ഇസ്രയേലിയന്‍ സാമ്രാജ്യത്വ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ തന്റെ തൂലികകൊണ്ട് പ്രതിരോധം തീര്‍ത്ത വിശ്രുത ഫലസ്തീന്‍ കവിയായിരുന്നു അടുത്തിടെ വിടപറഞ്ഞ മുരീദ് അല്‍ ബര്‍ഗൂതി. യൗവ്വനാരംഭം മുതല്‍ നീണ്ട മുപ്പത് വര്‍ഷങ്ങള്‍ ജന്മനാടും വീടും നിഷേധിക്കപ്പെട്ട് മറ്റു രാജ്യങ്ങളില്‍ ഹതാശയനായി അഭയം പ്രാപിക്കേണ്ടി വന്ന ബര്‍ഗൂതി ഫലസ്തീനിലും ഇതര അറേബ്യന്‍ സമൂഹങ്ങളിലും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായ നിലാംബരര്‍ക്ക് തന്റെ വാക്കുകളിലൂടെ ഊര്‍ജം പകരുകയായിരുന്നു. കടുത്ത ജനാധിപത്യ വാദിയായ അദ്ദേഹം അധീശത്വവ്യവഹാരങ്ങള്‍ക്കു മുന്നില്‍ തലകുനിക്കാതെ ഫലസ്തീന്‍ വിമോചനത്തിനായി എന്നും നിലകൊണ്ടു.
ഇസ്രയേല്‍ രാഷ്ട രൂപീകരണത്തിന്റെ രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 1944ല്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ റാമല്ലക്കടുത്ത് ദീര്‍ഗസ്സാനയിലായിരുന്നു ജനനം. 1963ല്‍ ഉപരിപഠനാവശ്യാര്‍ഥം അദ്ദേഹം കെയ്‌റോ യൂണിവേഴ്‌സിറ്റിയിലേക്കു പോയി. 1967ല്‍ ഇസ്രയേല്‍ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്ത വര്‍ഷമാണ് അദ്ദേഹം കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദധാരിയാകുന്നത്. അതോടെ ജന്മനാട്ടിലേക്കുള്ള ബര്‍ഗൂതിയുടെ പ്രവേശനം വഴിമുട്ടി. ഈ കാലയളവില്‍ കുവൈത്തിലെ ഒരു ഭൗതിക കോളേജില്‍ അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു. 1970ല്‍ ബര്‍ഗൂതി കെയ്‌റോയിലേക്ക് തന്നെ മടങ്ങി. പിന്നീട് ദീര്‍ഘകാലം അദ്ധേഹം കെയ്‌റോയിലായിരുന്നു. അവിടെവച്ച് സഹപാഠിയും ഈജിപ്ഷ്യന്‍ നോവലിസ്റ്റുമായ റദ്‌വാ ആശൂറിനെ അദ്ദേഹം വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിലാണ് ഖുദ്‌സിന്റെ കവി എന്ന് വിഖ്യാതനായ തമീം അല്‍ ബര്‍ഗൂതി ജനിക്കുന്നത്. 1977 ല്‍ തമീമിന് 5 മാസം മാത്രം പ്രായമുള്ളപ്പോള്‍ ബര്‍ഗൂതിയോട് ഇസ്രയേല്‍ അനുഭാവിയായ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത് നാടുവിടാന്‍ ആവിശ്യപെട്ടു. ഈജിപ്തുക്കാരല്ലാത്ത ബുദ്ധിജീവികളെയും എഴുത്തുക്കാരെയും സാദത്ത് പുറന്തള്ളുന്ന കാലമായിരുന്നു അത്. ബര്‍ഗുതി ബെയ്‌റൂത്തിലേക്ക് നിര്‍ബന്ധിത പലായനത്തിന് വിധേയനായി. ഇക്കാലത്ത് ഈജിപ്ത് വംശജയായ ഭാര്യ റദ്‌വയും മകന്‍ തമീമും പുറത്താക്കപെട്ടിരുന്നില്ല. റദ്‌വ ഈജിപ്തിലെ ഐനുശംസ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തു. ദീര്‍ഘകാലമൊന്നും ബര്‍ഗൂതിക്ക് ബയ്‌റൂത്തില്‍ വേരുറപ്പിക്കാനായില്ല. കാരണം, ബയ്‌റൂത്തിലെ അദ്ദേഹത്തിന്റെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. ഇതേതുടര്‍ന്ന് അദ്ധേഹം 1981 ല്‍ ബുഡാപെസ്റ്റിലേക്ക് നീങ്ങി 13 വര്‍ഷം ബര്‍ഗൂതി അവിടെതാമസിച്ചു. ബുഡാപെസ്റ്റില്‍ അദ്ദേഹം ലോക ജനാധിപത്യ യുവജന ഫെഡറേഷനിലെ പി.എല്‍.ഒ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. ബൂഡാപെസ്റ്റ് മനോഹരമായ ഒരു നഗരമാണെന്നും, കലകളുടെ ഈറ്റില്ലമാണെന്നും, എന്നാല്‍, അറേബ്യന്‍ കലകള്‍ അവിടെ അദൃശ്യമാണെന്നും പിന്നീടൊരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.
1994 ല്‍ ബര്‍ഗൂതി ഈജിപ്തിലേക്ക് തന്നേ മടങ്ങി. തന്റെ കുടുബത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവായിരുന്നു ഇത്. 1993ല്‍ ഫലസ്തീന്‍ അതോറിറ്റിയുടെയും ഇസ്രയേലിന്റെയും ധാരണ പ്രകാരം രൂപീകരിച്ച ഓസ്ലോ കരാര്‍ മുഖേന അദ്ധേഹത്തിന് ജന്മനാട്ടിലേക്കുള്ള വഴിയൊരുങ്ങി. 1994 ല്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷം ബര്‍ഗൂതിക്ക് റാമല്ല കാണാനായി. ഈ പശ്ചാത്തലം പ്രമേയമാക്കി കൊണ്ടാണ് തന്റെ ആത്മകഥാ സംമാഹാരമായ ‘ക ടഅണ ഞഅങഅഘഘഅഒ’ 1997 ല്‍ പ്രസിദ്ധീകരിക്കുന്നത്. അതേ വര്‍ഷംതന്നെ ഈ കൃതിക്ക് നജീബ് മഹ്ഫൂസ് സാഹിത്യ അവാര്‍ഡ് ലഭിച്ചു. ഇതിന്‍െ തുടര്‍ച്ചയെന്നോണം മകന്‍ തമീമുമായി റാമല്ലെയിലെത്തുന്ന അനുഭവത്തെ ഹൃദയ സ്പര്‍ശിയായി വിശദീകരിക്കുന്ന ‘ക ണഅട ആഛഞച ഠഒഋഞഋ,ക ണഅട ആഛഞച ഒഋഞഋ’ എന്ന കൃതിയും ബര്‍ഗൂതി 2009ല്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകങ്ങളെല്ലാം അടിച്ചമര്‍ത്തപെട്ടവന്റെയും ജന്മനാട്ടില്‍ നിന്ന് പുറന്തള്ളപെട്ടവന്റെയും വൈമനസ്യങ്ങളെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. നാടും വീടും നിഷേധിക്കപ്പെട്ടവന്റെ വികാര വിചാരങ്ങള്‍ ലോകം ബര്‍ഗൂതിയിലൂടെ തിരിച്ചറിഞ്ഞുതുടങ്ങി. നിരന്തരമായ കുടിയേറ്റങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളും വേദനകളും അദ്ധേഹത്തെ തളര്‍ത്തി. ‘ഞാന്‍ ജീവിക്കുന്നത് ഒരു സ്ഥലത്തല്ല, ഞാന്‍ ഒരുകാലത്തില്‍ ജീവിക്കുന്നു, എന്റെ തന്നെ ചിദാംശങ്ങളില്‍, എന്റെ തന്നെ ഒരവബോധത്തില്‍’ എന്ന് ആ പ്രതിഭാശാലി എഴുതി. പലായനം ബര്‍ഗൂതിക്ക് സമ്മാനിച്ചത് ആസ്വാദ്യകരമായ യാത്രാനുഭവങ്ങളായിരുന്നില്ല. തിരിച്ചു ചെല്ലാന്‍ ഇടമില്ലാത്തവന്റെ വേവലാതിയും പരിഭവവുമായിരുന്നു.’ക ടഅണ ഞഅങഅഘഘഅഒ’എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ അവതാരികയില്‍ ഫലസ്തീനിനെ സംബന്ധിച്ചുള്ള പാശ്ചാത്യന്‍ മിഥ്യാധാരണകളെ തിരുത്തിയെഴുതിയ ബുദ്ധിജീവി എഡ്വേര്‍ഡ് സൈദ്ഇങ്ങനെ എഴുതി: ‘ഫലസ്തീന്‍ പലായനത്തിന്റെ അസ്ഥിത്വപരമായ സൂക്ഷമാവിഷ്‌ക്കാരം’. ഈ കൃതിയിലൂടെ തന്നെ പില്‍ക്കാല ഫലസ്തീന്‍ തലമുറയെ കുറിച്ചുള്ള ആശങ്കകള്‍ ബര്‍ഗൂതി ആഗോള സമൂഹത്തോട് പങ്കുവക്കുന്നുണ്ട്. അതിങ്ങനെയാണ്: അപ്പോള്‍ പിന്നെ എന്റെ തലമുറക്കറിയുന്നത്ര പോലും ഫലസ്തീനെപ്പറ്റി അറിഞ്ഞുകൂടാത്ത, പ്രവാസത്തില്‍ പിറന്ന് വീണ മുഴുവന്‍ തലമുറകളുടെകാര്യമോ?, എല്ലാം കഴിഞ്ഞു. ഇസ്രയേലില്‍ പിറന്ന്, മറ്റൊരു മാതൃരാജ്യത്തെ പറ്റി അറിയാത്ത ഇസ്രയേലി തലമുറകളെ സൃഷ്ടിച്ച നീണ്ട അധിനിവേശം. അവര്‍ക്കറിയില്ല, ആ മാതൃ രാജ്യം അതേ സമയത്ത് സൃഷ്ടിച്ച ഫലസ്തീനിനെ അറിയാത്ത ഫലസ്തീനി തലമുറകളെ കുറിച്ച്. പ്രവാസത്തില്‍ പിറന്ന്, മാതൃരാജ്യത്തെ കുറിച്ച് കഥകളും വാര്‍ത്തകളുമല്ലാതെ മറ്റൊന്നും അറിയാത്തവര്‍. സ്വന്തം രാജ്യത്തിന്റേതല്ല, ദൂരെയുള്ള പ്രവാസദേശങ്ങളുടെ തെരുവുകള്‍ സ്വന്തമെന്നപോലെ അടുത്തറിയുന്ന തലമുറകള്‍. സ്വന്തം നാട്ടില്‍ഒരിക്കലും ഒന്നും നട്ടുവളര്‍ത്താത്തവര്‍, പണിതുയര്‍ത്താത്തവര്‍, അവിടെ മനുഷ്യസഹജമായ സാധാരണ അബദ്ധങ്ങള്‍ ചെയ്തു പോയിട്ടില്ലാത്തവര്‍.
12 കവിതാ സമാഹാരങ്ങളാണ് ബര്‍ഗൂതി എഴുതിയിട്ടുള്ളത്. അവയെല്ലാം തന്നെ ഫലസ്തീന്‍ വിമോചന പോരാട്ടത്തേ അവേശംകൊള്ളിച്ചു. ആശയ സമ്പൂഷ്ടതയും കാവ്യഭംഗിയും കവിതാ സമാഹാരങ്ങള്‍ക്ക് പ്രചുരപ്രചാരം നേടി കൊടുത്തു. വാക്കുകളുടെ കൃത്യതയിലും സൂക്ഷമതയിലും അതീവ ശ്രദ്ധചെലുത്തിയ അദ്ദേഹം തന്റെ കവിതകളെക്കുറിച്ച് ഒരഭിമുഖത്തില്‍ പറയുകയുണ്ടായി:’മരങ്ങളില്‍ നിന്ന് ഞാന്‍ പഠിക്കുന്നു, പാകമാകും മുമ്പേ പഴങ്ങള്‍ കൊഴിഞ്ഞു പോകാറില്ലേ….അത് പോലെ ഞാന്‍ കവിതയില്‍ ആരോഗ്യകരമായ ക്രൂരതയോടെ ബിംബങ്ങള്‍ മായ്ച്ചു കളയുന്നു, യുക്തമായവ മാത്രം പരിഗണിക്കുന്നു വ്യവസ്ഥയില്ലാത്ത ലോകത്തെ വിവരിക്കുന്ന വ്യവസ്ഥാപിതമായ ഭാഷയെ ചെറുക്കുകയാണ് ഞാന്‍….ഉള്ളടക്കത്തിലും രൂപത്തിലും സാധാരണവും അസാധാരാണവുമായ കാര്യങ്ങളെ ഒന്നിച്ച് പിണച്ച് മെടയുന്നതാണ് എനിക്കിഷ്ടം’. ബര്‍ഗൂതിയുടെ ാശറിശഴവ േഎന്ന കവിത വിശ്വ പ്രസിദ്ധമാണ്. ഇറാഖിലെ അബൂഗുറൈബ് ജയിലിലെ അമേരിക്കന്‍ സൈനികരുടെ പീഡനങ്ങളാണ് കവിതയുടെ ഇതിവൃത്തം, കവിതയെഴുതുമ്പോള്‍ താന്‍ മുഖംമൂടി അണിയിക്കപ്പെട്ടവനും കൈവിരലുകളില്‍ വൈദ്യുത വയറുകള്‍ ഘടിപ്പിക്കപ്പെട്ടവനുമായ തടവുകാരനായിരുന്നുവെന്ന് പിന്നീടൊരിക്കല്‍ ബര്‍ഗൂതി ലോകത്തോട് വിളിച്ചുപറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്ന് ചോദിക്കപെട്ടപോള്‍ ബര്‍ഗൂതി പ്രതിവചിച്ചു: ‘എഴുതുമ്പോള്‍ മനസ്സില്‍ ഒരു വായനക്കാരനൊന്നുമില്ലായിരുന്നു, ഉള്‍വിളികേട്ടാണ് കടലാസിലേക്ക് പേനവെക്കുന്നത്, വര്‍ഷങ്ങളോളം മനസ്സില്‍ പരുവപെടുത്തിയ വരികളായിരിക്കുമത്, രണ്ടു വരി കവിതയെഴുതിയാണ് തുടങ്ങിയത്, തന്നോട് തന്നെ സംസാരിക്കുകയാണെന്ന് മനസ്സിലാക്കി. എഴുതി കഴിഞ്ഞ കവിതകള്‍ ഒരുപാട്കാലം പ്രസിദ്ധീകരിക്കാന്‍ മടിച്ചു നിന്നു, മറ്റൊരാള്‍ വായിക്കേണ്ടതാണെന്ന് തോന്നിയപ്പോഴാണ് പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്’
ഫലസ്തീനികളുടെ സമാധാനവും സുഷുപ്തിയും സംതൃപ്തിയും അങ്ങനെ മനുഷ്യ ജീവിതത്തിന്റെ സര്‍വ നിറങ്ങളേയും ഇസ്രയേല്‍ കിങ്കരന്‍മാര്‍ കവര്‍ന്നെടുത്തിരിക്കുന്നു. ഇതിനോട് പ്രതിഷേധമെന്നോണം കവി ആത്മഗതം ചെയ്ത് സംസാരിക്കുകയാണ്. അധിനിവേശക്കാരുടെ വെടിയുണ്ടകളേറ്റ് ധാരാളം ഫലസ്തീനികള്‍ ഇന്ന് വീരമൃത്യു വരിച്ചിരിക്കുന്നു. ഫലസ്തീനിന്റെ വിമോചനത്തിനായി മുഖ്യധാരയില്‍ പ്രവര്‍ത്തിച്ച പലരും ഇന്ന് മണ്ണിനടിയിലാണ്. സ്വന്തം ഭൂമിക്ക് വേണ്ടി ഏത് നിമിഷവും പിടഞ്ഞുവീഴാമെന്ന ബോധ്യത്തോടെ ഒരു ജനത അവിടെ ജീവിച്ചുതീര്‍ക്കുകയാണ്. ഗസ്സയിലും ദേര്‍യാസിറിലും ഷെല്ലാക്രമണങ്ങളിലും പ്രത്യക്ഷ സൈനിക ആക്രമണങ്ങളിലും പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പടെയുള്ളവര്‍ മണ്‍മറഞ്ഞിരിക്കുന്നു. ദയാദാക്ഷിണ്യത്തിന്റെ ഒരണുമണിത്തൂക്കം പോലുമില്ലാതെ കരിമ്പാറ ഹൃദയമുള്ള കിരാതര്‍ ഒരു സമൂഹത്തിന്റെ വേരറുക്കുകയാണ്. ലോകം മുഴുക്കെ ഈ ഭീകരത നടമാടുന്നത് സ്തബ്ധരായി നോക്കി നില്‍ക്കുകയാണ്, പ്രതികരണ ശേഷിയോശബ്ദിക്കാനുള്ള ധൈര്യമോ ഇല്ലാതെ, ശേഷിയുള്ളവര്‍ പ്രതികരിക്കില്ലായെന്ന ശാഠ്യത്തോടെ. 2021 ഫെബ്രുവരി 14ന് ഫലസ്തീന്‍ വിമോചനത്തിനായി നിലകൊണ്ട ആ ധീര സാന്നിധ്യത്തെ മരണം കീഴടക്കി. തന്റെ സ്വതസിദ്ധമായ കവിതകളിലൂടെ, ഫലസ്തീനികളുടെ ഹൃദയാന്തരങ്ങളില്‍ മുരീദ് അല്‍ ബര്‍ഗൂതി ഇനിയും ദീര്‍ഘകാലം ജീവിക്കും.
മുഹമ്മദ് ജസീം മൂച്ചിക്കല്‍