ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ നിന്ന് 80 ശതമാനവും മുസ്‌ലിം വിഭാഗത്തിന് നല്‍കുന്ന രീതി ഒഴിവാക്കണം എന്നതായിരുന്നു ഇക്കഴിഞ്ഞ മെയ് 28ാം തിയ്യതി പുറത്തുവന്ന ഹൈക്കോടതി വിധി. സംസ്ഥാനത്തെ ജനസംഖ്യാനുപാതം അനുസരിച്ച് ക്രൈസ്തവര്‍ക്ക് അര്‍ഹമായത് കണക്കിലെടുക്കാതെ, മുസ്‌ലിം വിഭാഗത്തിന് 80 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. അനുപാതം റദ്ദാക്കപ്പെട്ട സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ക്ക് ഈ വിധി പ്രത്യക്ഷത്തില്‍ വിശാല കാഴ്ച്ചപ്പാടുകളോടെയുള്ള ഒന്നായിരിക്കും. എന്നാല്‍, ഒരു സമുദായത്തിന് പൂര്‍ണമായും അവകാശപ്പെട്ടതില്‍ നിന്ന് ആദ്യം 20 ശതമാനം മറ്റൊരു സമുദായത്തിന് നല്‍കുകയും പിന്നീട് രണ്ട് സമുദായത്തിനും തുല്യപരിഗണന നല്‍കുകയും ചെയ്യുന്നത് അനീതിയല്ലാതെ മറ്റെന്താണ്. ഹൈകോടതി വിധി ബാധകമാകുന്ന സ്‌കോളര്‍ഷിപ്പുകളുടെ ചരിത്രം മനസ്സിലാക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ ഇവിടെ സംഭവിച്ച നീതികേട് വ്യക്തമാവുക.
നാള്‍വഴി
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാനായി ഒന്നാം യു.പി.എ സര്‍ക്കാര്‍ 2005 മാര്‍ച്ച് 9ന് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ തലവനായ ഏഴംഗസമിതിയെ നിശ്ചയിച്ചു. സയ്യിദ് ഹാമിദ്, ഡോ. ടി.കെ ഉമ്മന്‍, ഡോ. രാഗേഷ് ബസന്ത്, എം.എ ബാസിത്, ഡോ. അക്തര്‍ മജീദ്, ഡോ. അബൂ സ്വാലിഹ് ഷരീഫ് എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. 2006 നവംബര്‍ 30ന് ലോക്സഭയില്‍ വച്ച 403 പേജുകളുള്ള സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ ഏറെ പരിതാപകരവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും പറയുന്നു. ഈ അവസ്ഥ പരിഹരിക്കാനായി കമ്മിറ്റി ചില നിര്‍ദേശങ്ങളും സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ രംഗങ്ങളില്‍ സാമ്പത്തിക പിന്തുണ നല്‍കണം എന്നും സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
പിന്നീട് കേരള സര്‍ക്കാര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിഗണിച്ച് സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് വേണ്ടി ക്ഷേമപദ്ധതി നടപ്പാക്കാനായി 2008ല്‍ പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ ഒരു സമിതി രൂപീകരിക്കുകയും സമിതിയുടെ ശുപാര്‍ശയനുസരിച്ച് മുസ്‌ലിം സമുദായത്തിനായി വിവിധ ക്ഷേമപദ്ധതികള്‍ കൊണ്ടുവരികയും ചെയ്തു. ആരംഭഘട്ടത്തില്‍ പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് വേണ്ടി തുടങ്ങിയ പദ്ധതിയില്‍ നിന്ന് 2011 ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവിലൂടെയാണ് അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 20 ശതമാനം ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതേ അനുപാതം നിലനിര്‍ത്തുകയും 2015 ല്‍ ഇപ്രകാരം നിലനിര്‍ത്തി കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. ഇങ്ങനെ നിലവില്‍ വന്ന അനുപാതത്തെയാണ് ഹൈക്കോടതി പുതിയ വിധിയിലൂടെ റദ്ദ് ചെയ്തിരിക്കുന്നത്. ഇപ്രകാരം പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പിനെയാണ് ഒരു പരിഗണനയും കൂടാതെ മറ്റു സമുദായങ്ങള്‍ക്ക് കൂടി തുല്യമായി വീതിക്കണമെന്ന് കോടതി വിധിച്ചിരിക്കുന്നത്.
ആരാണ് കുറ്റക്കാര്‍
തുടക്കത്തില്‍ തന്നെ സംഘ്പരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ 80:20 അനുപാതത്തിനെതിരെ വ്യാപകമായ വിദ്വേഷപ്രചരണം നടന്നിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ മുഴുവന്‍ അവകാവശങ്ങളും മുസ്‌ലിം സമുദായം തട്ടിയെടുക്കുകയാണെന്നും ക്രൈസ്തവരോടുള്ള തികഞ്ഞ അനീതിയാണിതെന്നും അവര്‍ പ്രചരിപ്പിച്ച് കൊണ്ടേയിരുന്നു. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഏതടവും പയറ്റുന്ന സംഘ്പരിവാര്‍ അജണ്ടകളിലൊന്ന് മാത്രമായിരുന്നു ഇത്. എന്നാല്‍, ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവവും ജാഗ്രതക്കുറവും ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. പദ്ധതിയെ പറ്റി വിശദീകരിക്കാന്‍ തയ്യാറാവാതെ സര്‍ക്കാര്‍ കുറ്റകരമായ മൗനം അവലംബിക്കുകയാണുണ്ടായത്. സര്‍ക്കാരിന്റെ ഈ കാര്യക്ഷമമല്ലാത്ത ഇടപാടുകള്‍ കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്.
എന്നാല്‍, കോടതിയാവട്ടെ മുസ്‌ലിം പിന്നാക്കാവസ്ഥയെ പറ്റി പഠിക്കാതെയും മുന്‍കാല റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതെയുമാണ് ഇത്തരമൊരു വിധിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിനാല്‍ കോടതി വിധി നീതിപൂര്‍വകമല്ല. പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി മുമ്പും പലവിധത്തിലുള്ള പ്രത്യേക പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അവിടെയൊന്നുമില്ലാത്ത തുല്യനീതിയും പരിഗണനയും ഒരു വിഭാഗത്തിനു മാത്രം പ്രത്യേകമായ പദ്ധതിയില്‍ നടപ്പാക്കുന്നത് നീതീകരിക്കാനാവില്ല.
മുസ്‌ലിം വിഭാഗത്തിന് മാത്രമായി കൊണ്ടുവന്ന ഈ പദ്ധതിയെ ന്യൂനപക്ഷപദ്ധതിയായി അവതരിപ്പിച്ചതാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ച പ്രധാന ഘടകം. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷനും ഉള്ള സാഹചര്യത്തില്‍ മുസ്‌ലിം സമുദായത്തിനു മാത്രമായി ക്ഷേമപദ്ധതി നടപ്പാക്കേണ്ട സമിതിക്ക് ആ വിഭാഗത്തിന്റെ പേര് തന്നെ നല്‍കണമായിരുന്നു. 2008 ഓഗസ്റ്റ് 16 ന് നിലവില്‍ വന്ന സമിതിക്ക് കേരള സംസ്ഥാന ന്യൂനപക്ഷ സെല്‍ എന്നാണ് പേര് നല്‍കിയത്. പിന്നീട് 2011 ജനുവരി ഒന്നിന് വകുപ്പിന്റെ പേര് മാറ്റി ന്യൂനപക്ഷ ക്ഷേമ വകുപ്പാക്കി. ഈ സംവിധാനത്തിനു കീഴില്‍ സ്ഥാപിച്ച ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് ‘ പിന്നീട് പേര് മാറ്റി ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്’ എന്നാക്കി മാറ്റി. ഈ രീതിയില്‍ പേരു മാറ്റുന്നതിലൂടെ പദ്ധതി മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ളതാണെന്ന തെറ്റിദ്ധാരണ ജനിപ്പിക്കുകയും അതുവഴി വര്‍ഗീയ പ്രചരണത്തിന് വഴിയൊരുക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ 100 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അര്‍ഹതപ്പെട്ട പദ്ധതിയില്‍ നിന്ന് 20 ശതമാനം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കു നല്‍കിയതിലൂടെ മുസ്‌ലിം സമുദായത്തിന് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ അനുപാതം വിശാലതയാണ്. അത് മറച്ചുവച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ നടത്തുന്നത്.
കുപ്രചരണങ്ങള്‍, യാഥാര്‍ഥ്യങ്ങള്‍
മൊത്തം ക്ഷേമപദ്ധതികളുടെയും 80 ശതമാനം മുസ്‌ലിംകള്‍ കവര്‍ന്നെടുക്കുന്നു എന്ന വ്യപകമായ പ്രചരണം വര്‍ഗീയ ധ്രുവീകരണത്തിനു വഴിമരുന്നിട്ടു. തെരഞ്ഞെടുപ്പില്‍ പോലും ഇതുപയോഗിച്ചു. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അതുവഴി തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാനും സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായി ഉപയോഗിച്ചു. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് പോലും 80 ശതമാനം മുസ്‌ലിംകള്‍ക്കാണെന്ന പ്രചരണം വലിയ തെറ്റിദ്ധാരണകള്‍ക്കിടയാക്കി. മുസ്‌ലിം ന്യൂനപക്ഷത്തിനു മാത്രമായി കൊണ്ടുവന്ന വകുപ്പിനു കീഴിലുള്ള സ്‌കോളര്‍ഷിപ്പാണിതെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണിത്. സി.എച്ച് മുഹമ്മദ്കോയ, എ.പി.ജെ അബ്ദുല്‍കലാം എന്നിവരുടെ പേരില്‍ നല്‍കപ്പെടുന്ന സകോളര്‍ഷിപ്പുകളില്‍ നിന്ന് മറ്റു സമുദായങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നത് പോലെ മദര്‍ തെരേസയുടെ പേരിലാണ് എന്ന് കരുതി അത് ക്രൈസ്തവ സമുദായത്തിനുള്ളതാവില്ല. മദ്റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വലിയ തുക ശമ്പളമായി ലഭിക്കുന്നു എന്ന കുപ്രചരണവും ശക്തമായി സംഘ്പരിവാര്‍, ക്രൈസ്തവ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. ഖജനാവില്‍ നിന്ന് ഒരു പൈസ പോലും അവര്‍ക്ക് ലഭിക്കുന്നില്ല എന്നു മാത്രമല്ല തുച്ഛമായ ശമ്പളത്തിലാണ് അവര്‍ ജോലി ചെയ്യുന്നതും. ന്യൂനപക്ഷ അവകാശങ്ങള്‍ മുഴുവനായി മുസ്‌ലിം വിഭാഗം തട്ടിയെടുക്കുന്നു എന്ന പ്രചരണത്തിന്റെ ഭാഗമായി വേണം പുതിയ സര്‍ക്കാരിലെ വകുപ്പ് വിഭജനത്തെയും കാണാന്‍.
ഇത്തരം കുപ്രചരണങ്ങള്‍ കളം നിറയുമ്പോഴും യഥാര്‍ഥ കണക്കുകള്‍ എല്ലാ മേഖലകളിലുമുള്ള മുസ്‌ലിം പിന്നാക്കാവസ്ഥയും ക്രൈസ്തവ വിഭാഗത്തിന്റെ ശക്തമായ പ്രാതിനിധ്യവും കാണിച്ച് തരുന്നുണ്ട്. ആകെ ജനസംഖ്യയുടെ 18 ശതമാനമയ ക്രൈസ്തവ സമൂഹം പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും നേടിയെടുത്തത് വളരെ കൂടുതലാണ്. ഏഴായിരത്തിലധികം വരുന്ന കേരളത്തിലെ ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളില്‍ 36 ശതമാനവും ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ അധീനതയിലാണ്. അതേ സമയം ജനസംഖ്യയില്‍ 26 ശതമാനം ഉള്ള മുസ്‌ലിംകള്‍ക്ക് 19 ശതമാനം സ്‌കൂളുകള്‍ മാത്രമാണുള്ളത്. എയ്ഡഡ് കോളേജുകളുടെ കാര്യത്തിലാണെങ്കില്‍ 2011ലെ സെന്‍സസ് പ്രകാരം 47 ശതമാനവും ക്രൈസ്തവര്‍ക്കാണുള്ളത്. മുസ്‌ലിംകള്‍ക്ക് വെറും 19 ശതമാനം മാത്രം. സര്‍ക്കാര്‍ അധ്യാപകരുടെ കാര്യത്തിലും ഇതേ വ്യത്യാസം കാണാം.
സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോഴും ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലെ അന്തരം വ്യക്തമാണ്. തൊഴില്‍ രഹിതര്‍ മുസ്‌ലിംകളില്‍ 55.2 ശതമാനമാണെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ 31.9 ശതമാനമാണ്. അവിടെയും മുസ്‌ലിംകളേക്കാള്‍ എത്രയോ മെച്ചപ്പെട്ട സ്ഥിതിയിലാണ് ക്രിസ്ത്യന്‍ സമുദായം. കേരളത്തിലെ ഭൂരഹിതരില്‍ 37.8 ശതമാനവും മുസ്‌ലിംകളാണെങ്കില്‍ വെറും 3 ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഒ.ബി.സി ആനുകൂല്യം മാത്രം ലഭിക്കുമ്പോള്‍ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യം, മുന്നാക്ക സമുദായ ആനുകൂല്യം, പട്ടികവര്‍ഗ ആനുകൂല്യം എന്നിങ്ങനെ വിവിധവിഭാഗങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കുന്നു.
ഉദ്യോഗസ്ഥ-അധികാര തലങ്ങളിലും ക്രിസ്ത്യന്‍ വിഭാഗത്തേക്കാള്‍ വളരെ പിന്നിലാണ് മുസ്‌ലിംകള്‍. കേരള ചരിത്രത്തില്‍ 1956 മുതല്‍ ഇതേവരെ ഒരു വര്‍ഷം തികച്ച് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഒരു മുഖ്യമന്ത്രിയും ഒരു ചീഫ് സെക്രട്ടറിയും ഒരു ഡി.ജി.പിയും മാത്രമാണ് മുസ്‌ലിം സമുദായത്തില്‍ നിന്ന് വന്നിട്ടുള്ളത്. ഈ രംഗങ്ങളിലെല്ലാം ക്രൈസ്തവ പ്രാതിനിധ്യം വളരെ കൂടുതലാണ്. പ്രഫഷണല്‍ കോഴ്സുകള്‍ക്കു സഹായമായി പിന്നാക്കക്കാര്‍ക്ക് 7000 രൂപ ലഭിക്കുമ്പോള്‍ ക്രൈസ്തവരടക്കം മുന്നാക്കക്കാര്‍ക്ക് 50000 രൂപ വരെ ലഭിക്കുന്നു. മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ വഴി എം.ഫില്‍ പി.എച്ച്.ഡി പഠനങ്ങള്‍ക്ക് 25000 രൂപ സഹായം ലഭിക്കുന്നു. ഇതൊന്നും മുസ്‌ലിം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമല്ല.
ക്രിസ്തുമതത്തിലേക്ക് മറ്റു മതങ്ങളില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് എത്തുന്നവരുടെ സഹായത്തിനായി കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ കണ്‍വര്‍ട്സ് ഫ്രം എസ്.സി ആന്റ് റെക്കമെന്‍ഡഡ് കമ്യൂണിറ്റീസ് എന്ന സ്ഥാപനം കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് കീഴില്‍ കൃഷി ഭൂമി, ഭവന നിര്‍മാണ, വിവാഹ, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകളും നിരവധി ആനുകൂല്യങ്ങളും നല്‍കുന്നു. എന്നാല്‍, ഇസ്‌ലാമിലേക്ക് മതം മാറി വരുന്നവര്‍ക്ക് ഒരു സഹായധനവും സര്‍ക്കാരില്‍ നിന്ന് ലഭ്യമല്ലെന്ന് മാത്രമല്ല ലൗജിഹാദ് എന്ന നുണപ്രചരണത്തിലൂടെ ഇത്തരം മതപരിവര്‍ത്തനങ്ങളെ സംഘ്പരിവാര്‍-ക്രൈസ്തവ സംഘടനകള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാന്‍ ജെ.ബി കോശി തലവനായ ഒരു സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ മാത്രം അംഗങ്ങളായ ഈ സമിതിയില്‍ നിന്നും ക്രിസ്ത്യാനികള്‍ക്ക് മാത്രമായി കിട്ടാവുന്ന ഒരു റിപ്പോര്‍ട്ട് വരാനിരിക്കെയാണ് മുസ്‌ലിംകള്‍ക്ക് 100 ല്‍ നിന്ന് കുറഞ്ഞ് 80 ശതമാനമായ പദ്ധതിയില്‍ പിന്നെയും തുല്യ അവകാശം ആവശ്യപ്പെട്ട് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതും ഇത്തരമൊരു വിധി നേടിയെടുക്കുന്നതും.
ചുരുക്കത്തില്‍, സാമൂഹിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ അവഗണിക്കപ്പെടുന്ന, പൊതുയിടങ്ങളില്‍ പ്രാതിനിധ്യം കുറവുള്ള സമുദായങ്ങള്‍ക്ക് പ്രത്യേക പാക്കേജുകളും പദ്ധതികളും കൊണ്ടുവരുന്നത് ഒരിക്കലും വര്‍ഗീയതയോ നീതിക്കേടോ ആയല്ല കണക്കാക്കേണ്ടത്. മറിച്ച് അത്തരം പദ്ധതികളിലൂടെയാണ് സാമുദായിക ഉന്നമനം സാധ്യമാവുക. ഒരു സമുദായത്തിന് പ്രത്യേക പാക്കേജ് ലഭിക്കുന്നു എന്നതുകൊണ്ട് തുല്യനീതി ഇല്ലാതായി എന്ന് കണക്കാക്കുന്നതിനു പകരം പിന്നാക്കം നില്‍ക്കുന്ന മറ്റു സമുദായങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഏതായാലും ഹൈക്കോടതി വിധിയില്‍ പുനഃപരിശോധനാ ഹരജി കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വര്‍ഗീയത പ്രചരിപ്പിച്ച് സാമുദായിക ഭിന്നതക്ക് ശ്രമിക്കുന്ന സംഘ്പരിവാര്‍ സംഘടനകളെ പ്രതിരോധിക്കാനും അവകാശങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാനും ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം.,
വഖാസ് മന്ദലാംകുന്ന്