ഇസ്ലാമിക പാരമ്പര്യവും പൈതൃകവും ഇഷ്ടപ്പെടുന്ന ഒരു ശരാശരി ഇന്ത്യന്‍ മുസ്ലിം ഏറ്റവും ആദ്യം കണ്ടിരിക്കേണ്ട ചരിത്ര കേന്ദ്രമാണ്, അനേകം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഭാഗ്യം ലഭിച്ച കായല്‍പട്ടണം. ഏര്‍വാടിക്കടുത്ത കീളക്കരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന വിശ്രുത പണ്ഡിതന്‍ സ്വദഖതുല്ലാഹില്‍ ഖാഹിരി(റ)യുടെ മസാര്‍ സന്ദര്‍ശിച്ചപ്പോഴാണ് പ്രസ്തുത നഗരം കാണാനുള്ള ലേഖകന്റെ അഭിലാഷം തീവ്രവും കലശലുമായത്. കാരണം, അദ്ദേഹത്തിന്റെ കുടുംബവേരുകള്‍ ആഴ്ന്നുനില്‍ക്കുന്നത് കായല്‍പട്ടണത്താണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് അഭിലാഷം പോലെ അവിടെ പോവാനും അവിടത്തെ ചരിത്രവും സംസ്‌കാരവും ഹൃസ്വമായി മനസ്സിലാക്കാനും സാധിക്കുകയുണ്ടായി. കൂടെ സുഹൃത്ത് ശിയാസ് അഹ്മദ് ഹുദവിയുമുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് തമിഴ്നാട്ടിലെ നാഗര്‍കോവിലിലേക്കും അവിടെ നിന്ന് പാസഞ്ചര്‍ വഴി കായല്‍പട്ടണത്തേക്കും ട്രെയിന്‍ കയറിയാല്‍ കായല്‍പട്ടണത്തെത്താം.
ഇന്ത്യാ രാജ്യത്തിന്റെ കിഴക്കു ഭാഗത്തെ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുകിടക്കുന്ന കോറമണ്ഡല്‍ തീരത്തെ ഒരു ചെറുനഗരമാണ് കായല്‍പട്ടണം. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് ഇന്നീ പ്രദേശം. പഴയ പേര് കായല്‍. കായല്‍ എന്നത് നിലവിലെ കായല്‍പട്ടണത്തോട് ചേര്‍ന്നു കിടന്നിരുന്ന മറ്റൊരു നഗരമായിരുന്നെന്നും പോര്‍ച്ചുഗീസുകാരുടെയോ മറ്റോ ആക്രമണത്തില്‍ അത് നശിച്ചുപോയെന്നും ചില ഒറ്റപ്പെട്ട ചരിത്രവായനകളുണ്ട്. എന്നാല്‍, പഴയ കായലും പുതിയ കായല്‍പട്ടണവും ഒന്നു തന്നെയാണെന്നതാണ് പ്രബലപക്ഷം. കായല്‍പട്ടണത്തിന്റെ കൂടെ പഴയ കായല്‍, മഞ്ചല്‍ നീര്‍ കായല്‍, പുന്നക്കായല്‍ എന്നിവയും അന്ന് കായലിന്റെ ഭാഗമായിരുന്നു.
സമ്പന്നമായ പാരമ്പര്യവും ഭദ്രമായ ചരിത്ര പശ്ചാത്തലവുമാണ് കായല്‍പട്ടണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പുരാതന ഗ്രീക്കിലെ ഗോളശാസ്ത്രജ്ഞനും ചരിത്രകാരനും പണ്ഡിതനുമായ ട്ടോളമി (Ptolemy) തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന കോല്‍ക്കോയി നഗരവും (Kolkoi) ചൈനന്‍ ചരിത്രത്തിന്റെ ഭാഗമായ കൊക്കൊലോ, കുലോ (Ko-Ko-Lo and Kulo) പ്രദേശവും കായല്‍ പട്ടണമായിരുന്നത്രെ! ട്ടോളമി ഈ പ്രദേശത്ത് വന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ആഗമനത്തിന്റെ മുമ്പുതന്നെ ശ്രീലങ്ക, ചൈന, ഇന്തോനേഷ്യ, റോം, ഗ്രീസ്, ഈജിപ്ത്ത്, എന്നിവയുമായി കായല്‍പട്ടണം എന്ന തുറമുഖ നഗരത്തിന് വാണിജ്യ-വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. അക്കാലങ്ങളില്‍ മേത്തരം കുതിരകളും പട്ടുവസ്ത്രങ്ങളും ഇങ്ങോട്ട് ഇറക്കുമതി ചെയ്യപ്പെടുകയും പകരം വിലപിടിപ്പുള്ള മുത്തുകളും കല്ലുകളും ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രമുഖ ചരിത്രകാരന്മാരും സഞ്ചാരികളും വര്‍ത്തകന്മാരുമായ മാര്‍ക്കോ പോളോ, ഇബ്നു ബത്തൂത്ത, വസ്സാഫ്, റശീദുദ്ദീന്‍, ബര്‍ബോസ, അബ്ദു റസാഖ്, നിക്കോളോ കോണ്ടി തുടങ്ങിയവരും കായല്‍പട്ടണത്ത് വരികയും അതിനെപ്പറ്റി എഴുതുകയും ചെയ്തിട്ടുണ്ട്.
നേരിട്ട് കായല്‍പട്ടണത്ത് ഇറങ്ങിയില്ലെങ്കില്‍ പോലും യൂറോപ്പില്‍ നിന്നും മറ്റും ചൈനയിലേക്കോ ശ്രീലങ്കയിലേക്കോ വരുന്ന കപ്പലുകള്‍ക്ക് ഈ തീരം സ്പര്‍ശിക്കാതെ കടന്നുപോവുക സാധ്യമല്ല. അതുകൊണ്ടാണ് കായല്‍പട്ടണത്തിന് മഅ്ബര്‍ എന്ന ഒരു വിളിപ്പേര് വന്നത്. ഉബൂര്‍ എന്നാല്‍ അറബിയില്‍ വിട്ടുകടക്കുക എന്നാണല്ലോ അര്‍ഥം. അപ്പോള്‍ മഅ്ബര്‍ എന്നാല്‍ വിട്ടുകടക്കുന്ന പ്രദേശം. ഈ അര്‍ഥത്തിലാണ് കേരളത്തിലെ മഖ്ദൂമുമാരെപ്പറ്റി മഅ്ബരികള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. ഇവരുടെ പ്രപിതാവ് (സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പിതാവ് അലിയ്യുല്‍ മഅ്ബരി) കായല്‍പട്ടണത്തു നിന്നാണല്ലോ കേരളത്തിലേക്ക്, കൊച്ചിയിലേക്ക് വന്നത്. ഈ ഒരു മലബാര്‍ മഅ്ബര്‍ ബന്ധം പില്‍ക്കാലത്തും അനവരതം നിലനിന്നുപോന്നിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ കായല്‍പട്ടണത്തെ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ വേണ്ടി മലബാറില്‍ നിന്നും ആളുകള്‍ പോയിട്ടുണ്ടായിരുന്നു. മഖ്ദൂമുമാര്‍ക്കു പുറമെ നിരവധി പണ്ഡിതന്മാര്‍ മഅ്ബറില്‍ നിന്ന് കേരളത്തിലേക്ക് വന്നിട്ടുണ്ട്. കായല്‍പട്ടണത്തിനു നേരെ ഏറ്റവും കൂടുതല്‍ വൈദേശികാക്രമണം നടത്തിയത് പോര്‍ച്ചുഗീസുകാരാണ്. എ.ഡി 1532, 1552, 1573 എന്നീ വര്‍ഷങ്ങളിലായി മൂന്നുവട്ടം അവര്‍ കായല്‍പട്ടണത്തെ അക്രമിക്കുകയുണ്ടായി. ഇതുകാരണം ധാരാളം തദ്ദേശീയര്‍ കൊല്ലപ്പെടുകയും പലരും മദ്രാസ്, കീളക്കര, നാഗപട്ടണം, നാഗൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്കു പലായനം നടത്തുകയും ചെയ്തു.
ഒരു മുസ്ലിം സാംസ്‌കാരിക ഭൂമിക എന്ന നിലയിലാണ് ഇവിടെ കായല്‍പട്ടണത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. മൂന്നു ഘട്ടങ്ങളായാണ് ഇവിടെ ഇസ്ലാമിക സംസ്‌കാരം കടന്നുവന്നത്. ഒന്ന്, ഹിജ്റ 9 ല്‍ അഞ്ചോളം സ്വഹാബികളുടെ നേതൃത്വത്തില്‍; ഖാലിദ് ബ്ന്‍ സഈദ് ബ്ന്‍ അല്‍ ആസ്(റ), സാബിത് ബ്ന്‍ ഖൈസ് ബ്ന്‍ ശമ്മാസ്(റ), അബ്ദുല്ലാഹ് ബ്ന്‍ സഅ്ദ് ബ്ന്‍ അബിസ്സര്‍ഹ്(റ), അബ്ദുല്ലാഹ് ബ്ന്‍ അബ്ദില്ലാഹ് ബ്ന്‍ ഉബയ്യ്(റ), അബ്ദുല്ലാഹ് ബ്ന്‍ അബ്ദില്‍ അസീസ് ബ്ന്‍ ഉമര്‍(റ) എന്നിവരാണ് ആ അഞ്ചു പേര്‍. ഇതിലെ ആദ്യത്തെ നാലുപേര്‍ തങ്ങളുടെ ദൗത്യം നിര്‍വഹിച്ച് ഹിജാസിലേക്കു തന്നെ തിരിച്ചുപോയി. അവസാനം പറഞ്ഞ അബ്ദുല്ല മലബാറില്‍ വന്ന് മസ്ജിദുല്‍ മഹ്മൂദ് എന്ന ഒരു പള്ളി സ്ഥാപിക്കുകയുണ്ടായി. ഈ അഞ്ചു പേര്‍ ചേര്‍ന്ന് കായല്‍പട്ടണത്ത് സ്ഥാപിച്ച പള്ളിയാണ് കടല്‍ക്കരൈ പള്ളി. പ്രശസ്തമായ കൊസ്മറ ദര്‍ഗയുടെ അടുത്തായി സ്ഥാപിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ പള്ളി നിലവിലില്ല. പകരം മസ്ജിദുല്‍ ഈമാന്‍ എന്ന പേരില്‍ ഇവിടെ പില്‍ക്കാലത്തു വന്ന മറ്റൊരു പള്ളി കാണാം.
കായല്‍പട്ടണത്തെക്കുള്ള മുസ്ലിംകളുടെ രണ്ടാമത്തെ രംഗപ്രവേശമുണ്ടാവുന്നത് ഹിജ്റ 227 ല്‍ അബൂബക്റി(റ)ന്റെ പിന്‍മുറക്കാരനായ മുഹമ്മദ് ഖില്‍ജി(റ)യുടെ നേതൃത്വത്തിലെ 224 പേരുടേതാണ്. ഇവരില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടിമകളുമെല്ലാമുണ്ടായിരുന്നു. ഈജിപ് ത്തിലെ ഖറാഫ പ്രദേശത്തുള്ള ജബല്‍ മുഖത്തമില്‍ നിന്നാണ് ഇവര്‍ കായല്‍പട്ടണത്തേക്ക് വന്നത്. ഖുര്‍ആന്‍ സൃഷ്ടിവാദത്തിന്റെ (ഖല്‍ഖുല്‍ ഖുര്‍ആന്‍) കാലത്ത് അഹ്ലുസ്സുന്നയുടെ ആശയത്തോട് ചേര്‍ന്നു നിന്നതിന്റെ പേരില്‍ അക്കാലത്തെ ഖലീഫയില്‍ നിന്നു നേരിട്ട ചില തിക്താനുഭവങ്ങളാണ് ഈ സംഘത്തെ ഇങ്ങനെയൊരു പ്രയാണത്തിന് പ്രേരിപ്പിച്ചത്. തങ്ങള്‍ വന്നിറങ്ങിയ നഗരത്തെ ഇവര്‍ ഖാഹിറ വത്വന്‍ (ഖാഹിറ എന്നാല്‍ കൈറോ) എന്നു വിളിച്ചു. ഇത് ലോപിച്ചതാണ് കായല്‍പട്ടണം എന്ന് ചില ചരിത്രകാരന്മാര്‍ സമര്‍ഥിക്കുന്നു. ഈ പ്രദേശത്തെ പ്രമുഖരായ പല പണ്ഡിതന്മാര്‍ക്കും ഖാഹിരി എന്ന പേര് വീണത് (ഉദാ, സ്വദഖത്തുല്ലാഹില്‍ ഖാഹിരി) ഇങ്ങനെയാണ്. കായല്‍പട്ടണത്തെ പ്രശസ്തമായ പെരിയ ഖുതുബ പള്ളി (അല്‍ ജാമിഉല്‍ കബീര്‍) ഈ സംഘമാണ് നിര്‍മിച്ചത്. ഈ പള്ളിയോട് ചേര്‍ന്നു തന്നെയാണ് മുഹമ്മദുല്‍ ഖില്‍ജി(റ)യുടെ ഖബറും നിലകൊള്ളുന്നത്.
അടുത്ത വരവ് ഹിജ്റ 683 ല്‍ സയ്യിദ് ജമാലുദ്ദീന്റെ(റ)തായിരുന്നു. അക്കാലത്തെ രാജാവായ സുന്ദരപാണ്ഡ്യ അദ്ദേഹത്തെ വളരെയധികം ആദരിക്കുകയും വൈകാതെ തന്റെ മന്ത്രിയും അംബാസഡറുമായി നിയമിക്കുകയും ചെയ്തു. പാണ്ഡ്യയുടെ കാലശേഷം പിന്നീട് അദ്ദേഹമായി ഭരണാധികാരി. തുടര്‍ന്ന് അദ്ദേഹം അറിയപ്പെട്ടത് സുല്‍ത്താന്‍ സയ്യിദ് ജമാലുദ്ദീന്‍ എന്നും മാലികുല്‍ ഇസ്ലാം ജമാലുദ്ദീന്‍ എന്നുമാണ്. ഇദ്ദേഹവും മകന്‍ സയ്യിദ് നൂറുദ്ദീനും ചേര്‍ന്നാണ് ഖില്‍ജി(റ) സ്ഥാപിച്ച ഖുതുബ പെരിയ പള്ളി സമീപത്തെ ആയിരം കാല്‍ മണ്ഡപവും കൂടി ചേര്‍ത്ത് വിപുലീകരിച്ചത്. അതുകൊണ്ട് ഈ പള്ളിക്ക് ആയിരം കാല്‍ മസ്ജിദ് എന്നും പേരുണ്ട്. ഈ പള്ളിയെപ്പറ്റി ഇബ്നു ബത്തൂത്ത തന്റെ രിഹ്ലയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇറാനിലെ ശീറാസില്‍ വച്ചാണ് സയ്യിദ് ജമാലുദ്ദീന്‍ നിര്യാതനാകുന്നത്.
എണ്ണം പറഞ്ഞ മസാറുകളും മഖ്ബറകളുമാണ് കായല്‍പട്ടണത്തിന്റെ ആത്മീയ നിശ്വാസത്തിന്റെ മൂലഹേതു എന്നു പറയാം. അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നൂറുക്കണക്കിന് ദര്‍ഗകള്‍ ഇവിടെയുണ്ട്. ഈ ദര്‍ഗകളും ഇവയോട് അനുബന്ധമായി നടക്കുന്ന ഉറൂസുകളുമാണ് കായല്‍പട്ടണത്തുകാരെ ആത്മീയമായ ചിന്തയിലും ബോധത്തിലും ഉറപ്പിച്ചു നിറുത്തുന്നത്. സാധാരണ കൊല്ലത്തില്‍ 240 ദിവസത്തിലധികം ഇവിടെ ഏതെങ്കിലും മഹാന്മാരുടെ പേരില്‍ ഉറൂസുകള്‍ നടന്നുവരുന്നു. പൊതുവെ മറ്റു നാടുകളിലെ ഉറൂസുകളില്‍ കണ്ടുവരുന്ന പല സംഗതികളും ഇവിടെ ഉണ്ടാവാറില്ല. ഓരോ മഹാന്റെ പേരിലും നടക്കുന്ന ഉറൂസ് മിക്കവാറും ആഴ്ചകളോളമോ ഒരു മാസം വരെയോ നീണ്ടുനില്‍ക്കും. ഇതില്‍ രാത്രി മതപ്രഭാഷണവും അവസാന ദിവസം മൗലിദും ദിക് റ് മജ്ലിസും മഹാന്മാരെപ്പറ്റിയുള്ള വിവരണവും നടക്കും. പകല്‍ സുബ്ഹ് നിസ്‌കാരത്തിനു ശേഷം ആളുകള്‍ ഓരോരോ ജുസ്ഉകളായി ഖുര്‍ആന്‍ പാരായണം ചെയ്യും. കുട്ടികള്‍ യാസീനോ ചെറിയ സൂറത്തുകളോ പാരായണം ചെയ്യും. അങ്ങനെ തിരിച്ചുപോകുമ്പോള്‍ അവര്‍ക്ക് ഭക്ഷണമോ തബറുക്കോ കൊടുക്കും. ഇതിനപ്പുറമുള്ള പരിപാടിയോ ധൂര്‍ത്തോ ഉറൂസുകളില്‍ ദൃശ്യമല്ല. ഒരു മഹാന്റെ പേരിലുള്ള ഉറൂസ് തീരുമ്പോഴേക്ക് അടുത്ത മഹാന്റെ പേരിലുള്ള ഉറൂസ് ആരംഭിക്കും. ചുരുക്കത്തില്‍, ഈ ഒരു കീര്‍ത്തന,അപദാന പശ്ചാത്തലം കായല്‍പട്ടണത്തെ ദീനുമായി ചേര്‍ത്തുനിറുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. റബീഉല്‍ അവ്വല്‍ മാസമായാല്‍ 12 ദിവസം എല്ലാ പള്ളികളിലും സുബ്ഹാന മൗലിദ് പാരായണം ചെയ്യപ്പെടും. റബീഉല്‍ ആഖിറില്‍ ശൈഖ് ജീലാനി(റ) തങ്ങളുടെ പേരിലും ജമാദുല്‍ ഉഖ്റയില്‍ ശാഹുല്‍ ഹമീദ് നാഗൂരി(റ)യുടെ പേരിലും പ്രത്യേക മൗലിദുകള്‍ ഉണ്ടാകും. അതുപോലെ എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ഥനയില്‍ മാതാപിതാക്കള്‍ക്കു വേണ്ടിയുള്ള തേട്ടം കഴിഞ്ഞാല്‍ ഇലാഹീ ലസ്തു ലില്‍ ഫിര്‍ദൗസി അഹ്ലാ… എന്ന കാവ്യം ചൊല്ലുന്ന ശീലവുമുണ്ട്.
ദര്‍ഗകളുടെ കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് അപ്പ പള്ളിയിലെ (മരൈക്കാര്‍ പള്ളി) ശൈഖ് സുലൈമാന്‍ വലിയുല്ലാഹ് ഖാഹിരി(റ)യുടെ മസാര്‍. ഇവരുടെ ഉസ്താദാണ് ശംസുദ്ദീന്‍ അല്‍ കബീര്‍(റ). ഇദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യനായിരുന്നു ഹാഫിള് അമീര്‍ വലിയുല്ലാഹ്(റ). യഥാര്‍ഥ പേര് ശാഹുല്‍ ഹമീദ്. പഠനത്തിന്റെ ആദ്യകാലത്ത് ഇദ്ദേഹം വലിയ സമര്‍ഥനോ നിപുണനോ ആയിരുന്നില്ല. അതുകൊണ്ട് ഉസ്താദിന് സേവനം ചെയ്യലായിരുന്നു കാര്യമായ പണി. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോള്‍ തന്നെ അല്‍പനേരം കാത്തിരിക്കാന്‍ ഉസ്താദ് നിര്‍ദേശിക്കുകയുണ്ടായി. പിന്നെ അദ്ദേഹം വരുന്നത് നേരം വളരെ കഴിഞ്ഞ് പുലര്‍ച്ചക്കാണ്. അപ്പോഴും ശിഷ്യനായ ശാഹുല്‍ ഹമീദ് വീട്ടിന്റെ പുറത്ത് തന്റെ ഗുരുവിനെ കാത്തു നില്‍ക്കുകയായിരുന്നു. ഇതു കണ്ട ഗുരുനാഥന്‍ ശിഷ്യനോട് വായ തുറക്കാന്‍ പറഞ്ഞ് അതിലേക്ക് തുപ്പുകയുണ്ടായി. അന്നു മുതല്‍ ശാഹുല്‍ ഹമീദ് അസാമാന്യ ബുദ്ധിശക്തിയും ഓര്‍മയും പ്രകടിപ്പിക്കാന്‍ തുടങ്ങി. വൈകാതെ സതീര്‍ഥ്യര്‍ക്കിടയില്‍ അമീറുല്‍ ഹുഫ്ഫാള് എന്ന പേരില്‍ അറിയപ്പെട്ടു. ഇപ്പോള്‍ മഹാനവറുകള്‍ അറിയപ്പെടുന്നത് ഹാഫിള് വലിയുല്ലാഹ്(റ) എന്നാണ്. ഇന്നും ഖുര്‍ആന്‍ മനഃപാഠം ആരംഭിക്കുന്നവരും ഹിഫ്ള് പരീക്ഷക്ക് സജ്ജരാകുന്നവരും അവരുടെ മഖ്ബറ സിയാറത്ത് ചെയ്ത് അനുഗ്രഹം തേടുന്ന സമ്പ്രദായമുണ്ട്. ശംസുദ്ദീന്‍ ഖാഹിരി(റ)യുടെ പ്രധാന ശിഷ്യനാണ് ശൈഖ് സുലൈമാന്‍ വലിയുല്ലാഹ്(റ) എന്ന് സൂചിപ്പിച്ചല്ലോ. ഇവര്‍ക്ക് അഞ്ചു മക്കളാണുള്ളത്. അഹ്മദ് മുഹ്യിദ്ദീന്‍, ശംസുദ്ദീന്‍ വലിയുല്ലാഹ്, സ്വദഖത്തുല്ലാഹ് അല്‍ ഖാഹിരി, സാം ശിഹാബുദ്ദീന്‍ ഖാഹിരി, സ്വലാഹുദ്ദീന്‍ ഖാഹിരി. ഇവര്‍ അഞ്ചു പേരും വലിയ സൂഫികളും പണ്ഡിതന്മാരുമാണ്. അതുകൊണ്ട് ഇന്നും സന്താനങ്ങള്‍ നല്ലവരാവണം എന്ന ഉദ്ദേശ്യത്തോടെ ആളുകള്‍ ഇവരുടെ പിതാവായ സുലൈമാനുല്‍ ഖാഹിരി(റ)യുടെ മഖ്ബറ സന്ദര്‍ശിച്ചു വരുന്നു. ഇവരില്‍പ്പെട്ട അഹ്മദ് മുഹ്യിദ്ദീന്‍(റ) നാഗപട്ടണത്തിനടുത്ത് മഞ്ചക്കൊള്ള എന്ന സ്ഥലത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. വലിയ വലിയ്യും മുറബ്ബിയായ ശൈഖുമായിരുന്നു. ശംസുദ്ദീന്‍ എന്നവര്‍ തന്റെ പിതാവിന്റെ ശൈഖും ഗുരുവുമായ ശംസുദ്ദീന്‍ കബീറി(റ)ന്റെ അടുത്തായി കായല്‍പട്ടണത്ത് ചീരുനീനാര്‍ പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഇദ്ദേഹം ജിന്നുകള്‍ക്ക് അധ്യാപനം നടത്താറുണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ കാണാം. മറ്റൊരു മകനായ സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) ഏര്‍വാടിക്കടുത്ത കീളക്കരയിലാണ് മറപെട്ടു കിടക്കുന്നത്. ഇവരുടെ മകനാണ്, പ്രശസ്തമായ അജ്നാസ് എന്ന വ്യാകരണ ഗ്രന്ഥമെഴുതിയ മുഹമ്മദ് ലബ്ബ ഖാഹിരി(റ). ഇദ്ദേഹം മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഔദ്യോഗിക മുഫ്തി ആയിരുന്നു.
മറ്റൊരു മകനായ സാം ശിഹാബുദ്ദീന്‍ വലിയ കവിയായിരുന്നു. ആയിരത്തോളം ബൈത്തുകള്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. അദബ് മാല, ഇഹ്യാ മാല, ഗായത്തുല്‍ ഇഖ്തിസാര്‍ മാല, തമ്പാക്ക് മാല, കല്യാണ ബിദ്അത്ത് മാല മുതലായവ അതില്‍പ്പെട്ടതാണ്. ഇതില്‍ പലതും ഇന്നും മദ്റസകളിലും മറ്റും പഠിപ്പിക്കപ്പെട്ടു വരുന്നു. കാരണം, മസ്അലകള്‍ അതിന്റെ സ്രോതസ്സുകള്‍ സഹിതം വളരെ വ്യക്തമായി പരാമര്‍ശിക്കുന്ന രൂപത്തിലാണ് ശിഹാബുദ്ദീന്‍ ഖാഹിരി(റ)യുടെ രചനാ ശൈലി. ഇത് വിദ്യാര്‍ഥികള്‍ക്ക് മസ്അലകള്‍ ഓര്‍ത്തുവക്കാനും ആവശ്യാനുസാരം ഉപയോഗപ്പെടുത്താനും സഹായകമാകുന്നു. അല്‍ മൗലിദുസ്സാമി എന്നത് മഹാനവറുകളുടെ മൗലിദ് ഗ്രന്ഥമാണ്. കായല്‍പട്ടണത്തെ അപ്പാ പള്ളിയിലാണ് അന്ത്യവിശ്രമം. മക്കളില്‍ അവസാനത്തെ ആളാണ് സ്വലാഹുദ്ദീന്‍(റ). വയസ്സില്‍ ചെറുപ്പമാണെങ്കിലും അറിവില്‍ കടലാണ് സ്വലാഹുദ്ദീന്‍ എന്ന് സ്വന്തം സഹോദരന്മാര്‍ അദ്ദേഹത്തിന്റെ മഹത്വം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശ്രുതമായ സലാഹുദ്ദീന്‍ ബൈത്ത് അവരുടേതാണ്. തിരുനെല്‍വേലിക്കടുത്ത കലക്കാട് ഏര്‍വാടിയിലാണ് അന്ത്യവിശ്രമ സ്ഥാനം.
മറ്റൊരു പ്രധാനപ്പെട്ട മസാറാണ് ശൈഖ് മുത്ത് മഖ്ദൂം ശഹീദ് അല്‍ മദനി(ജനനം ഹി. 446) അടക്കം 7 രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന കാട്ടുമഖ്ദൂം പള്ളി ദര്‍ഗ. ഏര്‍വാടിയിലെ ഇബ്റാഹീം ബാദുഷ(റ)യുടെ പിതൃവ്യനായിരുന്ന ഇദ്ദേഹം പ്രബോധനത്തിനു വേണ്ടിയാണ് ജീവിതത്തിന്റെ അവസാന കാലത്ത് കായല്‍പട്ടണത്ത് വന്നത്. കൂടെ മന്ത്രിമാര്‍, പണ്ഡിതന്മാര്‍, പരിഭാഷകര്‍, വൈദ്യന്മാര്‍, പാചകവിദഗ്ദന്മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍പ്പെട്ട ധാരാളം നിപുണന്മാരുമുണ്ടായിരുന്നു. ബീമാ പള്ളിയില്‍ മറവെട്ടു കിടക്കുന്ന ബീവി ഉമ്മയും തമിഴ്നാട്ടിലെ ആറ്റുങ്കര പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് അലി ഫാത്വിമ (ആറ്റുങ്കര അമ്മ) യും ഈ സംഘത്തില്‍ പെട്ടവരായിരുന്നത്രേ! ഇവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. ധാരാളം ആളുകള്‍ ഇവരാല്‍ ഇസ്ലാം സ്വീകരിച്ചു. അവസാനം ഇവര്‍ തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുമോ എന്നു ഭയന്ന അന്നത്തെ രാജാവിന്റെ പട്ടാളക്കാര്‍ ഹി. 539 ല്‍ മുത്ത് മഖ്ദൂം തങ്ങളെയും കൂടെയുള്ള 6 പേരെയും നിസ്‌കാരത്തില്‍ സുജൂദില്‍ കിടക്കുമ്പോള്‍ കൊന്നുകളയുകയാണ് ചെയ്തത്. ഇവര്‍ അടക്കം ചെയ്യപ്പെട്ട പ്രസ്തുത ദര്‍ഗ സിയാറത്ത് ചെയ്യാന്‍ സഹോദര പുത്രനായ ഇബ്റാഹീം ബാദുഷ(റ)യും ഒരഭിപ്രായപ്രകാരം ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യും കായല്‍പട്ടണത്ത് വന്നിട്ടുണ്ട്. ഇവിടെ നിന്നാണ് പിന്നെ ഇബ്റാഹീം ബാദുഷ(റ) ഏര്‍വാടിയിലേക്കു പോകുന്നത്.
ഇബ്റാഹീം ബാദുഷ(റ) പിതൃവ്യനെ സന്ദര്‍ശിക്കാന്‍ വന്നെന്ന് നാം പറഞ്ഞല്ലോ. അപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരായിരുന്നു ഫള്ലുല്ലാഹില്‍ മദനി, ഖലീഫ അപ്പ വലിയുല്ലാഹ്(റ). ധാരാളം കറാമത്തുകള്‍ കാണിച്ചിരുന്നവരായിരുന്നു ഇരുവരും. ഇതിലെ ഫള്ലുല്ലാഹില്‍ മദനി(റ)ക്ക് ഈച്ചി അപ്പ എന്ന ഒരു അപരനാമമുണ്ട്. ഈച്ചി എന്നാല്‍ ഈര്‍ക്കിള്‍. കാരണം, അന്ന് ചില ശത്രുക്കള്‍ കായല്‍പട്ടണം അക്രമിക്കാന്‍ കപ്പല്‍ മാര്‍ഗം വരാന്‍ ശ്രമിച്ചപ്പോള്‍ മഹാനവറുകള്‍ കുറച്ച് ഈര്‍ക്കിള്‍ എടുത്ത് ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ മന്ത്രിച്ച് അവര്‍ക്കു നേരെ എറിയുകയുണ്ടായി. അപ്പോള്‍ അത് കപ്പലിന് ദ്വാരം ഉണ്ടാക്കുകയും അങ്ങനെ അത് മുങ്ങി ശത്രുക്കള്‍ക്ക് കൂടെക്കരുതിയിരുന്ന ചങ്ങാടങ്ങളില്‍ കയറി രക്ഷപ്പെടേണ്ടി വരികയും ചെയ്തു എന്ന് പഴമക്കാര്‍ പറയാറുണ്ട്. സമാന രൂപത്തില്‍, ഈര്‍ക്കിളിനു പകരം മണലെടുത്ത് മന്ത്രിച്ചൂതി ഖലീഫ അപ്പയും ശത്രുക്കളുടെ നേരെ എറിയുകയുണ്ടായി. അതുനേരെ അവരുടെ കണ്ണുകളിലാണ് പതിച്ചത്. ഇരുവരുടെയും മഖ്ബറകള്‍ ഉള്ളത് കായല്‍പട്ടണത്തെ കടപ്പുറത്താണ്. അനുഭവസ്ഥര്‍ പങ്കുവക്കുന്ന ഒരു കാര്യം, സുനാമിയോ കടല്‍ക്ഷോഭമോ വേലിയേറ്റമോ മറ്റെന്തു പ്രകൃതിദുരന്തങ്ങളോ ഉണ്ടായാലും അതൊരിക്കലും ഇരുവരുടെയും അന്ത്യവിശ്രമ കേന്ദ്രങ്ങളെ മറികടന്ന് മുന്നോട്ടു പോയിട്ടില്ല. മുത്ത് മഖ്ദൂം ശഹീദ്, ഫള്ലുല്ലാഹില്‍ മദനി, ഖലീഫ അപ്പ തുടങ്ങിയവരെപ്പോലെ കായല്‍പട്ടണത്ത് വന്ന മറ്റൊരു പ്രബോധകനാണ് നാഗൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന അശ്ശൈഖ് അബ്ദുല്‍ ഖാദിര്‍ മീരാന്‍ ശാഹുല്‍ ഹമീദ് നാഗൂരി(റ). പൊന്നാനിയിലും കീളക്കരയിലും വന്നതിനു ശേഷം പിന്നെ മഹാന്‍ പോയത് കായല്‍പട്ടണത്തേക്കാണ്. പിന്നീട് നാഗൂര്‍ ശരീഫില്‍ പ്രബോധനം തുടരുകയും അവിടെ തന്നെ നിര്യാണം പ്രാപിക്കുകയും ചെയ്തു.
കായല്‍പട്ടണത്തെ മറ്റൊരു പ്രധാന ദര്‍ഗയാണ് കോസ്മറ ദര്‍ഗ. 7 സാദാത്തീങ്ങളാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. ഇവര്‍ ശൈഖ് ജീലാനി(റ)യുടെ താവഴിയില്‍ ഉള്ളവരാണ്. ഗൗസ് മുറയാര്‍ എന്നതാണ് പിന്നീട് കോസ്മറ ആയത്. ഇവരെപ്പറ്റി ധാരാളം മൗലിദുകളും മാലപ്പാട്ടുകളും നിലവിലുണ്ട്. ഇവരുടെ പിന്‍മുറക്കാര്‍ കേരളമടക്കം നിരവധി പ്രദേശങ്ങളില്‍ പരന്നുകിടക്കുന്നു. കായല്‍പട്ടണത്തെ കോമാന്‍ തെരുവില്‍ അന്ത്യ വിശ്രമം കൊള്ളുന്ന സോനക സാധു (യൂസുഫ് വലി), വളരെ വലിയ ധര്‍മിഷ്ടരും സമ്പന്നരും പണ്ഡിതരും സാത്വികരുമായിരുന്ന ലബ്ബൈ സഹോദരന്മാര്‍ (ശൈഖ് അബ്ദുല്‍ ഖാദിര്‍, ശൈഖ് മുഹമ്മദ്), മദീനയില്‍ നിന്നു വന്ന ജഅ്ഫര്‍ സ്വാദിഖ്(റ), ശൈഖ് നൂറുദ്ദീന്‍ വലിയുല്ലാഹ്, അല്ലഫല്‍ അലിഫ് എന്ന വിശ്രുത കാവ്യത്തിന്റെ കര്‍ത്താവ് സാഹിബ് അപ്പാ തൈക്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉമറുല്‍ ഖാഹിരി, അവരുടെ ശൈഖ് ശാരിബുല്ലബന്‍ റഈസുല്‍ ഔലിയാ ശൈഖ് മുഹമ്മദ് നുസ്‌കി വലിയുല്ലാഹ് (ഇദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമാണ് മആരിഫുല്‍ വുജൂദ്), റസാനത്ത് എഴുതിയ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ വലിയുല്ലാഹ്, ലുഗവി വലിയുല്ലാഹ്, അഹ്മദുല്ലാഹല്‍ വലി എന്ന കാവ്യം എഴുതിയ, സാഹിബ് അപ്പാ തൈക്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന തൈക്കാ സാഹിബ്, സയ്യിദ് അഹ്മദുല്‍ വറഈ വലിയുല്ലാഹ്, ഖദീജ ഉമ്മ വലിയ്യത്തുല്ലാഹ്, റാബിഅ ഉമ്മ വലിയത്തുല്ലാഹ്, ആഇശ ഉമ്മ വലിയത്തുല്ലാഹ്, മുത്തു വാപ്പ വലിയുല്ലാഹ്, ചെറിയ മുത്ത് വാപ്പ വലിയുല്ലാഹ്, കതകടൈത്താര്‍ ദര്‍ഗയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ വലിയുല്ലാഹ്, കവിയായ ഖാസിം പുലവര്‍ എന്നിവരും പ്രത്യേകം പ്രസ്താവം അര്‍ഹിക്കുന്നവരാണ്. ഇതില്‍പ്പെട്ട ഖാസിം പുലവര്‍ ഈജിപ് ത്തില്‍ നിന്ന് വന്നവരാണ്. യഥാര്‍ഥ പേര് സുല്‍ത്താന്‍ അബ്ദുല്‍ ഖാദിര്‍. പ്രബോധനത്തിനു വേണ്ടി തമിഴ് പഠിക്കണമെന്ന് ആഗ്രഹിച്ച ഇദ്ദേഹം അതിനു വേണ്ടി മധുരയിലെ തിരുവടിക്കവിരായര്‍ എന്ന ഒരു ഗുരുനാഥനെ കണ്ടെത്തി. അങ്ങനെ തമിഴ് അഭ്യസിക്കുന്നതിനിടയില്‍ ഗുരുനാഥന്‍ ഹൈന്ദവ ദൈവങ്ങളെ പുകഴ്ത്തുന്ന തിരുമാള്‍, തിരുപ്പുകള്‍ എന്നീ രണ്ടു പുസ്തകങ്ങളെ അമിതമായി ശ്ലാഘിക്കാന്‍ തുടങ്ങി. ഇത് ഖാസിം പുലവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം പ്രഖ്യാപിച്ചു: ഇതിനെക്കാള്‍ മനോഹരമായ ഒരു കാവ്യം ഞാന്‍ എന്റെ പ്രവാചകനെ കുറിച്ച് എഴുതുന്നതാണ്. അങ്ങനെ പഠനം അവസാനിപ്പിച്ച് തിരിച്ചു പോന്നു.
പിന്നെ തന്റെ ശ്രദ്ധ മുഴുവന്‍ പ്രസ്തുത കാവ്യം രചിക്കുന്നതിലായിരുന്നു. പക്ഷേ, ഉദ്ധേശിച്ച രൂപത്തില്‍ ആവുന്നില്ല. അങ്ങനെ ഒരു രാത്രി പ്രവാചകനെ(സ്വ) സ്വപ്നത്തില്‍ കാണുകയും അവിടന്ന് കാവ്യം ആരംഭിച്ചു കൊടുക്കുകയും ചെയ്തു. വൈകാതെ വീണ്ടും നിലച്ചു. ശേഷം മുത്ത് മഖ്ദൂം ശഹീദ് തങ്ങളുടെ മഖ്ബറക്കടുത്തുള്ള കുളത്തില്‍ ഇറങ്ങി പ്രവാചക(സ്വ)നോട് ഇസ്തിഗാസ ചെയ്യാന്‍ തുടങ്ങി. അവസാനം അവിടന്ന് നേരിട്ടു വന്ന് കാവ്യം പുനരാരംഭിച്ചു കൊടുത്തു. ഈ കാവ്യമാണ് ‘തിരുപ്പുകള്‍’ എന്ന പേരിലറിയപ്പെടുന്നത്. ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് വേണ്ടി അമുസ്ലിംകള്‍ പോലും പ്രസ്തുത ഗ്രന്ഥം പാരായണം ചെയ്യുകയും പഠിക്കുകയും പഠിപ്പിക്കുകയും പ്രസാധനം നടത്തുകയും ചെയ്യാറുണ്ട്. പില്‍ക്കാലത്ത് ഈ തിരുപ്പുകള്‍ അരുണഗിരി നാഥരുടെ തിരുപ്പുകളിനെക്കാള്‍ വളരെ പ്രശസ്തമാവുകയുണ്ടായി.
കായല്‍പട്ടണത്തെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയാണ് മീക്കാഈല്‍ പള്ളി. ഇതിലാണ് സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) ദര്‍സ് നടത്തിയിരുന്നത്. ഒരിക്കല്‍ ദര്‍സ് നടത്തുമ്പോള്‍ ആളുകള്‍ വന്ന് മഴ വര്‍ഷിക്കാത്തതിനെപ്പറ്റി പരാതി പറഞ്ഞു. ഉടനെ മഹാനവറുകള്‍ മഴയുടെ മലക്കായ മീകാഈലി(അ)നെ വിളിച്ച് മഴ പെയ്യിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അങ്ങനെയാണ് ഈ പള്ളിക്ക് മീക്കാഈല്‍ പള്ളി എന്ന് പേരുവന്നത് എന്നാണ് ചരിത്രം. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധത്തിന് ഉപയോഗിച്ചത് എന്ന് പറയപ്പെടുന്ന ഒരു വാള്‍ ഈ പള്ളിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) ഭക്തിയെക്കുറിച്ച് ക്ലാസെടുത്തപ്പോള്‍ കരഞ്ഞെന്നു പറയപ്പെടുന്ന ഒരു കല്ലും ഈ പള്ളിയില്‍ കാണാം.
കായല്‍പട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആകര്‍ഷണ കേന്ദ്രങ്ങളാണ് സാവിയത്തുല്‍ ഫാസിയത്തു ശാദുലിയ്യയും മഹ്ളറത്തുല്‍ ഖാദിരിയ്യയും. ഏതാണ്ട് 170 കൊല്ലങ്ങള്‍ക്ക് മുമ്പാണ് സാവിയത്തുല്‍ ശാദുലിയ്യ ഉണ്ടായത്. മക്കയിലെ ശൈഖ് മുഹമ്മദുല്‍ ഫാസി(റ)യുടെ പരമ്പരയിലൂടെ വരുന്ന ശാദുലി സരണിയാണ് ഫാസിയ ശാദുലിയ്യ. അതിന്റെ പ്രചരണാര്‍ഥമാണ് പ്രസ്തുത സാവിയ ഉണ്ടായത്. അതിനു ശേഷമാണ് ഖാദിരിയ്യ ത്വരീഖത്തിന്റെ പ്രചരണാര്‍ഥം മഹ്ളറത്തുല്‍ ഖാദിരിയ്യ ഉണ്ടായത്. ശൈഖ് അബ്ദുല്‍ ഖാദിര്‍(റ) അടക്കമുള്ള മഹാത്മാക്കള്‍ ഇവിടെ സന്നിഹിതരാവാറുണ്ടെന്ന അര്‍ഥത്തിലാണ് ഇതിന് മഹ്ളറ (ഹാജറാകുന്ന സ്ഥലം) എന്ന പേരു വന്നത്. ശൈഖ് ജീലാനി(റ)യുടെ പതിനേഴാമത്തെ തലമുറയില്‍പ്പെട്ട സയ്യിദ് അബ്ദുല്ലാഹില്‍ ബഗ്ദാദി(റ)യാണ് സ്ഥാപകന്‍. ബഗ്ദാദില്‍ വച്ച് തിരുമേനി(സ)യെ സ്വപ്നത്തില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ കായല്‍പട്ടണത്തെത്തിയത്. അവരുടെ മഖ്ബറ എവിടെയാണെന്ന കാര്യം അജ്ഞാതമാണ്. പ്രസ്തുത ഖാദിരിയ്യ മഹ്ളറയില്‍ പ്രശസ്തമായ ദര്‍സുകള്‍ നടന്നു പോന്നിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റായിരുന്ന ശൈഖുനാ കെ.കെ അബൂബക് ര്‍ ഹസ്റത്ത് ഇവിടെ മുദരിസായിരുന്നു.
കായല്‍പട്ടണത്തെയും കായല്‍ പട്ടണത്തുകാരെയും കുറിച്ച് പറയുമ്പോള്‍ ഏറ്റവും ശ്രദ്ധേയവും അനുകരണീയവുമായ കാര്യം തങ്ങള്‍ക്ക് താവഴിയായി ലഭിച്ച ഇസ്ലാമിക സംസ്‌കാരവും ധാര്‍മിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിലും വരും തലമുറക്ക് കൈമാറുന്നതിലും അവര്‍ കാണിക്കുന്ന അതീവ ജാഗ്രതയും ശ്രദ്ധയുമാണ്. ചെറിയ കാര്യങ്ങള്‍ തൊട്ട് വലിയ വിഷയങ്ങളില്‍ വരെ ഈ ജാഗ്രത അവരില്‍ കാണാം. ഉദാഹരണത്തിന്, ഏതാണ്ട് എല്ലാ വീടുകളുടെയും മുന്‍ഭാഗത്ത് തെളിഞ്ഞ അറബിയില്‍ വീടിന്റെ പേരും, ബറകത്തിനു വേണ്ടി ഖുര്‍ആനിലെ ചില സൂക്തങ്ങളും ദിക്റുകളും രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ചില വീടുകള്‍ക്കു മുമ്പില്‍ ആയത്തുല്‍ കുര്‍സി വരെ പൂര്‍ണമായും കൊത്തി വച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യാത്ത വീടുകള്‍ ഇവിടെ ഇല്ലെന്നു തന്നെ പറയാം. മറ്റൊരുദാഹരണമാണ് കുട്ടികളുടെ നാമകരണം. ഏതെങ്കിലും മഹാന്മാരുടെയോ സൂഫിയാക്കളുടെയോ പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാത്തവര്‍ വളരെ അപൂര്‍വം. അത് ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും അങ്ങനെ തന്നെ. ഹള്റത്ത് ഫാത്വിമ, സംസം ആഇശ, ശൈഖ് മുഹ്യിദ്ദീന്‍ ഫാത്വിമ, ശാഹുല്‍ ഹമീദ് ഫാത്വിമ, മുഹമ്മദ് ഫാത്വിമ, ശൈഖ് അബ്ദുല്‍ ഖാദിര്‍ ഫാത്വിമ, ഖിള്റ് ഫാത്വിമ, അബ്ദുല്‍ ഖാദിര്‍ ഉമ്മാല്‍ തുടങ്ങിയവ ഉദാഹരണം. കായല്‍പട്ടണത്ത് വളരെയേറെ കാണപ്പെടാറുള്ള മൂന്നു പേരുകളാണ് ആദം, നൂഹ്, സാം എന്നിവ. നാമകരണവും സവിശേഷമായ ചടങ്ങുകള്‍ക്കു ശേഷമാണ് നടക്കുക. കുടുംബത്തിലെ സാത്വികരായ കാരണവന്മാരുടെ സാന്നിധ്യത്തില്‍ ധാരാളം ദിക്റുകള്‍ ചൊല്ലി ഊതുകയും മന്ത്രിക്കുകയും ചെയ്യും. പിന്നെ, ധാരാളം മഹാന്മാരുടെ പേരുകള്‍ ഉരുവിടും. ശേഷം ഉദ്ധിഷ്ട പേരു വിളിക്കും.
കായല്‍പട്ടണത്തെപ്പറ്റി പറയുമ്പോള്‍ ഒരിക്കലും വിസ്മരിക്കാന്‍ പറ്റാത്തതാണ് അവിടത്തെ സ്ത്രീകളുടെ അച്ചടക്കവും ധാര്‍മിക ബോധവും. രണ്ടു മൂന്നു ദിവസം തെരുവുകളിലൂടെയും മറ്റു സന്ദര്‍ശന മേഖലകളിലൂടെയും കറങ്ങി നടന്നിട്ടും ആകര്‍ഷിപ്പിക്കുന്ന ഭാവഹാവാതികളുള്ള ഒരു സ്ത്രീയെപ്പോലും കാണാന്‍ കഴിഞ്ഞില്ലെന്നത് അത്ഭുതകരമാണ്. അങ്ങാടികളിലും മറ്റു പൊതു ഇടങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം താരതമ്യേന കുറവാണ്. ഇനി ഉളളവര്‍ തന്നെ മിക്കവാറും അനാകര്‍ഷകമായ പര്‍ദ്ദയും ഹിജാബുമായിരിക്കും ധരിച്ചിട്ടുണ്ടാവുക. പര്‍ദ്ദ ധരിക്കാത്തവര്‍ പരപുരുഷന്മാരെ കാണുമ്പോള്‍ ഷാള്‍ കൊണ്ട് മുഖം പൊത്തി വഴിയില്‍ നിന്ന് അല്‍പം തെന്നിമാറി നടന്നു പോകും. അത് അമുസ്ലിം സ്ത്രീകളും അങ്ങനെ തന്നെ. എല്ലാ വീടുകള്‍ക്ക് മുമ്പിലും ഒരു കൊച്ചു കിളിവാതില്‍ അവര്‍ക്ക് നിര്‍ബന്ധമാണ്. പുറത്തു നിന്ന് വല്ലവരും വന്നാല്‍ അതിലൂടെ എത്തിനോക്കി ആളെ തിരിച്ചറിഞ്ഞാലാണ് വാതില്‍ തുറക്കുക. ആദ്യകാല നൂറ്റാണ്ടുകളെ സ്മരിപ്പിക്കുന്ന മഹിത മനോഹര മാതൃക! എവിടെ നിന്നാണ് അവരീ ചര്യകളെല്ലാം പഠിച്ചെടുക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. അവിടെ സ്ത്രീകളുടെ ധാര്‍മിക സംസ്‌കരണത്തിനും മതപരമായ ഔന്നത്യത്തിനും മാത്രമായി നടത്തപ്പെടുന്ന ധാരാളം സംരംഭങ്ങളുണ്ട്. അതില്‍പ്പെട്ട ഒന്നാണ് സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന ചെറിയ തൈക്കാവുകള്‍. ഇവിടെ ദിക്റ് മജ്ലിസുകള്‍, സ്വലാത്ത് ഹല്‍ഖകള്‍, മാലാലാപനങ്ങള്‍ മുതലായവ മുടങ്ങാതെ നടന്നുവരുന്നു. ഇതിന് നേതൃത്വം നല്‍കുന്നത് കൂട്ടത്തിലെ നല്ല ശബ്ദഗാംഭീര്യമുള്ള മുതിര്‍ന്ന സ്ത്രീകളായിരിക്കും.
പൊതുവെ സല്‍സ്വഭാവികളാണ് കായല്‍പട്ടണത്തുകാര്‍ എന്ന് അവരോട് ഇടപെടുമ്പോള്‍ മനസ്സിലാക്കാം. കച്ചവടക്കാര്‍, വഴിയാത്രക്കാര്‍, അപരിചിതര്‍ എല്ലാ വിഭാഗമാളുകളിലും ഈ സ്വഭാവ ശുദ്ധി ദൃശ്യമാണ്. അതുകൊണ്ട് യാത്രികര്‍ എന്ന നിലക്ക് വല്ല ആവശ്യവും പറഞ്ഞാല്‍ അത് നടത്തിത്തരാന്‍ അവര്‍ പൂര്‍ണമായും ഒരുക്കമാണ്. ഒരു പള്ളിയില്‍ കയറി നിസ്‌കരിച്ചപ്പോള്‍ യാത്രക്കാരല്ലേ എന്നു കരുതി ഫാന്‍ ഓണ്‍ ചെയ്തില്ല. എന്നാല്‍, ഇതു കണ്ടറിഞ്ഞ് ഇവര്‍ യാത്രക്കാരാണെന്ന് വിളിച്ചുപറഞ്ഞ് ചിലര്‍ വന്ന് ഫാന്‍ ഓണ്‍ ചെയ്തത് വലിയ കൗതുകമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച്, നമ്മുടെ നാട്ടില്‍ ഇത്തരം ഒരു സാഹചര്യം എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടാറ് എന്ന് ഓര്‍ത്തു പോയപ്പോള്‍!
അനുകരണീയമായ മറ്റൊരു മാതൃകയാണ് മിതത്വം. അമിതമായി വസ്ത്രം വാങ്ങിക്കൂട്ടുക, ആഢംബരം പ്രദര്‍ശിപ്പിക്കുക, ദുര്‍വ്യയം കാണിക്കുക, ഇവയൊന്നും കായല്‍പട്ടണത്തില്ല. അവിടെ മരുമക്കത്തായ സമ്പ്രദായമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സ്ത്രീധനവും അറയൊരുക്കലും അവിടെ നിര്‍ബന്ധമാണ്. അറ മാത്രമല്ല, പെണ്‍കുട്ടികളുണ്ടെങ്കില്‍ വിവാഹപ്രായമായാല്‍ അവര്‍ക്കും മരുമകനും വേണ്ടി പ്രത്യേകം വീടു തന്നെ വൈകാതെ ഒരുക്കാന്‍ നോക്കണം. എന്നാലും അത് വിവാഹത്തിന് തടസ്സമാകുകയോ പൊങ്ങച്ച പ്രകടനത്തിന് കാരണമാവുകയോ ചെയ്യാറില്ല. മിക്കവാറും പത്തോ എട്ടോ ആണുങ്ങളുടെയും അത്ര തന്നെ പെണ്‍കുട്ടികളുടെയും വിവാഹം ഒരുമിച്ചാണ് നടക്കുക. പലപ്പോഴും കുടുംബക്കാര്‍ തന്നെ അങ്ങോട്ടുമിങ്ങോട്ടും വിവാഹബന്ധത്തിലേര്‍പ്പെടും. ഭക്ഷണം, സല്‍ക്കാരം, ചടങ്ങുകള്‍ എല്ലാം ഒരുമിച്ച്. അതില്‍ ആ തെരുവിലെ എല്ലാവരും പങ്കെടുക്കും. രാത്രി പൊതുറോഡില്‍ പായ വിരിച്ച് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അല്ലാതെ ഓരോ വീട്ടിലും വെവ്വേറെ പാര്‍ട്ടിയും സദ്യയും വിളമ്പുന്ന ശീലമില്ല. ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ തളികകളിലാണ് വിഭവം വിളമ്പുക. ഇതില്‍ നിന്ന് രണ്ടും മൂന്നും ആളുകള്‍ നേരിട്ട് എടുത്തു കഴിക്കുന്നു. ഓരോരുത്തര്‍ക്കും വെവ്വേറെ പിഞ്ഞാണമോ പ്ലെയിറ്റോ ഇല്ലെന്ന് ചുരുക്കം. വെള്ളം കുടിക്കാനുള്ള ഗ്ലാസും ആളെണ്ണമനുസരിച്ചുണ്ടാവില്ല. ഉള്ളതു കൊണ്ട് എല്ലാവരും കൂടിക്കും. വിവാഹ സുദിനത്തില്‍ വധൂവരന്മാര്‍ അണിയുന്ന വസ്ത്രങ്ങള്‍ വരെ മിക്കവാറും വായ്പ്പയായിരിക്കും. ഇത് ദാരിദ്ര്യം കൊണ്ടോ പിശുക്ക് കൊണ്ടോ അല്ല. എല്ലാ നാട്ടുകാരെയും പോലെ വളരെ വലിയ സമ്പന്നരും ഇടത്തരക്കാരും കായല്‍പട്ടണത്തുണ്ട്. മറിച്ച്, ഒറ്റ ദിവസം മാത്രം ധരിക്കാന്‍ വില പിടിപ്പുള്ള വസ്ത്രത്തിന്റെ ആവശ്യമില്ലല്ലോ എന്ന് കരുതിയാണ്. വിശുദ്ധ റമള്വാനിലും ആവശ്യത്തിനുള്ള ഭക്ഷണമേ ഉണ്ടാക്കൂ. മിക്കവാറും കഞ്ഞിയായിരിക്കും. വൈവിധ്യമാര്‍ന്ന പഴവര്‍ഗങ്ങളും എണ്ണപ്പലഹാരങ്ങളും ഇല്ലെന്ന് തന്നെ പറയാം.
മുനീര്‍ ഹുദവി പാതിരമണ്ണ