വൈര്യം വളര്‍ത്താന്‍ എളുപ്പമാണ്, സമന്വയമാണ് അഭികാമ്യം

1692

ക്രൈസ്തവ-മുസ്‌ലിം സൗഹൃദത്തിന്റെ
നാള്‍വഴികളിലൂടെ ഒരു സൗഹൃദ സംഭാഷണം


ഓണംപിള്ളി മുഹമ്മദ് ഫൈസി: തീര്‍ത്തും സൗഹൃദപരമായ ഒരു കൂടിയിരുത്തമാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. നാം പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞു നോട്ടവും ക്രിസ്ത്യന്‍-മുസ്ലിം സൗഹൃദ പാരമ്പര്യവുമാണ് നമ്മുടെ സംഭാഷണത്തില്‍ പ്രധാനമായും വിഷയീഭവിക്കേണ്ടത്. കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലിം സൗഹൃദ സംഭാഷണത്തിലപ്പുറം ചരിത്രത്തിന്റെ ഇന്നലെകളില്‍ ഈ സമുദായങ്ങള്‍ തമ്മില്‍ നടന്ന ആദാനപ്രദാനങ്ങള്‍ ഓര്‍ക്കലും പങ്കുവക്കലും പുതിയ കാലത്തിന്റെ കൂടി ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇസ്ലാമും ക്രിസ്ത്യനിസവും സെമിറ്റിക് പാരമ്പര്യത്തില്‍ നിന്നും വേര്‍പിരിഞ്ഞുണ്ടായതാണല്ലോ. അബ്രഹാമീയ്യാ പാരമ്പര്യത്തിന്റെ ഭാഗമായി വന്ന രണ്ടു സംവിധാനങ്ങളാണ് ഈ രണ്ടു പാരമ്പര്യങ്ങളും. കേരളത്തില്‍ വന്ന രണ്ടു പ്രബോധക സംഘങ്ങളാണ് ഇവിടെ ഈ മതങ്ങളുടെ പ്രചരണത്തിനു നേതൃത്വം നല്‍കിയത്. സെന്റ് തോമസും മാലിക് ബ്‌നു ദീനാറും. വളരെ സൗഹൃദപരമായാണ് അവരെ കേരളം സ്വീകരിച്ചത്. ആ രീതിയില്‍, ദീര്‍ഘകാലത്തെ യാത്രയിലെപ്പോഴും കേരളത്തെ സംബന്ധിച്ച് വളരെ സൗഹാര്‍ദ്ദപരമായാണ് നമ്മള്‍ കടന്നുപോന്നത്. ഇപ്പോഴും അങ്ങനെയാണെങ്കിലും പുതിയ സാഹചര്യത്തില്‍ ചില ധ്രുവീകരണങ്ങളുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു എന്നതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. ആ ശ്രമത്തെ നാമെല്ലാവരും എങ്ങനെ ഒരുമിച്ചു നിന്ന് മറികടക്കാമെന്നതാണ് നാം ചിന്തിക്കേണ്ടത്. ആ വഴിയിലൂടെ ചര്‍ച്ച മുന്നോട്ടുപോകാമെന്നു തോന്നുന്നു.


റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: ക്രിസ്തീയ സഭകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അബ്രഹീമിന്റെ സന്തതികളെക്കുറിച്ച് വ്യക്തമായി തന്നെ കാണാം. അബ്രഹാമിനെ വിശ്വാസികളുടെ പിതാവായി ഈ രണ്ടു മത സമൂഹങ്ങളും കാണുന്നു. സഭയുടെ പഠനങ്ങളില്‍ പ്രത്യേകം അത് കാണാവുന്നതാണ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലം മുതല്‍, അദ്ദേഹം എവിടെ സന്ദര്‍ശിക്കുമ്പോഴും സഹോദരങ്ങള്‍ എന്നാണ് മുസ്ലിംകളെ അഭിസംബോധനം ചെയ്യാറുള്ളത്. കാരണം, രണ്ടും ഫൈസി നേരത്തെ സൂചിപ്പിച്ച ആ പരിപ്രേക്ഷ്യത്തില്‍ നിന്നാണ്. ലോക ജനസംഖ്യയില്‍ തന്നെ ഗണ്യമായ അംഗസംഖ്യയുള്ള രണ്ടു വിഭാഗങ്ങളാണിത്. ഈ രണ്ടു സഹോദരങ്ങള്‍ പഴയ കാലഘട്ടങ്ങളില്‍ നൂറ്റാണ്ടുകളോളം യുദ്ധങ്ങളും കലഹങ്ങളുമായി നടന്നിട്ടുണ്ട്. അതെല്ലാം മറന്ന്, പുറകിലേക്കു നോക്കാതെ മുന്നോട്ടു പോകണം. ലോക ജനസംഖ്യയില്‍ പ്രധാനപ്പെട്ട ജനസമൂഹങ്ങളായതു കൊണ്ട്, അവര്‍ തമ്മില്‍ സന്തോഷത്തില്‍ ജീവിച്ചാല്‍ മാനവികമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാം. നീതിക്കും സത്യത്തിനും നിലനില്‍പ്പുണ്ടാക്കാം. കാലങ്ങളായി ഇത്തരം കാര്യങ്ങള്‍ മാര്‍പ്പാപ്പമാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. അവസാനമായി പുറത്തിറങ്ങിയ മാര്‍പ്പാപ്പയുടെ ഫ്രപ്ത്തേലി തൂത്തിയെന്ന ചാക്രിക ലേഖനത്തിലും അത് പരമാര്‍ശിക്കുന്നുണ്ട്. ആ ലേഖനത്തിന്റെ തുടക്കത്തിലും അവസാനത്തിലും മാര്‍പ്പാപ്പ പറയുന്നത്, ഈ ലേഖനം കുറിക്കാന്‍ എനിക്ക് പ്രചോദനം നല്‍കിയത് അബൂദാബിയിലെ ഗ്രാന്റ് മസ്ജിദ് ഇമാമുമായി നടന്ന കൂടിക്കാഴ്ചയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
എന്റെ അറിവനുസരിച്ച് കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ നടന്ന ആശയപരമായ സംവാദങ്ങളേക്കാള്‍ ജീവിതത്തിലൂടെ നടന്ന സംഭാഷണങ്ങളും സംവേദനങ്ങളുമാണ് ഈ രണ്ടു സമൂഹങ്ങളേയും ചേര്‍ത്തു നിര്‍ത്തിയത്. അയല്‍പക്ക ബന്ധങ്ങളിലും കൂടിച്ചേരലുകളിലും അത് പ്രകടമാണ്. കൂടാതെ ഗള്‍ഫ് മേഖലയിലേക്ക് നടന്ന കുടിയേറ്റവും ഗണ്യമായ സ്വാധീനം ചെലുത്തി. ഞാന്‍ ചാവക്കാട് ഭാഗത്ത് വളര്‍ന്നയാളാണ്. ഞങ്ങളുടെ നാടിനെ മിനിഗള്‍ഫ് എന്നാണ് പറയപ്പെടുന്നത്. ജാതി മത ഭേതമന്യേ എല്ലാവരും ഗള്‍ഫില്‍ ജോലി തേടിപ്പോയവരാണ്. നമ്മുടെ എല്ലാ വീടുകളിലും ഗള്‍ഫിന്റെ നല്ല സ്വാധീമുണ്ടായിട്ടുണ്ട്. ഗള്‍ഫ് പ്രവാസം നമ്മുടെ നാട്ടിലെ ദാരിദ്ര്യം മാറാനും വികസനത്തിലും മികച്ച സംഭാവനകളാണ് നല്‍കിയത്. നമ്മുടെ സാമൂഹിക ജീവിതത്തിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. ജീവിതത്തിന്റെ ഇഴയടുപ്പങ്ങളാണ് യഥാര്‍ഥത്തില്‍ വിശ്വാസങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്നത്. ദൈവശാസ്ത്രപരമായ ആദര്‍ശങ്ങളേക്കാള്‍ മനുഷ്യനെ ചേര്‍ത്തു നിര്‍ത്തുന്ന ആദാനപ്രദാങ്ങളാണ് ഇതിലൂടെയെല്ലാം നമുക്കിടയില്‍ സംഭവിച്ചത്. എന്റെ നാട്ടിലെ ഞങ്ങളുടെ സെമിനാരിയുടെ തൊട്ടടുത്തുള്ള മസ്ജിദില്‍ ഒരു സൈദ് കുഞ്ഞ് മൗലവിയുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ നോമ്പുകാലത്ത് നോമ്പുതുറ സത്കാരത്തിന് ക്ഷണിക്കാറുണ്ട്. ഞാന്‍ കുട്ടികളെക്കൂട്ടി അവിടെ എല്ലാവര്‍ഷവും പോവാറുമുണ്ട്. ഞങ്ങളുടെ സെമിനാരിയിലെ ഒരു കുട്ടി ആലുവയിലേക്ക് സൈക്കിളില്‍ പോകുമ്പോള്‍ ബസ് തട്ടി മരിച്ചപ്പോള്‍ സൈദ് കുഞ്ഞും അവിടെ പഠിക്കുന്ന കുട്ടികളും ഇവിടെ അന്വേഷിച്ചു വന്നത് ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ അവിടെ നടക്കുന്ന പല പരിപാടികള്‍ക്കും അവരെ പ്രത്യേകം വിളിക്കാറുണ്ട്. ബന്ധങ്ങള്‍ എന്നത്, ആദര്‍ശപരമായ വ്യഖ്യാനങ്ങളേക്കാളും അനുഭവത്തിലൂടെയാണ് അറിയേണ്ടത്. പരസ്പരം അറിഞ്ഞുകൊണ്ട് നമുക്ക് അനുഭവത്തിലേക്ക് വരാം. സംസ്‌കാരങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള സ്വാധീനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭക്ഷണരീതിയിലും വസ്ത്രധാരണത്തിലും നിര്‍മാണ രീതികളില്‍ പോലും അത് പ്രകടമായി കാണാവുന്നതാണ്. ബിരിയാണിയും പത്തിരിയും നെയ്ച്ചോറുമെല്ലാം നമുക്കിടയില്‍ സാര്‍വത്രികമായത് അങ്ങനെയാണ്. ഭക്ഷണ രീതിയും വസ്ത്രധാരണാ രീതിയും മനുഷ്യനെ പരസ്പരം അടുപ്പിക്കുന്ന കാര്യമാണ്.

ഓണംപിള്ളി മുഹമ്മദ് ഫൈസി: വസ്ത്രധാരണാ രീതിയില്‍ ഒരു മധ്യേഷ്യന്‍ സ്വാധീനം നമുക്കിടയില്‍ സംഭവിച്ചിട്ടുണ്ട് എന്നെനിക്കു തോന്നാറുണ്ട്. കാരണം, നിങ്ങള്‍ ധരിക്കുന്ന ളോഹ ഏകദേശം നമ്മള്‍ ധരിക്കുന്ന ഖമീസിനോട് സാമ്യത കാണുന്നു. ആ വസ്ത്രത്തിന് പ്രവാചകന്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഈ വസ്ത്രാധാരണയില്‍ മധ്യേഷ്യന്‍ സംസ്‌കാരത്തിന്റെയും മതപരമായ സംസ്‌കാരത്തിന്റെയും ഭാഗധേയം ഉണ്ടെന്നു തന്നെ പറയാം.

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: അച്ഛന്‍മാര്‍ ചടങ്ങുകള്‍ക്ക് ളോഹ ധരിക്കുന്ന പതിവുണ്ട്. സുറിയാനീ ക്രിസ്ത്യാനികളായ സ്ത്രീകള്‍ നേരത്തെ ചട്ടയും മുണ്ടുമാണ് ധരിച്ചിരുന്നത്.

ഓണംപിള്ളി മുഹമ്മദ് ഫൈസി: തലമറക്കുന്ന ഒരു പതിവുണ്ടല്ലോ?

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: തലമറക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു വരികയാണ്. വളരെ ആധുനികമായ ചിന്താഗതികള്‍ സാംസ്‌കാരകിമായ മാറ്റങ്ങളിലേക്ക് ക്രിസ്തുമതത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതിന്റെ കാരണം, സാംസ്‌കാരിക അനുരൂപണമെന്ന ദൈവശാസ്ത്ര ധാര വളര്‍ന്നു വരുന്നു എന്നതാണ്. ഞാനതിനെ പോസിറ്റീവായി സമീപിക്കുന്ന വ്യക്തിയാണ്. ക്രിസ്തുമതത്തിന്റെ രഹസ്യാത്മക കാഴ്ചപ്പാടില്‍ തന്നെ ദൈവം മനുഷ്യനായി എന്നതാണ്. അതു തന്നെ വലിയൊരു സാംസ്‌കാരിക അനുരൂപണമാണ്. ദൈവത്തെ ഈ ലോകത്തേക്ക് മനുഷ്യനോടു സംവദിക്കാന്‍ അയച്ച മനുഷ്യരൂപമാണ്. മനുഷ്യരൂപമാവണമെങ്കില്‍ ഏതെങ്കില്‍ ഒരു മനുഷ്യ സമൂഹത്തില്‍ ജനിക്കണം. യേശു യഹൂദനായിട്ടാണ് ലോകത്തേക്ക് വന്നത്. ആ യഹൂദ സംസ്‌കാരത്തില്‍ അദ്ദേഹം നിലനിന്നു. ആ സംസ്‌കാരം അദ്ദേഹത്തെ അതില്‍ തന്നെ ഒതുക്കി നിര്‍ത്തിയില്ല. യഹൂദ സംസ്‌കാരത്തില്‍ നിലനിന്നിരുന്ന ഇടുങ്ങിയ ചിന്താഗതികളെ തിരുത്തിയെഴുതിക്കൊണ്ടാണ് പഴയ യഹൂദ സമുദായത്തില്‍ നിന്നും വ്യത്യസ്തമായി യേശു അതിന് രൂപം കൊടുത്തത്. അന്നുവളരെ കൃത്യമായ വ്യവസ്ഥിതികളുണ്ടായിരുന്നു. ജാതി വ്യവസ്ഥ ആ കാലത്തും നിലനിന്നിരുന്നു എന്നു വേണം കരുതാന്‍. ആ കാലത്ത് എല്ലാ മതങ്ങളും അപ്രകാരമൊക്കെതന്നെയായിരുന്നു നിലനിന്നിരുന്നത്. അതിനെതിരെ യേശു ശക്തമായി നിലകൊണ്ടു. അതിനാല്‍ തന്നെ അദ്ദേഹം നിഷ്‌കാസിതനായി. മരണം സംഭവിക്കുന്നതും അതിലൂടെ തന്നെയാണ്. ദൈവം മനുഷ്യനായി ആ സംസ്‌കാരത്തില്‍ വന്നു എന്ന കാര്യം തന്നെയാണ് ക്രിസ്തു മതത്തിന്റെ ആദ്യം മുതല്‍ നാം കാണുന്നത്. എവിടെയൊക്കെ ശിഷ്യന്‍മാര്‍ പോയി പ്രസംഗിച്ചോ, ആ സ്ഥലത്തെ സംസ്‌കാരം അവര്‍ ഉള്‍കൊണ്ടിട്ടുണ്ട്. അത്തരം ഉള്‍കൊള്ളലുകളില്‍ ഒരു കാര്യം അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിന്‍മയായ കാര്യങ്ങള്‍ അവര്‍ സ്വീകരിക്കില്ല. പക്ഷേ, തിന്മ എന്നത് വ്യഖ്യാനിക്കുന്നിടത്താണ് കാര്യങ്ങള്‍ മാറിയത്. ഏതൊരു കാര്യത്തിന്റെയും തിന്മ അതുചെയ്യുന്ന മനോഭാവത്തിന്റെതാണ്. ശരീരം തിന്മയാണെന്ന് ക്രിസ്തു മതത്തില്‍ നൂറ്റാണ്ടുകളോളം പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ രുചിയോടെ കഴിക്കുന്നതില്‍ ഒരു സുഖമുണ്ട്. ആ സുഖം വെറും ലൗകികമാണ്. ആ കാഴ്ചപ്പാടുകളെല്ലാം ഇപ്പോള്‍ മാറി. മാര്‍പ്പാപ്പയടക്കം അടുത്ത് അത് പറഞ്ഞിരുന്നു. പാരമ്പര്യമായി ചിന്തിക്കുന്ന പലരും അതിനെ വിവാദമായി കൊണ്ടു നടന്നിരുന്നു.
നമ്മുടെ ഈ രണ്ടു മതങ്ങളും അന്ത്യവിധിയില്‍ വിശ്വസിക്കുന്നു. ഈ ശരീരം ഒരിക്കലും മ്ലേച്ഛമല്ല. ലൈംഗികതയോടുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം ക്രിസ്തു മതത്തില്‍ സംഭവിച്ചിട്ടുണ്ട്. കാരണം, സാംസ്‌കാരികമായ അനുരൂപണം ഒരു നാട്ടിലെ മതപരമായ സംസ്‌കാരത്തെ മാത്രമല്ല, കാലഘട്ടമനുസരിച്ച് മാറികൊണ്ടിരിക്കുന്ന സംസ്‌കാരങ്ങള്‍ മനുഷ്യന്റെ പദവിക്ക് എതിരല്ലാത്തതായ, അല്ലെങ്കില്‍ അതില്‍ തന്നെ തിന്മയല്ലാത്തതായ എല്ലാ കാര്യങ്ങളുമായി അനുരൂപണപ്പെട്ടു ജീവിക്കാം എന്നുള്ളത് ക്രിസ്തുമതത്തിന്റെ നിരന്തരമായ കാഴ്ചപ്പാടാണ്. അതെന്നും ചെയ്തിട്ടമുണ്ട്. ചേലാകര്‍മം ചെയ്യണമെന്ന് അക്കാലത്ത് ചിലര്‍ വാശിപിടിച്ചു. പൗലോസ് പോയി പ്രസംഗിച്ച സ്ഥലങ്ങളില്‍ ഈ ആചാരം ഇല്ലായിരുന്നു. അതൊരു യഹൂദ പാരമ്പര്യമായിട്ടാണ് മറ്റു സംസ്‌കാരങ്ങള്‍ കണ്ടത്. ദൈവത്തിന് മുഖം നോട്ടമില്ല, പക്ഷപാതമില്ല എന്ന് പൗലോസ് പ്രഖ്യാപിക്കുന്നുണ്ട്. ഈ പ്രഖ്യപനം ക്രിസ്തുമതത്തിന്റെ മുറ്റു മതങ്ങളോടുള്ള സമീപനങ്ങളില്‍ വളരെ നിര്‍ണായകമായ വഴിത്തിരിവാണ്. അതാണ് ഞാന്‍ സൂചിപ്പിച്ച സാംസ്‌കാരിക അനുരൂപണമെന്നു പറയുന്നത്. ക്രിസ്തു മതത്തിന്റെ ഉത്ഭവമായ യേശുവിലും സഭയുടെ ആദ്യകാല വളര്‍ച്ചയിലും അവരുടെ ശിഷ്യന്‍മാര്‍ക്കിടയിലും ഇത് സ്വാധീനിച്ചിട്ടുണ്ട്.

ഓണംപിള്ളി മുഹമ്മദ് ഫൈസി: ബര്‍ണബാസെന്ന ശിഷ്യന്‍ യേശുവിനുണ്ടായിരുന്നില്ലേ?

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: ബര്‍ണബാസെന്നത് 12 ശിഷ്യന്‍മാരില്‍ പെട്ടയാളല്ല. പൗലോസിന്റെ ശിഷ്യനാണ്. സുവിശേഷങ്ങള്‍ പലതുമുണ്ട്. സഭ എല്ലാ സുവിശേഷങ്ങളേയും അംഗീകരിച്ചിട്ടില്ല. സത്തകളിലേക്ക് പോവുക. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വാതന്ത്ര്യം സൂക്ഷിക്കുന്ന ചുറ്റുപാടാണ് വേണ്ടത്. പ്രമാണങ്ങള്‍ വ്യത്യസ്ഥമായി വ്യാഖ്യാനിക്കുന്നതു കൊണ്ടാണ് ഇത്തരം വൈവിധ്യങ്ങള്‍.

ഓണംപിള്ളി മുഹമ്മദ് ഫൈസി: ദൈവശാസ്ത്രപരമായി ഇസ്ലാമിന് അല്‍പം കൂടി കര്‍ക്കശമായ കാഴ്ചപ്പാടാണുള്ളത്. അഥവാ, അതിന്റെ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തി മുന്നോട്ടു പോകുന്ന ഒരു ശൈലിയാണ് ഇസ്‌ലാമിന്. പക്ഷേ, നമ്മുടെ കാഴ്ചപ്പാടനുസരിച്ച് യേശുവും മോശയുമെല്ലാം പ്രവാചകന്‍മാരാണ്. മനുഷ്യനോട് സംവദിക്കാന്‍ വേണ്ടി മനുഷ്യനായി തന്നെ പ്രവാചകരെ കൊണ്ടുവന്നു എന്നതാണ് നമ്മുടെ വിശ്വാസം. മറ്റൊരു പ്രത്യേകത, എല്ലാ പ്രവാചകന്‍മാരും ആദരണീയരും ബഹുമാന്യരുമാണ് എന്നുള്ളതാണ്. യേശുവിന്റെ മാതാവായാലും വളരെ ശ്രേഷ്ഠയായ വനിതയാണെന്നാണ് നാം വിശ്വസിക്കുന്നത്. തര്‍ക്കങ്ങള്‍ക്കപ്പുറം സമന്വയത്തിന് സാധ്യതയുള്ള ഒരുപാടു മേഖലകള്‍ ഈ രണ്ടു വിചാരധാരകള്‍ക്കിടയിലുമുണ്ട് എന്നതാണ് ഒരുകാര്യം. രണ്ടാമതായി, ഇതര സമൂഹങ്ങളുമായുള്ള സാംസ്‌കാരികമായ സംവാദങ്ങളിലൂടെ ഉണ്ടായി തീരുന്ന സ്വാഭാവിക പകര്‍ച്ചണ്. അതെല്ലാ സമൂഹങ്ങളിലുമുണ്ട്. കേരളത്തില്‍ വന്ന മുസ്ലിംകള്‍ കേരളത്തിന്റേതായ ആചാരങ്ങളോട് സമന്വയിക്കേണ്ടി വരും. നാമുടുക്കുന്ന മുണ്ടുപോലും കേരളീയ തനിമയിലുള്ളതാണ്. അത് മതപരമായ ആചാരങ്ങളോട് ബന്ധിതമായി നിലകൊള്ളുതല്ല. സാംസ്‌കാരിക കൊള്ളകൊടുക്കലുകളില്‍ ചില സ്വാശീകരണം എല്ലാ സംസ്‌കാരത്തിലുമുണ്ടാകും. എന്നാല്‍, ഇവിടെ അച്ഛന്‍ പറഞ്ഞ ഒരുകാര്യം വളരെ കൃത്യമാണ്: മതത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങളോട് എതിരാവാത്ത രീതിയില്‍ എങ്ങനെയും ഇടപെടാം. മധ്യേഷ്യയുടെ സാംസ്‌കാരിക രീതികളില്‍ നിന്നു തന്നെയാണ് രണ്ടു മത സമൂഹങ്ങള്‍ക്കിടയിലെ വേഷവിധാനത്തിലെ സാമ്യത രൂപപ്പെട്ടത് എന്നു ഞാന്‍ സൂചിപ്പിച്ചത്. ളോഹ ഖമീസാകുന്നിടത്തും കന്യസ്ത്രീകളുപയോഗിക്കുന്ന വേഷത്തിലുമെല്ലാം ആ സ്വാധീനം കാണാന്‍ സാധിക്കുന്നു. തലമറക്കുന്നതു പോലെ അതില്‍ മതപരമായ സ്വാധീനവും ഉണ്ടായിരിക്കാം.
ഇന്ത്യയിലേക്കു വരുമ്പോള്‍, ഇന്ത്യയിലെ സൂഫീ പാരമ്പര്യം ഏറെ ശ്രദ്ധേയമാണ്. സൂഫികള്‍ എല്ലാവരേയും സ്വീകരിക്കുന്ന ശൈലിയാണ് കൈകൊണ്ടത്. മതത്തിന്റെ സ്നേഹവും കാരുണ്യവും നൈര്‍മല്യവുമെല്ലാം അവര്‍ പ്രസരിപ്പിച്ചു. അതിനാല്‍, അവര്‍ക്ക് എല്ലാ വിഭാഗം ആളുകളേയും സ്വീകരിക്കാന്‍ സാധിച്ചു. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പര്‍ണശാലയിലേക്ക് എല്ലാ വിഭാഗം ആളുകളും നിത്യസന്ദര്‍ശനം നടത്തി. ഈ സാംസ്‌കാരിക കൈമാറ്റത്തില്‍ അനുക്രമമായ സാംസ്‌കാരിക വളര്‍ച്ച എല്ലാ സമൂഹങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാ കാര്യത്തിനും കൃത്യമായ ഒരു നിയമരേഖയുള്ള സംവിധാനമാണ് ഇസ്ലാം. വളരെ സുതാര്യവും എന്നാല്‍ കാര്‍ക്കശ്യവും പുലര്‍ത്തുന്ന രീതിയല്ല ഇസ്ലാമിന്. രണ്ടിന്റെയും മധ്യത്തില്‍ നില്‍ക്കുന്ന രീതിയാണ് ഇസ്ലാം പുലര്‍ത്തി പോരുന്നത്. ക്രൈസ്തവ മതത്തിന്റെ മറ്റൊരു പാരമ്പര്യം, വല്ലാത്ത ആത്മീതയയായിരുന്നു എന്നെനിക്ക് തോന്നാറുണ്ട്. പിന്നീട് അതില്‍ നിന്ന് അയവ് വരുന്ന രീതിയാണ് കണ്ടുവന്നത്. പക്ഷേ, ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം, പിടിവിട്ട ആത്മീയത ഇല്ല എന്നു തന്നെയാണ്. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുന്നകാര്യമെടുക്കാം, അല്ലെങ്കില്‍ ഭൗതിക ജീവിതത്തിന്റെ കാര്യമെടുക്കാം. ഇതിനെ രണ്ടിനെയും ഇസ്‌ലാം പ്രോല്‍സഹിപ്പിക്കുന്നുണ്ട്. എന്നാല്‍, അതില്‍ മിതത്വം വേണമെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. ചുരുക്കത്തില്‍, ഏതു സമൂഹങ്ങളിലും പരസ്പര കൈമാറ്റത്തിലൂടെ സ്വയം വളരാന്‍ എല്ലാ മതസമൂഹങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. കേരളത്തില്‍, ഇസ്‌ലാം-ക്രൈസ്തവ സമൂഹങ്ങള്‍ക്കുണ്ടായ ഒരു കാര്യം, അവരുടെ സാംസ്‌കാരകമായ വ്യവഹാരങ്ങള്‍ ഈ നാടിനു പകര്‍ന്നതു പോലെ ഈ നാടിന്റെ സാംസ്‌കാരിക വ്യവഹാരങ്ങള്‍ അവരും ഉള്‍കൊണ്ടു എന്നതാണ്. അത് ഭാഷയിലും കാണാം. മലയാളത്തില്‍ നിരവധി അറബി പദങ്ങള്‍ കാണാം. അതുപോലെ ക്രൈസ്തവമായ ചില പ്രയോഗങ്ങള്‍ നമ്മുടെ ഭാഷയില്‍ കാണാം.

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: ഹിന്ദു സംസ്‌കാരവും നിരവധി സാംസ്‌കാരികമായ കാര്യങ്ങള്‍ ഉള്‍കൊണ്ടിട്ടുണ്ട്. ആദ്യകാലത്ത് വന്ന ക്രിസ്ത്യാനികളായാലും പിന്നീട് അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിലും വന്ന ക്രിസ്ത്യാനികളായാലും പിന്നീട് വന്ന മാലിക് ദീനാറും സംഘവുമായിരുന്നാലും ഇവിടത്തെ ഹൈന്ദവ രാജാക്കന്‍മാരുമായി കച്ചവട ബന്ധം നിലനിര്‍ത്തിയിരുന്നു. പ്രത്യേകിച്ച് മധ്യേഷ്യയുമായി കേരളീയ രാജാക്കന്‍മാര്‍ക്ക് കച്ചവടം ബന്ധമുണ്ടായിരുന്നു. ഈ കച്ചവടം യഥാവിധി നടക്കണമെങ്കില്‍ ഭാഷയറിയുന്നവര്‍ ആവശ്യമാണ്. കച്ചവടക്കാരായെത്തിയ യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും അവരര്‍ഹിക്കുന്ന പദവി രാജാവ് വകവച്ചു കൊടുത്തു. ഇവിടെയുണ്ടായിരുന്ന ഹിന്ദുക്കള്‍ ഈ മതവിഭാഗങ്ങളില്‍ നിന്നെല്ലാം ഒരുപാട് കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ഐക്യബോധവും സാഹോദര്യവും ഇവിടത്തെ ഹിന്ദുക്കളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കുടുംബ കൂട്ടായ്മ എന്ന സംവിധാനമാണ് പിന്നീട് അയല്‍ക്കൂട്ടങ്ങളായും മറ്റും സര്‍ക്കാറടക്കം ഏറ്റെടുത്ത് നടപ്പിലാക്കിയത്.
നമ്മള്‍ നേരത്തെ കാര്‍ക്കശ്യത്തെക്കുറിച്ച് സംസാരിച്ചു. മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ് ക്രിസ്തുമതത്തില്‍ നിന്ന് കുറേക്കൂടി സ്വാതന്ത്ര്യം പലരും ആഗ്രഹിച്ചത്. 1960-70 കാലഘട്ടത്തില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഉടലെടുത്ത വിമോചന ദൈവശാസ്ത്രത്തിന്റെ സ്വാധീനം ലോകമെമ്പാടും ധാരാളമുണ്ടായി. എന്റെ കുട്ടിക്കാലത്തും കേരളത്തില്‍ അത് വളരെ ശക്തമാണ്. ഫാദര്‍ വടക്കനടക്കമുള്ള പലരും അതിന്റെ വക്താക്കളായി. ദൈവത്തിനു നല്‍കേണ്ട ആരാധന പ്രവര്‍ത്തനമാണ് എന്നാണ് വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കള്‍ കണ്ടത്. വ്യവസ്ഥകള്‍ മാറ്റാനുള്ള സമരങ്ങളില്‍ അവര്‍ സജീവമായത് അങ്ങനെയാണ്. ഇതിലൂടെ തീവ്രമായ അനുഷ്ഠാനത്തോടുള്ള താല്‍പര്യം കൂറേപേര്‍ക്ക് കുറഞ്ഞുവന്നു. മൂലമ്പള്ളി സമരത്തിലടക്കം ഇടപെട്ടത് അതിന്റെ അടിസ്ഥാനത്തിലാണ്. ഫാദര്‍ വട്ടോളയടക്കമുള്ള ആളുകളായിരുന്നു അതിനു പിന്നില്‍. ആദിവാസി സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഞാനടക്കം ആലുവയില്‍ നടന്ന ആദിവാസി സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ക്രിസ്തു മതത്തില്‍ ഈയൊരു ധാര ശക്തമാണെന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. സ്വത്വങ്ങള്‍ കാണിക്കുക എന്നതിനേക്കാള്‍ സ്വത്വങ്ങള്‍ ജീവിക്കുക എന്നതാണ് പ്രധാനം. മറ്റു മതങ്ങളുമായി സൗഹൃദപരമായി ഇടപെടാന്‍ പ്രേരിപ്പിക്കുന്ന കാര്യവും ഇവിടെയാണ് പ്രസക്തമാകുന്നത്. ഓരോ മതങ്ങളിലേയും പ്രമാണങ്ങളെ വ്യഖ്യാനിക്കേണ്ടത് ആ മതത്തിലെ ആളുകളാണ്. അതില്‍ തന്നെ പണ്ഡിതോചിതമായി വ്യാഖ്യാനിക്കുന്നവര്‍ വ്യാഖ്യാനിക്കണം.

ഓണംപിള്ളി മുഹമ്മദ് ഫൈസി: സാങ്കേതിക ഭാഷക്കനുസരിച്ച് മുന്നോട്ടു പോയികൊണ്ടിരിക്കുന്ന ഒരു സംവിധാനമായിരിക്കണം മതത്തിന്റെ പാരമ്പര്യ ശാസ്ത്രം. നിങ്ങളെ സംബന്ധിച്ചും അപ്രകാരം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. വ്യഖ്യാനങ്ങളില്‍ സാങ്കേതിത്വത്തിന് വലിയ പ്രാധാന്യമില്ലേ…

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: ഇതില്‍ പലഘടകങ്ങളുമുണ്ട്. തലമറക്കണം, സ്ത്രീ പള്ളിയല്‍ കടക്കരുത് തുടങ്ങിയ നിങ്ങള്‍ സൂചിപ്പിച്ച കാര്യം തന്നെയെടുക്കാം. ഇത് പൗലോസ് തന്നെ പറഞ്ഞ കാര്യങ്ങളാണ്. അദ്ദേഹമത് പറഞ്ഞത് സഭയില്‍ വച്ചാണ്. നാം ആ വചനങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നിടത്താണ് കാര്യം. കാരണം, പൗലോസിന്റെ കൂടെ പ്രസംഗിക്കാന്‍ സ്ത്രീകളുണ്ടായിരുന്നു. എന്നാല്‍, സഭയില്‍ അദ്ദേഹം പറഞ്ഞത് സ്ത്രീകള്‍ പള്ളിയില്‍ മിണ്ടരുത് എന്നാണ്. ഇത് രണ്ടും വൈരുദ്ധ്യമാണെന്ന് നമുക്ക് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍, എന്തുകൊണ്ടാണ് സഭയില്‍ അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് നാം വ്യാഖ്യാനിക്കണം. അത് പഠിക്കുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത്: കൊറിയിന്ത്യന്‍ സഭയില്‍ വിശ്വസികാളായി മാറി വന്ന പലരും വിവിധ സമൂഹങ്ങളില്‍ നിന്നും മാറി വന്നവരാണ്. അവരുടെ സാംസ്‌കാരികമായ നിലവാരം വളരെ വ്യത്യസ്ഥമായിരുന്നു. അവര്‍ പള്ളിയില്‍ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചിരുന്നു. അവരെ ഉദ്ദേശിച്ചാണ് പൗലോസ് അപ്രകാരം പറഞ്ഞത്. ചരിത്രപരമായി അന്നത്തെ സാഹചര്യം പഠിച്ചാലാണ് അത് മനസ്സിലാവുകയുള്ളൂ.

ഓണംപിള്ളി മുഹമ്മദ് ഫൈസി: കോണ്ടക്സ്റ്റിലുള്ള പഠനങ്ങള്‍ തന്നെയാണ് പാരമ്പര്യത്തെ അതേപടി നിലനിര്‍ത്തുന്നത്. ഖുര്‍ആനായാലും പ്രവാചക വചനങ്ങളായാലും അതിന്റെ സന്ദര്‍ഭങ്ങള്‍ കൃത്യമായി അറിയാതെ പറയമ്പോള്‍ പ്രശ്നങ്ങളുണ്ടാകും. ഇസ്‌ലാമിലേക്കു വരുമ്പോള്‍, അച്ഛന്‍ നേരത്തെ സൂചിപ്പിച്ച, സമരേത്സുകവും നീതിബോധത്തിലധിഷ്ഠിതവുമായ കാഴ്ചപ്പാട് നേരത്തെ മുതല്‍ അതിന്റെ കൂടെപ്പിറപ്പായി വരുന്ന ഒരു കാര്യമാണ്. അതുപോലെ വിധവാ സംരക്ഷണമായിരുന്നാലും അടിമകളോടുള്ള സമീപനമായിരുന്നാലും സ്ത്രീകളോടുള്ള കാഴ്ചപ്പാടായിരുന്നാലും ശരി. എപ്പോഴും നീതി നിലര്‍ത്തുക എന്ന അടിസ്ഥാനത്തില്‍ നിന്നാണ് ഇസ്‌ലാമിന്റെ എല്ലാ ചലനങ്ങളും മുന്നോട്ടു പോയത്. അത് ചിലപ്പോള്‍ സംഘര്‍ഷാത്മകമായേക്കാം. ചിലപ്പോള്‍ യുദ്ധങ്ങളിലേക്കു വരെ എത്തിയേക്കാം. അത് കൃത്യമായ പശ്ചാത്തലത്തില്‍ നിന്ന് വ്യതിരിക്തത വരുത്തിയാല്‍ വലിയ അപടകങ്ങള്‍ വരുത്തിവയ്ക്കും. ഇസ്‌ലാമിനെ ഭീകരമായി ചിത്രീകരിക്കപ്പെടുന്നതില്‍ പ്രധാന കാരണം ഇത്തരം വ്യാഖ്യാനങ്ങള്‍ക്കാണ്. അതിന്റെ നിയതമായ നിലനില്‍പ്പില്‍ നിന്ന് മറ്റൊന്നിലേക്ക് തിരിച്ചു വിടുമ്പോഴാണ് പലതും വഷളാകുന്നത്. ജിഹാദിനെ വളരെ മോശമായി ചിത്രീകരിക്കപ്പെട്ടതെല്ലാം ആ അര്‍ഥത്തിലാണ്. ഇസ്‌ലാം കേവലം സുവിശേഷം എന്നതിനേക്കാളപ്പുറം, വസ്തുതകളെ എങ്ങനെ പ്രായോഗികമാക്കാം എന്നാണ് ഇസ്‌ലാം അന്വേഷിക്കുന്നത്. ഉദാഹരണം: സകാത്ത്; സാമൂഹികമായ സാമ്പത്തിക സമത്വം നിലനിര്‍ത്താനാവശ്യമായ ഒരു സംവിധാനം സകാത്തിലൂടെ നിര്‍ബന്ധിതമായി ഇസ്‌ലാം കൊണ്ടു വരുന്നു. അതുപോലെ ഓരോ വിഷയങ്ങളിലും കാണാം. അത് ഇപ്രകാരം ചെയ്തേ പറ്റൂ എന്ന നിര്‍ബന്ധത്തിലൂടെ ഇസ്ലാം മഹത്തായൊരു സാമൂഹിക ക്രമം ഉണ്ടാക്കുന്നു. ഒരു തരത്തിലുള്ള വര്‍ണ വിവേചനവുമില്ലാതെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്തുന്നതാണ് ഇസ്ലാമിന്റെ സാമൂഹിക സമത്വം. നിങ്ങള്‍ പറഞ്ഞ വിമോചന ദൈവശാസ്ത്രത്തിന്റെ പകര്‍പ്പ് നമുക്ക് മതത്തിലെല്ലാം നോക്കിയാല്‍ കാണാന്‍ സാധിക്കും. പക്ഷേ, അതിനെ കുറേക്കൂടി പ്രകടമായി ഇസ്ലാമില്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് വസ്തുത. ആരാധനക്കും ആചാരങ്ങള്‍ക്കുമപ്പുറം ജീവിതത്തിന്റെ സമരോത്സുകമായ സംവിധാനങ്ങളെ എങ്ങനെ ക്രമപ്പെടുത്താമെന്നതിലേക്ക് അത് കൂടുതല്‍ ശ്രദ്ധയൂന്നി. സാമ്പത്തിക വിനിമയത്തിന് കൃത്യമായ ഒരു രേഖ ഇസ്‌ലാം സമര്‍പ്പിക്കുന്നുണ്ട്. സമ്പത്തിനെ ഏതെല്ലാം രീതിയില്‍ ധാര്‍മികമായി ചെലവഴിക്കാമെന്ന് അതില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. പലിശയെന്നു പറയുമ്പോള്‍, മറ്റു മത സമൂഹങ്ങളേക്കാള്‍ ഇസ്ലാം ജാഗ്രത പുലര്‍ത്തുന്നത് അതുകൊണ്ടാണ്. എല്ലാ കാര്യങ്ങളിലും കാര്‍ക്കശ്യം പിടിക്കുന്നതിനു പിന്നില്‍ ഈ വികാരം കൂടിയുണ്ട്. അത് ഭക്ഷണത്തിന്റെ കാര്യത്തിലുമുണ്ട്. എന്താണ് ഹലാല്‍, ഹറാം എന്നത് കൃത്യമായി കര്‍മശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിവാദം അതിനെ ചുറ്റിപ്പറ്റിയാണല്ലോ. ഹലാല്‍ എന്നത് വിശ്വാസിയെ സംബന്ധിച്ച് എല്ലാ കാര്യങ്ങളിലുമുണ്ട്.
സാമൂഹിക ക്രമത്തില്‍ ഏതുകാര്യത്തിലും കൃത്യത വരുത്തുന്നതോടൊപ്പം നീതി നിലനില്‍ക്കണം എന്ന നിര്‍ബന്ധവും ഇസ്ലാമിനെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഒരു സമൂഹത്തിന്റെ ചരിത്രപരമായ വികാസഘട്ടങ്ങളില്‍ പലപ്പോഴും പരിഷ്‌കരണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കും. ആ പരിഷ്‌കരണങ്ങള്‍ അടിസ്ഥാന മൂല്യങ്ങളുമായി ബന്ധപ്പെട്ടതാവണമെന്നില്ല. പൊതുവില്‍ പൊരുത്തപ്പെട്ടു പോകാവുന്ന കാഴ്ചപ്പാടുകള്‍ അത്തരത്തില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും.
ക്രൈസ്തവ സമൂഹവുമായി മറ്റേത് സമൂഹങ്ങളേക്കാള്‍ കൂടുതല്‍ ബന്ധം, ഖുര്‍ആന്‍ തന്നെ പരാമര്‍ശിച്ചതനുസരിച്ച് മുസ്ലിംകള്‍ക്കാണ്. അങ്ങ് ഏറ്റവും കൂടുതല്‍ അടുപ്പമുള്ള ഒരു ജനതായായി കാണേണ്ടത് ഞങ്ങള്‍ ക്രൈസ്തവരാണെന്ന് പ്രഖ്യാപിക്കുന്ന സമൂഹത്തെയാണ്. മറ്റേത് സമൂഹങ്ങളേക്കാള്‍ അവര്‍ നിങ്ങളോട് സ്നേഹം കാണിക്കും. കാരണം അവര്‍ വളരെ വിനയാന്വിതരായ ധാരാളം പണ്ഡിതന്‍മാരും പുരോഹിതന്‍മാരും സന്യാസി വര്യന്‍മാരും ജീവിക്കുന്ന ഒരു സമൂഹമാണ്.(സൂറത്ത് മാഇദ: 82) രണ്ടാമത്തെ കാര്യം: ക്രൈസ്തവ സമൂഹവുമായി ഒരു ഏറ്റുമുട്ടല്‍ പ്രവാചക കാലഘട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. അതേ സമയം യഹൂദ സമൂഹവുമായി ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. പ്രവാചകന്‍ മദീനയില്‍ വരുമ്പോള്‍ അവിടെ പ്രവാചകനോട് പലപ്പോഴും ശത്രുത പുലര്‍ത്തിയത് യഹൂദികളായിരുന്നു. പ്രബോധനത്തിന്റെ തുടക്ക ഘട്ടത്തില്‍, വഹ്യ് ഇറങ്ങിത്തുടങ്ങിയപ്പോള്‍ പ്രവാചക പത്നി ഖദീജ(റ) ആദ്യം പോയത് വറഖത്തുബ്നു നൗഫലിന്റെ സമീപത്തേക്കായിരുന്നു. അദ്ദേഹമൊരു നസ്റ്റോറിയന്‍ ക്രൈസ്തവനായിരുന്നു. അവരുമായി അന്നു തന്നെ അത്തരത്തിലുള്ള ഒരു ബന്ധം സ്ഥാപിതമായിരുന്നു. മാത്രമല്ല, നജ്റാന്‍ ക്രൈസ്തവര്‍, മദീനയില്‍ നബിയുടെ അടുക്കല്‍ വരുമ്പോഴെല്ലാം അവരുടെ പ്രാര്‍ഥനയുടെ സമയമാകുമ്പോള്‍, അവര്‍ പ്രാര്‍ഥനക്കായി എഴുനേറ്റു നിന്നാല്‍ പ്രവാചാനുചരന്‍മാര്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെ ആരാധിക്കാന്‍ അനുവദിക്കുക എന്ന് പ്രവാചകന്‍ പറയുന്നതായി ചരിത്രത്തില്‍ കാണാം. മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ പില്‍കാലത്താണ് നേരിട്ടുള്ള ഏറ്റുമുട്ടില്‍ നടക്കുന്നത്. പ്രവാചക കാലത്തില്ലെന്നര്‍ഥം. യൂറോപ്പ് രാഷ്ട്രീയമായി ശക്തിപ്പെട്ടതോടു കൂടി അറബ് മുസ്ലിം-യുറോപ്പ് രാഷ്ട്രീയ പ്രശ്നത്തിലേക്കാണ് അത് വഴിതുറന്നത്. കുരിശ് യുദ്ധങ്ങളടക്കം അതിന്റെ അനന്തര ഫലമായി വന്നതാണെന്നാണ് എന്റെ വിലയിരുത്തല്‍. അതേ സമയം, ഖലീഫ ഉമറിന്റെ കാലത്ത് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസ് മുസ്ലിംകള്‍ക്കായി തുറന്നു കൊടുക്കാന്‍ അവിടെ സന്നിഹിതരായതു തന്നെ ക്രൈസ്തവ പുരോഹിതന്‍മാരാണ്. പിന്നീടാണ് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി യുദ്ധങ്ങള്‍ അരങ്ങേറുന്നത്.
എന്നാല്‍, ആശയപരമായ കാര്യങ്ങള്‍ ഖുര്‍ആന്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. നമുക്കിടയിലുള്ള അഭിപ്രായ വ്യത്യാസവും അതു തന്നെയാണല്ലോ. മനുഷ്യന് ദൈവംമാകാന്‍ സാധിക്കില്ല എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. അതേ സമയം യേശു പ്രവാചകനാണ് എന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. എന്നാല്‍, ആ പ്രവാചന്‍ വിശിഷ്ഠനുമാണ്. ആ പ്രവാചകനെതിരെ മോശമായ ഒരു ചിന്തപോലും വിശ്വാസികളുടെ മനസ്സില്‍ ഉണ്ടായാല്‍ അത് അവന്റെ വിശ്വാസത്തിനെതിരാണ്. യേശുവിനെക്കുറിച്ച് ഒരു തര്‍ക്കത്തിനു വേണ്ടി അദ്ദേഹം മോശമായിരുന്നു എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ വിശ്വാസപ്രകാരം അയാള്‍ അന്ന് മതത്തിനു പുറത്താണ്.
നജ്ജാശിയുടെ ചരിത്രവും ഇവിടെ സ്മരിക്കേണ്ടതാണ്. അബ്സീനിയയില്‍ നജ്ജാശി ഭരണാധികാരിയായിരിക്കെയാണ് അവിടേക്ക് പ്രവാചകന്‍ അനുചരന്‍മാരെ അഭയാര്‍ഥികളായി പറഞ്ഞയക്കുന്നത്. ക്രൈസ്തവ സമൂഹത്തോടുള്ള ഒരു വിശ്വാസം കൂടി ഇതിലൂടെ നമുക്ക് വായിച്ചെടുക്കാനാകുന്നു. മക്കയിലെ നരകജീവിതത്തില്‍ നിന്ന് മുസ്ലിംകള്‍ അഭയം തേടിച്ചെല്ലുന്നത് നജ്ജാശിയുടെ അടുത്തേക്കാണ്. മുസ്ലിംകള്‍ അവിടെയെത്തി നജ്ജാശിയുമായി സംസാരിച്ചപ്പോള്‍ മക്കയിലെ പ്രവാചക ശത്രുക്കള്‍ അവിടെവന്ന് മുസ്‌ലിംകള്‍ക്കെതിരെ നജ്ജാശിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അന്നേരം പ്രവാചക പിതൃവ്യന്‍ ജഅ്ഫറുബ്നു അബീ ത്വാലിബ് നജ്ജാശിയുമായി സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. ഖുര്‍ആനിലെ മറിയം എന്ന അധ്യായം ജഅ്ഫര്‍(റ) ഓതിക്കേള്‍പ്പിച്ചു. അന്നേരം നജ്ജാശി രാജധാനിയില്‍ നിന്ന് ഇറങ്ങി വന്ന് ചെറിയൊരു ഇരുമ്പ് കഷ്ണമെടുത്ത് മുന്നില്‍വച്ച് ഇത്ര ദൂരമേ നമുക്കിടയിലുള്ളൂ എന്ന് പ്രഖ്യാപിക്കുന്നുണ്ട്. അത്രയും അടുത്ത് കിടക്കുന്ന രണ്ടു സംസ്‌കാരങ്ങളാണെന്നര്‍ഥം. പ്രബോധന രംഗത്ത് പ്രവാചകനെ സഹായിച്ച ഒരു മത സമൂഹമാണ് ക്രൈസ്തവ സമൂഹം. പില്‍കാലത്താണ് ദൗര്‍ഭാഗ്യകരമായ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടായത്. അതില്‍ ഞാന്‍ മനസ്സിലാക്കുന്ന ഒരു കാര്യം, രാഷ്ട്രീയം ഹൈജാക്ക് ചെയ്യപ്പെട്ടു എന്നിടത്താണ് കാര്യങ്ങള്‍ കിടക്കുന്നത്. കുരിശ് യുദ്ധങ്ങളില്‍ അതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. യൂറോപ്പിലേക്കുള്ള മുസ്ലിംകളുടെ പ്രവേശനവും മുസ്ലിംകളുടെ വൈജ്ഞാനികമായ പുരോഗതിയും പില്‍കാലത്ത് രാഷ്ട്രീയമായ കാരണങ്ങളാല്‍ വിഫലപ്പെട്ടു. കാര്യങ്ങള്‍ മതത്തിലേക്ക് ചേര്‍ത്തുപിടിക്കുമ്പോഴാണ് വര്‍ഗീയ വളരുന്നത്.
സൈദ്ധാതിക വിശകലനങ്ങളേക്കാള്‍ ഇടപെടലുകളാണ് നമുക്കിടയിലാവശ്യം. സാമൂഹ്യ ഇടപെടലുകളും ഒരുമിച്ചിരിക്കാനുള്ള അവസരങ്ങളും ഉണ്ടാവണം. അതിലൂടെ പുതിയ കാല വെല്ലുവിളികളെ മറികടക്കാന്‍ സാധിക്കും. ചിലര്‍ ബോധപൂര്‍വം തെറ്റുദ്ധാരണകളെ വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനു പിന്നിലെ ഫാസിസ്റ്റ് അജണ്ടകളെ നാം തിരിച്ചറിയേണ്ടിരിയിക്കുന്നു. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ തെറ്റുദ്ധാരണകളുണ്ടാക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുണ്ടോ എന്നെനിക്ക് തോന്നാറുണ്ട്. ഈ രണ്ടു സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദന്തരീക്ഷം തകര്‍ക്കുന്നിടത്താണ് അവരുടെ ഇടമെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനെ ഫലപ്രദമായി ചെറുക്കേണ്ടതുണ്ട്. തെറ്റുദ്ധാരണകളെ മാറ്റാന്‍ പരസ്പരമുള്ള ആശയ വിനിമയം വര്‍ദ്ധിപ്പിക്കുക എന്നതു തന്നെയാണ് പ്രധാനം. ഞാനും അച്ഛനും തമ്മിലുള്ള ബന്ധം തന്നെ പറയാം. ഞങ്ങള്‍ക്കിടയില്‍ നീണ്ട കാലത്തെ ബന്ധമാണുള്ളത്. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ഞങ്ങള്‍ക്കിടയില്‍ തെറ്റുദ്ധാരണയുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആ രീതിയിലുള്ള അടുപ്പങ്ങള്‍ സൃഷ്ടിച്ചെടുത്താല്‍ നമുക്ക് മാറ്റങ്ങളെ പ്രതീക്ഷിക്കാം. എസ്.കെ.എസ്.എസ്.എഫിന്റെ സില്‍വര്‍ ജൂബിലി തൃശൂര്‍ സമര്‍ഖന്ദില്‍ നടന്ന സന്ദര്‍ഭത്തില്‍ എനിക്കുണ്ടായ അനുഭവം അവിസ്മരണീയമാണ്. അന്ന് തൃശൂര്‍ ബിഷപ്പായിരുന്ന ഫാദര്‍ റാഫേല്‍ തട്ടില്‍ അച്ഛന്‍ ഞങ്ങളോട് സഹകരിച്ചത് ഏറെ മാതൃകാപരമായിരുന്നു. അന്ന് സമ്മേളന നഗരിയുടെ ഒരു ഭാഗം ഒരു ക്രിസ്ത്യന്‍ സഹോദരന്റെതായിരുന്നു. അത് സമ്മേളന പരിപാടിക്കായി ഞങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ അച്ഛനുമായി ഞാന്‍ സംസാരിച്ചു. അദ്ദേഹം ഉടനെ ആ സഹോദരനെ നേരിട്ടു പോയി കണ്ട് കാര്യങ്ങളില്‍ ഇടപെട്ട് സംസാരിച്ച് അന്നു തന്നെ സംഘാടകര്‍ക്ക് ആ സ്ഥലം വിട്ടുനല്‍കാനുള്ള നടപടി കൈകൊണ്ടത് മറക്കാന്‍ കഴിയില്ല. വലിയ ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം: ഫൈസി പറഞ്ഞതിന്റെ തുടര്‍ച്ച തന്നെയാണ് എനിക്കും പറയാനുള്ളത്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ, അറിഞ്ഞുകൊണ്ടേ നമുക്ക് സ്നേഹിക്കാന്‍ കഴിയൂ എന്ന് വാശിപിടിക്കരുത്. സ്നേഹിച്ചു കൊണ്ട് അറിയാന്‍ സാധിക്കണം. അടിസ്ഥാനപരമായ വിശ്വാസത്തിലുള്ള വ്യത്യസങ്ങള്‍ ഒരിക്കലും മാറുമെന്ന് പ്രതീക്ഷിക്കുന്നില്ല. മാറ്റാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. അത് വൈവിധ്യങ്ങളോടുകൂടി നിലനില്‍ക്കുകയെന്നതാണ് ദൈവത്തിന്റെ ആവശ്യം. ഈശ്വരന്‍ ആഗ്രഹിക്കുന്നതും അതാണ്. ഈശ്വരനില്‍ നിന്നാണ് എല്ലാവരും ഉണ്ടായതെങ്കിലും വ്യത്യസ്ത ദേശങ്ങളിലും സംസ്‌കാരങ്ങളിലും ആചാരങ്ങളിലുമായി മാത്രമേ മനുഷ്യന്‍ ദൈവത്തെ തിരിച്ചറിയുകയുള്ളൂ. എല്ലാം വ്യത്യസ്തമായി തന്നെ നിലനില്‍ക്കട്ടെ. പക്ഷേ, വ്യത്യസ്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ മാനുഷികമായ മൂല്യങ്ങള്‍ക്ക് എപ്പോഴും പ്രാധാന്യം കൂടുതല്‍ കൊടുക്കണം. കാരണം, മതത്തിന്റെ വെളിപാടുകളെല്ലാം ഇതിനുവേണ്ടിയാണ്. നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ശക്തിയാണ് ദൈവമെന്നു തിരിച്ചറിയാനും നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത രഹസ്യമാണ് തന്റെ സഹോദരനെന്നു തിരിച്ചറിയാനും കഴിയണം എന്നതെല്ലാമാണ് മതങ്ങളെല്ലാം പഠിപ്പിക്കേണ്ടത്. ആ ലക്ഷ്യം നാം മുന്നില്‍വച്ചു കൊണ്ട് കൂടുതല്‍ ഇടപെടുകയും മനസ്സിലാക്കുകയും അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുക. രാഷ്ട്രീയത്തെ മതത്തിലേക്കു കൊണ്ടു വരേണ്ട കാര്യമില്ല. സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കുക. മനുഷ്യ നന്മക്കു വിരുദ്ധമാണ് രാഷ്ട്രീയമെങ്കില്‍ മതം എന്നും അതിനെ എതിരിടണം. മതത്തെ പിന്താങ്ങുന്ന രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടായാല്‍ അത് മതത്തിന് ദോഷമേ ഉണ്ടാകൂ എന്നാണ് ക്രിസ്തീയ സമൂഹത്തിന്റെ മധ്യകാല അനുഭവങ്ങള്‍ തെളിയിച്ചത്. നാലാം നൂറ്റാണ്ടുവരെ ഒരു പ്രശ്നവുമില്ലായിരുന്നു. കോണ്‍സ്റ്റന്റൈന്‍ അധികാരം പിടിച്ചെടുക്കുകയും എല്ലാവരും ക്രാസ്ത്യാനികളാവാന്‍ കല്‍പന പുറപ്പെടുവിക്കുകയും ചെയ്തതോടു കൂടിയാണ് മതം ചീത്തയായത്. അതില്‍ നിന്ന് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ് കാര്യങ്ങള്‍ സുതാര്യമായത്. മതത്തിന് അധികാരം കിട്ടിയാല്‍ കാര്യങ്ങള്‍ ചീത്തയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ബി.ജെ.പിക്ക് സംഭവിക്കാന്‍ പോകുന്നതും അതുതന്നെയാണ്. മതം എപ്പോഴും അധികാരത്തില്‍ നിന്ന് അകലം നില്‍ക്കുക തന്നെവേണം. ആശയപരമായ വൈവിധ്യങ്ങളെ നിലനിര്‍ത്തി അടിസ്ഥാന മൂല്യങ്ങളില്‍ ഒരുമിച്ചു നിന്ന് ബാഹ്യമായ അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും പേരില്‍ വിഘടിക്കാതെ മുന്നോട്ടു പോകുക. അതിനേക്കാള്‍ വലുതാണ് മാനവികമായ കാര്യങ്ങള്‍ എന്ന് ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുക എന്നാണ് എനിക്ക് ഉണര്‍ത്താനുള്ളത്.

റവ.ഡോ. വിന്‍സന്റ് കുണ്ടുകുളം/ ഓണംപിള്ളി മുഹമ്മദ് ഫൈസി