ഹജ്ജ്; ആവിഷ്‌കാരത്തിലെ വൈവിധ്യങ്ങള്‍

1583

‘1992 മെയ് മാസം സൗദി എയര്‍ലൈന്‍സ് ബോയിംഗ് 747 ഞങ്ങളെയും വഹിച്ച് പറന്നുയര്‍ന്നു. എനിക്ക് പരിചയമുണ്ടായിരുന്ന കിളിമൊഴികള്‍ക്കു പകരം വിമാനത്തിന്റെ ലൗഡ് സ്പീക്കര്‍ വിശുദ്ധ ഖുര്‍ആനിന്റെ മധുര ധ്വനികള്‍ മന്ത്രിച്ചു. ആകാശത്തിന്റെ വിരിമാറില്‍ ഞങ്ങളുടെ ആകാശപ്പറവ ലക്ഷ്യസ്ഥാനത്തേക്കു പറന്നു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു അനൗണ്‍സ്‌മെന്റ്, ഏതാനും നിമിഷങ്ങള്‍ക്കകം മക്കയുടെ മുകളില്‍ നാം എത്തുകയാണ് എല്ലാ വിശ്വാസികളും ഇഹ്‌റാം ചെയ്യാന്‍ തയ്യാറെടുക്കണം’.
ജര്‍മന്‍ നയതന്ത്രജ്ഞനും ബുദ്ധിജീവിയുമായ മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ തന്റെ ജേര്‍ണി ടു മക്ക എന്ന ഗ്രന്ഥത്തില്‍ കുറിച്ച വരികളാണിവ. വിവിധ രൂപങ്ങളിലും ഭാവങ്ങളിലും ആവിഷ്‌കരിക്കപ്പെട്ട ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ അവസാനത്തേതാണ് ഹജ്ജ്. ഹജ്ജ് കര്‍മത്തിലൂടെ നിര്‍വൃതിയടഞ്ഞ തീര്‍ഥാടകര്‍ തങ്ങളുടെ ആത്മാനുഭൂതികള്‍ മറ്റുള്ളവരെ അറിയിക്കാനും നോവും നനവും നിറഞ്ഞ യാത്രാനുഭവങ്ങള്‍ ഓര്‍ത്തുവക്കാനും വേണ്ടി എഴുതിത്തുടങ്ങിയതാണ് ഹജ്ജെഴുത്തുകള്‍. കാലക്രമേണ ഈ സംസ്‌കാരം വികസിക്കുകയും സഞ്ചാര സാഹിത്യത്തിലെ മുഖ്യ ഇനമായി പരിണമിക്കുകയും ചെയ്തു. അതിനുപുറമേ ഹജ്ജ് കര്‍മങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററികളും പുണ്യ നഗരിയെ ആവിഷ്‌കരിക്കുന്ന ചിത്രപ്പണികളും സജീവമായി.
പ്രവാചക പൂര്‍വ കാലത്തുതന്നെ കവിതകളില്‍ ഹജ്ജ് പ്രമേയമായി വരുന്നതു കാണാം. ഖൈസ്, നാബിഅ, ഉമര്‍ ബിന്‍ അബീ റബീഅ എന്നിവരുടെ കവിതകള്‍ അതിനുദാഹരണമാണ്. തന്റെ പ്രേയസിയെ വര്‍ണിക്കുന്ന വേളയില്‍ ഖൈസ് ഇപ്രകാരം പാടുന്നു :
‘ഇതല്‍ ഹുജ്ജാജു ലം യഖീഫൂ ബി ലൈല
ഫലസ്തു അറ ലിഹജ്ജീഹിം തമാമാ
തമാമുല്‍ ഹജ്ജീ അന്‍ തഖിഫല്‍ മഥായാ
അലാ ലൈലാ വ തുഖ്രിഹാ സലാമാ’
(ലൈലയുടെ സമീപത്ത് നില്‍ക്കാത്തവരുടെ ഹജ്ജ് പരിപൂര്‍ണമാണെന്ന് എനിക്ക് തോന്നുന്നില്ല, ലൈലയോട് ചേര്‍ന്നു നിന്ന് അവള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നവര്‍ ഹജ്ജ് പൂര്‍ത്തീകരിച്ചവരാണ്)
അബ്ബാസികളുടെ കാലത്താണ് ഹജ്ജ് യാത്രാനുഭവങ്ങളുടെ രൂപത്തില്‍ ഹജ്ജ് ആവിഷ്‌കരിക്കപ്പെട്ടു തുടങ്ങുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട ചിത്രപ്പണികളും അലങ്കാരപ്പണികളും ഈ കാലഘട്ടത്തില്‍ സജീവമായിരുന്നു. പിന്നീടുള്ള ഓരോ കാലഘട്ടത്തിലും ഹജ്ജെഴുത്തുകള്‍ സജീവമാകുകയും തീര്‍ഥാടന സാഹിത്യത്തിന് പുതിയ മാനങ്ങള്‍ കൈവരികയും ചെയ്തു. ഹജ്ജ് യാത്രാ സാഹിത്യത്തില്‍ പ്രസിദ്ധി നേടിയതും ദേശാന്തരങ്ങള്‍ക്കപ്പുറം വ്യാപിച്ചതും സ്‌പെയ്ന്‍, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ആഫ്രിക്ക, ഇറാന്‍, സഊദി അറേബ്യ, ഇന്ത്യ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ കുറിപ്പുകളായിരുന്നു. അവരില്‍ പണ്ഡിതര്‍, കവികള്‍, അടിമകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ലിംഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഉള്‍പ്പെട്ടിരുന്നു.
അമേരിക്കന്‍ പണ്ഡിതനും തൊണ്ണൂറുകളില്‍ ഹജ്ജ് യാത്രാ സാഹിത്യ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയുമായിരുന്നു ഹാജി മൈക്കല്‍ വൂള്‍ഫ് അബ്ദുല്‍ മജീദ്. 1945 ഒരു ജൂത ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ നാല്‍പതാം വയസ്സിലാണ് ഇസ്‌ലാം ആശ്ലേഷിച്ചത്. ഹജ്ജിന്റെ അസാധാരണമായ ആവേശം മനോഹരമായി വരച്ചിടുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥമാണ് ‘ദ ഹാജി ആന്‍ അമേരിക്കന്‍സ് പില്‍ഗ്രിമെയ്ജ് ടു മക്ക’. അദ്ദേഹം കുറിക്കുന്നു: ‘കഅ്ബയെ കാണുന്നത് അവാച്യമാണ്, സൂഫികള്‍ പറഞ്ഞതുപോലെ മനുഷ്യന്റെ ഹൃദയത്തെയാണോ അത് പ്രതിനിധീകരിക്കുന്നതെന്ന് ഞാന്‍ ശങ്കിച്ചു’.മക്ക സന്ദര്‍ശിച്ച പ്രശസ്തരായ വ്യക്തികളുടെ അനുഭവങ്ങള്‍ കോര്‍ത്തു വച്ച അദ്ദേഹത്തിന്റെ രചനയാണ് ‘വണ്‍ തൗസന്റ് റോഡ്‌സ് ടു മക്ക’. മക്കയിലേക്ക് അനേകം വഴികള്‍ എന്ന പേരില്‍ എ.കെ അബ്ദുല്‍ മജീദ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഖുറാസാന്‍ സ്വദേശിയും പ്രമുഖ സഞ്ചാരിയുമായിരുന്ന നാസിര്‍ ഖുസ്രോവിന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. കൊട്ടാരങ്ങളില്‍ ജോലി ചെയ്തിരുന്ന നാസിര്‍ ഭക്തനായിരുന്നു. ഒരുനാള്‍ ഉറക്കത്തില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ജ്ഞാനം ആര്‍ജ്ജിക്കാന്‍ കല്‍പിച്ചു. ജ്ഞാനം എവിടെയാണെന്നുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് മക്കയില്‍ എന്നായിരുന്നു മറുപടി. ദീര്‍ഘദൂര വഴിയാണ് അദ്ദേഹം സഞ്ചാരത്തിനായി തെരഞ്ഞെടുത്തത്. നാലുതവണ മക്ക സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ സഫര്‍ നാമ എന്ന സഞ്ചാരസാഹിത്യ ഗ്രന്ഥം പ്രശസ്തമാണ്.
ഗ്രാനഡ സ്വദേശിയായ അബുല്‍ ഹുസൈന്‍ ഇബ്‌നു ജുബൈര്‍ എഴുതിയ യാത്രാവിവരണം പ്രശസ്തമാണ്. ഹാജിമാര്‍ക്ക് ഒരു വഴികാട്ടിയായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു. ഹജ്ജ് യാത്രക്ക് തയ്യാറെടുക്കുന്ന ഓരോരുത്തരും വായിച്ചിരുന്ന പുസ്തകമായിരുന്നു അത്. കൈറോവില്‍ നിന്നാണ് മദീന വഴി മക്കയിലേക്ക് അദ്ദേഹം യാത്രചെയ്തത് ഹജ്ജ് കഴിഞ്ഞ് ബഗ്ദാദില്‍ പോയി സിസിലി വഴി സ്വദേശത്തേക്ക് മടങ്ങുകയും നാട്ടിലെത്തി നാലു വര്‍ഷം കഴിഞ്ഞ് യാത്രാ വിവരണം രചിക്കുകയും ചെയ്തു. ഒരു മാസത്തിന് ഒരു അധ്യായം എന്ന തോതില്‍ 27 അധ്യായങ്ങളാണ് യാത്രാവിവരണഗ്രന്ഥം ക്രമീകരിച്ചിരിക്കുന്നത്. ലോകപ്രശസ്ത സഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ രചനയാണ് മറ്റൊന്ന്. 28 വര്‍ഷം യാത്ര ചെയ്ത അദ്ദേഹം പല പ്രാവശ്യം ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് എത്തിയിട്ടുണ്ട്. 1353 ഫെസില്‍ താമസിക്കവേ അവിടുത്തെ രാജാവിന്റെ ആഗ്രഹപ്രകാരമാണ് ഇബ്‌നുബത്തൂത്ത തന്റെ യാത്രാനുഭവങ്ങള്‍ എഴുതിത്തുടങ്ങിയത്.
ആദ്യമായി മക്ക സന്ദര്‍ശിക്കുകയും മുസ്‌ലിംകളോടൊപ്പം ഹജ്ജ് നിര്‍വഹിക്കുകയും ചെയ്ത ഇംഗ്ലീഷുകാരനായ ക്രിസ്ത്യാനിയാണ് ജോസഫ് പിറ്റ്‌സ്. തന്റെ കൗമാരകാലത്തെ ഒരു കപ്പല്‍ യാത്രക്കിടെ ബര്‍ബറി കൊള്ളക്കാര്‍ അദ്ദേഹത്തെ ബന്ദിയാക്കുകയും അള്‍ജിയേഴ്‌സിലെ അടിമ ചന്തയില്‍ വില്‍ക്കുകയും ചെയ്തു. അടിമ ചന്തയില്‍ നിന്നും അദ്ദേഹത്തെ വാങ്ങിയ മൂന്നാമത്തെ യജമാനന്റെ കൂടെയാണ് അദ്ദേഹം മക്കയില്‍ എത്തുന്നത്. 1704 ലാണ് പിറ്റ്‌സ് തന്റെ ജീവിതാനുഭവങ്ങള്‍ എ ട്രൂ ആന്റ് ഫെയ്ത്ത്ഫുള്‍ അക്കൗണ്ട് ഓഫ് ദ റിലീജിയന്‍ ആന്റ് മാന്നേര്‍ സ് ഓഫ് മുഹമ്മദന്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. ഒരു അന്യമതസ്ഥനെ കൗതുകത്തോടെയും വിമര്‍ശനബുദ്ധിയോടെയുമാണ് അദ്ദേഹം ഹജ്ജിന്റെ ചടങ്ങുകള്‍ വിലയിരുത്തുന്നത്.
യൂറോപ്യന്‍ മുസ്‌ലിമായിരുന്ന ഡൊമിന്‍ഗോ ബാഡിയാ ലെയ്ബ്ലിഷ് എന്ന അലി ബെയ് അല്‍ അബ്ബാസിയുടെ സഞ്ചാര സാഹിത്യ ഗ്രന്ഥം 1814 ല്‍ ഫ്രഞ്ച് ഭാഷയില്‍ മൂന്നു വാല്യങ്ങളിലായി പുറത്തിറങ്ങി. 1816 ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും വെളിച്ചം കണ്ടു. മുസ്‌ലിം ലോകത്തേക്ക് യൂറോപ്പ് അയച്ച ചാരനായാണ് അദ്ദേഹത്തെ കണക്കാക്കപ്പെടുന്നത്. 1818 ല്‍ ഒരിക്കല്‍ കൂടി മക്കയിലേക്ക് പോകുന്ന വഴിയില്‍ സിറിയയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ പട്ടാള ക്യാപ്റ്റനും രഹസ്യ ഏജന്റുമായിരുന്ന സര്‍ റിച്ചാര്‍ഡ് ഫ്രാന്‍സിസ് ബര്‍ട്ടന്‍ രചിച്ച പേള്‍ സനല്‍ നരേറ്റീവ്‌സ് ഓഫ് എ പില്‍ഗ്രിമേജ് റ്റു അല്‍ മദീന ആന്റ് മക്ക ഏറെ ശ്രദ്ധേയമാണ്. പാശ്ചാത്യ ലോകത്ത് ഹജ്ജിനെക്കുറിച്ച് വിശദമായി എഴുതിയത് അദ്ദേഹമായിരുന്നു. മിര്‍സാ അബ്ദുല്ല ബു ശരി, ഹാജി അബ്ദുല്‍ യസ്ദി തുടങ്ങിയ കള്ളപ്പേരുകളിലാണ് അറബ് ലോകത്ത് ബര്‍ട്ടണ്‍ കയിക്കൂടിയത്. അറേബ്യയില്‍ പര്യവേക്ഷണം നടത്തുന്നതിനുള്ള തന്റെ പദ്ധതിക്ക് റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം നേടിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് ആദ്യമായി ഹജ്ജിനു പോയ പ്രവിശ്യ ഭരണാധികാരിയാണ് നവാബ് സിക്കന്തര്‍ ബീഗം. 1860 മുതല്‍ 1868 വരെ നവാബായിരുന്നു അവര്‍. 1863 പുറപ്പെട്ട യാത്രാസംഘം 1864 ജനുവരിയിലാണ് ജിദ്ദയില്‍ എത്തിയത്. വിക്ടോറിയാ രാജ്ഞിക്ക് സമര്‍പ്പിച്ചു കൊണ്ട് ബീഗം ഉറുദുവില്‍ എഴുതിയ യാത്രാവിവരണം 1870 ലാണ് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടത്.
വിനിഫ്രെഡ് സ്റ്റെഗാര്‍ എഴുതിയ യാത്രാ വിവരണ ഗ്രന്ഥമാണ് ആള്‍ വെയ്‌സ് ബെല്ല്‌സ് (അഹംമ്യ െആലഹഹ)െബീജിംഗില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത് അലിയോടു കൂടെയാണ് അവര്‍ മക്കയിലേക്ക് യാത്ര തിരിച്ചത്. ലോകത്തിന്റെ പകുതി ദൂരം നടത്തിയ സഞ്ചാരത്തിന്റെ കഥകള്‍ എണ്‍പതാമത്തെ വയസ്സിനു ശേഷമാണ് അവര്‍ കുറിച്ചുവച്ചത്.
ശില്‍പിയും കൈയെഴുത്ത് കലാകാരിയും ആയിരുന്ന സഈദാ മില്ലര്‍ ഖലീഫ രചിച്ച ഗ്രന്ഥമാണ് ദ പില്ലര്‍ ഓഫ് ഇസ്‌ലാം.1970 ല്‍ ഭര്‍ത്താവ് പ്രഫസര്‍ യുസ്രി ഖലീഫയോടൊത്താണ് അവര്‍ ഹജ്ജ് നിര്‍വഹിച്ചത്. 20 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി രൂപപ്പെടുത്തിയ അവരുടെ പുസ്തകം ഹജ്ജിനെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ സഹായകമാണ്. സഹ ഹാജിമാരെക്കുറിച്ചു പറയുമ്പോള്‍ അവരുടെ മതബോധം, രാജ്യം, സൗഹൃദം സ്ഥാപിക്കുന്നതിനുള്ള വൈഭവം എന്നിവ സഈദ ഖലീഫ നിരീക്ഷണ പാടവത്തോടെ പരാമര്‍ശിക്കുന്നുണ്ട്.
ഇസ്‌ലാം സ്വീകരിച്ച സ്‌കോട്ടിഷ് വനിത ലേഡി എവലിന്‍ മുര്‍റെ സൈനബ് കോബോര്‍ഡ് 1933 തന്റെ 66 മത്തെ വയസ്സില്‍ തനിച്ചാണ് ഹജ്ജിനു പുറപ്പെട്ടത്. യൂറോപ്യന്മാര്‍ മുമ്പ് മുസ്ലിംകളായി അഭിനയിച്ച് മക്കയിലും മദീനയിലും പോയി തീര്‍ഥാടനത്തില്‍ പങ്കെടുത്തതിനാല്‍ മക്കയില്‍ പ്രവേശിക്കാനുള്ള അനുവാദം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നതിനെ കുറിച്ച് അവര്‍ യാത്രാവിവരണത്തില്‍ പറയുന്നുണ്ട്. കാറിലായിരുന്നു അവരുടെ ഹജ്ജ് യാത്ര.
സിയാവുദ്ദീന്‍ സര്‍ദാര്‍ വരച്ചിടുന്ന പ്രൗഢ ഗ്രന്ഥമാണ് മക്ക: ദ സൈക്രിഡ് സിറ്റി. ഹങ്കറിയന്‍ എഴുത്തുകാരനായ അബ്ദുല്‍കരീം ജുര്‍മാനുസിന്റെ അള്ളാഹ് ദ ഗ്രേറ്റ്, മാല്‍ക്കം എക്‌സിന്റെ ജേര്‍ണി ഓഫ് മാല്‍ക്കം, മുറാദ് ഹോഫ്മാന്റെ ജേര്‍ണി ടു മക്ക, പ്രമുഖ സ്ത്രീപക്ഷ എഴുത്തുകാരി ആമിന വദൂദിന്റെ ഹജ്ജെഴുത്തുകള്‍ എന്നിവ ശ്രദ്ദേയമാണ്.
ഇവക്കു പുറമേ പ്രശസ്ത സാഹസിക സഞ്ചാരി ചാള്‍സോട്ടി (1843-1926) യുടെ അറേബ്യന്‍ മരുഭൂമിയിലെ പര്യടനങ്ങള്‍, മുഹമ്മദ് അസദിന്റെ ദ റോഡ് ടു മക്ക, ലുഡോവിക്കോ ഡി വാര്‍ത്തേമയുടെ യാത്രക്കുറിപ്പുകള്‍, ജോണ്‍ എഫ് കായാനയുടെ സിക്‌സ് മത്സ് ഇന്‍ മക്ക, ജോണ്‍ ലൂയീസ് ബര്‍ക്കാട്ടിന്റെ ദ ട്രാവല്‍സ് ഇന്‍ ദി ഹിജാസ് ഓഫ് അറേബ്യ, ഇറാനിയന്‍ ബിരുദധാരി മുഹമ്മദ് ഹുസൈന്‍ ഹര്‍ഫാനിയുടെ ദ പില്‍ഗ്രി മൈജ് ടു മക്ക, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഹാരി സെന്റ് ജോണ്‍ ഫില്‍ബിയുടെ ആന്‍ ഓട്ടോബയോഗ്രഫി ആന്റ് എ പില്‍ഗ്രിം ഇന്‍ അറേബ്യ, ഇറാനിയന്‍ നോവലിസ്റ്റ് ജലാല്‍ അലി അഹ്മദിന്റെ ലോസ്റ്റ് ഇന്‍ ദി ക്രൗഡ്, മക്ക സ്വദേശി ഹംസ ബുഖാരിയുടെ എ ഷെല്‍ട്ടേര്‍ഡ് ക്വാര്‍ട്ടര്‍ : എ ടൈല്‍ ഓഫ് ബോയ്ഹുഡ് ഇന്‍ മക്ക, റെസദ മില്ലറുടെ ദ ഫിഫ്ത്ത് പില്ലര്‍ ഓഫ് ഇസ്ലാം, എന്നീ രചനകളും തീര്‍ഥാടനത്താന്റെ കഥ പറയുന്നുണ്ട്.
അമുസ്‌ലിം സഞ്ചാരി ആര്‍തര്‍ ജെ.ബി പേവല്‍ രചിച്ച ഗ്രന്ഥമാണ് എ മോഡേണ്‍ പില്‍ഗ്രിം ഇന്‍ മക്ക. 25ാം വയസ്സില്‍ മക്കയിലെത്തിയ അദ്ദേഹം പടിഞ്ഞാറു നിന്ന് ഹജ്ജിനെക്കുറിച്ചെഴുതാന്‍ വേഷം മാറി വന്ന യാത്രികനാണ്. ഷാഹ് വലിയുല്ലാഹിയുടെ ശിഷ്യനായ റഫീഉദ്ദീന്‍ മൊറാദാബാദി, സഞ്ചാരിയും അവധിലെ റവന്യൂ ഓഫീസറുമായിരുന്ന മിര്‍സ അബൂത്വാലിബ്, ഭോപ്പാല്‍ നവാബ് സിദ്ദീഖ് ഹസന്‍ ഖാന്‍, അബ്ദുല്‍ മജീദ് ദര്‍യാബാദി ഗുലാം ഹുസൈന്‍, സി.എച്ച് മുഹമ്മദ് കോയ, കെ.ടി മാനു മുസ്‌ലിയാര്‍ എന്നിവര്‍ ഹജ്ജ് യാത്രാ സാഹിത്യത്തില്‍ ഇടം നേടിയ ഇന്ത്യക്കാരാണ്.

അറബ് സാഹിത്യവും ഹജ്ജെഴുത്തുകളും
നിരവധി അറബ് സാഹിത്യകാരന്മാര്‍ ഹജ്ജ് യാത്രാനുഭവങ്ങളെ മനോഹരമായി വിവരിച്ചിട്ടുണ്ട്. പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ഹസന്‍ സയ്യാത്തിന്റെ ഫീ അര്‍ളില്‍ ഹിജാസ് ഏറെ പ്രശസ്തമാണ്. രിസാല മാഗസനിലാണ് ആദ്യമായി ഇത് അച്ചടിച്ചുവന്നത്. 1936 ല്‍ മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ നടത്തിയ ഹജ്ജ് യാത്രയിലെ അനുഭവങ്ങളെ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് ഫീ മന്‍സിലില്‍ വഹ്യ്. ഇബ്‌റാഹീം മാസിനിയുടെ രിഹ്‌ലത്തുല്‍ ഹിജാസും മുഹമ്മദ് ശക്കീബ് അര്‍സലാന്‍ രചിച്ച അല്‍ ഇര്‍ത്തിസാമാത്തുല്ലിത്വാഫ് ഫീ ഖവാത്തിരില്‍ ഹാജ് ഇലാ അഖ്ദസില്‍ മഥാഫ്, ശൈഖ് അലി ത്വന്‍ ത്വാവിയുടെ ഇലാ അര്‍ളിന്നുബുവ്വ, ലിവാ ഇബ്‌റാഹീം രിഫ്അത്തിന്റെ മിര്‍ ആത്തുല്‍ ഹറമൈന്‍, മുഹമ്മദ് അമീന്‍ശന്‍ ഖീത്തിയുടെ രിഹ്‌ലത്തുല്‍ ഹജ്ജ്, മുസ്തഫ മഹ്മൂദിന്റെ അത്വരീഖത്തു ഇലല്‍ കഅബ, ബിന്‍ത്തുശ്ശാത്വിഇന്റെ അര്‍ളുല്‍ മുഅ്ജിസാത്ത്, അബ്ദു റഹ്മാന്‍ കവാക്കി ബിയുടെ ഉമ്മുല്‍ ഖുറാ എന്നീ ഗ്രന്ഥങ്ങള്‍ ഈ മേഖലയില്‍ രചിക്കപ്പെട്ടവയാണ്.
ഈജിപ്ഷ്യന്‍ സുല്‍ത്താനായിരുന്ന അബ്ബാസ് ഹുലുമി ഖുദൈവി 1909 ല്‍ നടത്തിയ ഹജ്ജ് യാത്ര വിവരിക്കുന്ന ഗ്രന്ഥമാണ് അരിഹ്ലത്തുല്‍ ഹിജാസിയ്യ, തന്റെ സഹയാത്രികനും പ്രമുഖ സാഹിത്യകാരനുമായ മുഹമ്മദ് ലബീബ് അല്‍ബത്‌നൂനിയാണ് രചയിതാവ്. അറബി കവി മുഹമ്മദ് അഹ്മദ് സുവൈദിയുടെ ഹജ്ജ് പ്രമേയമാകുന്ന കവിതയാണ് ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.
പ്രഗത്ഭരായ വ്യക്തികളുടെ ഹജ്ജെഴുത്തുകള്‍ സമാഹരിക്കാനുള്ള ഉദ്യമങ്ങളും ഉണ്ടായിട്ടുണ്ട്. ത്വാഹാ ഹുസൈന്‍, അബ്ദു റഹ്മാന്‍ കവാക്കിബി, ഹുസൈന്‍ ഹൈക്കല്‍, മാസിനി, അബ്ദുല്‍ ഹലീം മഹ്മൂദ്, ബിന്‍ത്തു ശാത്വി, മുറാദ് ഹോഫ്മാന്‍ എന്നിവരുടെ യാത്രാവിവരണങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥമാണ് മുഹമ്മദ് അബ്ദുശ്ശാഫിയുടെ രിഹ്‌ലത്തുല്‍ അഅ്‌ലാം ഇലാ ബലദില്ലാഹില്‍ ഹറാം, അല്ലാമാ ഹംദ് ജാസിറിന്റെ അശ്ഹറു രിഹ്ലാത്തില്‍ ഹജ്ജ്, അഹമ്മദ് മുഹമ്മദ് മഹ്മൂദിന്റെ രിഹ്‌ലാത്തുല്‍ ഹജ്ജ് എന്നീ ഗ്രന്ഥങ്ങള്‍ ഈ മേഖലയില്‍ രചിക്കപ്പെട്ടവയാണ്.
ഹജ്ജിനെ ദൃശ്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് ജേര്‍ണി ടു മക്ക എന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി. എസ്.കെ ഫിലിംസും നാഷണല്‍ ജിയോഗ്രഫി ചേര്‍ന്ന് നിര്‍മിച്ച ഈ ഡോക്കുമെന്ററിയുടെ പ്രമേയം സാഹസികമായി ഇബ്‌നു ബത്തൂത്ത നടത്തിയ ഹജ്ജ് യാത്രയാണ്. ഇബ്‌നു ഫൈസല്‍ അല്‍ സൗഊദ് ഫൈസലിന്റെ ഔദ്യോഗിക സന്ദേശത്തോടെ തുടങ്ങുന്ന ചിത്രം ഡാരന്‍ ഡാവിസ് എന്ന ആംഗ്ലോ-അമേരിക്കന്‍ ആക്ടിവിസ്റ്റാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇസ്‌ലാമിന്റെ ചരിത്രവും വര്‍ത്തമാനവും ക്യാമറയില്‍ പകര്‍ത്തി സത്യസന്ധമായി കാലത്തോട് സംവേദനം നടത്തുന്ന അപൂര്‍വം ചില സംവിധായകരില്‍ ഒരാളാണ് ഡാരന്‍ ഡാവിസ്.
ഹജ്ജിന്റെ ചരിത്രവും ദൗത്യവും സര്‍ഗാത്മകമായി അവതരിപ്പിക്കുന്ന മറ്റൊരു ഡോക്യുമെന്ററിയാണ് നാഷണല്‍ ജിയോഗ്രഫി പുറത്തിറക്കിയ ഇന്‍സൈഡ് മക്ക. അനീസ് മെഹദി നിര്‍മിച്ച് സംവിധാനം ചെയ്ത ചിത്രം വളരെ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയാണ് പിന്തുടരുന്നത്. അടുത്തിടെ ഇസ്ലാമാശ്ലേഷിച്ച അമേരിക്കയിലെ ന്യൂജേഴ്‌സി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഡെല്ല, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഖലീല്‍, മലേഷ്യയില്‍ നിന്നുള്ള അധ്യാപകന്‍ ഇസ്മായില്‍ എന്നീ മൂന്ന് പേരുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെയുടെ പ്രമേയം.
ഒരു പിതാവും പുത്രനും കാറില്‍ ഹജ്ജിന് പുറപ്പെടുന്നതും പിന്നീട് ഉണ്ടായിത്തീരുന്ന പ്രതിസന്ധികളുടെയും സംഘര്‍ഷങ്ങളുടെ കഥയാണ് ലെ ഗ്രാന്‍ന്റ് വൊയേജ് എന്ന ഫ്രഞ്ച് ഡോക്യുമെന്ററി. പ്രമുഖ സംവിധായകന്‍ ഇസ്മായില്‍ ഫാറൂഖി തയ്യാറാക്കിയ ഈ ചിത്രം ടൊറന്റോയിലെയും വെനീസിലെയും അന്താരാഷ്ട്ര ചലചിത്രോത്സവങ്ങളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട എട്ടോളം സ്ഥലങ്ങളെ ചിത്രരൂപത്തില്‍ ആവിഷ്‌കരിച്ച ഫ്രഞ്ച് ആര്‍ട്ടിസ്റ്റാണ് നാസറുദ്ദീന്‍ ദീനറ്റ്. 1928 പൂര്‍ത്തിയാക്കിയ ഈ ഉദ്യമം പാശ്ചാത്യലോകത്ത് വലിയ ശ്രദ്ധനേടിയിരുന്നു. മറ്റൊരു ഫ്രഞ്ച് ചിത്രകാരന്‍ ഖാദിര്‍ അതിയ്യ കഅ്ബയില്‍ ആകൃഷ്ടനായികൊണ്ടാണ് ബ്ലാക്ക് ക്യൂബ് എന്ന ശില്‍പം രൂപപ്പെടുത്തിയത്. സൗദി ആര്‍ട്ടിസ്റ്റ് അഹ്മദ് മാതര്‍ തയ്യാറാക്കിയ ‘മാഗ്‌നെറ്റിക് ‘ ഏറെ ശ്രദ്ധേയമാണ്. ത്വവാഫിന്റെ ഇന്‍സ്റ്റല്ലഡ് രൂപമാണ് മാഗ്‌നെറ്റിസം.
ചുരുക്കത്തില്‍ ഹജ്ജനുഭവങ്ങളുടെ പേരും പെരുമയും അവസാനിക്കുന്നില്ല. വൈവിധ്യപൂര്‍ണവും ഉദ്യേഗ ജനകവുമായ അനുഭൂതികള്‍ സമ്മാനിച്ച് ഒഴുകി പരക്കുകയാണ് ഓരോ ആവിഷ്‌കാരങ്ങളും


അവലംബം:
മക്കയിലേക്ക് അനേകം വഴികള്‍
തെളിച്ചം 2012 നവംബര്‍ ലക്കം
അല്‍ ഹജ്ജു ഫീ അദബി രിഹ്ലാത്ത്
ഹജ്ജെഴുത്തിന്റെ സ്പന്ദനങ്ങള്‍
രിസാല

ശുഐബ് ഹുദവി പുത്തൂര്‍