ആര്‍.വി അലി മുസ്ലിയാര്‍ പ്രവാസം ധന്യമാക്കിയ പണ്ഡിതനും സംഘാടകനും

1022

യു.എ.ഇയില്‍ പൊതുവെയും അജ്മാനില്‍ പ്രത്യേകിച്ചും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചിരുന്ന സംഘാടക കാരണവരെന്ന് അക്ഷരാര്‍ഥത്തില്‍ വിശേഷിപ്പിക്കാവുന്ന ഉസ്താദ് ആര്‍.വി അലി മുസ്ലിയാര്‍ വിടപറഞ്ഞിരിക്കുന്നു. അജ്മാനിലെ ആള്‍രൂപങ്ങള്‍ക്കിടയില്‍ നാലു പതിറ്റാണ്ട് കാലമായി മത,സാമൂഹിക,സാംസ്‌കാരിക,വിദ്യാഭ്യാസ മേഖലകളില്‍ ജ്വലിച്ചു നിന്ന മഹാ മനീഷിയായിരുന്നു അദ്ദേഹം. ആ മഹാ പണ്ഡിതന്റെ ശ്വാസനിശ്വാസങ്ങളില്‍ അലിഞ്ഞു ചേര്‍ന്നതാണ് അജ്മാനിലെ ഓരോ സുകൃതങ്ങളും. മലയാളിയുടെ പ്രതാപവും വിദ്യാഭ്യാസ മുന്നേറ്റവും സാംസ്‌കാരിക ശോഭയും ജീവ കാരുണ്യ സേവന ചിന്തകളും ഉയര്‍ന്നു വന്നത് പ്രവാസിയുടെ സാമ്പത്തിക പിന്തുണ കൊണ്ടാണ്. നാട്ടില്‍ നിന്നെത്തുന്ന ആരെയും കൈപിടിച്ച് അറബി പ്രമുഖന്മാര്‍ക്കു മുന്നിലും പ്രവാസി വ്യവസായികള്‍ക്കു മുന്നിലും ഉസ്താദ് കൊണ്ടുപോകും. സരസമായ സംഭാഷണത്തിലൂടെ അവര്‍ക്ക് മുന്നില്‍ വന്നവരുടെ പദ്ധതികളൊക്കെയും വിശദീകരിക്കും. മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ ഉസ്താദ് ഏറെ സന്തോഷിക്കുമായിരുന്നു. വ്യക്തി ബന്ധം നന്മയുടെ വഴിയില്‍ കാത്തു സൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നതില്‍ അദ്ദേഹത്തിന് വല്ലാത്ത താല്‍പര്യമായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ജീവവായു പോലെ കൊണ്ടുനടക്കുമായിരുന്നു ആര്‍.വി ഉസ്താദ്. സമസ്തയുടെ പദ്ധതികള്‍ക്കും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ശാരീരികമായും സാമ്പത്തികമായും അകമഴിഞ്ഞ് സഹായിക്കുക എന്നത് അദ്ദേഹത്തിന് വലിയ ആവേശം നല്‍കി. തന്റെ സഹവാസികളോട് അത്തരം നല്ല കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാനും സഹായങ്ങള്‍ നല്‍കാനും ഉസ്താദ് ഉപദേശിച്ചു. തന്റെ ആരോഗ്യം പോലും വകവെക്കാതെ പ്രവാസലോകത്തെ നിരവധി ആത്മീയ വേദികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഇത്തരം വേദികളിലെല്ലാം സമസ്തയുടെ സന്ദേശം പ്രചരിപ്പിക്കാനും അതിനു പിന്നില്‍ അടിയുറച്ചു നില്‍ക്കാനും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. സമസ്തയേയും മുസ്ലിം ലീഗിനെയും സ്നേഹിച്ച്, രണ്ടിനു വേണ്ടിയും എപ്പോഴും പ്രവര്‍ത്തിച്ച ആര്‍.വി ഉസ്താദ്, തീവ്രതക്കും അകല്‍ച്ചക്കും മുഖം കൊടുക്കാതെ എല്ലാവരോടും പുഞ്ചിരി കൊണ്ട് മാത്രം സംവദിച്ചു.
വളരെ സൗമ്യമായിരുന്നു ഉസ്താദിന്റെ ഓരോ ഇടപെടലുകളും. ഓരോരുത്തരോടും ഉസ്താദ് അടുക്കുന്നത് കാണുമ്പോള്‍ തോന്നിപ്പോകും എന്നോടാണ് ഉസ്താദിനു ഏറെ സ്നേഹമെന്ന്. പക്ഷേ, ഒടുവില്‍ ഉസ്താദിനെ കുറിച്ചറിയുമ്പോള്‍ അടുക്കുന്നവരോടൊക്കെ ആത്മബന്ധം പുലര്‍ത്താനും അവരുടെ കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലുമുണ്ടാവുന്ന അല്ലലുകളില്‍ വരെ ഉസ്താദ് ഇടപെടുകയും അവിടെ മഞ്ഞുതുള്ളികളായി ഉസ്താദിന്റെ സാന്നിധ്യം മാറുകയും ചെയ്യുമായിരുന്നു. ഇത് ഒരുപാടാളുകളുടെ അനുഭവമായിരുന്നു. പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങള്‍ക്കിടയില്‍ ആത്മശാന്തി തേടി ഉസ്താദിനെ സമീപിച്ചിരുന്ന നിരവധി ചെറുപ്പക്കാരുണ്ടായിരുന്നു. അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവരെ സമാധാനിപ്പിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും സമയം കണ്ടെത്തി.
ഉസ്താദിന്റെ വിയോഗം തീര്‍ത്ത വിടവ് നികത്താന്‍ ആര്‍ക്കുമാവില്ല. അജ്മാനിലെ സുന്നീ സമൂഹത്തിനു മാത്രമല്ല, മത,ജാതി ഭേദമില്ലാതെ പലരും ഉസ്താദിനെ തങ്ങളുടെ കച്ചവടത്തിന്റെ ഉദ്ഘാടനത്തിനും ചെറിയ കാര്യങ്ങള്‍ക്കു വരെയും പ്രത്യേകം ക്ഷണിച്ച് സല്‍ക്കരിക്കുമായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു സുകൃതം പോലെ ആവശ്യമായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിദ്യാഭ്യാസ രംഗത്ത് സജീവമാകാനുള്ള താല്‍പര്യം അദ്ദേഹം അവസാന കാലത്ത് പലപ്പോഴും പങ്കുവെച്ചിരുന്നു. ആ ചിന്തകള്‍ കൂടെ കൊണ്ടുനടക്കുമ്പോഴാണ് അല്ലാഹുവിന്റെ വിളികേട്ട് മടങ്ങിയത്. നോമ്പനുഷ്ഠിച്ച പകലിന്റെ ഹൃദയനൈര്‍മല്യവും, ശുക്റുകളോതി നോമ്പുതുറന്ന സന്ധ്യയുടെ ഹൃദയ താരള്യവുമായി, മിഅറാജ് രാവില്‍ ഹൃദയത്തെ തണുപ്പിച്ച തണുത്ത കാറ്റിനൊപ്പം, ആ ആത്മാവ് ആകാശ ലോകത്തേക്കുയര്‍ന്നുപോയി.
പ്രമുഖ പണ്ഡിതനും മുഫ്തിയുമായിരുന്ന പറപ്പൂര്‍ മുഹ് യിദ്ദീന്‍ കുട്ടി മുസ്ലിയാരുടെയും സൈനബ ഉമ്മയുടെയും മകനായി തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്ത പറപ്പൂര്‍ തടത്തില്‍ 1948 ലാണ് അലി മുസ്ലിയാര്‍ ജനിച്ചത്. ജന്മനാട്ടില്‍ പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം പിതാവിനു കീഴില്‍ പട്ടേക്കാട്, വെന്മേനാട്, കോക്കൂര്‍ എന്നിവിങ്ങളില്‍ കിതാബോതി. പിതാവിനെ ശുശ്രൂക്കാനായി കൂടിയതിനാല്‍ ഉപരിപഠനത്തിനു പോയില്ല. ശേഷം അമ്പലപ്പുഴയില്‍ വര്‍ഷങ്ങളോളം ഇമാമായി സേവനം ചെയ്തു.
മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ തുടക്ക കാലമായ 1977 ല്‍ കപ്പല്‍ മാര്‍ഗം യു.എ.യിലെത്തി. തുടക്ക കാലത്ത് വിവിധ കമ്പനികളില്‍ പലതരം തസ്തികകളില്‍ ജോലി ചെയ്തു. 1981 ല്‍ ഔഖാഫില്‍ ഔദ്യോഗികമായി ഇമാമായി ജോലിയില്‍ പ്രവേശിച്ചു. 2022 ഡിസംബര്‍ വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി അദ്ദേഹം ആഹോരാത്രം പരിശ്രമിച്ചു. കൂടാതെ കെ.എം.സി.സിയുടെ ശക്തനായ പ്രചാരകനും വക്താവുമായിരുന്നു ഉസ്താദ്. മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്സ്(എം.ഐ.സി), ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി, വളാഞ്ചേരി മര്‍കസു തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യ, പുറമണ്ണൂര്‍ മജ്ലിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ച് നേതൃപരമായ പങ്കുവഹിച്ചു. ജന്മനാടായ കേച്ചേരിയിലെ എം.ഐ.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേച്ചേരിയിലെ എം.ഐ.സിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അമീന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ദാറുല്‍ അമാന്‍ ഹിഫ്സ് കോളേജ് എന്നീ സ്ഥാപനങ്ങളുടെ പുരോഗതിക്കായി വലിയ സംഭാവനകള്‍ നല്‍കി. ഹിഫ്സ് കോളേജിന്റെ വിപുലീകരണാര്‍ഥമുള്ള ഫണ്ട്ശേഖരണത്തിലായിരുന്നു അദ്ദേഹം. അതുമായി ബന്ധപ്പെട്ടുള്ള മലേഷ്യന്‍ യാത്രക്കായി മകന്‍ ഫുളൈല്‍ വാഫിയുടെ അവധിക്കായി കാത്തിരിക്കുകയായിരുന്നു ഉസ്താദ്. എം.ഐ.സിയുടെ ആശയശില്‍പിയും സ്ഥാപക നേതാവുമായിരുന്ന കൈപമംഗലം പി.എ സൈദ് മുഹമ്മദ് ഹാജിയുമായുള്ള വ്യക്തിബന്ധത്തിലൂടെയാണ് എം.ഐ.സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. എം.ഐ.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റായിരുന്ന ആര്‍.വി സിദ്ധീഖ് മുസ്ലിയാര്‍ അലി മുസ്ലിയാരുടെ സഹോദരനായിരുന്നു. എണ്‍പതുകളില്‍ ആടിയുലഞ്ഞ സംഘടന പരിസരത്ത്, പ്രവാസ ലോകത്ത് സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ വലിയ ത്യാഗം സഹിച്ചു അദ്ദേഹം.
സുന്നി യുവജന സംഘം അജ്മാന്‍ കമ്മിറ്റിയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ ഇജാസത്തില്‍ അജ്മാനില്‍ നടന്നുവന്നിരുന്ന ദിക് ര്‍-ദുആ മജ്ലിസിന് അദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. സമസ്ത കേരള സുന്നി വിദ്യാര്‍ഥി ഫെഡറേഷന്‍ അജ്മാന്‍ കമ്മിറ്റിയുടെ ഊര്‍ജവും കരുത്തുമായിരന്നു അദ്ദേഹം. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സിലബസ് പ്രകാരം അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന നാസര്‍ സുവൈദി മദ്റസയുടെയും ഇമാം നവവി മദ്റസയുടെയും രക്ഷാധികാരിയിരുന്നു അദ്ദേഹം. എസ്.
കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ തൃശൂര്‍ നടന്നപ്പോള്‍ അതിന്റെ വിജയത്തിനു വേണ്ടി നേതാക്കള്‍ നടത്തിയ യു.എ.ഇ യാത്രയുടെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാള്‍ ആര്‍.വി അലി ഉസ്താദായിരുന്നു. സമ്മേളന വിജയത്തിനായി സംഭാവനകള്‍ സ്വരൂപിക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. സമ്മേളന സ്മാരകമായ തൃശൂര്‍ നഗരത്തില്‍ ഉയര്‍ന്നു വരുന്ന സമര്‍ഖന്ദ് ഭവന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം തന്റെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി നല്ലൊരു സംഖ്യ സംഘടിപ്പിച്ചു. കൂടാതെ തൃശൂര്‍ ജില്ലാ അജ്മാന്‍ കെ.എം.സി.സി പ്രസിഡന്റായും അജ്മാന്‍ സ്റ്റേറ്റ് കെ.എം.സി.സി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. വഫാത്താകുമ്പോള്‍ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സമസ്ത നേതാക്കളായിരുന്ന ശംസുല്‍ ഉലമാ ഇ.കെ ഉസ്താദ്, കെ.കെ അബൂബക് ര്‍ ഹസ്റത്ത്, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍, കെ.ടി മാനു മുസ്ലിയാര്‍, അത്തിപ്പറ്റ ഉസ്താദ്, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നാട്ടിക മൂസ മുസ്ലിയാര്‍ തുടങ്ങിയ നേതാക്കളുമായി അദ്ദേഹം അഭേദ്യബന്ധം പുലര്‍ത്തി. സമസ്തയെയും സമുദായത്തെയും അതിരറ്റ് സ്നേഹിച്ച പ്രിയപ്പെട്ട ഉസ്താദ് കര്‍മനിരധനായിരിക്കെ തന്നെയാണ് അണഞ്ഞു പോയത്. തന്റെ കര്‍മഭൂമിയായ അജ്മാനില്‍ വെച്ച് തന്നെ അല്ലാഹുവിലേക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ വിധി. 2023 ഫെബ്രുവരി 18 ന് 1444 റജബ് 27 ന് ആ മഹാത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു. അജ്മാനിലെ ജറഫ് ഖബര്‍സ്ഥാനില്‍ ആ ധന്യജീവിതം അന്ത്യവിശ്രമം കൊള്ളുന്നു.

സയ്യിദ് ശുഐബ് തങ്ങള്‍
(പ്രസിഡന്റ്, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ
നാഷണല്‍ കമ്മിറ്റി)