ഉദാത്ത കൃതികൾ പൂമരങ്ങൾ വിരിയിക്കും

3006

ലോകത്തുണ്ടായ എല്ലാ മഹത്തായ കൃതികളും മനുഷ്യമഹത്വം ഉദ്‌ഘോഷിക്കുന്നവയാണ്. അത്തരം രചനകള്‍ ഏതൊരാളുടേയും മനസ്സില്‍ നന്മയുടെ പൂമരങ്ങള്‍ വിരിയിക്കുക മാത്രമല്ല, അതിവിശാലമായ ലോകത്തിന്റെ ആകാശവിതാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യും. നല്ല സുഹൃത്തുക്കളേക്കാള്‍ ഏറെ ഗുണം ചെയ്യുക മികച്ച പുസ്തകങ്ങള്‍ തന്നെയായിരിക്കും. വായനയാണ് ഒരാളെ ഉയരത്തിലെത്തിക്കുന്നതും സംസ്‌കാര സമ്പന്നനാക്കുന്നതും. എല്ലാ സംസ്‌കാരങ്ങളും വളര്‍ന്നു പന്തലിച്ചു വന്നതും ഈ രീതിയിലൂടെത്തന്നെ. ‘വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍, പേന കൊ് എഴുതാന്‍ പഠിപ്പിച്ച അവന്‍ അത്യുദാരനത്രെ…’
നോക്കൂ, ലോകത്തെ ആകമാനം മാറ്റിമറിക്കാന്‍ ഉതകുന്ന രീതിയില്‍ അവതരിച്ച വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വരി ‘വായിക്കുക’ എന്നതാണ്. എന്തു വായിക്കണം എന്നത് പിന്നീട് വരുന്നതാണ്. ഈ രീതിയാണ് തുടക്കക്കാര്‍ മാത്രമല്ല, മുതിര്‍ന്നവരും പിന്തുടരേണ്ടത്. നിങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ള പുസ്തകങ്ങള്‍െ സംഘടിപ്പിച്ച് വായന തുടങ്ങുക. അതിലൂടെ, ആ വായനാസുഖത്തിലൂടെ പതുക്കെപ്പതുക്കെ നിങ്ങള്‍ ലോകത്തിലെ,ഇന്ത്യയിലെ,കേരളത്തിലെ അതിമഹത്തായ ഗ്രന്ഥങ്ങളിലേക്കെത്തിച്ചേരും. തീര്‍ച്ച. വായനക്കാരന്‍, ആസ്വാദകന്‍, ചിന്തകന്‍ എന്നിങ്ങനെ പല പേരില്‍ നിങ്ങള്‍ അറിയപ്പെടുകയും ചെയ്യും. ഇതോടെ നിങ്ങളുടെ ഉള്ളില്‍ ഒരെഴുത്തുകാരനുണ്ടെങ്കില്‍, ഉണ്ടെങ്കില്‍ മാത്രം അത് പുറത്തുചാടും. മാത്രവുമല്ല, കഥയും കവിതയും എഴുതാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും നല്ല വായനക്കാരും മികച്ച ആസ്വാദകരുമെങ്കിലും ആയിത്തീരും. സാംസ്‌കാരികമായി മുന്നേറാനും ജീവിത വിജയം നേടാനും കഴിയും. അതിനാവണം പരിശ്രമിക്കേണ്ടത്. 
പുതിയ കാലത്ത് എല്ലാവരും എഴുത്തുകാരും എല്ലാവരും പ്രസാധകരുമാണ്. സോഷ്യല്‍ മീഡിയയുടെ സ്വാധീനം മൂലം വായനക്കാരേക്കാള്‍ കൂടുതല്‍ എഴുത്തുകാരുണ്ടായി. എഡിറ്റിങ്ങില്ലാതെ ആര്‍ക്കും എന്തും പ്രസിദ്ധീകരിക്കാം എന്നായി. ആരെക്കുറിച്ചും എന്തുമെഴുതാമെന്നുമായി. കവികളും കഥാകാരന്‍മാരും ധാരാളം. ഇതൊക്കെ നല്ലതു തന്നെ. എന്നാല്‍, കാമ്പുള്ള, മനുഷ്യ നന്‍മക്കുതകുന്ന നല്ല രചനകള്‍ പോലും ഈ ബഹളത്തിനിടയില്‍ നാം കാണാതെ പോകുന്നു. ‘ഒന്നും എഴുതിയില്ലെങ്കില്‍ ഈ ലോകം ഇടിഞ്ഞൊന്നും വീഴില്ല’ എന്ന യുവകവി സത്യന്‍ മാടാക്കരയുടെ വരികള്‍ എത്രമാത്രം ശരിയാണെന്നു തോന്നും ചില കവിതകളും കഥകളും വായിക്കുമ്പോള്‍. രചനയെ ഗൗരവത്തോടെ കണ്ടുകൊണ്ടേ എഴുത്തിലേക്ക് കടന്നുവരാവൂ എന്ന് സാരം.
ഈ ലക്കത്തില്‍ ഏഴു കവിതകള്‍ അയച്ചു കിട്ടിയിട്ടുണ്ട്. പ്രതീക്ഷ നല്‍കുന്ന രചനകള്‍ എന്നു തന്നെ പറയാം. ആത്മഹത്യ, തലോടല്‍ എന്നീ കൊച്ചു കവിതകളിലൂടെ ജീവിതത്തിന്റെ മഹാസങ്കടങ്ങള്‍ അടയാളപ്പെടുത്തുകയാണ് മുഹമ്മദ് നാസിഫ് പി പി പരിയാരം. സാഗരത്തേക്കാള്‍ പ്രക്ഷുബ്ധമായ മനസ്സും ഏകാന്തതയുടെ മൗനാവരണവും അവഗണനയുടെ പുച്ഛരസവും കൂടിക്കുഴയുമ്പോള്‍, ആത്മഹത്യ ഒരു രാജ്യമാവുന്നതും ഭരണഘടന കയര്‍ കുരുക്കില്‍ ലിപികളായി മാറുന്നതും സ്വാഭാവികം. ഉപേക്ഷിക്കപ്പെട്ടവരുടെ പൊള്ളലിന്റെ കനപ്പ് വായനക്കാരനെ അസ്വസ്ഥനാക്കുക തന്നെ ചെയ്യും. ഈ കവിതയോട് ചേര്‍ത്തുവായിക്കേണ്ടതു തന്നെയാണ് തലോടല്‍ എന്ന കവിതയും. രണ്ടും ഒരേ ദിശയിലൂടെ സഞ്ചരിക്കുന്നുവെന്ന് തോന്നുമെങ്കിലും രണ്ട് വ്യത്യസ്ത ഭാവങ്ങളാണ് കവിതകള്‍ പ്രദാനം ചെയ്യുന്നത്. അകമനസ്സിന്റെയും ഭൗതിക ജീവിതത്തിന്റെയും ഇരുട്ടിനെക്കുറിച്ചെഴുതിയ മുഹമ്മദ് ഫയാസ് പി പി, ഞാനെന്ന ഭാവത്തെ രസകരമായി പകര്‍ത്തിയ സിനാന്‍ ഇരിക്കൂര്‍, ഫാനിന്റെ കറക്കവും ജീവിതത്തിന്റെ കറക്കവും പകര്‍ത്തി മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതയിലേക്ക് വിരല്‍ ചൂണ്ടുന്ന നബീല്‍ മട്ടന്നൂര്‍, ബാല്യത്തെ നെല്ലിക്കയോട് ഉപമിച്ച ഫായിസ് നടുവില്‍, ഖജനാവിന്റെ വയര്‍ കവിതാ ശസ്ത്രക്രിയയിലൂടെ തുറന്നു കാണിച്ച ബിലാല്‍ പി.പി കാറാട് എന്നിവരെല്ലാം തീര്‍ച്ചയായും പ്രതീക്ഷകള്‍ നല്‍കുന്നവര്‍ തന്നെ. കവിതാ വായനയും വാക്ക്ധ്യാനവും ധ്വനി പ്രധാനമായ എഴുത്തു രീതിയും സ്വായത്തമാക്കുമ്പോഴേ ഇവരൊക്കെയും തങ്ങളുടേതായ ഒരിടത്തേക്ക് കേറി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാവൂ.