ഇസ്ലാമിക നാഗരികതയില്‍ രാജ്യസുരക്ഷയുടെ ഭാഗമായി രൂപപ്പെട്ടു വന്ന രഹസ്യാന്യേഷണ ഏജന്‍സികള്‍ പിന്‍കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണ്. അതേസമയം, അത്തരം അടയാളപ്പെടുത്തലുകള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണുതാനും. അബ്ബാസി ഭരണാധികാരിയായിരുന്ന ഖലീഫ അബൂ ജഅ്ഫറുല്‍ മന്‍സൂറിന്റെ കാലത്ത് ഇത്തരം ഇന്റെലിജന്‍സ് ഏജന്‍സികള്‍ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ഇമാം ത്വബ്‌രി(റ) തന്റെ ചരിത്ര ഗ്രന്ഥത്തില്‍ ഖലീഫ ഹാറൂണ്‍ റശീദിന്റെ കാലത്ത് വളരെ സുശക്തമായ നിലയില്‍ നടന്നിരുന്ന ഇസ്‌ലാമിക് ഇന്റെലിജന്‍സ് ബ്യൂറോയെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അതില്‍ അദ്ദേഹം ഖിലാഫത്തിനു കീഴിലായി നടപ്പിലാക്കപ്പെട്ട സങ്കീര്‍ണമായ ഭരണപരിഷ്‌കരണ നയങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ആധുനിക കാലത്തെ സ്വതന്ത്ര വകുപ്പുകളായി എണ്ണപ്പെടുന്ന നീതിന്യായ വകുപ്പുകളും, രാജ്യ സുരക്ഷാ വകുപ്പുകളും, സാമ്പത്തിക കാര്യ വകുപ്പും, വിവരശേഖരണ വകുപ്പുകളും ഹാറൂണ്‍ റശീദിനു കീഴിലേയും തന്ത്രപ്രധാന വകുപ്പുകളായിരുന്നു. ഖലീഫ ഖാറൂണ്‍ റശീദ് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതായി ത്വബ്‌രി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്‍കാലത്ത് ഇസ്‌ലാമിക നാഗരികതകള്‍ വളരെ വിപുലമാവുകയും, ശത്രുക്കള്‍ കൂടിവരികയും ചെയ്ത സമയത്ത് ഇത്തരം രഹസ്യാന്യേഷണ വിഭാഗങ്ങള്‍ വളരെ സുപ്രധാന ഘടകമാവുകയും, അതിനായി പ്രത്യേക വകുപ്പുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.
അറേബ്യയിലെ ഇസ്‌ലാമിന്റെ തുടക്കകാലത്ത് പ്രവാചകര്‍ (സ്വ) തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു രഹസ്യോന്യേഷണ വിഭാഗം ഉണ്ടായിരുന്നില്ല. നബിയുടെ മക്ക കാലഘട്ടത്തില്‍ നബി തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നത് അല്‍ ഹകം ബിന്‍ അബില്‍ ആസ് എന്ന ചാരനായിരുന്നുവെന്ന് സിബത് ബന്‍ ജൗസി തന്റെ മിര്‍ആതുസ്സമാന്‍ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മക്കവിട്ട് സുരക്ഷിത സ്ഥലമന്യേഷിച്ച് മദീനയിലേക്ക് ഹിജ്‌റ ചെയ്തപ്പോഴും ഇത്തരം ചാരന്മാര്‍ നബിയെ വിടാതെ പിന്തുടര്‍ന്നിരുന്നു. ഇതിനോട് ചേര്‍ത്തുവക്കേണ്ടതാണ് ബലാദുരിയുടെ അന്‍സാബുല്‍ അശ്‌റാഫ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട സംഭവം. മാലിക് ഇബ്ന്‍ അബീ ഖൗഖല്‍ എന്നയാള്‍ പ്രകടമായ രീതിയില്‍ ഇസ്‌ലാം അനുഭാവം പുലര്‍ത്തുകയും, മുശ്‌രിക്കികള്‍ക്ക് പ്രവാചകരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തിരുന്നു. അക്കാരണത്താല്‍ തന്നെ അക്കാലത്ത് മുസ്‌ലിംകള്‍ക്ക് വലിയ രീതിയിലുള്ള ഭീഷണി ശത്രുക്കളുടെ ഭാഗത്ത് നിന്നും അഭിമുഖീകരിച്ചിരുന്നു. ഇത്തരത്തില്‍ മുസ്‌ലിംകള്‍ നേരിട്ട വലിയ പരാജയമായിരുന്നു ഇമാം ബൈഹഖി(റ)തങ്ങള്‍ തന്റെ ദലാഇലുന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ സംഭവം. ഉംറത്തുല്‍ ഖദാഇന് ശേഷം നബി തങ്ങള്‍ മദീനയിലേക്ക് യാത്ര തിരിച്ച സമയത്ത് ബനൂ സലീം ഗോത്രക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് ഒരു രഹസ്യ സംഘത്തെ അയച്ചു. പക്ഷേ, ഈ സംഘത്തെ ബനൂ സലിം ഗോത്രം സംഘം കൂടി അമ്പെറിഞ്ഞായിരുന്നു സ്വീകരിച്ചത്. നബിതങ്ങള്‍ അയച്ച രഹസ്യ സംഘം അവിടെ വരുമെന്ന് ഈ സംഘത്തിലെ തന്നെ ചില ചാരന്മാരായിരുന്നു ആ ഗോത്രത്തിന് വിവരം കൈമാറിയത്. അപകടകരമായ രീതിയില്‍ ഇത്തരം ചാരസംഘങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു.
ഇത്തരത്തില്‍ നിരന്തരമായ ചാരശല്യം രൂക്ഷമായ സമയത്ത് മദീനയിലെ മുസ്‌ലിംകളെയും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ നബി പ്രാപ്തരാക്കി. ഇമാം ബുഖാരി തങ്ങള്‍ സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇപ്രകാരമാണ്. ഒരിക്കല്‍ നബി തങ്ങളുടെ അടുത്തേക്ക് ഒരു ചാരന്‍ വരികയുണ്ടായി. നബി തങ്ങള്‍ക്ക് അയാളുടെ ഉദ്ദേശലക്ഷ്യം വ്യക്തമായപ്പോള്‍ സ്വഹാബത്തിനോട് അദ്ദേഹത്തെ വകവരുത്താന്‍ കല്‍പിച്ചു. ഇതില്‍ നിന്ന് തന്നെ ചാരശല്യം എത്രമാത്രം ഭീതിതമായിരുന്നുവെന്ന് മനസ്സിലാക്കാം.
ഇത്തരത്തില്‍ സ്വഹീഹുല്‍ ബുഖാരിയില്‍ തന്നെ രേഖപ്പടെുത്തപ്പെട്ട മറ്റൊരു സംഭവം കൂടിയുണ്ട്. നബി തങ്ങള്‍ക്ക് ഖുസാഅ ഗോത്രത്തില്‍ പെട്ട ഒരു ചാരനുണ്ടായിരുന്നു(അദ്ദേഹം മുശ്‌രിക്കായിരുന്നുവെന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്) അങ്ങനെ മദീനയില്‍ നിന്ന് നബി തങ്ങള്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്കു പോകുന്ന സമയത്താണ് ഇദ്ദേഹത്തെ മക്കയിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ വേണ്ടി നബി തങ്ങള്‍ നിയോഗിക്കുന്നത്. ഇങ്ങനെ മക്കയില്‍ പോയി വന്നതിനു ശേഷം ശത്രുക്കള്‍ നബിക്കെതിരെ സംഘടിക്കുന്നതും, നബിയെ വഴിയില്‍ തടയാനുദ്ദേശിക്കുന്നതും, നബിയെ വകവെരുത്താന്‍ അവര്‍ നടിത്തുന്ന പ്ലാനിംഗുകളെക്കുറിച്ചുമെല്ലാം അദ്ദേഹം നബിയെ അറിയിച്ചു. പിന്നീട് ഈ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നബി തങ്ങള്‍ കരുക്കള്‍ നീക്കിയത്.
ഇബ്‌നു അബ്ദില്‍ ബറ് തന്റെ ഇസ്തീആബ് എന്ന ഗ്രന്ഥത്തില്‍ അബ്ബാസ് (റ) മക്കയിലെ സ്ഥിതിവിശേഷങ്ങളെ സംബന്ധിച്ച് നബി തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം ബദ്‌റിന്റെ കാലഘട്ടത്തിലാണ് നബിയുടെ കൂടെകൂടുന്നത്. നബിയുടെ അടുത്തേക്ക് തിരിക്കാന്‍ അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു ഇതുമായി ബന്ധപ്പെട്ട് നബിയോട് ചോദിച്ചപ്പോള്‍ താങ്കള്‍ മക്കയില്‍ നില്‍ക്കുന്നത് തന്നെയാണ് നല്ലത് എന്നായിരുന്നു നബി തങ്ങളുടെ പ്രതികരണമെന്നും ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു.
നബിയുടെ കാലശേഷം ഇസ്‌ലാമിക സാമ്രാജ്യം വിശാലമാകാന്‍ തുടങ്ങി. അതോടൊപ്പം തന്നെ കൃത്യമായ ഒരു നയതന്ത്രം രൂപപ്പെട്ടു വന്നു. ഖലീഫമാരുടെ കാലഘട്ടത്തിലും ഇത്തരത്തില്‍ ചെറിയ രീതിയിലുള്ള ചാര പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കപ്പെടുകയുണ്ടായി. ഇത്തരത്തില്‍ അബൂബക്ര്‍ (റ) തങ്ങളുടെ കാലത്ത് അദ്ദേഹം തന്റെ സേനാനായകനായിരുന്ന യസീദ് ഇബ്‌നു മുആവിയക്ക് നല്‍കിയ ഉപദേശം മിര്‍ആതുസ്സമാന്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. അബൂബക്ര്‍ തങ്ങള്‍ യസീദിനെഴുതിയ കത്ത് ഇപ്രകാരമായിരുന്നു ‘ നിന്റെ അടുത്തേക്ക് വരുന്ന ദൂതന്മാരെ നീ മാന്യമായി സ്വീകരിക്കുക, പക്ഷേ, അവരെ വളരെ വേഗം തന്നെ യാത്രയാക്കണം. മുസ്‌ലിംകളുടെ രഹസ്യം കൈമാറരുത്. അവര്‍ക്ക് സൈനിക രഹസ്യങ്ങളിലേക്ക് ഏന്തി നോക്കാന്‍ ഒരിക്കലും വഴിയൊരുക്കരുത്.’ എന്നായിരുന്നു. ഇപ്രകാരം തന്നെ ഖലീഫ ഉമര്‍ തങ്ങളുടെ കാലത്തും അദ്ദേഹം ഇതു പോലൊരു ഉപദേശം തന്റെ സേനാധികാരിയായിരുന്ന മുആവിയയോട് കൈമാറിയിരുന്നതായി കാണാം. ശാമിന്റെ മേല്‍ പ്രത്യേക കണ്ണു വേണമെന്ന് ഉമര്‍ തങ്ങള്‍ അതില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. മാത്രവുമല്ല, രാത്രി കാലങ്ങളില്‍ ഖലീഫ ഉമര്‍ തങ്ങള്‍ കാവല്‍കാരനായി ഇറങ്ങി നടക്കാറുണ്ടായിരുന്നുവെന്നും, ഫുതൂഹുല്‍ ബുല്‍ദാന്‍ എന്ന ഗ്രന്ഥത്തിലും, ഇബ്‌നു ശുബ്ബയുടെ താരീഖുല്‍ മദീനയെന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
വാഖിദീ എന്നവരുടെ ഫുതൂഹു ശാം എന്ന ഗ്രന്ഥത്തില്‍ മുസ്‌ലിംകള്‍ക്കും റോമക്കാര്‍ക്കും തമ്മിലുണ്ടായിരുന്ന ചാരസംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഒപ്പം അക്കാലത്ത് നിലവിലുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഖലീഫമാര്‍ക്കു ശേഷമുളള അമവി കാലഘട്ടത്തില്‍ ഇതിന് ഒരു കൃത്യമായ രീതി നിലവില്‍ വന്നു അക്കാലത്താണ് ആദ്യമായി ഒരു പോസ്റ്റല്‍(ബരീദ്) സംവിധാനം ഇസ്‌ലാമിക ലോകത്ത് നിലവില്‍ വരുന്നത്. ചീഫ് പോസ്റ്റല്‍ ഓഫീസര്‍ക്കായിരുന്നു(സാഹിബുല്‍ ബരീദ്) ഈ പോസ്റ്റുകളുടെ നടത്തിപ്പ് ചുമതല.
അസ്‌കരീ എന്നവര്‍ തന്റെ ഗ്രന്ഥമായ അവാഇല്‍ എന്ന ഗ്രന്ഥത്തില്‍ ഇസ്‌ലാമില്‍ ആദ്യമായി പോസ്റ്റല്‍ സംവിധാനം കൊണ്ടു വരുന്നത് മുആവിയയുടെ കാലത്തായിരുന്നുവെന്നും അതിന്റെ നടത്തിപ്പ് ചുമതല അബ്ദുല്‍ മലിക് ബിന്‍ മര്‍വാനായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. ഖലീഫക്ക് കീഴിലെ തന്ത്രപ്രധാനമായ വകുപ്പായിരുന്നു ഇതെന്നു ചുരുക്കം.
ഇതു കാരണം, ഇസ്‌ലാമിക ലോകത്തുടനീളമുള്ള വാര്‍ത്തകള്‍ ചുരുങ്ങിയ ദിവസങ്ങള്‍കുള്ളില്‍ തന്നെ ഖലീഫക്ക് അറിയാന്‍ സാധിച്ചിരുന്നു. അദ്ദേഹത്തിനു ശേഷംവന്ന ഒരുപാട് ഖലീഫമാര്‍ക്ക് പേര്‍സണല്‍ ചാരന്മാര്‍ വരെ ഉണ്ടായിരുന്നതായി ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനി തന്റെ തഹ്ദീബു തഹ്ദീബ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അതോടൊപ്പം തന്നെ, വലിയ മുഹദ്ദിസായിരുന്ന ഖാലിദ് ബിന്‍ അബീ സ്വല്‍ത് എന്ന പണ്ഡിതനായിരുന്നു ഇറാഖിലെ വാസിഥില്‍ നിന്ന് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് തങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇത്തരം കൈമാറ്റങ്ങള്‍ ഇസ്‌ലാമിക നഗരങ്ങളെ കൂറേകൂടി കാര്യപ്രാപ്തിയുളളതാക്കി മാറ്റി. പിന്‍കാലത്ത് മുസ്‌ലിംകള്‍ കുതിരകള്‍ക്ക് ബരീദുകള്‍ എന്ന പേരു നല്‍കിയിരുന്നു. ഹദീസ് പണ്ഡിതനായ ഇബ്നു അസീല്‍ എന്നവര്‍ തന്റെ ഗ്രന്ഥമായ നിഹായയില്‍ ബരീദ് എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ബരീദ് എന്ന പദം ഒരറബി പദമല്ലായിരുന്നു, ഫാര്‍സി ഭാഷയില്‍ നിന്നാണ് ഇത് കൈകൊണ്ടത്. ഫാര്‍സിയില്‍ ഇതിനര്‍ഥം കോവര്‍കഴുത എന്നായിരുന്നു. വാലു മുറിഞ്ഞ കഴുതകള്‍ക്കായിരുന്നു ഇത് സാധാരണയായി ഉപയോഗിക്കപ്പെട്ടിരുന്നത്. അക്കാലത്ത് ഇത്തരം സന്ദേശ മൃഗങ്ങളെ തിരിച്ചറിയാനായി വാലറ്റം മുറിക്കപ്പെട്ടിരുന്നു. ഇങ്ങനൊയാണ് ഈ പദം വരുന്നത്.
മാത്രവുമല്ല, ഇത്തരത്തില്‍ കത്തുകള്‍ കൈമാറ്റം ചെയ്യാനായി വലിയ രീതിയിലുള്ള മുന്നൊരുക്കം തന്നെ നടത്തപ്പെട്ടതായി കാണാം. അതിനുദാഹരണമാണ് ഓരോ പന്ത്രണ്ട് മൈല്‍ ദൂരത്തിലുമായി സ്ഥാപിക്കപ്പെട്ടിരുന്ന പോസ്റ്റോഫീസുകള്‍(മഹത്തതുകള്‍).
അതില്‍ ഓരോന്നിലും കത്തുകള്‍ അടുത്ത സ്റ്റേഷനിലേക്ക് കൈമാറാനായി നിയോഗിക്കപ്പെട്ട ഓരോ കുതിരപ്പടയാളികളുണ്ടായിരുന്നു. ഇങ്ങനെയായിരുന്നു വേഗത്തില്‍ കത്തുകള്‍കൈമാറ്റം ചെയ്യപ്പെട്ടത്. അമവി കാലത്ത് തന്നെയാണ് ആദ്യമായി ഒരു പോലീസ് സംവിധാനം ഇസ്‌ലാം പരിചയപ്പെടുന്നത്. മഹാനായ ഇമാം ഇബ്നു ഹജര്‍ തങ്ങള്‍ ഇക്കാര്യം തന്റെ ഫത്ഹുല്‍ ബാരിയില്‍ സൂചിപ്പിക്കുന്നുണ്ട്.
പില്‍കാലത്ത് അബ്ബാസി ഭരണകൂടവും, ഫാത്തിമി ഭരണകൂടങ്ങളുമെല്ലാം ഈ സംവിധാനത്തെ പല പേരുകളിലേക്ക് മാറ്റിക്കൊണ്ട് നിലനിര്‍ത്തിപ്പോന്നു. മാത്രവുമല്ല ഈയൊരു സംവിധാനം ഹിജ്റ നാലാം നൂറ്റാണ്ടില്‍ റോമക്കാരും സ്വീകരിച്ചതായി ജാഹിളിന്റെ കവിതകളില്‍ കാണാം. നിരന്തരമായ സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അബ്ബാസികള്‍ക്കും അമവികള്‍ക്കും ഇത്തരം വാര്‍ത്താ കേന്ദ്രങ്ങള്‍ സുപ്രധാന നയതന്ത്ര പ്രശ്നവുമായിരുന്നു. ചിലപ്പോഴെല്ലാം ഇതിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു. പിന്നീടാണ് നേതാക്കന്മാരും രാജ്യതന്ത്രജ്ഞരും ഒത്തുകൂടി വ്യവസ്ഥാപിതവും വളരെ സുശക്തവുമായ പൊളിറ്റക്കല്‍ സ്ട്രാറ്റജികളെക്കുറിച്ച് ചര്‍ച്ച നടത്തുന്നത്. ഇത്തരത്തില്‍ നിരവധി ചര്‍ച്ചകളിലൂടെ അവര്‍ ഒരുപാടു നയങ്ങളും നയനിലപാടുകളും വ്യവസ്ഥകളും വിഭാവനം ചെയ്തതായി കല്‍കുശ്ദി തന്റെ അഅ്ശാ എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇത്തരത്തില്‍ വളരെ ക്രിയാത്മകമായ രീതിയിലായിരുന്നു ഇത്തരം ഇന്റെലിജന്‍സ് ബ്യൂറോകള്‍ പ്രവര്‍ത്തിച്ചുവന്നത്. എന്നുമാത്രമല്ല വലിയ സൈനിക സാഹചര്യങ്ങളായിരുന്നു അബ്ബാസി കാലത്ത് ഇത്തരം പോസ്റ്റല്‍ സംവിധാനങ്ങള്‍ക്കായി അനുവദിച്ച് നല്‍കിയത്. ഖവാരിസ്മി തന്റെ മുഫീദുല്‍ ഉലൂം വമുബീദുല്‍ ഹുമൂം എന്ന ഗ്രന്ഥത്തില്‍ ഖലീഫ മഅ്മൂന്റെ കാലത്തെ പോസ്റ്റല്‍ സംവിധാനത്തിന്റെ വ്യാപ്തിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഖലീഫ ചീഫ് പോസ്റ്റല്‍ ഓഫീസര്‍ക്ക് കീഴിലായി നാലായിരം ഒട്ടകങ്ങളെ അനുവദിച്ചിരുന്നു. അവക്കുള്ള തീറ്റയും അവയുടെ പരിപാലനവും ഖലീഫതന്നെ നേരിട്ടാണ് ഏറ്റെടുത്തിരുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നു.
ഇങ്ങനെ വാര്‍ത്താ സംവിധാനങ്ങള്‍ക്ക് രാജ്യതന്ത്രത്തില്‍ ശക്തമായ സ്വധീനം നേടിയെടുക്കാന്‍ സാധിച്ചു. ഇതുകൊണ്ടായിരിക്കണം പന്നീട് ഇത്തരം ദീവാനുല്‍ ഖബറുകള്‍ക്ക(വാര്‍ത്താ ഏജന്‍സി) പല പേരുകളും ലഭിച്ചിരുന്നു. അതില്‍ പെട്ടതായിരുന്നു ഹുസൈനുബ്നു ഇബ്റാഹീം അല്‍ ബഗ്ദാദിക്ക് നല്‍കപ്പെട്ടതുപോലുള്ള ഖതീറുദ്ദൗല എന്ന പേര്.
വളരെ തന്ത്രപ്രധാനമുള്ള വിഷയമായതു കൊണ്ടു തന്നെ ഇത്തരം സാഹിബു ബരീദുമാരായി നിയമിക്കപ്പെട്ടിരുന്നത് ന്യായാധിപന്മാരായിരുന്നു. രാജാവിന്റെ ഒരു ചെവി പോലെയായിരുന്നു അവര്‍. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അവബോധമുള്ളവര്‍കൂടിയായിരുന്നു അവര്‍. ഈ സ്ഥാനത്തേക്ക് ന്യായാധിപന്മാരെപ്പോലെ അധികമായി നിയോഗിക്കപ്പെട്ടിരുന്നത് പണ്ഡിതന്മാരെയും വിശ്വസ്തരായ ആളുകളെയുമായിരുന്നു.
അതേസമയം, ഇത്തരം സംവിധാനങ്ങള്‍ കൃത്യമായി പരിപാലിക്കപ്പെടാത്തത് കാരണത്താല്‍ പില്‍കാലത്തെ പല രാജാകന്മാര്‍ക്കും കനത്ത് വില തന്നെ നല്‍കേണ്ടി വന്നിട്ടുണ്ട്. ഇമാം അസ്ബഹാനി തന്റെ ചരിത്ര ഗ്രന്ഥമായ(താരീഖു ദൗലതി സെല്‍ജൂക്) എന്ന പുസ്തകത്തില്‍ അന്നത്തെ മന്ത്രിയായിരുന്ന നിസാമുല്‍ മുല്‍കിനെ ഹശാശീന്‍ സംഘം കുതന്ത്രം പ്രയോഗിക്കുന്നതും അതു കാരണത്താല്‍ പിന്നീട് സെല്‍ജൂകി ഭരണകൂടത്തിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടുവെന്നും, അത് ഒരു ആഭ്യന്തര സംഘര്‍ഷത്തിലേക്കാണ് വഴിനടത്തിയതെന്നും, അസ്ബഹാനി സൂചിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് വലിയ കാര്യപ്രാപ്തിയുള്ള മന്ത്രിയായിരുന്നിട്ടു കൂടി നിസാമുല്‍ മുല്‍ക് ഇത്തരം വാര്‍ത്താ വാഹക സംഘങ്ങളെ തന്റെ രാജ്യതന്ത്രത്തിന്റെ ഭാഗമാക്കിയില്ല എന്നത് ന്യായമായ ചോദ്യമാണ്. കാരണം നിസാമുല്‍ മുല്‍ക് മന്ത്രിയായിരുന്ന കാലഘട്ടത്തിലായിരുന്നു ഇവരുടെ സുവര്‍ണ കാലഘട്ടം, നിസാമിയ്യ സര്‍വകലാശാലയടക്കം ഒട്ടുമിക്ക വലിയ സംവിധാനങ്ങളും ഇസ്‌ലാമിക നാഗരികതയുടെ ഭാഗമാകുന്നത് ഇക്കാലത്താണ്. ഇമാം ഗസ്സാലിയെപ്പോലുള്ള കിടയറ്റ പണ്ഡിതന്മാര്‍ ഇസ്‌ലാമിക ലോകത്ത് പ്രശോഭിപ്പിച്ചതും ഇക്കാലത്തായിരുന്നു.
ഇക്കാര്യത്തില്‍ കൃത്യമായി അവബോധമുള്ളയാളായിരുന്നു നിസാമുല്‍ മുല്‍ക്. അദ്ദേഹം തന്റെ സിയാസത്ത നാമ യെന്ന പുസ്തകത്തില്‍, ഇത്തരം സംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷേ, മന്ത്രിയായിരുന്ന നിസാമുല്‍ മുല്‍കിന് ഖലീഫയുടെ കല്‍പന അനുസരിക്കല്‍ ഒരു വലിയ ബാധ്യതയായിരുന്നു. അന്നത്തെ ഖലീഫയായിരുന്ന ഖലീഫ ആല്‍പ് അര്‍സലാന്‍ ഈ വിശയത്തില്‍ നിസാമുല്‍ മുല്‍കിന് കൊടുത്ത നിര്‍ദേശം തീര്‍ച്ചയായും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.’നമുക്കൊരു സാഹിബുല്‍ ഖബര്‍(വാര്‍ത്താ സന്ദേശകന്റെ)ന്റെ ആവശ്യമില്ല. കാരണം, ഈ ലോകത്ത് ഏതൊരു നാട്ടിലും രണ്ടു വിഭാഗം ആളുകളുണ്ട്. ഒന്ന് നമുക്കൊപ്പം നില്‍ക്കുന്നവര്‍. രണ്ടാമത് നമ്മുടെ ശത്രുക്കള്‍. ഇവര്‍ രണ്ടു പേരും സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്.
നമ്മുടെ അടുത്തേക്ക് ഒരാള്‍ മറ്റൊരാളുടെ വാര്‍ത്തയുമായി വരികയാണെങ്കില്‍ ഒന്നുകില്‍ അവന് സ്വന്തം താല്‍പര്യം സംരക്ഷിക്കാനാിയിരിക്കും. അപ്പോള്‍ ശത്രുവിനെ മിത്രമായും മിത്രത്തെ ശത്രുവായും അവതരിപ്പിക്കും. ഇതുകൊണ്ടു തന്നെ അതിന്റെ വിശ്വാസ്യത വളരെ കുറവായിരിക്കും’ ഇത് കേട്ട് പിന്നീട് നിസാമുല്‍ മുല്‍ക് പിന്നീട് മറുത്തൊന്നും പറഞ്ഞില്ല.
മുമ്പ് സൂചിപ്പിച്ചതു പോലെ ഇത്തരം കാര്യങ്ങളില്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാതെ പോയത് ആല്‍പ് അര്‍സലാന്റെ സൈന്യത്തിന് വലിയ തിരിച്ചടിയായത് പോലെ, 1258ല്‍ താര്‍ത്താറുകള്‍ക്ക് അബ്ബാസി ഖലീഫയായിരുന്ന ളാഹിര്‍(623 ഹി./ 1226 എഡി) റിനെ അക്രമിച്ച കീഴ്പ്പെടുത്താന്‍ സാധിച്ചതും അവര്‍ ഈ സംവിധാനത്തോടു വച്ചുപുലര്‍ത്തിയ മുഖം തിരിക്കല്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായിരുന്ന ഖലീഫ നാസിര്‍ ഇന്റെലിജന്‍സ് കാര്യങ്ങളില്‍ വളരെ കര്‍ക്കശക്കാരനായിരുന്നു. ഓരോ വിവരങ്ങളും അദ്ദേഹം കൃത്യമായി പിന്തുടര്‍ന്നിരുന്നു. പക്ഷേ, മകന്‍ ളാഹിര്‍ ഇതില്‍ നിന്നെല്ലാം വിമുഖതകാണിക്കുകയും അക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന് ശക്തമായ അക്രമണം നേരിടേണ്ടി വരികയും ചെയ്തു.
താഴെക്കിടയില്‍ ഇത്തരം കത്തുകള്‍ ശേഖരിക്കുന്നവര്‍ എല്ലാ വിഭാഗം കത്തുകളെയും ശേഖരിക്കുകയും അതില്‍ പലപ്പോഴും സുപ്രധാന രേഖകളും ഉള്‍പെട്ടിരുന്നു. അവയെ മേലുദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യുന്നതായിരുന്നു പൊതുവെയുള്ള സമ്പ്രദായം. ഇത്തരത്തില്‍ ഒരു വാര്‍ത്താകേന്ദ്രമെന്നതിനേക്കാളേറെ ഒരു ചാരസംവിധാനമായി ഇത് നിലനിന്നു. ഇതിന്റെ ഫലമായി ഓരോ ഇടവേളകളിലും ശത്രു സൈന്യത്തിന്റെ ചലന നിശ്ചലനങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ വളരെ കൃത്യമായി വിലയിരുത്തിക്കൊണ്ടിരുന്നു. ശത്രു സൈന്യത്തിന്റെ വരിയൊപ്പിച്ച സൈനിക നിരകളില്‍ നിന്ന് തുടങ്ങി, കച്ചവടക്കാരിലൂടെയും കാവല്‍കാരിലൂടെയും വലിയ നിരയായി ഇത് മാറിയിരുന്നു. പ്രമുഖ ചരിത്രകാരനായ അബൂശ്ലാമതുല്‍ ഖുദ്സി സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ കാലത്ത് ഇത്തരം ചാരന്മാരുടെ കൂട്ടത്തില്‍ കുരിശു സേനയുടെ രാജകുമാരി മുതല്‍ കള്ളന്മാരുടെ സംഘങ്ങളും, ഒപ്പം വലിയൊരു നിര തന്നെ പെണ്‍പടയും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്താക്യ രാജാവായിരുന്ന ബുവെയ്ഹിമുന്‍ദ് മൂന്നാമന്റെ ഭാര്യയായിരുന്ന ആ കുരിശു രാജകുമാരി വഴി ഒരുപാടു കാര്യങ്ങള്‍ സുല്‍ത്താന് ചോര്‍ന്നുകിട്ടിയിരുന്നു. ഇവരില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പരിശീലനം നല്‍കപ്പെട്ട പക്ഷികള്‍ വരെ സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ കാലത്ത് ഈ ചാര സംഘത്തിന്റെ ഭാഗമായിരുന്നു. അബൂശ്ശാമതന്നെ തന്റെ ഗ്രന്ഥമായ കിതാബു റൗളതൈനില്‍ സിബില്ലയുടെ രാജാവ് ഇബ്രനസിന്റെ ഭാര്യ ഇത്തരത്തില്‍ ഒരു ചാരയായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം കുരിശു സൈനികരോട് ഏറ്റുമുട്ടിയതും, അന്താക്യ പട്ടണം 1188 എഡി യില്‍ കീഴ്പെടുത്തുന്നതും. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പല പല രേഖകളും ഇനിയും പറഞ്ഞു തീര്‍ക്കാനുണ്ട്. ഏകദേശം അര നൂറ്റാണ്ടിനു ശേഷം, സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ പേരമകനായ ഈസാ അല്‍ അയ്യൂബി ഇത്തരത്തില്‍ കുരുശു സൈനിക നിരയിലെ സ്ത്രീകളെ തങ്ങളുടെ ചാരസംഘത്തിലേക്ക് ചേര്‍ത്തിരുന്നു. ചാരന്മാര്‍ക്ക് അക്കാലത്ത് സുല്‍ത്താന്മാരുടെ അടുത്ത് നല്ല വില തന്നെയുണ്ടായിരുന്നു. ഓരോ രാജാക്കന്മാരെയും നിമിഷ നേരങ്ങള്‍കൊണ്ട് പല വിധത്തിലുള്ള തീരുമാനമെടുക്കാനും അവര്‍ നിമിത്തമായി.
കടപ്പാട് : അല്‍ ജസീറ
അഫ്‌സല്‍ കെ മേല്‍മുറി