ഹിജാസീ റെയില്‍വേ; വിസ്മയത്തിന്റെ നിര്‍മാണ ചാരുത

1422
HAYDARPASA GARI'NDA HICAZ DEMIRYOLU'NUN 100. INSA YILI NEDENIYLE ACILAN FOTOGRAF SERGISI

ചരിത്രം ഒരു പാഠപുസ്തകമാണ്. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തെ അപരാധങ്ങളും വിജയങ്ങളും അനിര്‍വചനീയമായ പങ്ക് വഹിക്കുന്നതിനാല്‍, ചരിത്രം പഠിക്കേണ്ടത്, വിശിഷ്യ, സ്വന്തം വേരുകളന്വേഷിച്ചിറങ്ങുന്നത്
ഗൗരവത്തിലെടുക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക
ചരിത്രത്തെ മന:പൂര്‍വം വിസ്മൃതിയിലാഴ്ത്തുന്ന
ദുഷ് പ്രവണത, ഒറിയന്റലിസ്റ്റുകളും അക്കാദമിക്കുകളും അടക്കിവാഴുന്ന സോഷ്യല്‍ മീഡിയയിലെ ചരിത്ര വക്രീകരണത്തിന്റെ വ്യാപക നുണപ്രചാരത്തെ അമിതമായി ആശ്രയിക്കാന്‍ പഠിതാക്കളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. (സ്വവര്‍ഗരതിയെ ഉസ്മാനി ഭരണകൂടം പരസ്യപിന്തുണ നല്‍കിയിരുന്നുവെന്ന അവകാശ വാദം ഇതിലൊന്നു മാത്രം). കേവലം, വിശ്വാസയോഗ്യമായ ജ്ഞാനസ്രോതസ്സുകളും, സത്യസന്ധരായ അക്കാദമിക്കുകളെയും അവലംബിക്കുക വഴി പുതിയകാല എതിര്‍പ്പുകളെ യുക്തിയോടെ നേരിടാന്‍ നാം പ്രാപ്തരാകുമെന്ന് നിസ്സംശയം പറയാം.
ഉസ്മാനീ സാമ്രാജ്യത്തിന്റെ പ്രൗഢഗംഭീരമായ ഹിജാസ് റെയില്‍വേ പദ്ധതിയെ ചരിത്രം എത്രപ്പെട്ടന്നാണ് നിഷ്ഠൂര വധം നടത്തിയത്!. വിദൂര പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ച റെയില്‍വേയുടെ വിധ്വംസക പ്രവര്‍ത്തിയിലേര്‍പ്പെട്ട ബ്രിട്ടീഷ് ലഫ്റ്റനന്റ് ടി.ഇ ലോറന്‍സിനെ പരാമര്‍ശിക്കുമ്പോള്‍ മാത്രമാണ്, വല്ലപ്പോഴെങ്കിലും ഈ ചരിത്രനേട്ടം സ്മരിക്കപ്പെടാറുള്ളത്. ഇസ്താംബൂളില്‍ നിന്നാരംഭിച്ച് ഡമസ്‌കസ്, ജറുസലേം, മദീന തുടങ്ങിയ ചരിത്ര നഗരങ്ങള്‍ താണ്ടി യമനിലെ സനാഇല്‍ ചെന്നാവസാനിക്കുന്ന ട്രെയിന്‍ യാത്ര എത്ര മനോഹരമായിരിക്കുമെന്നൊന്ന് ഭാവിച്ചുനോക്കൂ. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സജ്ജീകരിക്കപ്പെട്ട കമ്പാര്‍ട്ട്മെന്റുകളും നമസ്‌കാരത്തിനായി മാത്രം തയ്യാറാക്കപ്പെട്ട സ്ഫടിക നിര്‍മിത ബോഗികളുമടങ്ങിയ ട്രെയിന്‍!. ഏകീകൃത സമയ ക്രമാനുഗമം, ശാന്താന്തരീക്ഷത്തില്‍ നിര്‍മിതമായ പള്ളിയുള്‍പ്പെടുന്ന അന്തരീക്ഷം എത്രമാത്രം ഭക്തി നിര്‍ഭരമായിരിക്കും. സാധാരണ ഗതിയില്‍ നാല്‍പ്പത് ദിവസങ്ങളുടെ ദൈര്‍ഘ്യതയില്‍ പൂര്‍ണതയിലെത്തിയിരുന്ന ഹജ്ജ് യാത്ര, സുരക്ഷിതത്വം നിറഞ്ഞ രണ്ട് ദിവസങ്ങളിലായി ചുരുങ്ങുന്ന സ്വപ്ന നേട്ടം ഹിജാസ് റെയില്‍വേ പദ്ധതി മുഖേന സാക്ഷാത്കരിക്കപ്പെടുമായിരുന്നു. യാത്രാമധ്യേ രോഗ ശയ്യയിലാകുന്ന രോഗികള്‍ക്കൊരു കൈത്താങ്ങാകാനെന്നോണം നിശ്ചിതയിടങ്ങളില്‍ ആതുരാലയങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന മനം മയക്കുന്ന കാഴ്ചകളാല്‍ നിബിഢമായ പാതയോരങ്ങള്‍. യാത്രാ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്ത പക്ഷം നിശ്ചിത ക്വാട്ട പ്രകാരമുള്ള സൗജന്യ യാത്രയും പദ്ധതിയുടെ ഭാഗമായിരുന്നു.
വിശേഷണങ്ങളെണ്ണിപ്പറയുമ്പോള്‍, പേക്കിനാവായി തോന്നുമെങ്കിലും ദീര്‍ഘവീക്ഷണവും അത്യുജ്വല നേതൃപാടവും സമ്മേളിച്ച അതുല്യ വ്യക്തി പ്രഭാവത്തിനുടമയായിരുന്ന സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ പ്രായോഗികവത്കരിക്കപ്പെടേണ്ടിയിരുന്ന പദ്ധതികളായിരുന്നു ഇവയത്രയും. വളരെ തുച്ഛമായ സാമ്പത്തിക ലാഭം മാത്രമേ നേടാനാകൂ എന്ന വസ്തുത ഉള്‍ക്കൊണ്ടിട്ടും തീവ്ര ദേശീയതയില്‍ അന്ധത ബാധിച്ച ഒരു സമൂഹത്തിന് ഇസ്ലാമിന്റെ അത്യുല്‍കൃഷ്ട ആശയങ്ങള്‍ ഐക്യം പുലരാന്‍ നിദാനമാകട്ടെ എന്ന സ്വപ്നമായിരുന്നു ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ പ്രേരകമായത്. (ആവിശ്യ വേളകളില്‍ അറബ് പ്രദേശങ്ങളില്‍ സൈനിക സഹായം നല്‍കുന്നതും ഇതിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായിരുന്നു). തുടക്ക കാലത്ത് ഹമീദിയ്യ ഹിജാസ് റെയില്‍വേ എന്ന് നാമീകരിക്കപ്പെട്ടെങ്കിലും 1909-ല്‍ രാഷ്ട്രാധികാരം കൈയ്യടക്കിയ യുവതുര്‍ക്കികള്‍ ഹിജാസ് റെയില്‍വേ എന്ന് പുന: ര്‍നാമകരണം നടത്തുകയുണ്ടായി.
രാഷ്ട്രീയ, ആചാരാനുഷ്ഠാന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അതിബൃഹത്തായ ജീവിത മാര്‍ഗമാണ് ഇസ്ലാമെന്ന പ്രാപഞ്ചിക സത്യം എതിര്‍ക്കുക അസാധ്യമാണ്. ഭരണ മാതൃക, വിദ്യഭ്യാസം തുടങ്ങി ജീവിതത്തന്റെ സര്‍വ മേഖലകളിലും കൃത്യമായ കാഴ്ചപ്പാട് ഇസ്ലാം വെച്ചുപുലര്‍ത്തുന്നുണ്ട്. മനുഷ്യ സഹജമായി ഉണ്ടാകണമെന്ന് ഇസ്ലാം നിര്‍ബന്ധ ബുദ്ധിയാല്‍ നിഷ്‌കര്‍ഷിക്കുന്ന ഐക്യദൃഢീകരണ യജ്ഞത്തിനായി പല രാജ്യങ്ങളും ബില്യണുകള്‍ ചെലവഴിക്കുന്നുണ്ടെന്ന വസ്തുത കൂടി ഇവിടെ ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. കാല്‍ നൂറ്റാണ്ടു കാലം ഖിലാഫത്ത് ശിഥിലമാകാതെ ഭരണ സുതാര്യതക്കായി ഈ പദ്ധതി എത്രമേല്‍ അതിപ്രധാനമാണെന്ന് കൃത്യമായി മനസ്സിലാക്കിയ വിവേകശാലിയും ജ്ഞാനിയുമായിരുന്നു സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍. ഹിജാസ് റെയില്‍വേ പദ്ധതിയെ പരാമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ചരിത്ര പ്രസിദ്ധമാണ്. ”വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഡമസ്‌കസ്-മക്കാ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍വേ നിര്‍മാണം പൂര്‍ത്തീകരിക്കാനായാല്‍ കലാപ സാഹചര്യങ്ങളില്‍ സൈനിക വിന്യാസം എളുപ്പമാകുമെന്ന് തീര്‍ച്ച”. ബ്രിട്ടീഷ് കുതന്ത്രങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ മുസ്ലിം സമൂഹത്തെ ശാക്തീകരിക്കുകയെന്നതായിരുന്നു പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.


നിര്‍മാണ പശ്ചാത്തലം
ഉസ്മാനീ സാമ്രാജ്യത്തിന്റെ സംഘടിത പരിശ്രമത്തിന്റെ ഉദാത്ത മാതൃകയാണ് ഹിജാസ് റെയില്‍വേ. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 1891-ല്‍ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും 1900-ലാണ് നിര്‍മാണം ആരംഭിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും ക്ഷയിച്ച് തുടങ്ങിയ അവസരത്തില്‍ ഭീമന്‍ തുക ആവിശ്യമായി വരുന്ന പദ്ധതിയുമായി മുന്നോട്ടുവന്ന ഉസ്മാനീ സാമ്രാജ്യത്തിന്റെ നയനിലപാട് ആഗോള തലത്തില്‍ വിമര്‍ശനമേറ്റുവാങ്ങുകയുണ്ടായി. മറ്റു പല പ്രതിസന്ധികള്‍ക്കുമിടെയില്‍ ആദ്യകാല രാജാക്കന്മാര്‍ വരുത്തിവെച്ച കടം തിരിച്ചടക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച സര്‍ക്കാരിന്റെ പല ഭാഗങ്ങളും റഷ്യക്ക് അധീനതപ്പെട്ടിരുന്നു.
പരിപൂര്‍ണമായും ഉസ്മാനീ വിഭവങ്ങള്‍ ഉപയോഗിക്കാനായിരുന്നു സുല്‍ത്താന്റെ താത്പര്യമെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല. പകരം, എന്‍ജിനുകള്‍ക്കും റെയില്‍വേ ട്രാക്കുകള്‍ക്കുമാവശ്യമായി വന്ന റോ മെറ്റിരീയല്‍സിനായി ഭരണകൂടത്തിന് ജര്‍മനിയെ ആശ്രയിക്കേണ്ടി വന്നു. കച്ചവടവും നിര്‍മാണ വിദ്യയും കരസ്ഥമാക്കാനായി വിദ്യാര്‍ഥികളെ ജര്‍മനിയിലേക്ക് അയച്ചിരുന്ന സമ്പ്രദായം പാതിവഴിയില്‍ ഉപേക്ഷിക്കുകയുണ്ടായി. തകരാറു സംഭവിച്ച ജര്‍മന്‍ നിര്‍മിത എന്‍ജിനുകള്‍ ഹിജാസ് മരുഭൂമിയിലെ മ്യൂസിയത്തില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ആഗോള മുസ്ലിംകളുടെ സംഘടിത ശ്രമഫലമാണ് ഹിജാസ് റെയില്‍വേ. ഉസ്മാനീ സാമ്രാജ്യത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍ നിന്നായിരുന്നു ആകെത്തുകയുടെ മൂന്നിലൊന്നും ശേഖരിക്കപ്പെട്ടത്. ഈ റെയില്‍ പാതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മുസ്ലിംകള്‍ ഉദാരമായി സംഭാവന ചെയ്തു തുടങ്ങി. ലാഹോര്‍ ആസ്ഥാനമായി പുറത്തിറങ്ങിയ അല്‍ വത്വന്‍ പത്രാധിപനായിരുന്ന ഇന്‍ഷാഉള്ളയുടെ നേതൃത്വത്തില്‍ ലാഹോറിലും മുംബൈയിലുമായി സംഭാവനകള്‍ക്കായുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കപ്പെട്ടു. ഹൈദരാബാദ് ആസ്ഥാനമായി നിലകൊള്ളുന്ന ഇന്ത്യയിലെ നൂറ്റിയമ്പതിലേറെ വരുന്ന സംഭാവന സംഘടനകളിലേക്ക് അദ്ദേഹം തന്റെ പത്രം മുഖാന്തരം സഹായ അഭ്യര്‍ഥനകള്‍ അയച്ചു. നിശ്ചിത തുകയേക്കാള്‍ അധികമായി സംഭാവന ചെയ്തവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കപ്പെട്ടിരുന്നത്രേ.
1908-ലാണ് റെയില്‍ പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1915-വരെ തുടര്‍ന്ന അറ്റക്കുറ്റപ്പണികള്‍ക്കൊടുവില്‍ ഒന്നാം ലോക മഹായുദ്ധ വേളയില്‍ മദീന സംരക്ഷിക്കുന്നതില്‍ കേന്ദ്ര സ്ഥാനമായി പ്രവര്‍ത്തിക്കുകയുണ്ടായി. 1464-കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള റെയില്‍ പാത നിര്‍മാണം പല ചെറു നഗരങ്ങള്‍ക്കും മാറ്റത്തിന്റെ പ്രതീകമായിരുന്നു. സാധാരണ ജനങ്ങളെ ചൂഷണം ചെയ്യാതെ അവര്‍ക്ക് പ്രതീക്ഷാകിരണങ്ങള്‍ സമ്മാനിച്ച ഏക റെയില്‍ പാത ഒരുപക്ഷേ, ഹിജാസ് റെയില്‍വേ ആയിരിക്കും. നാല്‍പത് ദിവസത്തോളം നീണ്ടുനിന്ന ഒട്ടക യാത്ര 54 മണിക്കൂറായി ചുരുങ്ങി. ബ്രിട്ടീഷ്, ഫ്രഞ്ച്, ഹിജാസിലെ അറബ് മുസ്ലിംകള്‍ തുടങ്ങിയവരില്‍ നിന്ന് നിരന്തരം തടസ്സം നേരിട്ടിരുന്നു. നിര്‍മാണ മേഖലയില്‍ കഴിവുറ്റ തൊഴിലാളികളെ കണ്ടെത്തുന്നതിന് പുറമേ അധികാരികള്‍ നേരിട്ട മറ്റുചില പ്രതിസന്ധികള്‍ കൂടി ചുവടെ കൊടുത്തിരിക്കുന്നു.


അറേബ്യയിലെ മുസ്ലിംകള്‍
റെയില്‍ നിര്‍മാണം തങ്ങള്‍ക്കാപത്താണെന്ന് തെറ്റിദ്ധരിച്ച ചില അറബികള്‍ തടസ്സം സൃഷ്ടിച്ച് തുടങ്ങി. കൊള്ള സംഘങ്ങളില്‍ നിന്നും യാത്രാക്കൂട്ടങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തിയായിരുന്നു പല അറബികളും വരുമാനം കണ്ടെത്തിയിരുന്നത്. റെയില്‍വേ യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശവാസികളുടെ സംരംക്ഷണം ആവിശ്യമായി വരില്ലെന്ന് തിരിച്ചറിഞ്ഞതോടെ പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പ്രക്ഷോഭകാരികള്‍ റെയില്‍വേയുടെ വിവിധ ഭാഗങ്ങള്‍ നശിപ്പിച്ച് തുടങ്ങിയതോടെ ഉസ്മാനികള്‍ക്ക് സുരക്ഷക്രമീകരണങ്ങള്‍ ഇരട്ടിയാക്കേണ്ടി വന്നു. നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. സ്വപ്നസാക്ഷാത്കാരം നടക്കാതെ പോയതോടെ റെയില്‍വേ നിര്‍മാണത്തിനായി ഉദാരമായി സംഭാവന ചെയ്ത ഇന്ത്യന്‍ മുസ്ലിംകളെ നിരാശരാക്കി.


അഖബാ പ്രവിശ്യയിലെ ബ്രിട്ടീഷ് ഇടപെടല്‍
റെയില്‍വേ നിര്‍മാണവേളയില്‍ സൂയസ് കനാല്‍, ഈജിപ് ത്ത്, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുടെ നിയന്ത്രണം ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായിരുന്നു. ഹിജാസ് റെയില്‍വേ പദ്ധതിയുടെ ഭാഗമായി മദീനയിലേക്കുള്ള ചരക്കു ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യേന അഖബ മുതല്‍ ചെങ്കടല്‍ വരെയുള്ള പ്രദേശങ്ങള്‍ പദ്ധതിയുടെ ഭാഗമാക്കാനുള്ള കരാര്‍ നടപ്പില്‍ വന്നു. വൈകാതെ തന്നെ സുരക്ഷാക്രമീകരണത്തിനായി നിരവധി ഉസ്മാനീ സേനാംഗങ്ങള്‍ പ്രസ്തുത സ്ഥലങ്ങളില്‍ വിന്യസിക്കപ്പെട്ടു. ഇതോടെ തങ്ങളുടെ അധികാര കേന്ദ്രങ്ങളായ സൂയസ് കനാലും ഈജിപ് ത്തും നഷ്ടപ്പെടുമോയെന്ന ഭയം ബ്രിട്ടനെ പിടികൂടി. കേവലം പന്ത്രണ്ട് കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ ഇരു സേനകളും സ്ഥാനമുറപ്പിച്ചു. കലാപ സാഹചര്യം ഏതുവിധേനയും ഒഴിവാക്കാനായി അബ്ദുല്‍ ഹമീദ് രണ്ടാമന്‍ സൈന്യത്തെ തിരിച്ച് വിളിച്ചു.


ദമസ്‌കസില്‍ തീര്‍ത്ത ഫ്രഞ്ച് പ്രതിരോധം
ഹിജാസ് റെയില്‍വേ വികസനമാരംഭിക്കുന്നതിനു മുമ്പ് സിറിയന്‍ മേഖലയില്‍ ഫ്രഞ്ച് സേന തങ്ങളുടെ റെയില്‍വേ നിര്‍മാണം ആരംഭിച്ചിരുന്നു. ദമസ്‌കസ് മുതല്‍ മുസൈരിബ് വരെയുള്ള ഫ്രഞ്ച് പാതക്ക് സമാന്തരമായിട്ടായിരുന്നു ഹിജാസ് റെയില്‍വേയുടെയും നിര്‍മാണം. ഒടുവില്‍ അതേ ഭാഗത്ത് മറ്റൊരു പദ്ധതി അനാവിശ്യമാണെന്ന് ഫ്രഞ്ച് അധികാരികള്‍ ശഠിക്കുന്നത് വരെ എത്തി നിന്നു കാര്യങ്ങള്‍. 1905-വരെ നീണ്ടുനിന്ന നയതന്ത്ര പോര്‍വിളി ഉസ്മാനികള്‍ ഭീമമായ സംഖ്യ നഷ്ടപരിഹാരമായി നല്‍കിയപ്പോള്‍ മാത്രമാണ് പരിഹരിക്കപ്പെട്ടത്.
ഹിജാസ് റെയില്‍വേയുടെ നിര്‍മാണ ജടിലതയും സ്വാധീനവും മുസ്ലിം ലോകത്തിന്റെ അതി മഹത്തായ നേട്ടങ്ങളിലൊന്നായി എണ്ണപ്പെടുന്നു. മദീനയുടെ പ്രാന്ത പ്രദേശങ്ങളില്‍ നൂറ്റാണ്ടുകളുടെ ചരിതമുറങ്ങുന്ന ഹിജാസ് റെയില്‍വേയുടെ ബാക്കിപത്രങ്ങള്‍ ഇന്നും കാണാം. മദീന മ്യൂസിയമായി മാറിയ ഹിജാസ് റെയില്‍വേ സ്റ്റേഷനും റസ്റ്ററന്റുകളായി രൂപാന്തരം പ്രാപിച്ച ബോഗികളും ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ജോര്‍ദാനിലും സിറിയയിലും ഇന്നും റെയില്‍വേകള്‍ ഉപയോഗിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വാരാന്ത്യങ്ങളില്‍ കേവലം ആഘോഷങ്ങളുടെ പ്രതീകമായി ട്രെയിനുകള്‍ ഉപയോഗിക്കപ്പെട്ടു. ഒരു നൂറ്റാണ്ടു കാലത്തിനിപ്പുറവും ഹിജാസ് റെയില്‍വേ ഇന്നും നല്ല ഓര്‍മയായി തുടരുന്നു.

വിവ: ആമിര്‍ ഷെഫിന്‍