സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്‌ലിം സമുദായം നേരിട്ട അരികുവത്കരണത്തിന്റെ ഡോക്യുമെന്റേഷനായിരുന്നു 2006 ല്‍ മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ട്. ഒരുപക്ഷേ, ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ ഒന്നാകെ പകച്ചു പോയ റിപ്പോര്‍ട്ടാണ് അന്ന് പുറത്തേക്കു വന്നത്. വിദ്യാഭ്യാസത്തിലും സാമ്പത്തിക രംഗത്തും വ്യാവസായിക മേഖലകളിലും മറ്റും പല വിഭാഗങ്ങളിലായി ദേശീയ ശരാശരിയേക്കാള്‍ 15% ആണ് മുസ്‌ലിംകളെന്ന് സച്ചാര്‍ കണ്ടെത്തി.
അതിനെ തുടര്‍ന്ന് കേന്ദ്രത്തിലെന്ന പോലെ എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ വകുപ്പുകള്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍, കേരളത്തില്‍ അന്നത്തെ സര്‍ക്കാര്‍ ഒരു ന്യൂനപക്ഷ വകുപ്പ് ഉണ്ടാക്കാന്‍ തയ്യാറായില്ല. പകരം സച്ചാര്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പഠിക്കാന്‍ 2007 ഒക്ടോബറില്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ പത്തംഗ സമിതി രൂപീകരിക്കുകയാണുണ്ടായത്.
പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍,
നായര്‍-നമ്പൂതിരി-മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കുള്ള മുന്നാക്ക വികസന കോര്‍പ്പറേഷന്‍, എസ്.സി.എസ്.ടി വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളും കോര്‍പ്പറേഷനുകളുമൊക്കെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഈ കേരളത്തിലാണ് അത്യന്തം നിരാശാജനകമായ തീരുമാനം അന്നത്തെ സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇന്നും ആ ചോദ്യം ബാക്കിയായി അവശേഷിക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഉണ്ടായിട്ടും എന്തുകൊണ്ട് കേരളത്തില്‍ മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരു മുസ്‌ലിം ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപികരിക്കുന്നില്ല എന്ന ചോദ്യം.
പാലോളി കമ്മിറ്റി സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നില്‍വച്ചും കേരളത്തിന്റെ സവിശേഷ സാഹചര്യം (അത് എന്താണെന്ന് ഇന്നും ആര്‍ക്കും മനസ്സിലായിട്ടില്ല) പരിഗണിച്ചും അന്നത്തെ സര്‍ക്കാരിനു മുന്നിലേക്ക് അമ്പത് തലക്കെട്ടുകളിലായി നൂറോളം ശിപാര്‍ശകള്‍ മുന്നോട്ടുവച്ചു. മുസ്‌ലിം പ്രീണനം നിറം പിടിപ്പിച്ച കെട്ടുകഥയാണെന്നു മാത്രമല്ല വികസന പാതയില്‍ ഏറ്റവും പിന്നോക്കം പൊയിക്കൊണ്ടിരിക്കുന്ന ജനതതിയാണ് അവരെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശരിവക്കുന്നു. ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ വായിക്കാന്‍ സാധിക്കും.
യഥാര്‍ഥത്തില്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഈ ആമുഖ വരികള്‍ പോലും വായിച്ചു നോക്കാതെയാണ് ഇപ്പോള്‍ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള വിധി പുറുപ്പെടുവിച്ചിട്ടുള്ളതും അതിനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തിട്ടുള്ളതും. സംഘപരിവാര്‍ തീവ്ര ക്രിസ്ത്യന്‍ വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങി ജഡ്ജിമാരും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരും വരെ വിധികളും പ്രസ്താവനകളും നടത്തുന്നത് മുസ്‌ലിം സമൂഹത്തോടു കാണിക്കുന്ന വലിയ അനീതികളില്‍ ഒന്നായി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും. പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ 2008 ല്‍ പൊതു ഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിനെ തുടര്‍ന്ന് മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്ന പേരില്‍ മൂന്ന് സൗജന്യ മത്സരപരീക്ഷാ പഠന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിച്ചു. 2016 ലെ യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോള്‍ സംസ്ഥാനത്ത് ഏകദേശം എല്ലാ ജില്ലകളിലുമായി 16 ഓളം കേന്ദ്രങ്ങളും 20 ഓളം ഉപകേന്ദ്രങ്ങളുമായി അത് വികസിപ്പിക്കപ്പെട്ടു.
ഈ സ്ഥാപനത്തിലേക്കു സ്വാഭാവികമായും മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍, 2011 ജനുവരിയില്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരു വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു. മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാകാത്ത തരത്തില്‍ 20 ശതമാനം പരിവര്‍ത്തിത ക്രൈസ്തവ ഉദ്യോഗാര്‍ഥികള്‍ക്കു കൂടി അവിടങ്ങളില്‍ പ്രവേശനം നല്‍കണം. ആ ഉത്തരവിനെ വേണമെങ്കില്‍ ഒരു സ്ഥാപനത്തില്‍ നൂറു മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കൊപ്പം 20 പരിവര്‍ത്തിത ക്രൈസ്തവ വിദ്യാര്‍ഥികള്‍ എന്ന് വ്യാഖ്യാനിക്കാമെങ്കിലും പില്‍ക്കാലത്ത് പക്ഷേ, നടപ്പിലായത് 80 മുസ്‌ലിം 20 ക്രൈസ്തവര്‍ എന്ന നിലയില്‍ ആണ്. യഥാര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി ഉണ്ടാക്കിയ ഒരു സംവിധാനത്തിലേക്ക് മറ്റുള്ളവരെ കൂട്ടിച്ചേര്‍ക്കുക വഴി എല്ലാ അര്‍ഥത്തില്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ഭരണകൂടം നിഷേധിക്കുന്നത്. ഈ പച്ചയായ യാഥാര്‍ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് സംഘപരിവാര്‍ ഉയര്‍ത്തിവിട്ട വ്യാജ പ്രചാരണത്തിനെതിരില്‍ ഹിന്ദു ഭൂരിപക്ഷത്തെ പിണക്കാന്‍ കഴിയില്ല എന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. ഇതിനോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കപ്പെടേണ്ട മറ്റൊരു അനീതിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിനുള്ള ഫണ്ട് നിഷേധം. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്താണ് ന്യൂനപക്ഷ സെല്‍ രൂപാന്തരം പ്രാപിച്ച് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കപ്പെടുന്നത്. അന്ന് പേരിനു രൂപീകരിച്ചു എന്നല്ലാതെ പ്ലാനോ ഫണ്ടോ ഒന്നുമുണ്ടായിരുന്നില്ല. പിന്നീട് വന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആദ്യമായി വകുപ്പിന് ഒരു കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നീട് ആ സര്‍ക്കാര്‍ പടിയിറങ്ങി പോകുന്ന അവസാന ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനായി 107 കോടി രൂപ വരെ അനുവദിക്കുകയയുണ്ടായി.
എന്നാല്‍, ശേഷം വന്ന പിണറായി സര്‍ക്കാരിന്റെ ഓരോ ബജറ്റിലും പദ്ധതി വിഹിതം ക്രമേണ കുറഞ്ഞ് കുറഞ്ഞു വന്നു. കഴിഞ്ഞ ബജറ്റില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു ആകെ വകയിരുത്തിയ തുക വെറും 42 കോടി രൂപ മാത്രമാണ്. തൊട്ടടുത്ത് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക സംസ്ഥാനത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിനായി മാത്രം 1700 കോടി രൂപ വകയിരുത്തുകയും നൂറു കണക്കിന് ബൃഹദ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ പ്രബുദ്ധ നവോഥാന കേരളത്തില്‍ മാത്രം ന്യൂനപക്ഷ ക്ഷേമ വകുപ്പിനോട് അപരവത്കരണം നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ന്യൂനപക്ഷ വകുപ്പിന് കീഴിലായി പ്രഖ്യാപിച്ച നിരവധി ഫ്ളാഗ്ഷിപ്പ് പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കി ഉത്തരവിറക്കിയത്. ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് മദ്രസ അധ്യാപകരുടെ ക്ഷേമ നിധി ബോര്‍ഡെന്ന പേരില്‍ നടക്കുന്ന നാടകങ്ങള്‍. അവിടെയും സംഘപരിവാര്‍ ആരോപണമായ സര്‍ക്കാര്‍ മദ്റസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നു എന്നതിനെ എതിരിടാന്‍ ഒരു ഔദ്യോഗിക നാവുപോലും ഈ ദിവസം വരെ ഉയര്‍ന്നിട്ടില്ല എന്നത് അക്ഷന്തവ്യമായ അപരാധമെന്നല്ലാതെ മറ്റൊരു പദവും പറയാന്‍ കഴിയില്ല. കേരളത്തിലെ ഏറ്റവും വലിയ അസംഘടിത തൊഴില്‍ മേഖല ഏതാണെന്ന് ചോദിച്ചാല്‍ ഒരു മടിയുമില്ലാതെ അത് മദ്റസ അധ്യാപകരുടേതാണ് എന്ന് പറയാന്‍ കഴിയും. 25000 ഓളം മദ്റസകളിലായി ഏകദേശം മൂന്ന് ലക്ഷത്തോളം അധ്യാപകരാണ് തുച്ഛമായ വരുമാനത്തില്‍ മാത്രം തങ്ങളുടെ കുടുംബ പോറ്റുന്നത്.
അവര്‍ക്കായി കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആകെ ഉണ്ടായ ഒന്നാണ് മദ്റസ അധ്യാപക ക്ഷേമ നിധി ബോര്‍ഡ്. അതാകട്ടെ കേരളത്തില്‍ ഏറ്റവും വലിയ തുക അംശാദായമായി അടക്കുന്ന ക്ഷേമ നിധിയാണെന്ന് കൂടി നമ്മള്‍ മനസ്സിലാക്കണം. കര്‍ഷക തൊഴിലാളി ക്ഷേമ നിധിയിലേക്ക് ഓരോ കര്‍ഷകനും മാസം 5 രൂപ എന്ന കണക്കില്‍ വര്‍ഷം 60 രൂപ മാത്രം അടക്കുകയും 2500 രൂപ പെന്‍ഷന്‍ അനുവദിക്കുകുയും ചെയ്യുമ്പോള്‍. മദ്റസ അധ്യാപകന്‍ അംശാദായമായി മാസം തോറും അടക്കേണ്ടി വരുന്നത് 100 രൂപയാണ്. വര്‍ഷത്തില്‍ 1200 രൂപയും. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന പെന്‍ഷന്‍ തുകയാകട്ടെ ആകെ 1500 രൂപയും. ഒരു ക്ഷേമ നിധിയിലും അംഗമാകാത്തവര്‍ക്ക് വീട്ടില്‍ കൊണ്ട് പോയി 1500 രൂപ പെന്‍ഷന്‍ നല്‍കുന്ന നാട്ടിലാണ് മദ്റസ ക്ഷേമ നിധി ബോര്‍ഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അംശാദായം വാങ്ങി മദ്റസ അധ്യാപകരെ കളിയാക്കുന്നതിന് തുല്യമായ പ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍, ആ വിഷയത്തില്‍ പോലും പഴി കേള്‍ക്കേണ്ട ഒരു സമൂഹമായി അവരും അവരുടെ സമുദായവും മാറ്റപ്പെടുന്നു എന്നതാണ് ഏറ്റവും ദുഖകരം.
കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഇന്നേവരെ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും അനധികൃതമായി നേടിയെടുത്തിട്ടുണ്ട് എന്ന് ഒരാള്‍ക്കും തെളിയിക്കാന്‍ കഴിയില്ല. 30 ശതമാനത്തിലധികം വരുന്ന മുസ്‌ലിം സമുദായംഗങ്ങളുടെ കീഴില്‍ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടെന്നും, അവരില്‍ നിന്നും എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കണ്ടെത്തിയ ബാക്ക് ലോഗുകള്‍ ഇനിയും എത്ര നികത്താനുണ്ട് എന്നുമുള്ള കണക്കുകള്‍ സര്‍ക്കാര്‍ ഗസറ്റായി പുറത്ത് വിട്ടാല്‍ മാത്രം മതി മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന മുഴുവന്‍ ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കാന്‍. യഥാര്‍ഥത്തില്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാരാണ് മുസ്‌ലിം പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമിച്ച സച്ചാര്‍ സമിതിയുടെ റിപ്പോര്‍ട്ടിനു മേല്‍ മുസ്‌ലിംകളുടെ ഉന്നമനത്തിനായി ഉണ്ടാക്കിയ വിവിധ പദ്ധതികളെ അനീതികരമായി മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി വീതിച്ചു നല്‍കുക എന്ന പ്രവണതക്ക് തുടക്കമിട്ടത്. അതുകൊണ്ടു തന്നെ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളായി രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ ജൈന സമൂഹം പോലും കടന്നു വരികയുണ്ടായി. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ 25 ശതമാനം അധികമാണ് അവരുടെ പ്രാതിനിധ്യം എന്ന് നമുക്ക് കാണാന്‍ കഴിയും. അവര്‍ക്കാണ് 65 ശതമാനം പിന്നാക്കം നില്‍ക്കുന്ന ഒരു സമൂഹത്തിന്റെ ഭിക്ഷാ പാത്രത്തില്‍ നിന്ന് കൈയിട്ട് വാരി നല്‍കിയത്. ഇതേ രീതി തന്നെയാണ് 100 ശതമാനം മുസ്‌ലിം പദ്ധതിയില്‍ നിന്നും 20 ശതമാനം പരിവര്‍ത്തിത ക്രൈസ്തവ സമൂഹത്തിനു നല്‍കാനും അന്നത്തെ കേരള സര്‍ക്കാര്‍ ഉപയോഗിച്ചത്. അതിനായി അവര്‍ ആദ്യം മുസ്‌ലിംക്ഷേമ പദ്ധതികളുടെ പേരിനെ അപ്പാടെ മാറ്റി മൊത്തത്തില്‍ ന്യൂനപക്ഷ ക്ഷേമം എന്ന് ആദ്യം വിളിക്കും. പിന്നീട് പതിയെ പതിയെ അതിലേക്ക് മറ്റുള്ളവരെ കൂടി കൂട്ടിച്ചേര്‍ക്കും. ആത്യന്തികമായി അപ്പോഴും ഇപ്പോഴും എപ്പോഴും നഷ്ടം സഹിക്കേണ്ടവര്‍ ഒരു സമുദായം മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു.
മുസ്‌ലിം ക്ഷേമ പദ്ധതികളെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെന്ന ഓമനപ്പേരിട്ടു വിളിച്ചാണ് ഈ അനീതി ഇവിടെ നടപ്പില്‍ വരുത്തുന്നത്. അത്തരം ഗിമ്മിക്കുകളെ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു. അര്‍ഹതപ്പെട്ടതില്‍ പോലും കൈയിട്ട് വാരുകയും നാലാള്‍ കാണാതെ വേഗം പൊയ്ക്കോളൂ എന്നു പറയുകയും ചെയ്യുന്നവരോട് ഇനിയും ഇത്തരം അനീതികള്‍ക്ക് കൂട്ടു നില്‍ക്കാന്‍ സാധ്യമല്ലെന്ന് നാം നട്ടെല്ല് നിവര്‍ത്തി ആജ്ഞാപിക്കേണ്ട സമയമാണിത്. സ്വന്തം സമുദായത്തിന്റെ ഭരണഘടനാ പരമായ അവകാശങ്ങള്‍ ജനാധിപത്യപരമായി ചോദിച്ചു വാങ്ങാന്‍ തയ്യാറാകാത്തിടത്തോളം കാലം ഇത്തരം അനീതികളുടെ മുന്നില്‍ സ്തബ്ധരായി നില്‍ക്കാന്‍ മാത്രമേ സമുദായത്തിനു സാധിക്കുകയുള്ളു.
മുബാറക് റാവുത്തര്‍