അസ്തിത്വ വീണ്ടെടുപ്പിന് സ്വത്വബോധം പ്രധാനമാണ്‌

2306

ബാബരി ധ്വംസനം, മക്കാമസ്ജിദ് സ്ഫോടനം, പൗരത്വബില്‍, ലൗ ജിഹാദ്, നിര്‍ബന്ധ മതപരിവര്‍ത്തനം, ഇസ്ലാമോഫോബിയ, മുത്ത്വലാഖ്, ഖുര്‍ആന്‍ കരിക്കല്‍, വിവിധ മസ്ജിദ് സ്ഫോടനങ്ങള്‍. മുകളില്‍ സൂചിപ്പിക്കപ്പെട്ടത് പോലെ (സൂചിപ്പിക്കാത്തവ അസംഖ്യം) പരോക്ഷമായോ പ്രത്യക്ഷമായോ മുസ്ലിം സമുദായത്തിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്ന അനവധി സംഭവങ്ങളും പദ്ധതികളും ഇന്ത്യന്‍ ചരിത്രത്തില്‍ ചിതറിക്കിടക്കുന്നുണ്ട്. മറുഭാഗത്ത്, ആഗോള തലത്തില്‍ ഇസ്ലാമികമെന്ന് പ്രചരിപ്പിക്കപ്പെടുന്ന ബോകോ ഹറാം, ഐസിസ്, അല്‍ഖാഇദ പോലെയുള്ള സംഘടനകളുടെ ബന്ധം ആരോപിച്ച് ദേശീയ തലത്തില്‍ ഉയര്‍ന്ന് വരുന്ന സംഘടനകളെയും ചില രാഷ്ട്രീയ മുന്നേറ്റങ്ങളെയും തീവ്രവാദ ജനുസ്സില്‍ ഉള്‍പ്പെടുത്തി ഈ സമുദായം നിഷ്‌ക്രിയത്വത്തില്‍ നിന്നും നിശ്ചലതയിലേക്കും ഇല്ലായ്മയിലേക്കും നയിക്കപ്പെടുകയാണ്. അതായത്, മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വ പ്രതിസന്ധിക്ക് രണ്ട് തലങ്ങളുണ്ട്. സമുദായത്തിന്റെ മത-സാംസ്‌കാരിക-രാഷ്ട്രീയ ചിഹ്നങ്ങളെ തുടച്ചുമാറ്റുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത്, മുസ്ലിമിന്റെ സ്വാഭാവികതയെ തീവ്രമനോഭാവമുള്ളതായും അതിഭീകരത നിറഞ്ഞതുമായും ചിത്രീകരിക്കുകയുമാണ്.
ദല്‍ഹി കേന്ദ്രീകരിച്ച് പടുത്തുയര്‍ത്തിയ ഒരു വലിയ സാമ്രാജ്യത്വത്തിന്റെ അധിപരായിരുന്ന സമൂഹം പരിപൂര്‍ണമായ സ്വത്വ പ്രശ്നത്തിലകപ്പെടുന്നതിന്റെ പ്രതിസന്ധി ഭീമാകാരമാണ്. അതായത്, ഒരു കാലത്തെ അപരസമൂഹത്തിന്റെ സ്വത്വാവിഷ്‌കാരങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നവര്‍ എങ്ങനെയാണ് ആത്മസ്വത്വ വിനഷ്ടത്തിലേക്ക് പതിക്കുന്നത് എന്ന ചോദ്യമാണ് സമകാലിക മുസ്ലിമിനെ അലോസരപ്പെടുത്തേണ്ടത്. ഈ ചോദ്യത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിലയിരുത്തി പരിഹാരം അന്വേഷിക്കുകയാണ് ലേഖനത്തിന്റെ താല്‍പര്യം.
2018-ജുലൈ-8-ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് മുസ്ലിം സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആള്‍ക്കൂട്ടക്കൊലയെ വിലയിരുത്തിയത് ഇങ്ങനെ: മുസ്ലിമിനെ തല്ലിക്കൊല്ലുകയെന്ന ഹീനവൃത്തി ഇന്ത്യയില്‍ അഭിമാനകരമായിരിക്കുന്നു. ആഫ്രിക്കയില്‍ നിലനിന്നിരുന്ന ജിം ക്രോ നിയമവുമായി ഇന്ത്യന്‍ മുസ്ലിമിന്റെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തിയാണ് ജയ്സിംഗ് ഇത്തരമൊരു സമാപ്തിയിലെത്തിയത്. ഹിന്ദുത്വയുടെ, വിശിഷ്യാ സവര്‍ണതയുടെ അധികാര-ശക്തി വര്‍ധനവും ഇതര ജനുസ്സുകളുടെ (അവര്‍ണന്‍, അഹിന്ദു) ശോഷണവുമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വളരെ ലളിതമായ ഉദാഹരണം പറയാം. മലയാളിയോളം ബംഗാളി വരില്ലെന്ന ഒരു ധാരണ നമ്മില്‍ അബോധമായോ, ബോധത്തോടെയോ സന്നിവേഷിച്ചിരിക്കുന്നു. ഈ മേല്‍ക്കോയ്മ വാദം ആദ്യ ഘട്ടത്തില്‍ ബംഗാളിയെ അകാരണമായി പ്രഹരിക്കുന്നതിനെ സാമാന്യവത്കരിക്കുന്നതിലേക്കും, തുടര്‍ന്ന് അത്തരം മര്‍ദ്ദനങ്ങളെ സാധൂകരിക്കുന്നതിലേക്കും മലയാളിയെ പരിവര്‍ത്തിച്ചു. ഇത്പോലെയാണ് മുസ്ലിം വിരുദ്ധതയുടെ ചിത്രം. ഗോവധം കാരണമായി മുസ്ലിമിനെ കൊല്ലുകയും അതൊരു അഭിമാനമായി മാറുകയും ചെയ്യുന്നത് മുസ്ലിം സമുദായം പീഢിത വര്‍ഗമാണെന്ന പൊതുബോധത്തിലേക്ക് നമ്മുടെ ചുറ്റുപാട് പരിവര്‍ത്തിച്ചിരിക്കുന്നു. ഇതാണ് ഇന്ദിര ജയ്സിംഗിന്റെ വാദത്തിന്റെ കാതല്‍. ഇന്ത്യന്‍ സാഹചര്യത്തിലെ അസ്ഥിത്വ പ്രതിസന്ധിയെ വരച്ചുവക്കാന്‍ ഇതിലും പ്രകടമായ മറ്റൊരു ഉദാഹരണമില്ല.
അജ്ഞത, അനൈക്യം, അരാഷ്ട്രീയത, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവ കാരണമായി രൂപപ്പെട്ട സാമുദായിക പിന്നോക്കാവസ്ഥയാണ് ഈ ഉന്മൂലന രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങള്‍. പ്രോക്ത കാരണങ്ങളേക്കാള്‍ സമുദായത്തെ വേട്ടയാടുന്ന സുപ്രധാന വിഷയം ആത്മാഭിമാന വിനഷ്ടമാണ്. ഭൂമി ശാസ്ത്രമനുസരിച്ച് ഈ അഭിമാനഭംഗത്തിന്റെ പ്രശ്നോത്തരികള്‍ വ്യത്യാസപ്പെടുന്നുമുണ്ട്. സാമുദായികതയുടെ ഭാഗമാകുന്നതില്‍ അനുഭവപ്പെടുന്ന ഈ അനഭിമാനമാണ് മുസ്ലിം രാഷ്ട്രീയത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

മുസ്ലിം: ചില പൊതു കാരണങ്ങള്‍ക്കിടയില്‍
ശക്തമായ ചരിത്രപശ്ചാത്തലത്തില്‍ നിന്നും ദുര്‍ബലമായ വര്‍ത്തമാനത്തിലേക്കുള്ള മുസ്ലിം സമുദായത്തിന്റെ പ്രയാണം സംഭവിച്ചതിന്റെ കാരണം പിന്നാക്കാവസ്ഥയാണ്. അത് കേവലമായ ഒരു കോണില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും, മുഴുവന്‍ ചുറ്റുപാടുകളെയും ബാധിച്ച ഒരു പ്രശ്നമാണതെന്നും സച്ചാര്‍ കമ്മീഷണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയതുമാണ്. സാമ്പത്തികവും-സാംസ്‌കാരികവുമായ അധ:പതനം പേറി നടക്കുന്ന ഉത്തരേന്ത്യന്‍ മുസ്ലിം പ്രതിസന്ധിയുടെ കാരണങ്ങളെ അഞ്ചെണ്ണമായി വിഭജിക്കാം.
ദക്ഷിണേന്ത്യയിലെ മുസ്ലിംകള്‍ അജ്ഞരാണ്. മതകീയമെന്നോ ഭൗതികമെന്നോ വേര്‍ത്തിരിവില്ലാതെ മുഴുവന്‍ വിജ്ഞാന ശാഖകളിലും അവര്‍ നിരക്ഷരരാണ്. അജ്ഞരായ സമൂഹത്തില്‍ വിജയത്തിന്റെ ഒരു രസതന്ത്രവും പ്രവര്‍ത്തനക്ഷമമാകില്ലെന്ന പൂര്‍ണബോധ്യം നമുക്കുണ്ട്. ഏദന്‍സിലെ തത്വശാസ്ത്രജ്ഞര്‍ അറിവുല്‍പാദന രംഗത്ത് നിറസാന്നിധ്യമായിരുന്നു. യൂറോ-കേന്ദ്രീകൃത ജ്ഞാന ലോകത്ത് അവര്‍ നൂറ്റാണ്ടുകള്‍ക്കിപ്പറവും സ്മരിക്കപ്പെടുന്നു. സമൂഹങ്ങളെ ചിരഞ്ചീവികളാക്കുന്നതില്‍ അറിവിന്റെ പങ്ക് ചെറുതല്ലെന്ന് സാരം. അറിവ് വിശ്വാസിയുടെ നഷ്ട സ്വത്താണെന്ന പ്രവാചക അധ്യാപനത്തിന് നമ്മുടെ അസ്ഥിത്വത്തോളം വിശാലമായ അര്‍ഥ തലങ്ങളുണ്ടെന്ന് വിസ്മരിച്ച് കൂടാ. താരതമ്യേന ഭൗതിക വിജ്ഞാനമുണ്ടെന്ന് പറയുന്നവരെ പോലും അനുയോജ്യമായ തസ്തികകളില്‍ കാണാതിരിക്കുന്നതാണ് ഉത്തരേന്ത്യന്‍ വിശേഷങ്ങള്‍. തല നിറയെ തൊപ്പിയും ജുബ്ബയും ധരിക്കുന്ന അവര്‍ക്ക് ദീനിന്റെ അടിസ്ഥാന വിഷയങ്ങള്‍ പോലും അജ്ഞമാണെന്നത് ഉള്ള് നോവിക്കുന്ന യാഥാര്‍ഥ്യമാണ്. വായ നിറയെ ആംഗലേയം പറയുന്ന അന്യസംസ്ഥാന തൊഴിലാളിയും മുഹമ്മദെന്ന പേരുപോലും അന്യമായ ഉത്തരേന്ത്യന്‍ വിശ്വാസിയും മുറിപ്പെടുത്തുന്ന കണക്കുകളുടെ ഇരുദ്രുവങ്ങളാണ്.
സാമൂഹികതയും രാഷട്രീയ സ്ഥിതിഗതിയും വിലയിരുത്തുമ്പോഴാണ് അജ്ഞതയുടെ തീവ്രത മനസ്സിലാകുന്നത്. മുസ്ലിം അമുസ്ലിം ജീവിത നിലവാരങ്ങളെ വിലയിരുത്തുമ്പോള്‍ നേട്ടത്തിന്റെയും കോട്ടത്തിന്റെയും അതിമാനങ്ങളെ സ്പര്‍ശിക്കുന്നത് കാണാം. അത്കൊണ്ടുതന്നെ, സാമൂഹികതയെ ചിട്ടയോടെ രൂപപ്പെടുത്തുന്നതിനെ കുറിച്ചോ, അതിന്റെ അനിവാര്യതയോ കുറിച്ചോ ബോധ്യമില്ലാതെ വ്യക്തി, വ്യക്തിയിലേക്ക് മാത്രം ചുരുങ്ങുന്നു. തനിക്ക് ചുറ്റുമുള്ള ലോകത്തിലെ ലാഭ നഷ്ടങ്ങളുടെ കിടപ്പുകളെ പോലും ചിന്തിക്കാന്‍ സാധിക്കുന്നില്ല. സമൂഹവും, സാമൂഹിക ഉത്തരവാദിത്തങ്ങളും അലോസരപ്പെടുത്താത്ത തീര്‍ത്തും നിര്‍ജീവനായി വ്യക്തിയായി മുസ്ലിം മാറുന്നു.
കീഴാളനെന്ന ധാരണയില്‍ നിന്നാണ് ഉത്തരേന്ത്യന്‍ മുസ്ലിം അവനെ നോക്കിക്കാണുന്നത്. രാഷ്ട്രീയമായി അസ്ഥിത്വമില്ലാത്ത, കേവല വോട്ടുബാങ്കുകളായി പ്രവര്‍ത്തിക്കേണ്ട വര്‍ഗമായാണ് അവന്‍ സമുദായത്തെ വീക്ഷിക്കുന്നത്. ദേശീയ തലത്തിലുള്ള രാഷ്ട്രീയ അനൈക്യങ്ങള്‍ മറ്റൊരു ചര്‍ച്ചാവിഷയമായതിനാല്‍ പിന്നീട് സൂചിപ്പിക്കാം. ഏതായാലും, മുസ്ലിമിന്റെ ചുറ്റുപാടുകളില്‍ അവന്‍ തിരസ്‌കരിക്കപ്പെടുന്നതിന്റെ കാരണങ്ങളാണ് നാമിവിടെ എണ്ണിപ്പറഞ്ഞത്.

ഐഡന്റിറ്റി: പേടിക്കും ലജ്ജക്കും ഇടയില്‍
മുസ്ലിം അടയാളങ്ങളും ആചാരങ്ങളും സങ്കല്‍പ്പനങ്ങളും ആവിഷ്‌കൃതമാവാതിരിക്കാനുള്ള പലരീതിയിലുള്ള ശക്തി പ്രയോഗങ്ങളും നടക്കുന്നുണ്ട്. ഭീമാകാരമായി വളര്‍ന്നിരിക്കുന്ന സവര്‍ണ ഫാഷിസത്തിന്റെ ഹിന്ദുരാജ്യ അജണ്ടയാണ് അതിനു പിന്നിലെ പ്രധാന ശക്തി. മുസ്ലിം മന്ദിരങ്ങളെയും കെട്ടിടങ്ങളെയും കയ്യേറ്റം ചെയ്ത് അടയാളങ്ങളെ ഇല്ലാതാക്കുന്നത് മുതല്‍ പൗരത്വഭേദഗതി ബില്‍ നിയമവത്കരിച്ച് മുസ്ലിമിനെ തന്നെ നിഷ്‌കാസനം ചെയ്യുന്നതാണ് അവരുടെ പ്രവര്‍ത്തന മണ്ഡലം. സമുദായത്തിന്റെ അജ്ഞതയും, അനൈക്യവും, അരാഷ്ട്രീയ ബോധവും, അരക്ഷിതാവസ്ഥയും അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള അവരുടെ രഥയാത്രയെ ആയാസപ്പെടുത്തിയിട്ടുണ്ട്. ഭീതിതമായ രാഷട്രീയ ഉന്മൂലന ശ്രമങ്ങളെ മറികടക്കുന്നത് പതറാത്ത ഇച്ഛാശക്തികൊണ്ടും, ശക്തമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാണ്. ന്യൂനപക്ഷമായ സിഖ് സമൂഹം പടുത്തുയര്‍ത്തിയ അസ്ഥിത്വബോധം മുസ്ലിംകള്‍ അടിവരയിട്ടു പഠിക്കേണ്ടതുണ്ട്. അവരെ കുറിച്ച് രൂപപ്പെട്ട പൊതുബോധങ്ങളെ തച്ചുതകര്‍ക്കാനും അവയെ മറ്റൊന്നായി പ്രതിഷ്ടിക്കാനും സാധിച്ചുവെന്നതാണ് അവര്‍ നമുക്ക് നല്‍കുന്ന പാഠം. അതീവ ന്യൂനപക്ഷമായ സിഖുകാരന്‍ തന്റെ അടയാളങ്ങളെ കാഴ്ച്ചവക്കാന്‍ ശ്രമിക്കുമ്പോള്‍, മുസ്ലിം തന്റെ ഐഡന്റിറ്റിയില്‍ നിന്നും ഇസ്ലാമിക അടയാളങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വെമ്പുകയാണ്. ഈ ഒളിച്ചോട്ടത്തിന്റെ കാരണങ്ങള്‍ ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. ഉത്തരേന്ത്യന്‍ പരിസരത്തില്‍ മുസ്ലിം തന്റെ സാംസ്‌കാരിക അടയാളങ്ങളില്‍ നിന്നും മറഞ്ഞിരിക്കുന്നത് പേടികൊണ്ടാണ്. ദക്ഷിണ ദേശങ്ങളില്‍ ലജ്ജയാണ് പ്രധാന കാരണം.
സവര്‍ണത കൈയ്യൊതുക്കിയ അധികാര ശക്തിയുണ്ട്. സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയ പിന്നാക്കാവസ്ഥ കാരണം അതിനെ മറികടക്കാന്‍ ബലഹീനമാണ് ഉത്തരേന്ത്യന്‍ മുസ്ലിം. ഈ ഒളിച്ചുവക്കലിനും തക്കംപാര്‍ത്തിരിക്കലിനും അവരുടെ ജീവന്റെ വിലയുമുണ്ട്. മുസ്ലിമാവലാണ് അവരുടെ ജിഹാദ്. അടയാളങ്ങളെ പുറത്തെടുക്കല്‍ ആത്മഹത്യാപരവും.
ദക്ഷിണേന്ത്യയുടെ പശ്ചാത്തലം നേര്‍ വിപരീതമാണ്. ജ്ഞാനവും സാമൂഹിക ബോധവും വേണ്ടുവോളമുണ്ട്. പക്ഷേ, സാമുദായികതയില്‍ നിന്നും തെറിച്ചുനില്‍ക്കാനുള്ള വെമ്പലുകളുടെ ധാരാളിത്തമാണിവിടെ. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി അന്തര്‍ ദേശീയ തലത്തിലും, പ്രാദേശിക തലത്തിലും അപരന്‍ നിര്‍മിച്ച പൊതുബോധത്തില്‍ നിന്നും രക്ഷപ്പെടലാണ് അവരുടെ ഇദ്ദേശ്യം. തൊപ്പിയും താടിയും ഭീകരതയുടെ പ്രതീകങ്ങളാക്കി പടിഞ്ഞാറ് നിര്‍മിച്ച ഇസ്ലാം പേടിയാണ് മുസ്ലിമിനെ അഭിമാന വിഘ്നത്തിലേക്ക് തള്ളിയിടുന്ന പ്രധാന വിഷയം. രണ്ടാമത്തേത്, പ്രാദേശിക ഇസ്ലാമിനും മുസ്ലിം നേതൃത്വത്തിനും ചാര്‍ത്തിക്കൊടുത്തിട്ടുള്ള യാഥാസ്ഥികരെന്ന സര്‍ട്ടിഫിക്കറ്റാണ്. ഭീകരരുടെ ഇസ്ലാം ഞങ്ങളുടെതല്ലെന്ന പ്രസ്താവനയോടൊപ്പം, യാഥാസ്ഥികരുടെ ഇസ്ലാം ഞങ്ങളുടെതുമല്ലെന്ന കൗണ്ടര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യാഥാസ്ഥികതയല്ല പ്രശ്നം. യാഥാസ്ഥികത അടിച്ചേല്‍പ്പിക്കലാണ് പ്രശ്നം. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലിം സമുദായത്തില്‍ ഉള്‍പ്പെടുന്നുവെന്നത് അഭിമാനക്ഷതമാകുന്നതിനാല്‍ ഐഡന്റിറ്റി മറച്ചുവക്കുന്ന ഒരു പ്രവണതയാണ് സമുദായത്തിന്റെ പ്രതിസന്ധി. ഈ ഒളിച്ചോട്ടം അത്യപകടകരമാണ്. പൊതുബോധത്തെ വളരാനും, തീവ്രസ്വഭാവത്തിലേക്ക് പരിവര്‍ത്തിതമാകാനും വിട്ടുകൊടുക്കുകയാണ് അതിന്റെ പരിണതി.
ഒരു രാജ്യത്ത് മുസ്ലിമിന്റെ തലപ്പാവ് ഭീതിയുടെ അടയാളവും സിഖുകാരന്റേത് സാംസ്‌കാരിക അടയാളമാവുന്നതിലെ യുക്തി രാഹിത്യം ഇനിയും നമുക്ക് മനസ്സിലാകുന്നില്ലെങ്കില്‍, അതിനെതിരെ ചോദ്യം ഉയര്‍ത്തുന്നില്ലെങ്കില്‍ നാം പരാജിത സമൂഹമായി നിലകൊള്ളാന്‍ തയ്യാറാണെന്ന് നാം ഉറപ്പിച്ചുവെന്നര്‍ഥം. അതിസങ്കീര്‍ണമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മുസ്ലിമിന്റെ കര്‍ത്തവ്യം വലുതാണ്. തന്റെ സംസ്‌കാരത്തിലും, സാമൂഹികതയിലും, അടയാളങ്ങളിലും ആചാരങ്ങളിലും അഭിമാനബോധത്തോടെയുള്ള സമീപനം സാധ്യമാക്കാന്‍ കഴിയണം. രാഷ്ട്രീയമായി സംഘടിക്കുമ്പോള്‍ സ്വത്വബോധത്തോടെ ചേരാന്‍ സാധിക്കണം. പൗരത്വ കാലത്തെ പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന് വന്ന സ്വത്വാവിഷ്‌കാരങ്ങള്‍ പലയര്‍ഥത്തിലും പുതിയ ചുവടുവപ്പ് തന്നെയാണ്. അടയാളങ്ങളില്‍ നിന്നും ഒളിച്ചോടി ലിബറലാവാനുളള ശ്രമങ്ങള്‍ക്കിടയില്‍ നിന്നും അവയെ ചേര്‍ത്തു പിടിച്ച് വിശാലമാവാനുള്ള ശ്രമം പുതിയ പുലരിയുടെ വെട്ടം തന്നെയാണ്. സര്‍വോപരി, ചിന്നിച്ചിതറി കിടക്കുന്ന മുസ്ലിം രാഷ്ട്രീയത്തെ നിലനില്‍പ്പിനായി ഏകീകരിക്കാന്‍ സാധിക്കണം. സവര്‍ണതയുടെ വോട്ടുബാങ്കുകളില്‍ നിന്നും സ്വത്വത്തിന്റെ സമ്മതിതരായി സമുദായം പരിവര്‍ത്തിക്കണം. അതിന് ജ്ഞാനം വേണം. പ്രവര്‍ത്തനം വേണം. അര്‍പ്പണം വേണം. പരിവര്‍ത്തനത്തിന് സ്വയം സന്നദ്ധരാവാത്ത സമൂഹത്തില്‍ മാറ്റം പ്രതീക്ഷിക്കാനാവില്ലെന്നാണ് ഇസ്ലാമിക അധ്യാപനം.

നിസാം ചാവക്കാട്