ആധുനിക സുന്നി പണ്ഡിതരില്‍ പ്രമുഖനായ ഡോ.മുഹമ്മദ് സഈദ് റമളാന്‍ ബൂത്വിയുടെ ഒരു പ്രഭാഷണ ശകലത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു : ‘ഞാന്‍ അല്ലാഹുവിനെ മനസ്സിലാക്കിയിട്ടുണ്ട്, വിശ്വസിക്കുന്നുണ്ട്. അല്ലാഹു ഏകനാണെന്നെനിക്കറിയാം. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ജീവിതത്തില്‍ പ്രയോഗവത്കരിക്കണമെന്നും എനിക്കറിയാം. ഇങ്ങനെയൊക്കെ പറയുന്ന മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ഈ പറച്ചില്‍ കൊണ്ടുമാത്രം അല്ലാഹുവിലേക്ക് എത്തിച്ചേരാന്‍ കഴിയില്ല. ഇതൊരു ധൈഷണിക/ബൗദ്ധിക വിശ്വാസം മാത്രമാണ്. ഇത് ആത്മാവില്ലാത്ത/ആത്മജ്ഞാനത്തിന്റെ പൊരുളുകള്‍ മനസ്സിലാക്കാത്ത കേവലമൊരു ഭൗതിക വിശ്വാസം മാത്രമാണ്. കൂടുതല്‍ മുസ്ലിംകളും ഇന്ന് ഇവ്വിധം വിശ്വസിക്കുന്നവരാണ്. ധൈഷണിക ഇസ്ലാം, ഇന്റലക്ച്വല്‍ ഇസ്ലാം എന്ന് പൊതുവേ വിളിക്കപ്പെടുന്നത് ഇതിനെയാണ്. ഇത്തരക്കാര്‍ ഇസ്ലാമിനെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ മറ്റുള്ളവരെക്കാള്‍ സമര്‍ഥമായി സംസാരിക്കാന്‍ അവര്‍ക്ക് കഴിയും. മറ്റൊരാള്‍ക്കും പ്രതിരോധിക്കാന്‍ കഴിയാത്ത വിധത്തില്‍ വാദമുഖങ്ങളെ സമര്‍പ്പിക്കാനും കഴിഞ്ഞെന്നു വരാം. മനോഹരമായ രീതിയില്‍ എതിരാളികളെ വാക്കുകൊണ്ട് മുട്ടുകുത്തിക്കാനും അനുവാചകരെ ആകര്‍ഷിക്കാനും കൈയ്യിലെടുക്കാനുമെല്ലാം അവര്‍ക്ക് സാധിച്ചുവെന്നും വരാം. തുടര്‍ന്ന് ഇസ്ലാമിക നിയമങ്ങളെ ജീവിതത്തില്‍ പ്രയോഗവത്കരിക്കുന്നതിനെ കുറിച്ച് അവര്‍ വാതോരാതെ സംസാരിക്കുകയും ചെയ്യും. മറ്റുള്ള ജീവിത വ്യവസ്ഥിതികളില്‍ നിന്നും വ്യത്യസ്തമായി ഇസ്ലാം മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ആധികാരികമായി സ്ഥാപിക്കാനും അവരെ കൊണ്ട് സാധിക്കും. മറ്റു പ്രത്യയശാസ്ത്രങ്ങളുടെ മണ്ടത്തരങ്ങളും അപ്രായോഗികതയുമൊക്കെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുവാനും സ്ഥാപിക്കുവാനുമൊക്കെ അവര്‍ക്ക് കഴിയും. എന്നാല്‍, അവരുടെ ഹൃദയത്തിലേക്ക് നോക്കിയാല്‍ അവിടെ ഇസ്ലാമിന്റെ ആത്മാവ് ഉണ്ടായിരിക്കില്ല. അത് കേവലം ധൈഷണിക വ്യായാമങ്ങളുടെ ഇടം മാത്രമായി പരിമിതപ്പെട്ടിട്ടുണ്ടാകും. അവനാണെങ്കിലോ ഭൗതികമായ അധികാരങ്ങളുടെയും പദവികളുടെയും സമ്പത്തിന്റെയും മോഹങ്ങളിലും വലയങ്ങളിലും ആയിരിക്കും’.
പാരമ്പര്യ വിശ്വാസവും ആത്മീയ ജീവിതവും മാത്രം നയിച്ച ആളായിരുന്നില്ല സഈദ് റമളാന്‍ ബൂത്വി. ആധുനിക സമൂഹത്തില്‍ ഇസ്ലാമിനെതിരെയും ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിനെതിരെയും ഉയര്‍ന്നുവന്ന മോഡേണിസ്റ്റ് വെല്ലുവിളികളെയും ഇതര പ്രത്യയശാസ്ത്രങ്ങളെയും വൈജ്ഞാനികമായി കൃത്യമായി പ്രതിരോധിച്ച ചിന്തകനും എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. അത്തരം ധൈഷണികമായ വ്യവഹാരങ്ങളുടെ ഭാഗമായിരുന്ന ഒരു പണ്ഡിതന്‍ ഇങ്ങനെ പറയുന്നത് പുതിയ തലമുറ ഏറെ ജാഗ്രതയോടു കൂടി നോക്കി കാണേണ്ടതാണ്. ചോദ്യോത്തരങ്ങളും വിവരശേഖരണവും സാങ്കേതിക വിദ്യയിലുള്ള നൈപുണ്യവുമൊന്നുമല്ല യഥാര്‍ഥ വിശ്വാസത്തിന്റെയും മത വിദ്യാഭ്യാസത്തിന്റെയും കാതല്‍. എന്നാല്‍, ഓരോ കാലഘട്ടത്തിലും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെയും മുസ്ലിം സമൂഹത്തിനകത്ത് വര്‍ദ്ധിച്ചുവരുന്ന വിശ്വാസ ചാപല്യങ്ങളെയും അതതു കാലഘട്ടത്തിലെ അനിവാര്യവും പ്രായോഗികവുമായ ടൂളുകള്‍ ഉപയോഗപ്പെടുത്തി പണ്ഡിതന്മാര്‍ പ്രതിരോധിക്കാറുണ്ട്. എന്നാല്‍, അത്തരം ശ്രമങ്ങള്‍ ഒരിക്കലും വിശുദ്ധ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വിശ്വാസ സങ്കല്‍പങ്ങളില്‍ നിന്നും വ്യതിചലിക്കുവാനോ അതുവഴി മത നവീകരണ ശ്രമങ്ങള്‍ നടത്തുവാനോ കാരണമാകരുത്. ആധുനിക കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഇസ്ലാം വിരുദ്ധ മുറവിളികളെ പ്രതിരോധിക്കുന്നതിനിടയില്‍ അറിഞ്ഞോ അറിയാതെയോ ധൈഷണിക അടിമത്വം ബാധിച്ച ചിലര്‍ വിശുദ്ധ ഇസ്ലാമിന്റെ യഥാര്‍ഥ ഭാവത്തെ സുരക്ഷിതമായി സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവിടെയാണ് ബൂത്വിയുടെ ഈ നിരീക്ഷണം പ്രസക്തമാകുന്നത്. ആധുനികതയുടെ സാധ്യതകള്‍ ഒരിക്കലും പാരമ്പര്യ വിശ്വാസത്തെ പുച്ഛിക്കുന്നതിലേക്കോ പാരമ്പര്യ ഇസ്ലാമിക രീതികളെ തെറ്റായി ചിത്രീകരിക്കുന്നതിലേക്കോ എത്തിച്ചേരാന്‍ പാടില്ല. വൈജ്ഞാനികമായും സാമൂഹ്യമായും ധൈഷണികമായും രാഷ്ട്രീയമായുമെല്ലാം മുസ് ലിം സമൂഹത്തിനിടയില്‍ നടക്കുന്ന ഓരോ പുതിയ ശ്രമങ്ങളും പാരമ്പര്യത്തെയും പൈതൃകത്തെയും കൂടുതല്‍ സംരക്ഷിക്കുന്നതാവണം. കാരണം, കാലക്രമേണ മുസ്ലിം സമൂഹം പുരോഗതിയിലേക്കെത്തിച്ചേരുമെന്നല്ല പ്രവാചകന്‍ ആത്മഗതം ചെയ്തത്. കാലാന്ത്യത്തോട് അടുക്കുന്തോറും ഇസ്ലാമിന്റെ യഥാര്‍ഥ ഭാവം മാറിക്കൊണ്ടിരിക്കുകയും മുസ്ലിം സമൂഹത്തില്‍നിന്ന് ഇസ്ലാമിന്റെ ശരിയായ വിശ്വാസവും വശങ്ങളും ചോര്‍ന്നു പോകുമെന്നുമാണ് പ്രവാചകന്റെ അധ്യാപനം. കാലങ്ങളെക്കുറിച്ച് റിവേഴ്സ് വായന നടത്തുന്തോറും അത് കൂടുതല്‍ കൂടുതല്‍ ഉത്തമമാകുന്നു എന്നാണ് വിശ്വാസികള്‍ മനസ്സിലാക്കേണ്ടത്. ഞാന്‍ ജീവിക്കുന്ന നൂറ്റാണ്ടിലുള്ളവരാണ് ഏറ്റവും ഉത്തമ സമുദായം, തൊട്ടടുത്ത നൂറ്റാണ്ടിലുള്ളവര്‍ അവരുടെ താഴെയാണ്, അതിനുശേഷമുള്ള നൂറ്റാണ്ടിലുള്ളവര്‍ അവര്‍ക്കും താഴെയാണ് എന്ന പ്രവാചകാധ്യാപനം സൂചിപ്പിക്കുന്നത് വിശ്വാസബലം കൊണ്ടും ഇസ്ലാമീയത കൊണ്ടും ഉയര്‍ന്നവരുടെ യോഗ്യത വിവരശേഖരണങ്ങളുടെ വര്‍ധനവോ സാങ്കേതിക വിദ്യയിലുള്ള മികവോ അല്ല. ആത്മീയതയുടെ ആനന്ദവും വിശ്വാസത്തിന്റെ പ്രകാശവും ചെറിയ ശൃംഖലകളിലൂടെ സ്വീകരിക്കാന്‍ സാധ്യമായി എന്നതാണ്. കാലക്രമേണ മനുഷ്യര്‍ പുരോഗതിയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന ഭാഷ ഭൗതികവാദത്തിന്റെയും ശാസ്ത്രമാത്രവാദത്തിന്റെതുമാണ്. ഇസ്ലാമിക വിശ്വാസത്തിന്റെ യഥാര്‍ഥ പ്രകാശത്തെ ആത്മീയതയുടെ വഴിയിലൂടെ സ്വീകരിക്കാന്‍ സാധ്യമാകുമ്പോഴാണ് ഒരു വിശ്വാസിയുടെ വൈജ്ഞാനിക സഞ്ചാരം പൂര്‍ണതയിലേക്കെത്തിച്ചേരുക. അതിനാവശ്യമായ വഴികളും സാധ്യതകളും തുറന്നു കൊടുക്കലാണ് ഓരോ കാലഘട്ടത്തിലെയും പണ്ഡിത പ്രബോധക ദൗത്യം. രചനയും പ്രഭാഷണവും ചോ
ദ്യോത്തരവും സംവാദവും സംവേദനവുമെല്ലാം അതിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ്. ഇതൊന്നും ആത്യന്തികമായ ലക്ഷ്യങ്ങള്‍ അല്ല.
ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ആദ്യന്തികമായ ലക്ഷ്യം കൃത്യമായി തിരിച്ചറിഞ്ഞ് അതിലേക്കെത്തിച്ചേരാന്‍ സഹായിക്കുന്ന ആത്മീയ-ഭൗതിക സന്നാഹങ്ങളൊരുക്കാന്‍ മുസ്ലിം സമൂഹത്തെ പര്യാപ്തമാക്കലാണ് യഥാര്‍ഥ പണ്ഡിത ദൗത്യം. ആ ദൗത്യ നിര്‍വഹണത്തിന്റെ പാതയില്‍ വിജയകരമായി മുന്നേറുന്ന പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പണ്ഡിതന്റെയും പ്രബോധകന്റെയും മുന്‍ഗണനാക്രമങ്ങളെയും ലക്ഷ്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത് കൊണ്ടാണ് ചരിത്രപരമായും സാമൂഹ്യമായും പ്രാദേശികമായും നിരവധി പരിമിതികളുണ്ടായിട്ടും അവയൊന്നും ഇല്ലാതിരുന്ന എല്ലാ സാഹചര്യങ്ങളും അനുകൂലമായിരുന്ന നാടുകളില്‍ പോലും സാധ്യമാകാത്ത സ്ഥിരതയാര്‍ന്ന മതകീയ ശ്രമങ്ങളെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സമസ്തക്ക് സാധ്യമായത്.
പുതിയ പ്രശ്നങ്ങളും വെല്ലുവിളികളും ഉയര്‍ന്നുവരുന്ന ഘട്ടത്തിലും പതിനാല് നൂറ്റാണ്ടു കാലത്തെ വൈജ്ഞാനിക പാരമ്പര്യവും പൈതൃകവും പോറലേല്‍ക്കാതെ സംരക്ഷിക്കുക എന്നത് ശ്രമകരമായ പണ്ഡിത ദൗത്യം തന്നെയാണ്. ഓരോ കാലഘട്ടത്തിലും മുസ്ലിം സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ അതതു കാലഘട്ടത്തിലെ പണ്ഡിതര്‍ക്കും നേതാക്കള്‍ക്കും സംഭവിച്ച അശ്രദ്ധയാണ് ഇസ്ലാമിനകത്ത് ഗുരുതരമായ മത നവീകരണ ചിന്തകള്‍ ഉടലെടുക്കാന്‍ കാരണമായത്. വെല്ലുവിളികളെ അതിജീവിക്കാന്‍ ചിലര്‍ നടത്തിയ താല്‍ക്കാലിക രക്ഷപ്പെടലുകളാണ് പിന്നീട് മുസ്ലിം സമൂഹത്തിനകത്ത് ദൂരവ്യാപകമായ ആശയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയത്. ആഗോളതലത്തില്‍ മുസ്ലിം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്ന പ്രവണതയും ഇത്തരം താല്‍ക്കാലിക രക്ഷപ്പെടലുകള്‍ക്കുള്ള ശ്രമങ്ങളാണ്. മുസ്ലിം സമൂഹത്തിനെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍, വിശ്വാസശാസ്ത്രവുമായി ബന്ധപ്പെട്ട നിരൂപണങ്ങള്‍ എന്നിവയ്ക്കെതിരെ കേവലം ഭൗതികമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാകില്ലല്ലോ. മെറ്റീരിയല്‍ ലോകവീക്ഷണ പ്രകാരം സ്ഥിരീകരിക്കാനോ കണ്ടെത്താനോ കഴിയാത്ത അഭൗതിക ലോകങ്ങളുടെയും അദൃശ്യ സാന്നിധ്യങ്ങളുടെയും വിപുലമായ ലോകങ്ങളില്‍ വിശ്വസിക്കല്‍ വിശ്വാസപരമായ ബാധ്യതയായി നിലനില്‍ക്കുന്ന മുസ്ലിം സമൂഹത്തെ ആധുനികതയുടെയും മെറ്റീരിയലിസ്റ്റ് വ്യാഖ്യാനങ്ങളുടെയും മാനദണ്ഡങ്ങള്‍ക്കകത്ത് തളച്ചിടുന്നത് വിശുദ്ധ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളോടും സങ്കല്‍പങ്ങളോടും കാണിക്കുന്ന അനീതിയാണ്.
ആധുനിക ലോകത്ത് മുസ്ലിം സമൂഹം നേരിട്ട വിശ്വാസപരവും സാമൂഹ്യവും രാഷ്ട്രീയവുമായ വിവിധ പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിവിധ മൂവ്മെന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കും ഇസ്ലാമിനെ സംരക്ഷിക്കുകയും അഭിമാനകരമായി ഇസ്ലാമിനെ ഉയര്‍ത്തിക്കാണിക്കുകയുമായിരുന്നു ലക്ഷ്യം. പക്ഷേ, പലരും സ്വീകരിച്ച വഴികള്‍ ഇസ്ലാമിനെ ആധുനികവത്കരിക്കുന്നതും അടിസ്ഥാന തത്വങ്ങളില്‍ നിന്ന് മാറ്റി പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതുമായിരുന്നു. രാഷ്ട്രീയമായ ആധിപത്യത്തിലൂടെ മാത്രമേ മുസ്ലിം സമൂഹത്തിന്റെ അതിജീവനം സാധ്യമാകൂ എന്ന് കണക്കുകൂട്ടിയ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മുന്നോട്ടുവച്ച സിദ്ധാന്തങ്ങള്‍ മുസ്ലിം സമൂഹത്തിന് കൂടുതല്‍ പരിക്കുണ്ടാക്കി എന്നതാണ് ചരിത്രം. രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കുകയും വ്യക്തിപരമായ ആരാധനാകര്‍മങ്ങളില്‍ മാത്രം പരിമിതപ്പെടുകയും ചെയ്യുന്ന ചില പ്രബോധക സംഘങ്ങള്‍ മുസ്ലിം സമൂഹത്തെ നിഷ്‌ക്രിയത്വത്തിലേക്കാണ് നയിച്ചത്. വൈജ്ഞാനിക വ്യവഹാരങ്ങളും ധൈഷണിക സംവാദങ്ങളുമാണ് മുസ്ലിം സമൂഹത്തിന്റെ നിലനില്‍പ്പിന്റെ ആധാരശില എന്നു കരുതിയ മറ്റു ചിലര്‍ക്ക് സമൂഹത്തിന്റെ അടിത്തട്ടില്‍ ഇറങ്ങി സാധാരണക്കാരന്റെ പ്രായോഗിക ജീവിതങ്ങള്‍ക്ക് ദിശ കാണിക്കാന്‍ സാധ്യമായില്ല. ഈ പോരായ്മകള്‍ പലതുമനുഭവിക്കേണ്ടിവന്ന രാജ്യങ്ങളാണ് ഇന്നത്തെ മിക്ക മുസ്ലിം രാജ്യങ്ങളും. എല്ലാ ഘടകങ്ങളെയും ഒരുമിച്ച് പരിഗണിക്കാനും മുന്‍ഗണനാക്രമങ്ങളെ മുന്‍നിര്‍ത്തി ഇടപെടലുകളെ ക്രമീകരിക്കാനും സാധ്യമാകാതെ പോയതുകൊണ്ടാണ് ആഗോള മുസ്ലിം സമീപനങ്ങള്‍ പലതും ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കാന്‍ കാരണമായത്.
ഇവിടെയാണ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വഹിച്ച സമഗ്രമായ പ്രബോധന പ്രവര്‍ത്തനങ്ങളുടെ സവിശേഷത ബോധ്യപ്പെടുത്തുന്നത്. മുസ്ലിം സമൂഹത്തിന്റെ വിശ്വാസവും ആചാരവും കര്‍മങ്ങളും സംരക്ഷിക്കാന്‍ ഘട്ടംഘട്ടമായി നടത്തിയ ഇടപെടലുകളിലൂടെ, അതിവാദങ്ങള്‍ ഇല്ലാതെ, നടപ്പുരീതികളോട് കലഹിക്കാതെ, ജനകീയമായ പ്രാഥമിക വിദ്യാഭ്യാസത്തിലൂടെ, ബഹുജന ബോധനവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ, മതരംഗത്തെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പാരമ്പര്യ തനിമയില്‍ വളര്‍ത്തിയെടുത്തു കൊണ്ട് സമഗ്രമായ പ്രായോഗിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുകയാണ് സമസ്ത ചെയ്തത്. ആ പാരമ്പര്യവും തനിമയും സംരക്ഷിക്കപ്പെട്ടു കൊണ്ടുള്ള പ്രബോധന വ്യവഹാരങ്ങള്‍ മാത്രമാണ് സമസ്തയുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിക്കപ്പെട്ടത്.
സമാനമായ മാതൃകകള്‍ ലോകത്തെ അറബ് രാജ്യങ്ങള്‍ അടക്കമുള്ള നിരവധി ഇസ്ലാമിക രാജ്യങ്ങളില്‍ കാണാന്‍ സാധ്യമാകും. പക്ഷേ, രാഷ്ട്രീയമായും ഭൗതികമായും മേല്‍കൈ നേടിയ അധികാര കേന്ദ്രങ്ങളിലൂടെ പുറത്തേക്ക് വരുന്നതും ദര്‍ശിക്കാന്‍ സാധ്യമാകുന്നതും ആധുനികതയുടെയും ഭൗതികവാദത്തിന്റെയും ചേരുവകള്‍ ചേര്‍ന്ന പുതിയ സിദ്ധാന്തങ്ങളാണ്. പാരമ്പര്യ തനിമയെ അഭിമാനമായി കൊണ്ടുനടക്കുന്ന പണ്ഡിതന്മാരും പൊതുജനങ്ങളും വിദ്യാഭ്യാസ സംരംഭങ്ങളുമെല്ലാം ദൃശ്യതയില്ലാതെ തിരശ്ശീലക്കു പിറകില്‍ ഒറ്റപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. വെര്‍ച്വല്‍ അന്വേഷണങ്ങളില്‍ നിന്നും മാറി ഇത്തരം രാജ്യങ്ങളിലൂടെ സൂക്ഷ്മമായ സഞ്ചാരം നടത്തിയാല്‍ താഴ്വാരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പരമ്പരാഗത ഇസ്ലാമിക തനിമ ചോരാതെ ഇന്നും കാത്തുസൂക്ഷിക്കുന്ന സമൂഹങ്ങളെ കണ്ടെത്താന്‍ കഴിയും.
വിദ്യാഭ്യാസ സംരംഭങ്ങളായും മുസ്ലിം മുന്നേറ്റങ്ങളായും നമുക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന വാര്‍ത്തകളും ചിത്രങ്ങളും വിവരങ്ങളുമെല്ലാം ആധുനിക ലോകക്രമത്തിന് പ്രിയപ്പെട്ടവ മാത്രമായിരിക്കും. കാരണം, ഇതു പ്രദര്‍ശിപ്പിക്കാന്‍ സ്വീകരിക്കുന്ന സാങ്കേതിക വഴികളും മാധ്യമങ്ങളുമെല്ലാം ആധുനികതയുടെ പ്രചാരകരും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന സിദ്ധാന്തങ്ങളെ മാത്രം ധാരാളമായി പ്രമോട്ട് ചെയ്യുന്നവരുമാണ്. അതുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്ന വിവരങ്ങളല്ല മുസ്ലിം ലോകത്തിന്റെ യഥാര്‍ഥ ആത്മാവ്. ആഗോളതലത്തില്‍ മുസ്ലിം ജീവിതങ്ങളിലേക്ക് സൂക്ഷ്മമായി ഇറങ്ങി ചെല്ലാന്‍ സാധ്യമായാല്‍ അവരെല്ലാം ഭവ്യതയോടെ പവിഴമുത്തുകളായി സൂക്ഷിച്ചുവച്ച പാരമ്പര്യ ഇസ്ലാമിന്റെ മൂല്യങ്ങളും ജീവിതരീതികളും കണ്ടെത്താന്‍ കഴിയും. പാരമ്പര്യ ഇസ്ലാമിന്റെ അടിസ്ഥാന ശിലയായ ആത്മീയതയില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഇസ്ലാമിക ലോക വീക്ഷണത്തെ ആത്യന്തിക വിജയമായി കാണുന്നവരാണ് പാശ്ചാത്യ രാജ്യത്തെ പുതിയ മുസ്ലിം പണ്ഡിതരില്‍ അധികപേരും. ഇന്‍ലെക്ച്വല്‍ വ്യവഹാരങ്ങള്‍ക്ക് സാധ്യമാകാത്ത ആത്മീയ പ്രകാശം പരത്താന്‍ പാരമ്പര്യ ഇസ്ലാമിന്റെ തെളിഞ്ഞ വഴികള്‍ക്കു മാത്രമേ കഴിയൂ എന്ന യാഥാര്‍ഥ്യത്തിലേക്ക് യൂറോപ്യന്‍ മുസ്ലിംകള്‍ പോലും മടങ്ങുന്ന ഈ
കാലഘട്ടത്തില്‍ ആധുനികതയുടെയും മെറ്റീരിയലിസത്തിന്റെയും അടിമകളാകേണ്ടി മാറുക എന്നത് കേരളം മുസ്ലിംകള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഷ്ടം മാത്രമേ വരുത്താനിടയുള്ളൂ.
മുജ്തബ ഫൈസി ആനക്കര