കേരള മുസ്‌ലിംകളുടെ ഖിബ്‌ല ദയൂബന്ദിലും ബറേലിയിലുമല്ല

1861

ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും മറ്റും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ നിന്ന്, പണ്ടുമുതലേ രാഷ്ട്രീയമായും സാംസ്‌കാരികമായും വേറിട്ടു നില്‍ക്കുന്ന നാടാണ് കേരളം. അവിടങ്ങളിലുണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും പരിവര്‍ത്തനങ്ങളില്‍ നിന്നും കേരളം എക്കാലത്തും സുരക്ഷിതമായിരുന്നു. ഡല്‍ഹി ദര്‍ബാറിനെക്കാള്‍ മലയാളിക്ക് അടുപ്പം അറേബ്യന്‍ തീരങ്ങളായിരുന്നു. പണ്ടുകാലത്ത് ഒരു കേരളീയനു നോര്‍ത്തിന്ത്യയിലെത്താന്‍ സാധാരണ ഒരു വര്‍ഷവും, ഏറ്റവും ചുരുങ്ങിയത് ആറു മാസവും വേണമായിരുന്നു. നിരവധി കാടുകളും മലകളും താണ്ടിക്കടക്കണമായിരുന്നു. എന്നാല്‍, അറേബ്യയിലെത്താന്‍ വെറും നാല്‍പത് ദിവസം മതി. കാലവര്‍ഷക്കാറ്റിനൊത്ത് പായവച്ച പത്തേമാരിയിലേറിയാല്‍ വളരെ വേഗം അവിടെയെത്തും. അതു കൊണ്ടാണല്ലോ പശ്ചിമേഷ്യയില്‍ ഉയിരെടുത്ത ജൂതമതവും ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമുമെല്ലാം ഇന്ത്യയില്‍ ആദ്യം ഈ മലയാളക്കരയില്‍ എത്തിയത്(1)പില്‍ക്കാലത്ത് ഇസ്ലാം വന്നു നോര്‍ത്തിന്ത്യയെ ഉഴുതുമറിച്ചപ്പോഴും എട്ടു നൂറ്റാണ്ടുകാലം രാഷ്ട്രീയാധികാരം കയ്യടക്കിയപ്പോഴും കേരളവും കേരള മുസ്ലിംകളും അനങ്ങാതിരുന്നത്, നോര്‍ത്തിന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക ഭൂമിക രണ്ടും രണ്ടായത് കൊണ്ടു തന്നെയാണ്.
പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ഈ അവസ്ഥയ്ക്കു പതുക്കെ മാറ്റം കണ്ടുതുടങ്ങി. അതുവരെ യമനീ പാരമ്പര്യത്തിലും അതിന്റെ താവഴിയായ പൊന്നാനി മഖ്ദൂമികളുടെ നേതൃത്വത്തിലുമായിരുന്നു കേരള മുസ്ലിംകളുടെ മത ജീവിതം. അവര്‍ ഈ നാട്ടിലെ ഇസ്‌ലാമിലെ അശ്അരീ ആദര്‍ശ ധാരയിലും ശാഫിഈ കര്‍മകാണ്ഡത്തിലും സൂഫീ ജീവിതവഴിയിലും ഉറപ്പിച്ചു നിര്‍ത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി ആഞ്ഞടിച്ച മതനവീകരണത്തിന്റെ കൊടുങ്കാറ്റുകളൊന്നും ഈ തീരം തൊടാതെ അവര്‍ സംരക്ഷിച്ചു. ബോംബെയ്ക്കടുത്ത കര്‍ദാന്‍കാരനായ മുഹമ്മദ് ഷാ എ.ഡി 1717 ല്‍ മലബാറിലെത്തുകയും കൊണ്ടോട്ടി കേന്ദ്രീകരിച്ച് ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തതാണ് യമനി-പൊന്നാനി പാരമ്പര്യത്തില്‍ നിന്നുള്ള മാറ്റത്തിന്റെ തുടക്കം. മുഹമ്മദ് ഷായുടെ ശേഷം പിന്‍ഗാമികളായി അഫ്താബ് ഷാ, ഇശ്തിയാഖ് ഷാ തുടങ്ങിയവര്‍ രംഗത്തുവന്നു. ശീഇസത്തിന്റെ പല ആചാര നടപടികളും അവരില്‍ കാണപ്പെട്ടതോടെ, പൊന്നാനി പാരമ്പര്യത്തിലുള്ള പണ്ഡിതന്മാര്‍ പ്രതിരോധവുമായി ശക്തമായി രംഗത്തിറങ്ങി.(2) ശൈഖ് ജിഫ്‌രി, മമ്പുറം തങ്ങള്‍, ഉമര്‍ ഖാള്വി, ഔക്കോയ മുസ്ലിയാര്‍, പൊന്നാനി പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ലിയാര്‍, നാദാപുരം അഹ്മദ് മുസ്ലിയാര്‍ തുടങ്ങിയ മഹാ പണ്ഡിതന്മാരുടെ നിരയാണ് കൊണ്ടോട്ടി കൈക്കാരെ പ്രതിരോധിച്ചു പരാജയപ്പെടുത്തിയ പൊന്നാനി പണ്ഡിതന്മാര്‍.
നോര്‍ത്തിന്ത്യയില്‍ നിന്ന് കൊണ്ടോട്ടിയിലെത്തിയ ശീഈസത്തെ പൊന്നാനി പണ്ഡിതന്മാര്‍ തകര്‍ത്തെറിഞ്ഞ ശേഷം ശാന്തമായിരുന്ന കേരള മുസ്ലികളുടെ മതകീയ അന്തരീക്ഷം വീണ്ടും കലുഷമാവുന്നത് 1921 ലാണ്. അതും നോര്‍ത്തിന്ത്യയില്‍ നിന്നു വന്ന ത്രീവ ചിന്തകളുടെ കൂടി ഫലമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് മുസ്ലിംകളെ ആകര്‍ഷിക്കാന്‍ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനവും കോണ്‍ഗ്രസിന്റെ പോഷക ഘടകം പോലെ ജന്മമെടുത്ത ജംഇയത്തുല്‍ ഉലമായെ ഹിന്ദ് പോലുള്ള സംഘടനകളുമാണ് പില്‍ക്കാലത്ത് കേരളത്തില്‍ ഉയിരെടുത്ത മതകീയ കലാപങ്ങളുടെ കാരണക്കാര്‍.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘടനയാണ് മജ്‌ലിസുല്‍ ഉലമാ. 1921 ഏപ്രില്‍ 2,3 തിയതികളില്‍ തമിഴ്‌നാട്ടിലെ ഈറോഡ് വച്ച് അതിന്റെ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഖിലാഫത്ത് പ്രസ്ഥാന നേതാക്കള്‍ക്ക് ഒരു സ്വീകരണവും അവിടെ ഒരുക്കിയിരുന്നു. കേരളത്തില്‍ നിന്ന് മൗലാനാ മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ വാളക്കുളം, കെ.എം.മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ.മൊയ്തു മൗലവി തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗാനന്തരം അവിടെ വച്ചുതന്നെ മജ്‌ലിസുല്‍ ഉലമയുടെ ഒരു കേരള ഘടകം രൂപീകരിക്കാന്‍ കെ.എം മൗലവിയുടെ നേതൃത്വത്തില്‍ ഒരു ശ്രമം നടന്നു. പ്രത്യേക തയാറെടുപ്പുകളും ലക്ഷ്യവുമില്ലാതെ ആവേശപ്പുറത്ത് ഒരു പണ്ഡിതസഭ രൂപീകരിക്കാനുള്ള ആ ശ്രമം മൗലാന അബ്ദുല്‍ ബാരി തടഞ്ഞു(3). കേരളത്തിലെ ഗുരുതുല്യരായ പണ്ഡിതന്മാരുടെ അഭിപ്രായം ആരായാതെയും കൂടിയാലോചന നടത്താതെയും ഒരു പണ്ഡിത സംഘടന രൂപീകരിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. കെ.എം മൗലവിയും കൂട്ടരും അവിടെ വച്ച് അതംഗീകരിച്ചെങ്കിലും പിന്നീട് കളംമാറി. അങ്ങനെയാണ് 1921 ഏപ്രില്‍ 23,24,25 തിയതികളില്‍ ഒറ്റപ്പാലത്ത് നടന്ന കോണ്‍ഗ്രസ്-ഖിലാഫത്ത് സംയുക്ത സമ്മേളനത്തില്‍ വച്ച് കെ.എം മൗലവി പ്രസിഡണ്ടായി ‘കേരള മജ്‌ലിസുല്‍ ഉലമാ’ രൂപീകരിക്കപ്പെടുന്നത്. ഖിലാഫത്തിന്റെ പേരു പറഞ്ഞ് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും നിരക്ഷസാധാരാണക്കാരെ സായുധ കലാപങ്ങളിലേക്ക് തള്ളിവിടാനും, സര്‍ക്കാറിന് അഴിഞ്ഞാടാനും അടിച്ചമര്‍ത്താനും അവസരമൊരുക്കും വിധം തീവ്രചിന്തകള്‍ പടര്‍ത്താനും മജ്‌ലിസുല്‍ ഉലമായും ജംഇയത്തുല്‍ ഉലമായെ ഹിന്ദും ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അവസരമൊരുക്കി എന്നതാണ് 1921 ലെ ദുരന്തം. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും സായുധ സമരത്തിന്റെ ഹോമകുണ്ഡത്തിലേക്ക് സാധാരണക്കാരെ വലിച്ചിഴച്ചു എന്നതാണ് കോണ്‍ഗ്രസിനു വേണ്ടി ഈ മൂന്നു മത സംഘങ്ങള്‍ ചെയ്ത വിടുവേല. അവസാനം 1921 ലെ മലബാര്‍ കലാപത്തെ തള്ളി പറയാനും അതില്‍ പങ്കെടുത്തവരെ ഒറ്റുകൊടുക്കാനും കോണ്‍ഗ്രസ് തന്നെ മുന്നോട്ടു വന്നത് മറ്റൊരു ദുരന്തമാവുകയും ചെയ്തു. പൊന്നാനി പാരമ്പര്യത്തില്‍ ഉറച്ചു നിന്ന കേരളത്തിലെ മുഖ്യധാര മുസ്ലിം പണ്ഡിതന്മാര്‍ ഈ ഘട്ടങ്ങളിലെല്ലാം വൈകാരികതയ്ക്ക് അടിമപ്പെടാതെ ശ്രദ്ധിക്കണമെന്നും തീവ്രചിന്തകളില്‍ അഭിരമിക്കുന്നത് അപകടം മാത്രമേ വരുത്തൂ എന്നുമാണ് സമുദായത്തെ ഉപദേശിച്ചത്. ആള്‍ക്കൂട്ട മന:ശാസ്ത്രത്തിന് അതുള്‍കൊള്ളാന്‍ സാധിക്കാതെ പോയതുകൊണ്ടാണ് 1921 ലെ ദുരന്തങ്ങള്‍ സംഭവിച്ചത്. കലാപാനന്തരം സമുദായം കണ്ണുതുറന്നെങ്കിലും മാപ്പിളമാരുടെ പുരോഗതി ഗ്രാഫ് ഒരു നൂറ്റാണ്ട് പിന്നിലേക്ക് അതു കൊണ്ടുപോയി എന്നതാണ് ചരിത്രസത്യം.
1921 ലെ ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ മുസ്ലിം മുഖ്യധാര പുറംതള്ളിയ ജംഇയത്തുല്‍ ഉലമായെ ഹിന്ദിനെ പോലുള്ള സംഘങ്ങളെ ഒരു നൂറ്റാണ്ടിനിപ്പുറം കേരളത്തില്‍ കൊണ്ടുവരാനും അതിനെ മുസ്‌ലിം മുഖ്യധാരയിലേക്ക് ഒളിച്ചു കടത്താനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പല ഭാഗത്തും നടന്നു വരുന്നു. മഖ്ദൂമീ പാരമ്പര്യമുള്ള കേരളത്തിലെ സുന്നി മുഖ്യധാര സംഘടനകളില്‍ നിന്ന് പല ഘട്ടങ്ങളിലായി പല കാരണങ്ങള്‍ പറഞ്ഞു വിഘടിച്ചു പോയവരും വൈയക്തിക വിയോജിപ്പുകള്‍ കാരണം സംഘടന വിട്ടവരുമാണ് ഇത്തരം സംഘടനങ്ങളുടെ പുതിയ പ്രചാരകര്‍. സുന്നി മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെട്ടു പോയ ചിലര്‍ 1966 ല്‍ ഇങ്ങനെ അഖില കേരള ജംഇയത്തുല്‍ ഉലമാ എന്ന പേരില്‍ സംഘടിച്ചിരുന്നു(4). തബ്‌ലീഗ് ജമാഅത്തിനെതിരെയുള്ള സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വന്ന അഖിലയുടെ അജണ്ടകളിലൊന്ന് ദേവ്ബന്ദീ ഐഡിയോളജിയിലേക്ക് കേരളീയ മുസ്‌ലിം മുഖ്യധാരയെ കൊണ്ടുപോവുകയായിരുന്നു. അതിനായി ജംഇയത്തുല്‍ ഉലമായെ ഹിന്ദിന്റെ ഉര്‍ദു പത്രമായിരുന്ന അല്‍ ജംഇയത്തിനെ അനുകരിച്ചു അതേ പേരില്‍ ‘അല്‍ ജംഇയത്ത്’ എന്ന ഒരു മലയാള മാസികയും അവര്‍ ആരംഭിച്ചിരിരുന്നു. പക്ഷേ, മഖ്ദൂമി പാരമ്പര്യത്തില്‍ നിലകൊണ്ട സമസ്ത പണ്ഡിതന്മാരുടെ ശക്തമായ പ്രതിരോധം കാരണം കേരളത്തിലെ ആ ‘ദേവ്ബന്ദീ ധാര’ക്ക് പിടിച്ചു നില്‍ക്കാനായില്ല. ആ സംഘടന നാമാവശേഷമായി. ആ ചരിത്രം അറിയാത്തവരോ മറന്നു പോയവരോ ആണിപ്പോള്‍ പഴയ ‘അഖില’യെ ജംഇയത്തുല്‍ ഉലമായെ ഹിന്ദിന്റെ കേരള ഘടകമായി എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നത്.

ദയൂബന്ദികളുടെ വര്‍ത്തമാനം
ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ഒരു നഗരമാണ് ദേവ്ബന്ദ്. 1866 ല്‍ അവിടെ സ്ഥാപിതമായ ദാറുല്‍ ഉലൂം മതകലാലയവുമായി ബന്ധപ്പെട്ടവരാണ് ദയൂബന്ദികള്‍ എന്നറിയപ്പെടുന്നത്. മൗലവി മുഹമ്മദ് ഖാസിം നാനൂതവി(1832-1880), റശീദ് അഹ്മദ് ഗംഗോഹി(1826-1905), ഹുസൈന്‍ അഹ്മദ് മദനി(1879-1957), ശബീര്‍ അഹ്മദ് ഉസ്മാനി(1887-1949), അശ്‌റഫലി സാനവി(1863-1943), അന്‍വര്‍ ഷാ കശ്മീരി(1875-1933), ഖലീല്‍ അഹ്മദ് അംബേട്ടവി സഹാറന്‍പൂരി(1852-1927), മുഹമ്മദ് ഇല്‍യാസ് കാന്തലവി (1884-1944), സകരിയ്യ സാഹിബ് കാന്തലവി(1898-1982), മന്‍സൂര്‍ നുഅ്മാനി(1905-1997), അബുല്‍ ഹസന്‍ അലി നദ്‌വി(1914-1999) തുടങ്ങിയവരാണ് ദയൂബന്ദീ നേതാക്കളായി അറിയപ്പെടുന്നത്.
ദയൂബന്ദിയ്യ ഇന്ന് ജന്ത്യാ ഉപഭൂഖണ്ടത്തിലെ ഒരു മത ചിന്താധാരയാണ്. അഹ്‌ലെ ഹദീസിനും ബറേല്‍വികള്‍ക്കുമിടയില്‍ മിതത്വത്തിന്റെ വഴി സ്വീകരിക്കാനും ഹനഫീ-മാതുരീതി-സൂഫീ സരണിയില്‍ ഉറച്ചു നില്‍ക്കാനും ആദ്യകാല ദയൂബന്ദികള്‍ ശ്രമിച്ചിരുന്നു. പക്ഷേ, പിന്നീട് ആഗോളതലത്തില്‍ നടന്ന വഹാബിവത്കരത്തിന്റെ ബാധ ദയൂബന്ദിനെയും ബാധിച്ചു. 1970 നു ശേഷം സഊദിയുടെ ഫണ്ടും പണവും വ്യാപകമായി സ്വീകരിച്ചു തുടങ്ങിയതോടെ ആ ബാധ ശക്തമാവുകയാണുണ്ടായത് (5). ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി 1919 നവംബര്‍ 19 ന് ഹുസൈന്‍ അഹ്മദ് മദനി, മുഫ്തി കിഫായത്തുല്ല, അബുല്‍ മുഹ്‌സിന്‍ മുഹമ്മദ് സജ്ജാദ് എന്നിവരുടെ നേതൃത്വത്തില്‍ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് എന്ന സംഘടന ഉണ്ടായിക്കയതോടെയാണ് ദയൂബന്ദീ പണ്ഡിന്മാരെ പുറം ലോകം ശ്രദ്ധിക്കുന്നത്. (6). അവര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ചട്ടുകമായി നിലകൊള്ളുകയും ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചു മുസ്‌ലിംകളെ അതിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പണ്ഡിതസഭയുണ്ടാക്കി രാഷ്ട്രീയത്തില്‍ കളിക്കുന്ന ഈ ഏര്‍പ്പാടും കോണ്‍ഗ്രസിലേക്ക് ആളെക്കൂട്ടാനുള്ള ശ്രമവും ദയൂബന്ദികള്‍ക്കിടയില്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചു. ലീഗ്-കോണ്‍ഗ്രസ് കക്ഷികള്‍ക്കിടയില്‍ ഇന്ത്യാ-പാകിസ്ഥാന്‍ വിഭജന തര്‍ക്കമുണ്ടായപ്പോള്‍ ഹുസൈന്‍ അഹ്മദ് മദനിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. 1938 ല്‍ അദ്ദേഹം അതു സംബന്ധമായി ‘മുത്തഹിദെ ഖൗമിയത്ത് ഓര്‍ ഇസ്‌ലാം’ എന്ന ഗ്രന്ഥമെഴുതി. ഇത് പ്രശ്‌നം രൂക്ഷമാക്കി. അശ്‌റഫലി സാനവിയുടെയും ശബീര്‍ അഹ്മദ് ഉസ്മാനികളുടെ നേതൃത്വത്തിലുള്ള ഒരു നിര ഇതിനെതിരെ, ലീഗിനെയും പാകിസ്ഥാനെയും അനുകൂലിച്ചു രംഗത്തുവന്നു. അവര്‍ ജംഇയത്തുല്‍ ഉലമായെ ഹിന്ദില്‍ നിന്ന് വിഘടിച്ചു 1945 ഒക്ടോബര്‍ 26 ന് ജംഇയത്തുല്‍ ഉലമായെ ഇസ്‌ലാം രൂപീകരിച്ചു. വിഭജനാനന്തരം പാക് രാഷ്ട്രീയത്തില്‍ സജീവമായ ഈ സംഘം പിന്നീട് നാലഞ്ചു ഗ്രൂപ്പുകളായി ചിതറുകയാണുണ്ടായത്. ഇവിടെ അവശേഷിച്ച ജംഇയത്തുല്‍ ഉലമായെ ഹിന്ദും പിന്നീട് അര്‍ശദ് മദനിയുടെയും മഹ്മൂദ് മദനിയുടെയും നേതൃത്വത്തില്‍ എം, എ എന്നീ രണ്ടു ഗ്രൂപ്പുകളായി ചേരിതിരിയുകയാണുണ്ടായത്(7). ഇതില്‍ ഏതു ഗ്രൂപ്പിന്റെതെന്നു വെളിപ്പെടുത്താത്ത സംഘമാണ് ഇപ്പോള്‍ കേരളത്തില്‍ ഒരു പണ്ഡിത സംഘടനയായി തല പൊക്കാന്‍ ശ്രമിക്കുന്നത്.
1926 ല്‍ ഷാ മുഹമ്മദ് ഇല്‍യാസ് കാന്തലവി സ്ഥാപിച്ച തബ്‌ലീഗ് ജമാഅത്താണ് ദയൂബന്ദിയ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഘം. വീടുകള്‍ തോറും കയറിയിറങ്ങിയും കവലകളും പള്ളികളും കേന്ദ്രീകരിച്ചും വ്യക്തികളെ മുഖാമുഖം പ്രബോധനം ചെയ്യുന്ന ശൈലിയാണ് ഇവരുടെ ആകര്‍ഷണീയത. പ്രകടന പരതയ്ക്കു പകരം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും അവരെ അഭിമുഖീകരിക്കാനും ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണ്. പക്ഷേ, ഉള്ളിലൊളിപ്പിച്ച ബിദഈ ചിന്തകളും തീവ്രവാദ സംഘങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു എന്ന വിമര്‍ശങ്ങളും തബ്‌ലീഗിനെ സംശയത്തിലാക്കുന്നു. ഹര്‍കത്തുല്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്ബ, അല്‍ ഖാഇദ തുടങ്ങിയ തീവ്രവാദ സംഘങ്ങളില്‍ തബ്‌ലീഗുകാര്‍ വ്യാപകമാണ് എന്ന ആരോപണം ശക്തമാണ് (8). 2001 സപ്തംബര്‍ 11 ലെ ഭീകരാകണം മുതല്‍ പല സംഭവങ്ങളും തബ്‌ലീഗുകാരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട് (9). അക്കാരണങ്ങളാലാണത്രെ ഉസ്ബക്കിസ്ഥാന്‍, തജാക്കിസ്ഥാന്‍, കസാകിസ്ഥാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തബ്‌ലീഗ് ജമാഅത്ത് നിരോധിക്കപ്പെട്ടത് (10). ഇപ്രകാരം തന്നെ തീവ്രവാദ സംഘങ്ങള്‍ എന്ന് ആരോപിക്കപ്പെടുന്ന താലിബാന്‍, തഹ്‌രീകെ താലിബാന്‍, സിപാഹെ സഹാബ തുടങ്ങിയ മിലിറ്റന്റ് ഗ്രൂപ്പുകളും ദയൂബന്ദി ധാരയിലാണ് അറിയപ്പെടുന്നത്.

ബറേല്‍വികളുടെ നിലപാട്
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പാരമ്പര്യ ഇസ്ലാമിന്റെ സംരക്ഷണാര്‍ഥം പടക്കളത്തില്‍ ഇറങ്ങിയ അഹ്‌ലുസ്സുന്നയുടെ ഇമാമാണ് അഹ്മദ് റസാഖാന്‍ ബറേല്‍വി(1856-1921). അദ്ദേഹത്തിന്റെ സ്വദേശമായ, ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ഇന്ത്യയിലെ സുന്നികളെ മറ്റുള്ളവര്‍ ബറേല്‍വികള്‍ എന്നു വിളിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകളിലെ മൂന്നില്‍ രണ്ടു ഭാഗവും ബറേല്‍വി ധാരയില്‍ നിലകൊള്ളുന്നവരാണ്(11). മഹാപ്രതിഭയായിരുന്ന അഹ്മദ് റസാഖാന്‍ ബറേല്‍വി വഹാബിസം, ശീഇസം, ഖാദിയാനിസം തുടങ്ങിയവയുടെ കണ്ഠ കോടാലിയായി കഴിഞ്ഞ നൂറ്റാണ്ടില്‍ ജ്വലിച്ചു നിന്നു. വഹാബി ആശയങ്ങള്‍ പേറിയ ഷാ ഇസ്മാഈല്‍ ദഹ്‌ലവിയെ ദയൂബന്ദികള്‍ തോളിലേറ്റി നടന്നപ്പോള്‍ ദയൂബന്ദികള്‍ക്കു നേരെയും അദ്ദേഹത്തിന്റെ പോരാട്ടം ശക്തമായി. സുന്നീ ധാരയില്‍ നിന്ന് ആദ്യമായി ദയൂബന്ദികളെ നേരിട്ടയാള്‍ റസാഖാനായിരുന്നില്ല. മൗലാന ഫള്‌ലുല്‍ ഹഖ് ഖൈറാബാദി(1796-1861) യെ പോലുള്ള മഹാ പണ്ഡിതന്മാര്‍ തുടങ്ങി വച്ച പോരാട്ടത്തിന്റെ തുടര്‍ച്ച ഏറ്റെടുക്കുക മാത്രമായിരുന്നു അദ്ദേഹം. ദയൂബന്ദ് സ്ഥാപകരില്‍ പെട്ട റശീദ് അഹ്മദ് ഗംഗോഹിയുടെ വാദങ്ങള്‍ക്കെതിരെ ഖൈറാബാദി പുറപ്പെടുവിച്ച ഫത്‌വകള്‍ പ്രസിദ്ധമാണ്(12).
മഖ്ബറകളുമായി ബന്ധപ്പെട്ട അനാചാരങ്ങളുടെ പേരിലാണ് ബറേല്‍വികള്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടാറുള്ളത്. എന്നാല്‍, അത്തരം പ്രമാണ വിരുദ്ധമായ അനാചാരങ്ങളെ റസാഖാന്‍ ശക്തിയുക്തം എതിര്‍ത്തിരുന്നത് പലരും മറന്നു പോവുന്നു. റസാഖാന്റെ പിന്മുറക്കാരായി മുഫ്തി ഹാമിദ് റസാഖാന്‍(1875-1943), നഈമുദ്ദീന്‍ മുറാദാബാദി(1887- 1948), മുസ്തഫ റസാഖാന്‍ (1892-1981), മൗലാനാ അബ്ദുല്‍ ഹാമിദ് ബദായൂനി(1898-1970), മൗലാനാ അഖ്തര്‍ റസാഖാന്‍(1941-2018) തുടങ്ങിയവര്‍ ഇവിടെ ജ്വലിച്ചു നിന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യു.കെ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സുന്നി സംഘടനകള്‍ ബറേല്‍വി ധാരയിലുള്ളവയാണ്.

കേരളീയ സുന്നികളുടെ മാര്‍ഗം
പൊന്നാനി മഖ്ദൂമീങ്ങളുടെ ജ്ഞാന പാരമ്പര്യത്തിലും ആദര്‍ശ താവഴിയിലുമാണ് കേരള മുസ്ലിംകള്‍ നാളിതുവരെ നടന്നു വന്നത്. പുതിയ സൗകര്യങ്ങള്‍ രൂപപ്പെട്ടപ്പോള്‍ ദയൂബന്ദിനോടും ബറേലിയോടും നമ്മുടെ പണ്ഡിതന്മാര്‍ ബന്ധപ്പെട്ടിട്ടുണ്ട്. സമസ്തയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി(1885-1954) ബറേലില്‍ പോയി റസാഖാന്റെ ശിഷ്യത്വം സ്വീകരിച്ച മഹാ പണ്ഡിതനാണ്. ബറേല്‍വി പണ്ഡിത സഭയായ ആള്‍ ഇന്ത്യ സുന്നി ജംഇയത്തുല്‍ ഉലമയുടെ പതാകയാണ്. 1945 മുതല്‍ സമസ്തയുടെ പതാകയായി ഉപയോഗിച്ചു വന്നിരുന്നത്. 1963 ഡിസംബര്‍ 29 ന് കാസര്‍ക്കോട് വച്ചു നടന്ന സമസ്തയുടെ ഇരുപത്തി രണ്ടാം സമ്മേളനത്തില്‍ വച്ച് പ്രസ്തുത പതാകയില്‍ എഴുത്തില്ലാത്ത നിലയില്‍ സമസ്തയുടെ ഔദ്യോഗിക പതാകയായി മുശാവറ അംഗീകരിച്ചു.(13).
ബറേല്‍വികളുമായി ഈ ആത്മബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ, ദയൂബന്ദികള്‍ ഇസ്‌ലമിക വിജ്ഞാനീയങ്ങള്‍ക്ക് നല്‍കിയ സംഭാവനകളെ സമസ്ത ഉള്‍കൊള്ളുകയും മാനിക്കുകയും ചെയ്തു. അതു കൊണ്ടാണ് കേരളത്തിലെ സുന്നീ ഉലമാക്കള്‍ ഉപരിപഠനത്തിന് പലപ്പോഴും ദയൂബന്ദ് ദാറുല്‍ ഉലൂം തെരഞ്ഞെടുത്തത്. അതിന്റെ ഭാഗമായാണ് 1961 ഫെബ്രുവരി 9നു കക്കാട് വച്ചുനടന്ന സമസ്തയുടെ സമ്മേളനത്തില്‍ അധ്യക്ഷനായി ദയൂബന്ദ് ദാറുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ ഖാരി മുഹമ്മദ് ത്വയ്യിബ് വന്നത്. എന്നാല്‍, തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചു പഠിച്ചു വിലയിരുത്തിയ 1965 മുതല്‍ ദയൂബന്ദികളോട് സമസ്ത കൂടുതല്‍ ജാഗ്രത പുലര്‍ത്തി. അവരുടെ ആദര്‍ശത്തെ പ്രതിരോധിച്ചു. അതേ സമയം തന്നെ ബിദ്അത്തിലേക്കു നയിക്കുന്ന പിഴച്ച വാദങ്ങളുടെ പേരില്‍ നിശ്ചിത വ്യക്തികളെ ‘കുഫ്ര്‍’ ആരോപിക്കുന്ന ബറേല്‍വികളുടെ തീവ്ര ശൈലിയില്‍ നിന്നു വിട്ടു നില്‍ക്കുകയും, അഹ്മദ് റസാഖാനു ശേഷം ഉമ്മത്തിനെ സമുദ്ധരിക്കാന്‍ ബറേല്‍വികള്‍ക്കിടയില്‍ കൂടുതല്‍ പ്രതിഭകള്‍ ഇല്ലാതെ വന്നത് ഉത്തരേന്ത്യയില്‍ അനാചാരങ്ങളും വികലവിശ്വാസങ്ങളും വര്‍ദ്ധിക്കാന്‍ ഇടയായത് തിരിച്ചറിയുകയും ചെയ്തു. അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ഈ മിതത്വ വഴിയാണ് കേരള ഇസ്‌ലാമിന്റെ പാരമ്പര്യ വഴി. മഖ്ദൂമി താവഴിയുടെ ഈ മധ്യമ നിലപാടിനപ്പുറം കേരള ഇസ്ലാമിനെ ദയൂബന്ദിലേക്കും ബറേലിയിലേക്കും വലിച്ചു നീട്ടാനുള്ള ശ്രമങ്ങള്‍ നമുക്ക് ഗുണം ചെയ്യില്ലെന്നുറപ്പ്.

സൂചിക:
1.എ.ശ്രീധരമേനോന്‍, കേരള ചരിത്രം(2014) പേജ് 18.65

  1. റോളണ്ട് ഇ. മില്ലര്‍, മാപ്പിള മുസ്‌ലിംസ് ഓഫ് കേരള.പേജ് 247
  2. ടി.കെ അബ്ദുല്ല മൗലവി, 1961 സമസ്ത കക്കാട് സമ്മേളന സുവനീര്‍
  3. എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഓര്‍മകളുടെ ഏടുകള്‍. പേജ്: 138, 139
  4. 5.Sar-en, Sushant (2005‑). The Jihad Factory: Pak-istan’s Islamic Revolution in the Making. N-e‑w Delhi: p. 282)
  1. Moj, The Deoband Madrassah Movement 2015, p‑p. 8-10
    7.https://react.etvbharat.com/urdu/national/state/
    delhi/100 years of jamiat ulemahind
    completed/na20191206181034458.
  2. Burki, Shireen Khan (1 January 2013). “The Tablighi Jama’at: Proselytizing Missionaries or Trojan Horse?”. Journal of Applied Security Research. 8 (1): 111
    9.https://m.timesofindia.com/india/tablighijamaats
    hareslinkswithterroroutfits/articleshow/7492701.cms.
    10.https://www.thehindu.com/news/national/explainedwhoarethetablighijamaattheorganisation at theepicentreofcoronavirusoutbreakinindia/article31238915.ece
  3. India Today. Archived from the original on 12 January 2009. Retrieved 30 September 2009.
  4. Ingram, Brannon D. (21 November 2018)‑, Revival from Below: The Deoband Movement and Global Islam, University of California Press, p‑p. 7, 64, 100, 241
  1. സമസ്ത അറുപതാം വാര്‍ഷിക സ്മരണിക പേജ്: 58

പി.എ സ്വാദിഖ് ഫൈസി താനൂര്‍