സഭകളുടെ പുതിയ ഇസ്‌ലാം പേടിക്കു പിന്നില്‍

2270

‘ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു

പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല

പിന്നീട് അവര്‍ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.

ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല…’

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്ന മാര്‍ട്ടിന്‍ നെയ്മുള്ളറുടെ കവിതയാണ് ഇവിടെ ഉദ്ധരിച്ചത്. സമകാലിക ഇന്ത്യയില്‍ ഈ കവിത ഓര്‍മിപ്പെടുക എന്നത് ഇന്ത്യയുടെ അതിജീവനത്തിന്റെ രാഷ്ട്രീയമാണ്. പക്ഷേ, ഈ കവിതക്ക് മറ്റൊരു ചരിത്രം കൂടിയുണ്ട്. സവര്‍ണ ഫാസിസ്റ്റുകള്‍ക്ക് കുഴലൂത്ത് നടത്തുന്ന അഭിനവ ക്രൈസ്തവ മതനേതൃത്വത്തെ ഇതിന്റെ പിന്നില്‍ തെളിഞ്ഞു കാണാം. ഹിറ്റ്‌ലര്‍ എന്തു പ്രവര്‍ത്തിച്ചാലും അത് ഈശ്വരഹിതമാണെന്നു വിശ്വസിച്ചു പോന്നിരുന്ന ഒരു ഹിറ്റ്‌ലര്‍ ആരാധകനായിരുന്നു പാസ്റ്റര്‍ മാര്‍ട്ടിന്‍ നെയ്മുള്ളര്‍. ഒരു യഥാസ്ഥിതിക കുടുംബ പശ്ചാത്തലമുള്ള നെയ്മുള്ളറിന്റെ ജീവിതം മാറിമറിയുന്നത് 1933 ല്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനി കൊണ്ടുവന്ന ആന്റി സെമിറ്റിക് ലെജിസ്ലേഷന്‍ ‘ആര്യന്‍ പാരാ ഗ്രാഫിലെ ‘ക്ലോസിലുള്ള തന്റെ വിയോജിപ്പ് പരസ്യപ്പെടുത്തുന്നതോടു കൂടിയാണ്.
ജൂതരെ രാജ്യത്തെ എല്ലാ വ്യവഹാരങ്ങളില്‍ നിന്നും എക്‌സ്‌ക്ലൂഡ് ചെയ്യുന്നതിനും രണ്ടാം തരം പൗരന്മാരാക്കുന്നതിനും രൂപം കൊണ്ട ‘ ആര്യന്‍ പാരാഗ്രാഫി’നെതിരെ നെയ്മുള്ളര്‍ ശക്തമായി നിലകൊണ്ടു. തുടര്‍ന്ന്, കടുത്ത ഹിറ്റ്‌ലര്‍ ആരാധകനായിരുന്ന നെയ്മുള്ളര്‍ അറസ്റ്റു ചെയ്യപ്പെട്ടു. 1938 മുതല്‍ 1945 വരെയുള്ള കാലയിളവില്‍ അദ്ദേഹം ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കടുത്ത പീഢനങ്ങള്‍ക്ക് വിധേയനായി. പട്ടാള സേവനങ്ങള്‍ നല്കിയിട്ടുള്ള നെയ്മുള്ളറെ വധിക്കുവാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. പിന്നീട് 1984ലായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. മരിക്കുന്നതിനു മുമ്പ് താന്‍ മറഞ്ഞാലും മാഞ്ഞു പോകാത്ത തന്റെ കുറ്റസമ്മതം ഒരു കവിതയുടെ രൂപത്തില്‍ നെയ്മുള്ളര്‍ അവശേഷിപ്പിച്ചു. 1946ല്‍ ഈ കവിത യുദ്ധാനന്തര ജര്‍മനിയില്‍ പ്രസിദ്ധമായി. കുറ്റസമ്മതത്തിന്റെ ക്ലാസിക് രൂപമായ ഈ കവിത വിവിധ ഭാഷകളില്‍ ഒരു ചൂണ്ടുപലകയായി ഇന്നും വര്‍ത്തിക്കുന്നു.
സംഘപരിവാര്‍ ശക്തികളെ സംബന്ധിച്ച് ഇന്നും കൃത്യമായ രാഷ്ട്രീയ മേല്‍ക്കൈ നേടാന്‍ കഴിയാത്ത ഇടമാണ് കേരളം. കേരളത്തിന്റെ സവിശേഷമായ സാമൂഹിക ഘടനയും മതേതരത്വ നിലപാടും ഹിന്ദുത്വ ശക്തികള്‍ക്ക് തടസ്സമായി നിലകൊള്ളുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയ മേല്‍ക്കൈ നേടാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൃത്യമായ സ്വാധീനം ഉറപ്പുവരുത്താനും കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബി.ജെ.പി. സംഘപരിവാറിനെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ വോട്ടു ബാങ്ക് ഹിന്ദു കമ്മ്യൂണിറ്റിയാണ്. എന്നാല്‍, കേരളത്തിലെ ഹിന്ദു വോട്ടുകളുടെ വലിയ ഒരു ഷെയര്‍ കൈകാര്യം ചെയ്യുന്നത് സി.പി.എമ്മാണ്. അതോടൊപ്പം ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷ വോട്ടുകളും അവര്‍ക്ക് ലഭിക്കാറുണ്ട്. ഈയൊരു സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ ഏതൊരു വഴിയും സ്വീകരിക്കും എന്ന നിലയിലാണ് സംഘപരിവാര്‍. ഇവിടെയാണ് ഹിന്ദുത്വ ശക്തികളുടെ കുഴലൂത്ത് നടത്തുന്നവരായി ഇവിടുത്തെ ക്രിസ്ത്യന്‍ മതാധ്യക്ഷ്യന്മാര്‍ മാറിയ രാഷ്ട്രീയ സാഹചര്യം പരിശോധിക്കപ്പെടേണ്ടത്.
കഴിഞ്ഞ കുറച്ചു കാലമായി ക്രിസ്ത്യന്‍ മതാധ്യക്ഷ്യന്മാര്‍ വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുമായി സജീവമായി രംഗത്തുണ്ട്. പലതും സഭയുടെ അകത്തളങ്ങളില്‍ അരങ്ങേറുന്നതിനാല്‍ പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍, അടുത്ത കാലത്തായി അത് പബ്ലിക് സ്‌പേസിലേക്ക് കൃത്യമായി പ്രൊപഗണ്ട ചെയ്യപ്പെടുന്നുണ്ട്. അതില്‍ സംഘപരിവാര്‍-ക്രിസ്ത്യന്‍ പ്രതിലോമശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ട് തെളിഞ്ഞു കാണാം. സംഘപരിവാറിനെ സംബന്ധിച്ച് എങ്ങനെയും കേരളത്തില്‍ അധികാരം നേടിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതിന് ഏതു വഴിയും അവര്‍ തെരെഞ്ഞെടുക്കും. അവരെ സംബന്ധിച്ച് ലക്ഷ്യമാണ് പ്രധാനം; മാര്‍ഗം ഏത് തന്നെയായാലും.

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വല്ലാത്ത രീതിയില്‍ സംഘികള്‍ ക്രിസ്ത്യന്‍ ഐഡികള്‍ ഉപയോഗിച്ച് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇതിന്റെ അര്‍ഥം യഥാര്‍ത്ഥ ഐഡികള്‍ മിണ്ടുന്നില്ല എന്നല്ല, മറിച്ച് മുസ്ലിം വിരുദ്ധത പറയുന്നതില്‍ ഇന്ന് ആര്‍.എസ്.എസിനേക്കാള്‍ ഭീകരത ചില ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നാണ് എന്ന് കാണാന്‍ കഴിയും. ഇല്ലാക്കഥകളും സംഘപരിവാര്‍ കോഴ്‌സുകളെ ആസ്പദമാക്കിയുമൊക്കെയാണ് മുസ്ലിം സമുദായത്തിനെതിരെ ഇവര്‍ ഉറഞ്ഞു തുള്ളുന്നത്. സഭാനേതൃത്വം നല്‍കുന്ന പഠന ക്ലാസുകളിലും ഇത്തരം വാര്‍ത്തകള്‍ യാതൊരു അടിസ്ഥാനവും ഇല്ലാതെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെ ഒരു പ്രഭാഷണം വലിയ വിവാദമായത്. അതില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഹിന്ദുത്വ തീവ്രവാദികളെ വെല്ലുന്നതാണ്.

‘ തീര്‍ച്ചയായും ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആജീവനാന്തം പോരാടിയ ഒരു ഭരണാധികാരിയാണ് പക്ഷേ, ഒരു സ്വാതന്ത്യ സമരപ്പോരാളിയല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തു കൊണ്ടു മാത്രം ഒരാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനിയും ദേശസ്‌നേഹിയും ആകുമോ കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് അമ്പലക്കാളകളെ കൊല്ലുന്നത് വിനോദമാക്കിയ ടിപ്പു ഈ മാംസം കൂട്ടുകാരെ കൊണ്ട് തീറ്റിക്കുമായിരുന്നു. ടിപ്പുവിന്റെ പ്രവൃത്തികളില്‍ പിതാവ് ഹൈദരും ദുഃഖിതനായിരുന്നു. വോഡിയാര്‍ രാജാവിന്റെ സൈന്യാധിപനായ ടിപ്പു സുല്‍ത്താന്‍ മലബാറില്‍ വന്നു. കുതിരപ്പുറത്ത് വന്നടിപ്പും പട്ടാളവും ക്രിസ്ത്യാനികളെ വെടിവച്ചുകൊന്നു. ഹിന്ദുക്കളെ ഇല്ലാതാക്കി. പേടിപ്പിച്ച് വിരട്ടി മുസ്‌ലിംകളാക്കി. ഇതല്ലാതെ മുസ്‌ലിം സ്വീകരിച്ചതൊന്നുമല്ല. ഇത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പേടിപ്പിച്ച് മതം മാറ്റിയതാ. 525 വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്. പിന്നീട് മുസ്‌ലിംകളുടെ… പൗരത്വ ബില്ലൊക്കെ വരുമ്പോള്‍, കാണിച്ചത് തെറ്റാണ്. പക്ഷേ, ഒരുകാര്യം നമ്മള്‍ ഓര്‍ക്കണം. മുസ്‌ലിംകളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്കും നിഷേധിക്കപ്പെടാം. പക്ഷേ, മുസ്‌ലിംകളെയും നമുക്ക് വിശ്വസിക്കാന്‍ പറ്റുന്നവരല്ല. ബോംബെയില്‍ നമ്മള്‍ നില്‍ക്കുന്നത് ശിവസേന ഉള്ളതു കൊണ്ടാ, അല്ലെങ്കില്‍
മുസ്‌ലിംകള്‍ നമ്മളെ ഇല്ലാതാക്കും. രണ്ടുമാസം മുമ്പ് ചെന്നപ്പോള്‍ കണ്ടു ഇവരുടെ പ്രവൃത്തികള്‍, ലോകത്ത് ഒരു രാജ്യത്തെ ഉള്ളു മുസ്‌ലിമിന് മാത്രം സഞ്ചരിക്കാവുന്ന റോഡ്, സൗദിയില്‍, മെക്കയില്‍, മുസ്‌ലിം നാഡാ. നമ്മള്‍ വണ്ടിയോടിച്ചാശിക്ഷയാ. അങ്ങനെയുള്ള വ്യത്യാസം കാണിക്കുന്ന മന്ത്രഭാന്ത് ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്‌ലിംകള്‍ക്കാ, അതു പറയാതിരിക്കാന്‍ പറ്റുകേല. പക്ഷേ, ഇന്നു കേന്ദ്രം അവരോട് കാണിച്ചത് അനീതിയാ.. മറ്റൊരുകാര്യം. പക്ഷേ, അവരും അത്ര പുണ്യവാളന്മാരൊന്നുമല്ല. നമ്മള്‍ സഹിക്കുന്ന ഒരു ഭാഗമുണ്ട്. ഏറ്റവും കൂടുതല്‍ നമ്മളെ കൊല്ലുന്നത് ആരാ? ഹിന്ദുക്കളാണോ? ഇറാഖില്‍,
സിറിയയില്‍. മുസ്‌ലിംകളാ.അപ്പോ..അതും നമള്‍ ഓര്‍ക്കണം. കൂട്ടി വായിക്കണം.
ഒരുപക്ഷം പിടിച്ച് വികാരം കൊള്ളുമ്പോള്‍ ഓര്‍ക്കണം മറുഭാഗം കൂടിയുണ്ടെന്ന്. നമ്മളെ കൊല്ലുന്നത് മുഴുവന്‍ മുസ്‌ലിംകളാ ലോകത്ത് എവിടെ ചെന്നാലും ഇന്ത്യയില്‍ നമ്മള്‍ ഒത്തിരി കാമം കാണിച്ച് കഴിയുന്നവരാ, അടുത്ത കാലത്ത് ഈ മത്രഭാന്തന്മാര്‍ വന്ന ശേഷമാണ് ഈ ബഹളം. ‘

ഇത് ഒരു സംഘപരിവാര്‍ നേതാവിന്റെ പ്രസംഗമല്ല. നര്‍മം തുളുമ്പുന്ന സംസാരത്തിലുടെ പൊതു സമൂഹത്തിന്റെ പ്രീതിപിടിച്ചു പറ്റിയ ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെ വാക്കുകളാണ്. ചരിത്രത്തെ വളച്ചൊടിച്ചും വര്‍ഗീയതയുടെ വിഷം കലര്‍ത്തിയും ഒരു മതനേതാവ് തന്റെ അനുയായികളോട് പറയുന്ന വാക്കുകളാണിത്. ഇന്ന് കേരളത്തില്‍ ഏറ്റവും സ്റ്റാര്‍വാല്യൂ ഉള്ള ഒരു ധ്യാന കേന്ദ്രമാണ് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം. ധ്യാന ഗുരു സേവിയര്‍ഖാന്‍ വട്ടായില്‍. അദ്ദേഹം രൂപതകളില്‍ നിന്ന് രൂപതകളിലേയ്ക്കും വിദേശത്തും പറന്നു നടക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഒരു ബിഷപ്പിന്റെ വാക്കുകളേക്കാള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനം വിലകൊടുക്കുകയും ഒപ്പം ശ്രവിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ ‘ മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ ‘ ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എട്ടു ദിവസത്തെ പ്രഭാഷണത്തിന്റെ ഉദ്ഘാടന ദിവസം അതായത് സെപ്റ്റംപര്‍ ഒന്നാം തീയതിയാണ് ഫാദര്‍ സേവിയര്‍ ഖാന്‍ വട്ടായില്‍ കുപ്രസിദ്ധ ‘മുസ്ലിം ന്യൂനപക്ഷ വിരുദ്ധ ധ്യാനം’ നടത്തിയത്.
ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം (അര മണിക്കൂര്‍ ആരാധന ആണ്) ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ പവര്‍ പോയിന്റ് പ്രസന്റേഷനെ വെല്ലുന്ന രീതിയില്‍ ന്യൂസ് വീഡിയോ പ്രദര്‍ശിപ്പിച്ചു. ‘ കേരളത്തെ ഇസ്‌ലാമിക തീവ്രവാദം പിടികൂടുന്നു. ‘ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു . തീവ്രവാദം മീഡിയയില്‍ ബാധിക്കുന്നു അവരെല്ലായിടത്തും നുഴഞ്ഞു കയറുന്നു. സമൂഹത്തിലെ ബുദ്ധിജീവികളെ വിലക്കെടുക്കുന്നു തുടങ്ങി ഏറെക്കുറെ ഹിന്ദു ഐക്യവേദിക്കാരന്‍ വിളയാടുന്ന എല്ലാ ജിഹാദുകളും പേരെടുത്തു പറയാതെ ‘ ധ്യാനഗുരു ‘ ഓര്‍മിപ്പിക്കുന്നു. പറയുമ്പോള്‍ ഓരോന്നിനും റഫറന്‍സായി പറയുന്നത് അഥവാ വീഡിയോ കാണിക്കുന്നത് ചില വാര്‍ത്ത ശകലങ്ങളാണ്.

ക്രിസ്തീയ വംശഹത്യ കേരളത്തില്‍ നടക്കാന്‍ പോകുന്നു എന്നൊക്കെ ഇടയ്ക്കിടെ പറയുന്നുണ്ട്. പക്ഷേ, എവിടെ എന്ത് എന്നൊന്നും ഇല്ല. സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തിയ വംശഹത്യകള്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ ആണെങ്കില്‍ ഒറീസയില്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു പക്ഷേ, രണ്ട് വംശഹത്യകളും ഇവിടെ മിണ്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കേരളത്തില്‍ ഐ.എസ് ഉണ്ടെന്നു യു.എന്‍ പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ അതായത് മോഡി എഴുതിക്കൊടുത്ത റിപ്പോര്‍ട്ട് ആണെന്ന് അതില്‍ തന്നെ പറയുന്ന കാര്യം അച്ചന്‍ മിണ്ടുന്നില്ല. ഉദ്ധരണി ആയി കാണിക്കുന്നത് ന്യൂസ് 18 ആണ്. ഒപ്പം ക്രിസ്ത്യന്‍ യു ട്യൂബ് ചാനലായ ഷക്കയ്ന ചാനല്‍ വാര്‍ത്തയും കാണിക്കുന്നു. ഇതുവരെയും സംഘപരിവാര്‍ കേന്ദ്ര ഏജന്‍സി മുതല്‍ കേരള പോലീസ് കണ്ടെത്താത്തത് ധ്യാന കേന്ദ്ര അധിപന്‍ പറയാതെ പറയുന്നു. ബി.ജെ.പിയുടെ കേന്ദ്ര നേതാവ് കേരളവും കാശ്മീരും ഒന്നാണെന്ന പ്രസ്താവന പറഞ്ഞുകൊണ്ട് കേരളത്തിലെ സാധാരണ മനുഷ്യര്‍ക്ക് കേരളം ജിഹാദീ കേന്ദ്രമാവുന്നു എന്ന സംഘപരിവാര്‍ പ്രചരണം ശരിയാണെന്ന് പറയാതെ പറയുന്നു. ഇതിനൊക്കെയും അച്ചന്‍ ആശ്രയിക്കുന്നത് മുഴുവന്‍ സംഘപരിവാര്‍ സോഴ്‌സ് ആണ് എന്നതാണ് ശ്രദ്ധേയം.

കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹം അന്യം നിന്ന് പോകുന്നു. കാരണം സംവരണം അനുസരിച്ചു കാര്യങ്ങള്‍ കിട്ടുന്നില്ല. ശേഷം കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ കഴിയാത്ത ലൗജിഹാദ് ആരോപണവും പുറത്തെടുക്കുന്നു. മൂവായിരത്തോളം ക്രിസ്ത്യന്‍ സ്ത്രീകള്‍ മിസ്സിംഗ്, വിവരങ്ങള്‍ക്ക് ക്രൈം റിക്കാഡ്‌സ് ബ്യൂറോ ആണ് അവലംബം. പക്ഷേ, കോഴിക്കോട് ഒരു ഗ്രാമത്തില്‍ അടുപ്പിച്ചു ഒന്‍പതു സ്ത്രീകള്‍ കാണാതായ ഒരു കാര്യം അച്ചന്‍ന് നേരിട്ട് അറിയാമെന്നു പറയുന്നു എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പറയുന്നതും ഇല്ല. ഇങ്ങനെ ഭാവനകളും കഥകളും മെനഞ്ഞും സംഘപരിവാര്‍ കോഴ്‌സുകളെ ആശ്രയിച്ചും ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് ഇവര്‍.

കേരളത്തില്‍ നടക്കാനിരിക്കുന്ന പഞ്ചായത്തു, അസംബ്ലി തെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ കൃത്യമായ ഒരുക്കം അവര്‍ നടത്തുന്നു എന്ന് കാണാം. മാത്രമല്ല അതിനായ് എവിടെയും നടത്തുന്ന വര്‍ഗീയ ധ്രുവീകരണം ഇവിടെ സവര്‍ണ ക്രിസ്ത്യാനികള്‍ക്കിടയില്‍ നടത്തി കഴിഞ്ഞു. ഫാദര്‍ സേവിയര്‍ഖാന്‍ വട്ടായിലിനെ പോലുള്ളവര്‍ നടത്തുന്ന ഇത്തരം ‘ ധ്യാനങ്ങള്‍ ‘ അവര്‍ണ ക്രിസ്ത്യാനികളെ പോലും സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം കത്തോലിക്ക സഭയില്‍ വൈദീകര്‍ക്കുള്ള സ്ഥാനം അങ്ങനെയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബിഷപ്പ് മുതല്‍ വൈദികന്‍ വരെ പലരും അനാശാസ്യം നടത്തിയപ്പോള്‍ സഭ സര്‍വ ശക്തിയുമെടുത്തു പ്രതിരോധിച്ചത്. തങ്ങളുടെ പ്രഖ്യാപിത ശത്രുക്കള്‍ ഇവിടുത്തെ മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്ന് പറയുന്ന വേദ പുസ്തകം പ്രമാണമാക്കിയവരാണം് സംഘപരിവാര്‍. അവര്‍ക്ക് ദാസ്യവേല ചെയ്യലാണ് ഇത്തരം ധ്യാനങ്ങളിലൂടെ ക്രിസ്ത്യന്‍ മത നേതൃത്വം ചെയ്യുന്നത്. ഇതിലൂടെ കേരളത്തിലേക്ക് സംഘപരിവാറിന് പരവതാനി വിരിച്ചു കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒടുവില്‍ പാസ്റ്റര്‍ മാര്‍ട്ടിന്‍ നെയ്മുള്ളര്‍ നേരിട്ടത് പോലൊരു ദാരുണ്യാന്ത്യമായിരിക്കും എല്ലാവരേയും കാത്തിരിക്കുന്നത് എന്ന് കൂടി ഓര്‍ക്കുക.

ഫര്‍സീന്‍ അഹ്മദ്