കിതാബിലെ മുത്ത്

3079

വേദങ്ങളുടേയും പുരാണങ്ങളുടേയും കാലം കഴിഞ്ഞ് പോയി. ഇത് ഖുര്‍ആനിന്റെ കാലഘട്ടമാണ്. ലോകത്തെ നന്മയിലേക്ക് നയിക്കാന്‍ ഖുര്‍ആന് മാത്രമേ സാധിക്കൂ. സന്യാസിമാരും മതാചാര്യന്മാരും ശൈഖുമാരും പ്രവാചകരുടെ പാത പിന്തുടര്‍ന്നാല്‍ അളവറ്റ നന്മ കൈവരിക്കാന്‍ കഴിയുന്നതാണ്. നാടുവിട്ട് കാട്ടില്‍ പോയി സന്യാസം സ്വീകരിക്കുന്നതും മനശ്ശാന്തി ലഭിക്കാതെ എങ്ങോട്ടെന്നറിയാതെ ചുറ്റിക്കറങ്ങുന്നതുമാണ് മതത്തിന്റെ അടിസ്ഥാനമെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് പലരും.

കിതാബും വിശ്വാസവും 
കിതാബിന്റെ നാഥനും ദൂതരും കല്പിച്ചു തന്നതിനെ അംഗീകരിച്ചും നിരോധിച്ചതിനെ വര്‍ജ്ജിച്ചും ജീവിതത്തെ ചിട്ടപ്പെടുത്തുന്നവരാണ് യഥാര്‍ത്ഥ വിശ്വാസിയും വിശ്വാസിനിയും. ഇവര്‍ അല്ലാഹുവിന് മാത്രമുള്ള സവിശേഷതകള്‍ മറ്റൊന്നിനുമില്ലെന്ന ഉറച്ച വിശ്വാസമുള്ളവരാണ്. ജീവിതത്തിന് ദിശാബോധം നല്‍കാന്‍ ശേഷിയുള്ളതും യുക്തിവാദത്തിന് പിറകെ പോകാത്തതുമായിരിക്കും അവരുടെ വിശ്വാസം. അത് അന്ധമല്ല. എന്നാല്‍ അബദ്ധജഢിലവുമല്ല. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു. അവന്‍ അവരെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ട് വരുന്നു.സത്യനിഷേധികളാവട്ടെ അവരുടെ രക്ഷകന്‍ പിശാചുക്കളാണ്. അവര്‍ സത്യനിഷേധികളെ പ്രകാശത്തില്‍ നിന്ന് അന്ധകാരത്തിലേക്കാണ് കൊണ്ട് പോകുന്നത്. അവര്‍ നരകക്കാരാകുന്നു. അവരതില്‍ എന്നെന്നും താമസിക്കുന്നവരാണ്. (വി.ഖു: ആലുഇംറാന്‍. 257)
ഇവിടെ ഒരു വിശ്വാസിയെ നരകാവാകാശിയാക്കാനോ അവിശ്വാസിയെ സ്വര്‍ഗാവകാശിയാക്കാനോ ഒരു വിശ്വാസിക്കും അവിശ്വാസിക്കും അര്‍ഹതയില്ല. ഇക്കാര്യം പലയിടങ്ങളിലായി ഈ കിതാബ് വ്യക്തമാക്കിയതാണ്. 
മിഥ്യാധാരണകള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്ന, താല്‍പര്യാനുസരണം സത്യത്തെ വളച്ചൊടിക്കുന്ന പൊള്ളവാദങ്ങള്‍ സമര്‍പ്പിക്കാന്‍ കള്ളങ്ങള്‍ മെനയുന്ന ഈ ലോകത്ത് ഇസ്‌ലാമിനെ പരിചയപ്പെടുത്തേണ്ടത്, വെറും മുസ്‌ലിം നാമധാരികളോ ഇസ്‌ലാമിനെ കുറിച്ച് പരിമിതമായ അറിവ് മാത്രമുള്ളവരായാല്‍ അത് വളരെ അപകടകരവും അപഹാസ്യവുമാണ്. ”അല്‍പജ്ഞാനം അപകടകരം”. നരകാവകാശികളും സ്വര്‍ഗാവകാശികളും ആരെന്ന് വ്യക്തമാക്കാന്‍ വിശുദ്ധഖുര്‍ആനും പ്രവാചകവചനങ്ങളും തന്നെ ധാരാളം. ലോകജനതക്ക് മുഴുവനായും അയക്കപ്പെട്ട ഈ കിതാബിന്റെ അതിമനോഹരസാഹീതീയശൈലിയെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജിതര്‍ തന്നെ. 
വനിതകള്‍ മതില്‍ കെട്ടാനുള്ള മെറ്റീരിയലോ?
ചരിത്രാതീതം കാലം മുതലേ സ്ത്രീ ഉപയോഗവസ്തുവായും ഉപഭോഗവസ്തുവായും മാത്രം മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. പുതുമകള്‍ കൂടികലരുന്നുണ്ടെങ്കിലും സ്ത്രീത്വം ഇന്നും ഹനിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്നുള്ള മോചനമാണ് ഇസ്‌ലാം വിഭാവനം ചെയ്തത്. 
മുസ്‌ലിംകളുടെ മേല്‍ കുതിരകയറാന്‍ വരുന്നവര്‍ ഭയക്കുന്നത് ഇന്നത്തെ മുസ്‌ലിമിനെയല്ല, ഇസ്‌ലാമിനെയാണ്. ദീനിന്റെ മികവുറ്റ നിയമങ്ങളെയും സ്വാതന്ത്ര്യത്തെയും സമത്വത്തെയും സംരക്ഷണനയത്തെയുമാണ്. ഇവയെ ഭയക്കുന്ന കാപാലികര്‍ ഇസ്‌ലാമിനെതിരെ അഴിച്ചു വിടുന്ന വിമര്‍ശനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതും അവരുടെ വാദങ്ങള്‍ ഏറ്റുപാടുന്നതും അല്‍പജ്ഞാനികളായ മുസ്‌ലിംനാമധാരികളും. സ്ത്രീയുടെ മഹത്വവും പദവിയും ഇസ്‌ലാമിനോളം വാഴ്ത്തിയ മറ്റൊരു മതത്തെയും പ്രത്യയശാസ്ത്രത്തെയും മറ്റെവിടെയും കാണാനാവില്ല. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സുരക്ഷിതത്വം മറ്റെവിടെയാണ് സ്ത്രീകള്‍ക്കുള്ളത്. ഇതൊന്നും തിരിച്ചറിയാന്‍ ശ്രമിക്കാത്ത സഹോദരിമാരെ, നിങ്ങളെ കരുവാക്കിക്കൊണ്ടാണ് ഇവരൊക്കെ ഇസ്‌ലാമിനെതിരെ തിരിയുന്നത്. തിരിച്ചറിവോടെ തിരിച്ച് വരുന്ന എത്രയോ സഹോദരങ്ങളുണ്ട് നമുക്ക് മുന്നില്‍.
വൃത്തികെട്ട സമരങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ചാനലുകളില്‍ ഇസ്‌ലാം പഴഞ്ചനെന്ന് വാദിച്ച് സമര്‍ത്ഥിക്കാനും നാഥന്‍ കനിഞ്ഞരുളിയ വാക്ചാതുരി ദുരുപയോഗം ചെയ്യുന്ന മുസ്‌ലിംപേരുള്ള സഹോദരിമാര്‍ ഒന്ന് തിരിഞ്ഞ് നോക്കണം. ഈ ‘കിതാബിലെ മുത്തിനെ’. സൃഷ്ഠാവിന്റെ വൈവിധ്യമാര്‍ന്ന സൃഷ്ഠിവൈഭവങ്ങളില്‍ ഏറ്റവും നല്ലത് നല്ല പെണ്ണാണ് എന്ന് പ്രഖ്യാപനം ചെയ്യുന്ന മതമാണിത്. അപ്പോഴാണ് ഒരു കൂട്ടര്‍ പെണ്ണിനെ ഉപയോഗിച്ച് മതില്‍കെട്ടുന്നത്. പവിത്രമായ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് കൊണ്ടോ ഇസ്‌ലാമിന്റെ പരിപാവനമായ നിയമവ്യവസ്ഥകള്‍ക്കു നേരെ ചെളിവാരികൊണ്ടോ അല്ല എതിര്‍ക്കേണ്ടത്. ഖുര്‍ആനും സുന്നതും നിങ്ങള്‍ക്ക് മുന്നിലുണ്ട്. പരിശോദിക്കണം അതിലെ സ്ത്രീത്വത്തിന്റെ മൂല്യങ്ങളെ. അല്ലെങ്കില്‍ അത് പരിശോദിച്ച് മനസ്സിലാക്കിയവരോട് ചോദിക്കാനെങ്കിലും മനസ്സ് കാണിക്കണം. 
ഇസ്‌ലാം പഴഞ്ചനാണെന്ന് വാദിക്കാന്‍ എടുത്ത് കാണിക്കുന്ന വിഷം പുരട്ടിയ ആയുധമായി സ്ത്രീ ഉപയോഗിക്കപ്പെടുന്നു. അവള്‍ക്ക് ഇസ്‌ലാം അനുവദിച്ച അവകാശങ്ങള്‍, സ്വത്തവകാശം, പ്രദര്‍ശനപരതയെ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ സ്ത്രീസുരക്ഷക്കായുള്ള നയങ്ങളെ പരിഹസിക്കുന്നവര്‍ ഇടക്കൊക്കെ ഖുര്‍ആനിലൂടെ ഒന്ന് സഞ്ചരിക്കണം. ഇസ്‌ലാമിനെ അറിയാന്‍. അല്ലെങ്കില്‍ സ്വയം വിഡ്ഢികളും പരിഹാസ്യരുമായി മാറും. 
സ്ത്രീപുരുഷ ലൈംഗികത
മനുഷ്യന്‍ ഏറ്റവും മികച്ച സൃഷ്ഠിയാണ്. എന്നാല്‍, ഈ ഔന്നത്യം ഏത് സമയത്തും നഷ്ടപ്പെടുകയും ചെയ്യാം. അധാര്‍മികതയുടെ പ്രളയത്തില്‍ സാമൂഹികാവസ്ഥയും വ്യക്തിജീവിതവും അപകടകരമാണ്. ഈ ജീര്‍ണ്ണതയുടെ വേര് ചെന്നെത്തുന്നത് പെണ്ണിന്റെ അപചയത്തിലാണ്. സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ലൈംഗികാകര്‍ഷണം ജനിതകഘടനയിലുള്ളതാണ്. അത് പുണ്യമാവുന്നതും പാപമാവുന്നതും നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്. സ്ത്രീയും പുരുഷനും ഒന്ന് ചേര്‍ന്ന് സൃഷ്ടിക്കുന്ന കുടുംബം എത്ര അഭിമാനകരമാണ്. പവിത്രവും മഹത്വപൂര്‍ണവുമാണ് ലൈംഗികത എന്ന് അപ്പോഴേ മനസ്സിലാകൂ. വികലമായ ലൈംഗികത മനുഷ്യത്വത്തെ നശിപ്പിക്കുന്നു. അപ്പോള്‍ കുടുംബസങ്കല്‍പം തകര്‍ക്കപ്പെടുന്നു. സാമൂഹികജീവിതം ശിഥിലമാകുന്നു. അപമാനഭാരം താങ്ങാനാവാതെ ഭ്രൂണഹത്യയിലേക്കും ആത്മാഹൂതിയിലേക്കും ഒളിച്ചോട്ടത്തിലേക്കും എത്തുന്നു. പരസ്പരാകര്‍ഷണം യഥാര്‍ത്ഥത്തിലുള്ളതാണല്ലോ. അതിനാല്‍ നിയന്ത്രണം ആവശ്യമാണ്. അല്ലെങ്കില്‍ ഈ ആകര്‍ഷണം മദ്യപാനം, മോഷണം, വ്യഭിചാരം തുടങ്ങിയ സര്‍വ്വതിന്മകളുടേയും കാരണമായി മാറും. കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം. സമ്പത്തും സന്താനങ്ങളും ബന്ധങ്ങളും പരീക്ഷണമാണ്. അനുഗ്രഹവും. അതിനാല്‍ പെണ്ണിനെ പൊന്നായും സംരക്ഷിതയായും ഇസ്‌ലാം അവതരിപ്പിക്കുന്നു. അവളെ മതിലുകെട്ടാനുള്ള കല്ലായും ചുംബനസമരവേദിയിലെ ആകര്‍ഷണമായും വില്‍പ്പനശാലയിലെ അലങ്കാരവസ്തുവായും മാറ്റേണ്ടതല്ല. പെണ്ണെന്ന പൊന്നിനെ അതിന്റെ തനിമയോടെ മനസ്സിലാക്കുക തന്നെ വേണം.