കേരളം: വര്‍ഗീയ ധ്രുവീകരണം തോല്‍ക്കും, തോല്‍ക്കണം

1701

” നാനാജാതി മതങ്ങള്‍കേകം
നാകം തീര്‍ത്തൊരു കേരളമേ,
തമ്മില്‍ ചേരാത്തവയെപലപ്പല
താവളമേകിയിരുത്തീ നീ…”
(വൈലോപ്പിള്ളി )

കേരളത്തിന്റെ പാരമ്പര്യത്തെ ഓര്‍മപ്പെടുത്തുകയാണ് കവി. ”കേരളീയമായ അനുഭവത്തിനകത്ത് അനേകം അനുഭവരൂപങ്ങളുണ്ട്…” (എം. എന്‍ വിജയന്‍). നാനാതത്വത്തിലും ഏകത്വം എന്ന ആശയത്തില്‍ പുലര്‍ന്നുപോന്ന കേരളത്തില്‍ പില്‍ക്കാലത്ത് വിഭാഗീയതയുടെ തുരുത്തുകള്‍ എങ്ങനെ രൂപപ്പെടാന്‍ തുടങ്ങി? വര്‍ത്തമാനകാല കേരളം നേരിടുന്ന സാമൂഹിക പ്രതിസന്ധികളിലൊന്നാണിത്.
രാഷ്ട്രീയ കേരളം രൂപപ്പെടുന്നതിന് മുമ്പ് മൂന്ന് ദേശങ്ങളായിരുന്നു കേരളത്തിന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍. അക്കാലത്തും ഈ മൂന്ന് ദേശങ്ങള്‍ക്കും പൊതുസംസ്‌കാരവും പാരമ്പര്യവും ഉണ്ടായിരുന്നു. ഭാരതത്തിലുടനീളം രാജഭരണം നിലനിന്ന കാലത്തുപോലും ഒരു പെരുമാളെ വാഴിച്ച് ഗണതന്ത്രവ്യവസ്ഥ ഏറെക്കാലം പുലര്‍ത്തിയ നാടാണിത്. കരവഴി വന്ന ബ്രാഹ്മണരും ബുദ്ധരും ജൈനരും കടല്‍ കടന്നുവന്ന യഹൂദരും നസ്രാണികളും മുസ്‌ലിംകളും ഈഴവരും ആധുനിക പാശ്ചാത്യരും ഉള്‍പ്പെടെ വ്യത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും സമഭാവനയോടെ സ്വീകരിച്ച്, വ്യക്തിത്വത്തിന്റെ ഭാഗമാക്കിയ ചൈതന്യം കേരളത്തിനുണ്ടായിരുന്നു. കേരളം ജാത്യാചാരങ്ങളുടെ ഭ്രാന്താലയമായി ഒരു കാലത്ത് മാറി എന്നത് യാഥാര്‍ഥ്യമാണ്.
കേരളത്തിന്റെ സാംസ്‌കാരികമായ പ്രത്യേകതകളെയും സാമൂഹ്യരീതികളെയും സാമ്പത്തികസ്രോതസ്സുകളെയും ഉള്‍ക്കൊള്ളുന്ന ചിന്താധാരകള്‍ വളര്‍ന്നുവരികയും ഇരുപതാം നൂറ്റാണ്ടില്‍ ജാതി മേധാവിത്തം തകര്‍ക്കാന്‍ ശ്രീനാരായണ ഗുരു അദ്വൈത വേദാന്തത്തിലൂടെ ശ്രമിക്കുകയും ചെയ്തു. മാനവികതയിലും മനുഷ്യപക്ഷത്തും നില്‍ക്കുന്ന സാംസ്‌കാരികവും രാഷ്ട്രീയവുമായ പൊതുനിലപാടുകള്‍ കേരളം നേടിയ മുന്നേറ്റമാണ്. ഇതോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തിലും ഭരണതലങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിലും വലിയ തോതിലുള്ള മുന്നേറ്റവും നടത്താന്‍ സാധിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണിത്.
ആഗോള മൂലധനവും അതുമായി ബന്ധപ്പെട്ട ഫാസിസ്റ്റ് ശക്തികളുമാണ് സമകാലിക പൊതുജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. കാലദേശഭേദമന്യേ മൂലധന ശക്തികള്‍ ഫാസിസ്റ്റുശക്തികളുമായി കൂട്ടുചേരുന്നു. മുസ്സോളിനിയുടെ ഇറ്റലിയിലെ ദേശീയ ഫാസിസവുമായും ഹിറ്റ്‌ലറുടെ ജര്‍മനിയിലെ വംശീയ ഫാസിസവുമായും ഇന്ത്യയിലെ സംഘ്പരിപാറിന്റെ വര്‍ഗീയഫാസിസത്തിനുള്ള ബന്ധം ആകസ്മികമല്ല. അതുകൊണ്ട് ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും അവിശുദ്ധബന്ധങ്ങളുടെ അപകടങ്ങള്‍ തിരിച്ചറിയണ്ടേതും പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണ്. വര്‍ഗീയതയും വര്‍ഗീയ ധ്രുവീകരണവുമാണ് ഇന്ന് ഏറ്റവും ഭീഷണമായത്. ഇതിന്റെ അലകള്‍ മതത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും പ്രകടമായിക്കൊണ്ടിരിക്കുന്നു.
തങ്ങളുടെ വാദങ്ങള്‍ മാത്രമാണ് ശരിയെന്നുള്ള നിലപാട,് ഏതൊരു പ്രസ്ഥാനത്തെയും വ്യക്തിതളെയും മൗലികവാദങ്ങളിലേക്കാണ് നയിക്കുക. കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍, പ്രത്യേകിച്ചും അധികാര-വോട്ടുബാങ്ക് രാഷ്ട്രീയം വര്‍ഗീയതയുടെ വളര്‍ച്ചയ്ക്ക് പ്രത്യക്ഷമായോ, പരോക്ഷമായോ കാരണമാകുന്നു. ഫാസിസമായി മാറുന്ന രാഷ്ട്രീയ പൗരോഹിത്യ ശൈലിയില്‍ നിന്നും രാഷ്ട്രീയ അസഹിഷ്ണത പ്രസ്ഥാനങ്ങളുടെ ചരിത്രം വായിച്ചെടുക്കാവുന്നതാണ്.
വര്‍ത്തമാനം ഭീതിയുടേതാണ്, സുരക്ഷയുടേതല്ലെന്ന് പറയാറുണ്ട്. എല്ലാ സുരക്ഷാ സങ്കേതങ്ങളും അപര്യാപ്തമായിപ്പോകുന്ന സംഭവവികാസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. വര്‍ഗീയ തീവ്രവാദം, ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തീരാശാപമായി മാറുന്നു. ഇതില്‍ വര്‍ഗീയതയുടെ വിത്തു മുളപ്പിച്ചെടുത്ത് വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്ന രീതിയിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍, അത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ കേരളത്തിന്റെ നേതൃത്വങ്ങളും ഉപജാപ വിദഗ്ധരും യജമാനഭക്തി രാഷ്ട്രീയ ബോധമായി തെറ്റിദ്ധരിക്കുന്ന ചിലപ്രവര്‍ത്തകരും പല സന്ദര്‍ഭങ്ങളിലും കേരള സംസ്‌കാരത്തിന് പരിക്കേല്‍പ്പിക്കുന്നു. പരിഷ്‌കരണ വാദികള്‍പോലും ചില സന്ദര്‍ഭങ്ങളില്‍ യാഥാസ്ഥിതികരായി മാറുന്നു. മനുഷ്യത്വത്തിന്റെയും സമഭാവനയുടെയും സുന്ദരവശങ്ങള്‍ ചവിട്ടിമെതിക്കുന്നു.
കേരളം പരിപാലിച്ചതും ആഗ്രഹിക്കുന്നതും അക്രമോത്സുകമായ സെക്യുലറിസമല്ല; ബഹുമത വ്യവസ്ഥയുടെയും പ്രകൃത്യാരാധനയുടെയും വിശാലമായ പ്രപഞ്ചസാഹോദര്യത്തിന്റെയും ഇച്ഛാശക്തിയുള്ള രാഷ്ട്രീയബോധത്തിന്റെയും ഇടമാണ്. മനുഷ്യവര്‍ഗ ഭാവിക്ക് ആപല്‍സൂചനകള്‍ നല്‍കുന്ന സ്വാര്‍ഥപരമായ ഉപഭോഗക്കൊതിയിലേക്കും അധികാരഭ്രമത്തിലേക്കും ചെന്നുപെടുന്ന അവസ്ഥയിലേക്ക് കേരളവും വഴിമാറുകയാണോ? സ്വജാതി സ്‌നേഹം പോലെതന്നെ അപകടത്തിലേക്ക് നയിക്കും, അതിരുകടക്കുന്ന സ്വരാഷ്ട്രീയ സ്‌നേഹവും.
ജാതിയില്‍ അധിഷ്ഠിതവും ഫ്യൂഡല്‍ സമ്പ്രദായവും പുലര്‍ത്തിപ്പോന്ന സമുദായങ്ങളുടെ വഴികളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചുപോകുന്ന അവസ്ഥ കേരളത്തിലും പ്രത്യക്ഷപ്പെടുന്നു. അതുപോലെ ജനാധിപത്യത്തിനകത്ത് മതവര്‍ഗീയത പ്രവര്‍ത്തിക്കുമ്പോഴും പിന്തിരിപ്പിന്‍ പ്രവണതകളും വര്‍ഗീയ ചേരിത്തിരിവുകളും സൃഷ്ടിച്ചെടുക്കാനുള്ള കുത്സിത ശ്രമങ്ങള്‍ അരങ്ങേറുന്നു. സര്‍വതോഭദ്രമായ ഏകാധിപത്യ സ്വഭാവത്തിലേക്ക് രാഷ്ട്രീയ കക്ഷികള്‍ വഴുതിപ്പോയാല്‍ ജനാധിപത്യം കൂടുതല്‍ അപകടത്തിലാവും. ജനങ്ങളെ ജനാധിപത്യ-സ്‌നേഹചോദിതമായ സാമൂഹ്യ ഘടനയിലേക്ക് നയിക്കാന്‍ നിയുക്തരായ നേതാക്കള്‍, തങ്ങളുടെ ദൗത്യത്തോട് നീതിപുലര്‍ത്താന്‍ ബാധ്യസ്ഥരാവുന്നു. നാടിന്റെ വികസനത്തെ ഉള്‍ക്കൊള്ളാനും അതനുസരിച്ചുള്ള വികസനസങ്കല്‍പങ്ങള്‍ തിരുത്തിക്കുറിക്കാനുമുള്ള കാഴ്ചപ്പാട് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും പ്രകടിപ്പിച്ചാല്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് കേരളത്തിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും.
അതതുകാലത്തെ അജണ്ടകള്‍ മുന്‍നിറുത്തി ഉപരിവിപ്ലവരീതിയിലുള്ള വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ നടക്കുമ്പോഴും കേരളീയ സമൂഹത്തിനകത്ത് അന്തര്‍ധാരയായി നിലനില്‍ക്കുന്ന ‘ബഹുത്വത്തിലും ഏകത്വം’ എന്ന മാനവീയ സാമൂഹികാവബോധം തള്ളിക്കളയാന്‍ സാധിക്കില്ല. അത്രയെളുപ്പത്തില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ കേരളത്തില്‍ മുളപ്പിച്ചെടുക്കാന്‍ കഴിയില്ല. കേരളീയരുടെ ആത്മാവബോധത്തിന്റെ തെളിച്ചം വര്‍ഗീയ കുത്സിതതന്ത്രങ്ങള്‍ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കും.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍