ഓരോ പ്രദേശങ്ങളിലേക്കും ഓരോ കാലങ്ങളിലേക്കും ഒറ്റക്കോ കൂട്ടമായോ പ്രവാചകരെ നിശ്ചയിക്കുക എന്നതാണ് അല്ലാഹുവിന്റെ പൊതുരീതി. അങ്ങനെ ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നും തുടങ്ങി പടിപടിയായി വളര്‍ന്ന് മനുഷ്യവംശം അതിന്റെ പൂര്‍ണത കൈവരിച്ച ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് നബിയെ അല്ലാഹു അന്ത്യപ്രവാചകനാക്കി. എല്ലാ ദേശത്തേക്കും കാലത്തേക്കും എല്ലാ വിഭാഗം മനുഷ്യരിലേക്കും ഭൂതവര്‍ഗത്തിലേക്കുമായി തന്റെ ദിവ്യസന്ദേശാവതരണം പൂര്‍ത്തിയാക്കി. ആ സമഗ്ര സന്ദേശത്തിന്റെ പേരായി ഇസ്ലാം എന്ന പദത്തെ നിശ്ചയിച്ചു. ഇസ്ലാമിക സന്ദേശപൂര്‍ത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അന്ത്യദൂതരുടെ വിടവാങ്ങള്‍ പ്രസംഗത്തിനു തൊട്ടുമുമ്പ് അറഫാ മൈതാനിയില്‍ തന്നെ അല്ലാഹു നിര്‍വഹിച്ചത് സൂറത്തു മാഇദയില്‍ കാണാം(1). വികാസം പൂര്‍ണമായാല്‍ പിന്നെ പതനം ആരംഭിക്കും. ഈ ആശങ്കയാണ് ഉപരിസൂചിത ഖുര്‍ആന്‍ വചനാവതരണത്തില്‍ കൂട്ടാളികളൊക്കെ സന്തോഷിച്ചപ്പോഴും പൊട്ടിക്കരയാന്‍ ഉമര്‍(റ)വിനെ പ്രേരിപ്പിച്ചത്. ഇസ്ലാം പൂര്‍ണമായി എന്നതിനര്‍ഥം ഇനിയുള്ളത് ശോഷണമാണ് എന്ന ചിന്തയായിരുന്നല്ലോ മഹാനരുടെ കഥന കാരണം(2).
2000 ത്തില്‍ ചരിത്രത്തിന്റെ അന്ത്യം സംഭവിച്ചുവെന്ന ഫ്രാന്‍സിസ് ഫുഖ്യാമയുടെ അഭിപ്രായത്തെ (3)മാനിക്കാമെങ്കില്‍ 1400 ല്‍ മനുഷ്യവംശത്തിന്റെ സാംസ്‌കാരിക വികാസവും പൂര്‍ത്തിയായെന്നും പ്രയാസരഹിതമായി ഉള്‍കൊള്ളാം. പരിണാമ ശാസ്ത്രത്തെക്കുറിച്ചും നരവംശ ശാസ്ത്രത്തെക്കുറിച്ചും പ്രാഥമിക ധാരണയുള്ളവര്‍ക്ക് ഇക്കാര്യം എളുപ്പം ഗ്രഹിക്കാവുന്നതാണ്. എന്തുകൊണ്ട് ഹിമപ്രദേശത്തെ മനുഷ്യരുടെ ത്വക്കിന്റെ കട്ടിയും രോമവളര്‍ച്ചയും വര്‍ധിക്കുന്നില്ല എന്ന ചോദ്യത്തെ പരിണാമശാസ്ത്രജ്ഞര്‍ നേരിടുന്നത് കേട്ടിട്ടില്ലേ. മനുഷ്യന്‍ അവന്റെ ബുദ്ധി ഉപയോഗിച്ച് പരിണാമത്തെ ചെറുക്കുകയാണത്രെ. കട്ടിയുള്ള വസ്ത്രം ധരിച്ചും ഹീറ്റര്‍ നിര്‍മിച്ചും പ്രകൃതി നിര്‍ദ്ധാരണത്തെ തടയുകയാണത്രെ. ഇനി കാര്യമായ ജീവശാസ്ത്ര പരിണാമങ്ങള്‍ക്ക് സാധ്യതയില്ലത്രെ. റോബോര്‍ട്ടുകള്‍ മനുഷ്യ വര്‍ഗത്തെ ആദേശം ചെയ്തേക്കുമെന്ന ആശങ്ക യുവല്‍ ഹരാരി പോലും പങ്കുവക്കുന്നുണ്ട് (4).
ഏതാകട്ടെ, മനുഷ്യ,ഭൂതവര്‍ഗങ്ങളിലേക്കാകമാനമായി അല്ലാഹു അവതരിപ്പിച്ച ഇസ്ലാമിക സന്ദേശം മനുഷ്യന്റെ പ്രകൃതിയിലുള്ള പ്രാദേശികമായ വൈജാത്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ളതു തന്നെയാണ്. സ്ഥലകാലാനുസൃതമായി മാറുന്നതും മാറാത്തതുമായ മേഖലകള്‍ മനുഷ്യപ്രകൃതത്തില്‍ സംവിധാനിച്ച അല്ലാഹു തന്നെയാണല്ലോ അവയെ സംബോധന ചെയ്തുകൊണ്ട് ദിവ്യസന്ദേശം നല്‍കുന്നത്. അതുകൊണ്ടാണ് സര്‍വകാലികവും സാര്‍വജനീനവും സാര്‍വലൗകികവുമാകുമ്പോഴും പ്രദേശികമായ സവിശേഷതകളെ ഇസ്ലാം അംഗീകരിക്കുന്നത്. വര്‍ഗ-വര്‍ണ-ഭാഷാ വൈവിധ്യങ്ങള്‍ യഥാര്‍ഥ്യമാണെന്നും അതിനാല്‍ നിഷേധിക്കേണ്ടതില്ലെന്നും, എന്നാല്‍ അതിന്റെ പേരില്‍ ഒന്നിന് മറ്റൊന്നിന്റെ മേല്‍ അധികാരമുണ്ടെന്ന വിശ്വാസത്തെ അംഗീകരിക്കരുതെന്നുമാണ് ഇസ്ലാമിന്റെ പക്ഷം. പ്രദേശികത്വനിരാസ ആഗോളീയതയല്ല, പ്രദേശികത്വത്തിലധിഷ്ഠിതമായ സാര്‍വലൗകികതയാണ് പാരമ്പര്യ ഇസ്ലാമിന്റെ ലോകവീക്ഷണം. ചില പോയന്റുകളിലൂടെ ഇക്കാര്യം മനസ്സിലാക്കാന്‍ ശ്രമിക്കാം.
- ഭൂമി മുഴുവനും നിസ്‌കാരയോഗ്യം: മറ്റു പ്രവാചകര്‍ക്ക് നല്‍കാത്ത, എന്റെ ജനതക്ക് മാത്രം അനുവദിക്കപ്പെട്ട കാര്യങ്ങളിലൊന്ന് ഭൂമി(മനുഷ്യനുള്ളിടം) മുഴുവനും നിസ്‌കാരയോഗ്യമാക്കി എന്നതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്(5). നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം തന്നെ വേണമെന്നില്ല. ചന്ദ്രനിലോ ചൊവ്വയിലോ ബഹിരാകാശത്തോ പോയാലും മുസ്ലിമിന് നിസ്‌കാരം ഉപേക്ഷിക്കേണ്ടിയും വരില്ല. ഏതു പ്രദേശത്തും നിസ്‌കരിക്കാം എന്നതാണ് ഇവിടത്തെ പ്രദേശികത്വം. അതിനാല്‍, ഏതു പ്രദേശക്കാര്‍ക്കും സ്വീകര്യമാണ്. എന്നാല്‍, നിസ്‌കാരത്തില്‍ ഇന്നത്തെ സഊദി അറേബ്യയിലെ മക്കയിലുള്ള കഅ്ബയിലേക്ക് തിരിയണം എന്നതാണ് ഇവിടത്തെ സാര്‍വ ലൗകികത.
- ഹിജ്റ സ്ഥലകേന്ദ്രീകൃതമല്ല: യഹൂദര്‍ക്ക് പലായനമെന്നാല്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കമില്ലാത്ത യാത്രയാണ്. എന്നാല്‍, മുസ്ലിമിന്റെ ഹിജ്റ ഒരിക്കലും സ്ഥലകേന്ദ്രീകൃത(Destination Oriented)മല്ല, മറിച്ച്, സന്ദര്‍ഭ കേന്ദ്രീകൃതമാണ് (situation Oriented). ശൈഖ് അബ്ദുല്‍ ഹകീം മുറാദ് ഇക്കാര്യം തന്റെ ട്രാവലിംഗ് ഹോം എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട് (6). മക്കയില്‍ നിന്ന് മദീനയിലേക്ക് മുഹമ്മദ് നബി(സ്വ) ഹിജ്റ പോയി എന്നതു കൊണ്ട് ലോക മുസ്ലിംകളെല്ലാം മദീനയിലേക്ക് പോകേണ്ടതില്ല. അങ്ങനെ ലോക മുസ്ലിംകളെ ഉള്‍ക്കൊള്ളാന്‍ മദീനക്കെന്നല്ല ഒരു പ്രദേശത്തിനും കഴിയുകയുമില്ല. ഏതു പ്രദേശത്തും ജീവിക്കാം. ഒരിടത്ത് ജീവിതം പ്രയാസത്തിലായാല്‍ ക്ഷമകൊണ്ടും പ്രാര്‍ഥന കൊണ്ടും പ്രവര്‍ത്തനം കൊണ്ടും പ്രയാസം മാറ്റാന്‍ ശ്രമിക്കണം. ഇനി ഒരേറ്റുമുട്ടല്‍ സാധ്യത മാത്രമേ ഉള്ളൂ എന്നു വന്നാലോ, അവിടത്തെ വിശ്വാസികളെ സ്വീകരിക്കാന്‍ ഒന്നോ അധികമോ പ്രദേശങ്ങള്‍ സന്നദ്ധത അറിയിച്ചാല്‍ കൂട്ടമായ പലായനമാകാം. അല്ലെങ്കില്‍, ആസന്നമാകുന്ന പോരാട്ടത്തില്‍ ധീരതയോടെ പങ്കെടുക്കാം അവിടെ വിജയിച്ചാലും പരാജയപ്പെട്ടാലും വിജയം തന്നെ.
- വര്‍ഗപരമായ സ്വത്വ(Ethnic Identtiy)ത്തെ ഇസ്ലാം അംഗീകരിക്കുന്നു വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നവരായും വ്യത്യസ്ത ഭാഷകളില്‍ സംസാരിക്കുന്നവരായും മനുഷ്യരാശിയെ സംവിധാനിച്ചത് അല്ലാഹുവിന്റെ അസ്തിത്വത്തെ തന്നെ വിളിച്ചോതുന്ന അടയാളമാണെവെന്ന് ഖുര്‍ആനിലുണ്ട് (7). ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി ആരംഭിച്ച മനുഷ്യ കുലത്തെ പരസ്പരം തിരിച്ചറിയാനായി വിഭിന്ന വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയിട്ടുണ്ടെന്നും അല്ലാഹു പ്രഖ്യാപിക്കുന്നു(8). അതിനാല്‍, മുസ്ലിമാകാന്‍ വേണ്ടി ഒരാള്‍ക്കും തന്റെ വര്‍ഗപരമോ ഗോത്രപരമോ ആയ തന്റെ സ്വത്വത്തെ ത്യജിക്കേണ്ടതില്ല. അതുകൊണ്ടാണ് പ്രവാചകാനുയായികളില്‍ പ്രധാനികളായ ബിലാലുബ്നു റബാഹ (റ)ഹബ്ശി (എത്യോപ്യന്‍ വംശജന്‍)യായും റോമാ സാമ്രാജ്യത്തിന്റെ ഭാഗമായത് കൊണ്ട് സുഹൈബ് (റ) റൂമിയായും സല്‍മാന്‍ (റ) അല്‍ ഫാരിസി (പേര്‍ഷ്യന്‍ വംശജന്‍)യായും തന്നെ അറിയപ്പെട്ടത്.
പ്രദേശികമായ സ്വത്വങ്ങളെയും ഇസ്ലാം അംഗീകരിക്കുന്നു. യമനികളുടെ വിശ്വാസമാണ് യഥാര്‍ഥ വിശ്വാസം എന്ന ഹദീസ് ഇതിന്റെ തെളിവാണ്(9). അതിനാല്‍ തന്നെ ഇന്ത്യന്‍ മുസ്ലിം, ബ്രിട്ടീഷ് മുസ്ലിം, മലബാരി മുസ്ലിം എന്നീ സ്വത്വങ്ങളെ നിരാകരിക്കേണ്ടതില്ല, നിരാകരിക്കാന്‍ പാടില്ല. കാരണം, ഇസ്ലാം എന്നത് വിശ്വാസപരമായ സ്വത്വമാണ്, വംശപരമോ പ്രദേശികമോ അല്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അറുപതാം വാര്‍ഷിക സമ്മേളനത്തില്‍ ശൈഖുനാ ശംസുല്‍ ഉലമയുടെ വാക്കുകള്‍ ഇതിനെ ശരിവെക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ഇസ്ലാം ഒരു ജാതിയല്ല, ഒരു ആദര്‍ശസിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയാണ്’. പ്രദേശികവും വര്‍ഗപരവുമായ അസ്തിത്വങ്ങളുടെ നാനാത്വത്തിന്നിടയിലും വിശ്വാസപരമായ ഏകത സാധ്യമാക്കുന്നുവെന്നതാണ് ഇസ്ലാമിന്റെ സാര്‍വലൗഗികത. - സാംസ്‌കാരിക സ്വത്വത്തെ (Cultural Identity) ഇസ്ലാം അംഗീകരിക്കുന്നു: സംസ്‌കാരത്തിന്റെ പ്രധാന അടയാളങ്ങള്‍ ഭാഷയും വേഷവും ഭക്ഷണരീതികളുമാണ്. ഇത്തരത്തില്‍ ഭിന്നമായ സംസ്‌കാരങ്ങളെ സംയോജിപ്പിക്കാന്‍ ഇസ്ലാമിനെ പോലുള്ള വിശ്വാസസിദ്ധാന്തങ്ങള്‍ക്കു മാത്രമേ കഴിയൂ. ഏകതയുടെ മറ്റെല്ലാ മാനങ്ങളും ഏക സംസ്‌കാരമെന്ന സങ്കുചിതത്വത്തിലേക്ക് ചെന്നെത്തുന്നതാണ്. ഇന്ത്യന്‍ സംസ്‌കാരമോ, സിക്ക്-ബുദ്ധ-ജൈന സംസ്‌കാരങ്ങളോ ആകട്ടെ, വിശ്വാസ സംഹിത എന്നതിനപ്പുറം അവയെല്ലാം ഓരോ സംസ്‌കാരങ്ങളാണല്ലോ. ഇസ്ലാമാകട്ടെ, വ്യവഹാരങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നുവെങ്കിലും സാംസ്‌കാരിക ചിഹ്നങ്ങളെ നിരാകരിക്കുന്നില്ല. ഏതു ഭാഷയും സംസാരിക്കാം, വിലക്കപ്പെട്ട പദപ്രയോഗങ്ങള്‍ പാടില്ലെന്നു മാത്രം. ഏതു ഭക്ഷണ രീതിയും സ്വീകരിക്കാം, നിഷിദ്ധമായ വിഭവങ്ങള്‍ ഒഴിവാക്കണം എന്നു മാത്രം. ഏതുതരം വസ്ത്രവും ധരിക്കാം, മറക്കേണ്ട ഭാഗം മറക്കേണ്ട പോലെ മറക്കണമെന്നുമാത്രം. വ്യവഹാര ഭാഷ ഏതുമാകാം, എന്നാല്‍, ആരാധനാ ഭാഷ അറബി തന്നെയാകണം. സാധാരണ സമയങ്ങളില്‍ ഏതുവസ്ത്രവും ധരിക്കാം, എന്നാല്‍, ഹജ്ജും ഉംറയും നിര്‍വഹിക്കുമ്പോഴുള്ള വസ്ത്രധാരണത്തിന് ഏകമാനമുണ്ട്.
- മതവിജ്ഞാനീയങ്ങളുടെ പ്രദേശികത്വത്തെ അംഗീകരിക്കുന്നു: ഫിഖ്ഹിലോ അഖീദയിലോ തസവ്വുഫിലോ ആകട്ടെ, മദ്ബുകളുടെ രൂപീകരണത്തെ അവയുടെ ഇമാമുകളുടെ പ്രാദേശികമായ അനുഭവങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. ഗവേഷണത്തിന് സാധ്യതയില്ലാത്ത അഖീദയില്‍ അശ്അരീ,മാതുരീദി എന്നിങ്ങനെ രണ്ടു സരണികള്‍ രൂപപ്പെട്ടുവന്നത് ഇമാം അബൂ ഹസനുല്‍ അശ്അരിയും അബൂ മന്‍സൂറുല്‍ മാതുരീദിയും വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരായിരുന്നു എന്നത് കൊണ്ടാണല്ലോ. താസവ്വുഫിലെ വ്യത്യസ്ത സരണികളുടെ കാര്യവും ഇങ്ങിനെ തന്നെയാണല്ലോ. ഗവേഷണ സാധ്യതയുള്ള ഫിഖ്ഹിലെ മദ്ഹബുകളുടെ രൂപീകരണത്തിലെ പ്രാദേശിക സ്വാധീനം പിന്നെ പറയേണ്ടതില്ലല്ലോ. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തങ്ങളെ പഠിച്ചാല്‍ തന്നെ ഇക്കാര്യം ബോധ്യമാകും. അദ്ദേഹത്തിന്റെ ഗുരുവായ ഇബ്നു ഹജറുല്‍ ഹൈതമി (റ) ഫിഖ്ഹില്‍ എന്ന പോലെ ഇല്‍മുല്‍ കലാമിലും നിപുണനായിരുന്നു. പക്ഷേ, മഖ്ദൂം തങ്ങള്‍ കലാം ചര്‍ച്ചകളെ കേരളത്തില്‍ പ്രചരിപ്പിച്ചില്ല. വിശ്വാസ അടിസ്ഥാനങ്ങളില്‍ സംശയമില്ലാത്തവരുടെ മുമ്പില്‍ കലാം ചര്‍ച്ചകള്‍ ഗുണകരമല്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രദേശികമായ അനിവാര്യതകള്‍ മതവിജ്ഞാനീയങ്ങളുടെ വിതരണത്തില്‍ പരിഗണിക്കണമെന്ന് അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നുവെന്ന് മനസ്സിലാക്കാം. ഫത്ഹുല്‍ മുഈന്‍ എന്ന മഖ്ദൂം തങ്ങളുടെ കര്‍മശാസ്ത്രഗ്രന്ഥത്തില്‍ തയമ്മുമിനെ കുറിച്ച് കാര്യമായ വിശദാംശങ്ങളില്ല. നല്‍പ്പത്തിനാല് നദികളുള്ള കേരളത്തില്‍ തയമ്മുമിനെ വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ എന്ന് അദ്ദേഹം ചിന്തിച്ചതകാമെന്നാണ് ഇതിനു ഗവേഷകര്‍ നല്‍കുന്ന വിശദീകരണം.
- ഫത്വകള്‍ സ്ഥല-കാല-വ്യക്തി ബന്ധിതമാണ്: ഇസ്ലാമിന്റെ അധ്യാപനങ്ങളെ രണ്ടായി തിരിച്ചാല്‍, ഒന്ന് ഗവേഷണ സാധ്യത ഇല്ലാത്തതും മറ്റൊന്ന് ഗവേഷണ സാധ്യത ഉള്ളതുമാണ്. ലിഖിത പ്രമാണങ്ങളായ ഖുര്‍ആന്‍, ഹദീസ് കൊണ്ട് ഖണ്ഡിതമായി സ്ഥാപിക്കപ്പെട്ട വിശ്വാസ,കര്‍മ കാര്യങ്ങള്‍, ഒരു കാലത്തെ മുജ്തഹിദുകളായ പണ്ഡിതരുടെ ഏകോപിച്ച (ഇജ്മാഉള്ള) മതവിധികള്‍ എന്നിവയില്‍ ഇനി ഗവേഷണ സാധ്യത ഇല്ല. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നേരിട്ട് ലഭിക്കാത്തതും ഇജ്മാഅ് രൂപപ്പെടാത്തതുമായ വിഷയങ്ങളില്‍ യോഗ്യത ഉള്ളവര്‍ക്ക് ഗവേഷണ സാധ്യതയുണ്ട്. ഓരോ മദ്ഹബിലെയും അത്തരം യോഗ്യരായ പണ്ഡിതര്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയ മതവിധികളെ വിശകലനം ചെയ്ത് ജനങ്ങള്‍ക്ക് ഫത്വ നല്‍കലാണ് ഓരോ കാലത്തേയും പണ്ഡിത ധര്‍മം. അതിനുപയോഗിക്കേണ്ട പ്രധാന തത്വമാണ് ഖിയാസ് എന്ന വിധി താരതമ്യ സിദ്ധാന്തം. ഇസ്ലാമിന്റെ പ്രദേശികത്വത്തിന്റെ മറ്റൊരു തെളിവായി ഫത്വകളെ മനസ്സിലാക്കാമെന്ന് തോന്നുന്നു. ഡോക്ടര്‍മാര്‍ തങ്ങളെ സമീപിക്കുന്ന രോഗികള്‍ക്ക് എഴുതിക്കൊടുക്കുന്ന കുറിപ്പുകളെ പോലെയാണല്ലോ ഫത്വകള്‍. ഒരുരോഗിക്ക് എഴുതിയ കുറിപ്പ് മറ്റൊരു രോഗിക്ക് ഉപയോഗിക്കാന്‍ പാടില്ലാത്ത പോലെ, ഒരാള്‍ക്ക് നല്‍കിയ ഫത്വ മറ്റൊരാള്‍ സ്വീകരിക്കാനും പാടില്ല. ഇനി മുന്‍കാല പണ്ഡിതരുടെ ഫത്വകളെ ഉദ്ദരിക്കുന്ന പണ്ഡിതര്‍ ഒരു താരതമ്യപഠനം നിര്‍ബന്ധമായി നടത്തേണ്ടതുണ്ട്. ആ പണ്ഡിതന്നോട് ഫത്വ ചോദിച്ച ആളുടെയും തന്നെ സമീപിച്ച വ്യക്തിയുടെയും സാഹചര്യങ്ങള്‍ സമാനമാണെന്ന് ഉറപ്പുവരുത്തണം.
- ഇമാമീങ്ങളുടെ സ്വീകര്യതയില്‍ അറബി-അനറബി ഭേദമില്ല: ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ വികസങ്ങളുടെ നേടുംതൂണുകളായ ഇമാമുകളില്‍ അനേകം അനറബികളുണ്ട്. സഹീഹായ ഹദീസുകളെ ക്രോഡീകരിച്ച ആറു പ്രധാനികളില്‍ ഇമാം ബുഖാരി, നസാഇ, തുര്‍മുദി എന്നിവര്‍ സെന്‍ട്രല്‍ ഏഷ്യകാരനാണ്, ഇമാം മുസ്ലിമും ഇബ്നു മാജയും പേര്‍ഷ്യക്കാരാണ്. ഇമാം ഗസാലി, ഇമാം ജുവൈനി അല്‍ ഹറമൈനി എന്നീ വിഖ്യാത പണ്ഡിതരും പേര്‍ഷ്യക്കാരാണ്.
- പ്രദേശികത്വത്തെ തകര്‍ക്കല്‍ ആധുനികതയുടെ സങ്കല്‍പം
കോളനിവത്കരണത്തിലൂടെ ലോകത്തിന്റെ മൊത്തം ഭരണം നേടിയ യൂറോപ്യര്‍ തങ്ങളുടെ പ്രാദേശിക സംസ്‌കാരത്തെ (ഭാഷ, വേഷം, വസ്ത്രം) ഇതര രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിച്ചു. ഇവര്‍ ചെന്ന പ്രദേശങ്ങളുടെയെല്ലാം തനതു സംസ്‌കാരങ്ങളെ പരമാവധി നശിപ്പിച്ചു. ഇതര സംസ്‌കാരങ്ങളെയെല്ലാം അപരീക്ഷകൃതമായി അവതരിപ്പിച്ചു. ലോക രാജ്യങ്ങളെ കൊള്ളയടിക്കാന്‍ നടത്തിയ കോളനിവത്കരണത്തിന് അവര്‍ക്ക് ഒരു ന്യായീകരണം വേണമായിരുന്നു. സംസ്‌കാരശൂന്യരായ കിഴക്കന്‍ രാജ്യങ്ങളെ സംസ്‌കാരം പഠിപ്പിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ട് (വൈറ്റ് മാന്‍സ് ബര്‍ഡന്‍) എന്നവര്‍ സിദ്ധാന്തിച്ചു. അങ്ങനെ ലോക രാഷ്ട്രങ്ങളിലെ ജനങ്ങളുടെ മനസ്സില്‍ തങ്ങളുടെ സംസ്‌കാരങ്ങളോട് അപകര്‍ഷത തോന്നിപ്പിച്ചു.
എന്നാല്‍, ഇസ്ലാമാകട്ടെ, ചെന്നു കയറിയ ഇടങ്ങളിലെ സംസ്‌കാരങ്ങളെ നിലനിര്‍ത്തി. അവയിലെ അധാര്‍മികവും ബഹുദൈവാരാധാനാത്മകവുമായ ശേഷിപ്പുകളെ മാത്രം ഇല്ലാതാക്കി. അതുകൊണ്ട് ഇസ്ലാമികമായിട്ടും ഇറാനില്‍ പേര്‍ഷ്യന്‍ ഭാഷയും സഹസ്രാബ്ദം മുസ്ലിം ഭരണാധികാരികള്‍ ഭരിച്ചിട്ടും ഇന്ത്യയില്‍ ഭിന്നങ്ങളായ പ്രാദേശിക ഭാഷകളും ഇന്നും നിലനില്‍ക്കുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ തുര്‍ക്കിഷ് ആയിരുന്നു. വേഷങ്ങളിലും വസ്ത്രധാരണ രീതികളിളുമെല്ലാമുള്ള സാംസ്‌കാരിക വൈവിധ്യങ്ങളെ ഇസ്ലാം നിലനിര്‍ത്തുകയാണുണ്ടായത്. കൊളോണിയല്‍ ശക്തികള്‍ ഇങ്ങനെ ലോക സംസ്‌കാരങ്ങളെ തകര്‍ക്കാന്‍ കാരണം അവരുടെ ആശയം ലിബറലിസം ആയിരുന്നു എന്നതാണ്. കാരണം, ബ്രിട്ടീഷുകാര്‍ പൊതുവില്‍ പ്രൊട്ടസ്റ്റന്റുകാരാണ്, പ്രോട്ടസ്റ്റന്റുകാര്‍ ലിബറലുകളും. ഫ്രാന്‍സില്‍ നടന്ന പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിലെ മുദ്രാവാക്യങ്ങളായ ‘സ്വാതന്ത്ര്യം, സമത്വം,ജനാധിപത്യം’ എന്നിവയാണല്ലോ ലിബറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍. - ആഗോള ലിബറലിസം ലിംഗപരമായ സ്വത്വങ്ങളെ തകര്‍ക്കുന്നു
മനുഷ്യരാശി അതിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ലിംഗപരമായ ധര്‍മങ്ങളെ തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചിരുന്നു. പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികവും മാനസികാവുമായ വ്യത്യാസങ്ങള്‍ ഉണ്ടെന്നതാണ് ശാസ്ത്രപക്ഷം. വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ ധര്‍മങ്ങളും വ്യത്യസ്തമാകുന്നതാണല്ലോ പ്രകൃതിപരം. അത് കൊണ്ടുതന്നെ, ശാരീരികശേഷി കൂടുതലുള്ള പുരുഷന്‍ സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും സംരക്ഷണവും മാനസിക ശേഷി കൂടുതലുള്ള സ്ത്രീ ഇവരുടെ പരിചരണവും സ്വമേതയാ ഏറ്റടുത്ത ചരിത്രമേ മനുഷ്യരാശിക്കുള്ളൂ. എന്നാല്‍, ലിംഗപരമായ ഈ അസ്തിത്വങ്ങളെ നിരകരിക്കുകയാണ് ആഗോള ജെന്‍ഡര്‍ രാഷ്ട്രീയം. സ്ത്രീ, പുരുഷന്‍ എന്നീ സ്വത്വങ്ങള്‍ക്ക് വസ്തുനിഷ്ഠമായ യാതൊരു അടിസ്ഥാനവും ഇല്ലെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത വാദം വൈകാരികമായി ആവര്‍ത്തിക്കുകയാണ് അവര്‍. മനസ്സില്‍ തോന്നുന്നതാണത്രേ ഒരാളുടെ ജെന്‍ഡര്‍. മനസില്‍ താനൊരു വെളുത്ത വര്‍ഗക്കാരനാണെന്ന് തോന്നുന്ന കറുത്ത വര്‍ഗക്കാരന്റെയോ, നായയാണെന്ന് തോന്നുന്ന മനുഷ്യന്റെയോ, കുട്ടിയാണെന്ന് തോന്നുന്ന വൃദ്ധന്റെയോ തോന്നലുകള്‍ക്ക് പക്ഷേ ഇവര്‍ അംഗീകാരം നല്‍കില്ല എന്നതാണ് രസം. - ഭീകരവാദം ആധുനികതയുടെ സൃഷ്ടി
വിപ്ലവം നടത്തി അധികാരം സ്ഥാപിച്ച് സമൂഹത്തില്‍ മാറ്റമുണ്ടാക്കുക എന്ന ആശയം ആധുനികതയുടെ ആരംഭമായ ഫ്രഞ്ച് വിപ്ലവത്തിന്റെ സംഭാവനയാണ്. അതിനെ പിന്നീട് പല ആശയക്കാരും അനുഗമിച്ചു. മാര്‍ക്സ്സിന്റെയും എംഗല്‍സിന്റെയും ആശയം ഉള്‍ക്കൊണ്ട മാവോയും ലെനിനുമെല്ലാം അതില്‍ വിജയിച്ചവരാണ്. പരാജയപ്പെട്ടവരെ ലോകം തീവ്രവാദികള്‍ എന്നു വിളിച്ചു. വിപ്ലവം നടത്തി അധികാരം നേടിയെന്ന് കരുതി സാമൂഹ്യ മാറ്റം ഉണ്ടാക്കാന്‍ കഴിയണമെന്നില്ല. അതിന് രണ്ടു ചേരുവകള്‍ വേണം. ഒന്ന്. ആശയഭദ്രത, അത് കമ്മ്യൂണിസത്തിനു ഇല്ലാതെ പോയി. രണ്ട്. മനപരിവര്‍ത്തനം, അത് ഇസ്ലാമിസ്റ്റ് വിപ്ലവങ്ങളിലും ഉണ്ടായില്ല. വിപ്ലവത്തിലൂടെ ഭരണം കിട്ടിയാലും സാമൂഹ്യ മാറ്റം ഉണ്ടാക്കണമെങ്കില്‍ ജനമനസുകളില്‍ പരിവര്‍ത്തനം നടത്തണമെന്ന് സാരം. പതിമൂന്നു വര്‍ഷത്തെ മനപരിവര്‍ത്തന സപര്യക്ക് ശേഷമാണു മുഹമ്മദ് നബി (സ്വ) യിലൂടെ അല്ലാഹു നിയമങ്ങള്‍ പഠിപ്പിക്കുന്നതും ഭരണം സ്ഥാപിക്കുന്നതും എന്ന വസ്തുത ശ്രദ്ധേയമാണ്. ആധുനികത പക്ഷേ ഭീകരവാദമായി കാണുന്നത് അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെയാണ്. അതുകൊണ്ടാണ് അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ത്ത താലിബാനികളും, ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേഷത്തെ എതിര്‍ത്ത ഹമാസും അവരുടെ പട്ടികകയില്‍ ഭീകരവാദ സംഘങ്ങളാവുന്നത്. - സംഗ്രഹം
പ്രാദേശികത്വത്തെ നിരസിച്ചുകൊണ്ടുള്ള ഇസ്ലാമിക വീക്ഷണം അപൂര്‍ണമാണ്. ആഗോളീയത എന്ന സങ്കല്‍പം ആധുനികതയുടെ സൃഷ്ടിയാണ്. ആഗോളീയത പ്രദേശികമായ സവിശേഷതകളെ നിരകരിക്കുന്നതിലേക്കു നയിക്കും. പ്രാദേശിക സവിശേഷതകളെയും സംസ്‌കാരങ്ങളുടെയും വൈവിധ്യത്തെ നിരകരിക്കുന്നതും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും മനുഷ്യപ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ്. പ്രദേശികമായ സവിശേഷതകളെയും സ്വത്വങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ലിബറലുകള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മനുഷ്യരുടെ ലിംഗപരമായ സ്വത്വത്തിന്റെ വസ്തുനിഷ്ടതയെ നിരാകരിക്കുന്നിടത്താണ്. ഇസ്ലാമിലെ വിജ്ഞാന ശാഖകളിലെ വിവിധ സരണികളെ ഉള്‍ക്കൊള്ളാന്‍ പ്രദേശികത്വം എന്ന സങ്കല്‍പം നമ്മെ സഹായിക്കും. ഇതുവരെ വിശദീകരിച്ചതു പ്രകാരം പ്രദേശികത്വമാണ് ഇസ്ലാമിന്റെ സാര്‍വലൗകികതയുടെ മര്‍മം തന്നെ. - സൂചിക
- ഖുര്‍ആന്‍ 5:3
‘നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു’ - Ibn Kathir
- Francis Fukuyama, The End Of History And Last Man (1992)
- Yuval Noah Harari, Homo Deus (2015)
- Sunan Ibn Maja 745
- Timothy Winter, Travelling Home: Essays on Islam in Europe(2020)
- ഖുര്‍ആന്‍ 30:22
‘തീര്‍ച്ച. ഭുവനവാനങ്ങളുടെ സൃഷ്ടിപ്പും നിങ്ങളുടെ ഭാഷാവര്‍ണ വൈജാത്യവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്’ - ഖുര്‍ആന്‍ 49:13
‘ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി’ - Jami` at-Tirmidhi 3935
മുഹമ്മദ് ഫാരിസ് പി.യു