ഖുര്‍ആനും സംഖ്യാശാസ്ത്രവും; പഠനങ്ങളുടെ ആഗോള പ്രസക്തി-1

3225

മുആവിയ മുഹമ്മദ് കെ.കെ

‘സൂറത്ത് കൊറോണ’ എന്ന പേരില്‍ ‘ഖുര്‍ആന്‍ പാരഡി’ എഴുതിയ ടുണീഷ്യക്കാരിയെ അറസ്റ്റു ചെയ്ത വാര്‍ത്ത വായിച്ചു. വെല്ലുവിളി(ഖുര്‍ആന്‍ 2:23,24) ഏറ്റെടുത്താലുള്ള അവസ്ഥ എന്ന് പരിഹസിച്ചുകൊണ്ടുള്ള ‘മല്ലുയുക്തന്‍’മാരുടെ പരിഹാസവും കണ്ടു. വാര്‍ത്തയുടെ വിശദാംശങ്ങളിലേക്കോ നടപടിയുടെ നൈതികതയിലേക്കോ കടക്കുന്നില്ല. എഴുതുന്നത് ഖുര്‍ആനിനെക്കുറിച്ചു തന്നെയാണ്.! അമാനുഷികതയുടെ നിദാനങ്ങള്‍ക്ക് അറബിഭാഷയെ ചുറ്റിപ്പറ്റിയുള്ള വിശകലനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒരു ലിപി എന്നതിനപ്പുറം ആ ഭാഷയെ പരിചയിച്ചിട്ടില്ലാത്ത ചിന്താശേഷിയുള്ള ഒരു വലിയ വിഭാഗത്തിന് അത് അപ്രാപ്യമോ അജ്ഞാതമോ ആയി തുടരുമെന്നുറപ്പാണ്. അപ്പോഴും ‘സമാനമായത് കൊണ്ടുവരൂ’ എന്ന അല്ലാഹുവിന്റെ വെല്ലുവിളി പൂര്‍വാധികം പ്രസക്തിയോടെ നിലനില്‍ക്കുകയും വേണം. ഇവിടെയാണ് ഖുര്‍ആന്‍ പഠനങ്ങളുടെ പുതിയ രീതിശാസ്ത്രങ്ങളും അവയുടെ പ്രചാരണവും പ്രസക്തമായിത്തീരുന്നത്.
ഖുര്‍ആനിലെ ഭാഷയും ശൈലിയും ആശയങ്ങളുമെല്ലാം അത്ഭുതവും അമാനുഷികവും തന്നെയാണ്. അറബി സാഹിത്യത്തിലെ അതികായന്മാര്‍ക്കിടയിലേക്കാണ് ഖുര്‍ആനിന്റെ അവതരണമുണ്ടാകുന്നത്. അവര്‍ക്കിടയില്‍ ജനിച്ചുവളര്‍ന്ന ഒരു നിരക്ഷരനിലൂടെയാണ് ഖുര്‍ആന്‍ ലോകം ശ്രവിച്ചത്. അദ്ദേഹമാകട്ടെ നാല്‍പതു വയസ്സുവരെ യാതൊരുവിധ സാഹിത്യാഭിരുചിയും കാണിക്കാത്ത വ്യക്തിയായിരുന്നുതാനും. അതുകൊണ്ടുതന്നെ,ഖുര്‍ആനിന്റെ സാഹിത്യമേന്മയെ സംബന്ധിച്ച് അത് അവതരിപ്പിക്കപ്പെട്ട സമൂഹത്തില്‍ അഭിപ്രായവ്യത്യാ സമൊന്നുമുണ്ടായിരുന്നില്ല. വിശ്വാസികളും അവിശ്വാസികളുമായ അറബികളെല്ലാം ഖുര്‍ആനിന്റെ ഉന്നതമായ സാഹിത്യമൂല്യം അംഗീകരിക്കുന്നവരായിരുന്നു. അത് മാരണമാണെന്നും പൈശാചികവചനങ്ങളാണെന്നും പറഞ്ഞ്, അതിന്റെ ദൈവികത അംഗീകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു അവിശ്വാസികള്‍ ചെയ്തതെന്നു മാത്രം.
അജയ്യവും അനുകരിക്കാനാകാത്തതുമായ ഖുര്‍ആനിന്റെ ആ മാസ്മരിക ശൈലി അറബിഭാഷയില്‍ അവഗാഹമുള്ള മുസ്‌ലിംകളല്ലാത്ത ആധുനികര്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ്.
എന്നാല്‍, അതിനപ്പുറവും അത്ഭുതകരമായ അനവധിവിതാനങ്ങളുള്ള വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. പ്രഭവകേന്ദ്രം പ്രപഞ്ച നാഥനായതുകൊണ്ട് തന്നെ അതിന്റെ ഓരോ അടരിലും മനുഷ്യധിഷണക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞതും അല്ലാത്തതുമായ മഹാവിസ്മയങ്ങള്‍ നിര്‍ല്ലീനമായി കിടക്കുന്നുണ്ട്.
ആത്യന്തികമായി മനുഷ്യ ജീവിതമെങ്ങനെ ജൈത്രയാത്രയാക്കി മാറ്റാമെന്നതിന്റെ പൊരുളുകളും പാഠങ്ങളുമാണ് ഖുര്‍ആന്‍ സംവഹിക്കുന്നതെന്ന് പറയാമെങ്കിലും അതിനുമപ്പുറം അനന്തമാണ് അതിലെ ജ്ഞാന പ്രപഞ്ചം. അനന്തവിശാലമായ ആ സാധ്യതകളുടെ സാകല്യത്തില്‍ സാഹിത്യവും ശാസ്ത്രവുമൊക്കെ അനാവൃതമാകുന്നത് ലോകം കണ്ടുകഴിഞ്ഞു. കാലഭേദങ്ങളോട് സംവദിക്കാനും കൗതുകങ്ങളെ സംവഹിക്കാനും അമാനുഷികവും അപരിമേയവുമായ അത്തരം വിതാനങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഖുര്‍ആന് സാധിക്കുകയും ചെയ്തു.
ഇതിപ്പോള്‍ സാങ്കേതിക യുഗമാണ്. സിദ്ധാന്തങ്ങള്‍ സങ്കേതങ്ങളിലേക്കും സാങ്കേതിക സംവിധാനങ്ങളിലേക്കും പടര്‍ന്ന കാലം! സത്യമതത്തിന്റെ കാലാനുസാരിയായ വ്യാപ്തിയനുസരിച്ച് ഖുര്‍ആനിന്റെ സാഹിത്യ സംബന്ധമായ അദ്വിതീയത അളക്കാന്‍ അറിയുന്നവരും ശാസ്ത്രീയമായി സംഗ്രഹിക്കാനാവുന്നവരും പുതിയ വിതാനങ്ങളിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഈ ആഗോള ഗ്രാമാന്തരങ്ങളില്‍ എല്ലാത്തിനുമൊപ്പം, ഭാഷയുടെ കടമ്പകളില്ലാതെ അന്വേഷണാത്മക താത്പര്യങ്ങളോട് അനുഭാവം പുലര്‍ത്താന്‍ മാത്രം സംവേദനക്ഷമമായിരിക്കണം പരിശുദ്ധ ഖുര്‍ആനും.’സമാനമായ ഒരു ഗ്രന്ഥം കൊണ്ടുവരാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന മട്ടില്‍ അവകാശ വാദവുമായി അല്‍ ഫുര്‍ഖാനുല്‍ ഹഖുകാര്‍ (Al furqanul haq) പ്രത്യക്ഷപ്പെടുന്ന കാലത്ത്, രണ്ടിലും അറബിലിപി മാത്രം കാണാന്‍ കഴിയുന്ന ആഗോള പൗരന്മാര്‍ പ്രലോപനങ്ങള്‍ക്കു മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ എന്തു മാനദണ്ഡമാക്കുമെന്ന ചോദ്യമുയരുമ്പോള്‍ പ്രത്യേകിച്ചും! ഇവിടെയാണ് ഖുര്‍ആനുമായി ബന്ധപ്പെട്ട സംഖ്യാശാസ്ത്ര പഠന-ഗവേഷണങ്ങള്‍ പ്രസക്തമായി മാറുന്നതും അവയുടെ പ്രചാരണം ദൗത്യമായിത്തീരുന്നതും.

കണക്കുകൊണ്ട് കൗതുകം തീര്‍ക്കുന്ന ഖുര്‍ആന്‍

വസ്തുതകളുടെ സ്ഥിരീകരണത്തിനും വസ്തുനിഷ്ഠമായ വിശകലനത്തിനും ഗണിത ശാസ്ത്ര സങ്കേതങ്ങളും സിദ്ധാന്തങ്ങളും ഉപയോഗപ്പെടുത്തിത്തുടങ്ങിയത് കാലത്തിന്റെ ഏതോ കോണിലൂടെ മനുഷ്യരാശിക്ക് കൈമാറിക്കിട്ടിയ ബൗദ്ധികമായൊരു സിദ്ധിയുടെ തുടര്‍ച്ചയായിരുന്നു. ഗണിതശാസ്ത്ര നിയമ (Mthematical Law) മനുസരിച്ച്, ഇത്രയേറെ സങ്കീര്‍ണമായ ഈ പ്രപഞ്ചഘടനക്കു പിന്നിലൊരു നിര്‍മാതാവിന്റെ സാന്നിധ്യമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്ന്് സമര്‍ത്ഥിക്കുന്നിടം വരെ വളര്‍ന്നു കഴിഞ്ഞുവെന്നാണ് ഇതിന്റെ ആശാവഹമായൊരു വര്‍ത്തമാനം.സംഭവ്യതാ സിദ്ധാന്ത (Possibiltiy theory)വുമായി ബന്ധപ്പെട്ട റോജര്‍ പെന്റോസിന്റെ നിരീക്ഷണങ്ങള്‍ ഇത് ശരിവെക്കുന്നതാണ്. (ആയിരം കോടിയെ 123 തവണ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യ എത്രയാണോ അത്രയും ചെറുതാണ് യാദൃശ്ചികമായി പ്രപഞ്ചമുണ്ടാകാനുള്ള സാധ്യതയെന്നാണ് അദ്ദേഹം പറയുന്നത്).
അതേ സമയം, ഖുര്‍ആനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പഠനങ്ങള്‍ ഏറെക്കുറെ ആധുനികമാണെന്ന് പറയേണ്ടിവരും. അധ്യായങ്ങളുടെയും വാക്യങ്ങളുടെയും ഘടനകളില്‍ നിന്ന് നിര്‍ദ്ദാരണം ചെയ്യാന്‍ പറ്റുന്ന ഇഅ്ജാസിന്റെ സൂചനകള്‍ മാത്രമേ ആദ്യകാല തഫ്‌സീറുകളില്‍ ഇടം പിടിച്ചിരുന്നൊള്ളൂ ഇമാം റാസി (റ)യുടെ തഫ്‌സീറുല്‍ കബീര്‍ -3/288- ഉദാഹരണം).
സാഹിതീയ സൗന്ദര്യത്തിനപ്പുറം ഗണിത രഹസ്യങ്ങളെന്തെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കാനുള്ള ഗണിത ശാസ്ത്രജ്ഞന്മാരുടെ ശ്രമങ്ങളാണ് ഖുര്‍ആനിക സംഖ്യാ ശാസ്ത്രം (ഇഅ്ജാസുല്‍ അദദിയ്യ് ലില്‍ ഖുര്‍ആന്‍) എന്നൊരു പഠനശാഖക്ക് ജന്മം നല്‍കിയത്. ഡോ. ജെഫ്രി ലങ്, ഡോ. മില്ലര്‍ തുടങ്ങിയ പ്രമുഖര്‍ അങ്ങനെ ഇസ്‌ലാം സ്വീകരിച്ച ഗണിത ശാസ്ത്രജ്ഞരാണ്.
പരിശുദ്ധ ഖുര്‍ആന്‍ അന്ത്യനാള്‍ വരെ മാറ്റത്തിരുത്തലുകളില്ലാതെ സംരക്ഷിക്കപ്പെടു (സൂറത്തുല്‍ ഹിജ്ര്‍-9) മെന്ന ദിവ്യ വ്യാഖ്യാനത്തിന്റെയും ‘അതിലെ അത്ഭുതങ്ങള്‍ അവസാനിക്കുകയില്ലെ’ന്ന (ഹദീസ്) നബി വചനത്തിന്റെയും പുലര്‍ച്ചയായിരുന്നു ഓരോ കണ്ടെത്തലുകളും.
ഖുര്‍ആനിന്റെ ന്യൂമറിക് സിസ്റ്റം തന്നെയായിരുന്നു അതിലൊന്നാമത്. അത് പ്രകാരം ഖുര്‍ആന്‍ പൂര്‍ണമായും ചില അക്കങ്ങളുടെ രഹസ്യസഞ്ചയങ്ങളുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ് എന്നവര്‍ കണ്ടെത്തി! എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ അല്ലെങ്കില്‍ എടുത്ത് മാറ്റുകയോ ചെയ്താല്‍ മുഴുവന്‍ ഇന്റര്‍ലോക്കിങ് സിസ്റ്റവും തകരുന്ന രീതിയിലാണ് പരിശുദ്ധ ഖുര്‍ആന്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത്. 20-ാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളില്‍ മാത്രം മുസ്‌ലിംപക്ഷ രചനകളില്‍ ഇടം പിടിച്ച അന്തരം ചില ‘കണക്കിലെ കൗതുകങ്ങള്‍’ ചെറിയ രീതിയിലൊന്ന്് പരിചയപ്പെടുത്തുക മാത്രമാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം.