കൊറോണാനന്തര കാലം പല നിലക്കും പ്രസക്തമായിരിക്കും. അതൊരുപക്ഷേ, കൊറോണയെ കീഴടക്കിയ കാലം എന്നതിനേക്കാള്‍ കൊറോണയും മനുഷ്യജീവിതവും സമതുലിതാവസ്ഥയില്‍ സംഗമിക്കുന്ന കാലവും ആയിരിക്കാം. നിരവധി മൂല്യങ്ങളുമായി നമ്മുടെ വൈയക്തിക-സാമൂഹിക-സാംസ്‌കാരിക തലങ്ങളെ ഉടച്ചുവാര്‍ക്കേണ്ട ഘട്ടം കൂടിയാവുമത്.
അജ്‌നാസ് വൈത്തിരി
റഷ്യന്‍ സാഹിത്യത്തിന്റെ സുവര്‍ണകാലം വിശ്വസാഹിത്യത്തിന് നല്‍കിയ ശേഷിപ്പുകളില്‍ ശ്രദ്ധേയമാണ് ‘കുറ്റവും ശിക്ഷയും’. മനുഷ്യന്റെ വിഭജിതമായ മാനസികാവസ്ഥയും നന്മ – തിന്മയെക്കുറിച്ചുള്ള അപഗ്രഥനവുമൊക്കെ പ്രമേയമാവുന്ന പ്രസ്തുത ക്ലാസിക് നോവലിലൂടെ ഫയദോര്‍ ദൊസ്തയേവ്‌സ്‌കി സജീവമാക്കുന്ന ചില വീക്ഷണങ്ങളുണ്ട്. റസ്‌ക്കോല്‍ നിക്കോവെന്ന നായക കഥാപാത്രത്തിലൂടെ മനുഷ്യ മനസ്സില്‍ ഉണ്ടാവുന്ന ആന്തരിക സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും ഗ്രന്ഥകാരന്‍ മനോഹരമായി അവതരിപ്പിക്കുന്നു. താന്‍ ചെയ്ത കൊലപാതക കുറ്റമടക്കം സകല പാപങ്ങള്‍ക്കും താത്വികമായ ന്യായീകരണം നല്‍കുന്ന റസ്‌ക്കോല്‍ നിക്കോവിനെ കേന്ദ്രീകരിച്ചുള്ള വായനകള്‍ ചില പ്രത്യേക ആലോചനകള്‍ ആവശ്യപ്പെടുന്നുണ്ട്. ദൈവിക വിശ്വാസത്തിന്റെയും മൂല്യബോധത്തിന്റെയും അഭാവം മനുഷ്യ മനസ്സിനെ എത്രമേല്‍ അസ്വസ്ഥമാക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലുകള്‍ നോവലിന്റെ വരികള്‍ക്കിടയിലൂടെ വായനകളില്‍ പ്രതിഫലിക്കുമെന്ന് തീര്‍ച്ച.
നാസ്തിക ചിന്തയും അതിലൂടെ പിറവിയെടുക്കുന്ന സ്വന്തം ആശയതലങ്ങളുടെ അപ്രമാദിത്വവും മാനവ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിപത്തുകള്‍ സമ്മാനിച്ചതിന് എത്രയും ഉദാഹരണങ്ങള്‍ കാണാം. ഭൗതികവാദത്തിന്റെയും മതനിരാസത്തിന്റെയും ആത്മബോധത്തില്‍ വളര്‍ന്ന അധികാര ധിക്കാരങ്ങളില്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായ പല മുഖങ്ങളും ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. ജര്‍മനിയിലെ ഹിറ്റ്ലറും ഇറ്റലിയിലെ മുസ്സോളിനിയും റഷ്യയിലെ സ്റ്റാലിനും കംബോഡിയയിലെ പോള്‍പോട്ടും ആ പട്ടികയിലെ പ്രധാനികളാണ്. ഭൗതികവാദ ചിന്തകളുടെ പേരുപറഞ്ഞും സിദ്ധാന്തങ്ങളുടെ ന്യായീകരണം കണ്ടെത്തിയും അവര്‍ കൊന്നൊടുക്കിയത് ലക്ഷങ്ങളെയായിരുന്നു. മാര്‍ക്‌സിസ്റ്റ് ചിന്തയുടെ പേരില്‍ പോള്‍പോട്ട് കൊന്നൊടുക്കിയത് കമ്പോഡിയയിലെ ആകെ ജനസംഖ്യയുടെ 25 ശതമാനത്തെ ആയിരുന്നു. മൂന്നുവര്‍ഷവും എട്ടുമാസവും 20 ദിവസവും മാത്രം ഭരണം നടത്തിയ പോള്‍പോട്ട് 20 ലക്ഷത്തിലേറെ പേരെയാണ് പ്രസ്തുതകാലയളവില്‍ കൊന്നുതള്ളിയത്. മേലുദ്ധരിച്ച ഇതര ഭരണാധികാരികളുടെ നയനിലപാടുകളും ഭിന്നമല്ല.
കേവല ഭൗതികവാദ സങ്കല്‍പങ്ങള്‍ മനുഷ്യമനസ്സിനെ എത്രമേല്‍ അസ്വസ്ഥവും അക്രമാസക്തവുമാക്കുമെന്നതിന് വേറെയും അനവധി സാക്ഷ്യങ്ങളുണ്ട്. മനുഷ്യേതരമായ യാതൊന്നിനോടും പ്രതിബദ്ധതയില്ലാതിരിക്കുകയും മനുഷ്യാതീതമായ യാതൊന്നിലും വിശ്വാസം പുലര്‍ത്താതിരിക്കുകയും ചെയ്യുന്നതിലൂടെ
മനുഷ്യന്‍ അധമത്വത്തിന്റെയും അഭിശപ്തതയുടെയും ഗിരിശൃംഖങ്ങളിലേക്ക് വളരെ വേഗം കയറിച്ചെല്ലുന്നു. അവിടെയാണ് വിശ്വാസത്തിന്റെ ആശ്വാസവും ആനന്ദവുമെല്ലാം പ്രസക്തമാവുന്നത്.
കൊറോണ ഉയര്‍ത്തിയ സര്‍വതല സ്പര്‍ശിയായ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മുഖത്ത് സഗൗരവം വിശകലനം ചെയ്യേണ്ട തലങ്ങളാണ് വിശ്വാസാദി കാര്യങ്ങള്‍. മനുഷ്യമനസ്സിനെ സന്തുലിതവും സമാധാന ബന്ധിതവുമായി ക്രമപ്പെടുത്തുകയും അതിലൂടെ ഏത് ദുര്‍ഗതികളെയും പുരോഗതിയിലേക്കുള്ള പാതയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങളെ വായിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
സമകാലികത പറയുന്ന സന്ദേശങ്ങള്‍
രോഗബാധിതരുടെയും അതിലൂടെ ഉണ്ടായ മരണനിരക്കിന്റെയും കണക്കുകള്‍ അപഗ്രഥിക്കുമ്പോള്‍ കൊറോണ ഭീകരമായ മുന്നേറ്റമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാം. പുരോഗതിയെന്ന് നാം വിശ്വസിക്കുകയും വികസിതമെന്ന് നാം ആശ്വസിക്കുകയും ചെയ്തതൊക്കെ വ്യാജവും വ്യര്‍ത്ഥവുമാണെന്ന് വ്യക്തമായി കഴിഞ്ഞു. ഗോളാനന്തര യാത്രകളുടെ സ്ഥാനം ജന്മനാട്ടിലേക്കുള്ള മടക്കയാത്രയും സുഖഭോഗങ്ങളുടെ അതിപ്രസരം കേവലം ജീവന്‍ നിലനില്‍പ്പിന്റെ ആഗ്രഹമായും മാറി വന്നിരിക്കുന്നു. മനുഷ്യന്റെ ശീലങ്ങളും ശൈലികളും പ്രവചനാതീതമായി മാറിമറിയുന്നു. മനുഷ്യജീവിതത്തിന്റെ നിസ്സാരതയും അഹന്തയുടെയും അഹങ്കാരത്തിന്റെയും നിരര്‍ത്ഥകതയും സുഖാസ്വാദനങ്ങളുടെ നൈമിഷികതയും കൊറോണക്കാലം ബോധ്യപ്പെടുത്തുന്നു. ഈ ആത്മബോധങ്ങളില്‍ നിന്ന് മനുഷ്യന്‍ ആത്മീയ അന്വേഷണങ്ങളും നിരീക്ഷണങ്ങളും സ്വാഭാവികമായും സാധ്യമാക്കുക തന്നെ ചെയ്യും.
കൊറോണക്കാലം മതവിശ്വാസത്തെ സജീവമാക്കുകയും കൊറോണാനന്തര കാലത്തും പ്രസക്തമാക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി ജര്‍മന്‍ ബോക്‌സിങ് താരം വില്യം ഔട്ടിന്റെ ഇസ്ലാമാശ്ലേഷണം തന്നെ എടുക്കാം. മുപ്പത്തിയേഴ് വയസ്സുകാരനായ താരം വിശുദ്ധ ഖുര്‍ആന്‍ കൈയിലേന്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇതു സംബന്ധിച്ച വീഡിയോ പോസ്റ്റ് ചെയ്തത്. കൊറോണ വൈറസ് തനിക്ക് യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് വഴി കാണിച്ചുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വീഡിയോയില്‍ ഇസ്ലാം ആശ്ലേഷണത്തിന്റെ ഭാഗമായുള്ള ശഹാദത്ത് ഉച്ചരിക്കുന്നതും കാണാം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഋജുവായ വിശ്വാസ സരണി പകരുന്ന സ്വാസ്ഥ്യം ചെറുതല്ലയെന്നതിനും ആ ബോധ്യം സമ്മാനിച്ച ആശയ പ്രകാശനങ്ങള്‍ക്കും ഇസ്‌ലാമിക ചരിത്രത്തില്‍ വേറെയും ധാരാളം ഉദാഹരണങ്ങളുണ്ടല്ലോ.
ഭൗതിക വാദങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പ്പിക്കുകയും മനുഷ്യാതീതമായ പ്രപഞ്ച സൃഷ്ടി കര്‍മങ്ങളടക്കം സര്‍വതും തങ്ങളുടെ സന്നാഹങ്ങള്‍ക്കധീനമാണെന്ന് ധരിക്കുകയും ചെയ്ത മനുഷ്യന്റെ അഹന്തയെയാണ് കൊറോണ അപ്രസക്തമാക്കിയത്. വികസിതവും പുരോഗതി പൂര്‍ണവുമെന്ന് വീരവാദം മുഴക്കിയ കേമന്മാരാണല്ലോ മറ്റു രാജ്യങ്ങളേക്കാള്‍ ദുരന്തമുഖത്ത് നമ്രശിരസ്‌കരാവുന്നത്. പ്രപഞ്ച സംവിധാനങ്ങള്‍ക്ക് തങ്ങള്‍ മനസ്സിലാക്കിയതിനേക്കാള്‍ വിശാലതയുണ്ടെന്നും ഇതിനു പിന്നിലെ മഹാശക്തിയെ അന്ധമായി നിരാകരിക്കുന്നത് ആത്മവഞ്ചനയാണെന്നും തിരിച്ചറിയാനുള്ള സ്ഥിതിവിശേഷം കൂടിയാണ് വാസ്തവത്തില്‍ കൊറോണ ഒരുക്കി തയ്യാറാക്കിയത്.
പ്രസക്തമാവുന്ന ഇസ്‌ലാമിക പാഠങ്ങള്‍
തിരിച്ചറിവിന്റെ ഘട്ടം കൂടിയാവുന്ന ദുരന്തമുഖങ്ങള്‍ പ്രായോഗിക പരിഹാരങ്ങളെ നിരന്തരം അന്വേഷിക്കുക തന്നെ ചെയ്യും. വിവിധാധ്യാപനങ്ങളും അന്വേഷണങ്ങളും സജീവമാവുന്ന ഇക്കാലത്ത് ഇസ്‌ലാമിക ദൈവശാസ്ത്ര വ്യവഹാരങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. മനുഷ്യജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളും അവിടെ വിശ്വാസി പുലര്‍ത്തേണ്ട ക്ഷമാപൂര്‍ണമായ നിലപാടുകളും വരച്ചുവെക്കുന്ന ഇസ്ലാം പ്രതിസന്ധി ഘട്ടങ്ങളെ അഭിസംബോധന ചെയ്ത രീതി ശ്രദ്ധേയമാണ്. ജീവിത സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന സകല സങ്കടങ്ങളും സങ്കീര്‍ണതകളും ചെയ്ത് പോയ പാപകര്‍മ്മങ്ങള്‍ക്കുള്ള പരിഹാരവും പ്രായശ്ചിത്തവുമാണെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. സന്തോഷ-സന്താപ ഭേദമില്ലാതെ സര്‍വം സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നന്മയാവുന്ന അവസ്ഥാവിശേഷം ഇസ്ലാമല്ലാതെ മറ്റൊരു ദര്‍ശനവും മുന്നോട്ടു വെക്കുന്നില്ല തന്നെ. സന്തോഷ വേളകള്‍ നന്ദി പ്രകടനത്തിന്റെയും സന്താപ വേളകള്‍ ക്ഷമാശീലത്തിന്റെയും വഴിയാവുന്ന വിശ്വാസ തലം ഇസ്‌ലാമിന്റെ മാത്രം പ്രത്യേകതയാണ്.
ഇവിടെ ചില നിര്‍മത-നിരീശ്വര വാദങ്ങളെ വിലയിരുത്തേണ്ടതുണ്ട്. ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതും ആരാധനാ രീതികളുടെ നടപ്പുശീലങ്ങളില്‍ ചില മാറ്റങ്ങളുണ്ടായതും വിശ്വാസത്തിന്റെ പരാജയമാണെന്നാണല്ലോ അവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. മാനവ ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയോ അവജ്ഞയോ മാത്രമാണ് ഇതിന്റെ ഹേതുകമെന്ന് നിഷ്പ്രയാസം മനസ്സിലാക്കാവുന്നതാണ്.
മാനവ ചരിത്രത്തിന്റെ വിവിധ മുഹൂര്‍ത്തങ്ങളില്‍ പല ദുരന്തങ്ങളും മാറി മാറി വന്നിട്ടുണ്ട്. പള്ളികള്‍ അടച്ചിടുകയും സാമൂഹിക ഇടപെടലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്ത ഘട്ടങ്ങള്‍ മുമ്പും ധാരാളമായി ഉണ്ടായിട്ടുണ്ട്. ജനജീവിതം അന്നും ഇന്നത്തേക്കാള്‍ കൂടുതല്‍ നിശ്ചലമായി. സിറിയന്‍ പ്രവിശ്യകളില്‍ എ.ഡി 693 ല്‍ പടര്‍ന്നു പിടിച്ച പ്ലേഗും എ.ഡി 746 ല്‍ ബസ്വറയില്‍ ഉണ്ടായ മഹാമാരിയും എ.ഡി 1258 ല്‍ ബാഗ്ദാദ് നഗരത്തെ ഭീതിയിലാഴ്ത്തിയ പകര്‍ച്ചവ്യാധിയും പലതിലെ ചിലതു മാത്രമാണ്. അഥവാ കൊറോണാ ഔട്ട് ബ്രേക്കല്ല ചരിത്രത്തിലെ പ്രഥമ ഭീഷണമായ ദുരന്തമെന്നര്‍ത്ഥം. അത്തരം ദുരന്തമുഖത്തെല്ലാം ഇസ്‌ലാമിക വിശ്വാസ സംഹിത പ്രായോഗികമായ പരിഹാര മാര്‍ഗങ്ങളും സന്തുലിതമായ സമീപനങ്ങളും പുലര്‍ത്തിയിട്ടുമുണ്ട്.
മറ്റൊരു തലത്തില്‍ വിശകലനം ചെയ്താല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രാക്ടീസ് ചെയ്യാന്‍ പറ്റുന്ന പ്രായോഗികതയാണ് ഇസ്ലാമെന്ന് കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്ന അവസരങ്ങളാണ് ഓരോ ദുരന്തമുഖങ്ങളും. ശറഇന്റെ വിശാലമായ കാഴ്ചപ്പാടില്‍ രോഗവും രോഗീപരിചരണവുമെല്ലാം ചില ആരാധനകള്‍ ഒഴിവാക്കാനുള്ള കാരണമായി കര്‍മശാസ്ത്ര വിശാരദന്മാര്‍ എണ്ണിയിട്ടുണ്ട്. വൈയക്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പു വരുത്താന്‍ പള്ളി പൂട്ടിയിടലും ആരാധനാ ഇളവുകളും ആവാമെന്ന് ഇസ്ലാമിക കര്‍മശാസ്ത്രം പറയുന്നു. രോഗികളുടെ പള്ളി പ്രവേശത്തിനും ഇളവുകള്‍ നല്‍കുന്നു. അങ്ങനെ വരുമ്പോള്‍ ജുമുഅ നിസ്‌കരിക്കുന്നതു പോലെ ചിലപ്പോള്‍ ജുമുഅ ഒഴിവാക്കുന്നതും ഇബാദത്താവുന്നു. ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിക്കാന്‍ സക്രിയമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും സന്നദ്ധ സാമൂഹിക പ്രവര്‍ത്തന തലങ്ങളെ സജീവമാക്കാനും ഇസ്ലാം അനുശാസിക്കുന്നു. എത്രമേല്‍ പ്രായോഗികമായാണ് ഇസ്ലാം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് നോക്കൂ.
പ്രവര്‍ത്തന മണ്ഡലങ്ങളത്രയും മതാത്മകമാക്കാന്‍ കഴിയുന്ന വിശ്വാസിക്ക് പള്ളികള്‍ അടച്ചിട്ടുവെന്നത് വിശ്വാസത്തില്‍ യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്ന ഒന്നല്ല. ഭൂമി മുഴുക്കെയും സംശുദ്ധവും സാഷ്ടാംഗ യോഗ്യവുമായും സംവിധാനിക്കപ്പെട്ടതാണ്. ശുദ്ധി ഉറപ്പു വരുത്തിയ ശേഷം അതിലെവിടെയും നിസ്‌കാരം നിര്‍വഹിക്കാമെന്നത് ഈ ഉമ്മത്തിന്റെ പ്രത്യേകതയുമാണ്. അതെല്ലാം കൃത്യമായി ബോധ്യമുള്ളവരാണ് വിശ്വാസീ സമൂഹം. അവരെ അടച്ചിട്ട പള്ളികള്‍ കാണിച്ച് അപഹസിക്കുന്നത് നാസ്തിക ജീവികളുടെ ആശയദാരിദ്ര്യമല്ലാതെ മറ്റൊന്നുമല്ല തന്നെ. അതോടൊപ്പം വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന നിഷ്ഠകളും ലാളിത്യ-മിതത്വ സമീപനങ്ങളും അനിവാര്യമാണെന്ന് ഓര്‍ക്കേണ്ട ഘട്ടം കൂടിയാണിത്.
വിശ്വാസ-ശാസ്ത്ര സംഘര്‍ഷങ്ങള്‍
ദുരന്തമുഖങ്ങളിലെല്ലാം വിശ്വാസം അപ്രസക്തമായെന്നും ശാസ്ത്രം ഏകമാനമായി ശരിയായെന്നും പെരുമ്പറയടിക്കുന്ന നാസ്തികരുടെ ആശയ പാപ്പരത്തം സുവ്യക്തമാണല്ലോ. ശാസ്ത്രത്തിന്റെ ദിവ്യത്വത്തിലും ആജ്ഞകളിലും വിശ്വസിക്കുകയും അതിന് അപ്രമാദിത്വം കല്‍പ്പിക്കുകയും ചെയ്യുന്നത് എത്രമേല്‍ അയുക്തികമാണ്. മനുഷ്യന്റെ അന്വേഷണങ്ങളുടെ ബാക്കിപത്രമായ ശാസ്ത്രം പരിഹാരലബ്ധിയിലേക്കുള്ള വഴി തെളിയിക്കുക മാത്രമാണെന്നും ശാസ്ത്രമാത്ര വാദം ശാസ്ത്ര വിരുദ്ധതയാണെന്നും ബുദ്ധിയും ബോധവുമുളളവര്‍ സമ്മതിക്കുക തന്നെ ചെയ്യും. മറ്റൊന്ന്, നാസ്തികതയുടെ ദയനീയത ദൃശ്യമാവുന്ന ഘട്ടം കൂടിയാണ് കൊറോണക്കാലം.’സൂറത്ത് കൊറോണ’യടക്കം നിരവധി ഇറക്കുമതികളുമായി രംഗം കയ്യടക്കാന്‍ പാടുപെടുന്ന നാസ്തിക കുബുദ്ധികളോട് സഹതപിക്കാനേ തരമുള്ളൂ.
തന്നെയുമല്ല, മുമ്പ് പറഞ്ഞു വന്നിരുന്ന ‘മതവിശ്വാസത്തിന്റെ ഒലിച്ചുപോക്ക്’ വര്‍ത്തമാനങ്ങളും നാസ്തികര്‍ മാറ്റിപ്പിടിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ‘മതത്തിന് എന്ത് കൊറോണ?’ എന്ന തലക്കെട്ടില്‍ സി. രവിചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവെച്ച വീഡിയോ മതവിശ്വാസം തകര്‍ന്നു പോവുമെന്ന ടിപ്പിക്കല്‍ യുക്തിവാദി കസര്‍ത്തുകളില്‍ നിന്ന് മാറ്റമുള്ളതാണ്. പല പ്രതിസന്ധികള്‍ക്കും ശേഷമെന്ന പോലെ മതവിശ്വാസം ഇനിയും സജീവമായി തന്നെയുണ്ടാവും എന്ന് പരിഹാസച്ചുവയോടെയാണെങ്കിലും അയാള്‍ സമ്മതിക്കുന്നു. അതൊരു യാഥാര്‍ത്ഥ്യവുമാണ്. മുമ്പ് പല നാസ്തികവാദികളും പറഞ്ഞിരുന്നതു പോലെ ‘വിശ്വാസം പ്രളയത്തിനോടൊപ്പം ഒലിച്ചുപോവുമെന്നിത്യാദി’ തട്ടിവിടലുകള്‍ ഇനിയും വിലപ്പോവില്ലെന്ന് മനസ്സിലായിക്കാണണം. അല്ലെങ്കില്‍ അന്ന് പറഞ്ഞിരുന്നതു പോലെ പ്രളയത്തിന്റെ കൂടെ വിശ്വാസവും ഒലിച്ചു പോവേണ്ടതാണല്ലോ! രണ്ടു പ്രളയങ്ങള്‍ക്കു ശേഷം ഇന്നും അപ്രസക്തമാവാന്‍ വിശ്വാസം ബാക്കിയാവാതിരിക്കേണ്ടതുമായിരുന്നു!
‘കൊറോണക്ക് ശേഷം മതവിശ്വാസത്തിന് കുറവ് വരുമോ?’ എന്ന ചോദ്യത്തിനുള്ള മറുപടിയെന്നോണവും രവിചന്ദ്രന്‍ സമാനമായ പ്രസ്താവനകള്‍ പങ്കുവക്കുന്നുണ്ട്. അതിനിടയില്‍ വെച്ചു വിളമ്പുന്ന ചില അവകാശ വാദങ്ങള്‍ എത്രമേല്‍ പരിഹാസ്യമാണെന്ന് ആലോചിക്കുക തന്നെ വേണം. ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗവും അല്പന്മാരും ബൗദ്ധിക ദരിദ്രരുമാണെന്നും ഞങ്ങള്‍ ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന നാസ്തിക കൂട്ടമാണ് ബൗദ്ധിക ഭദ്രതയും ചിന്താശേഷിയുമുള്ളവരുമെന്നും തുടങ്ങീ രവിചന്ദ്രനെന്ന നാസ്തിക ബിംബം ഉന്നയിക്കുന്ന വരട്ടുവാദങ്ങള്‍ എത്രമാത്രം അസംബന്ധവും മാനവിക വിരുദ്ധവുമാണെന്നും ആലോചിച്ചു നോക്കൂ.
കൊറോണാനന്തര കാലം പല നിലക്കും പ്രസക്തമായിരിക്കും. അതൊരുപക്ഷേ, കൊറോണയെ കീഴടക്കിയ കാലം എന്നതിനേക്കാള്‍ കൊറോണയും മനുഷ്യജീവിതവും സമതുലിതാവസ്ഥയില്‍ സംഗമിക്കുന്ന കാലവും ആയിരിക്കാം. നിരവധി മൂല്യങ്ങളുമായി നമ്മുടെ വൈയക്തിക-സാമൂഹിക-സാംസ്‌കാരിക തലങ്ങളെ ഉടച്ചുവാര്‍ക്കേണ്ട ഘട്ടം കൂടിയാവുമത്. അന്നും മനുഷ്യരുടെ മൂല്യവത്തായ വിശ്വാസങ്ങള്‍ പ്രസക്തമായി തന്നെ ഉണ്ടാവും. മനുഷ്യന്‍ എല്ലാത്തിനും മീതെയാണെന്നും എന്തിനും പോന്നവനാണെന്നും ഉള്ള ദുശ്ശാഠ്യങ്ങളെക്കാള്‍ യുക്തിസഹവും പ്രായോഗികവുമായ വിശ്വാസം തന്നെയാണ് പുരോഗതി സാധ്യമാക്കുക.
പ്രാര്‍ത്ഥനയും പ്രയത്‌നവുമായി അതിജീവനത്തിന് കോപ്പുകൂട്ടേണ്ട ഈ ദുരന്തകാലത്ത് ആധിപത്യത്തിനായുള്ള കുഴിവെട്ടുന്ന നാസ്തിക ഭീകരതയെയും നാം തിരിച്ചറിയുക തന്നെ വേണം. അയുക്തികവും അസാന്മാര്‍ഗികവുമായ നാസ്തിക വിഭ്രാന്തികള്‍ മാനവചരിത്രത്തെ ഗ്രസിക്കാന്‍ ശ്രമിക്കുന്ന മഹാമാരിയാണെന്ന് ഇനിയും കാലം തെളിയിക്കുക തന്നെ ചെയ്യും.