അദൃശ്യതയുടെ സൗന്ദര്യവും ഇസ്ലാമിക ദൈവശാസ്ത്രവും

1434

ആധുനിക കാലത്ത് അദൃശ്യത (Invisibility) യുടെ സൗന്ദര്യശാസ്ത്രം കൂടുതലായി ചര്‍ച്ച ചെയ്യപ്പെടാറില്ല. എല്ലാവരും തങ്ങളുടെ ദൃശ്യതയുടെ പിറകില്‍ കഴിയും വേഗത്തില്‍ ഓടുന്ന ഈ കാലത്ത് അദൃശ്യതയെ ആവാഹിക്കല്‍ സെലിബ്രിറ്റി കള്‍ച്ചറിനെ സ്വപ്നമായി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍ വളരെ പ്രസക്തമായ വായനയായി പോലും ഗൗനിക്കപ്പെടാറില്ല.
യഥാര്‍ഥത്തില്‍ അദൃശ്യത മറ്റൊരു ലോകവും, ലോക വീക്ഷണവുമാണ് മുന്നോട്ടുവക്കുന്നത്. അതിനാല്‍ തന്നെ അദൃശ്യതയുടെ സൗന്ദര്യാത്മകത ദൃശ്യതയുടെ ലോകത്തു നിന്ന് മനസ്സിലാക്കാന്‍ കഴിയുകയില്ലെന്നു മാത്രമല്ല, യഥാര്‍ഥത്തില്‍ അവ രണ്ടും രണ്ടു ലോകങ്ങളാണ്. അവിടുത്തെ സ്വപ്നങ്ങളും വായനകളും വ്യത്യസ്ത ലോക വീക്ഷണങ്ങളില്‍ കേന്ദ്രീകൃതവുമാണ്. എല്ലാവരും തങ്ങളുടെ പ്രശസ്തിക്കു പിറകില്‍ ഓടുന്ന ലോകത്ത് അദൃശ്യതയെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് തന്നെ വളരെ ശ്രമകരമായ ഒരു കാര്യമാണ്.
ആധുനിക ലോകവീക്ഷണ പ്രകാരം ഈ ഭൗതിക ലോകത്ത് തന്റെ ദൃശ്യത സ്ഥാപിക്കപ്പെടുമ്പോഴാണ് ഒരാള്‍ക്ക് തന്റെ ജീവിത ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. തന്റെ പ്രവര്‍ത്തനങ്ങളുടെ എല്ലാം ഫലം ഈ ലോകത്തുനിന്ന് നേടിയെടുക്കണമെന്നും ആ ഭൗതിക നേട്ടങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടിയാണ് നീ ജീവിക്കേണ്ടതെന്നുമാണ് ആധുനികത മുന്നോട്ടുവക്കുന്ന ലോക വീക്ഷണം. അതിനാല്‍, തന്നെ ആ ലോക വീക്ഷണത്തില്‍ ആകൃഷ്ടരായി തന്റെ ദൃശ്യത ലോകത്ത് സ്ഥാപിക്കുന്നത് സ്വപ്നമായി കണ്ടു ജീവിക്കുന്നവര്‍ക്ക് എങ്ങനെയാണ് അദൃശ്യതയുടെ വലിയ ലോകത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നത്..
ഇസ്ലാമിക ദൈവശാസ്ത്ര പ്രകാരം അദൃശ്യത കൈവരിക്കാന്‍ വ്യക്തികളെ ഇസ്ലാം നിരന്തരം പ്രേരിപ്പിക്കുന്നുണ്ട്, തന്റെ വ്യക്തിത്വം എടുത്തു കാണിക്കണമെന്ന മനോഭാവത്തോടെ ചെയ്യുന്ന ആരാധനാ കര്‍മങ്ങള്‍ പോലും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് മാത്രമല്ല അതിനെ ഇസ്ലാം ശക്തമായി വിലക്കുന്നുമുണ്ട്. അതിനാല്‍ തന്നെ, പ്രകടനപരതയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഏത് സാമൂഹിക വ്യവഹാരങ്ങളോടും ഇസ്ലാം ഇതേ സമീപനമാണ് പുലര്‍ത്തുന്നത്. അതേപ്രകാരം, സാമൂഹിക ജീവിതത്തില്‍ ഇസ്ലാം വളരെ പുണ്യമാക്കിയിട്ടുള്ള ദാനധര്‍മങ്ങളെക്കുച്ച് ഇസ്ലാം പറയുന്നത് ഇടത് കൈ അറിയാതെ വലത് കൈ കൊണ്ട് നിങ്ങള്‍ ദാനധര്‍മങ്ങള്‍ ചെയ്യണമെന്നാണ്. ഇടത് കൈ അറിയാതെ വലത് കൈ കൊണ്ട് ദാനം ചെയ്യണമെന്ന പ്രയോഗം തന്നെ സൂചിപ്പിക്കുന്നത് ദാനധര്‍മങ്ങളിലെ അദ്യശ്യതയുടെ പ്രാധാന്യത്തെ ഊന്നി കൊണ്ടാണ്. ഇപ്രകാരം സാമൂഹിക ജീവിതത്തിലെ ഏതു വ്യവഹാരങ്ങളിലും കടന്നുവരാന്‍ സാധ്യതയുള്ള ആത്മപ്രശംസയെ തൊട്ട് ജാഗ്രത പാലിക്കാന്‍ ഇസ്ലാം വിശ്വാസികളോട് നിരന്തരം കല്‍പ്പിക്കുന്നുണ്ട്.
അദൃശ്യമാവുകയെന്നാല്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും താനെന്ന ബോധത്തെ ഉപേക്ഷിക്കലാണ്. താനെന്ന ബോധം ഒരാളില്‍ ഘട്ടംഘട്ടമായി ഇല്ലാതാകുന്നതോടെ ഒരാള്‍ക്ക് പൂര്‍ണമായി അദ്യശ്യത കൈവരിക്കാന്‍ സാധിക്കും. താന്‍ സമൂഹത്തില്‍ പ്രശംസിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുടെ സാമൂഹിക വ്യവഹാരങ്ങളിലെ നൈതികത അവര്‍ ആഗ്രഹിക്കുന്ന പ്രശംസയെ അടിസ്ഥാനപ്പെടുത്തി പുന:ക്രമീകരിക്കപ്പെടുമെന്ന അപകടകരമായ അവസ്ഥ പലപ്പോഴും അവര്‍ തിരിച്ചറിയാറില്ല. അങ്ങനെ താന്‍ നിരന്തരം പ്രശംസിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യണമെന്ന ബോധത്തില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മപ്രശംസയില്‍ അടിസ്ഥാനപ്പെടുത്തുകയും തന്റെ എല്ലാ സാമൂഹിക വ്യവഹാരങ്ങളും ആത്മനിഷ്ടമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തത്തിലേക്ക് ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്യും.
പുതിയ കാലത്തെ ബാധിച്ചിട്ടുള്ള ഏറ്റവും വലിയ പകര്‍ച്ചവ്യാധി സെലിബ്രിറ്റി കള്‍ച്ചര്‍ അഥവാ ലോകമാന്യമാണ്. വലിയ വിഭാഗം ജനങ്ങള്‍ ഭൗതികമായ പ്രശംസകളെ അടിസ്ഥാനപ്പെടുത്തി തങ്ങളുടെ ദൈനംദിന ജീവിതത്തെ ക്രമീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അടിസ്ഥാനപരമായി വാക്സിനേറ്റ് ചെയ്യേണ്ട ഒരു മാറാരോഗമായി ആത്മപ്രശംസയെ തേടല്‍ മാറിയിരിക്കുന്നു എന്നത് ഈ കാലത്തെ ഒരു യാഥാര്‍ഥ്യമാണ്. ആധുനിക ഭൗതികവാദ വീക്ഷണത്തില്‍ തന്റെ ജീവിതത്തിനും മരണത്തിനും അര്‍ഥം കൈവരുന്നത് താന്‍ ഈ ലോകത്ത് ഭൗതിക നേട്ടങ്ങളുടെ പേരില്‍ എത്രത്തോളം ആഘോഷിക്കപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അനന്തരം തന്നെ സമൂഹത്തിന്റെ കേന്ദ്രമാക്കാനും ആരാധനാ മൂര്‍ത്തിയാകാനും കിണഞ്ഞ് ശ്രമിക്കാനാണ് ആധുനികത മനുഷ്യരോടു പറയുന്നത്. അതിനാല്‍ തന്നെ സ്വന്തത്തെ വിലമതിച്ച് കാണാനും ആഘോഷിക്കപ്പെടാനും പ്രേരിപ്പിക്കുന്ന ആധുനിക ലോക വീക്ഷണത്തെ തിരിച്ചറിഞ്ഞ് അതിന്റെ പകര്‍ച്ചവ്യാധിയെ ആത്മീയമായി വാക്സിനേറ്റ് ചെയ്ത് നാം പ്രതിരോധിച്ചില്ലെങ്കില്‍ ശാശ്വതമായ പാരത്രിക ജീവിതത്തില്‍ പരാജിതരാകേണ്ടിവരും സമൂഹത്തില്‍ തന്റെ പദവി എന്താണെന്നും സമൂഹം തന്നെക്കുച്ച് എന്താണ് ചിന്തിക്കുന്നെതെന്നുമുള്ള ആശങ്ക ഇന്ന് ജനങ്ങളില്‍ അധികരിച്ച് കൊണ്ടിരിക്കുകയാണ്.
താന്‍ പുരോഗമന മനുഷ്യനാണെന്ന് വിളിക്കപ്പെടാന്‍ ആധുനിക പുരോഗമന ആശയങ്ങള്‍ പുല്‍കാന്‍ ജനങ്ങള്‍ ശ്രമിക്കുകയും അതിലൂടെ ബഹുജന അംഗീകാരത്തെ അവര്‍ നിരന്തരം തേടി കൊണ്ടിരിക്കുകയും ചെയ്യും. അനന്തരം ഇസ്ലാമികമായ സ്വഭാവ സവിശേഷതകളില്‍ നിന്ന് ക്രമേണ അകന്ന് അവസാനം അവര്‍ പൂര്‍ണമായി ആധുനികതയെ പുല്‍കുകയും ചെയ്യും. ഇവിടെ ഇസ്ലാം പ്രതിനിധാനം ചെയ്യുന്ന സ്വഭാവ സവിശേഷത വിനയത്തിന്റെയും താഴ്മയുടേതുമാണ്. ഇസ്ലാമിന്റെ ഇത്തരം മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ലോകമാന്യത്തെയും, ആത്മപ്രശംസയെയും സ്ഥാനമാനങ്ങളെയും ആഗ്രഹിക്കുന്നതിനെ പ്രവാചകന്‍ (സ) ശക്തമായ ഭാഷയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്. ലോകമാന്യത്തക്കുറിച്ച് പ്രവാചകന്‍ (സ്വ) പറഞ്ഞത് അത് ചെറിയ ശിര്‍ക്കാണ് എന്നതാണ്. കാരണം, സ്രഷ്ടാവായ അല്ലാഹുവില്‍ നിന്ന് ലഭിക്കേണ്ട അംഗീകാരത്തേക്കാള്‍ അവന്‍ വിലമതിച്ച് കാണുന്നത് കേവലം അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യരുടെ അംഗീകാരത്തെയും പ്രശംസകളെയുമാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലരായ മനുഷ്യരുടെ പ്രശംസയില്‍ കേന്ദ്രീകരിക്കപ്പെടുന്നതു തന്നെ അല്ലാഹുവിന്റെ അടിമയുടെ അംഗീകാരത്തിന് അല്ലാഹുവിന്റെ അംഗീകാരത്തെക്കാള്‍ പ്രാധാന്യം നല്‍കുകയല്ലേ ചെയ്യുന്നത് അത് കൊണ്ടാണ് നബി തങ്ങള്‍ ഇതിനെ ചെറിയ ശിര്‍ക്കെന്ന് വിശേഷിപ്പിച്ചത്. അതിനാല്‍ തന്നെ നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യപരത കടന്നു വരുന്നതിനെ തൊട്ട് നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
മുന്‍ഗാമികളെല്ലാം ബഹുജനമധ്യേ പ്രത്യക്ഷപ്പെടുന്നതും കേവല പ്രശംസകള്‍ നേടന്നത് പോലും ഇഷ്ടപ്പെടാത്തവരും അതിനെ ഭയപ്പെടുന്നവരുമായിരുന്നു. അത്തരത്തിലൊരു പണ്ഡിതനായിരുന്നു മഹാനായ ഖാലിദ് ബിന്‍ മഹ്ദാന്‍(റ). ഹദീസ് പണ്ഡിതനായ അദ്ദേഹം തന്റെ ഹദീസ് ക്ലാസില്‍ ചുറ്റും ആളുകൂടിയാല്‍ താന്‍ പ്രസിദ്ധമാവുമെന്ന് ഭയന്ന് സദസ്സില്‍ നിന്ന് എഴുന്നേറ്റ് പോകുമായിരുന്നു. നബി തങ്ങളുടെ സുന്നത്തിനെ സംരക്ഷിക്കുക മാത്രം ലക്ഷ്യമാക്കിയിരുന്ന അദ്ദേഹം സെലിബ്രിറ്റി ആംഗിളിലൂടെ തന്നെ കാണപ്പെടലിനെ വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മുന്‍കഴിഞ്ഞുപോയ മുന്‍ഗാമികളില്‍ നിന്നെല്ലാം നമുക്ക് ലഭിക്കുന്ന പാഠം, അവരെല്ലാം സെലിബ്രിറ്റി കള്‍ച്ചറിനെ വെറുക്കുന്നവരും ആത്മപ്രശസയെ ആഗ്രഹിക്കാത്തവരുമായിരുന്നു. കാരണം, ഇത്തരം പ്രവണതകളെ അവരെ ലോകമാന്യത്തിലേക്ക് എത്തിക്കുമെന്നും അതിലൂടെ തങ്ങളുടെ വിശ്വാസത്തെ തന്നെ ബാധിക്കുമെന്നും അവര്‍ ഭയപ്പെട്ടിരുന്നു. അതിനാല്‍, അവരില്‍ ചിലര്‍ അവരുടെ യശസ്സ് കുറച്ചുകാണിക്കാന്‍ വേണ്ടി പല തന്ത്രങ്ങളും പ്രയോഗിച്ചിരുന്നു.
ഏത് സാമൂഹിക വ്യവഹാരങ്ങളിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ഉദ്ദേശം അവര്‍ നിരന്തരം പുന:ര്‍പരിശോധിക്കുകയും ആത്മനിഷ്ടമായ താല്‍പര്യവും അവരുടെ പ്രവര്‍ത്തനങ്ങള്‍ കടന്നുവരാതെ സൂക്ഷിക്കുന്നതില്‍ അവര്‍ സദാ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. യുദ്ധവേളയില്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ തന്റെ മുഖത്തേക്ക് തുപ്പിയ ശത്രുവിനോട് പ്രതികരിക്കാതെ തിരിഞ്ഞ് നടന്ന അലി (റ) കൈമാറുന്ന സന്ദേശം ആത്മനിഷ്ടമായ താല്‍പര്യങ്ങള്‍ സാമൂഹിക വ്യവഹാരങ്ങളില്‍ ഇടപെടുന്നതില്‍ നാം കാത്ത് സൂക്ഷിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ്.
ചുരുക്കത്തില്‍, സോഷ്യല്‍ മീഡിയയിലൂടെ മനുഷ്യര്‍ തങ്ങളുടെ ദൃശ്യത സമൂഹത്തില്‍ സ്ഥാപിക്കാന്‍ വേണ്ടി നിരന്തരം ശ്രമംനടത്തുന്ന ഈ കാലത്ത്, അദൃശ്യതയുടെ ദൈവശാസ്ത്രവും അത് ജീവിതത്തിനു നല്‍കുന്ന സൗന്ദര്യബോധവും നിരന്തരം ചര്‍ച്ച ചെയ്യല്‍ ഏറെ പ്രസക്തി അര്‍ഹിക്കുന്നുണ്ട്. അതിനാല്‍, മുന്‍ഗാമികളുടെ ജീവിതത്തില്‍ ഉയര്‍ന്ന് നിന്നിരുന്ന അദൃശതയുടെ സൗന്ദര്യം (The beatuy of invisibiltiy) നിരന്തരം ഓര്‍ത്തെടുക്കുന്നത് അവരുടെ ജീവതത്തിലെ ആ സൗന്ദര്യത്തെ നമ്മുടെ ജീവതത്തിലേക്ക് പകര്‍ത്താനും തുടര്‍ന്ന് അത് നിലനിര്‍ത്തി പോരാനും നമുക്ക് പ്രചോദനമേകുമെന്നത് തീര്‍ച്ചയാണ്. ഇമാം ഗസ്സാലി (റ) അവരുടെ എല്ലാം ഭൗതികമായ പദവികളും ഉപേക്ഷിച്ച് ഒരു തോല്‍പാത്രവും എടുത്ത് വിജനതയിലേക്ക് നടന്നകന്നതിലും കാണാന്‍ സാധിക്കുന്നത് ദൈവ ശാസ്ത്രപരമായ ആദൃശ്യതയുടെ സൗന്ദര്യത്തെയാണ്. പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സ്വാഭിമാനികളാക്കരുത്. ചെയ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്ഥാനമാനങ്ങളും പ്രശസ്തിയും ആഗ്രഹിക്കുകയും അഹങ്കരിക്കുകയും അരുത്. നബി (സ്വ) പറഞ്ഞു, ‘ഒരു മനുഷ്യന്ന് തിന്മയായി അവനിലേക്ക് ചൂണ്ടപ്പെടുന്ന വിരലുകള്‍ തന്നെ മതിയാകും’ ആത്മ പ്രശംസയുടെ ഈ കാലത്ത് ബാഹ്യമായ താല്‍പര്യങ്ങളില്‍ നിന്നും പ്രാലോഭനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക.

റാഷിദ് അസ്ലമി മൊറയൂര്‍