ഐ.പി.എല്‍; പണക്കൊഴുപ്പിന്റെ ഇന്ത്യന്‍ മേളം

2618

വിപണി തന്നെയാണ് പുതിയ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമവാക്യങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ആഗോളീകരണ കാലത്തെ കച്ചവടത്തിന്റെ പുതിയ പതിപ്പാണ്. മുമ്പുള്ള കായിക സംസ്‌കാരത്തെ ഐ.പി.എല്‍ ഇതിനകം തകിടം മറിച്ചുകഴിഞ്ഞു. പരസ്യം കാണിക്കാനായി മാത്രമുള്ള ”സ്ട്രാറ്റജിക് ടൈം ഔട്ടും” ലേറ്റ് നൈറ്റ് പാര്‍ട്ടികളും ഗ്രൗണ്ടിന് പുറത്ത് തകൃതിയായി നടക്കുന്ന കച്ചവട മാമാങ്കവും ഓരോ മിനുട്ടിലും കോടികള്‍ മറിയുന്ന ഒന്നാന്തരം ബിസിനസ്സാക്കി ക്രിക്കറ്റിനെ രൂപാന്തരപ്പെടുത്തിക്കഴിഞ്ഞു. കാതടപ്പിക്കുന്ന ബി.ജെ.എമ്മും ബിക്കിനി ധരിച്ച് വര്‍ണക്കടലാസ് കയ്യിലേന്തി നൃത്തം ചവിട്ടുന്ന പെണ്‍കുട്ടികളും കോടികള്‍ മറിയുന്ന താരലേലങ്ങളുമൊക്കെയാണ് ഐ.പി.എല്ലിന്റെ രൂപകങ്ങള്‍. ഒരര്‍ഥത്തില്‍ ക്രിക്കറ്റ് ഏറ്റവും ജനകീയമായ കമ്പോളമതമായിത്തീര്‍ന്നുവെന്നു വേണമെങ്കില്‍ പറയാം. ക്രിക്കറ്റ് ഞങ്ങളുടെ മതം, സച്ചിന്‍ ഞങ്ങളുടെ ദൈവം എന്നത് മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തില്‍ ഒരു മത്സരത്തിനിടയിലുയര്‍ന്ന ബാനറിലെ വരികളാണ്. ഓരോ സീസണ്‍ കഴിയുമ്പോഴും ഉഗ്രമൂര്‍ത്തികളായ ഓരോ പുതിയ ദൈവങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. പുതിയ അവതാരങ്ങളെ കെട്ടിയെഴുന്നള്ളിക്കുന്നതില്‍ കളിക്കപ്പുറം നിറവും വംശവും സൗന്ദര്യവും പബ്ലിക്ക് ഇമേജുമെല്ലാം പ്രധാനപങ്കു വഹിക്കുന്നു. ലോകത്ത് ഏറ്റുവമധികം പ്രേക്ഷകരുള്ള ഫുട്ബോള്‍ മുമ്പ് തന്നെ കച്ചവടവത്കരിക്കപ്പെട്ടിരുന്നു. ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയെപ്പോലൊരു മികച്ച താരത്തെ സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് വാങ്ങാതിരുന്നതും വിപണിമൂല്യത്തില്‍ റോണാള്‍ഡീഞ്ഞോയേക്കാള്‍ മുന്നിലുണ്ടായിരുന്ന ബെക്കാമിനെപ്പോലൊരു താരത്തെ വലിയ വിലക്ക് വാങ്ങുകയും ചെയ്തത് വിപണി ഫുട്ബോളില്‍ നടത്തിയ ഇടപെടലുകളുടെ തെളിവുകളിലൊന്നാണ്. താരലേലവും സ്പോണ്‍സര്‍ഷിപ്പുമൊക്കെ വന്നതോടെ ക്രിക്കറ്റിലും അത് പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കളിമികവും പ്രതിഭയും വിച്ഛേദിക്കപ്പെടുകയും പരസ്യക്കാരുടേയും സ്പോണ്‍സര്‍രുടേയും താത്പര്യങ്ങളെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നുവെന്നനുസരിച്ച് വിപണിയില്‍ താരമൂല്യം വര്‍ധിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഓരോ താരശരീരങ്ങളും ഇപ്പോള്‍ ഓരോ ബ്രാന്‍ഡുകളായി മാറിക്കഴിഞ്ഞു. സച്ചിന്‍ പരസ്യങ്ങളില്‍ അഭിനയിച്ചതുകൊണ്ടു മാത്രം പെപ്സിയും ബുസ്റ്റും വാങ്ങിക്കഴിച്ച ഇന്ത്യക്കാരുടെ കണക്ക് അതിശയിപ്പിക്കുന്നതാണ്. വിരാട് കോലിയുടെ ഒരു ദിവസത്തെ പരസ്യവരുമാനം മാത്രം അഞ്ച് കോടിയോളം വരുമെന്ന് മുമ്പ് എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് കാണിച്ചിരുന്നു.
കോടികളുടെ കുത്തൊഴുക്കിന്റെ പിന്നാമ്പുറക്കഥകളെന്താണെന്ന സ്വാഭാവികമായ ചോദ്യത്തിന്റെ ലളിതമായ ഉത്തരം ഇതാണ്. ആഗോളവത്കരണത്തിന്റെ ഫലമെന്നോണം കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ കോര്‍റപ്പറേറ്റ് ലാഭം ഊഹിക്കാനാവാത്തത്ര പെരുകിയിരുന്നു. തത്ഫലമായി വന്‍തോതിലുള്ള മൂലധനം കുമിഞ്ഞുകൂടുകയും ചെയ്തു. ആ മൂലധനം വീണ്ടും ലാഭം കൊയ്യാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോഴാണ് ബി.സി.സി.ഐ പ്രീമിയര്‍ ലീഗുമായി വരുന്നത്. ജനപ്രിയമായ എല്ലാത്തിനേയും ഏറ്റെടുക്കുന്ന കോര്‍പ്പറേറ്റുകളുടെ ശ്രദ്ധ അങ്ങനെയാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. ഇന്ത്യയുടെ ദേശീയവിനോദം ഹോക്കിയാണെന്നായിരുന്നു മുമ്പ് ക്വിസ് മത്സരങ്ങള്‍ക്ക് വേണ്ടി ഹൃദിസ്ഥമാക്കിവെച്ചിരുന്നത്. എന്നാല്‍, അങ്ങനെയൊരു ദേശീയവിനോദം ഇന്ത്യക്കില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിനുള്ള മറപടിയില്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. എന്തൊക്കെയായാലും ക്രിക്കറ്റിനോളം ജനപ്രിയമായ മറ്റൊരു കായിക വിനോദം ഇന്ത്യയിലില്ല തന്നെ. സ്വാഭാവികമായും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മികച്ച അവസരമായിരുന്നു ബി.സി.സി.ഐ തുറന്നുകൊടുത്തത്. അത് അവര്‍ ആഘോഷമാക്കുകയും ചെയ്തു.
കളിയായാലും കാര്യമായാലും മൂലധനം ലക്ഷ്യംവക്കുന്നത് ലാഭം മാത്രമാണ്. ലാഭം മാത്രം ലക്ഷ്യംവക്കുന്ന വിപണിയുടെ എല്ലാ യുക്തിരാഹിത്യവും ഐ.പി.എല്‍ ലേലത്തില്‍ പ്രതിഫലിക്കുന്നുണ്ട്താനും. ഐ.പി.എല്ലിലെ മുഴുവന്‍ മത്സരങ്ങളിലും തന്റെ ക്വാട്ടയനുസരിച്ചുള്ള എല്ലാ ഓവറുകളും ബൗള്‍ ചെയ്യുമെന്ന് കണക്കുകൂട്ടിയാലും താന്‍ എറിയുന്ന ഓരോ പന്തിനും ലക്ഷങ്ങള്‍ വാങ്ങുന്ന നിരവധി താരങ്ങളാണ് ഇന്നുള്ളത്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഓരോ അര മണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്ന രാജ്യത്താണ് എറിയുന്ന ഓരോ പന്തിനും ലക്ഷങ്ങള്‍ വാങ്ങുന്ന താരങ്ങള്‍ വാഴുന്നത്. കോര്‍പ്പറേറ്റ് മുതലാളിത്തം ചവിട്ടിമെതിച്ച അനേകം മനുഷ്യരുടെ പിടിച്ചുപറിക്കപ്പെട്ട മുതലിന്റെ പങ്കാണത്.
2008 ലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. അതോടെ ഇന്ത്യയില്‍ നിലനിന്നിരുന്ന ക്രിക്കറ്റും വിപണിയും തമ്മിലുള്ള എല്ലാ സമവാക്യങ്ങളും തകിടം മറിയുകയായിരുന്നു. വളരെപെട്ടെന്നു തന്നെ ഐ.പി.എല്ലിന് പ്രേക്ഷകരുടെ വലിയ പിന്തുണയും കാഴ്ചക്കാരുമുണ്ടായി. വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന തരത്തില്‍ ഐ.പി.എല്‍ ഒട്ടേറെ വിഭവങ്ങള്‍ കളിയോടൊപ്പം ഒരുക്കിവച്ചിരുന്നു. ഓരോ താരത്തെയും കുറിച്ചുള്ള ഡാറ്റകള്‍ ഉത്പാദിപ്പിക്കുന്നതിനും പുതിയ കളിശൈലിയെക്കുറിച്ചുള്ള ഹൈപ്പുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനും നേടുന്ന റണ്‍സിനപ്പുറം പറത്തുന്ന സിക്സറുകളുടെ എണ്ണമാണ് കാര്യമെന്ന് പറഞ്ഞുപൊലിപ്പിക്കുന്നതിനായി കൂലിക്കെടുത്ത കളിയെഴുത്തുകാര്‍ വരെ ഐ.പി.എല്ലിനെ ഇത്ര ജനകീയമാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഓരോ കളിക്ക് ശേഷവും ഉത്പാദിപ്പിക്കപ്പെടുന്ന ഡാറ്റകള്‍ എങ്ങനെയാണ് കളിയെയും കളിക്കാരെയും കുറിച്ചുള്ള പുതിയ നിര്‍മിതികള്‍ സൃഷ്ടിക്കുന്നതെന്നതിനെക്കുറിച്ച് ദ ഹിന്ദു കോളമിസ്റ്റ് സുരേഷ് മേനോന്‍ ബിറ്റ്വീന്‍ വിക്കറ്റ്സ് കോളത്തില്‍ വിശദീകരിക്കുന്നുണ്ട്.

അബ്ദുല്ലത്തീഫ് പാലത്തുങ്കര