ഇസ്ലാമിക ദൈവശാസ്ത്രം; യുഗാന്തരങ്ങളുടെ ചരിത്ര വായന

2535

തലാല്‍ അസദ് ഇസ്ലാമിനെ Discursive Tradition (വ്യാവഹാരിക പാരമ്പര്യം) എന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭമുണ്ട്. വൈദേശികമായ സംസ്‌കൃതികളെയും വിജ്ഞാനീയങ്ങളെയും സ്വാംശീകരിക്കാനുള്ള പ്രത്യേക തരം കഴിവ് ഇസ്ലാം അതിന്റെ സത്തയില്‍ തന്നെ ആര്‍ജിച്ചിരുന്നു എന്നുവേണം അതിനെ മനസ്സിലാക്കാന്‍. സമാന്തരമായി ഇസ്ലമിക വിജ്ഞാനീയങ്ങളും കാലാന്തരങ്ങളിലായി രൂപപ്പെട്ടപ്പോള്‍, പ്രവാചക ശേഷം മുസ്ലിം ലോകം ദര്‍ശിച്ച പല നിര്‍മിതികളും പരിണിതികളും കൂടുതല്‍ വിശാലമായ അറിവന്വേഷണ ജാലകങ്ങള്‍ തുറന്നിട്ടിരുന്നു. പ്രവാചക കാലത്ത് അഭാവത്തിലായിരുന്ന ഇത്തരം വിജ്ഞാനീയങ്ങള്‍ അങ്ങനെയാണ് പിന്നീടങ്ങോട്ട് മുസ്ലിം ഗ്രന്ഥശേഖരങ്ങളില്‍ ക്രോഡീകരിക്കപ്പെടുന്നത്. കാലക്രമേണ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായ അത്തരം വിജ്ഞാനീയങ്ങളിലൊന്നായിരുന്നു ഇസ്ലാമിക് തിയോളജി, അല്ലെങ്കില്‍ ഇല്‍മുല്‍ കലാം.
കര്‍മശാസ്ത്രം, വിശ്വാസശാസ്ത്രം, ആദ്ധ്യാത്മിക ശാസ്ത്രം എന്നീ തലങ്ങളിലേക്കാണല്ലോ ഇസ്ലാമിക ജ്ഞാനമീമാംസകള്‍ പ്രധാനമായും വഴിതിരിയുന്നത്. ഇസ്ലാമിക ലോകത്ത് ഈ മൂന്ന് വിജ്ഞാന ശാഖകളും പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. കൂട്ടത്തില്‍ പ്രമാദമായ പ്രത്യാഘാതങ്ങള്‍ നേരിട്ട വിജ്ഞാന ശാസ്ത്രമായിരുന്നു ഇല്‍മുല്‍കലാം. അതിന്റെ പേര് തന്നെ സൂചിപ്പിക്കുന്നതു പോലെ കലുഷിതമായ പല ‘വര്‍ത്തമാനങ്ങള്‍’ പ്രസ്തുത ജ്ഞാന പരിസരങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, തുടര്‍ന്ന് വന്ന പണ്ഡിത മഹത്തുക്കള്‍ അത്തരം കോലാഹലങ്ങള്‍ക്ക് അസ്ത്തിവാരമിടുകയും ഇല്‍മുല്‍ കലാമിന്റെ അടിത്തറ വളരെ ശക്തവത്തായി നിര്‍മിച്ചെടുക്കുകയും ചെയ്തിരുന്നു. ഇസ്ലാമിലെ അന്തര്‍ധാരയില്‍ തന്നെ രൂപംകൊണ്ട ഇത്തരം അനൈക്യങ്ങള്‍ രാഷ്ട്രീയവും താത്വികവുമായ പല ഹേതുകങ്ങളാല്‍ കൂടുതല്‍ ശക്തി പ്രാപിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. കൃത്യമായ ഒളിയജണ്ടകളോടെ എതിര്‍കക്ഷികള്‍ നീക്കിയ കരുക്കളിലൂടെ വലിയ പ്രത്യാഘാതങ്ങള്‍ മുസ്ലിം ലോകം നേരിടുകയും അതിനെയെല്ലാം തരണം ചെയ്താണ് മുസ്ലിം ലോകം പിന്നീട് കടന്നുപോയത്.


തത്വവും പ്രയോഗവും
അനല്‍പം നിര്‍വചനങ്ങള്‍ ഇല്‍മുല്‍ കലാമിനുണ്ടെങ്കിലും അവയെല്ലാം ഒരു ഏക സത്തയില്‍ തന്നെ സമ്മേളിക്കുന്നുണ്ടെന്നാണ് അല്ലാമാ സഈദ് ഫൂദ അഭിപ്രായപ്പെടുന്നത്. ആത്യന്തികമായി അല്ലാഹുവിനെയും റസൂലിനെയും സംബന്ധിയായ അറിവന്വേഷണമാണ് അത് അര്‍ഥമാക്കുന്നത്. ഇമാം സഅ്ദുദ്ധീന്‍ തഫ്താസാനി പറയുന്നത് വിശ്വാസവുമായി ബന്ധപ്പെടുന്ന ശര്‍ഇയ്യായ അഹ്കാമുകളാണ് ഇല്‍മുത്തൗഹീദ്. കൂട്ടത്തില്‍ ഏറ്റവും ലക്ഷണമൊത്ത നിര്‍വചനമായി അല്ലാമാ സഈദ് റമള്വാന്‍ ബൂത്വി പരിചയപ്പെടുത്തുന്നത് ഇബ്നു ഖല്‍ദൂന്‍ (വ:807) രേഖപ്പെടുത്തിയ നിര്‍വചനമാണ് ‘വിശ്വാസ കാര്യങ്ങളുടെ ബൗദ്ധിക തെളിവുകളും അതില്‍ നിന്ന് വ്യതിചലിച്ചവര്‍ക്കെതിരെയുള്ള ഖണ്ഡനവും ഉള്‍ക്കൊള്ളുന്ന വിജ്ഞാന ശാഖയാണ് ഇല്‍മുല്‍ കലാം’
ഇസ്ലാമിക ദൈവ ശാസ്ത്രത്തില്‍ ആധികാരികവും ബ്രഹത്തുമായ ആദ്യ ഗ്രന്ഥരചന നടത്തിയത് ഇമാം അബൂഹനീഫ(റ) ആണ്. ഇമാമിന്റെ ചില റസാഇലുകളില്‍ ഇല്‍മുല്‍ കലാമിനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞതായി ഇമാമിന്റെ ചില ശിഷ്യര്‍ ഉദ്ധരിക്കുന്നുണ്ട്. മതത്തിലെ വിശ്വാസാടിസ്ഥാന കാര്യങ്ങളില്‍ അറിവ് നേടലാണ് മതത്തിലെ കര്‍മങ്ങളുടെ അഹ്കാമുകളില്‍ അറിവ് നേടുന്നതിനേക്കാള്‍ ശ്രേഷ്ടമായത്. ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ കാതലായ അകക്കാമ്പിലേക്കാണ് പ്രസ്തുത വചനം സൂചന നല്‍കുന്നത്. പില്‍ക്കാലത്ത് രൂപപ്പെട്ട പല നിര്‍വചനങ്ങളിലും കാലസന്ദര്‍ഭോചിതമായ അനേകം വ്യതിയാനങ്ങള്‍ കാണാന്‍ സാധിക്കും. ഫാറാബിയുടെ (വ:339) നിര്‍വചനത്തില്‍ ഇല്‍മുല്‍ കലാമിന്റെ ഉദ്യമം രണ്ട് രീതിയില്‍ തരംതിരിക്കാനുള്ള ശ്രമം കാണാം. വിശ്വാസ കാര്യങ്ങളെ തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെടുത്തുകയും, കൂടെ എതിര്‍ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്യുകയാണ് അതിന്റെ കാര്യമായ ദൗത്യമെന്നാണ് ഫാറാബി നിരീക്ഷിക്കുന്നത്. ഈ സമീപന രീതി ശേഷം വന്ന ഗസ്സാലിയിലും ഇബ്നു ഖല്‍ദൂനിലും കാണാം. മേല്‍പറയപ്പെട്ട നിര്‍വചനത്തിലെ ആദ്യ ഭാഗത്തെയാണ് ഗസ്സാലി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍ ഇബ്നു ഖല്‍ദൂന്‍ രണ്ടിനേയും പരസ്പരം സമന്വയിപ്പിക്കാനാണ് ശ്രമിച്ചത്. ഹിജ്റ ഏഴ് മുതല്‍ ഒമ്പത് വരെയുള്ള കാലയളവില്‍ വന്ന അനേകം നിര്‍വചനങ്ങള്‍ ഇപ്പറഞ്ഞ രണ്ട് ഘടകങ്ങളെ കൂട്ടിയും കുറച്ചും പ്രതിപാദിക്കുന്നതായി കാണാം. ബൈളാവി, ജുര്‍ജാനി തുടങ്ങിയവരുടെ നിര്‍വചനങ്ങളില്‍ ഇപ്പറഞ്ഞ രീതി വളരെ പ്രകടമായി കാണാവുന്നതാണ്.
ഇല്‍മുല്‍ കലാമിന്റെ പ്രതിപാദ്യ വിഷയങ്ങളെ പോലെ ഇല്‍മുല്‍ കലാം അഭ്യസിക്കുന്നതിലെ കര്‍മശാസ്ത്ര പണ്ഡിത ചര്‍ച്ചകളും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. പ്രാഥമികമായി ഇല്‍മുത്തൗഹീദ് ഫര്‍ള് ഐനും ഫര്‍ള് കിഫായുമുണ്ട്. ഈമാന്‍ കാര്യങ്ങള്‍ മാത്രം അറിഞ്ഞിരിക്കല്‍ ഫര്‍ള് ഐനാണെങ്കില്‍ ആ കാര്യങ്ങള്‍ ഖുര്‍ആനിലും ഹദീസിലും വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, നിരീശ്വര വാദികളെ എതിര്‍ക്കാന്‍ സാധ്യമാകും വിധം ബൗദ്ധിക തെളിവുകളോടെ അറിഞ്ഞിരിക്കല്‍ ഫര്‍ള് കിഫായുമാണ് എന്ന് ശൈഖ് ജമാല്‍ സ്വഖ്ര്‍ അദ്ധേഹത്തിന്റെ ‘അത്തിബ്യാനി’ല്‍ പറയുന്നുണ്ട് .
വിശ്വാസ തെളിവുകളെ സ്ഥിരപ്പെടുത്തുന്നതിനും ഊഹാപോഹങ്ങളെ അമര്‍ച്ച ചെയ്യാനും വേണ്ടി ഇല്‍മുല്‍ കലാം പഠനത്തില്‍ മുഴുകല്‍ ഫര്‍ള് കിഫായ ആണെന്നാണ് ഇമാം റംലി അഭിപ്രായപ്പെടുന്നത്്. ശറഹു മുസ്ലിമില്‍ ഇമാം നവവി ഇപ്രകാരം പറഞ്ഞു വെക്കുന്നു: ‘ഫുഖഹാക്കള്‍ പറയുന്നു: ‘ബിദ്അത്ത് അഞ്ച് വിധമാകുന്നു. വാജിബ്, സുന്നത്ത്, ഹറാം, കറാഹത്ത്, ഹലാല്‍. പുത്തന്‍ വാദികളെയും നിരീശ്വരവാദികളെയും നേരിടാന്‍ വേണ്ടി മുതകല്ലിമുകളുടെ വിശ്വാസപരമായ തെളിവുകള്‍ ക്രോഡീകരിക്കല്‍ വാജിബായ ബിദ്അത്തില്‍ പെട്ടതാകുന്നു’.
ഇല്‍മുല്‍ കലാമിന്റെ പ്രാധാന്യവും പ്രസക്തിയും പ്രകടമാവും വിധം അതില്‍ കൃത്യമായ നിരീക്ഷണ പാടവം മുന്നോട്ടുവെച്ച വ്യക്തിയാണ് അല്ലാമാ സഈദ് റമള്വാന്‍ ബൂത്വി. അദ്ദേഹത്തിന്റെ ‘അല്‍ മദാഹിബുത്തൗഹീദിയ്യ വല്‍ ഫല്‍സഫാത്തുല്‍ മുആസിറ’ എന്ന സുപ്രസിദ്ധ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു നിഗമനം മുന്നോട്ടുവെക്കുന്നുണ്ട്. ഇല്‍മുല്‍ കലാം അഭ്യസിക്കുന്നതില്‍ പ്രോത്സാഹനവും നിരുത്സാഹനവും വന്നിട്ടുണ്ടെങ്കിലും പരോക്ഷമായി ഇവിടെ വൈരുദ്ധ്യം കണ്ടെത്താന്‍ സാധിക്കില്ല. കൃത്യമായ നിരീക്ഷണത്തിനു ശേഷം പ്രസ്തുത വിജ്ഞാന ശാഖയുടെ മൂല്യവും അതില്‍ ഗവേഷണം നടത്തുന്നതിന്റെ പ്രസക്തിയും തന്നെയാണ് മനസ്സിലാവുക. തുടര്‍ന്ന് ഇവ്വിഷയകവുമായി ഇമാം ഗസ്സാലിയുടെ നിലപാടിലേക്കാണ് ബൂത്വി കടന്നുചെല്ലുന്നത്.
എന്നാല്‍, ഇല്‍മുല്‍ കലാമിനെ നിരുത്സാഹപ്പെടുത്തിയ പണ്ഡിതന്മാരുണ്ടെങ്കിലും, കൂടുതല്‍ ആര്‍ജവത്തോടെ പ്രോത്സാഹിപ്പിച്ച ശാഫിഈ, മാലികീ പണ്ഡിതന്മാരുമുണ്ട്. ഇല്‍മു ഉസ്വൂലില്‍ ഫിഖ്ഹ്, ഇല്‍മു ഉസ്വൂലില്‍ ഹദീസ്, ഉലൂമില്‍ ഖുര്‍ആന്‍ തുടങ്ങിയ വിജ്ഞാന ശാഖകളേക്കാള്‍ പ്രാധ്യാന്യവും മഹത്വവും ഇല്‍മുല്‍ കലാമിന് ഉണ്ടെന്നവര്‍ നസ്സ്വുകളുടെയും മറ്റിതര തെളിവുകളുടെയും അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തി. ഉദാഹരണത്തിന്, വിശ്വാസ കാര്യങ്ങളുടെ ബൗദ്ധിക തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിക ആയത്തുകള്‍ പോലെ, അലി (റ)ഖദരിയാക്കളോടും, ഇബ്നു അബ്ബാസ് (റ) ഖവാരിജുകളില്‍പെട്ട ഒരാളുമായി സംവാദത്തിന് പോയതും, ഇബ്നു മസ്ഊദ് (റ) യസീദ് ബിന്‍ ഉമൈറയുമായി ഈമാനിന്റെ വിഷയത്തില്‍ സംവാദം നടത്തിയതും ഉദ്ധ്യുക്ത വിഭാഗം തെളിവുകള്‍ ഉദ്ധരിക്കുകയായിരുന്നു. ഇവിടെ നിരുത്സാഹപ്പെടുത്തിയവര്‍ വിഷയത്തിന്റെ ഗൗരവം പ്രകടമാക്കാന്‍ വേണ്ടിയും, അത്യാവിശ്യ ഘട്ടങ്ങളിലല്ലാതെ അത് ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കാന്‍ വേണ്ടിയുമാണെന്ന പോലെ ഇല്‍മുല്‍ കലാം അഭ്യസിക്കുന്നതും അത് പ്രായോഗികമാക്കുന്നതും അതിന്റെ ആവശ്യകതയിലേക്ക് സാഹചര്യ-പശ്ചാത്തല തോതനുസരിച്ചാണ് പ്രോത്സാഹനീയമാവുന്നത് എന്ന ഒത്തുതീര്‍പ്പിലേക്കാണ് ഇമാം ഗസ്സാലി എത്തിച്ചേരുന്നത്. ഇല്‍മുല്‍ കലാമില്‍ ബ്രഹത്തായ സംഭാവനകളര്‍പ്പിച്ച അശ്അരി പണ്ഡിതനായ ഇമാം ബാഖില്ലാനി (റ) തന്നെ അനാവിശ്യമായി ഇല്‍മുല്‍ കലാമില്‍ തലയിടുന്നതിനെ ശക്തമായ വാക്കുകളില്‍ താക്കീത് ചെയ്തത് ഒരു ഉദാഹരണം മാത്രം.


ഉത്ഭവം; പശ്ചാത്തലം
ഇസ്ലാമിക ആഗമനത്തിന് മുമ്പ് അറേബ്യന്‍ ബൗദ്ധിക മണ്ഡലങ്ങള്‍ എല്ലാതരം ലൗകിക വ്യവഹാരങ്ങളില്‍ നിന്നും പൂര്‍ണ മുക്തമായിരുന്നു. സമീപത്ത് തഴച്ചു വളര്‍ന്ന റോമന്‍ , പേര്‍ഷ്യന്‍ സംസ്‌കാരങ്ങള്‍ അറേബ്യന്‍ പെനിന്‍സുലയെ ഒരു നിലക്കും ഗ്രസിച്ചിരുന്നില്ല. അത് കൊണ്ടുതന്നെയാണ് ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ ഏറ്റവും ആഴത്തില്‍ മനസ്സില്‍ കുറിക്കാന്‍ അറബികള്‍ക്കായതും. പ്രാഥമിക ഘട്ടവും കടന്നു മുസ്ലിം പരിസരങ്ങള്‍ കൂടുതല്‍ വിസ്തൃതി പ്രാപിച്ചപ്പോഴാണ്
ചെന്നുസന്ധിക്കുന്ന ഭൂമികയുമായി ഇസ്ലാം ബൗദ്ധികമായി ഖണ്ഡന മണ്ഡലങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയത്. യാതൃശ്ചികമായ ഇത്തരം സങ്കീര്‍ണ വ്യവഹാരങ്ങല്‍ മൂലം ഇസ്ലാമിലേക്ക് കയറ്റുമതി ചെയ്യപ്പെട്ട വൈദേശിക ജ്ഞാനവലയത്തില്‍ നിന്ന് അടിസ്ഥാന വിശ്വാസഘടകങ്ങളെ കടഞ്ഞെടുക്കാനുള്ള തന്ത്രപ്പാടിലാണ് ഇസ്ലാമിക ജ്ഞാനമീമാംസയിലേക്ക് മറ്റൊരു സുപ്രധാന ശാസ്ത്രവും കൂടി തുന്നിച്ചേര്‍ക്കപ്പെടുന്നത്.
ഇസ്ലാമിക ശൈശവ കാലത്ത് മുസ്ലിം ബൗദ്ധിക ലോകം തീര്‍ത്തും സംശുദ്ധമായിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ. തഥടിസ്ഥാനത്തില്‍ മനുഷ്യ സഹജമായ ധൈഷണിക സ്വഭാവം കണക്കിലെടുത്താണ് ദീന്‍ അഡ്രസ് ചെയ്യപ്പെട്ടത്. അഥവാ, ദൈവാസ്തിക്യത്തിന്റെ ചൂണ്ടുപലകയായിട്ടുള്ള പ്രാപഞ്ചിക യാഥാ
ര്‍ഥ്യങ്ങളിലേക്ക് മനുഷ്യചിന്തകളെ സഗൗരവം ക്ഷണിക്കുകയായിരുന്നു ആദ്യഘട്ടങ്ങളിലിറങ്ങിയ ഖുര്‍ആനിക ആയത്തുകളുടെ ഉള്ളടക്കം. മാത്രമല്ല, പ്രവാചക സാന്നിധ്യം ആദ്യകാല മുസ്ലിംകളുടെ വിശ്വാസത്തില്‍ കൂടുതല്‍ ദൃഢത നല്‍കുകയും ചെയ്തു. അദൃശ്യജ്ഞാനങ്ങളെ കുറിച്ചോ അതിഭൗതിക ജ്ഞാനങ്ങളെ സംബന്ധിച്ചോ അതിവര്‍ത്തമാനങ്ങളില്‍ നിന്ന് അങ്ങനെയാണ് സ്വഹാബാക്കള്‍ അകലം പാലിക്കുന്നത്. പിന്നീട് വന്ന രണ്ടും മൂന്നും ഘട്ടങ്ങളാണ് ഇല്‍മുല്‍ കലാമിന് തറക്കല്ല് പാകിയത് എന്നുവേണം മനസ്സിലാക്കാന്‍. അല്ലാമാ സഈദ് റമള്വാന്‍ ബൂത്വി (റ) അതിന്റെ അഞ്ചോളം
കാരണങ്ങള്‍ എണ്ണമിട്ട് സംഗ്രഹിക്കുന്നു
ണ്ട്. ഒന്ന്: ഫത്ഹ് മക്കാനന്തരം വ്യത്യസ്ത മതത്തിലുള്ളവര്‍ ഇസ്ലാമാശ്ലേഷണം നടത്തിയപ്പോള്‍ അവരിലുണ്ടായിരുന്ന മതപണ്ഡിതര്‍ അവരുടെ പൂര്‍വകാല മതവും ഇസ്ലാമും തമ്മില്‍ താരതമ്യ പഠനം നടത്തിയത് പ്രത്യുത മതത്തിലെ ചില ഘടകങ്ങള്‍ ഇസ്ലാമിക വേഷം ധരിക്കാന്‍ ഇടയായി.
രണ്ട്: സമാനവേദിയില്‍ തന്നെ ബഹുസംസ്‌കാര സംഘട്ടനവും നടന്നിരുന്നു. നാനാ ജാതി സംസ്‌കാര സമ്പന്നര്‍ ഇസ്ലാം പുല്‍കിയപ്പോള്‍ ഇസ്ലാം കൂടുതല്‍ ഓപ്പറേഷനുകള്‍ക്ക് വിധേയമായി. മനുഷ്യബുദ്ധിയെ കുഴക്കുന്ന ആയത്തുകള്‍ പ്രൈം ടൈം ചര്‍ച്ചകളെ സജീവമാക്കി. മൂന്ന് : ഇസ്ലാമിക ലോകത്തിന് കിട്ടിയ ആബാലവൃദ്ധം പുതു മുസ്ലിംകള്‍ക്കിടയില്‍ തിരുകിക്കയറിയ നാസ്തികര്‍ രംഗം കൂടുതല്‍ വഷളാക്കാന്‍ തുടങ്ങി. അഹ്മദ് ബ്നി ഹാഇത്വിനെ പോലുള്ള നിരീശ്വരവാദികള്‍ മത തത്വങ്ങളെ വക്രീകരണങ്ങള്‍ക്ക് വിധേയപ്പെടുത്തി. കേവല ലോജിക്കിന്റെ സഹായത്തോടെ അവയെ അവാസ്തവമായി ദുര്‍വ്യാഖ്യാനിച്ചു. നാല് : ഇത്തരം പരിണിതികള്‍ മുസ്ലിം പണ്ഡിതരെ ഫിലോസഫിയും ലോജിക്കും കൈയിലെടുക്കാന്‍ നിര്‍ബന്ധിതരാക്കി. അങ്ങനെയാണ് നള്ളാം അരിസ്റ്റോട്ടിലിയന്‍ ലോജിക്കില്‍ അവഗാഹം നേടുന്നത്. അബുല്‍ ഹുദൈല്‍ അല്ലാഫ് ഗ്രീക്ക് ഫല്‍സഫയുടെ അടിസ്ഥാന തത്വങ്ങള്‍ സ്വായത്തമാക്കുന്നത്. അഞ്ച് : മതമൂല്യ തത്വങ്ങളെ ദാര്‍ശനിക ബൈനോക്കുലറിലൂടെ ആവിഷ്‌കരിക്കുന്ന ഖുര്‍ആനിക ആയത്തുകള്‍ നൂതന വഴികള്‍ തുറന്നിട്ടു. അനന്തരമായി മുസ്ലിം പണ്ഡിതര്‍ സിദ്ധിച്ച ബുര്‍ഹാനു തമാനുഉം ബുര്‍ഹാനു ബുത്വ്ലാനുദ്ധൗറും ബുര്‍ഹാനു ബുത്വ്ലാനുറുജ്ഹാനും മുസ്ലിം വിശ്വാസ മണ്ഡലങ്ങളില്‍ വര്‍ധിച്ച ആത്മവിശ്വാസം പകര്‍ന്നു.
ഇങ്ങനെ ആദ്യ കാലഘട്ടത്തില്‍ നിന്ന് വിഭിന്നമായി അപരസംസ്‌കാരങ്ങള്‍ ഇസ്ലാമുമായി ഇടപഴകി ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് കാലക്രമേണ ഗ്രീക്ക്-ഹെലെനിസ്റ്റിക് തുടങ്ങിയ തത്വസംഹിതകള്‍ മുസ്ലിം പഠനമുഖങ്ങളില്‍ കൂടുതല്‍ ആഘോഷിക്കപ്പെടുകയും, പ്രതിസ്വരമായി ഇസ്ലാമിക പാരമ്പര്യ വിജ്ഞാനീയങ്ങള്‍ അവമതിക്കപ്പെടുകയും ചെയ്തപ്പോഴാണ് പ്രതിരോധാത്മക നിര്‍മിതികള്‍ മുസ്ലിം പക്ഷത്ത് നിന്ന് ഉയര്‍ന്നു വന്നുതുടങ്ങിയത്. സ്വഹാബാ പിരീഡില്‍ തന്നെ ഇതിന്റെ അനുരണനങ്ങള്‍ കണ്ടുതുടങ്ങിയിരുന്നെങ്കിലും പില്‍ക്കാലത്ത് മഅ്മൂന്റെ കാലത്തായിരുന്നു ഇല്‍മുല്‍ കലാം എന്ന പ്രമേയത്തില്‍ പണ്ഡിതരചനകളില്‍ താത്വികമായി കലാം വിജ്ഞാനശാഖ വികസിക്കുന്നത്. അതിനു മുമ്പ് അല്‍ ഫിഖ്ഹു ഫിദ്ധീന്‍ എന്ന പേരിലാണ് പരക്കെ ഇല്‍മുല്‍ കലാം അറിയപ്പെട്ടിരുന്നത്. തഥടിസ്ഥാനത്തിലായിരുന്നു ഇമാം അബൂ ഹനീഫ അദ്ദേഹത്തിന്റെ വിശ്വാസ സംബന്ധിയായ ഗ്രന്ഥത്തിന് അല്‍ ഫിഖ്ഹുല്‍ അക്ബര്‍ എന്ന് നാമകരണം നടത്തിയത്.
ഹിജ്റ രണ്ടാം നൂറ്റാണ്ടാണ്ടിന്റെ ആദ്യ ഭാഗം പിന്നിട്ടപ്പോഴാണ് പുത്തന്‍ വാദങ്ങളും നവീന ആശയങ്ങളും ഇസ്ലാമിക ലോകത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. എങ്കിലും, അതിന് മുമ്പും വിശ്വാസ തലങ്ങളെ ചുറ്റിപ്പറ്റിയുള്ള സങ്കോചങ്ങളും സന്ദേഹങ്ങളും വളരെ അപൂര്‍വങ്ങളിലായി കേള്‍ക്കപ്പെട്ടിരുന്നു. അവയോട് പക്ഷേ, അക്കാലത്തുണ്ടായിരുന്ന ഉലമാക്കള്‍ ശരീഅത്തിന്റെ പക്ഷത്ത് സ്ഥാനമുറപ്പിച്ച് സംയമനം പാലിക്കുകയാണ് ചെയ്തത്. ഉദാഹരണമായി ഇമാം മാലിക് (റ) നോട് അല്ലാഹുവിന്റെ അര്‍ഷാരോഹണത്തെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ മാലിക് (റ)പ്രതികരിച്ചത് അതിനെ അധികരിച്ചുള്ള ചോദ്യം ബിദ്അത്താകുന്നു എന്ന് അടച്ചാക്ഷേപിച്ചു കൊണ്ടാണ്.


വിവിധ ഘട്ടങ്ങള്‍
മുസ്ലിം ധൈഷണിക ചെറുത്തുനില്‍പ്പിന്റെ പ്രതീകാത്മക ജ്ഞാനശാഖയായിരുന്നു ഇസ്ലാമിക് തിയോളജി എന്ന് മനസ്സിലായല്ലോ. ഇസ്ലാമിക മൗലിക വ്യവഹാരങ്ങളില്‍ കേവല ദാര്‍ശനിക സമസ്യകളോ, ധൈഷണിക പ്രഹേളികകളോ നിര്‍മിക്കലായിരുന്നില്ല ഇത്തരമൊരു വിജ്ഞാനശാഖ വികസിപ്പിച്ചതിനു പിന്നില്‍. മറിച്ച്, നിഴല്‍യുദ്ധം അഴിച്ചുവിട്ട ആശയാക്രമണങ്ങളെ അവയുടെ തന്നെ ഉപാധികളും ഉപകരണങ്ങളും വെച്ചു തന്നെ പ്രതിരോധം തീര്‍ക്കുമ്പോള്‍ തന്നെ മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഒരു തരത്തിലുള്ള പ്രവണതകളിലേക്കും മുതകല്ലിമീങ്ങള്‍ കടന്നുചെന്നിട്ടില്ല. എന്നുമാത്രമല്ല, ഓരോ കാലത്തും സമയാനുസൃതമായ രീതിശാസ്ത്രമായിരുന്നു വിശ്വാസശാസ്ത്രജ്ഞര്‍ പ്രയോഗിച്ചിരുന്നത് എന്നുവേണം മനസ്സിലാക്കാന്‍.
ഹിജ്റ ഒന്നാം നൂറ്റാണ്ട് മുതല്‍ വ്യത്യസ്ത ഘട്ടങ്ങളിലൂടെ പല പരിവര്‍ത്തനങ്ങള്‍ക്കും മുസ്ലിം ദൈവ ശാസ്ത്രം വിധേയമായിട്ടുണ്ട്. പ്രധാനമായും അഞ്ച് ഘട്ടങ്ങള്‍ ഈ വിജ്ഞാന ശാഖയുടെ രൂപപ്പെടലില്‍ പ്രത്യക്ഷമായ സ്വാധീനം ചെലുത്തിയതായി കാണാം.
ഹിജ്‌റ ഒന്ന്,രണ്ട് നൂറ്റാണ്ടുകളാണ് ആദ്യ ഘട്ടം. ഈയൊരു സമയ പരിധിയെയാണ് ഇല്‍മുല്‍ കലാമിന്റെ ഉത്ഭവസ്ഥാനമായി പരിഗണിക്കുന്നത്. മുമ്പ് സൂചിപ്പിച്ച പോലെ സന്ദേഹങ്ങള്‍ക്കും സങ്കോചങ്ങള്‍ക്കും ഇടയാക്കിയ ഖുര്‍ആനിക ആയത്തുകളും പ്രവാചക വചനങ്ങളും സജീവമായ തര്‍ക്കവിതര്‍ക്കങ്ങക്ക് വേദിയൊരുക്കിയ സാഹചര്യമായിരുന്നു ഇത്. ഇസ്ലാം അറേബ്യന്‍ പെനിന്‍സുല വിട്ട് ഇതര വൈദേശികമായ നഗരങ്ങളിലേക്ക് രംഗപ്രവേശനം നടത്തിയിരുന്ന ഘട്ടമായിരുന്നതിനാലും ഇസ്ലാമിക അടിസ്ഥാന പ്രമാണങ്ങള്‍ സംശയാഗ്‌നിയില്‍ ഉരുക്കിയെടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഈ ഘട്ടത്തില്‍ തന്നെ അല്‍പം ചില ആശയ സംഘര്‍ഷങ്ങളും മുസ്ലിം മുഖ്യധാരയില്‍ ഉടലെടുക്കാന്‍ തുടങ്ങിയിരുന്നു. വന്‍പാപിയുടെ പര്യവസാനത്തെ പറ്റിയും, ഇഖ്തിയാര്‍-ജബ്റ് മസ്അലയും, ശിയാക്കളുടെ ഇമാമഃ പോലെയുള്ള വിഷയങ്ങള്‍ രാഷ്ട്രീയമായും ഇസ്ലാമിക ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചു കുലുക്കുമാറ് പ്രശ്ന കലുഷിതമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ഇത്തരം നവീന ആശയങ്ങള്‍ക്കെതിരെ ദൈവ ശാസ്ത്രജ്ഞര്‍ കൂടുതല്‍ വാ-വര മൊഴികള്‍ ഉണ്ടാക്കിയിരുന്നില്ല എങ്കിലും, അന്ന് ജീവിച്ചിരുന്ന അല്‍പം ചില ഉലമാക്കളുടെ സുപ്രധാന ചുവടുവെപ്പുകളായിരുന്നു. പില്‍കാലത്ത് വന്ന മുതകല്ലിമീങ്ങള്‍ക്ക് പ്രചോദനമായത് എന്നു പറയുന്നതില്‍ തെറ്റില്ല. ഇമാം സര്‍കശി രേഖപ്പെടുത്തുന്നു: ‘ലോകം അനാദിയാണെന്ന് വാദിച്ച നിരീശ്വര വാദികളെ ഖണ്ഡിക്കാന്‍ ഇമാം ശാഫിഈ ‘അല്‍ ഖിയാസ്’ എന്ന ഗ്രന്ഥം രചിച്ചിരുന്നു. ‘അര്‍റദ്ദു അലല്‍ ബറാഹിമ” എന്ന രചനയും ഇമാമിന്റെതായുണ്ട്. ഇമാം അബൂഹനീഫ ‘അല്‍ ഫിഖ്ഹുല്‍ അക്ബര്‍”, ‘അല്‍ ആലമു വല്‍ മുതഅല്ലിം’ എന്നീ രചനകള്‍ എതിര്‍കക്ഷികള്‍ക്കെതിരെ നടത്തിയതായിരുന്നു. ഇമാം മാലികും ഇമാം അഹ്മദും ഉദ്ധ്യുക്ത വിഷയങ്ങളില്‍ ചോദിക്കപ്പെട്ടപ്പോള്‍ പരിപക്വമായ ശൈലിയില്‍ മറുപടികള്‍ പറഞ്ഞിരുന്നു’. അന്ന് തന്നെ എതിര്‍കക്ഷികള്‍ക്കെതിരെ പ്രതിരോധാര്‍ജവം അഹ്ലുസ്സുന്നയുടെ വക്താക്കള്‍ കരഗതമാക്കിയിരുന്നു. എന്നു മാത്രമല്ല അതിനെതിരെ ഒളിഞ്ഞും മറിഞ്ഞും കരുക്കള്‍ നീക്കിയിരുതായി ഇത് വ്യക്തമാക്കുന്നു.
ഹിജ്റ മൂന്നു മുതല്‍ ആറാം നൂറ്റാണ്ട് വരെയാണ് രണ്ടാംഘട്ടം സംഭവിക്കുന്നത്. അതുവരെ അവിടവിടങ്ങളായി ഉടലെടുത്ത വ്യത്യസ്ത ആശയങ്ങള്‍ ഓരോ വിശ്വാസധാരകളായി രൂപംപ്രാപിച്ച ഘട്ടമായിരുന്നു ഇത്. അവരുടെ വാദങ്ങള്‍ പരിപൂര്‍ണ രീതിയില്‍ ഏകീകരിക്കപ്പെടുകയും മുസ്ലിം സാമൂഹ്യ, രാഷ്ടീയ, ദാര്‍ശനിക തലങ്ങളില്‍ പ്രകടമായ സ്വാധീനങ്ങള്‍
ഉറപ്പിക്കാന്‍ തുടങ്ങി. ഇതേ പരിപ്രേക്ഷ്യത്തിലാണ് ആവിശ്യകതയുടെ അനിവാര്യത കണക്കിലെടുത്ത് അഹ്ലുസ്സുന്നയുടെ അശ്അരി-മാത്തുരീദീ സരണികള്‍ പ്രത്യക്ഷപ്പെടുന്നതും ഇതേ കാലഘട്ടത്തിന്റെ പര്യവസാനമെത്തിയപ്പോഴേക്കും എതിര്‍കക്ഷികളെ ആശയപരമായി അഹ്ലുസ്സുന്നയുടെ മുന്നില്‍ മുട്ടുകുത്തിക്കുകയും മുസ്ലിം മുഖ്യധാരയില്‍ അഹ്ലുസ്സുന്ന അധീശ്വത്വം സ്ഥാപിക്കുകയും ചെയ്യുന്നത്. ഹശവിയ്യ, മുഅ്തസില, ഇസ്മാഈലിയ്യ, സൈദിയ്യ, ളാഹിരിയ്യ, ഹനാബില എന്നീ ആശയധാരകളായിരുന്നു അന്ന് രൂപം കൊണ്ടത്. ഇതില്‍ ബഗ്ദാദ് കേന്ദ്രീകരിച്ച് മുഅ്തസിലത്താണ് അതിവ്യാപകമായ ആക്രമണങ്ങള്‍ അഹ്ലുസ്സുന്നക്കെതിരെ ഉയര്‍ത്തിയത്. അശ്അരി സംസ്ഥാപകനായ അബുല്‍ഹസന്‍ അശ്അരി ഇമാമായിരുന്നു അക്കാലത്ത് മുഅ്തസിലത്തിന്റെ മുഖ്യവാഗ്മിയെങ്കിലും പില്‍ക്കാലത്ത് അഹ്ലുസ്സുന്നയിലേക്ക് തന്റെ കൂട് മാറ്റുകയും പിന്നീടുള്ള അഹ്ലുസ്സുന്നയുടെ ദിശ കൃത്യമായി പുന:ര്‍നിര്‍ണയിക്കുകയും ചെയ്യുകയായിരുന്നു. ‘അല്‍ ഇബാന’, ‘അല്‍ ലുമഅ്’ പോലെയുള്ള ഗ്രന്ഥങ്ങളാണ് അന്ന് അശ്അരിസത്തിന് അടിത്തറ പാകിയത്. അക്കാലത്തെ അഹ്ലുസ്സുന്നയുടെ ആശയ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം. അഖ്ല്-നഖ്ല് പ്രമാണങ്ങളുടെ മധ്യനിലപാട് സ്വീകരിക്കുക, ദീനീ പ്രമാണങ്ങളെ അമിതവ്യാഖ്യാനങ്ങള്‍ക്ക് വിധേയപ്പെടുത്താതിരിക്കുക, സ്വീകാര്യ യോഗ്യമായ നഖ്ലീ തെളിവുകളെ സര്‍വമനസ്സാ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക. ഇത് തന്നെയായിരുന്നു സച്ചരിതരായ സലഫുസ്വാലിഹീങ്ങളും പിന്തുടര്‍ന്ന് വന്നിരുന്നത്.
ഇല്‍മുല്‍ കലാമിന്റെ ചരിത്രവഴിയില്‍ എറ്റവും സുപ്രധാന കാലഘട്ടമാണ് ഹിജ്റ ആറ് മുതല്‍ ഒമ്പത് വരെ നീണ്ടു നിന്ന മൂന്നാം ഘട്ടം. പുതിയ പല ജ്ഞാന മേഖലകളിലേക്കും ദൈവ ശാസ്ത്രം കടന്നു ചെല്ലുകയുണ്ടായി. വിശിഷ്യ, ഫിലോസഫിയുമായി ഇല്‍മുല്‍ കലാമിന്റെ സംഘട്ടനം നടക്കുന്നത് ‘കലാമുല്‍ മുതഅഖിരീന്‍’ എന്ന് വിളിക്കപ്പെടുന്ന ഈ ഘട്ടത്തിലാണ്. ഇതിനു മുമ്പ് കഴിഞ്ഞുപോയ ‘കലാമുല്‍ മുതഅഖിരീന്‍’ (രണ്ടാം ഘട്ടം) പിരീഡില്‍ നിന്ന് വളരെ വിഭിന്നമായി ഇല്‍മുല്‍ കലാം അതിന്റെ ഉള്ളടക്കത്തിലും, പ്രമേയങ്ങളിലും സമൂലമായ മാറ്റങ്ങള്‍ സ്വീകരിച്ച സമയമായിരുന്നു ഇത്. മുസ്ലിം തത്വചിന്തകരുടെ മെറ്റാഫിസിക്കല്‍ അവലോകനങ്ങള്‍ കലാം ശാസ്ത്രത്തില്‍ പ്രമേയവത്കരിക്കപ്പെടുകയും, ‘കലാമീ മെറ്റാഫിസിക്സ്’ എന്ന സങ്കല്‍പ്പം തന്നെ രൂപപ്പെടാന്‍ മാത്രം സൂക്ഷ്മഭൗതികം(metaphysics) ഇസ്ലാമിക പരിപ്രേക്ഷത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രധാനമായും റാസീ,ആമിദീ രചനാപരിസരങ്ങളില്‍ നിന്നാണ് ഇത്തരമൊരു സാഹചര്യം ഉള്‍തിരിഞ്ഞ് വന്നതെന്ന് കാണാനാവും. മുതകല്ലിമീങ്ങളുടെ രചനകളില്‍ ശ്രവണ തെളിവുകള്‍(അദില്ലത്തു സംഇയ്യ) ഇല്ലായിരുന്നുവെങ്കില്‍ അന്ന് ഇല്‍മുല്‍ കലാമും ഫിലോസഫിയും തമ്മില്‍ വേര്‍തിരിച്ചറിയുന്നത് അസാധ്യമാകുമായിരുന്നുവെന്ന് ഡോ:ഹസന്‍ അശ്ശാഫിഈ അദ്ദേഹത്തിന്റെ ‘അല്‍ മദ്ഖലില്‍’ നിരീക്ഷിക്കുന്നുണ്ട്.
ഭൂരിപക്ഷം മുതകല്ലിമീങ്ങളും കലാമീ മന്‍ഹജില്‍ ഗ്രീക്ക് തര്‍ക്ക ശാസ്ത്രം പ്രയോഗവത്കരിക്കാനുളള ശ്രമം നടത്തുന്നതും ഈ കാലയളവിലാണ്. അതോടൊപ്പം കര്‍മശാസ്ത്ര അടിസ്ഥാന തത്വങ്ങള്‍ ഇല്‍മുല്‍ കലാമിന്റെ മന്‍ഹജിലേക്ക് കടത്തികൊണ്ടുവന്ന മുതക്കല്ലിമീങ്ങളുമുണ്ട്. ളാഹിരീ ആചാര്യനായ ഇബ്നു ഹസ്മ് ഉള്‍പ്പെടെ, ഇമാമുല്‍ ഹറമൈനി, അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇമാം ഗസ്സാലിയും ഈ രീതിശാസ്ത്രം ഉപയോഗപ്പെടുത്തിയവരില്‍ പെടുന്നു. ഇമാം റാസിയോ അദ്ദേഹത്തിന്റെ ശേഷം വന്ന അശാഇരീങ്ങളോടെയാണ് ഈയൊരു രീതി ശാസ്ത്രം പരിപൂര്‍ണമാവുന്നത്. മുതഖദ്ദിം-മുതഅഖിര്‍ പിരീഡിന്റെ മറ്റൊരു പ്രകടമായൊരു വ്യത്യാസം ഉള്ളടക്ക പ്രമേയങ്ങളില്‍ മുതഖദ്ദിമീങ്ങള്‍ കൈകൊണ്ട മാതൃകയില്‍ നിന്ന് വിഭിന്നമായി മുതഅഖിരീങ്ങള്‍ ‘അല്‍ ഉമൂറുല്‍ ആമ’ എന്ന തലവാചകങ്ങളോടെയായിരുന്നു അവര്‍ രചനകള്‍ നടത്തിയിരുന്നത്. മാത്രമല്ല, അതില്‍ തന്നെ കലാമിന്റെ പാര്യമ്പര്യ മന്‍ഹജീ നിയമങ്ങളും, ഉണ്മകളോട് ബന്ധപ്പെടുന്ന ഭൗതിക, അതിഭൗതിക, യുക്തി ശാസ്ത്രങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള ഒരു പുതിയ രീതിശാസ്ത്രം പ്രയോഗത്തില്‍ കൊണ്ടുവന്നു. ഇമാം റാസി ആയിരുന്നു ഇത്തരമൊരു ശൈലി മുഖ്യമായും ഉപയോഗപ്പെടുത്തിയത്. അതേ സമയം, ആമിദീ ഇമാം രണ്ട് ശൈലികളിലേക്കും (മുതഖദ്ദിം, മുതഅഖിര്‍) തെന്നി മാറിക്കൊണ്ടിരുന്നതായി കാണാം.
ഫിലോസഫിയുമായി വലിയ തോതില്‍ താദാത്മ്യപ്പെടാനുള്ള ഈയൊരു സാഹചര്യത്തിലാണ് ഇല്‍മുല്‍ കലാമിന്റെ സാങ്കേതിക പദസമൂഹം പുതിയ സ്വഭാവത്തിലും രൂപത്തിലുമുള്ള വികാസം പ്രാപിക്കുന്നത്. ഖുര്‍ആനിക വാക്യങ്ങളുടെ അര്‍ഥതലങ്ങളില്‍ നിന്ന് വേര്‍പ്പെട്ട് തത്വചിന്തയോട് കൂടതല്‍ അടുത്ത് നില്‍ക്കുന്ന അനല്‍പം പദപ്രയോഗങ്ങള്‍ രചനകളില്‍ സുലഭമായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഈയൊരു പരിണാമത്തെയാണ് ഇബ്നു ഫൂറഖ് ‘അല്‍ ഹുദൂദു ഫില്‍ ഉസ്വൂലി’ലും ഇമാം ആമിദി ‘അല്‍ മുബയ്യിനു ഫീ മആനി അല്‍ഫാളില്‍ ഹുകമാഇ വല്‍ മുതക്കല്ലിമീനി’ലും സാക്ഷ്യപ്പെടുത്തുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ മറ്റു ചില സുപ്രധാന സംഭവവികാസങ്ങളും മുസ്ലിം ദൈവ ശാസ്ത്രത്തില്‍ വ്യാപകമായി അരങ്ങേറിയിരുന്നു. മുഅ്തസിലത്തിന് ആശയ തളര്‍വാദം ബാധിച്ചതും, ഖവാരിജിയ്യത്ത് ഇബാളിയ്യ മാത്രമായി ചുരുങ്ങിയതും, മാതുരീദിയ്യത്ത് അതിന്റെ ഉത്ഭവ പ്രദേശമായ മാവറാഉന്നഹ്റില്‍ നിന്ന് ഖുറാസാനിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും ഏഷ്യന്‍ മൈനറിലേക്കും കൂട് മാറ്റം നടത്തുന്നതും, മുസ്ലിം ആശയ ലോകത്തിന്റെ അധീശ്വത്വം അശ്അരീ കൈകളില്‍ എത്തുന്നതും, സുന്നീ കലാമിനെതിരെ ഇബ്നു തൈമിയ്യ തിരയിളക്കം സൃഷ്ടിക്കുന്നതും ഈ കാല പരിധിയില്‍ നടന്ന സംഭവങ്ങളാണ്. ശറഹ്,ഹാശിയ സജീവമായി കലാം രചനകളെ ചുറ്റിപ്പറ്റി രചിക്കപ്പെട്ട ഒരു കാലം കൂടിയായിരുന്നു ഇത്.
നിര്‍മാണാത്മകവും ക്രിയാത്മകവുമായ ഈയൊരു കാലഘട്ടം എത്തിച്ചേര്‍ന്നത് നിശ്ചലതയുടെ കാലഘട്ടത്തിലേക്കാണ്. ഹിജ്റ പത്ത്, പതിനൊന്ന് നൂറ്റാണ്ടുകള്‍ക്കിടയിലും പന്ത്രണ്ടിന്റെ ഭൂരിഭാഗവും ഇസ്ലാമിക് തിയോളജിയില്‍ ഒരു അനിശ്ചിതത്വം അനുഭവപ്പെട്ട കാലഘട്ടമായിരുന്നു. അതുവരെയും രചിക്കപ്പെട്ട രചനകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനങ്ങളല്ലാതെ പുതിയ തലങ്ങളിലേക്കൊന്നും ഇല്‍മുല്‍ കലാം സഞ്ചരിച്ചില്ല. എങ്കിലും, മുന്‍കാലങ്ങളില്‍ വിരചിതമായ മത്ന്, ശറഹുകള്‍ക്ക് യഥേഷ്ടം തഖ്രീറുകളും ഹാശിയകളും രചിക്കപ്പെട്ടു. രണ്ടാമതായി അശ്അരികള്‍ അവരുടെ കേന്ദ്രങ്ങള്‍ ഈജിപ്ത്, ആഫ്രിക്ക, അറബ് ലോകം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങുകയും, അതേ സമയം ഇറാനില്‍ സ്വഫവിയ്യ ഭരണഘൂടത്തിന്റെ സ്വാധീനംമൂലം സുന്നീ അടിയൊഴുക്ക് നശിച്ചു പോവുകയും ശീഇസം ആഴത്തില്‍ വേരോടുകയും ചെയ്തു. മാതുരീദിയ്യത്ത് തുര്‍ക്കി, ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിലാണ് അവസാനമായി സ്ഥാനമുറപ്പിച്ചത്. മൂന്നാമതായി ഇസ്ലാമിക് ദൈവശാസ്ത്രവും തസ്വവ്വുഫും ഒരേ പരിപ്രേക്ഷത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയതിന്റെ ഫലമായി കലാം രചനകളില്‍ തന്നെ അദ്ധ്യാത്മിക പ്രമേയങ്ങളും വായിക്കപ്പെടാന്‍ ആരംഭിച്ചു എന്നുള്ളതാണ്.
ക്ലാസിക്കല്‍ ദൈവശാസ്ത്രത്തിന്റെ മെത്തഡോളജിയെ ഒരു വിധത്തിലും ഉടച്ചുവാര്‍ക്കാതെ ഇസ്ലാമിക പാരമ്പര്യ ജ്ഞാന ശാസ്ത്രത്തോട് മാത്രം സമരസപ്പെട്ട് ഇല്‍മുല്‍ കലാമിനെ സമീപിച്ച പണ്ഡിതനായിരുന്നു ശൈഖുല്‍ ഇസ്ലാം അല്ലാമാ മുസ്തഫാ സ്വബ്രി. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ ‘മൗഖിഫുല്‍ അഖ്ലി വല്‍ ഇല്‍മ് വല്‍ ആലമി മിനല്ലാഹി റബ്ബില്‍ ആലമീന്‍’ ഇസ്ലാമിലെ മതാന്തര്‍ യുക്തിവാദികളോടുള്ള തുറന്ന സംഘട്ടനമായിരുന്നു. ഇസ്ലാമിനകത്ത് നിന്നുതന്നെ പുതിയകാല ആലോചനകള്‍ നിര്‍മിച്ചെടുക്കുമ്പോള്‍ ഉണ്ടാവുന്ന കാലികവത്കരണമാണ് ഇല്‍മുല്‍ കലാമില്‍ ആവിശ്യം അല്ലാതെ മുമ്പ് സൂചിപ്പിച്ച ഇല്‍മുല്‍ കലാം നവീകരണമല്ല എന്ന ഒരു ഉത്തരത്തിലേക്കാണ് മുസ്തഫാ സ്വബ്രിയും അദ്ദേഹത്തിന്റെ ശേഷം സഈദ് റമള്വാന്‍ ബൂത്വിയും ഇര്‍ഫാന്‍ അബ്ദുല്‍ ഹമീദും സയ്യിദ് നഖീബുല്‍ അത്വാസുമൊക്കെ എത്തിച്ചേരുന്നത്.

സിയാദ് റമളാന്‍