ഞാന്‍ തിരിച്ചു പോകുകയാണ്. നിങ്ങളും തിരിക്കുക. അബൂ ഉബൈദ(റ)ചോദിച്ചു; അല്ലാഹുവിന്റെ വിധിയില്‍ നിന്നും നിങ്ങള്‍ ഓടിപ്പോകുകയാണോ?. ഉമര്‍ (റ) പറഞ്ഞു; അതെ, അല്ലാഹുവിന്റെ ഒരു വിധിയില്‍ നിന്നും മറ്റൊരു വിധിയിലേക്ക് ഞങ്ങള്‍ ഓടിപ്പോകുകയാണ്. നിങ്ങളുടെ ഒട്ടകവുമായി നിങ്ങള്‍ ഒരു താഴ്വരയില്‍ മേക്കാന്‍ പോകുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്. ആ താഴ്വരയുടെ ഒരു ഭാഗം ഫലപൂഷ്ടിയുള്ളതും മറുഭാഗം വരണ്ട് തരിശായതുമാണ്. അവിടെ നിങ്ങള്‍ ഫലപുഷ്ടിയുള്ള ഭാഗത്ത് മേയാന്‍ വിടുകയാണെങ്കില്‍ അത് അല്ലാഹുവിന്റെ വിധിക്കനുസരിച്ചല്ലേ, വരണ്ട ഭൂമിയില്‍ മേയാന്‍ വിടുന്നതും അല്ലാഹുവിന്റെ വിധിക്കനുസരിച്ചല്ലേ? . ഇബ്നു അബ്ബാസ് (റ) പറയുന്നു; അപ്പോള്‍ അബ്ദുറഹ്മാനു ബ്നു ഔഫ് (റ) വന്നു. അദ്ദേഹം തന്റെ ചില ആവശ്യങ്ങള്‍ക്കു വേണ്ടി പോയതായിരുന്നു. അദ്ദേഹം പറഞ്ഞു; ഈ വിഷയത്തെ കുറിച്ച് എനിക്ക് അറിവുണ്ട്. നബി (സ്വ) തങ്ങള്‍ പറയുന്നതായി കേട്ടു: നിങ്ങള്‍ ഒരു സ്ഥലത്ത് മഹാമാരിയുണ്ടെന്ന് കേട്ടാല്‍ അവിടേക്ക് പോകരുത്. ഇനി നിങ്ങളുള്ള നാട്ടിലാണ് മഹാമാരി വന്നതെങ്കില്‍ അവിടം വിട്ട് പോകുകയും ചെയ്യരുത്. ഉമര്‍ (റ) അല്ലാഹുവിനെ സ്തുതിക്കുകയും തിരിച്ചുപോകുകയും ചെയ്തു. (രിയാളുസ്വാലിഹീന്‍)
മേല്‍ ഹദീസില്‍ സൂചിപ്പിച്ച പോലെ, ഉമര്‍(റ) മഹാമാരി ബാധിത പ്രദേശത്ത് പ്രവേശിക്കാതിരുന്നതില്‍ നിന്നും, പ്രമുഖ സ്വഹാബി മദീനയിലേക്ക് മടങ്ങുന്നത് ചോദ്യം ചെയ്തപ്പോള്‍ അല്ലാഹുവിന്റെ ഒരു വിധിയില്‍ നിന്നും മറ്റൊന്നിലേക്കാണ് ഓടിപ്പോകുന്നതെന്ന് പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത്, മുന്‍കരുതല്‍ സ്വീകരിക്കലും അല്ലാഹുവിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നാണ്. ഉമര്‍(റ) തന്റെ തീരുമാനത്തെ ഉപമിച്ചത് ഫലപുഷ്ടിയുള്ളതും തരിശായതുമായ രണ്ട് സ്ഥലങ്ങളില്‍ ഒട്ടകത്തെ മേയാന്‍ വിടുന്നതിനോടാണ്. അല്ലാഹുവിന്റെ വിധിപ്രകാരമാണ് ആ രണ്ടുസ്ഥലങ്ങളിലും മേഞ്ഞു നടക്കുന്നത്. ഒരാള്‍ക്ക് രണ്ടാലൊരു കാര്യം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടാല്‍ പ്രയാസകരമായത് തെരഞ്ഞെടുക്കുകയും എന്നിട്ട് അല്ലാഹുവിന്റെ വിധിയെന്ന് സമാധാനിക്കുകയും ചെയ്യുന്നതിന് പകരം ആദ്യമേ ശരിയായതും ഏറ്റവും യോജിച്ചതും തെരഞ്ഞെടുക്കുന്നതാണ് പ്രധാനം എന്നും ഈ ഹദീസ് അടിവരയിടുന്നു. ഇവിടെ, ശാമില്‍ പ്രവേശിക്കാതെ ഉമര്‍(റ) തന്റെ സംഘത്തെ മഹാമാരിയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും സുരക്ഷിത സ്ഥലത്തേക്ക് യാത്ര ചെയ്യുകയുമാണ് ചെയ്തത്. ഇത് സൂചിപ്പിക്കുന്നത്, മഹാമാരിയുണ്ടാകുമ്പോള്‍ വിധിക്കും മുന്‍കരുതലിനുമിടയില്‍ ഒരു മധ്യനിലപാട് സ്വീകരിക്കണമെന്നാണ്.


മഹാമാരി ശിക്ഷയാകുമ്പോള്‍
ആയിശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, മഹതി നബിയോട് പ്ലേഗിനെ കുറിച്ച് ചോദിച്ചു. നബി തങ്ങള്‍ പറഞ്ഞു: അല്ലാഹു താനുദ്ദേശിച്ചവര്‍ക്ക് ഇറക്കികൊടുക്കുന്ന ഒരു ശിക്ഷയാണ് പ്ലേഗ്. പക്ഷേ, അല്ലാഹു വിശ്വാസികള്‍ക്കതൊരു അനുഗ്രഹമാക്കിയിരിക്കുകയാണ്. ആരുടെയെങ്കിലും നാട്ടില്‍ പ്ലേഗ് വരികയും പ്രതിഫലം കാംക്ഷിച്ച് അല്ലാഹു വിധിച്ചതേ വരൂ എന്ന് മനസിലാക്കി, ക്ഷമിച്ച് കഴിയുകയും ചെയ്താല്‍ അവര്‍ക്ക് ഒരു രക്തസാക്ഷിയുടെ പ്രതിഫലമാണ്. (ബുഖാരി). അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക്, പ്രത്യേകിച്ച് അവിശ്വാസികള്‍ക്കും തെറ്റുകാര്‍ക്കും ശിക്ഷയായാണ് മഹാമാരി ഇറങ്ങുന്നത്. ഇസ്ലാമിക വീക്ഷണത്തില്‍, ഒരു സംഭവം ഒരു വിഭാഗത്തിന് അനുഗ്രഹവും മറ്റൊരു വിഭാഗത്തിന് ശിക്ഷയുമാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഇമാം നവവി തങ്ങള്‍ വ്യക്തമാക്കിയത്, എവിടെയെങ്കിലും വിപത്തിറങ്ങുകയും അല്ലാഹു വിധിച്ചതല്ലാതെ ഒന്നും നമ്മെ ബാധിക്കുകയില്ലെന്ന പൂര്‍ണ വിശ്വാസത്തോടെയും അക്ഷമ കാണിക്കാതെയും ഒരാള്‍ അവിടെത്തന്നെ നില്‍ക്കുകയും ചെയ്താല്‍ അവന് രക്തസാക്ഷിക്ക് സമാനമായ പ്രതിഫലം നല്‍കപ്പെടും.
മറ്റൊരു ഹദീസിലും ശിക്ഷയും അനുഗ്രഹവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് വിശദീകരിക്കുന്നുണ്ട്. ആയിശ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ മദീനയിലെത്തിയപ്പോള്‍ അവിടം രോഗാതുരവും പ്രതികൂല സാഹചര്യവുമായിരുന്നു. അബൂബക്ര്‍(റ)വും ബിലാല്‍(റ)വും രോഗികളായി മാറി. തന്റെ അനുചരര്‍ രോഗികളാകുന്നത് കണ്ട തിരുദൂതര്‍ ദുആ ചെയ്തു, അല്ലാഹുവേ, മക്കയില്‍ ഞങ്ങള്‍ക്ക് അനുകൂല സാഹചര്യമാക്കിയത് പോലെയോ അതിലും നല്ലരൂപത്തിലോ മദീനയും അനുകൂലമാക്കണേ. മദീന ആരോഗ്യകരമാക്കുകയും അതിന്റെ മുദ്ദിലും സ്വാഇലും അനുഗ്രഹിക്കുകയും ചെയ്യണേ, ഞങ്ങളിലെ പനി ജുഹ്ഫയിലേക്ക് നീക്കിത്തരേണമേ. ഈ ഹദീസില്‍ നബി തങ്ങള്‍ വിശ്വാസികളുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ദുആ ചെയ്ത സമയത്ത്, ജൂതന്‍മാര്‍ താമസിക്കുന്ന ജുഹ്ഫയിലേക്ക് ആ പനി നീക്കിക്കൊടുക്കാനും ദുആ ചെയ്തു. പ്രവാചക ജീവിതത്തില്‍ ശത്രുക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ അനുകൂലവും പ്രതികൂലവുമായ രണ്ട് വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിച്ചതായി കാണാം. മുസ്ലിംകളെ നിരന്തരം വഞ്ചിക്കുകയും കരാര്‍ പെളിക്കുകയും ചെയ്തിരുന്ന ജൂതര്‍ താമാസിച്ചിരുന്നതിനാലാണ് ജുഹ്ഫക്കെതിരെ നബി തങ്ങള്‍ പ്രാര്‍ഥിച്ചത്. രണ്ടാമതായി, മഹാമാരി പൂര്‍ണമായും നീക്കം ചെയ്യാന്‍ പ്രാര്‍ഥിക്കുന്നതിലൂടെ വിശ്വാസികളുടെ അക്ഷമയെ സൂചിപ്പിക്കുമോ എന്ന് നബി(സ്വ) ഭയക്കുകയും അതിനു പകരം മദീനയില്‍ നിന്ന് നീക്കണേ എന്ന് പ്രാര്‍ഥിക്കലാണ് കൂടുതല്‍ ഔചിത്യമെന്ന് ചിന്തിക്കുകയും ചെയ്തു. ജുഹ്ഫയില്‍ ഇസ്ലാം സ്വീകരിച്ചവര്‍ മദീനയിലേക്ക് താമസം മാറ്റി. എന്നാല്‍, ത്വാഇഫില്‍ നിന്ന് നബി ശാരീരികമായ പല ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും അവര്‍ക്ക് അനുകൂലമായി പ്രാര്‍ഥിക്കുകയും അവരിലും വരും തലമുറയിലും നന്മ മുന്‍കൂട്ടിക്കണ്ട് അവരെ ശിക്ഷിക്കുന്നതില്‍ നിന്ന് ജിബ്രീല്‍ (അ)നെ തടഞ്ഞ് വെക്കുകയും ചെയ്തു. ഈ ഹദീസില്‍ നബി തങ്ങളുടെ ഇന്നും നിലനില്‍ക്കുന്ന ഒരു അമാനുഷികത വ്യക്തമാകുന്നുണ്ട്. അന്നു മുതല്‍ ആരെങ്കിലും ജുഹ്ഫയിലെ വെള്ളം കുടിച്ചാല്‍ പനി ബാധിച്ചവരാകും.
അതുപോലെത്തന്നെ, മറ്റൊരു മഹാവിപത്തായ കുഷ്ഠരോഗം പരലോകത്തുപോലും ശിക്ഷയായി പറയപ്പെടുന്നുണ്ട്. ഇമാം നവവി തങ്ങള്‍ തന്റെ അദ്കാറില്‍ മുസ്നദു ദാരിമിയിലും സുനന്‍ അബീദാവൂദിലും ഉദ്ധരിക്കപ്പെട്ട സഅ്ദ് ബിന്‍ ഉബാദ തങ്ങളുടെ ഒരു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും എന്നിട്ടത് മറക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അല്ലാഹുവിനെ കുഷ്ഠരോഗിയായി കണ്ടുമുട്ടുന്നതാണ്. സുനന്‍ അബീദാവൂദിലും തിര്‍മിദിയിലും അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍, നബി(സ്വ) തങ്ങള്‍ പറയുന്നു, തശഹുദ് (വിശ്വാസ സാക്ഷ്യം) ഇല്ലാത്ത എല്ലാ പ്രഭാഷണവും കുഷ്ഠരോഗം ബാധിച്ച കൈ പോലെയാണ്. ഈ രണ്ട് ഹദീസിലും കുഷ്ഠരോഗം ശിക്ഷയായാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.


രോഗപ്പകര്‍ച്ചയിലെ വൈരുദ്ധ്യങ്ങള്‍
1) അംറ് ബിന്‍ ശരീദ് തങ്ങള്‍ തന്റെ പിതാവ് പറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു: സഖീഫില്‍ നിന്ന് വന്ന സംഘത്തില്‍ ഒരു കുഷ്ഠരോഗിയുണ്ടായിരുന്നു. നബി തങ്ങള്‍ അയാളുടെ അടുത്തേക്ക് ഒരു ദൂതനെ പറഞ്ഞയച്ച് അറിയിക്കാന്‍ പറഞ്ഞു, നിങ്ങള്‍ തിരിച്ചു പോകണം, നിങ്ങളുടെ ബൈഅത്ത് നാം സ്വീകരിച്ചിരിക്കുന്നു. (ശര്‍ഹു മുസ്ലിം: 14/228).
2) നബി തങ്ങള്‍ പറഞ്ഞു: രോഗിയായ ആളെ ആരോഗ്യവാന്റെ അടുത്ത് നിര്‍ത്തരുത് (ശര്‍ഹു മുസ്ലിം: 14/214).
3) നബി തങ്ങള്‍ പറഞ്ഞു: കുഷ്ഠരോഗിയില്‍ നിന്ന് സിംഹത്തിന്റെ അടുത്ത് നിന്ന് ഓടുന്ന പോലെ ഓടിപ്പോകണം. (ശര്‍ഹു മുസ്ലിം: 14/228).
4) ജാബിര്‍ ബിന്‍ അബ്ദില്ല (റ) ഉദ്ധരിക്കുന്നു, നബി തങ്ങള്‍ ഒരു കുഷ്ഠരോഗിയുടെ കൈ പിടിക്കുകയും തന്റെ തളികയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയും എന്നിട്ട് പറയുകയും ചെയ്തു, അല്ലാഹുവിന്റെ നാമത്തില്‍ അവനെ വിശ്വസിച്ച് അവനില്‍ ഭരമേല്‍പ്പിച്ച് (പകര്‍ച്ചവ്യാധിയില്‍ നിന്ന് സംരക്ഷണം) ഭക്ഷിക്കുക. (ശര്‍ഹു മുസ്ലിം: 14/214).
5) നബി തങ്ങള്‍ പറഞ്ഞു, രോഗപ്പകര്‍ച്ചയോ പക്ഷിലക്ഷണമോ ഇല്ല, പക്ഷേ, എനിക്ക് ശുഭലക്ഷണങ്ങള്‍ ഇഷ്ടമാണ്. സ്വഹാബ ചോദിച്ചു, എന്താണ് ശുഭ ലക്ഷണം? അവിടുന്ന് പറഞ്ഞു, നല്ല വാക്ക്. (ശര്‍ഹു മുസ്ലിം: 14/218).
രോഗപ്പകര്‍ച്ചയുമായി ബന്ധപ്പെട്ട് മേല്‍ ഉദ്ധരിച്ച ഹദീസുകളില്‍ വൈരുദ്ധ്യം കാണാം. ഒരു വശത്ത് പ്രവാചകന്‍ സാംക്രമിക രോഗങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും, മറ്റൊരു വശത്ത് രോഗപ്പകര്‍ച്ചയുടെ സാധ്യത തന്നെ തള്ളിക്കളയുന്ന ശൈലിയുമാണ് സ്വീകരിച്ചത്. ഇവക്കിടയില്‍ എങ്ങനെ യോജിപ്പിലെത്താമെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നു. ആദ്യ മൂന്ന് ഹദീസുകള്‍ സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കാന്‍, കഴിയാവുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യര്‍ക്ക് ഉത്ബോധനം നല്‍കുകയും അവസാന രണ്ട് ഹദീസുകള്‍ അല്ലാഹുവിന്റെ കല്‍പ്പനയില്ലാതെ ഒരു പകര്‍ച്ചയുമുണ്ടാകില്ലെന്നും അതിന് സ്വയം കഴിവില്ലെന്നും വ്യക്തമാക്കുന്നു. പണ്ഡിതര്‍ക്കിടയിലെ പ്രബല വീക്ഷണം ഈ രൂപത്തില്‍ യോജിപ്പിലെത്തലാണെന്ന് ഇമാം നവവി തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രവാചകന്‍ രോഗിയും ആരോഗ്യവാനും ഒരുമിച്ചിരിക്കുന്നത് നിരോധിച്ചത് പകര്‍ച്ചയുണ്ടാകുമോ എന്ന കാരണത്താലല്ലെന്നും, ദുര്‍ഗന്ധം വമിക്കുന്നത് കാരണമാണെന്നും ചില പണ്ഡിതര്‍ വാദിച്ചിട്ടുണ്ടെങ്കിലും ഇമാം നവവി തങ്ങള്‍ ഈ അഭിപ്രായത്തിന് പ്രാധാന്യം നല്‍കുന്നില്ല.
ആഇശ ബീവി(റ)ക്ക് ഒരു കുഷ്ഠരോഗിയായ സേവകനുണ്ടായിരുന്നു. അദ്ദേഹം മഹതിയുടെ തളികയില്‍ നിന്നും ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും കുടിക്കുകയും അവിടുത്തെ വിരിപ്പില്‍ ഉറങ്ങുകയും ചെയ്യുമായിരുന്നു. പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കൊപ്പം ഭക്ഷിക്കുന്നത് അനുവദനീയവും അവര്‍ക്കൊപ്പം കൂട്ടംകൂടി നില്‍ക്കരുതെന്ന പ്രമാണം അസാധുവുമാണെന്ന് ഉമര്‍(റ)വും മറ്റു ചിലരും അഭിപ്രായപ്പെടുന്നു. അസാധുവാണെന്ന അഭിപ്രായത്തെ പ്രബലാഭിപ്രായം തള്ളിക്കളയുകയും, ഓടിപ്പോകാനും അകല്‍ച്ച പാലിക്കാനുമുള്ള കല്‍പന നിര്‍ബന്ധമല്ല, സുന്നത്താണെന്നും സൂചിപ്പിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍, പ്രവാചകന്‍ പകര്‍ച്ചവ്യാധി ബാധിച്ചവര്‍ക്കൊപ്പം ഭക്ഷിച്ചത് അത് അനുവദനീയമാണെന്ന് അറിയിക്കാനാണ്.
ഇത്തരം രോഗികളുമായി അടുത്തിടപഴകുമ്പോള്‍ അതിന് പരിധി വെക്കേണ്ടതിനെ പറ്റി സൂചിപ്പിക്കുന്ന ഒരു സന്ദര്‍ഭം ഇമാം നവവി തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക ആവശ്യമായ വെള്ളമെടുക്കാന്‍ ഒരു ഗ്രാമത്തിലെ ആളുകള്‍ക്ക് കുഷ്ഠരോഗികളോട് ഇടകലരാതിരിക്കാന്‍ കഴിയാത്ത വിധം പ്രയാസത്തിലായാല്‍, ഒരു ബുദ്ധിമുട്ടും കൂടാതെ വെള്ളം കോരാന്‍ കഴിയുമെങ്കില്‍ അവരങ്ങനെ ചെയ്യേണ്ടതാണ്. കുഷ്ഠരോഗികളും അതേ വെള്ളം എടുക്കുന്ന സാഹചര്യത്തില്‍ ബുദ്ധിമുട്ട് വരാന്‍ സാധ്യത ഉണ്ടെങ്കില്‍ കുഷ്ഠരോഗികള്‍ക്ക് വെള്ളം ലഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അല്ലാത്ത പക്ഷം കുഷ്ഠരോഗികളെ വെള്ളമെടുക്കാന്‍ വരുന്നത് തടയാവതല്ല. സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രത സാമൂഹിക ബാധ്യതയാണെന്ന് ഇവിടെ വ്യക്തമാണ്.
കുഷ്ഠം ബാധിച്ചവര്‍ പള്ളിയില്‍ കയറുന്നതും ജനങ്ങളുമായി ഇടപെടുന്നതും നിരോധിക്കുന്ന അഭിപ്രായത്തെ പണ്ഡിതര്‍ അനുകൂലിച്ചതായി ഖാള്വി ഇയാള് തങ്ങള്‍ പറയുന്നു. രോഗിങ്ങളുടെ എണ്ണം കൂടുതലാണെങ്കില്‍ അവരെ ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തല്‍ ആവശ്യമാണോ, അതോ അവരെ അവരുടെ ഇഷ്ടത്തിനൊത്ത് വിടണോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഭൂരിഭാഗവും അവരെ ഒറ്റപ്പെടുത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍, പരിമിതമായ ആളുകളെയൊള്ളൂ എങ്കില്‍ അവരെ അവരുടെ കാര്യങ്ങളില്‍ നിന്നും ജുമുഅ:ക്ക് വരുന്നതില്‍ നിന്നും തടഞ്ഞ് വെക്കാന്‍ പാടില്ല. അതേസമയം അവര്‍ മറ്റു നിസ്‌കാരങ്ങള്‍ക്ക് ജമാഅത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. പകര്‍ച്ച വ്യാധിയുളള ഒരു ശരീരവുമായി മറ്റൊരു ശരീരം കണ്ടുമുട്ടുമ്പോള്‍ രോഗം സ്വയം പകരുന്നതല്ലെന്നും അവ അല്ലാഹുവിന്റെ വിധിക്കനുസരിച്ചാണ് പകരുന്നതെന്നും മുകളില്‍ വിശദീകരിച്ചതില്‍ നിന്നും മനസിലാക്കാം. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന്റെയും അല്ലാഹുവിന്റെ വിധിയില്‍ ശക്തമായി വിശ്വസിക്കുന്നതിന്റെയും ഇടയില്‍ സന്തുലിതമായ നിലപാട് ഉണ്ടാവണമെന്നാണ് മുകളില്‍ സൂചിപ്പിച്ച വ്യത്യസ്ത കാഴ്ചപ്പാടുകള്‍ അര്‍ഥമാക്കുന്നത്. അതാണ് ഇമാം നവവി തങ്ങള്‍ തന്റെ വ്യാഖ്യാനങ്ങളില്‍ അടിവരയിട്ടതും.


മഹാമാരിക്കാലത്തെ പ്രാര്‍ഥന
മഹാമാരി അല്ലാഹുവിന്റെ അടുത്ത് നിന്നുള്ള ശിക്ഷയാണെന്ന നിലക്ക് അതിനെതിരെയുള്ള പോരാട്ടത്തിന്റെ പ്രധാന വഴി പ്രാര്‍ഥനയാണ്. ഇക്കാരണത്താലാണ്, വല്ല വിപത്തും ഇറങ്ങുമ്പോള്‍ എല്ലാ ഫര്‍ള് നിസ്‌കാരങ്ങളിലും അവസാന റക്അത്തില്‍ നാസിലത്തിന്റെ ഖുനൂത്ത് ഓതാനുള്ള കല്‍പന ഉണ്ടായത്. പൊതുവെ, അല്ലാഹു തങ്ങള്‍ക്ക് വിധിച്ചതില്‍ തൃപ്തിയടയുകയും അവര്‍ക്ക് വന്നുഭവിച്ചതില്‍ പരാതിപ്പെടാതിരിക്കുകയും ചെയ്യുന്നവരാണ് സൂഫികള്‍. എന്തെങ്കിലും കാര്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നത് അവര്‍ നിലവിലെ സാഹചര്യത്തില്‍ സംതൃപ്തരല്ലെന്നാണ് സൂചിപ്പിക്കുന്നത്. അത് അല്ലാഹുവിലുള്ള നിഷ്‌കളങ്ക വിശ്വാസത്തിനെതിരാണ്. അവരുടെ കാഴ്ചപ്പാടില്‍ പ്രാര്‍ഥന, അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ബലഹീനതയും അവന്റെ വിധിയില്‍ സംതൃപ്തിയില്ലായ്മയുമാണ് വ്യക്തമാക്കുന്നത്. അതുകൊണ്ട്, പ്രാര്‍ഥന നിരുത്സാഹപ്പെടുത്തപ്പെടണം.
ഇമാം അബൂഹാമിദ് അല്‍ഗസ്സാലി തവക്കുലിന്റെ ശക്തിക്കും ബലഹീനതക്കുമനസരിച്ച് അതിന് മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നുണ്ട്. ഒന്ന്; ഒരു ഏജന്റിനെ വിശ്വസിക്കുന്നത് പോലെ, അല്ലാഹു തന്നെ പരിഗണിക്കുന്നുണ്ടെന്നും തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും വിശ്വസിക്കുക. രണ്ട്; ഒരു കുട്ടിക്ക് തന്റെ ഉമ്മയോടുള്ള ബന്ധം പോലെ അല്ലാഹുവിനെ കാണുക. ഇത് ഒന്നുകൂടെ ശക്തമാണ്. ആ കുട്ടിക്ക് തന്റെ ഉമ്മയെ മാത്രമേ അറിയൂ. തന്റെ ഉമ്മയെ മാത്രമേ എല്ലാ കാര്യത്തിലും അവലംബിക്കൂ. ഇവിടെ അവന് ഉമ്മയുടെ സംരക്ഷണവും വാത്സല്യവും ഉറപ്പാണ്. ഇവ രണ്ടും തമ്മിലെ വ്യത്യാസം, രണ്ടാമത്തേതില്‍ അവന്‍ തന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ ആരെയാണോ ആശ്രയിക്കുന്നത് അവരെ കുറിച്ച് മാത്രം ചിന്തിക്കുന്നു. ഒന്നാമത്തേതില്‍ തവക്കുലോടു കൂടെ അതിനു വേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. മൂന്ന്; ഇത് ഏറ്റവും ഉന്നതമായ ഘട്ടമാണ്. തന്റെ ചലന-നിശ്ചലനങ്ങളിലും അല്ലാഹുവിന്റെ അടുക്കല്‍, കുളിപ്പിക്കുന്നവന്റെ മുന്നിലെ മയ്യിത്ത് പോലെ ആകുക. ഈ ഘട്ടത്തില്‍ അവന്റെ എല്ലാ കാര്യങ്ങളും അവന് ഉറപ്പാണ്. ഒന്നിനും വേണ്ടി കാത്തിരിക്കേണ്ടി വരില്ല. തവക്കുലിന്റെ ഈ ഘട്ടത്തില്‍ അവന്‍ അല്ലാഹുവിലുള്ള പരിപൂര്‍ണ വിശ്വാസം കാരണം അല്ലാഹുവിനോടുള്ള ചോദ്യവും പ്രാര്‍ഥനയും ഒഴിവാക്കുന്ന അവസ്ഥ വരുന്നു. കാരണം, ചോദിച്ച് കിട്ടുന്നതിനേക്കാള്‍ ഉന്നതമായത് അല്ലാഹു ചോദിക്കാതെ നല്‍കുന്നുണ്ടല്ലോ. ഒരര്‍ഹതയുമില്ലാതെ ഒരു പ്രാര്‍ഥനയുമില്ലാതെ എത്രയാളുകളാണ് ഒരുപാട് അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നത്. രണ്ടാം ഘട്ടത്തില്‍, അല്ലാഹു അല്ലാത്തവരോട് ചോദിക്കരുതെന്ന് വ്യക്തമാണെങ്കിലും അല്ലാഹുവിനോടുള്ള പ്രാര്‍ഥന ഒഴിവാക്കണമെന്ന് പറയുന്നില്ല.
അല്ലാഹുവിന്റെ അറിവില്‍, എല്ലാ വിധിയും സമ്പൂര്‍ണമാണ്. എല്ലാം അവന്റെ അറിവനുസരിച്ചാണ് സംഭവിക്കുന്നത്. ഒരാള്‍ തവക്കുല്‍ ചെയ്യുന്നുണ്ടല്ലോ എന്ന് കാരണം പറഞ്ഞാലും അത് അവനെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തുന്നില്ല. ഉദാഹരണത്തിന്, അല്ലാഹു എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നു എന്ന അല്ലാഹുവിന്റെ കല്‍പന ആശ്രയിച്ച് ഒരു വിശ്വാസി ഒന്നും തിന്നാതിരിക്കാറില്ലല്ലോ, മറിച്ച്, അല്ലാഹുവാണ് എല്ലാത്തിന്റെയും യഥാര്‍ഥ ഉറവിടം എന്ന വിശ്വാസത്തില്‍ ജോലിക്ക് പോകുകയും ഭക്ഷിക്കുകയും ചെയ്യുന്നു. ‘താങ്കളവരെ എറിഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ എറിഞ്ഞത് താങ്കളല്ല, പ്രത്യുത അല്ലാഹുവാണ് എറിഞ്ഞത്’ (അല്‍അന്‍ഫാല്‍: 17) എന്നാണല്ലോ ആയത്തിലുള്ളത്.


നിരോധനാജ്ഞ
പ്രവാചകന്‍ (സ) തങ്ങള്‍ പറഞ്ഞു: ഒരു നാട്ടില്‍ പ്ലേഗ് ഉണ്ടെന്ന് കേട്ടാല്‍ അവിടേക്ക് പുറപ്പെടരുത്. പക്ഷേ, അവന്‍ താമസിക്കുന്ന നാട്ടിലാണ് വിപത്ത് ഉണ്ടായതെങ്കില്‍ അവിടെ നിന്ന് ഓടിപ്പോകരുത്. ആയിശ ബീവി റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുള്ളത് പോലെ (മഹാമാരി ശിക്ഷയാകുമ്പോള്‍ എന്ന ഭാഗത്ത് പറഞ്ഞത് പോലെ) മദീന പനി ബാധിത പ്രദേശമായിരുന്നിട്ടും പ്രവാചകരും അനുചരരും അവിടെ പ്രവേശിച്ചത്, മഹാമാരി ബാധിത പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തിറങ്ങുന്നതും നിരോധിക്കുന്ന ഹദീസുമായി വൈരുധ്യമുണ്ട്. ഇമാം നവവി തങ്ങള്‍ നബിയും അനുചരരും രോഗ ബാധിത പ്രദേശങ്ങളില്‍ പ്രവേശിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കുന്നുണ്ട്, 1) അവര്‍ മദീനയില്‍ താമസമാക്കിയതിനു ശേഷമാണ് ഈ പറയപ്പെട്ട നിരോധനം വരുന്നത്. 2) പ്ലേഗ് പോലെയുള്ള മാരക രോഗങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിനാണ് നിരോധനം. എന്നാല്‍, മദീനയിലെ സാഹചര്യം വ്യത്യസ്തമായിരുന്നു. അതുകൊണ്ടു തന്നെ, നിരോധനം എല്ലാരോഗങ്ങളെയും പൊതുവായി ബാധിക്കാത്തതും, പ്രധാനമായും മാരകരോഗങ്ങള്‍ക്കുള്ളതുമാകുന്നു.
പ്ലേഗ് ബാധിത പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതുമായി ബന്ധപ്പെട്ട നിരോധനയെ കുറിച്ച് അബ്ദുല്‍ ഹഖ് ബിന്‍ സൈഫുദ്ദീന്‍ അദഹ്ലവിയും മറ്റും ചില വസ്തുതകള്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ ചിലത്, 1) സാംക്രമിക രോഗങ്ങള്‍ ശ്വാസോഛാസത്തിലൂടെ പകരുന്നതാണ്. ജീവനാശകമായ വായു ശരീരത്തിന്റെ ബാഹ്യഭാഗത്ത് ഒരു ഭീഷണിയുമില്ല. മറിച്ച്, ആന്തരിക ഭാഗങ്ങളെ ബാധിക്കുന്നു. അതുകൊണ്ട്, അവിടത്തെ താമസക്കാര്‍ അവിടന്ന് പലായനം ചെയ്യുന്നതുകൊണ്ട് ഒരു ഉപകാരവുമില്ല. കാരണം, അവര്‍ അവിടെ താമസിച്ച സമയത്ത് രോഗം ആന്തരികമായി ബാധിച്ചിരുന്നു. 2) പുറത്ത് കടക്കല്‍ അനുവദനീയമായിരുന്നെങ്കില്‍, ശാരീരിക ക്ഷമതയില്ലാത്ത, ശയ്യാവലംബികളായ ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ, അവരുടെ വിലാപങ്ങള്‍ക്ക് ചെവികൊടുക്കാതെ മോശം സാഹചര്യം സൃഷ്ടിച്ച് എല്ലാ ആരോഗ്യവാന്മാരും ഓടിപ്പോകുമായിരുന്നു. മരണസമയത്ത് പരാശ്രയമില്ലാതെ രോഗികള്‍ ഒറ്റക്കാവുകയും ചെയ്യുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍, അത് ഗൗരവതരമായ അത്യാഹിതങ്ങള്‍ക്കും സമൂഹത്തില്‍ മന:ശാസ്ത്രപരമായ ആഘാതങ്ങള്‍ക്കും കാരണമാകുന്നു.
ഉമര്‍ (റ) ശാമിലേക്ക് പോയ ഹദീസിന്റെ വ്യാഖ്യാനത്തില്‍, ഇമാം നവവി തങ്ങള്‍ സ്വഹാബികളുള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതരുടെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഈ വിഷയത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഖാള്വി ഇയാള് തങ്ങളെ ഉദ്ധരിച്ച്, ഈ വിഷയത്തില്‍ പ്രബലാഭിപ്രായം; പ്രവേശനവും പുറത്ത് കടക്കലും നിരോധിക്കപ്പെട്ടതാണെന്ന് ഇമാം നവവി തങ്ങള്‍ അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായമാണ് ശരിയായ വ്യാഖ്യാനങ്ങളോടും അക്ഷരാര്‍ഥത്തിലും യോജിച്ചത്. നിങ്ങള്‍ ശത്രുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കരുത്, പക്ഷേ, കണ്ടുമുട്ടിയാല്‍ ശത്രുവിനെ ക്ഷമയോടെ സമീപിക്കുക എന്ന ഹദീസിന്റെ വിവക്ഷയോട് ഏറ്റവും അടുത്ത കാഴ്ചപ്പാടിണിത്. ഈ ഹദീസ് ഉപദ്രവകരമായ കാര്യങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും എന്തെങ്കിലും ഭയാനകമായത് സംഭവിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കുന്നതിനു പുറമെ അല്ലാഹുവിന്റെ വിധിയില്‍ അഭയം പ്രാപിക്കാനും പ്രോല്‍സാഹിപ്പിക്കുന്നു. തന്റെ രക്ഷക്ക് കാരണമാകുമെന്ന് മാത്രം വിശ്വസിച്ച് പലായനം ചെയ്യുന്നത് നിരോധിക്കുന്ന ഹദീസിന്റെ വെളിച്ചത്തില്‍, ജോലിയന്വേഷിച്ചും, പലായനമല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടിയും യാത്ര ചെയ്യല്‍ അനുവദനീയമാണെന്ന് പണ്ഡിതര്‍ ഐക്യകണ്ഠേന അഭിപ്രായപ്പെടുന്നു. കൂടാതെ, പ്രവാചക പത്നി, ആയിശ ബീവി(റ) മഹാമാരിയില്‍ നിന്ന് പലായനം ചെയ്യല്‍ യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടുന്നതിന് സമാനമാണെന്ന് വാദിക്കുന്നു. മറ്റുചില പണ്ഡിതര്‍ രോഗബാധിത പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തു കടക്കുന്നതും നിയമവിരുദ്ധമല്ലെന്ന് നിരീക്ഷിക്കുകയും, ഉമര്‍(റ) ശാമിലേക്കുള്ള വഴിമധ്യേ സര്‍ഗില്‍ നിന്ന് മടങ്ങിയ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു എന്ന് കാണിച്ച് തങ്ങളുടെ വാദത്തെ സാധൂകരിക്കുകയും ചെയ്യുന്നു.
അതോടൊപ്പം, അബൂമൂസല്‍ അശ്അരി(റ), മസ്റൂഖ്(റ), അസ്വദ് ബിന്‍ ഹിലാല്‍(റ) എന്നിവര്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്തിരുന്നു. മണല്‍തിട്ടകളിലും താഴ് വരകളിലും പര്‍വത ശിഖരങ്ങളിലും പോയി മഹാമാരിയില്‍ നിന്നും അഭയം തേടാന്‍ അംറ് ബിന്‍ ആസ് തങ്ങള്‍ തന്റെ ജനങ്ങളോട് ഉപദേശിച്ചിരുന്നു. പ്രവേശിക്കുന്നത് കൊണ്ടും പുറത്ത് കടക്കുന്നത് കൊണ്ടും അല്ലാഹു വിധിച്ചതല്ലാത്ത മറ്റെന്തോ ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നത് മേല്‍ സൂചിപ്പിക്കപ്പെട്ട ഹദീസ് വിലക്കുന്നതായി ഈ വിഭാഗം വിശദീകരിക്കുന്നു. തത്ഫലമായി ഒരാളെകുറിച്ച് തന്റെ വരവ് കാരണം രോഗപ്പകര്‍ച്ചയുണ്ടായെന്നും, സ്ഥലം വിട്ടത് കൊണ്ട് സുരക്ഷിതമായെന്ന് മറ്റൊരാളെ കുറിച്ചും ജനങ്ങള്‍ പറയുന്നു. ജനങ്ങള്‍ ഈ രീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതിശക്തമായ ദുരിതങ്ങള്‍ വന്നുഭവിക്കും. പക്ഷി ലക്ഷണം നോക്കുന്നതും കുഷ്ഠരോഗിയുടെ അടുത്ത് ചെല്ലുന്നതും നിരോധിച്ചതിന് സമാനമാണ് ഈ നിരോധനയെന്നും ഈ വിഭാഗം വാദിക്കുന്നു. ഈ നിരോധന തവക്കുലോടുകൂടെ അല്ലാഹുവിലുള്ള വിശ്വാസം സംരക്ഷിക്കുന്നതോടൊപ്പം, നമ്മളെത്രെ സജ്ജരാണെങ്കിലും അല്ലാഹു ഉദ്ദേശിച്ചത് സംഭവിക്കുമെന്നും തെളിയിക്കുന്നു.


പാത്രങ്ങള്‍ മൂടിവെക്കുക
ജാബിര്‍ ബിന്‍ അബ്ദില്ല(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: നിങ്ങള്‍ പാത്രങ്ങള്‍ മൂടിവെക്കുക. വെള്ളത്തോല്‍പാത്രങ്ങള്‍ കെട്ടിവെക്കുക. കാരണം വര്‍ഷത്തിലൊരു രാത്രിയില്‍ മഹാമാരിയിറങ്ങും. അത് തുറന്ന് വെച്ച പാത്രങ്ങളിലൂടെയും കെട്ടിവെക്കാത്ത തോല്‍പാത്രങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അതില്‍ രോഗപകര്‍ച്ച ബാധിക്കുന്നു. ഈ ഹദീസില്‍, മഹാമാരിക്കും പാത്രം മൂടിവെക്കുന്നതിനുമിടയിലെ ബന്ധത്തെ കുറിച്ച് പറയുന്നു. ഒരു ഉദ്ധരണിയില്‍ രാത്രിക്ക് പകരം പകല്‍സമയം എന്ന് കാണാം. അനറബികള്‍ ഡിസംബര്‍ മാസത്തില്‍ വിപത്തിറങ്ങുന്നത് പ്രതീക്ഷിച്ചിരിക്കുന്നവരും ഈ കാലത്ത് പാത്രം മൂടിവെക്കാനും തോല്‍പാത്രം കെട്ടിവെക്കാനും കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നവരായിരുന്നു. ശൈത്യകാലത്തെ സൂചിപ്പിക്കാന്‍ റോമക്കാരുപയോഗിക്കുന്ന കാനൂന്‍ എന്ന പദമാണ് ഇമാം നവവി തങ്ങള്‍ ഇവിടെ ഉപയോഗിച്ചത്. കാനൂന്‍ അവ്വല്‍ എന്നാല്‍ ഡിസംബറും കാനൂന്‍ ആഖിര്‍ എന്നാല്‍ ജനുവരിയുമാണ്. രോഗവ്യാപനത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യമാണ് തണുപ്പ് എന്ന നിലക്ക് ശൈത്യകാലത്ത് രോഗങ്ങള്‍ വ്യാപിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാരും മറ്റ് വിദഗദ്ധരും സ്ഥിരീകരിക്കുന്നു.
ഹദീസില്‍ സൂചിപ്പിക്കപ്പെട്ട രാത്രി കൃത്യമല്ല. അത് വര്‍ഷത്തിലെ ഏത് രാത്രിയാവാനും സാധ്യതയുണ്ട്. അതുകൊണ്ട് ജനങ്ങള്‍ എല്ലാ സമയത്തും പാത്രം മൂടിവെക്കണം. ഓരോ സാംക്രമിക രോഗങ്ങള്‍ക്കും പ്രത്യേക കാലമുണ്ട്. അത് സ്ഥലത്തിനും സമയത്തിനും രോഗത്തിനുമനുസരിച്ച് വ്യത്യാസപ്പെടും. മഹാമാരി ഇറങ്ങുന്നതും അതിന്റെ വ്യാപനവും ചലനവും അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഭൂമിശാസ്ത്രവും പ്രത്യേകിച്ച് വായുവും കാലാവസ്ഥയും സ്വാധീനിക്കുന്നു. വര്‍ഷത്തിലെ പ്രത്യേക സീസണുകളില്‍ ചില പകര്‍ച്ചവ്യാധി രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് മെഡിക്കല്‍ സയന്‍സ് സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിന്, അഞ്ചാം പനിയും പോളിയോയും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ കൂടുതലായുണ്ടാകുന്നു. ടൈഫോയിഡ് ചൂട്കാലത്തും കൂടുതലായി ഉണ്ടാകുന്നു. കോളറ എല്ലാ ഏഴ് വര്‍ഷങ്ങളിലും സ്മാള്‍പോക്സ് എല്ലാ മൂന്ന് വര്‍ഷത്തിലുമൊരിക്കല്‍ ഉണ്ടാകുന്നു.
മഹാമാരിയുമായി ബന്ധപ്പെട്ട ഇമാം നവവി തങ്ങളുടെ വീക്ഷണങ്ങളും വിധികളും ഈ ലേഖനത്തില്‍ പഠനവിധേയമാക്കുകയും, അദ്ദേഹത്തിന്റെ അഞ്ച് പ്രധാന ഗ്രന്ഥങ്ങള്‍ പരിശോധിച്ച്, വ്യത്യസ്ത ശീര്‍ഷകങ്ങളിലായി വിവര ശേഖരണം നടത്തി സംക്ഷിപ്ത വിശകലനം നടത്തുകയും ചെയ്തു. ഈ ലേഖനത്തില്‍ മഹാമാരിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ വിശ്വാസപരവും സാമൂഹികവും ധാര്‍മികവും നിയമപരവുമായ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഇമാം നവവി തങ്ങള്‍ പ്രമുഖ പണ്ഡിതനാണെന്ന നിലക്ക് മഹാമാരിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ പൊതുവേ ആധികാരികവും സ്വീകാര്യവുമാണ്.
രിയാളുസ്വാലിഹീനില്‍ രോഗബാധിത പ്രദേശത്തേക്ക് പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും നിരോധിക്കുന്നതുമായി ബന്ധപ്പെട്ട അധ്യായത്തിലെ രണ്ട് ആയത്തുകളെ വിശകലനം ചെയ്താണ്, വിധിക്കും മുന്‍കരുതലിനുമിടയില്‍ സമതുലിതാവസ്ഥ വേണമെന്ന കാഴ്ചപ്പാട് ഈ ലേഖനത്തില്‍ മുന്നോട്ടുവെച്ചത്. ഉമര്‍(റ) വിന്റെ വീക്ഷണപ്രകാരം, മുന്‍കരുതല്‍ സ്വീകരിക്കലും വിധി അനുസരിക്കുന്നതിന്റെ ഭാഗമാണ്. ഇത് അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിക്കുകയും മുന്‍കരുതല്‍ സ്വീകരിക്കലിന്റെ പ്രാധാന്യം ഉറപ്പിക്കുകയും ചെയ്യുന്നു. രോഗപ്പകര്‍ച്ചയുടെയും മുന്‍കരുതലിന്റെയും വിഷയത്തില്‍ പരസ്പരവിരുദ്ധമായ ഹദീസുകള്‍ ഇമാം നവവി തങ്ങള്‍ യോജിപ്പിച്ച് പറഞ്ഞു. അതുപേലെ, മഹാമാരി ചിലര്‍ക്ക് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള ശിക്ഷയായും അതേസമയം, മന:സ്ഥൈര്യവും ക്ഷമയുമുള്ള വിശ്വാസികള്‍ക്ക് അനുഗ്രഹമായും വിശ്വസിക്കപ്പെടുന്നു. ക്ഷമയും നന്ദിയും ഒരുമിച്ചുണ്ടാകേണ്ട പരീക്ഷണമാണ് മനുഷ്യജീവിതം എന്നാണ് വിശ്വാസീപക്ഷം. വിപത്തുകളില്‍ അല്ലാഹുവിലുള്ള വിശ്വാസത്തിനും പ്രാര്‍ഥനക്കും വിശ്വാസിയുടെ ജീവിതത്തില്‍ പ്രധാന പങ്കുണ്ട്. സാമൂഹിക അകലം പാലിക്കുന്നതുമായും ഇത്തരം പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിരോധിക്കുന്നതുമായും ചില ഒറ്റപ്പെട്ട നിയമങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഇവിടെ വിശദമായി ചര്‍ച്ചചെയ്തു. അതോടൊപ്പം, പാത്രങ്ങള്‍ മൂടിവെക്കുന്നതും വിപത്തിറങ്ങുന്നതും തമ്മിലെ ബന്ധവും വിശദീകരിക്കുകയുണ്ടായി.

ഡോ: സയ്യിദ് മുഹ്സിന്‍ ഹുദവി കുറുമ്പത്തൂര്‍
മുര്‍ശിദ് നെടുങ്ങോട്ടൂര്‍