മുസ്‌ലിം ശാക്തീകരണം; വര്‍ത്തമാന കാല ആലോചനകള്‍

2830

ഒരു ജനതയുടെ അസ്തിത്വ സംരക്ഷണത്തിനും വീണ്ടെടുപ്പിനുമുള്ള യജ്ഞങ്ങള്‍ക്ക് ആത്മീയമായും ബൗദ്ധികമായും ഭൗതികമായുമുള്ള മൂലധനങ്ങള്‍ അനിവാര്യമാണ്. തങ്ങളുടെ ദൗത്യത്തെക്കുറിച്ചും പൂര്‍വകാല ചരിത്ര പഥങ്ങളെക്കുറിച്ചും വര്‍ത്തമാന കാലത്തെക്കുറിച്ചും അതില്‍ തങ്ങളുടെ ഇടത്തെക്കുറിച്ചുമുള്ള സത്യസന്ധവും സൂക്ഷ്മവുമായ അവബോധമാണ് ഇതില്‍ പ്രധാനം. അത്തരം മൂലധനങ്ങളാല്‍ സമ്പന്നമായ ഇടങ്ങളില്‍ നിന്ന് രൂപപ്പെടുത്തുന്ന കര്‍മ പദ്ധതികളേ ഒരു ജനതയുടെ ശാക്തീകരണത്തിന് ഉപകരിക്കുകയുള്ളൂ. നാം നില്‍ക്കുന്ന ഇടവും അതിന് ഇടവും വലവും മാത്രം പരിഗണിച്ചു കൊണ്ടുള്ള, തീര്‍ത്തും ഉപരിപ്ലവമായ വേരുകളില്ലാത്ത വ്യവഹാരങ്ങളായത് കൊണ്ടാണ് നമ്മുടെ സാമൂഹിക നവോഥാന യത്‌നങ്ങളില്‍ നിന്നെല്ലാം നമുക്ക് ഫലം ലഭ്യമാകാത്തത്.

വിശ്വാസം, ആത്മീയത
മുസ്‌ലിം സമൂഹത്തിന്റെ സാമൂഹ്യമായ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായത് ഒരു സമൂഹം എന്ന നിലയില്‍ അവര്‍ക്ക് ഐഡന്റിറ്റി നല്‍കുന്ന മതവിശ്വാസം എന്ന ഘടകം തന്നെയാണ്. ഇസ്‌ലാമില്‍ നിന്ന് വേര്‍പെട്ടു കൊണ്ട് മുസ്‌ലിം അസാധ്യമാണ് എന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. ഇസ്‌ലാം എന്നത് ഒരു വംശമോ ജാതിയോ അല്ല എന്നതും സകല മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ പാകമായ പ്രകൃതിയുടെ സംവിധാനം ആണെന്നുമുള്ള തലത്തിലേക്ക് നമ്മുടെ ആലോചനകള്‍ വികസിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഇസ്‌ലാം നേരിടുന്ന വെല്ലുവിളികള്‍ ആയിത്തന്നെ വായിക്കാന്‍ സാധിക്കുകയുള്ളൂ. മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന ഐക്യദാര്‍ഢ്യങ്ങള്‍ ഇസ്‌ലാം എന്ന ഐഡന്റിറ്റിയില്‍ നിന്ന് മുക്തമാവുന്നതും ദൂരം പാലിക്കുന്നതും നാം തന്നെ സ്വയം പ്രശ്‌നവത്കരിക്കേണ്ട ഒന്നാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് മതവും മതവിശ്വാസികളും രണ്ടിടത്ത് നിലനില്‍ക്കുന്ന പശ്ചാത്തലം മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നത് തന്നെയാണ്. പല സ്വത്വവാദക്കാരും മുസ്‌ലിം സ്വത്തത്തെ അഡ്രസ്സ് ചെയ്യുമ്പോഴും ഇസ്‌ലാമിക സ്വത്വത്തെ അതില്‍ നിന്ന് വേര്‍പെടുത്തി നിര്‍ത്തുന്നുണ്ട്. ഇതില്‍ മുസ്‌ലിം സമുദായത്തിന്റെ ഉള്ളില്‍ തന്നെയുള്ള കാതലായ പ്രശ്‌നമാണ് പ്രകടമാവുന്നത്. മതേതര ജനാധിപത്യ വ്യവസ്ഥകള്‍ നമ്മുടെ സമൂഹത്തിന്റെ മതവിശ്വാസത്തെയും ഐഡന്റിറ്റിയെയും ഏതെല്ലാം തരത്തില്‍ ബാധിച്ചു എന്നുള്ള ആലോചനകളും ശാക്തീകരണ വേളയിലെ ചിന്തകളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അപ്പോള്‍ വിശ്വാസി ആയിരിക്കുക എന്നതും വിശ്വാസം കൊണ്ട് ഊര്‍ജം കൈവരിക്കുക എന്നതും വിശ്വാസം വിളംബരം ചെയ്യുക എന്നതുമാണ് പ്രഥമ ദൗത്യം. അതുകഴിഞ്ഞു മാത്രമേ മറ്റു സാമൂഹിക വ്യവഹാരങ്ങള്‍ക്ക് പ്രസക്തിയുള്ളൂ എന്നു ചുരുക്കം.
വിശ്വാസം എന്നത് ഭൗതികമായ ഊര്‍ജമാവുന്ന ഇടങ്ങളെക്കുറിച്ചാണ് നമ്മുടെ ശാക്തീകരണ യജ്ഞങ്ങള്‍ സാധാരണയായി പറഞ്ഞു വക്കാറുള്ളത്. എന്നാല്‍, ഇസ്‌ലാമിക ചരിത്രത്തില്‍ ആത്മീയമായ ഊര്‍ജമാണ് വിശ്വാസത്തെയും വിശ്വാസിയുടെ സാമൂഹ്യ വ്യവഹാരങ്ങളെയും ശക്തിപ്പെടുത്തിയത് എന്നു കാണാം. ആത്മീയത എന്നത് വിശ്വാസത്തിന്റെയോ സച്ചരിതമായ ജീവിതത്തിന്റെയോ മാത്രം പേരല്ല. അത് അഭൗതികമായ ഊര്‍ജമാണ്. അതിന് കൃത്യമായ താവഴികളുണ്ട്. അതിന്റെ അഭാവം നമ്മുടെ സാമൂഹ്യ വ്യവഹാരങ്ങളിലും രാഷ്ട്രീയത്തിലും കര്‍മ പദ്ധതികളിലും നിഴലിച്ചു കാണുന്നുണ്ട്. തിരു ദൂതരുടെ സവിശേഷ സാന്നിധ്യത്തിലും ശിക്ഷണത്തിലും ആത്മീയമായ പാകത നേടിയ അവിടുത്തെ അനുചരര്‍ക്ക് ശേഷം ചരിത്രത്തില്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് മുതല്‍ ഉമര്‍ മുഖ്താര്‍ വരെ പ്രചോദനം കൊണ്ടതും സാമൂഹ്യ നവജാഗരണ യത്‌നങ്ങളില്‍ മുഴുകിയതും ആത്മീയമായ പ്രചോദനം കൊണ്ട് തന്നെയാണ്. സാഹചര്യങ്ങള്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും അതിനെ അതിജയിക്കാന്‍ അവര്‍ക്കെല്ലാം സാധിച്ചത് ആ അഭൗതികമായ ഊര്‍ജം കൊണ്ടു തന്നെ. ചരിത്രത്തെയും വിശ്വാസത്തെയും അതിന്റെ ആത്മീയ പശ്ചാത്തലത്തില്‍ നിന്നു വേര്‍പെടുത്തി സമീപിക്കുമ്പോഴും അതില്‍ നിന്ന് ബാഹ്യമായ പ്രചോദനം മാത്രം ഉള്‍ക്കൊള്ളുമ്പോഴും ആണ് നമ്മുടെ കര്‍മ പദ്ധതികള്‍ ലക്ഷ്യംകൈവരിക്കാതെ വരുന്നത് എന്നതിനാല്‍ തന്നെ ഒരു ആത്മീയ പിന്‍ബലം ഏറ്റവും സുപ്രധാനമാണ്.

വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ ശാക്തീകരണത്തിന്റെ മതപരവും സാമൂഹികവുമായ മാനം
വിശ്വാസി ഒരു സമൂഹിക ജീവി ആകുന്നിടത്താണ് അടുത്ത വിഷയം ഉടലെടുക്കുന്നത്. നാം ജീവിക്കുന്ന സമൂഹത്തെ പറ്റിയുള്ള അവബോധവും അവിടെ നമ്മുടെ ഇടം നിര്‍ണയിക്കുക എന്നതുമാണത്. മതകീയ, മതേതര, മത നിരോധിത സാഹചര്യങ്ങളിലെല്ലാം അനുവര്‍ത്തിക്കാവുന്ന ഒരു ജീവിത പദ്ധതി എന്ന നിലയില്‍ ഇസ്‌ലാമിനെ മനസ്സിലാക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ഇസ്‌ലാം കാല ദേശങ്ങളെ അതിജയിക്കുന്ന ഒന്നാവുന്നത്. അതങ്ങനെ തന്നെയാണുതാനും. അപ്പോള്‍, സമൂഹത്തില്‍ മുസ്‌ലിം സ്വയം അടയാളപ്പെടുത്തുക എന്നത് പ്രധാനമാണ്. അതിന്റെ പ്രായോഗികമായ ഉദാഹരണങ്ങളാണ് പ്രവാചക കാലത്തെ പോരാട്ടങ്ങള്‍. ആ പോരാട്ടങ്ങളെ ‘യുദ്ധം’ എന്ന പൊതു ഭാഷ്യത്തില്‍ നിന്ന് വേര്‍പെടുത്തി ആ കാലത്തോട് ചേര്‍ത്തു നിര്‍ത്തി വായിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നത് ഏറെ അനിവാര്യമാണ്. അങ്ങനെയേ ചെയ്യാവൂ എന്നതാണ് അതിന്റെ ശരി. വിശ്വാസ സംരക്ഷണത്തോടൊപ്പം പ്രവാചക കാലത്തെ സമരങ്ങളും പോരാട്ടങ്ങളും നിര്‍വഹിക്കുകയും നിര്‍ണയിക്കുകയും ചെയ്ത സാമൂഹ്യ ദൗത്യം എന്തായിരുന്നു എന്നത് ഇനിയുമേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ സാന്നിധ്യവും, അസ്തിത്വവും, കര്‍തൃത്വവും, അവകാശവും പ്രഖ്യാപിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അത് നിര്‍വഹിക്കാന്‍ അക്കാലത്ത് കായിക ബലം എന്നതായിരുന്നു മാനദണ്ഡം. ശക്തി, അധികാരം എന്നിവ കൈവന്നാല്‍ മാത്രം സാമൂഹ്യ ജീവിതം സാധ്യമാകുന്ന പശ്ചാത്തലമായിരുന്നു അത്. അതിജയിച്ചാല്‍ മാത്രം അതിജീവനം സാധ്യമായിരുന്ന ആ സാഹചര്യത്തില്‍ അതിജീവനത്തിനു വേണ്ടിയുള്ള അടയാളപ്പെടുത്തലുകളായിരുന്നു ആ പോരാട്ടങ്ങള്‍. ഒപ്പം അതിന്റെ ആത്മീയ വശങ്ങളെ മുമ്പ് പറഞ്ഞതിനോട് ചേര്‍ത്തു വായിക്കുകയും വേണം.
യുദ്ധം എന്നത് സമകാലിന ലോകത്ത് ഏറ്റവും വിനാശകരമായ ഒന്നാവുമ്പോഴും അതിജീവനം ഏറെ മനോഹരമായ ഒരു സാമൂഹിക സങ്കല്‍പ്പം തന്നെയാണ്. ഈ വസ്തുത മുന്നില്‍വച്ചു കൊണ്ട് അതിജീവനം എന്ന അവകാശം യാഥാര്‍ഥ്യമാക്കാന്‍ പുതിയ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട അളവുകള്‍ എന്തൊക്കെയാണ് എന്നതാണ് ഇന്നത്തെ അനിവാര്യമായ സമരമുറകള്‍ ആയി നാം മനസ്സിലാക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ പുതിയ സമൂഹ ഘടനയില്‍ വിദ്യാഭ്യാസ, തൊഴില്‍ പ്രാതിനിത്യമാണ് അതിജീവനത്തിന്റെ ഏറ്റവും സുപ്രധാന മണ്ഡങ്ങളില്‍ ഒന്ന്. അപ്പോള്‍ അതൊരിക്കലും ഭൗതികം മാത്രമല്ല മതപരവും കൂടിയാണ്.
അസ്തിത്വവും അവകാശവും അടയാളപ്പെടുത്താനുള്ള ശാക്തീകരണ യജ്ഞങ്ങളില്‍ ഏറെ ഊന്നല്‍ കൊടുക്കേണ്ട ഒന്നാണ് വിദ്യാഭ്യാസ രംഗം. അറിവ് നേടുക എന്നതിലപ്പുറമുള്ള മാനമാണ് ഇന്ന് വിദ്യാഭ്യാസത്തിനുള്ളത്. അറിവിനപ്പുറം അക്കാദമികമായി ആര്‍ജിക്കേണ്ടതിനെകുറിച്ചാണ് ഇവിടെ വിദ്യാഭ്യാസം എന്നത് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ച് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളിലെ സാന്നിധ്യം ഏറെ ദയനീയമാണ് എന്ന് സച്ചാര്‍ കമ്മറ്റി സാക്ഷ്യപ്പെടുത്തുന്നു. പ്രായോഗികമായി സമുദായത്തിന്റെ അതിജീവനത്തിന് ഏറ്റവും വലിയ തടസ്സമാണ് ഈ കണക്കുകള്‍. അപ്പോള്‍ കൃത്യമായ അവബോധത്തോടെയും ആസൂത്രണത്തോടെയും ഈ യജ്ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോവേണ്ടതുണ്ട്. കേരളമാണ് വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ അല്‍പ്പമെങ്കിലും മികച്ചു നില്‍ക്കുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങലും താരതമ്യേന നില മെച്ചപ്പെട്ടതാണെങ്കിലും മറ്റിടങ്ങളില്‍ എല്ലാം ഏറെ പരിതാപകരമാണ് എന്നാണ് രജീന്ദ്ര സച്ചാര്‍ ചെയര്‍മാന്‍ ആയ സമിതിയുടെ കണ്ടെത്തല്‍. തൊഴിലും വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളാണ് എന്നത് കൂടി ശ്രദ്ധേയമാണ്. കേരളത്തിലെ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഏറ്റവും സുപ്രധാന ഘടകം മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷവും ജീവിത നിലവാരവുമാണ്. ഇത് സാധ്യമാക്കിയ സാഹചര്യത്തിലേക്കുള്ള സഞ്ചാരം ഏറെക്കുറെ തൊഴിലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഗള്‍ഫ് കുടിയേറ്റവും തൊഴിലവസരങ്ങളുമൊക്കെ ഇതില്‍ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. എന്നാല്‍, ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ജാതീയവും തൊഴില്‍ പരവുമായ സ്തംഭനം മുസ്‌ലിം ദളിത് ജീവിതങ്ങളെ ഏറെ പിന്നോട്ടു നയിച്ചിട്ടുണ്ട്. ഇത് മാറ്റിയെടുക്കാന്‍ വലിയ തോതിലുള്ള ആസൂത്രണവും നിതാന്തമായ പരിശ്രമവും ആവശ്യമാണ്. പരമ്പരാഗത തൊഴിലുകള്‍ക്കപ്പുറമുള്ള സാധ്യതകളും തൊഴില്‍ അവകാശങ്ങളും ഇവരെ ബോധവത്കരിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലൂടെയെ ഇത് സാധ്യമാകൂ. ചുരുക്കത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ, തൊഴില്‍ പ്രാതിനിത്യത്തിന്റെ നിലവിലെ അവസ്ഥയെയും അവയെ നിര്‍ണയിക്കുന്ന സാമൂഹ്യ ഘടനയെയും കുറിച്ചറിയുക എന്നതാണ് ഈ ബ്രഹത്തായ യജ്ഞത്തിലെ ആദ്യ പടി.
വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് ഏറെ മുന്നേറ്റം കുറിച്ച/മുന്നേറ്റം കുറിച്ചു കൊണ്ടിരിക്കുന്ന കേരളീയ മുസ്‌ലിം പരിസരങ്ങളിലെ ഈ രംഗത്തെ ശാക്തീകരണ യജ്ഞം ഇനിയെന്താണ് എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു ചര്‍ച്ച. അത് തീര്‍ച്ചയായും ലക്ഷ്യ ബോധവും സാമൂഹ്യ അവബോധവുമാണ്. താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം, സമുദായം, വിശ്വാസം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ബോധവും ആത്മീയ മാനങ്ങളും പുതിയ തലമുറയില്‍ സന്നിവേശിപ്പിക്കുക എന്ന ദൗത്യമാണ് മലയാളി മുസ്‌ലിം യുവതക്ക് മുന്നിലുള്ളത്. സാമ്പ്രദായിക മത വിദ്യാഭ്യാസത്തിലൂടെയോ, മതകീയമായി ധന്യമായ കുടുംബ പശ്ചാത്തലത്തിലൂടെയോ വളര്‍ന്നു വന്നതാണ് എന്നതില്‍ സംതൃപ്തി അടയാവുന്ന സാഹചര്യമല്ല മുന്നിലുള്ളത്. ബൗദ്ധികമായും ചിന്താപരമായും അപഭ്രംശങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും അതിനുള്ള പരിഹാരവും നമ്മുടെ കര്‍മ പദ്ധതികളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കേണ്ടതുണ്ട്.

ബൗദ്ധിക ശാക്തീകരണം
യുവ തലമുറ അവരുടെ മതജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധി ഇസ്‌ലാമികേതര ചിന്താധാരകളുടെ കടന്നു കയറ്റമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ നേരിട്ടിട്ടുള്ള ബൗദ്ധികമായ ആക്രമണങ്ങളുടെ തോത് വച്ചുനോക്കുമ്പോള്‍ ഒട്ടും ആശങ്കപ്പെടേണ്ടതല്ലെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ പ്രതിസന്ധിയെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. ബൗദ്ധിക തലത്തില്‍ യുവനിര സജ്ജമാവേണ്ടതിന്റെ അനിവാര്യത ഏറി വരികയാണ്. അകത്തു നിന്നും പുറത്തു നിന്നുമുള്ള ഒട്ടേറെ അപഭ്രംശങ്ങളെ ബൗദ്ധികമായി തന്നെ നേരിടേണ്ടതുണ്ട്. ചിന്താപരമായി സമ്പന്നമായ ഒരു ഭൂതകാലം ഇന്ത്യന്‍ മുസ്‌ലിമിന് കടന്നു പോയിട്ടുണ്ട്. പുതിയ കാലത്ത് ഇസ്‌ലാമിനു നേരെ സാമ്പ്രദായിക മതങ്ങളില്‍ നിന്നുള്ള ആദര്‍ശ ആക്രമങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ആധുനികതയും, സാമൂഹ്യ പ്രത്യയശാസ്ത്രങ്ങളും, നവ നാസ്തികതയുമാണ് പുതിയ വെല്ലുവിളികളില്‍ പ്രധാനപ്പെട്ടത്. ഇവയുടെ ആക്രമണങ്ങളെ എങ്ങിനെ നേരിടണം എന്നതിന് വ്യക്തമായ കര്‍മ പദ്ധതികളുടെ ആവശ്യമുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ധൈഷണികമായ പ്രതിരോധം തീര്‍ത്ത കാലത്താണ് വിശ്വാസ രംഗത്തെ സമീപിക്കുന്ന രീതി ശാസ്്ത്രങ്ങള്‍ വികസിച്ചത് എന്നത് ശ്രദ്ധേയമാണ്. അതിന്റെ അടിത്തറയില്‍ നിന്നു കൊണ്ടുള്ള പഠനങ്ങളും സംവാദങ്ങളും ചര്‍ച്ചകളും ഉയര്‍ന്നു വരേണ്ടതുണ്ട്. പുതിയ തലമുറയുടെ ആവശ്യങ്ങളും അനിവാര്യതകളും മനസ്സിലാക്കുകയും മതവും മതത്തിന്റെ വക്താക്കളും അതിനെ അഡ്രസ്സ് ചെയ്യുകയും വേണം. ഇസ്‌ലാമിന്റെ ദൈവികതയും സമഗ്രതയും ബോധ്യപ്പെടുത്താന്‍ ഇത് സഹായിക്കും. ഇസ്‌ലാമും ശാസ്ത്രവും സംഘട്ടനമുണ്ടോ എന്നത് കുറച്ചു പഴയ ചിന്തയാണ്. അതില്‍ കുരുങ്ങിക്കിടക്കാതെ യുവതയുടെ ചിന്തകളെ മനസ്സിലാക്കാന്‍ കഴിയണം. നാസ്തികതയിലേക്ക് നയിക്കുന്ന സാമൂഹ്യ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ അത്യാവശ്യമാണ്. അതില്‍ വീടും, മതപരിസരവും, രാഷ്ട്രീയ പരിസരവുമെല്ലാം വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. അതിനാല്‍ തന്നെ ആത്മീയതയിലൂന്നിയതും അതോടൊപ്പം കാലത്തോട് സംവാദിക്കാന്‍ ഉതകുന്നതുമായ ചിന്താ പദ്ധതികള്‍ ഇനി വൈകിക്കൂടാ.

രാഷ്ട്രീയം : മാറ്റിയെഴുതപ്പെടേണ്ട കാഴ്ചപ്പാടുകള്‍
സമകാലീന ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും സുപ്രധാനമായ മറ്റൊരു മേഖല മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയപരമായ ശാക്തീകരണമാണ്. മുമ്പു പറഞ്ഞ വിശ്വാസ ദാര്‍ഢ്യവും ആത്മീയ ശക്തിയും തന്നെയാണ് നമ്മുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കേണ്ടതും മുന്നോട്ടു നയിക്കേണ്ടതും. രാഷ്ട്രീയം എന്നതു കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകുകയും അതിന്റെ നയ പരിപാടികളെ വിവേചിക്കുകയോ അവലോകനം ചെയ്യുകയോ ചെയ്യാതെ ഉള്‍ക്കൊള്ളുകയോ ചെയ്യുക എന്നതല്ല ഉദ്ദേശിക്കുന്നത്. രാഷ്ട്രീയം എന്ന പദം പ്രയോഗിക്കുമ്പോള്‍ തന്നെ ഈ തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയം എന്നത് ഒരു അവബോധവും അതേ തുടര്‍ന്നുള്ള ആലോചനകളും സാമൂഹ്യ ഇടപെടലുകളുമാണ്. അത് കൃത്യമായി സമകാലീന സാഹചര്യത്തെയും സമൂഹത്തെയും പ്രശ്‌നങ്ങളെയും കുറിച്ചുള്ള പഠനവും അതിന്റെ പരിഹാരങ്ങളെക്കുറിച്ചുള്ള ആലോചനകളും പരിശ്രമങ്ങളുമാണ്. പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുകയും വിലയിരുത്തുകയും ചെയ്യാതെയുള്ള പരിഹാരങ്ങളാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയം എന്നതാണ് ഖേദകരം. ഒരു ഭാഗത്ത് പ്രശ്‌നങ്ങളെകുറിച്ചു ഒട്ടും സംസാരിക്കാതിരിക്കുകയും മറ്റൊരു ഭാഗത്ത് പ്രശ്‌നങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന വിരുദ്ധ ധ്രുവങ്ങളാണ് സമകാലിന മുസ്‌ലിം രാഷ്ട്രീയം നേരിടുന്ന പ്രതിസന്ധി.
കൃത്യമായ ലക്ഷ്യമില്ലാതെ ഒഴുകുന്ന ഒന്നായി മുസ്‌ലിം രാഷ്ട്രീയത്തെ പുതിയ സമൂഹം വിലയിരുത്താനുള്ള പശ്ചാത്തലം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് സങ്കടകരമാണ്.
രാജ്യത്തെ സമകാലീന സാഹചര്യത്തെക്കുറിച്ച് പുതിയ തലമുറ ബോധവാന്മാരാണ് എന്നത് തിരിച്ചറിയുക ഏറെ പ്രധാനമാണ്. ഇന്ത്യയിലെ സാമൂഹ്യ ഘടനയും, സവര്‍ണ മേല്‍ക്കോയ്മയും, തീവ്രഹിന്ദുത്വവും അതിന്റെ പ്രശ്‌നങ്ങളുമെല്ലാം കൃത്യമായി പഠനത്തിന് വിധേയമാക്കുന്ന യുവ തലമുറക്ക് ഈ പ്രശ്‌നങ്ങളുടെ നേരെ മുഖം തിരിക്കുന്ന രാഷ്ട്രീയത്തോട് ആഭിമുഖ്യം കുറയും. മതേതര രാഷ്ട്രീയ ചേരികളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍ സ്വത്വ രാഷ്ട്രീയം കുറച്ചു കൂടെ ക്രിയാത്മകമാവേണ്ടതുണ്ട്. പ്രാദേശികമായ പ്രശ്ന പരിഹാരങ്ങളിലും, അടിസ്ഥാന വികസനത്തിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്ന രാഷ്ട്രീയം എന്നത് അപ്രസക്താവുമ്പോള്‍ പ്രസക്തവും അനിവാര്യവുമായ രാഷ്ട്രീയം നമ്മുടെ കര്‍മ പദ്ധതിയുടെ ഭാഗമാവേണ്ടതുണ്ട്. മുസ്‌ലിമിനെ നിര്‍ണയിക്കുന്ന രാഷ്ട്രീയമല്ല, മുസ്‌ലിം നിര്‍ണയിക്കുന്ന രാഷ്ട്രീയമാണ് സ്വത്വരാഷ്ട്രീയം എന്നത് നാം തന്നെ മറന്നു പോയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ചു കൊണ്ടു മുന്നോട്ടു പോവണമെന്നു പറയുമ്പോഴും, തീര്‍ത്തും അതിനെ തമസ്‌കരിച്ചു കൊണ്ടും വെല്ലുവിളിച്ചു കൊണ്ടുമുള്ള അപ്രയോഗികമായ വൈകാരികതകളോടുള്ള സമീപനവും കൃത്യമായി രൂപപ്പെടുത്തേണ്ടതുണ്ട്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും പ്രായോഗികതക്ക് ഏറെ പ്രാധാന്യമുണ്ട്. തീവ്രതയും അതി വൈകാരികതയും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുമ്പോഴും അവര്‍ക്കെതിരെ മതവിരോധികളോ, ഹിന്ദുത്വരോ ഉപയോഗിച്ചു പോരുന്ന സംജ്ഞകളുടെ രാഷ്ട്രീയത്തെ നാം പലപ്പോഴും തിരിച്ചറിയാതെ പോവുന്നുണ്ട്. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം വിധി തീര്‍പ്പുകള്‍ അവര്‍ക്ക് വിട്ട് കൊടുത്ത് അതിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നവരായി നാം മാറുന്നതിനെക്കുറിച്ച്, അവര്‍ നമ്മെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് നല്ല ജാഗ്രത വേണം.
പ്രശ്‌നങ്ങളെക്കുറിച്ചുള്ള കൃത്യമായ തിരിച്ചറിവാണ് പ്രധാനം. പ്രശ്‌നങ്ങള്‍ സംസാരിച്ചു കൊണ്ടേയിരിക്കുക എന്നത് എപ്പോഴും അനിവാര്യമാവണം എന്നില്ല. അതിന്റെ പ്രായോഗികവും ക്രിയാത്മകവുമായ പരിഹാരങ്ങളെക്കുറിച്ചാണ് കൂടുതലായി നാം ആലോചിക്കേണ്ടതും സംസാരിക്കേണ്ടതും. നാം എന്തുകൊണ്ട് ഇരകളാക്കപ്പെടുന്നു എന്നതിന് ചരിത്രപരവും മതപരവുമായ കാരണങ്ങളുണ്ട്. അതില്‍ നിന്ന് സ്വയം പഠിക്കേണ്ട ഒട്ടനവധി പഠങ്ങളുമുണ്ട്. അത് കൂടി നമ്മുടെ പ്രശ്‌നങ്ങളാണ് എന്ന തിരിച്ചറിവ് പ്രധാനമാണ്. നാം ഇരകളാണ് എന്ന സംജ്ഞ തന്നെ പലപ്പോഴും പ്രശ്‌നവത്കരിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണ, ശാക്തീകരണ ദൗത്യത്തിന് മുന്നിട്ടിറങ്ങുമ്പോള്‍ പ്രാഥമികമായി ഇന്ത്യയുടെ സാമൂഹ്യ ഘടനയെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചുമുള്ള കൃത്യമായ ധാരണ അനിവാര്യമാണ്. ഇതേക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയാണ് നമ്മുടെ മുന്നേറ്റങ്ങള്‍ക്കുള്ള ഏറ്റവും വലിയ വിലങ്ങുതടി. ഇന്ത്യയിലെ വിവിധയിടങ്ങളിലെ മുസ്‌ലിം സമൂഹത്തിന് ചരിത്രപരമായും സാംസ്‌കാരികമായും പല വൈവിധ്യങ്ങളുമുണ്ട്. ഇതിന്റെ അടിത്തറയിലാണ് അവരുടെ മതവും സംസ്‌കാരവും രാഷ്ട്രീയവും നിലപാടുകളുമെല്ലാം രൂപപ്പെട്ടിരിക്കുക. നമ്മുടെ മതേതര, ജനാധിപത്യ, സഹവര്‍ത്തിത്വ വ്യവഹാരങ്ങളെല്ലാം രാജ്യത്ത് എല്ലായിടത്തും ഒരു പോലെയാവില്ല. ഈ തിരിച്ചറിവിന്റെ അഭാവമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ ശാക്തീകരണത്തിന് ഏറ്റവും വലിയ വെല്ലുവിളി. സ്വത്വ രാഷ്ട്രീയ പ്രതിനിധാനങ്ങളെയെല്ലാം ഒരേ അളവുകോലു വച്ചു നിര്‍ണയിക്കുന്നതിന്റെ പാളിച്ച നമുക്ക് പലപ്പോഴും സംഭവിക്കുന്നതും ഇതുകൊണ്ടു തന്നെ. കേരളീയ പശ്ചാത്തലത്തിലാണ് നാം കാര്യങ്ങളെ സമീപിക്കാറുള്ളത്. ഓരോ മണ്ണിന്റെയും സ്വഭാവം ഏറെ പ്രധാനമാണ്. അധികാരക്കൈമാറ്റം, വിഭജനം പോലുള്ള ചരിത്ര യാഥാര്‍ഥ്യങ്ങളെ കേരളീയ മുസ്‌ലിമിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അതു കൂടി മുന്നില്‍വച്ചേ ഇതര നാടുകളിലെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെപ്പറ്റിയും സംസാരിക്കാന്‍ സാധിക്കൂ. അവിടങ്ങളില്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള ഇടങ്ങളില്‍ പോലും തീവ്ര ഹിന്ദുത്വര്‍ തെരഞ്ഞെടുപ്പുകള്‍ അനായാസം ജയിക്കുമ്പോള്‍ ഇരവാദം കൊണ്ടോ, അനങ്ങാപ്പാറ നയങ്ങള്‍ കൊണ്ടോ, സമ്പ്രദായികമായി സ്വീകരിച്ചു പോരുന്ന നിരുപാധിക പിന്തുണ നയം കൊണ്ടോ പരിഹാരമാവുന്നില്ല. കൃത്യമായ ദൗത്യ നിര്‍വഹണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ സവിശേഷമായ സാമൂഹ്യ ഘടനയെ തിരിച്ചറിഞ്ഞു കൊണ്ട് ആ സാഹചര്യത്തെ ഒരു മതം എന്ന നിലയിലും ജീവിത പദ്ധതി എന്ന നിലയിലും ഇസ്‌ലാം എങ്ങിനെ സമീപിക്കുന്നു എന്ന സന്ദേശം സത്യ സന്ദേശ പ്രചാരണത്തിനുള്ള ഒരു വലിയ വേദി കൂടിയാക്കി മാറ്റാന്‍ കഴിയണം. ആത്മീയ മാനങ്ങള്‍ പകര്‍ന്ന് കൊടുക്കേണ്ടിടത്ത് ആ തരത്തിലും ഒരു ജീവിത പദ്ധതി എന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട സാമൂഹ്യ പശ്ചാത്തലം ആഗ്രഹിക്കുന്നവര്‍ക്ക് ആ തലത്തിലും ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഇസ്‌ലാം ഏകാശിലാത്മകമായ ഒന്നല്ല എന്നത് പ്രത്യയ ശാസ്ത്രപരമായ ആദര്‍ശ സംവാദങ്ങളില്‍ മാത്രം ഉയരേണ്ട ഒന്നല്ല. പ്രായോഗികമായ പ്രബോധനത്തിലും അനുവര്‍ത്തിക്കേണ്ട നയമാണ്. ഈ സാഹചര്യത്തിലാണ് നൂറ്റാണ്ടുകളായി ഒരു മാറ്റവുമില്ലാത്ത ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഇസ്‌ലാമിന് എന്ത് ചെയ്യാനാവും എന്ന ആലോചനകള്‍ വികസിക്കേണ്ടത്.

പ്രമാണങ്ങളെ വായിക്കേണ്ടതെങ്ങനെ
പുതിയ കാലത്ത് ഇസ്‌ലാമോഫോബിയ സജീവമാണെങ്കിലും മുസ്‌ലിം പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുന്ന എല്ലാവരെയും ഇസ്‌ലാമോഫോബിക്ക് ആയി മുദ്രകുത്തുന്നതും തിരുത്തപ്പെടേണ്ടതാണ്. മത പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട് വളരുന്ന തീവ്ര ഇടങ്ങളെ നാം കാണാതിരുന്നുകൂടാ. മുസ്‌ലിം രാജ്യങ്ങളെ ദുര്‍ബലമാക്കുന്നതിലും അവിടെ സമാധാന പൂര്‍ണമായ ജീവിതം അസാധ്യമാക്കുന്നതിലും മുഖ്യ പങ്കുവഹിച്ച ഇസങ്ങള്‍ അതിന്റെ വേരുകള്‍ പലയിടത്തേക്കും പടര്‍ത്തിയിട്ടുണ്ട് എന്നത് നിഷേധിച്ചിക്കാന്‍ കഴിയില്ല. ഭരണകൂടങ്ങളും ഏജന്‍സികളും അനേകം വ്യാജ കഥകള്‍ നിര്‍മിച്ചത് കൊണ്ടാവണം ചിലപ്പോഴെങ്കിലുമെത്തിയ പുലിയെ ആരും ഗൗനിക്കാതെ പോയത്. ഇസ്‌ലാം നിഗൂഢമോ രഹസ്യമോ അല്ല എന്നത് വിളംബരം ചെയ്യേണ്ടത് കൂടെ യുവതയുടെ ചുമതലയാണ്. ഭരണകൂട ഭാഷ്യങ്ങള്‍ക്കപ്പുറം നമുക്ക് ഒരു ഭാഷ്യമില്ലാതെ പോയത് കൊണ്ടുകൂടിയാണ് പലപ്പോഴും ഇത്തരം പ്രവണതകള്‍ പ്രതിരോധിക്കപ്പെടാതെ പോവുന്നത്. മതകീയമായിത്തന്നെ ദുര്‍വ്യാഖ്യാനങ്ങളെ ചെറുക്കാന്‍ കഴിയണം. അതിനുള്ള പ്രധാന പ്രതിരോധം മതത്തെ എങ്ങനെ സമീപിക്കണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നത് എന്ന വസ്തുത മുസ്‌ലിം സമൂഹത്തിലും പുറത്തും കൃത്യമായി എത്തിക്കുക എന്നത് തന്നെയാണ്. ടെക്സ്റ്റ് റീഡിംഗ് അല്ല മതം. കൃത്യമായ രീതി ശാസ്ത്രം മാനദണ്ഡമാക്കി വികസിച്ചു വന്ന വിശ്വാസ, കര്‍മ ശാസ്ത്ര,ആത്മീയ സംവിധാനങ്ങളാണ് മതജീവിതത്തിന്റെ ആണിക്കല്ല്. പ്രമാണങ്ങളെ എങ്ങിനെ സമീപിക്കണം എന്നത് മുസ്‌ലിം യുവതയെ ഒരു കാലത്തും കുഴക്കുന്ന ചോദ്യമായി മാറിക്കൂട. അത്തരമൊരു ആശങ്ക സൃഷ്ടിച്ചവര്‍ തന്നെയാണ് മതത്തെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട് പല അരുതായ്കകളും മുളച്ചുപൊന്തിയതിലും അത് സിംഹരൂപം പൂണ്ടതിലും വിനാശം വിതച്ചതിലുമെല്ലാം പ്രതിസ്ഥാനത്തുള്ളത്.
ഈ വസ്തുതകളെല്ലാം മുന്നില്‍ വക്കുമ്പോള്‍, ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന് ഉരുത്തിരിഞ്ഞു വരുന്നത് പുതിയ തലമുറയില്‍ ചരിത്രബോധം നല്‍കുക എന്നത് കൂടിയാണ്. ചരിത്രത്തെ വായിക്കേണ്ട രീതി ശാസ്ത്രം കൂടി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പലപ്പോഴും ചരിത്രത്തെ അക്ഷരവായനയാക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അപകടം സൃഷ്ടിക്കപ്പെട്ടത് ഈ രീതിശാസ്ത്രത്തിന്റെ അഭാവം മൂലമാണ്. ചരിത്രത്തെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ചും വര്‍ത്തമാന കാലത്തെയും ചരിത്രത്തെയും എങ്ങിനെ ബന്ധപ്പെടുത്തണമെന്നതിനെക്കുറിച്ചുമെല്ലാമുള്ള ഗൗരവമായ ആലോചനകള്‍ നടക്കേണ്ടിയിരിക്കുന്നു. സലാഹുദ്ദീന്‍ അയ്യൂബിയെ പോലുള്ളവരെക്കുറിച്ചുള്ള അജ്ഞതയോളം പ്രശ്നവത്കരിക്കേണ്ട ഒന്ന് തന്നെയാണ് സലാഹുദ്ദീന്‍ അയ്യൂബി യെ രൂപപ്പെടുത്തിയ മതകീയ, ആത്മീയ, സാമൂഹിക പശ്ചാത്തലങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സലാഹുദ്ദീനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളും. പലപ്പോഴും നമ്മുടെ ചുറ്റുപാടില്‍ നടക്കുന്ന ചരിത്ര വായനയുടെ വൈകല്യം കൂടി യുവത തിരിച്ചറിയേണ്ടതുണ്ട്.
സമൂഹത്തെ നിരാശപ്പെടുത്തുക, എന്നതല്ല, അവരെ പ്രചോദിപ്പിക്കുക എന്നതാണ് പ്രധാനം. സ്വത്വവും ശാക്തീകരണവും മുന്നോട്ടു വക്കുന്ന പലര്‍ക്കും സംഭവിക്കുന്നത് നിരാശാജനകമായ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചു മാത്രമാണ് അവര്‍ സംസാരിക്കുന്നത് എന്നതാണ്. എന്നാല്‍, ഈ സാമൂഹ്യ സാഹചര്യങ്ങളെ കൃത്യമായി ചര്‍ച്ച ചെയ്യുകയും അതിനെ നേരിടുകയും വേണം എന്നതിനൊപ്പം ആ ദൗത്യത്തിന്റെ പ്രായോഗികത കൂടി പ്രാധാന്യം അര്‍ഹിക്കുന്നു. നിലവിലെ സാമൂഹ്യ സാഹചര്യങ്ങളെ പരിഗണിച്ചു കൊണ്ട് വേണം പദ്ധതികള്‍ രൂപപ്പെടാന്‍. അത്തരം കര്‍മ പദ്ധതികള്‍ക്ക് സമുദായത്തിന് ആത്മവിശ്വാസവും പ്രചോദനവും പകരല്‍ അനിവാര്യമാണ്. ഈ പ്രചോദനം പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടിക്കൊണ്ടല്ല. അവയെ നേരിട്ടു കൊണ്ടും പ്രായോഗികവും ക്രിയാത്മകവുമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു കൊണ്ട് കൂടിയാവണം. മത നേതൃത്വവും സമുദായ നേതൃത്വവും ഈ മധ്യമ നിലപാടിലേക്ക് കളം മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമുദായം നേരിടേണ്ടി വരും എന്നുറപ്പ്.
പാരമ്പര്യമായി പറഞ്ഞു വെക്കപ്പെട്ട പല അജണ്ടകളും പൊളിച്ചെഴുതേണ്ടതുണ്ട് എന്നതാണ് മുഖ്യം. സത്യത്തില്‍ കേരളത്തിലെ സവിശേഷ സാഹചര്യം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യാനന്തരം ഒരു അജണ്ട തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മുന്‍ഗണനാ ക്രമങ്ങളുടെ ആസൂത്രിതമായ ക്രമീകരണം ഉണ്ടാവേണ്ടതുണ്ട്. ഇതര സമൂഹങ്ങളോടുള്ള സാഹോദര്യം ഉറപ്പ് വരുത്തുന്നത് നമ്മുടെ അജണ്ടകളില്‍ മായം ചേര്‍ത്തു കൊണ്ടാവരുത് എന്നത് ശ്രദ്ദിക്കേണ്ടതുണ്ട്. ബഹുമത സമൂഹത്തിലെ വ്യവഹാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പരസ്പരം അറിയാനുള്ള വേദികള്‍ ഒരുക്കുകയും ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. പുതിയ കാലത്ത് മതങ്ങളുടെ പേരില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ തത്പര കക്ഷികള്‍ സജീവമാണ് എന്നിരിക്കെ ഇത് ഏറെ അനിവാര്യമാണ്. തെറ്റിദ്ധാരണകള്‍ ഉണ്ടാവേണ്ട ആവശ്യമെന്ത് എന്ന ചോദ്യം പ്രസക്തമെങ്കികും തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള, പരസ്പരം മനസ്സിലാക്കാനുള്ള അവസരങ്ങള്‍ സൃഷടിക്കപ്പെടുക എന്നതാണ് അതിലേറെ പ്രസക്തം. പൊതു ആവശ്യങ്ങള്‍ക്കായി പൊതുവായി സംഘടിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന രീതി ഉണ്ടാവണം. യുവ നേതൃത്വങ്ങള്‍ തമ്മില്‍ ആശയക്കൈമാറ്റങ്ങളും ചര്‍ച്ചകളും ഉണ്ടാവേണ്ടതുണ്ട്. എങ്കിലേ രാജ്യം നേരിടുന്ന ഭീഷണിയെ ചെറുക്കാന്‍ സാധിക്കൂ.

മമ്മൂട്ടി അഞ്ചുകുന്ന്‌