കരുണവറ്റിയ മാതൃത്വങ്ങള്‍

2712

ധാര്‍മികതയില്ലാതെ വളര്‍ന്നുവന്ന് ‘മാതൃ’ പദവിയിലേക്ക് എത്തിയവര്‍ ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്

2015 സെപ്തംബര്‍ ആദ്യദിനങ്ങളില്‍ ലോകത്തെ മാതൃഹൃദയങ്ങള്‍ വിങ്ങുന്ന മനസോടെയും കണ്ണീരൊടെയും കണ്ട ഒരു ചിത്രമുണ്ട്; മെഡിറ്ററേനിയന്‍ സമുദ്രത്തിന്‍റെ തീരത്ത് മരിച്ചുകിടന്ന മൂന്നുവയസുകാരനായ ഐലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലന്‍റെ ദാരുണ ചിത്രം. ചുവന്ന ഷര്‍ട്ടും കുഞ്ഞു ജീന്‍സും ഷൂസും ധരിച്ച് കടല്‍തീരത്ത് കമിഴ്ന്നുകിടന്ന ഐലന്‍ കുര്‍ദിയുടെ ചിത്രം കുറേക്കാലം അമ്മമാരുടെ മനസില്‍ വിങ്ങലായിരുന്നു. സിറിയയില്‍ നിന്ന് രാഷ്ട്രീയ അഭയംതേടി കാനഡയിലേക്കുള്ള ബോട്ടുയാത്രക്കിടയില്‍ മരണത്തിന്‍റെ ആഴങ്ങളിലേക്ക് താഴ്ന്നുപോയ ഐലന്‍ കുര്‍ദി പിന്നീട് ആഗോളതലത്തില്‍തന്നെ അഭയാര്‍ഥികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയ പ്രതീകമായി മാറി.
അതിനും വര്‍ഷങ്ങള്‍ക്കുമുമ്പ് മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്ക് അഭയംതേടിയുള്ള യാത്രക്കിടയില്‍ ബോട്ട് തകര്‍ന്നപ്പോള്‍ തന്‍റെ രണ്ടര വയസുള്ള കുഞ്ഞിനെ, കിട്ടിയ പലകയില്‍ കൈയിലുള്ള ഏക ബ്ലാങ്കറ്റ് പുതപ്പിച്ച് തന്നാല്‍ കഴിയുംവിധം സുരക്ഷിതമായി കിടത്തിക്കൊണ്ട് കടലാഴങ്ങളിലേക്ക് മറഞ്ഞുപോയ ഒരമ്മയുടെ കഥയും ലോകം വായിച്ചു. ഈ വാര്‍ത്തകള്‍ വായിക്കുമ്പോഴെല്ലാം കേരളത്തിലുള്ള അമ്മമാര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ സ്വന്തം കുഞ്ഞുങ്ങളെ ഒന്നുകൂടി മാറോട് ചേര്‍ത്തുപിടിച്ചു; പിന്നെ തങ്ങളുടെ മക്കളടക്കം ഇനിയൊരു കുഞ്ഞുങ്ങള്‍ക്കും ഈ ഗതി വരരുതേ എന്ന് ഒരുനിമിഷം കണ്ണടച്ച് പ്രാര്‍ഥിച്ചു.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളില്‍ മാതൃദിനമായി ആചരിക്കുകയാണ്. ഈ മാതൃദിനത്തില്‍ പക്ഷേ, ദൈവത്തിന്‍റെ സ്വന്തം നാട് എന്നവകാശപ്പെടുന്ന സാക്ഷര കേരളം ലോകത്തിന്‍റെ മുമ്പില്‍ തലകുനിച്ച് നില്‍ക്കേണ്ടുന്ന അവസ്ഥയിലാണ്; കരുണവറ്റിയ മാതൃത്വത്തിന്‍റെ പേരില്‍.
വിഖ്യതനായ ഇംഗ്ലീഷ് കവി ടി.എസ് എലിയട്ടിന്‍റെ ‘ ദി വേസ്റ്റ് ലാന്‍റ്’ എന്ന കവിതയിലെ ആദ്യവരി, ‘ഏപ്രില്‍ ഈസ് ദി ക്രുവലസ്റ്റ് മന്ത്’ എന്നാണ്. ഏറ്റവുംക്രൂരമായ മാസമാണ് ഏപ്രില്‍ എന്ന്. കേരളത്തെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയായ വിശേഷണമായി ഇത്. ‘മാതൃത്വം’ എന്ന പദം ഏറ്റവുമധികം ചവുട്ടിയരക്കപ്പെട്ട ക്രൂരമായ മാസമായാണ് ഏപ്രില്‍ കടന്നുപോയത്. ഈ ലോകത്തിലേക്ക് മിഴി തുറന്നെത്തിയ മൂന്ന് കുഞ്ഞുങ്ങളാണ് ഏപ്രിലില്‍ കരുണവറ്റിയ മാതൃത്വത്താല്‍ പരലോകം പുല്‍കിയത്. രണ്ട് കുഞ്ഞുങ്ങള്‍, ജന്മം നല്‍കിയെങ്കിലും മാതാവ് എന്ന വിളിപ്പേരിനുപോലും അര്‍ഹതയില്ലാത്തവിധം കരുണയില്ലാത്തവരുടെ കരങ്ങളാലും ഒരു കുരുന്ന് അമ്മയെന്ന് പറയുന്നവളുടെ സാന്നിധ്യത്തില്‍ കാമുകന്‍റെ കരങ്ങളാലും പരലോകം പൂകി.
തൊടുപുഴയിലെ ഏഴുവയസുകാരന്‍, ആലുവയില്‍ താമസിക്കുന്ന ജാര്‍ക്കണ്ഡ് സ്വദേശികളുടെ മകനായ മൂന്നര വയസുകാരന്‍, ചേര്‍ത്തലയിലെ ഒന്നേകാല്‍ വയസുകാരി…. കരുണവറ്റിയ മാതൃത്വത്തിന്‍റെ ഇരകള്‍ ഇങ്ങനെ നീളുകയാണ്.

ഇല്ലാതാകുന്ന ധാര്‍മികത

പ്രമുഖ മതങ്ങളെല്ലാം മാതൃത്വത്തിന്‍റെ മഹനീയത ഉദ്ഘേഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ‘സ്വര്‍ഗം മാതാവിന്‍റെ കാല്‍പാദത്തിന് അടിയിലാണെന്ന്’ പഠിപ്പിക്കുന്ന ഇസ്ലാമും മാതാവിനെ ആരാധിക്കുന്നിടത്തോളം ഉയര്‍ത്തിയ ക്രിസ്തുമതവും അമ്മ ദൈവങ്ങള്‍ എമ്പാടുമുള്ള ഹിന്ദുമതവുമെല്ലാം മാതൃത്വം എന്ന പദവിയെ ഉത്തുംഗതയില്‍ നിര്‍ത്തുന്ന വിശ്വാസ പ്രമാണങ്ങളാണ്. രാജ്യത്തെ നിയമ സംവിധാനങ്ങളും മാതൃത്വത്തെ ഉന്നത പദവിയില്‍ നിര്‍ത്തുന്നു. എന്നിട്ടും, എന്തുകൊണ്ടാണ് പല മാതാക്കളും ആ മഹനീയ പദവിയില്‍ നിന്ന് ഇറങ്ങിവന്ന് വെറും അന്തക സ്ത്രീകളായി മാറുന്നത് എന്നത് കണ്ടെത്താന്‍ ഒരു സൈക്കോളജിക്കല്‍ സോഷ്യല്‍ ഓഡിറ്റ് തന്നെ ആവശ്യമാണ്. മതാധ്യപാനങ്ങളുടെ കുറവല്ല; മറിച്ച് സമ്പത്തിനും സ്വന്തം സുഖത്തിനും വേണ്ടിയള്ള അന്തമില്ലാത്ത പാച്ചിലില്‍ നഷ്ടപ്പെടുന്ന ധാര്‍മികതയാണ് ഇത്തരം കുട്ടിക്കൊലപാതകങ്ങളിലേക്ക് നയിക്കുന്നത് എന്ന് വ്യക്തം. നൊന്തുപ്രസിവിച്ച കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ മാത്രമല്ല, ഫേസ്ബുക്കിലെ ഒന്നോരണ്ടോ ദിവസത്തെ പരിചയത്തിന്‍റെ ബലത്തില്‍ മാത്രം വിളിക്കുന്നവന്‍റെ പിന്നാലെ, കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്ന ‘അമ്മ’മാരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ അന്നവും വെള്ളവുമില്ലാതെ തെരുവില്‍ തളര്‍ന്നുവിണതിന്‍റെ കഥകള്‍ എമ്പാടും മാധ്യമങ്ങളില്‍ വന്നിട്ടുമുണ്ട്.
വിദ്യാഭ്യാസമില്ലാത്തവരോ ദരിദ്രരോ ഒന്നുമല്ല, മറിച്ച് ഉന്നത വിദ്യാഭ്യാസവും സമ്പന്നമായ ജീവിത ചുറ്റുപാടുകളും സ്നേഹത്തോടെ സംരക്ഷിക്കുന്ന ഭര്‍ത്താവും ഉള്ള ‘അമ്മ’മാരും മക്കളെ അനിശ്ചിതത്വത്തിലാക്കി ഇങ്ങനെ ഇറങ്ങിപ്പോയവരുടെ കൂട്ടത്തില്‍ ധാരാളമുണ്ട്. ധാര്‍മികതയില്ലാതെ വളര്‍ന്നുവന്ന് ‘മാതൃ’ പദവിയിലേക്ക് എത്തിയവര്‍ ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ തങ്ങളുടെ തനിസ്വരൂപം പുറത്തെടുക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

കൂട്ടുകുടുംബ സുരക്ഷിതത്വം നഷ്ടമാകുമ്പോള്‍

മുമ്പ് കുട്ടികള്‍ക്ക് ചുറ്റും വലിയ സുരക്ഷാ വലയം ഒരുക്കിയിരുന്നത് കൂട്ടുകുടുംബ സംവിധാനങ്ങളായിരുന്നു. ഉപദ്രവങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ച് നിര്‍ത്തുന്ന കോട്ടകളായി പലപ്പോഴും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ഉണ്ടാകുമായിരുന്നു. എന്തിനും ഏതിനും ഓടിയെത്തി അഭയംതേടാനും തുറന്നുപറയാനുമൊക്കെ വാല്‍സല്യത്തിന്‍റെ അത്തരം കരങ്ങളായിരുന്നു കുട്ടികള്‍ക്ക് ആശ്രയം. മുതിര്‍ന്നവരുടെ വഴിതെറ്റലുകള്‍ക്ക് എതിരായ പ്രതിരോധം തീര്‍ക്കുന്നതിലും കൂട്ടുകുടുംബ സംവിധാനത്തിന് നിര്‍ണായകമായ പങ്കുണ്ടായിരുന്നു. കൂട്ടുകുടുംബ സംവിധാനങ്ങള്‍ ഒരുപരിധിവരെ അസ്തമിക്കുകയും ആ സ്ഥാനം അണുകുടുംബങ്ങള്‍ കൈയടക്കുകയും ചെയ്തപ്പോള്‍ വീടുകള്‍ക്കകത്തുപോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി.

കണ്ണുതുറക്കാന്‍ മൂന്ന് നരബലി വേണ്ടിവന്നു

കുട്ടികള്‍ക്ക് എതിരായ ക്രൂരത തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കണ്ണുതുറക്കാന്‍ മൂന്ന് പിഞ്ചുനരബലി വേണ്ടിവന്ന സമൂഹത്തെയാണ് നാം സാക്ഷര കേരളം എന്ന് വിളിക്കുന്നത്. ആറുവര്‍ഷം മുമ്പ് കട്ടപ്പനയില്‍ പിതാവിന്‍റെയും രണ്ടാനമ്മയുടെയും കടുത്ത മര്‍ദനമേറ്റ് ഷഫീഖ് എന്ന പത്തുവയസുകാരന്‍ പാതിജീവനായത് വന്‍ വിവാദമായതിനെ തുടര്‍ന്ന് കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു; ഷഫീഖ് കമ്മിറ്റി. ആ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രശകാരം അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് 2017-18 വര്‍ഷം സംസ്ഥാനത്തുടനീളമുള്ള വീടുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് സര്‍വേയും നടത്തി. അതീവ ആശങ്ക ജനിപ്പിക്കുന്നതായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. സംസ്ഥാനത്തെ 11, 72,433 കുടുംബങ്ങളിലെ കുട്ടികള്‍ സുരക്ഷാ പ്രശ്നങ്ങള്‍ നേരിട്ടേക്കാം എന്നായിരുന്നു വിലയിരുത്തല്‍. മാതാവും പിതാവും പിരിഞ്ഞുതാമസിക്കുന്ന വീടുകളിലെ കുട്ടികള്‍, മാതാപിതാക്കളില്‍ ആരെങ്കിലുമോ രണ്ടുപേരും തന്നെയോ ലഹരിക്ക് അടിമയായ വീട്ടിലെ കുട്ടികള്‍ തുടങ്ങിയവരെല്ലാം സുരക്ഷാ ഭീഷണി നേരിടുന്നതായി കണ്ടെത്തിിയരുന്നു. 32,654 കുടുംബങ്ങളില്‍ കുട്ടികള്‍ രണ്ടാനഛന്‍റേയോ രണ്ടാനമ്മയുടെയോ സംരക്ഷണയിലാണ്. 94,685 വീടുകളില്‍ മാതാപിതാക്കള്‍ ലഹരിക്ക് അടിമകളാണ്. കുട്ടികള്‍ പീഡനമേല്‍ക്കുന്ന സംഭവങ്ങളില്‍ പ്രധാന വില്ലനായി എത്തുന്നത് മദ്യമാണ് എന്ന വസ്തുതയും സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാന ഭരണകൂടം ഒന്നാകെ അധിവസിക്കുന്ന തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഇത്തരം കുടുംബങ്ങള്‍ ഏറെയുമെന്നും സര്‍വേയില്‍. തിരുവനന്തപുരത്ത് 4001 കുടുംബങ്ങളിലെ ഭര്‍ത്താവും ഭാര്യയും വേര്‍തിരിഞ്ഞാണ് താമസിക്കുന്നതെങ്കില്‍, 18,985 കുടുംബങ്ങളില്‍ രക്ഷിതാക്കള്‍ മദ്യത്തിന് അടിമകളുമാണ്.
ഇത്ര അപകടകരമായ മുന്നറിയിപ്പ് റിപ്പോര്‍ട്ട് മാസങ്ങളോളം കൈയില്‍വെച്ച ശേഷം, മൂന്ന് പിഞ്ചുപൈതങ്ങള്‍ മര്‍ദനമേറ്റ് മരണമടഞ്ഞ ശേഷമാണ് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഒന്നുണര്‍ന്നതുതന്നെ. ഷഫീഖ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ആലോചിക്കാന്‍ മെയ് മാസത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് ഇപ്പോള്‍ വകുപ്പ് മന്ത്രി പറയുന്നത്. രക്ഷാ കര്‍ത്താക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് ബോധവല്‍കരണം നടത്താന്‍ പ്രത്യേക പാരന്‍റിംഗ് കാമ്പയിന്‍ നടത്തുമെന്ന് വകുപ്പ് സെക്രട്ടറിയും പറയുന്നു. കുട്ടികളുടെ ക്ഷേമത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരുപിഞ്ചു കുഞ്ഞ് പീഡനമേല്‍ക്കേണ്ടിവരികയും, ആ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ മൂന്ന് പിഞ്ചുജീവനുകളും വിലയായി നല്‍കേണ്ടിവന്ന നാട്ടിലിരുന്ന് നമുക്ക് നമ്മെ സ്വയം പുകഴ്ത്താം, ദൈവത്തിന്‍റെ സ്വന്തം നാട് എന്ന്.

സുനി അല്‍ഹാദി