ആഗോള ഇസ്ലാമെന്നാല്‍ പ്രാദേശിക ഇസ്ലാമുകളുടെ സമാഹാരമാണ്. സ്വയം അതിജീവന ശക്തിയും ആന്തരിക ചൈതന്യവുമുള്ള സൃഷ്ടിയാണ് ഇസ്ലാമെന്ന വ്യവസ്ഥ. ചെന്നെത്തുന്ന ഇടങ്ങളോട് അനുഗുണമാം വിധം സ്വയം പാകപ്പെടാനുള്ള വിധാനത ഇസ്ലാമിന്റെ അകത്ത് തന്നെയുണ്ട്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ഘടനാത്മക വ്യവഹാരങ്ങളും വിദ്യാഭ്യാസ ക്രയവ്യയങ്ങളും ആഗോള ഇസ്ലാമിക ചലനങ്ങള്‍ക്കനുസരിച്ച് പുന:ക്രമീകരിക്കപ്പെടേണ്ടതുണ്ടെന്ന വാദങ്ങള്‍ പ്രൈംലൈനില്‍ വരുന്നതാണ് പുതിയ പ്രവണതകള്‍. രണ്ട് കാര്യങ്ങള്‍ക്കാണവിടെ ഉത്തരം കിട്ടാനുള്ളത്, അങ്ങനെയൊരു സാര്‍വഭൗമിക വ്യവസ്ഥയാണോ ഇസ്ലാം മുന്നോട്ടുവക്കുന്ന നാഗരികക്രമം എന്നതും നിലവില്‍ അങ്ങനെയൊരു റോള്‍മോഡലായ ആഗോള ഇസ്ലാം പതിപ്പ് ഉണ്ടോ എന്നതും. രണ്ടിനും അല്ല, ഇല്ല എന്നതാവും ഉത്തരം.
പ്രാദേശികത്വം; ആചരണ വ്യവഹാരം
പ്രാദേശികത്വം ഇസ്ലാമിക ക്രയവ്യയങ്ങളിലും നിയമ നിര്‍വഹണങ്ങളിലും എങ്ങനെയാണ് ഇടംനേടുന്നത് എന്നത് സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാകേണ്ടതുണ്ട്. വൈവിധ്യം ഇസ്ലാം മുന്നോട്ടുവക്കുന്ന പ്രധാന ആശയമാണ്. ഏകധാനത അഥവാ, വ്യത്യസ്തതയില്ലായ്മ തൗഹീദിലാണുള്ളത്. രിസാലത്തിലും ശാഖാപരമായ നിയമങ്ങളിലും ഭാഷ, വംശം, കാലം, സംസ്‌ക്കാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മാത്രമേ ഒരു ‘പാന്‍ ഇസ്ലാം പതിപ്പ്’ സാധ്യമാവുകയുള്ളൂ. കര്‍മശാസ്ത്രത്തില്‍ മാത്രമല്ല, ആധ്യാത്മികതയിലും സാഹചര്യാനുസാരിയായ ഇലാസ്തികതയില്‍ രൂപപ്പെടുത്തപ്പെട്ട ആചരണ,ആലാപന രീതികളാണുള്ളത്. ‘ആഗോള ഇസ്ലാമിക സങ്കല്‍പ്പം’ ഒരു ആധുനിക ആശയവും അപ്രായോഗികവുമാണ്. ആഗോളീയ വാണിജ്യ ഏകോപനം സാധ്യമാക്കാനുള്ള ലിബറല്‍ ലോകവായനയുടെ മതപ്പതിപ്പാണത്. കേരളത്തിന്റെ ഇട്ടാവട്ടത്തിലിരിക്കുന്ന ‘മുസ്ല്യാക്കന്മാര്‍ കഥയെന്തറിഞ്ഞു’ എന്ന തരത്തില്‍ ഇടക്കിടെ പുറപ്പെടുന്ന ക്ലീഷേകള്‍ സന്ദേശദായിയായ ആശയമല്ല, പരിഹാസം മാത്രമാണ്. കേരളത്തിലെ സാമാന്യം ഭദ്രമായ ഇസ്ലാമിക ചട്ടക്കൂടിന്റെ തനിമ ഇല്ലാതാക്കിക്കൊണ്ട് ഇല്ലാത്ത ഒരാഗോള ഇസ്ലാമിക പതിപ്പാകാനുള്ള ഉത്സാഹമുള്ളതും ഇല്ലാതാവാനേ നിമിത്തമാവൂ. ആഗോള തലത്തിലെ ഇസ്ലാം എന്നാല്‍ വിവിധ പ്രാദേശിക ഇസ്ലാമീ രീതികളുടെ സഹവര്‍ത്തിത്വമാണ്. അല്ലാതെ സംയോജനമല്ല, അത് സാധ്യവുമല്ല, അതിന്റെ ആവശ്യമില്ല. എന്നല്ല, അത് ഇസ്ലാമികാധ്യാത്മികമായ ബഹുസ്വരതയെ ഇല്ലാതെയാക്കാനുള്ള ‘സിന്‍ക്രറ്റിക്’ ഫിലോസഫിയുടെ ഗൂഢാലോചനയാണ്. സിന്‍ക്രറ്റിസവും പ്രിസ്‌ക തിയോളജിയുമാണ് ഒന്നാം ഘട്ടത്തില്‍ ഹദീസ് നിഷേധമായി ഇവിടെ എത്തിയത്. സര്‍വഇസ്ലാം ശരിവാദമായും ദേശീയ ഇസ്ലാം ലിബറല്‍വാദമായും വിശാല ലാ ഇലാഹ ഇല്ലല്ലാഹ് സമൂഹമായും മാറുന്ന ഇസ്ലാമിക് ഇന്‍ഡിവിജലിസമാണ് പുതിയ കാലത്തെ പ്രധാന മതഭീഷണി. സോഷ്യല്‍ മീഡിയയിലെ ‘ഉമ്മത്തിന്‍കായ’ ദീനിന്റെ തനിമ ഭംഗപ്പെടുത്തുന്ന വിഷക്കായകളാണ്.
പ്രാദേശികത്വത്തിന്റെ മറ്റൊരുദാഹരണം നോക്കാം, ഒരു ത്വരീഖത്തിന്റെ തന്നെ ‘കോര്‍വയില്‍’ വ്യത്യസ്ത അദ്കാറുകളാണ് വ്യത്യസ്ത നാടുകളില്‍ പ്രചരിതമായത്. അപ്പോള്‍, ആത്മീയഗുരുക്കന്മാരായ മാശാഇഖുമാര്‍ അവരുടെ ശിഷ്യന്മാര്‍ക്ക് അവരുടെ ദേഹ-ഭൂ-ആരോഗ്യ പ്രകൃതത്തിനെതിരാവാത്ത അദ്കാറുകളായിരുന്നു നിര്‍ദേശിച്ചിരുന്നത്. വ്യത്യസ്ത ഭൂപ്രദേശക്കാര്‍ക്ക് വ്യത്യസ്ത വേദവും നിയമവുമായതിന്റെ പൊരുളിന്റെ ഭാഗം തന്നെയാണത്. ഒരു നാട്ടില്‍ വിശ്രുതമായ മൗലിദായിരിക്കല്ല രചയിതാവ് ഒരാള്‍ തന്നെ ആയാലും, മറ്റൊരു നാട്ടില്‍ വിശ്രുതമായത്. ഈരടികള്‍ ഒന്നാണെങ്കിലും ഈണം വ്യത്യസ്തമാവും ചിലപ്പോള്‍. വ്യക്തി, കാലാവസ്ഥ, ഭൂമിശാസ്ത്രം തുടങ്ങിയ അനവധി ഘടകങ്ങള്‍ക്ക് അവിടെ സ്വാധീനമുണ്ട്. ഉദാഹരണത്തിന് ആഫ്രിക്കക്കാര്‍ക്ക് ദീര്‍ഘശ്വാസ സാധകം കൂടുതല്‍ സാധ്യമാവുന്നതിനാല്‍ അവര്‍ക്ക് ഉച്ചസ്ഥായീ ശബ്ദങ്ങള്‍ അനായേസേന എടുക്കാന്‍ പറ്റും.
‘മജ്ഹൂര്‍ ശദീദ്’ ആയ അക്ഷരങ്ങള്‍ അവര്‍ക്ക് ഫേവറുകളാണ്. ആഫ്രിക്കന്‍ ഖാരിഉകളെയും പാട്ടുകാരെയും കേട്ടാല്‍ ആ മാറ്റം മനസ്സിലാക്കാം. ചരിത്രത്തിലെ ബിലാല്‍(റ) മുതല്‍ ഖാരിഅ് അബ്ദുല്‍ ബാസിത്വ് അടക്കം സെനഗലുകാരന്‍ മുഹമ്മദ് അത്തൂര്‍ വരെ നമ്മുടെ മുമ്പിലുണ്ട്. അതേസമയം കിഴക്കനേഷ്യന്‍ പ്രദേശത്തുകാര്‍ പതുങ്ങിയ സ്വരമുള്ളവരാണ്. അവര്‍ക്ക് ‘മഹ്മൂസ് റഖ്വ’യായ സ്വരങ്ങളാണ് ഫേവറുകളാവുക. പാശ്ചാത്യര്‍ക്ക് അക്ഷര സ്ഫുടതയേക്കാള്‍ ഉച്ചാരണ വേഗതയാണുണ്ടാവുക. മിഡിലീസ്റ്റ് എല്ലാറ്റിന്റെയും മധ്യമസ്വഭാവത്തിലാണ്. പാരായണം ആരാധനയായ വിശുദ്ധ ഖുര്‍ആന്‍ മിഡിലീസ്റ്റ് കേന്ദ്രീകരിച്ച് അറബിയിറങ്ങിയതും അത് തന്നെ ഏഴ് സ്ലാങ്ങുകളെ പരിഗണിച്ചതും അക്കാരണത്താല്‍ കൂടിയാണ്.
പ്രാദേശികത്വവും അച്ചടക്കവും
ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സംഘടനാ രീതികളില്‍ ഓരോരുത്തരും തങ്ങളുടെ തന്മയത്വം നിലനിര്‍ത്തുന്നത് കാണാം. ഇതര രീതികളുമായുള്ള ധാരണയോ സഹകരണമോ സാധ്യമാക്കുമ്പോഴും അസ്തിത്വം ഇല്ലാതാക്കുന്ന ഒരു പ്രവണതയും വ്യവസ്ഥാപിത മതകേന്ദ്രങ്ങള്‍ അനുവദിക്കാറില്ല. അതിലാണ് വൃത്തിയുള്ളത്. കേന്ദ്രം അല്ലെങ്കില്‍ കേന്ദ്രബിന്ദു ഒന്നായിക്കൊണ്ട് വ്യത്യസ്ത വൃത്തപരിധികള്‍ വരക്കാം. പക്ഷേ, പരിധി ഒന്നായിക്കൊണ്ട് വ്യത്യസ്ത കേന്ദ്രങ്ങള്‍ വരക്കാനാവില്ല. കേന്ദ്രമനുവദിക്കുന്ന അകലമാണ് പരിധിയുടെ അസ്തിത്വം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ചുറ്റും രൂപംകൊണ്ട വൃത്തത്തിനും ഇത് തന്നെയാണ് നിയമം. വൃത്തവും ചുറ്റുവട്ടവും രണ്ടാണ്. ചുറ്റുവട്ടം ഉരുണ്ട രേഖ മാത്രമാണ്. കേന്ദ്രമില്ലാത്ത വട്ടത്തില്‍ അച്ചടക്കം ഉണ്ടാവില്ല. സമസ്ത ചുറ്റുവട്ടമല്ല, വൃത്തമാണ്, അതായത് വൃത്തിയുള്ള ചുറ്റുവട്ടം. കേന്ദ്രത്തില്‍ നിന്നും മുനതെന്നിയതിനു ശേഷം വൃത്തത്തെ വെടിപ്പാക്കാന്‍ ശ്രമിക്കുന്നത് ലോജിക്കല്‍ ഫാലസിയാണ്. ‘മുശാവറ’ എന്ന ഉലമാ കൗണ്‍സിലാണ് കേന്ദ്രം. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ എന്ന മനുഷ്യനാണിപ്പോള്‍ കേന്ദ്രബിന്ദു. ഉലമാഇനെ നിരുപാധികമായി അനുസരിക്കാനും നിര്‍ദോഷകരമായി മനസ്സിലാക്കാനും മനസ്സിനെ പാകപ്പെടുത്തലാണ് ചെറിയൊരു വലിയ കാര്യം. എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കാന്‍ മനുഷ്യരാര്‍ക്കും പറ്റില്ല. അപ്പോള്‍ ഒന്നിച്ച് പോവാനുള്ള സൗകര്യത്തിനാണല്ലോ വൃത്തകേന്ദ്രം. അച്ചടക്ക രാഹിത്യങ്ങളെ ആഗോള സൈദ്ധാന്തികതയുടെ മറവില്‍ ന്യായീകരിക്കുന്നത് ശരിയല്ല. ഇന്നത്തെ പലരീതികളും പുന:ക്രമീകരണം തേടുന്നുണ്ടെന്ന വസ്തുത ചര്‍ച്ചയാവേണ്ടതുമാണ്.
വിദ്യാഭ്യാസ പുന:ക്രമീകരണം
ഒരുഭാഗത്ത്,രാഷ്ട്ര സമൂഹ നിര്‍മിതിയില്‍ ഉയര്‍ന്ന പദവികളായി പരിഗണിക്കപ്പെടുന്ന തൊഴിലിടങ്ങള്‍ എംഗേജ് ചെയ്യാന്‍ പര്യാപ്തരായ അഭ്യസ്തവിദ്യരെ ഉല്‍പ്പാദിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെടണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ നിര്‍മാതാക്കളും മെത്തഡോളജി ഡിസൈനേഴ്സും അതിലൂടെ വളരണം. അവിടെ മത പ്രതീകങ്ങളോട് ഭവ്യതയും ആദരവും അനുസരണയുമുണ്ടാവുന്ന തരത്തില്‍ ആവശ്യമായ തസ്‌കിയതോടെ കുട്ടികളെ പാകപ്പെടുത്തണം. ഇവര്‍ക്ക് മതബിരുദമോ വിധിതീര്‍പ്പ് കല്‍പ്പിക്കാനുള്ള സനദോ നല്‍കരുത്. സാമുദായിക പ്രതിബദ്ധതയുള്ള പ്രഫഷണല്‍സാവണം ഉല്‍പന്നങ്ങള്‍, നാടന്‍ ഭാഷയില്‍ ഐ.എ.എസ്സുകാര്‍ മുതല്‍ എല്‍.ഡി ക്ലര്‍ക്ക് വരെ.
മറ്റൊരു ഭാഗത്ത്, ഉയര്‍ന്ന നിലവാരത്തില്‍ ഇസ്ലാമിക ശാസ്ത്രങ്ങളില്‍ ഗവേഷണവും അതില്‍ ജീവിത സമര്‍പ്പണവും ചെയ്യുന്നവരെ വളര്‍ത്തിയെടുക്കുന്ന ഇല്‍മിന്റെ കേന്ദ്രങ്ങള്‍ വളരണം. തസ്‌കിയ,തര്‍ബിയ,തഅ്ലീം എന്ന തസ്വവ്വുഫ് ശൈലിയില്‍ മാത്രമായിരിക്കണം ജ്ഞാനക്രിയകള്‍. ഗണിത,ഗോള,ഭൗതിക ശാസ്ത്രങ്ങള്‍ ഇസ്ലാമിക വ്യവഹാരങ്ങളെ സഹായിക്കാന്‍ വേണ്ടി സിലബസിലുണ്ടാവണം. ക്രിറ്റിക്കല്‍ പെഡഗോഗി സമീപത്ത് പോലും വെക്കരുത്. ഭാഷകള്‍, സാങ്കേതിക പരിജ്ഞാനങ്ങള്‍, മാര്‍ഷല്‍ ആര്‍ട്സ്, ജനറല്‍ അവേര്‍നസ് തുടങ്ങിയവ പ്രദാനിക്കണം. ഹയര്‍ സെക്കണ്ടറിക്ക് മുകളില്‍ മതേതര വിദ്യാഭ്യാസ തൊഴിലുകള്‍ക്ക് സഹായകമാവുന്ന ഒരു സര്‍ട്ടിഫിക്കറ്റും നല്‍കരുത്. അവര്‍ തനി ഉലമാക്കളായി മാറണം. ജീവിതമാര്‍ഗമായി മതവൃത്തി ആവാം, ആവാതിരിക്കാം.
അപ്പറഞ്ഞ രണ്ടുതരം സ്ട്രീമുകളാണ് ഇനി നമുക്കിടയില്‍ ഡിസൈന്‍ ചെയ്യപ്പെടേണ്ടത്. സമന്വയ വിദ്യാഭ്യാസ സംവിധാനം എന്ന പേരില്‍ അറിയപ്പെടുന്ന മത,മതേതര സര്‍ട്ടിഫിക്കറ്റുകളുടെ സംയോജനത്തിന്റെ പ്രസക്തി കേരളത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് നാല്‍പ്പത് കൊല്ലങ്ങള്‍ അതാവശ്യമുള്ള കാലമായിരുന്നു. ഇനിയത് മുസ്ലിം കേരളത്തേക്കാള്‍ പിന്നിലുള്ള നാടുകളിലാവട്ടെ. നിലവിലുള്ള സമന്വയ സ്ഥാപനങ്ങള്‍ തദ്സ്ഥിതി തുടരുകയോ പുന:ക്രമം വരുത്തുകയോ ചെയ്യട്ടെ. തദ്സ്ഥിതി തുടര്‍ന്നാലും, മതേതര വിഷയങ്ങളായി ഭാഷാ സാഹിത്യങ്ങള്‍ മാറ്റി ജനറല്‍ സയന്‍സോ സാങ്കേതിക പാഠങ്ങളോ അഭ്യസിപ്പിക്കലാവും ഉചിതം. ഭാഷാ സാഹിത്യങ്ങളും സാമൂഹിക ശാസ്ത്രവും ഇന്നത്തെ സോഷ്യല്‍ മീഡിയാ കാലത്ത് മതസ്ഥാപനങ്ങളിലെ സൂമര്‍ തലമുറക്ക് അച്ചടക്കവും ജീവിതക്രമവും നഷ്ടപ്പെടുത്തുന്നു എന്ന ആക്ഷേപം വിലയിരുത്തപ്പെടേണ്ടതാണ്. വെള്ള വസ്ത്രം ജീവിത ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമാണ്. മതം പകരുന്ന വര്‍ത്തമാനങ്ങളിലും ഭാവങ്ങളിലും പരമ ലാളിത്യവും വിനയവും സൗമ്യതയും നിഴലിക്കുന്ന വിധം നിര്‍മല മനസ്‌ക്കതയാണ് വളരേണ്ടത്. ദീന്‍ അല്ലാഹുവിന്റേതാണ്. സമുദായം പുണ്യറസൂലിന്റേതുമാണ്.
പഠിക്കുന്നതും വായിക്കുന്നതും വ്യക്തിത്വത്തെ സ്വാധീനിക്കും
നമ്മുടെ സമന്വയ സ്ഥാപനങ്ങളില്‍ മിക്കയിടത്തും മതവിഷയങ്ങള്‍ക്കൊപ്പം ഏതെങ്കിലുമൊരു സാഹിത്യമാണ് സെക്കുലറായി ഇപ്പോള്‍ പഠിപ്പിക്കപ്പെടുന്നത്. ഭാവന, കവനം, ആവിഷ്‌കാരം, നിരൂപണം, വിമര്‍ശനം തുടങ്ങിയ കലകളുടെ സമാഹാരമാണത്. ഒന്നിലും ഒന്നിനും അവിടെ കൃത്യത ഉണ്ടാവില്ല. ഊഹങ്ങളുടെ ഉത്സവമായിരിക്കും പുസ്തകങ്ങള്‍ നിറയെ. ഇതാണ് അതിലൂന്നിയ വ്യക്തിത്വത്തെ വിമര്‍ശനോന്മുഖമാക്കി മാറ്റുന്നത്. സോഷ്യല്‍ സ്പെക്റ്റാറ്റിംഗ് പ്രധാന ഹോബിയാവുകയാണ് അത്തരം വിദ്യാര്‍ഥികളില്‍. ഈ രീതി ആത്മീയമായ അച്ചടക്കത്തെ ബാധിക്കും. സ്വയം വ്യാഖ്യാനങ്ങളും ക്രിറ്റിക്കല്‍ റീസണിംഗും മുന്നിര്‍ത്തി ഖുര്‍ആനിനെ വരെ നവീകരിക്കാനുള്ള ഉള്‍ഭ്രമം ഉടലെടുക്കും. ഇതാണ് ഫലമെന്ന് ജനറലൈസ് ചെയ്തൊന്നും പറയാനാവില്ല. എങ്കിലും, ഒരു പ്രോംപ്റ്റീവ് എലമെന്റായി ലിറ്ററേച്ചറും സോഷ്യോളജിയും ഇപ്പറഞ്ഞ സങ്കീര്‍ണതക്ക് ആക്കം കൂട്ടുന്നുണ്ട്. അത്തരം സാഹിത്യാധ്യാപനങ്ങള്‍ ഒഴിവാക്കി പകരം നമ്മുടെ സ്ഥാപനങ്ങള്‍ ശാസ്ത്ര വിഷയങ്ങളും ഗണിത ശാസ്ത്രബന്ധിത സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്ന രീതി എത്ര വേഗമാരംഭിക്കുന്നുവോ അത്ര ശാന്തമാവും അകത്തളങ്ങള്‍. എന്നാല്‍, ഇന്നത്തെ സമന്വയ വിദ്യാഭ്യാസക്രമം ഒരു രീതി എന്നതിനേക്കാള്‍ പതിനായിരങ്ങള്‍ ഭാഗവാക്കായ ഒരു സംസ്‌ക്കാരമാണെന്ന യാഥാര്‍ഥ്യം ചില്ലറക്കാര്യമല്ല. അതിനുള്ളില്‍ മതിയായ ആത്മീയത ഉണ്ടുതാനും. എവിടെയുമുള്ള പലത്വം അവിടെയുമുണ്ടാവുമല്ലോ.
സമന്വയക്കാര്‍ക്ക് ആത്മീയബോധമില്ല എന്ന് ആത്മാര്‍ഥമായി ഗുണദോശിക്കുന്നവരുണ്ട്. നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ ഇടതുപക്ഷ ബോധമല്ല ആത്മീയത. ലഭ്യമായ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വെളിച്ചം അന്വേഷിക്കലാണത്. കണ്ടീഷനിംഗ് അഥവാ സോപാധികത്വവും സൂഫിസവും സംയുക്തമല്ല, വിരുദ്ധങ്ങളാണ്. യഥാര്‍ഥത്തില്‍ സൂഫിസം ഇസ്ലാമിസത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന അടിസ്ഥാന നിര്‍ണയം അതാണല്ലോ.
വേരുകള്‍ വിസ്മരിച്ച് പൂക്കളില്‍ വിസ്മയിക്കരുത് എന്നാണ് പുതിയ പ്രവണതകളില്‍ ഓര്‍മയാവുന്ന ചൊല്ല്. സമസ്തയുടെ കീഴിലുള്ള സമന്വിത പഠനങ്ങലൂടെ മറ്റുള്ളവരുടെ മുന്നിലെത്തിയവരെല്ലാം നാട്ടിലെ മദ്റസകളുടെ കൂടി കണ്ടെത്തലാണ്. കൊള്ളാവുന്ന/ ഇസ്ലാമിക കുടുംബ പശ്ചാത്തലമുള്ള കുട്ടികളെ മദ്റസകളിലെ ഉസ്താദുമാര്‍ സ്‌ക്രീന്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പറഞ്ഞയച്ചതാവും മൂന്നില്‍ രണ്ടരക്കഥകളും. നാട്ടിലെ സ്‌കൂളില്‍ മാത്രം ഉയര്‍ന്ന് പഠിപ്പിക്കാന്‍ വെച്ച മക്കളെ രണ്ടും പഠിക്കുന്ന ‘മൊല്യാര് ‘ കുട്ടികളായി മാറ്റാന്‍ വിസമ്മതിക്കുന്ന രക്ഷിതാക്കള്‍ക്ക് സ്ഥാപനങ്ങളുടെ കലണ്ടറും കാറ്റലോഗും കാണിച്ച് കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്ന സ്വദര്‍ ഉസ്താദുമാരാണ് കിംഗ് മേക്കര്‍മാര്‍. അവര്‍ സ്‌ക്രീനില്‍ ഉണ്ടാവില്ല. എന്നല്ല, ‘സംഘടനാ മതക്കാര്‍’ എന്ന പഴികേട്ട് വീണ്ടും നിശബ്ദമായി ആ ജോലി ചെയ്ത് കൊണ്ടേയിരിക്കുകയാണ്. വന്ന വഴികളോ വഴികള്‍ തന്ന കൈകളോ മറക്കുന്ന
നന്ദിയില്ലാത്തവര്‍ക്ക് തുടങ്ങിയത് തീര്‍ക്കാനായേക്കാം, പക്ഷേ, പിന്നെ തുടങ്ങാനാവില്ല. വിദ്യാഭ്യാസ നിര്‍മാണം നടത്താന്‍ കെല്‍പ്പുറ്റ ക്രീം ടീമിനെ സെറ്റ് ചെയ്യാന്‍ സമസ്തയുടെ സര്‍ക്കുലറും പിടിച്ച് രക്ഷിതാക്കളെ കൗണ്‍സില്‍ ചെയ്യുന്ന മദ്റസാ ഉസ്താദുമാരോട് പുച്ഛം പ്രകടിപ്പിക്കുന്നവരാണ് പലപ്പോഴും വിജയിച്ച കഥകള്‍ക്ക് മംഗളം പാടുന്നത്. ജയിക്കുന്നത് വരെ അത്തരക്കാര്‍ക്ക് മേല്‍ അപരിഷ്‌കൃതത്വം ആരോപിക്കുകയും രണ്ടാം തരം പൗരത്വം കല്‍പ്പിക്കുകയും പിന്നീട് പൂന്തോട്ടങ്ങള്‍ക്ക് അവകാശം പറയുകയും ചെയ്യുന്നതിനെയാണല്ലോ വൈക്കം മുഹമ്മദ് ബശീര്‍ എന്തോ വിളിച്ചത്?, അത്തരം ഗ്രാസ്റൂട്ട് വര്‍ക്കുകള്‍ക്കാണ് മതസംഘടന, അവര്‍ക്ക് വഴി തെളിച്ച് കൊടുക്കാനാണ് സാമുദായിക രാഷ്ട്രീയം, ഈ സംവിധാനം നിലനിര്‍ത്താന്‍ വേണ്ടി ജീവിക്കുന്നവരെ ഉള്‍ക്കൊണ്ടാല്‍ മാത്രമേ ചെയ്യുന്നതില്‍ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാവുകയുള്ളൂ. വ്യക്തികളാണ്, നാട്ടുകാരാണ് സമുദായ കാര്യങ്ങള്‍ ഓരോന്നും ചെയ്യുന്നത്. പക്ഷേ, അവരെ കോഡിനേറ്റ് ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും ഘടനാത്മക സംവിധാനവും പ്രത്യയ ശാസ്ത്രപരമായ വിശ്വാസവുമാണ്. അതാണ് മഹല്ല് സ്ഥാപനങ്ങള്‍ സമസ്തയോട് കടപ്പെട്ട വഴി. രാഷ്ട്രീയമായാലും ഗവണ്‍മെന്റ് തന്നെയായാലും ചെയ്യുന്നത് വ്യക്തിയോ നാട്ടുകാരോ തന്നെയാവും. പക്ഷേ, ചെയ്യാനിടങ്ങള്‍ ഒരുക്കുന്നത് പ്രത്യയ ശാസ്ത്രമുണ്ടാക്കിയ ഫ്രയിംവര്‍ക്കാണ്. അവിടെ വ്യക്തികള്‍ക്കല്ല സ്ഥാനം, പ്രത്യയശാസ്ത്രത്തിന് മാത്രമാണ്. അത് തിരിച്ചറിയാത്ത ‘ഇസ്ലാമിക് ഇന്‍ഡിവിജലിസം’ തല്‍ക്കാലത്തേക്ക് രസമാണ്, പക്ഷേ പില്‍ക്കാലത്തേക്ക് ബാധ്യതയാവും.
മതസംഘടനയും നവീകരണവും
രാഷ്ട്ര ഭരണത്തിന്റെ ഫ്രയിംവര്‍ക്കിലൂടെ നോക്കിക്കാണേണ്ട ഹെറാര്‍ക്കിയല്ല ആത്മീയ സംഘടനാക്രമം. തിയോക്രസിക്കും ഡെമോക്രസിക്കും ചില പൊതുത്വങ്ങള്‍ കാണാം. എന്നാല്‍, മതാത്മീക സംഘാടനം ഇത് രണ്ടുമല്ല. ജനാധിപത്യത്തില്‍ നേതാക്കള്‍ നിയമനിര്‍മാതാക്കളും ഭരണാധികാരികളുമാണ്. ആത്മീക പ്രസ്ഥാനത്തില്‍ നേതാക്കള്‍ ദീനീ നിയമങ്ങള്‍ അനുസരിച്ചുള്ള കൈകാര്യകര്‍ത്താക്കളാണ്. ജനാധിപത്യ രാഷ്ട്രീയം ഒരേസമയം നിയമനിര്‍മാതക്കളെയും അവരുടെ വിമര്‍ശകരെയും അതിന്റെ അടിസ്ഥാന സ്വഭാവമായി ഉള്‍ക്കൊള്ളുന്നു. കാരണം, ഭരണാധികാരികള്‍ നീതി പാലിക്കേണ്ടവരാണ്. രാഷ്ട്രീയം നീതിസങ്കല്‍പ്പത്തെയാണ് അടിസ്ഥാന സ്വത്വമായി പരിഗണിക്കുന്നത്. ഇസ്ലാമിലെ ആത്മീയത അങ്ങനെയല്ല. നിയമങ്ങള്‍ ലബ്ദപ്രതിഷ്ഠമാണ്. നീതി അവിടെ മനുഷ്യനിര്‍മിതിയല്ല. അല്ലാഹുവിലാണ് ആത്യന്തിക നീതി. വിചാരണാവകാശവും അവനു മാത്രം. മതാത്മീക നേതൃത്വം അല്ലാഹുവിന്റെ പ്രതിപുരുഷന്മാരല്ല. മതസംഘടന സംഘടനക്ക് വേണ്ടിയുള്ളതുമല്ല. ലഭ്യമായ ഭൗതിക സാഹചര്യത്തില്‍ അനുവദനീയമായ മതാചരണങ്ങള്‍ അനുശീലിക്കാനാവശ്യമായ പാടവും പാഠവും വിശ്വാസികള്‍ക്ക് ഒരുക്കിക്കൊടുക്കലാണതിന്റെ പണി. വിശ്വാസികള്‍ യാത്രക്കാരാണ്. മറുകര പറ്റലാണ് ലക്ഷ്യം. പാലത്തിന്റെ കൈപ്പിടിയുടെ കണ്ണികള്‍ ഇളകിയതിന് തൂണുകളുടെ ബലത്തെയല്ല സംശയിക്കേണ്ടത്. പിന്നില്‍ വരാനുള്ളവര്‍ ധാരാളമായതിനാല്‍ പാലത്തിലിരുന്ന് മുന്നില്‍ നടന്നവരുടെ നടത്തം ഓട്ടവും ചാട്ടവുമാവുന്നില്ലെന്ന് തര്‍ക്കിക്കാതെ വേഗം സ്വന്തം ജോലി ചെയ്ത് നടക്കലാണ് ഉപാസന. കുറവും ന്യൂനതയും ചോദ്യം ചെയ്യുനാവകാശപ്പെട്ടവന്‍ മറുകരയിലുണ്ട്, അല്ലാഹു.
അവന്‍ മുന്നില്‍ നടന്നവരെ മാത്രമല്ല വിചാരണ നടത്തുക. പിന്നില്‍ നടക്കുന്നവര്‍ക്കും നിയമമുണ്ട്, പിന്നിലുള്ളവര്‍ നോക്കേണ്ടത് അവരുടെ കാല് പതിയുന്ന സ്ഥലമാണ്. മുന്നിലുള്ളവര്‍ കാല് വെക്കുന്ന സ്ഥലമല്ല. അണികള്‍ അവരുടെ കടമകള്‍ പാലിച്ചിട്ടുണ്ടോ എന്നും പടച്ചവന്‍ നോക്കും. നിയ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഒന്നിച്ച് സഞ്ചരിക്കുന്നത് ആത്മീകയാനത്തിലും യാത്രയുടെ പാതയും പാഥേയവും നിര്‍ണയിക്കുന്നത് ആധുനികതാ മൂല്യങ്ങളുമാവുന്നതാണ് ഇവിടെ കല്ലുകടി.
തിരുത്തിയും തിരുത്തിച്ചും വികസിക്കേണ്ട സാഹിത്യ സംഘമല്ല സമസ്ത. കൃത്യതയും കണിശതയും കൈമുതലാക്കിയ കര്‍മശാസ്ത്ര ബന്ധിതമായ ആത്മീയ ഇസ്ലാമാണ് അതിന്റെ ചട്ടക്കൂട്. ആ കൂട് വേണ്ടാത്തവര്‍ക്ക് ഇസ്ലാമില്‍ തന്നെ വേറെ ധാരാളം കൂടുകള്‍ ഉണ്ടെന്നിരിക്കെ, ക്രിറ്റിക്ക് എലമെന്റ് കൊണ്ട് സമസ്തയെ ശരിപ്പെടുത്തുന്നത് ശരിയാവില്ല. മുന്‍കാലത്ത്, മുശാവറയില്‍ കര്‍മശാസ്ത്രപരമായ വീക്ഷണ-ഭിന്നതകള്‍ ഉള്ളവര്‍ ഒന്നിച്ച് നിന്നതിനെ ഇന്നിക്കാണുന്ന വിമര്‍ശന മത്സരങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി എഴുന്നള്ളിക്കുന്നവര്‍ രണ്ട് പിഴവാണ് വരുത്തുന്നത്. ഒന്ന്, അക്കാലത്ത് അണികള്‍ ഭിന്നാഭിപ്രായം പറഞ്ഞ് നേതൃത്വത്തെ തിരുത്തിയിട്ടില്ല. സമാസമക്കാരുടെ ആശയദാനമായിരുന്നു ആ മഹത്തായ ‘തര്‍ക്കം’, അതാവട്ടെ, ആദരവിന്റെ അഴകാര്‍ന്ന ഭാഷയിലും. രണ്ട്, ജ്ഞാന നിര്‍ദ്ധാരണവുമായി ബന്ധപ്പെട്ട കാഴ്ച്ചപ്പാടും അധികാരഘടനയുമായി ബന്ധപ്പെട്ട ഒച്ചപ്പാടും വെവ്വേറെയാണ്.
ശുഐബുല്‍ ഹൈതമി