രോഗ പ്രതിരോധം ഇന്ത്യക്ക് പിഴക്കുന്നതെവിടെ?

1663

പ്രതിസന്ധികള്‍ നിരന്തരം പ്രഹരമേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടി രാഷ്ട്രം ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങളുടെ അപര്യാപ്തതയാണോ അതോ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നയവൈകല്യമാണോ ദുരന്തമുഖത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നത് എന്ന ചോദ്യത്തെ രാഷ്ട്രീയ പക്ഷം മാറ്റിവച്ച് ഉത്തരം കണ്ടെത്തേണ്ട അതി നിര്‍ണയിക സന്ദര്‍ഭത്തിലാണ് ഇന്ത്യ നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യം, സാമ്പത്തികം, സൈനികം, മാനവവിഭവശേഷി എന്നീ ഘടകങ്ങളെ കേന്ദ്രീകരിച്ച് പ്രസ്തുത ചോദ്യത്തെ പരിശോധിക്കുമ്പോള്‍ ചരിത്രപരമായ ചില പരിമിതികളുണ്ടെങ്കിലും സമൃദ്ധമായൊരു ഇന്നലകളെയാണ് കണ്ടെടുക്കാന്‍ സാധിക്കുക. കൊറോണാ വൈറസിനേക്കാളും പതിന്മടങ്ങ് പ്രഹരശേഷിയുള്ള പല മാറാവ്യാധികളെയും അടിസ്ഥാന സൗകര്യങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നതോടൊപ്പം കൃത്യ നിര്‍വഹണത്തില്‍ അധികാരികള്‍ കാണിച്ച അമിത താത്പര്യത്തിന്റെയുമൊക്കെ കാരണമായി ചികിത്സ സംവിധാനങ്ങളോ സാങ്കേതിക സൗകര്യങ്ങളോ ഇത്രമേല്‍ പുരോഗതി പ്രാപിക്കാത്ത ഒരു കാലത്ത് നേരിട്ടവരാണ് ഇന്ത്യന്‍ ജനത. വസൂരി, പ്ലേഗ്, കോളറ തുടങ്ങിയ സാംക്രമിക വ്യാധികളെ സമര്‍ഥമായി കീഴ്‌പ്പെടുത്തിയ ഈ ജനതക്ക് അത്രമേല്‍ കഠിനമെല്ലാത്ത ഒരു വ്യാധിയെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? വ്യാപന ശേഷിയിലും മരണ നിരക്കിലും മറ്റു മാറാവ്യാധികളും കോവിഡും തമ്മില്‍ വലിയ അന്തരം പ്രകടിപ്പിക്കുമ്പോഴും, ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രകടനപരതയാലും അശാസ്ത്രീയ പ്രഖ്യാപനങ്ങളാലും അന്ധവിശ്വാസത്താലും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു എന്നുതന്നെയാണ് നമ്മുടെ കോവിഡ് പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നത്. അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും നിസഹായതയുമാണ് ഇന്ത്യന്‍ ജനതയുടെ വേവലാതികളായി അവശേഷിക്കുന്നത്.

കരുത്തുറ്റ ഇന്നലെകള്‍
നല്ല ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ഇന്ത്യയെ പോലെ ജനസംഖ്യയില്‍ വളരെ മുന്നിലുള്ള ഒരു മൂന്നാംകിട രാജ്യത്ത് ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടതും പരിപാലിക്കേണ്ടതും ജനങ്ങള്‍ക്ക് അത് ഗുണകരമാകുന്നുണ്ട് എന്നുറപ്പു വരുത്തേണ്ടതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രമകരമായ ഉത്തരവാദിത്വമാണ്. ഇക്കാര്യം നേരത്തെതന്നെ മനസ്സിലാക്കിയ രാഷ്ട്ര ശില്‍പികള്‍ ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. പോഷകാഹാരം ഉറപ്പാക്കുക, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നീ ആരോഗ്യ മേഖലയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര ക്രിയകള്‍ ഭരണകര്‍ത്താക്കളുടെ പ്രാഥമിക ബാധ്യതയാണെന്ന നിര്‍ദേശം അവര്‍ മുന്നോട്ടുവച്ചു. എന്നാല്‍, ഇത് കൃത്യമായി കാലാകാലങ്ങളില്‍ പാലിക്കപ്പെടാതെ പോയപ്പോഴാണ് രാജ്യത്തിനേല്‍ക്കാവുന്ന ഇളംപനി പോലും മഹാമാരികളായി മാറിയത്. ആരോഗ്യ മേഖലയില്‍ ശ്ലാഘനീയമായ പല പരീക്ഷണങ്ങള്‍ നടത്തുകയും വിജയിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. വാക്‌സിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കല്‍, കോളറ വാകസിന്‍ പരീക്ഷണം, പ്ലാഗ് വാക്‌സിന്‍ കണ്ടെത്തല്‍, വസൂരി പ്രതിരോധ കുത്തിവപ്പ്, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരില്‍ ടൈഫോയിഡ് വാക്‌സിന്‍ പരീക്ഷണം (1904-1908), തുടങ്ങിയ പരിപാടികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. 1802 ജൂണ്‍ 14 നാണ് ഇന്ത്യയില്‍ ആദ്യമായി വസൂരി വാക്‌സിന്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് വസൂരി പ്രതിരോധ കുത്തിവപ്പ് ജനപ്രിയമായെങ്കിലും അന്ധവിശ്വാസം, ദൈവകോപം തെറ്റിദ്ധാരണകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ പൊതുജനം അതിനോട് വിമുഖത പ്രകടിപ്പിച്ചിരുന്നു. അതിനെ ജനപ്രിയമാക്കുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രമങ്ങള്‍ ആരംഭിച്ചു. വാക്‌സിനേഷന്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ ഇന്ത്യയില്‍ സാനിറ്ററി വകുപ്പ് രൂപീകരിച്ചു. തുടര്‍ന്ന് വസൂരി പ്രതിരോധം വ്യാപകമാക്കാനും ഉറപ്പാക്കാനും പകര്‍ച്ചവ്യാധി കുറയ്ക്കാനും നിര്‍ബദ്ധിത വാക്‌സിനേഷന്‍ നിയമം 1892 ല്‍ ഇന്ത്യയില്‍ പാസാക്കി. 80 ശതമാനം ജില്ലകളിലും നിയമം പ്രാബല്യത്തില്‍ വരുത്തി.
ഇന്ത്യയിലേക്ക് 1850 വരെ ബ്രിട്ടനില്‍ നിന്നായിരുന്നു വാക്‌സിന്‍ ലഭ്യമാക്കിയിരുന്നത്. പിന്നീടുള്ള വര്‍ദ്ധിച്ച ആവശ്യം 1832 ല്‍ തന്നെ ബോംബെയില്‍ ചില ഗവേഷണ ശ്രമങ്ങള്‍ ആരംഭിച്ചു. 1879 ല്‍ മദ്രാസിലും പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഈ ഗവേഷണ പരിക്ഷണ കാലയളവിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും കോളറ അതിരൂക്ഷമായ രീതിയില്‍ വ്യാപിച്ചത്. ഈ സമയത്ത് കോളറ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ നടത്തണമെന്ന ഡോ. ഹാഫ്കൈന്റെ അഭ്യര്‍ഥന ഗവണ്‍മെന്റ് അംഗീകരിക്കുകയും 1893 ല്‍ ഡോ. ഹാഫ്കൈന്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ നടത്തുകയും അതു വഴി രോഗ വ്യാപനത്തെ നിയന്ത്രിക്കാനും സാധിച്ചു. 1896ല്‍ ഇന്ത്യയില്‍ പ്ലേഗ് പകര്‍ച്ച വ്യാധിയായതോടെ ആ വര്‍ഷം തന്നെ ഇന്ത്യയില്‍ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കി. തുടര്‍ന്ന്, ഡോ. ഹാഫ്കൈന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ പിന്തുണയോടെ മുംബൈയിലെ ഗ്രാന്റ് മെഡിക്കല്‍ കോളേജില്‍ പ്ലേഗ് പരീക്ഷണം ആരംഭിക്കുകയും 1897ല്‍ ഇന്ത്യ പ്ലേഗ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, 1896-1907 കാലഘട്ടത്തില്‍ ഇന്ത്യയില്‍ കോളറയും പ്ലേഗ് പടര്‍ന്നുപിടിച്ചതോടെ പ്രത്യേകം പരിശീലനം ലഭിച്ച വാക്‌സിനേറ്റര്‍മാരെ ഗവണ്‍മെന്റ് സജ്ജമാക്കി. അവരുടെ സേവനം പകര്‍ച്ചവ്യാധി നിയന്ത്രണ ശ്രമങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും രാജ്യത്തെ പ്രതിരോധകുത്തിവപ്പ് പരിപാടികള്‍ക്ക് പ്രകടമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 1919 ലെ ഇന്ത്യ ഗവണ്‍മെന്റ് ആക്റ്റ്, കേന്ദ്രത്തില്‍നിന്ന് പ്രദേശിക ഭരണ സ്ഥാപനങ്ങളിലേക്ക് നിരവധി ഭരണപരമായ അധികാരങ്ങള്‍ കൈമാറി. ഇതിലൂടെ പ്രതിരോധ കുത്തിവപ്പ് ഉള്‍പ്പെടെയുള്ള ആരോഗ്യ സേവനങ്ങളുടെ ഉത്തരവാദിത്വം പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ക്കായി. ഇത്
വാക്‌സിന്‍ കൂടുതല്‍പേരിലേക്ക് ഫലപ്രദമായി എത്താന്‍ കാരണമായി.
സ്വാതന്ത്ര്യത്തിനു ശേഷവും വിജയകരമായ പല പരീക്ഷണങ്ങള്‍ക്കും ഇന്ത്യ നേതൃത്വം നല്‍കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആരോഗ്യ മേഖല നേരിട്ട വലിയ വെല്ലുവിളികളിലൊന്ന് ക്ഷയരോഗപ്പകര്‍ച്ചയായിരുന്നു. 1948 മെയ് മാസത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് രോഗ അനുപാതിക കണക്കെടുപ്പ് നടത്തുകയും പരിമിതമായ രീതിയില്‍ ആഇഏ (ആമരശഹഹൗ െഇമഹാലേേലഏൗണുൃശി) കുത്തിവപ്പ് നടപ്പാക്കാനും തീരുമാനിച്ചു. ശേഷം ചെന്നൈയിലെ കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ബി.സി.ജി വാക്‌സിന്‍ ലബോറിട്ടറിയും സ്ഥാപിച്ചു. 1948 ഓഗസ്റ്റില്‍ തന്നെ ഇന്ത്യയില്‍ ബി.സി.ജി പ്രതിരോധ കുത്തിവപ്പ് ആരംഭിച്ചു. അതുവഴി 1949 ല്‍ ബി.സി.ജി വാക്‌സിന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ബി.സി.ജി വാക്‌സിന്‍ വിപുലീകരിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര ക്ഷയരോഗ പ്രചാരണം (കിലേൃിമശേീിമഹ ഠൗയലൃരൗഹീശെ െഇമാുമശി) ഇന്ത്യയെ സഹായിച്ചു. 1949 ഫെബ്രുവരിയില്‍ തന്നെ അഞ്ച് ഐ.ടി.സി സെല്ലുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആസൂത്രിതമായ സര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും ഫലം കണ്ടതോടെ 1951 ല്‍ ഇന്ത്യയിലുടനീളം ബഹുജന ബി.സി വാക്‌സിനേഷന്‍ (ങമശൈ്‌ല ആഇഏ ഢമരരശിമശേീി ഇമാുമശഴി) ആരംഭിച്ചു. അഞ്ച് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടെ ഇന്ത്യാ ഗവണ്‍മെന്റ് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി.
യൂണിസഫിന്റെ സാങ്കേതിക സാമ്പത്തിക സഹകരണത്തോടെ ഇന്ത്യ ബി.സി.ജി വാക്‌സിന്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും വിപുലമായ രീതിയില്‍ വ്യാപിപ്പിച്ചു. 1962 ല്‍ ആരംഭിച്ച ദേശീയ ക്ഷയരോഗ നിയന്ത്രണ പദ്ധതി ആര്‍.എന്‍.ടി.സി പി.(ഞചഠഇജ) യുടെ ഭാഗമായി സര്‍ക്കാര്‍ രാജ്യത്തുടനീളം ഉയര്‍ന്ന നിലവാരമുള്ള രോഗ നിര്‍ണയം, മരുന്നുകള്‍, ചികിത്സകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കുകയും കൂടാതെ, നിക്ഷയ് പോഷന്‍ യോജന വഴി, ഓരോ ക്ഷയരോഗിക്കും 500 രൂപ പ്രതിമാസം നല്‍കുകയും ചെയ്തു. പ്രസ്തുത പദ്ധതിയാലൂടെ ക്ഷയരോഗ കീമിയോ സെന്റര്‍ സ്ഥാപിച്ചു. അതാണ് പിന്നീട് മദ്രാസ് ക്ഷയരോഗ ഗവേഷണകേന്ദ്രം എന്നറിയപ്പെട്ടത്.
1967-1968 കാലയളവില്‍ വസൂരി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ 1969ല്‍ വാക്‌സിന്‍ നവീകരിച്ച് കൂടുതല്‍ പ്രതിരോധശേഷിയുള്ള വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ചു. 1971 ല്‍ തന്നെ അത് ജനങ്ങളിലേക്ക് എത്തിച്ചു. പിന്നീടത് ആഗോളതലത്തില്‍ തന്നെ ആവശ്യാനുസാരം ഉല്‍പാദിപ്പിച്ചു നല്‍കാനും ഇന്ത്യ മുന്നോട്ടുവന്നു. അതുവഴി 1977ല്‍ തന്നെ ക്രിയാത്മകവും ആസൂത്രിതവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാല്‍ ഇന്ത്യ വസൂരിയില്‍ നിന്ന് മുക്തി നേടി. 1980 മെയ് 8 ന് ലോകാരോഗ്യസംഘടന ലോകം വസൂരിയില്‍ നിന്നും മുക്തമായി പ്രഖ്യാപിച്ചു.
1977 ല്‍ പൊതുമേഖലയില്‍ പത്തൊന്‍പതും സ്വകാര്യമേഖലയില്‍ പന്ത്രണ്ടും വാക്‌സിന്‍ നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യക്ക് ഉണ്ടായിരുന്നു. അതിനാല്‍ ആഗോള വിപണിയിലുള്ള വാക്‌സിനുകളില്‍ അധികവും ഇന്ത്യയില്‍ ലഭ്യമായിരുന്നു. വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ സ്വകാര്യ നിര്‍മാതാക്കള്‍ വികസിപ്പിച്ചെടുത്ത ജൃീഴൃമാാല ീള കാാൗിശമെശേീി, രാജീവ് ഗാന്ധി വിഭാവനം ചെയ്ത ഡിശ്‌ലൃമെഹ കാാൗിശമെശേീി ജൃീഴൃമാാല 1985 എന്നിവ പ്രതിരോധ പ്രവര്‍ത്തനത്തെ വലിയ കാമ്പയിനായി നിലനിര്‍ത്തി. 1977ല്‍ ഇന്ത്യ വസൂരി രഹിതമായി പ്രഖ്യാപിച്ചതോടെ ബി.സി.ജി, ഒ.പി, ഡി.പി.ടി, ടൈഫോയിഡ് വാ
ക്‌സിനുകള്‍ എന്നിവയെ ശക്തിപ്പെടുത്തികൊണ്ട് 1978 ല്‍ (ഋഃുമിറലറ ുൃീഴൃമാാല ീി കാാൗിശ്വമശേീി ഋജക) എന്ന ദേശീയ രോഗ പ്രതിരോധ പദ്ധതിക്ക് ഇന്ത്യ രൂപം നല്‍കി. ശൈശവ പ്രായത്തില്‍ തന്നെ 80 ശതമാനം കുത്തിവപ്പായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വാക്‌സിന്‍ ഉല്‍പാദനത്തില്‍ സ്വയം സുസ്ഥിരത എന്നതായിരുന്നു ഇമ്മ്യൂണിസഷനെക്കുറിച്ച് ടെക്‌നോളജി മിഷന്‍ വിശേഷിപ്പിച്ചത്. പക്ഷേ, സാങ്കേതിക സൗകര്യങ്ങള്‍ വിപുലവും വിശാലവുമായ ഈ കാലത്ത് പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വയം സുസ്ഥിര വാക്‌സിന്‍ ഉല്‍പാദനം പോയിട്ട് പൗരന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാന്‍ കഴിയാത്ത ഒരു സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
1996 മാര്‍ച്ച് 11 ലെ ലണ്ടന്‍ ടൈംസില്‍ വില്യം റീസ്‌മോഗ്ഗ് ഇപ്രകാരം എഴുതിയിരുന്നു.”ആധുനിക ലോകത്തെ കുറിച്ച് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ആരും ഇന്ത്യയില്‍ നേരിട്ടു പോകണം. അടുത്ത നൂറ്റാണ്ടില്‍ സാമ്പത്തിക രംഗത്തെ മഹാ ശക്തികളിലൊന്നായി തീര്‍ന്നേക്കാവുന്ന ഇന്ത്യക്ക് ഏറ്റവും അടിയുറച്ചതും ഏറ്റവും അയവുള്ളതുമായ ഒരു സംസ്‌കാരമുണ്ട്. ചൈനയേക്കാള്‍ സ്ഥിരതയാര്‍ന്ന പുരോഗതി ഇന്ത്യ കൈവരിച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ആധുനികത അതിനെ കളങ്കപ്പെടുത്തിയിട്ടുമില്ല”ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക മേഖലയില്‍ കൈവരിച്ച അനിഷേധ്യമായ പാരമ്പര്യത്തിന്റെ നൈരന്തര്യമാണ് ആധുനികലോകത്ത് ഇന്ത്യ ഒരു വന്‍ശക്തിയായി മാറുമെന്ന വില്യം റീസ്‌മോഗ്ഗിന്റെ പ്രവചനത്തിലേക്ക് എത്തിക്കുന്നത്. ഇത്തരം പ്രവചനങ്ങള്‍ അമിതമായ ശുഭാപ്തിവിശ്വാസത്തിന്റെ ഫലമായിരിക്കാം എന്നു പറഞ്ഞ് ഒഴിവാക്കുമ്പോഴും, ഇന്ത്യയുടെ മാനവ വിഭവശേഷിയും അതു ഉല്‍പാദിപ്പിക്കേണ്ട വിഭവ നിരക്കും തുലനം ചെയ്യുമ്പോള്‍ ഇത്തരം പ്രവചനങ്ങള്‍ അസ്ഥാനത്തല്ല. സുസ്ഥിരമായ സാമ്പത്തിക-സാമൂഹിക-ആരോഗ്യ വളര്‍ച്ചക്ക് ഫലപ്രദമായ രീതിയില്‍ സംഭാവന നല്‍കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ മാനവ വിഭവങ്ങളുടെ രാജ്യമാണ് നമ്മുടേത്. ലോക ജനസംഖ്യ ഇപ്പോള്‍ 786 കോടിയിലധികമാണ്. ഇതില്‍ തന്നെ ഏഷ്യയിലാണ് ജനസംഖ്യ കൂടുതല്‍. 6.64 ബില്യണ്‍ ജനങ്ങള്‍ നമ്മുടെ ഭൂഖണ്ഡത്തില്‍ വസിക്കുന്നുണ്ട്. ഇത് ലോക ജനസംഖ്യയുടെ 60 ശതമാനമാണ്. ഇതില്‍ ചൈന 144 കോടിയും ഇന്ത്യ 139 കോടിയുമാണ്. ഈ അംഗബലത്തെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ തന്നെയാണ് സമൃദ്ധിയുടെ ഇന്നലകള്‍ നമ്മള്‍ സാധ്യമാക്കിയതും.
വ്യാവസായിക, സാമ്പത്തിക, സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളില്‍ ഈ കുറഞ്ഞ കാലയളവില്‍ അത്യപൂര്‍വമായ മുന്നേറ്റങ്ങള്‍ സാധ്യമാക്കിയ നമ്മുടെ രാജ്യം, 1947 ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ മധ്യകാലത്തിലെ ഏറ്റവും വലിയ ഉല്‍പാദക ശക്തി, ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്ര്യ രാഷ്ട്രങ്ങളില്‍ ഒന്നായി തീര്‍ന്നിരുന്നു. ഈ ദയനീയ നില ദീര്‍ഘവീക്ഷണത്തോടെ നേരിട്ട ദേശീയ നേതാക്കള്‍ ഇന്ത്യയുടെ സമ്പദ്ഘടന ഒരു ആസൂത്രിത സമ്പദ്ഘടനയായിരിക്കണമെന്ന് തീരുമാനിക്കുകയും 1938 ഒക്‌ടോബറില്‍ സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായിരിക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചെയര്‍മാനാക്കി ഒരു ദേശീയ ആസൂത്രണ സമിതി രൂപീകരിച്ചു. സമിതിയുടെ കീഴില്‍ ഇന്ത്യയുടെ സമ്പത്ത് ഘടന ഏതു രീതിയില്‍ വേണമെന്ന് ആലോചിക്കുക. 1949ല്‍ അതിന്റെ അന്തിമറിപ്പോര്‍ട്ട് പുറത്തു വരികയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1950 മാര്‍ച്ച് 15 ന് ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കുകയും ഒന്നാം പഞ്ചവത്സരപദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ സാമ്പത്തിക പദ്ധതികളുടെ ഒരു കേന്ദ്രീകൃത രീതി നിലനിര്‍ത്തുക എന്നതായിരുന്നു പഞ്ചവത്സരപദ്ധതികള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. 2069 കോടി വകയിരുത്തി ഒന്നാം പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കപ്പെട്ടത് പ്രാഥമിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടായിരുന്നു. അതിലൂടെ എല്ലാ സാമ്പത്തിക മേഖലകളിലും സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ഉറപ്പാക്കുകയും ചെയ്തു. വ്യാവസായിക വത്കരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയ രണ്ടാം സംവത്സര പദ്ധതി 4.5 ശതമാനം വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ടപ്പോള്‍ 4.27 ശതമാനം വളര്‍ച്ച കൈവരിച്ചു. പ്രസ്തുത പദ്ധതിയിലൂടെ ദി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, അറ്റോമിക് എനര്‍ജി കമ്മീഷന്‍ എന്നീ ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിച്ചു. കര്‍ഷക മേഖലയെ കൂടുതല്‍ പരിഗണിച്ചുകൊണ്ടുള്ള മൂന്നാം പഞ്ചവത്സര പദ്ധതിയും സ്വയം പര്യാപ്തത സ്ഥിരതയോടെയുള്ള വളര്‍ച്ച എന്നിവ ലക്ഷ്യംവച്ചുള്ള നാലാം പഞ്ചവത്സര പദ്ധതിയും വലിയ വിജയം കണ്ടില്ലെങ്കിലും അതത് മേഖലകളില്‍ ചെറിയ മാറ്റങ്ങള്‍ക്ക് കാരണമായി. ദാരിദ്ര്യ നിര്‍മാര്‍ജനം, ശാസ്ത്ര സാങ്കേതിക വിദ്യക്കും വ്യാവസായിക ഉല്‍പാദനത്തിനും ഊന്നല്‍ നല്‍കുക, വ്യവസായിക മേഖലകളെ ആധുനിക വത്കരിക്കുക ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സാമൂഹികനീതിയും നടപ്പാക്കുക, സാക്ഷരത നിരക്ക് ഉയര്‍ത്തുക, വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയ അടിസ്ഥാന താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപിക്കപ്പെട്ട പഞ്ചവത്സര പദ്ധതികളെല്ലാം ഇന്ത്യയുടെ എല്ലാ മേഖലകള്‍ക്കും ഉണര്‍വും ഊര്‍ജവും കരുത്തും നല്‍കുന്നവയായിരുന്നു. ഇത്തരം നിര്‍ണായകമായ പല പദ്ധതികളും സൂക്ഷ്മമായ ആസൂത്രണവും അത് നടപ്പാക്കാനുള്ള സര്‍ക്കാറുകളുടെ അമിതമായ താല്‍പര്യവുമൊക്കെ കണക്കിലെടുത്താവണം വില്യം റീസ്‌മോഗ്ഗിന്റെ പ്രവചനത്തെ വായിക്കാന്‍.

വിഭവ സമൃദ്ധി ഗുണകരമാകാതത് എന്തുകൊണ്ട്?
ഇന്ത്യയുടെ സമ്പത്ത്, സൈന്യം, മാനവവിഭവശേഷി, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങളെ ഉപയോഗപ്പെടുത്തി ഒരു പ്രതിസന്ധി ഘട്ടത്തെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ഈ ചെറിയ കാലയളവില്‍ നമ്മള്‍ കൈവരിച്ച വിഭവസമൃദ്ധി ഒരു പ്രതിസന്ധിയെ പ്രതിരോധിക്കുന്ന വേളയില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നതില്‍ പിന്നോട്ടു പോകുന്നതിന്റെ പ്രധാന കാരണം സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നയവൈകല്യങ്ങള്‍ തന്നെയാണ്. ശാസ്ത്ര സാങ്കേതിക വിദ്യയും സമ്പത്തിക പുരോഗതിയും ഇത്രമേല്‍ വികസിതമെല്ലാത്ത ഒരു കാലത്ത് മാറാവ്യാധികളെ നേരിടുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച പരിചയ സമ്പത്ത് കൈമുതലുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ ലോകം വലിയ പ്രതീക്ഷകള്‍ പ്രകടിപ്പിക്കുമ്പോഴും ആ പ്രതീക്ഷകള്‍ക്ക് അനുസൃതമായ രീതിയിലുള്ള ഉല്‍പാദനക്ഷമത സാധ്യമാകുന്നില്ല എന്ന് മാത്രമല്ല, അഭ്യന്തര ജനങ്ങള്‍ക്ക് അടിസ്ഥാന ആരോഗ്യ സംരക്ഷണം പോലും നല്‍കാന്‍ കഴിയാത്ത ഒരു മൂന്നാംകിട ദരിദ്ര്യ രാജ്യത്തെ പോലും നാണിപ്പിക്കുന്ന നിലവിലെ പരിതസ്ഥിതിക്ക് കാരണം സര്‍ക്കാരുകളുടെ നയപരമായ തീരുമാനങ്ങള്‍ തന്നെയാണ്.
മുന്നറിയിപ്പുകളോ മുന്‍ധാരണയോ ഇല്ലാതെ മണിക്കൂറുകള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍, യൂറോപ്പും അമേരിക്കയും കോവിഡിന്റെ രണ്ടാം വരവിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോള്‍ അതേ രണ്ടാം തരംഗം ഇന്ത്യയിലും രൂപപ്പെടും എന്ന് പ്രവചിക്കാന്‍ പോലും കഴിയാത്തൊരു സര്‍ക്കാറിന്റെ മെഴുകുതിരി കത്തിക്കല്‍,പാത്രം കൊട്ടല്‍ പോലുള്ള അശാസ്ത്രീയമായ പ്രഖ്യാപനങ്ങള്‍, മരുന്നിന്റെ പ്രാപ്യതയും നിയന്ത്രണവും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനം എന്നീ അബദ്ധവും ആസൂത്രണരഹിതവുമായ പദ്ധതികളെ മുന്‍നിര്‍ത്തിയാണ് ലോകജനതയുടെ 18 ശതമാനം ജീവിക്കുന്ന ഒരു രാഷ്ട്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. മുന്നറിയിപ്പുകളോ മുന്‍ധാരണയോ ഇല്ലാതെ രാജ്യം മുഴുവന്‍ അടച്ചിട്ടപ്പോള്‍ നൂറുകണക്കിന് തൊഴിലാളികള്‍ കോവിഡ് വാഹകരായി ഇന്ത്യയുടെ തെരുവുകളില്‍ നിറഞ്ഞു. അതില്‍ പലരുടെയും അന്ത്യം തെരുവുകളില്‍ തന്നെയായിരുന്നു. സര്‍ക്കാറിന്റെ അലംഭാവ നടപടിയില്‍ കൊഴിഞ്ഞുവീണ ഈ ജീവനുകളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതിനു പകരം ജനങ്ങളുടെമേല്‍ പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായികമായ ഒന്നാണ് വാക്‌സിനേഷന്‍. അത് ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണ്. ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യരില്‍ ഒരാളായ സൈറസ് പുണെവാലെയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോ ടെക്കിനുമാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാണത്തിന് ചുമതല നല്‍കിയിട്ടുള്ളത്. എന്നാല്‍, 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് ആവശ്യമായ വാക്‌സിന്റെ പത്തിലൊന്നുപോലും നിലവില്‍ ഈ കമ്പനികള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ ആകുന്നില്ല. ഈ രീതി തുടര്‍ന്നാല്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍. എന്നുമാത്രമല്ല, 2011-ലെ വാക്‌സിന്‍ നയത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന ചമശേീിമഹ ഠലരവിശരമഹ അറ്ശീെൃ്യ ഏൃീൗു ീി കാാൗിശമെശേീി (ചഠഅഏക) നുമായി വേണ്ടത്ര കുടിയാലോചന നടത്താതെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. പുതിയ വാക്‌സിന്‍ നയമനുസരിച്ച് രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം വീതം കമ്പനികള്‍ നേരിട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കാന്‍ സാധിക്കും. ലോകത്താകെ പകര്‍ച്ച വ്യാധി ബാധിക്കുകയും പുതിയ വാക്സിന്‍ കണ്ടെത്തിയാല്‍ വ്യാധി നിയന്ത്രണ വിധേയമാകുന്നതുവരെ ലാഭം ഇല്ലാതെ നിര്‍മാണച്ചെലവ് മാത്രം ഈടാക്കി വാക്സിന്‍ വില്‍ക്കണമെന്ന ധാരണ ഉണ്ടെന്നിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വ്യത്യസ്ത വിലകളില്‍ വില്‍ക്കാന്‍ ഈ രണ്ട് വാക്സിന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ അവസരം മുതലെടുത്ത വാക്‌സിന്‍ കമ്പനികള്‍ സ്വന്തമായി വില നിശ്ചയിക്കുകയും ആ വില നല്‍കാന്‍ ഇന്ത്യന്‍ ജനത നിര്‍ബന്ധിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവരെ വാക്‌സിന് പണം നല്‍കാത്ത ഒരു രാഷ്ട്രം വാക്‌സിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വില ഈടാക്കുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ചെങ്ങാത്ത മുതലെടുപ്പ് രാഷ്ട്രീയത്തെയും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയ വൈകല്യത്തെയും മറച്ചുപിടിച്ച് മോദി സ്തുതിപാടകരായ മാധ്യമങ്ങളില്‍ കണ്ണുവക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്.
എന്നാല്‍, നമുക്ക് ചരിത്രപരമായി തന്നെ ചില വിഭവ പരിമിതികളുണ്ട്. സര്‍ക്കാറിന്റെ നയ പാളിച്ചകള്‍ പരിഹരിക്കുന്നതോടൊപ്പം ഈ വിശയവും പരിഗണിക്കേണ്ടതാണ്. ഇന്ത്യയെ പോലെ ജനസംഖ്യയില്‍ മുന്നിലുള്ള ഒരു രാജ്യത്തെ നിലവിലുള്ള ഉല്‍പാതക ശേഷി പര്യാപ്തമാണോ എന്നതാണ് അതിലൊന്ന്. ഈ ചെറിയ കാലയളവില്‍ നമ്മള്‍ കൈവരിച്ച വിഭവ സമൃദ്ധി ഒരു പ്രതിസദ്ധി സമയത്ത് പൗരനു ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കുന്നതില്‍ മതിയായതല്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി തരുന്നതാണ് കോവിഡിന്റെ രണ്ടാം വരവ്. അതോടെപ്പം ജി.ഡി.പി യുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലക്ക് നമ്മുടെ രാജ്യം നീക്കിവച്ചിരുന്നത് എന്നു പറയുമ്പോള്‍ ആ മേഖല നേരിടുന്ന സാമ്പത്തിക പരിമിതിയും അവഗണനയും ബോധ്യപ്പെടും. 2008 നു 2015നു മിടയില്‍ ജി.ഡി.പി യുടെ 1.3 ശതമാനം ആരോഗ്യ മേഖലക്ക് നീക്കിവക്കാന്‍ തുടങ്ങി. 2016-2017 കാലത്ത് 1.4 ശതമാനമായി വര്‍ധിപ്പിച്ചു. അതേസമയം ലോക ശരാശരി 6 ശതമാനമാണെന്ന് ഓര്‍ക്കണം. 2017ല്‍ തയ്യാറാക്കിയ ദേശീയ ആരോഗ്യ നയം ശുപാര്‍ശ ചെയ്യുന്നത് 2025 ആകുമ്പോഴേക്ക് ആരോഗ്യ മേഖലക്ക് നീക്കിവക്കുന്ന തുക 2.5 ശതമാനമായി ഉയര്‍ത്തുമെന്നാണ്. എന്നാല്‍, കോവിഡ് പോലുള്ള മഹാമാരികള്‍ സമൂലമായി ബാധിക്കുന്ന ഒരു മേഖല എന്ന നിലയില്‍ പ്രസ്തുത മേഖലയ്ക്ക് സര്‍ക്കാര്‍ സാമ്പത്തികവും മറ്റുമായ കൂടുതല്‍ പരിഗണന ആവശ്യമാണ്. എന്നാല്‍, ഈ പരിമിതികളുടെ നിഴലില്‍ നിന്നുകൊണ്ട് തന്നെ ഉന്നം പിഴക്കാത്ത കര്‍മപദ്ധതികളാലും കരുത്തുറ്റ പ്രായോഗിക നടപടികളാലും പലവിധ സാംക്രമിക രോഗങ്ങളെ നേരിട്ട സര്‍ക്കാറുകളെയും നാം കാണാതെ പോകരുത്.

സാദിഖ് ചെട്ടിയാംകിണര്‍