സെക്യുലര്‍ സൂഫിസം ഒരു മിത്താണ്

3776

മഹത്തായൊരു ദാര്‍ശനിക പാരമ്പര്യമാണ് സൂഫിസത്തിനുള്ളത്. പ്രവാചക കാലഘട്ടത്തിനു ശേഷമുള്ള സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അഭൗതിക ബന്ധത്തിന്റെ പുനസ്ഥാപനമായാണ് ഇത് ഗണിക്കപ്പെടുന്നത്. നോര്‍മാറ്റീവ് ഇസ്‌ലാമിന് വ്യതിരിക്തമായി, ആധികാരിക ഗ്രന്ഥങ്ങളിലൂടെ ആത്മ വിമോചനത്തിന്റെയും ദൈവിക സ്‌നേഹത്തിന്റെയും സംവേദനകള്‍ മനസ്സിലാക്കി ദൈവിക മാര്‍ഗത്തില്‍ ആത്മസമര്‍പ്പണം നടത്തിയവരാണ് സൂഫികള്‍. ഇസ്‌ലാമിന്റെ പ്രത്യക്ഷ ധാരണകളില്‍ നിന്നും മാറി പരോക്ഷ വായനകളിലൂടെ സൂഫികള്‍ കടന്നുപോയപ്പോള്‍, സൂഫി സംസ്‌കാരം എന്ന ഒരു സംജ്ഞ രൂപപ്പെടുകയും, ആ സംസ്‌കാരത്തിന്‍െ സൗന്ദര്യവും സ്വാധീനവും അതിര്‍ത്തികള്‍ കടന്ന് അത് വ്യാപിക്കുകയും ചെയ്തു. ഇതില്‍ ആകൃഷ്ടരായി പല കലാ-സാഹിത്യ വര്‍ണനകളും പ്രതിനിധാനങ്ങളും വരാന്‍ തുടങ്ങി. ഇത്തരം പ്രതിനിധാനങ്ങളില്‍ കടന്നുവന്ന അപര്യാപ്തമായ കാഴ്ച്ചപ്പാടുകളാണ് ഈ കുറിപ്പിനാധാരം. ഇസ്‌ലാമിക പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കി വന്ന ഒരു ദര്‍ശനത്തെ മതേതര വ്യവഹാരത്തിലൂടെയാണ് ഇന്ന് ചിത്രീകരിക്കപ്പെടുന്നത്. ആഗോള സാഹിത്യങ്ങളില്‍ നിന്ന് തുടങ്ങി ഇന്ന് മലയാള സാഹിത്യ കലാമണ്ഡലങ്ങളില്‍ പോലും ഈ കാഴ്ച്ചപ്പാടിന്റെ അനുകരണനകള്‍ കാണാന്‍ സാധിക്കും.

മതേതര സൂഫിസം

സൂഫിസത്തെ നിര്‍വചിക്കേണ്ടത് മതാതീയമായിട്ടല്ല. മറിച്ച് മതാതിഷ്ടിതമായിട്ടാണ്. മതേതര സൂഫിസം എന്ന ആശയം രൂപപ്പെടുത്തുന്നത് 19ാം നൂറ്റാണ്ടിലെ ഓറിയന്റലിസ്റ്റുകളുടെ പദ്ധതിയായ സെമിറ്റിക് ഇസ്‌ലാമിനെയും ആര്യന്‍ മിസ്റ്റിസത്തെയും വിഭജിക്കുക എന്നതിന്റെ ഭാഗമായാണ്. അഥവാ, ഇസ്‌ലാം എന്നത് സൂഫിസം അവതരിപ്പിക്കുന്ന പോലെ സഹിഷ്ണുതയുള്ളതോ സൗഹൃദപരമോ അല്ലെന്നും, അത് പശ്ചാത്യ മതേതര ബോധത്തോട് അനുനയിപ്പിക്കാന്‍ പറ്റാത്തതും അസഹിഷ്ണുതയുള്ളതാണെന്നും സ്ഥാപിച്ചെടുത്ത് സാംസ്‌കാരിക ആധിപത്യം നേടിയെടുക്കുക എന്നതു തന്നെയാണ് പാശ്ചാത്യ പഠനങ്ങളുടെ ലക്ഷ്യം. തദടിസ്ഥാനത്തില്‍ അമേരിക്കയില്‍ സൂഫിസം ഒരു മുസ്‌ലിം ഇതരമാര്‍ഗമായി സ്വീകരിച്ചു പോരുന്നു. അവരുടെ വീക്ഷണ പ്രകാരം നോര്‍മാറ്റീവ് ഇസ്‌ലാമിന്റെ പ്രത്യക്ഷ വാദങ്ങള്‍ക്ക് വിരുദ്ധമായി സൂഫികളെ പാശ്ചാത്യന്‍ വ്യക്തിസ്വാതന്ത്ര്യം ലിബറലിസം തുടങ്ങിയുള്ള ആശയങ്ങളുമായി ചേര്‍ത്തുവക്കുന്നു. ചുരുക്കത്തില്‍ സൂഫിസം ഇസ്‌ലാമികമല്ലെന്നും അത് പാശ്ചാത്യ സംസ്‌കാരമായും രാഷ്ട്രിയമായും ബന്ധപ്പെട്ടതാണെന്നാണ് ഈ വ്യര്‍ഥവാദം. വില്യംഗ്രഹാം പറയുന്നതു പ്രകാരം സൂഫിസത്തിന് ലോകത്ത് ഇത്ര അധികം സ്വാധീനം ലഭിക്കാന്‍ കാരണം ബൗദ്ധികമായ ദര്‍ശനവും ഇസ്‌ലാമിലെ ആധികാരിക പ്രാമാണിക നിയമങ്ങളുടെ നിഷേധവുമാണ്. അതിനാല്‍ ഓരോ യൂറോപ്യനും ബൗദ്ധിക സംസ്‌കരണത്താല്‍ ഒരു സൂഫിയായി മാറും. ഇവര്‍ സൂഫികളില്‍ മതനിഷേധം ആരോപിക്കുകയും അവരെ സ്വതന്ത്ര്യ ചിന്താധാരികളുമാക്കിമാറ്റി. അഥവാ, പാശ്ചാത്യ തത്വശാസ്ത്രത്തില്‍ കാന്റ് പറയുന്ന pure rational religion ന്റെ വക്താക്കളാക്കി. 

മതേതര സൂഫിസം എന്ന ആശയം തന്നെ ഉടലെടുക്കുന്നത് സൂഫിസത്തിന്റെ അടിസ്ഥാനത്തെ പറ്റിയുള്ള ചര്‍ച്ചയില്‍ നിന്നാണ്. എന്താണ് സൂഫിസത്തിന്റെ അടിസ്ഥാനം, അത് മത നിഷേധമായിരുന്നോ. പ്രവാചക കാലത്തിനു ശേഷമാണ് സൂഫി എന്ന ദാര്‍ശനിക പ്രയോഗം ദൃശ്യമാവുന്നത്. അബദുല്ലാഹിബ്‌നു മുഹമ്മദ്, ഹസനുല്‍ ബസരി എന്നിവരില്‍ നിന്നാണ് സൂഫി എന്ന പ്രയോഗം ഉത്ഭവിക്കുന്നത്. ഖുര്‍ആനിന്റെ വചനങ്ങളില്‍ പ്രവാചക ഉപദേശങ്ങളിലും ആകൃഷ്ടരായി തന്നെയാണ് ക്ലാസിക്കല്‍ സൂഫികള്‍ സൂഫിസം പ്രയോഗവത്കരച്ചത്. ലൂയിസ് മാസിഗനല്‍ പറയുന്നതും ഖുര്‍ആനിന്റെ അമൂല്യ വചനങ്ങള്‍ തന്നെയാണ് സൂഫിസത്തിന് ആധാരം എന്നാണ്. ഖുര്‍ആനിലെ ആശയങ്ങളായ ദൈവിക പ്രകാശം, ദൈവിക സ്‌നേഹം, അറിവ്, കശ്ഫ് തുടങ്ങിയ ആശയങ്ങള്‍ സൂഫി ഉപദേശങ്ങളിലും രചനകളിലും കാണാന്‍ സാധിക്കുന്നതിന് കാരണം ഇതാണ്. ഗിബ്ബ് പറയുന്നത് രണ്ടാം നൂറ്റാണ്ടില്‍ ആത്മീയ ചര്‍ച്ചകള്‍ക്ക് വേണ്ടി ചെറിയ സംഘങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. അവര്‍ ഒരുമിച്ചിരുന്ന് ഖുര്‍ആനും മതവചനങ്ങളും ദിക്‌റുകളും ഉറക്കെ ചൊല്ലുമായിരുന്നു. ആദ്യം ഈ ആധ്യാത്മികതയുടെ അടിസ്ഥാനം ഒന്നാമതായി ദൈവഭയവും രണ്ടാമതായി ദൈവിക സ്‌നേഹമായിരുന്നു. പിന്നീടാണ് ദൈവിക സ്‌നേഹം സൂഫിസത്തിന്റെ ആധാരമായി വരുന്നത്.

ഇസ്‌ലാമിക ദര്‍ശനത്തില്‍ ഉല്‍ഭവിച്ച ഒരു സംജഞ പിന്നീട് അതിന്റെ ചരിത്ര വികാസത്തില്‍ വ്യതിചലിച്ചോ എന്നതാണ് അടുത്ത ചര്‍ച്ച. ഇത് വിശകലനം ചെയ്യാന്‍ ആദ്യം ആവശ്യമായത് ഇസ്‌ലാമിന്റെ പൂര്‍ണ നിര്‍വചനമാണ്. എന്താണ് ഇസ്‌ലാം. ഇസ്‌ലാമില്‍ പരോക്ഷവും (esoteric) അതിവചനം (pre text) ആയ പല ആശയങ്ങളും ഉണ്ട്. ഈ യാഥാര്‍ഥ്യങ്ങള്‍ പല രൂപങ്ങളിലായിട്ടും പ്രതിനിധാനം ചെയ്യപ്പെടാം, അതുകൊണ്ട് ഇസ്‌ലാം എന്നത് പ്രബലമായ വ്യത്യസ്ത വിശ്വാസങ്ങളുടെ ബാഹുല്യമാണ്. ഇനി ഇതില്‍ ഒരു വിശ്വാസത്തെ മാത്രം യാഥാര്‍ഥ്യം എന്ന് വിവരിക്കപ്പെട്ടാല്‍ ഇസ്‌ലാം സങ്കുചിതമാവുകയും ചിലരിലേക്ക് മാത്രം ഇസ്‌ലാം ചുരുങ്ങുകയും ചെയ്യുന്നു.

ഖുര്‍ആനിക വചനങ്ങളുടെ ബാഹ്യ അര്‍ഥങ്ങള്‍ക്കപ്പുറം ആന്തരിക അര്‍ഥങ്ങളിലൂടെയാണ് സൂഫികള്‍ കടന്നു പോയത്. ടെക്സ്റ്റിന്റെ പൊതു അര്‍ഥത്തിനപ്പുറം ഒരു പ്രത്യേക രൂപകം (form) ഇവര്‍ കണ്ടെത്തുന്നു. സൂഫികളുടെ പല ആചാരങ്ങളും ഉദാഹരണത്തിന് മൗലവി ധാരയിലെ നൃത്തം ചിശ്തികളുടെ ഗാനം രിഫാഇകളുടെ മാംസചോദന ഇസ്‌ലാമികമാണോ എന്നതാണ് പ്രധാന ചര്‍ച്ച. ശഹാബ് അഹമ്മദ് പറയുന്നത് ഇത്തരം സംവാദങ്ങള്‍ക്ക് കാരണം ടെക്സ്റ്റിന്റെ വ്യാഖ്യാനത്തില്‍ പശ്ചാതലത്തെ ഉള്‍കൊള്ളിക്കുന്നതാണ്. ടെക്‌സറ്റിനപ്പുറം വ്യഖ്യാന ശാസ്ത്രത്തില്‍ pretext നെ ഉള്‍കൊള്ളിക്കുന്നതിലൂടെ സൂഫിദിക്‌റുകളുടെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ കഴിയും

അഥവാ ടെക്സ്റ്റിന്റെ ഏക അര്‍ഥത്തില്‍ നിന്നും മാറി പ്രി-ടെകസ്റ്റിനെ പരിഗണനയിലുളള ഒരു വിക്വസരമായ വ്യാഖ്യാനം ഇബ്‌നു അറബി പറയുന്നുണ്ട്. എന്റെ ഹൃദയം മുഴുവന്‍ ആശയങ്ങളെയും സ്വീകരിക്കാന്‍ പ്രാപ്തമാണ്. അതിനാല്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ പ്രത്യക്ഷ അര്‍ഥം മാത്രമാണ് ഇസ്‌ലാമിക നിയമം എന്ന് പറയുന്നത് ശരിയല്ല. മറിച്ച് സൂഫികളുടെ pre textual വായനകളും ഇസ്‌ലാമിക ഗണത്തില്‍പ്പെടുത്തണം. കാരണം ഇമാം ഗസ്സാലി പറയുന്നത് ഓരോ മനുഷ്യരിലും പ്രവാചകത്വത്തിന്റെ ഒരു തനിമയുണ്ടെന്നാണ്. തത്വശാസ്ത്രത്തില്‍ പ്രവാചകത്വത്തെ നിര്‍വചിക്കുന്നത് മനുഷ്യരിലേക്കിറങ്ങിയിരിക്കുന്ന ബുദ്ധി (reason)യുടെ അസാധാരണമായ വികാസത്തിലൂടെ ലഭിക്കുന്ന സാമാന്യാധികമായ ഒരു തരത്തിലുള്ള അറിവാണ് എന്നാണ്. ഇതു തന്നെയാണ് സൂഫിധാരയും. ചില പ്രത്യേക പരിശീലനങ്ങളിലൂടെ തന്റെ ജ്ഞാനസമ്പാദന ശേഷി വികസിപ്പിച്ചെടുത്ത് കശ്ഫ് എന്ന ദിവ്യ വെളിപാടിന്റെ അനുഭവത്തിലേക്ക് എത്താന്‍ കഴിയും. പക്ഷേ, ഇവിടെ യുക്തിക്ക് പൂര്‍ണ പ്രഭാവമില്ലെന്നര്‍ഥം. എന്നിരുന്നാലും ഈ വ്യക്തി പ്രവാചകരുടെ ജ്ഞാന പ്രഭാവത്തിലേക്ക് ഒരിക്കലും എത്തുകയില്ല. സൂഫികള്‍ പ്രവര്‍ത്തിക്കുന്ന അതിബഹുലമായ ആചാരങ്ങള്‍ ദൈവത്തിന്റെ യാഥാര്‍ഥ്യത്തെ മനസ്സിലാക്കാന്‍ വേണ്ടിയുള്ള ഭൗതിക-ആത്മീയ-മാനസിക വികാസത്തിനുള്ള നിര്‍വഹണങ്ങളാണ്. സൂഫീ ചിന്തയില്‍ അപ്രത്യക്ഷ ലോകവും ദൈവവുമാണ് പരമ യാഥാര്‍ഥ്യം. ഭൗതിക ലോകവും അതിലെ യാഥാര്‍ഥ്യങ്ങളും യഥാര്‍ഥ ലോകത്തിന്റെ ആലങ്കാരിക പ്രയോഗങ്ങള്‍ മാത്രമാണ്. ഇത്തരം സൂഫി വ്യവഹാരങ്ങള്‍ അതിന്റെ പ്രയോഗികത കൊണ്ടും സ്വാധീനം കൊണ്ടും ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കാന്‍ തുടങ്ങി.

പരമമായ ദൈവിക അനുരാഗത്തിലും ദൈവിക ജ്ഞാന ( മഅ്‌രിഫ) ത്തിലും മുഴുകിയ സൂഫികള്‍ക്ക് പ്രവാചക സാദൃശ്യമായ വെളിപാടുകള്‍ ലഭിക്കുന്നു. അതുകൊണ്ടു തന്നെ ശരീഅത്തിന്റെ പ്രത്യക്ഷ വ്യഖ്യാനങ്ങളോട് അവര്‍ വിസമ്മതിച്ചെന്നു വരാം. അബു സഊദ് പറയുന്നു. സൂഫിസം അന്വേഷിക്കുന്നത് ശരീഅത്തിനേക്കാള്‍ അഗാധമായ ഒരു യാഥാര്‍ഥ്യത്തെയാണ്. അല്ലാഹുവിന്റെ പരമാര്‍ഥമെന്ന വിശാലമായ സമുദ്രത്തില്‍ അവര്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ഇവിടെ ശരീഅത്ത് ആ സമുദ്രത്തിന്റെ കരയില്‍ സുരക്ഷിതമായിരിക്കുന്നു. ഇദ്ദേഹം പറയുന്നത് ശരീഅത്ത് സ്ഥാപിക്കാത്ത ഒരു പരമാര്‍ഥത്തെയാണ് സൂഫിസം അന്വേഷിക്കുന്നത് എന്നാണ്.

മേല്‍ പറഞ്ഞ വീക്ഷണത്തില്‍ നിന്നും മനസ്സിലാവുന്നത് ഇസ്‌ലാം എന്നത് കേവലം പ്രാമാണിക ഗ്രന്ഥങ്ങളുടെ പ്രത്യക്ഷ വായന മാത്രമല്ല. അതിനപ്പുറം ആന്തരികമായ(esoter) വായനകളും ഇതില്‍ ഉള്‍കൊള്ളുന്നു. അല്ലാഹുവിന്റെ പരമമായ ഉണ്‍മയെ മനസ്സിലാക്കുന്ന സൂഫി പരിശീലനങ്ങളോ ആചാരങ്ങളോ അതിനാല്‍ തന്നെ ഇസ്‌ലാമിക വിരുദ്ധമാവുന്നില്ല. അതുകൊണ്ടു തന്നെ secular sufsim എന്ന വാദം വ്യര്‍ഥമെന്നര്‍ഥം. സൂഫിസത്തിന്റെ ഇസ്‌ലാമികത ശരീഅത്ത് നിഷേധം എന്ന അസ്തിവാരത്തിലല്ല. അതിലും പൂര്‍വമായ Devine existence ആണ് സൂഫിസത്തിന്റെ അസ്തിവാരം. സൂഫി നൃത്തങ്ങളും സംഗീതങ്ങളും ദിക്‌റുകളും ഖുര്‍ആനിന്റെ യാഥാര്‍ഥ്യങ്ങളോട് വിരുദ്ധവുമാവുന്നില്ല.

സൂഫി സാഹിത്യം

ആധുനിക ലോകത്ത് മതാതീത സൂഫിസം വ്യവഹാരംചെയ്യപ്പെടുന്ന മാധ്യമങ്ങളാണ് സാഹിത്യ കൃതികളും സിനിമകളും കലാ പ്രത്യക്ഷങ്ങളും. മേല്‍ പറഞ്ഞ പാശ്ചാത്യ ഉദ്യമത്തെ സമൃദ്ധിപ്പെടുത്താനായിരുന്നു ഈ ശ്രമങ്ങള്‍. സൂഫി കൃതികളുടെ വിവര്‍ത്തനങ്ങള്‍, കാവ്യ വ്യഖ്യാനങ്ങള്‍, സൂഫി ഫിക്ഷനുകള്‍, സിനിമകള്‍ തുടങ്ങിയുള്ള third party വ്യവഹാരങ്ങളിലാണ് ഈ പ്രവണത കൂടുതലായും കാണുന്നത്. അതിന് വ്യക്തമായ ഉദാഹരണങ്ങളാണ് മസ്നവിയുടെ പാശ്ചാത്യന്‍ വായനകള്‍. സംലോമന്‍ ബാര്‍കിന്റെ മസ്‌നവി വിവര്‍ത്തനത്തെപ്പറ്റി ഉയരുന്ന ഒരു വിമര്‍ശനമാണ് അദ്ദേഹം വിവര്‍ത്തകന്റെ സംസ്‌കാരം മൂല്യം, മതം, ധര്‍മം എന്നീ കാഴ്ചപ്പാചുകളിലൂടെയാണ് മസ്‌നവി വായിക്കുന്നത്. പാശ്ച്യാത്യ ലോകത്ത് പ്രചാരം നേടിയ ഒരു കൃതിയാണ് ഇദ്ദേഹത്തിന്റെ വിവര്‍ത്തനം. മസ്‌നവിയിലെ ഇസ്‌ലാമിക മതകീയ ദര്‍ശനങ്ങളെ പാശ്ചാത്യന്‍ രീതിയില്‍ കണ്ട് അതിനെ കേവലം ആത്മീയതയായി വിവര്‍ത്തനം ചെയ്യുകയാണിദ്ദേഹം. ഖുര്‍ആന്‍ പ്രവാചകന്‍ അന്ത്യനാള്‍, സ്വര്‍ഗം, നരകം തുടങ്ങിയുള്ള ഇസ്‌ലാമിക ദര്‍ശനങ്ങളെ തന്റെ വിവര്‍ത്തനത്തില്‍ നിന്നും ബാര്‍ക് ഒഴിവാക്കിയതായി കാണപ്പെടുന്നു. ഇതിലൂടെ സൂഫിസത്തെ ഒരു ഇസ്‌ലാമേതര പ്രത്യയശാസ്ത്രമായി ഇവര്‍ തൃപ്തിപ്പെടുന്നു. യഥാര്‍ഥത്തില്‍ ഖുര്‍ആനുമായുള്ള ഒരു ക്രിയാത്മക ഇടപെടലാണ് മസ്നവി. ഖുര്‍ആനിക ആശയങ്ങളെ പുനരാഖ്യാനം ചെയ്തും പുനസങ്കല്‍പം ചെയ്തും ഒരു ശ്രമം. റൂമി അതിന്റെ മുഖവുരയില്‍ പറയുന്നതിങ്ങനെ: പരമാര്‍ഥം അന്വേഷിക്കുന്നതില്‍ മത പ്രമാണങ്ങളുടെ അടിവേരാണ് മസ്‌നവി. അത് അല്ലാഹുവിന്റെ മഹത്തായ കര്‍മശാസ്ത്രവും വിശുദ്ധ നിയമവും, അല്ലാഹുവിന്റെ പവിത്രമായ പ്രകാശവുമാണ്. അല്ലാഹു സ്വയം പരിചയപ്പെടുത്തിയ നൂറില്‍ നിന്നാണ് ഈ കൃതിയും പ്രതിഫലിക്കുന്നത്. അതിനപ്പുറം ഖുര്‍ആനിന്റെ ഒരു വ്യാഖ്യാനമായിട്ടാണ് പലരും മസ്‌നവിയെ ഗണിക്കുന്നത്.
ആഗോള തലത്തില്‍ വലിയ സ്വാധീനം നേടിയ മറ്റൊരു കൃതിയാണ് എലിഫ് ഷഫാഖിന്റെ ഫോര്‍ടി റൂള്‍സ് ഓഫ് ലവ്. വളരെ ആകര്‍ഷകമായ ഒരു രീതിയിലാണ് ഇത് രചിച്ചിരിക്കുന്നത്. എല്ല എന്ന ഒരു സ്ത്രീയുടെയും റൂമിയുടെയും കഥ ഒരു സെമി ഫിക്ഷനായി അവതരിപ്പിക്കുന്നു. എല്ലയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന റൂമിയുടെ പുസ്തകം അവരില്‍ അധ്യാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഈ കൃതി പാശ്ചാത്യ ലേകത്തും വളരെ അംഗീകാരം നേടിയിട്ടുണ്ട്. ഒരേ സമയം ആഗോള തലത്തില്‍ വായിക്കാവുന്നതും സൂഫി ദര്‍ശന വിരുദ്ധമല്ലാത്തതുമായ ഒരു ആവിഷ്‌കാരമാണിത്.

ദിവ്യപ്രണയം, പ്രതിനിധാനങ്ങള്‍

സൂഫി സാഹിത്യങ്ങളില്‍ കൂടുതലായും ചിത്രീകരിക്കപ്പെടുന്നത് സൂഫീ ദര്‍ശനമായ ദൈവിക സ്‌നേഹം എന്നതാണ്. പലരും ഈ ദര്‍ശനം കാല്‍പനിക കഥകള്‍ നിര്‍മിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തി. മലയാളത്തില്‍ വിരചിതമായ സൂഫി പറഞ്ഞ കഥ, ഈയടുത്ത് പുറത്തിറങ്ങിയ സൂഫിയും സുജാതയും ഈ പ്രവണതയുടെ ഭാഗമായി പരിഗണിക്കാന്‍ കഴിയും. സൂഫി സ്‌നേഹത്തെ മതാതീത വ്യവഹാരങ്ങളായിട്ടാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. സത്യത്തില്‍ സൂഫി ദര്‍ശനങ്ങള്‍ അഭൗതിക സ്‌നേഹത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഭൗതിക സ്‌നേഹം അതിനുള്ള ഒരു ആലങ്കാരിക പ്രതിനിധാനം എന്നുമാത്രം. മദ്ഹബ് ഇശ്ഖ് എന്നാണ് സൂഫികളിലെ ഈ ധാരയെ വിളിക്കപ്പെടുന്നത്. മാനുഷിക പ്രണയം ദിവ്യ പ്രണയത്തിലേക്കുള്ള അനുഭവവേദ്യമായ ഒരു മാര്‍ഗമാണ്. ദിവ്യ പ്രണയത്തിന്റെ ഒരു പ്രതിനിധാനം പ്രണയമാണ്. ആത്മാവിനെ ഭൗതിക ഭ്രമങ്ങളില്‍ നിന്നും വിമോചിപ്പിക്കുന്നത്. രൂപകം അതിന്റെ യഥാര്‍ഥ അര്‍ഥവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, ഭൗതിക പ്രണയമെന്ന രൂപകവും ദിവ്യ പ്രണയമെന്ന യഥാര്‍ഥ്യവും ബന്ധപ്പെട്ടുകിടക്കുന്നു. മദ്ഹബ് ഇശ്ഖിലെ പ്രധാന ഉദാഹരണമാണ് റൂമി. ശംസ് തിബിരീസ് അവതരണങ്ങള്‍ ദിവ്യ പ്രണയത്തിന്റെ പ്രതിനിധാനം ഒരിക്കലും മതാതീതമാവാന്‍ കഴിയില്ല. അത് ദിവ്യതയുടെ പരമ യാഥാര്‍ത്ഥത്തിന് നിരക്കുന്നതല്ല. പ്രണയത്തെക്കുറിച്ച് ഇബ്‌നുസീന പറയുന്നത് അത് സത്തയുടെയും (essennce) അസ്തിത്വത്തിന്റെ പ്രകടനമാണ്( existence) എന്നാണ്. അഥവാ ഇബ്‌നുസീനയുടെ വാദത്തില്‍ ദൈവത്തില്‍ അടങ്ങിയിരിക്കുന്ന സത്തയുടെയും അസ്തിത്വത്തിന്റെയും പ്രകടനം. പ്രണയം ദിവ്യതയെ വെളിപ്പടുത്തുന്നു. അതുകൊണ്ടു തന്നെ സൂഫികള്‍ക്ക് ദിവ്യ പ്രണയം എന്നത് ദിവ്യതയെ അറിയാനുള്ള ഒരു മാര്‍മാണ്. പ്രണയത്തിലൂടെ മാനവിക മൂല്യങ്ങള്‍ മനസ്സിലാക്കുകയും അതിലൂടെ വ്യക്തിത്വത്തെ രൂപീകരിക്കുകയും ചെയ്യുന്നു. നോര്‍മാറ്റിവ് ഇസ്‌ലാമിന്റെ പ്രയോഗത്തിലെ പ്രധാനലക്ഷ്യവും പ്രണയത്തിലൂടെ ആത്മാവിനെയും സമൂഹത്തെയും മനസ്സിലാക്കലാണ്. സൂഫി ചര്‍ച്ചകളില്‍ അധികമായും കടന്നുവരുന്ന ഒരു താരതമ്യമാണ് ഇബ്‌നു അറബിയുടെ വഹ്ദത്തുല്‍ വുജൂദ്. സുഹ്‌റവര്‍ദിയുടെ ഹിക്മത്തുല്‍ ഇശ്‌റാഖും ശങ്കരന്റെ അദ്വൈതവാദവും തമ്മിലുള്ളത് ദൈവികതയും മെറ്റീരിയല്‍ ലോകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചില ചിന്തകളാണിത്. സുഹറവര്‍ദിയന്‍ ഇല്ല്യുമിനേഷനിസ്റ്റ് തിയോളജി പറയുന്നത് എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ പ്രകാശത്തിന്റെ രശ്മികള്‍ എന്നാണ്. അഥവാ, സര്‍വ വസ്തുക്കളുടെയും സത്ത ഒന്നുതന്നെയാണ്. പക്ഷേ, അല്ലാഹുവിന്റെ നൂര്‍ വ്യത്യസ്ത വസ്തുക്കളില്‍ വ്യത്യസ്ത തോതിലാവുന്നു. ഇബനു അറബി പറയുന്നത് എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ പ്രത്യക്ഷങ്ങളെന്നാണ്. സര്‍വ വസ്തുക്കളിലും അല്ലാഹുവിന്റെ സത്ത ഉള്‍കൊള്ളുന്നു.
ഇബ്‌നു അറബി ഈ വാദം മുന്നോട്ടുവക്കുന്നത് സൂറത്തുല്‍ കഹ്ഫിലെ സൂക്തം അടിസ്ഥാനമാക്കിയാണ്. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കുകയില്ലന്ന് അവന്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയിച്ചിരിക്കുന്നു എന്നതിന് ഇബ്‌നു അറബി നല്‍കുന്ന വ്യാഖ്യാനം സ്ഥാപിച്ചിരിക്കുന്നു എന്നാണ്. അല്ലാഹുവിന്റെ യാഥാര്‍ഥ്യത്തെ കുറിച്ചറിയുന്ന ഒരാള്‍ ഏതൊരു വസ്തുവിനെ ആരാധിച്ചാലും അത് അല്ലാഹുവിനോടുള്ള ആരാധനയായി അവന്‍ സ്ഥാപിച്ചിരിക്കുന്നു എന്നതാണ് വിവക്ഷ. അവന്‍ സര്‍വ രൂപങ്ങളാലും ആരാധിക്കപെടാന്‍ കഴിയും എന്നതിനാലാണ് ഹാറൂന്‍ നബിക് ബനൂഇസ്‌റാഈലിനെ പശു ആരാധനയില്‍ നിന്നും തടയാന്‍ കഴിയാതിരുന്നത് എന്നതാണ് ഇബ്‌നു അറബിയുടെ പക്ഷം. പലരും ഈ വീക്ഷണത്തെ പിന്തുണച്ചും എതിര്‍ത്തും മുന്നോട്ടു വന്നിട്ടുണ്ട്. ശേഷം വന്ന ഇന്ത്യന്‍ സൂഫിയായിരുന്ന അഹ്മദ് സര്‍ഹിന്ദി ഈ ആശയങ്ങളെ നോര്‍മാറ്റിവ് ഇസ്‌ലാമുമായി അനുരജ്ഞിപ്പിച്ചു. ദൈവം-ലോകം എന്ന ഏകതാ കാഴ്ചപ്പാട് ഒരു വ്യക്തിനിഷ്ഠമായ ഒരു യാഥാര്‍ഥ്യമാണെന്നും മറിച്ച് വസ്തുനിഷ്ഠപരമല്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
സൂഫിസം എന്ന സാര്‍വലൗകിക സംസ്‌കാരത്തെ അതിന്റെ ചരിത്ര വികാസത്തില്‍ നിന്നും മാറ്റിനിര്‍ത്തി ഇതര സംസ്‌കാര ദര്‍ശനങ്ങളായി നിരീക്ഷിക്കപ്പെടുന്ന ഒരു പ്രവണത ഓറിയെന്റലിസ്റ്റ് പഠനങ്ങള്‍ കൊണ്ടുവന്നതാണ്. സൂഫിസത്തിന്റെ സൗന്ദര്യവും സ്വാധീനവും പാശ്ചാത്യന്‍ മേഖലകളിലേക്കും വ്യാപിച്ചപ്പോള്‍ സൂഫി ആദര്‍ശങ്ങളെ മതാതീത വ്യവഹാരങ്ങളില്‍ പ്രയോഗവത്കരിക്കുകയാണ് ഇത്തരം പഠനങ്ങള്‍. ഇത്തരം പ്രയോഗവത്കരണങ്ങള്‍ക്ക് ഇവര്‍ സൂഫി ദര്‍ശനങ്ങളിലെ ആന്തരിക കാഴ്ചപ്പാടുകളെ ഉപയോഗപ്പെടുത്തി നിലവിലുള്ള സംസ്‌കാരവുമായി സങ്കലനം ചെയ്യുന്നതായി കാണുന്നു. അഥവാ ഇസ്‌ലാമിക പ്രമാണ വ്യാഖ്യാന സാധ്യതകളെയും അപ്രത്യക്ഷ ജ്ഞാനത്തെയും നിഷേധിക്കലാണ് ഇത്തരം ശ്രമങ്ങള്‍.

ഷാജഹാന്‍ കിടങ്ങഴി