ചരിത്രം വെള്ളക്കാരുടേത് മാത്രമല്ല

2588

1948ല്‍ ജോര്‍ജ് മക്ലോരിനെന്ന കറുത്ത വര്‍ഗക്കാരനായ അമേരിക്കന്‍ പൗരന്‍ ഒക്ലഹോമ സര്‍വകലാശാലയില്‍ പഠിക്കാന്‍ ചേര്‍ന്നു. അവിടെ പഠിക്കാന്‍ ചേര്‍ന്ന ആഫ്രിക്കന്‍ വംശജനായ ആദ്യത്തെ വിദ്യാര്‍ഥിയായിരുന്നു അവന്‍! വംശീയമായ വേര്‍തിരിവുകള്‍ മൂലം വെള്ളക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് കറുത്തവരായ വിദ്യാര്‍ഥികള്‍ മാറ്റിനിര്‍ത്തപ്പെടുന്ന കാലമായിരുന്നു അത്. എന്നാല്‍, വിദ്യാര്‍ഥികളുമായി ഇടപഴകാതിരിക്കാന്‍, തനിക്ക് ടോയ്‌ലറ്റിലും റെസ്റ്റോറന്റിലും ക്ലാസ് മുറിയിലും ഒരു ഭാഗം പ്രത്യേകം നല്‍കിയ ആ യൂണിവേഴ്സിറ്റിയില്‍, തനിക്ക് പ്രവേശനം ലഭിക്കുന്നതു വരെ അവന്‍ പോരാടി. ഇത് അദ്ദേഹത്തെ, അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയില്‍ നിലനിന്നിരുന്ന വര്‍ണ വിവേചനത്തിനെതിരെ പോരാടിയവരുടെ മുന്‍നിരയിലെത്തിച്ചു. എന്നാല്‍, ഒക്ലഹോമയില്‍ നിന്നും വളരെ അകലെ, അസ്തിത്വവാദം പോലും മുഴങ്ങിക്കേട്ട അതേ രാജ്യത്ത് പതിറ്റാണ്ടുകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ സഹപൗരനും അതേ പേരുള്ളവനുമായ ജോര്‍ജ്ജ് ഫ്‌ലോയ്ഡ് 2020 മേയില്‍ ഒരു വെളള്ളക്കാരനായ പോലീസുകാരന്റെ കാല്‍മുട്ടിനു കീഴില്‍ ശ്വാസംമുട്ടി കൊല്ലപ്പെടുകയുണ്ടായി. ഈ വിശേഷ സാഹചര്യത്തില്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കറുത്തവന്റെ ഇടം പരിശോധിക്കുകയാണിവിടെ.
റോമാക്കാരുമായി ഇസ്‌ലാമിന്റെ പേരില്‍ ചര്‍ച്ച നടത്തുകയും ഈജിപ്തിന്റെ ശാസ്ത്രീയവും രാഷ്ട്രീയവുമായ അന്തരീക്ഷം മാറ്റുകയും ഇറാഖില്‍ അവരുടെ വിപ്ലവത്തിന് വഴിയൊരുക്കുകയും ചെയ്ത ശ്രദ്ധേയ മുന്നേറ്റങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ അവരുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
‘അതാഉ ബ്നു അബി റബാഹ് മാത്രമാണ് ഫത്‌വ നല്‍കുന്നവനെ’ന്ന് ഉമയ്യദ് ഭരണാധികാരികള്‍ ഹജ്ജ് തീര്‍ഥാടകരോട് അട്ടഹസിച്ചിരുന്ന നൂറുകണക്കിനു വര്‍ഷങ്ങള്‍ മുമ്പുള്ള മക്കക്ക് ഈ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ട്. മക്കയിലെ ഒരു സ്ത്രീയുടെ കറുത്ത വര്‍ഗക്കാരനായ അടിമയായിരുന്നു അതാഅ്. എന്നിട്ടും അദ്ദേഹത്തിന് ‘ഹിജാസിലെ ജനങ്ങളുടെ ഫഖീഹുകളുടെ നേതാവ്’ എന്ന പദവി ലഭിച്ചുവെന്നിടത്താണ് ആ പ്രഖ്യാപനത്തിന്റെ പ്രസക്തി നിലകൊള്ളുന്നത്.
ഒരിക്കല്‍, തന്റെ രണ്ട് ആണ്‍മക്കളോടൊപ്പം അമവീ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ഈ കറുത്ത ഫഖീഹിന്റെ അടുത്തെത്തി. പക്ഷേ, അതാഅ് അവരെ പരിഗണിക്കാന്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തോട് ഹജ്ജിന്റെ ചടങ്ങുകളെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം അദ്ദേഹം അവരോട് സംസാരിക്കാന്‍ തയ്യാറായി. അപ്പോള്‍ സുലൈമാന്‍ തന്റെ രണ്ട് ആണ്‍മക്കളോടും എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ എഴുന്നേറ്റു. സുലൈമാന്‍ പറഞ്ഞു: ഓ, എന്റെ മകനേ, അറിവ് തേടുന്നതില്‍ നീ വീഴ്ച വരുത്തരുത്. ഈ കറുത്ത അടിമയുടെ മുന്നിലെ നമ്മുടെ അപമാനം ഒരിക്കലും മറക്കിനാവില്ല. (ഖത്തീബുല്‍ ബാഗ്ദാദി- അല്‍ ഫഖിഹ് വല്‍ മുതഫഖഹ്). ഏകദേശം 1,400 വര്‍ഷങ്ങള്‍ക്കിടയിലെ രണ്ട് നിലപാടുകള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസമാണ് മുകളില്‍ പറഞ്ഞ രണ്ടു സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യ സമത്വ മൂല്യത്തോടുള്ള ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സമീപനവും, വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നതിനിടയില്‍ വംശങ്ങള്‍ തമ്മില്‍ രൂപപ്പെടുന്ന വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇസ്‌ലാം മുന്നോട്ടുവച്ച വിദ്യകളും ഇത് വെളിപ്പെടുത്തുന്നുണ്ട്.
അറബ്-ബദവി സമൂഹത്തില്‍ നേതാവാവുന്നതിനുള്ള മാനദണ്ഡം മാറ്റിമറിക്കുന്നതില്‍ മാത്രമല്ല, യഹൂദമതം, ക്രിസ്തുമതം, ഗ്രീക്ക്, പേര്‍ഷ്യ മതങ്ങള്‍ എന്നിങ്ങനെ തങ്ങള്‍ക്കു ചുറ്റുമുള്ള സംസ്‌കാരങ്ങളിലെ വിവേചനങ്ങളില്ലാതാക്കുന്നതിലും ഇസ്‌ലാം വിജയിച്ചിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ കറുത്തവരുടെ പങ്കും അവര്‍ ലോകത്തിനു ചെയ്ത സംഭാവനകളുമാണ് ഈ ലേഖനം ചര്‍ച്ചചെയ്യുന്നത്. വിവിധ മേഖലകളിലും നൂറ്റാണ്ടുകളിലുമുള്ള മുസ്‌ലിം മുന്നേറ്റങ്ങളുടെ പുരോഗതിക്കായി കറുത്തവരിലെ ഒരു വലിയ വിഭാഗത്തിന്റെ പരിശ്രമങ്ങളെ, അവര്‍ ‘ന്യൂനപക്ഷ’മായിരുന്ന, എന്നാല്‍, ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത കിഴക്കന്‍ അറബ് മേഖലയുടെ അതിര്‍ത്തിക്കുള്ളില്‍ പരിമിതിപ്പെടുത്തികൊണ്ട്, അവയെ നിരീക്ഷിക്കാനാണ് ലേഖനം ശ്രമിക്കുന്നത്.
ആദ്യകാല മുസ്‌ലിം സമൂഹങ്ങളില്‍ ഭൂരിഭാഗവും ദരിദ്രരും അടിമകളുമായിരുന്നു. മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവുമായ സ്ഥാനത്തേക്കാള്‍ മനുഷ്യന്റെ സദ്ഗുണങ്ങള്‍ക്കും ധാര്‍മികതയ്ക്കും മുന്‍ഗണന നല്‍കുന്ന മതത്തില്‍ ഇത് സ്വാഭാവികവുമായിരുന്നു. അറേബ്യന്‍ മരുഭൂമിയിലെ അടിച്ചമര്‍ത്തപ്പെട്ടവരായ വിശ്വാസികള്‍ക്ക് പുതിയ മതവിശ്വാസ പ്രബോധന രംഗത്ത് നേതാക്കളാകാനും ഇത് അവസരമൊരുക്കി. ഈ ആളുകളില്‍ ഏറ്റവും പ്രമുഖന്‍ ബിലാല്‍ ബിന്‍ റബാഹ(റ)യായിരുന്നു. ഉമര്‍(റ) പറയുമായിരുന്നു: ‘അബൂബക്ര്‍ ഞങ്ങളുടെ നേതാവാണ്, അദ്ദേഹം ഞങ്ങളുടെ നേതാവി(ബിലാല്‍)നെ മോചിപ്പിച്ചു’ (സ്വഹീഹ് ബുഖാരി). ആരാധനയില്‍ മുഴുകിയ പരിത്യാഗിയായ നേതാവായാണ് അബു നഈമുല്‍ ഇസ്ഫഹാനി ഹിലിയത്തുല്‍ ഔലിയാഇല്‍ ബിലാലി(റ)നെ വര്‍ണിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് നേതാവെന്ന പദം ഉപയോഗിക്കാനുള്ള ഉമറി(റ)ന്റെ താല്‍പര്യം ഇസ്‌ലാമില്‍ ഉയര്‍ന്നുവന്ന മാനുഷിക മൂല്യങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.
കറുത്ത തൊലിയുള്ള ബിലാല്‍ ഈ മൂല്യങ്ങളുടെ ക്രിയാത്മക മാതൃകയും പ്രതിനിധിയുമായിരുന്നു. പ്രവാചകന്റെ കാലത്തും ഖുലഫാഉ റാശിദുകളുടെ കാലത്തും ഏറ്റവും പൂര്‍ണമായ രൂപത്തില്‍ അത് പ്രകടിപ്പിക്കാനും വിശ്വാസത്തിലും ത്യാഗത്തിലും അതിനെ പ്രതിനിധാനം ചെയ്യാനും അദ്ദേഹം നന്നായി പരിശ്രമിച്ചിരുന്നു. അതിനാല്‍, റോമാക്കാരുമായുള്ള അദ്ദേഹത്തിന്റെ വിലപേശല്‍ (ഹിജ്റ 13 ല്‍) പലസ്തീനിലെ കൈസേറിയ(ഹെഫയില്‍ നിന്ന് 37 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന സ്ഥലം) ഉപരോധ സമയത്ത്, ഇസ്‌ലാമിന്റെ ഉയര്‍ന്നുവരുന്ന സന്ദേശവും അധപതിച്ച റോമന്‍ സംസ്‌കാരവും തമ്മിലുള്ള ഒരുതരം ഏറ്റുമുട്ടലായാണ് നിലനില്‍ക്കുന്നത്. പ്രസ്തുത ചര്‍ച്ചയില്‍ റോമാക്കാരെ അവരുടെ രാജാവിന്റെ മകന്‍ പ്രതിനിധാനം ചെയ്തപ്പോള്‍, ഇന്നലെ വരെ അടിമയായിരുന്ന ഒരു കറുത്ത വര്‍ഗക്കാരനാണ് മുസ്‌ലിംകളെ പ്രതിനിധാനം ചെയ്തത്. ക്രിസ്ത്യന്‍ സംസ്‌കാരത്തിന്റെ കേന്ദ്ര പ്രതീകമായ വെളുത്ത സീനിയര്‍ പുരോഹിതനാണ് അവരെ ചര്‍ച്ചക്കു ക്ഷണിച്ചത്.
റോമാക്കാരുടെ നേതാവ് പലസ്തീന്‍ ബിന്‍ ഹെരാക്ലിയസ്, ക്രിസ്തുമതത്തില്‍ ഉന്നതനായ ഒരു പുരോഹിതനെ വിളിച്ചിട്ടു പറഞ്ഞു: നീ ഈ ആളുകളിലൂടെ സവാരി ചെയ്ത് അവരോട് മികച്ച രീതിയില്‍ സംസാരിക്കുക, നീ അവരോട് പറയുക: ‘രാജാവിന്റെ മകന്‍ നിങ്ങളോട് വാചാലതയോടെയും ധൈര്യത്തോടെയും സ്വയം നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. അറബികളിലെ നിന്ദ്യരായി നിങ്ങള്‍ മാറരുത്’. പുരോഹിതന്‍ വാഹനത്തില്‍ കയറി, മുസ്‌ലിംകളില്‍ എത്തുന്നതുവരെ യാത്രചെയ്തു, അവിടെ നിന്ന് അവന്‍, അവര്‍ അവന്റെ വാക്കുകള്‍ കേള്‍ക്കുന്ന നിലയില്‍, പലസ്തീന്‍ ഹെരാക്ലിയസിന്റെ സന്ദേശം അവര്‍ക്കു കൈമാറി.
റോമന്‍ സൈന്യത്തിന്റെ കമാന്‍ഡറുമായുള്ള ചര്‍ച്ചയില്‍ മുസ്‌ലിംകളെ പ്രതിനിധീകരിക്കാന്‍ തന്നെയയക്കണമെന്ന അഭ്യര്‍ഥനയോടെ ബിലാല്‍ മുസ്‌ലിം സൈന്യത്തിന്റെ കമാന്‍ഡര്‍ അംറ് ബ്‌നു ആസിനെ സമീപിച്ചു. അതിന് അദ്ദേഹത്തിന്റെ പ്രതികരണം: ‘പോയി അല്ലാഹുവിന്റെ സഹായം തേടുക, അവിടെ അവര്‍ക്ക് നന്നായി മറുപടി നല്‍കുകയും അവര്‍ക്ക് മുമ്പേ ഇസ്‌ലാമിക നിയമങ്ങളെ വലുതാക്കുകയും ചെയ്യുക’യെന്നായിരുന്നു. ബിലാല്‍ പറഞ്ഞു: ‘നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തെല്ലാം അല്ലാഹു എന്നെ കാണും’. ആ ചര്‍ച്ചയില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ബിലാലാണ് പോയത്. മുസ്‌ലിം സൈന്യത്തിനായി അദ്ദേഹം വരുന്നത് കണ്ടപ്പോള്‍ പുരോഹിതന്‍ ചര്‍ച്ചക്കു തയ്യാറായില്ല. അയാള്‍ പറഞ്ഞു: അവര്‍ ഞങ്ങളെ നിസാരരാക്കിയിരിക്കുന്നു. അവരെ ഞങ്ങള്‍ ചര്‍ച്ചക്കു ക്ഷണിച്ചു, അവര്‍ക്ക് നാം ചെറുതായതിനാല്‍ അവര്‍ നമ്മിലേക്ക് അവരുടെ അടിമകളെ അയച്ചു. അയാള്‍ വീണ്ടും തുടര്‍ന്നു: ഓ അടിമേ, നീ നിന്റെ യജമാനന്റെ അടുത്തു പോവുക. തനിക്ക് അഭിസംബോധന ചെയ്യാന്‍ പറ്റുന്ന ഒരു നേതാവിനെയാണ് നിങ്ങളില്‍ നിന്ന് ഞങ്ങളുടെ രാജകുമാരന്‍ ഉദ്ദേശിക്കുന്നതെന്ന് അവനോടു പറയുക. ബിലാല്‍ പറഞ്ഞു: ഓ പുരോഹിതാ, ഞാന്‍ നബി തങ്ങളുടെ അടിമയും മുഅദ്ദിനുമായിരുന്ന ബിലാലാണ്. നിങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയാത്തവനൊന്നുമല്ല ഞാന്‍. താന്‍ മടങ്ങി വരുന്നതു വരെ നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കാന്‍ ബിലാലിനോട് പറഞ്ഞ് അവിടെ നടന്നത് വിവരിക്കാന്‍ പുരോഹിതന്‍ സ്വന്തം രാജാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയി. പകരം തിരിച്ചു വന്ന ദ്വിഭാഷി ബിലാലിനോട് പറഞ്ഞു: കറുത്തവനേ, ഞങ്ങള്‍ അടിമകളോട് സംസാരിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരല്ല. ഞങ്ങള്‍ നിങ്ങളുടെ സൈന്യത്തിന്റെ നേതാവിനോടു മാത്രമേ സംസാരിക്കൂവെന്ന് രാജാവ് പറയുന്നു. അവസാനം ബിലാല്‍ നിരാശനായി മടങ്ങിപ്പോയി.
പാവപ്പെട്ടവരും ദുര്‍ബലരുമായവരുമായ വിഭാഗമായിട്ടു കൂടി, പ്രതിരോധ സമരങ്ങളിലെ ഇവരുടെ മുന്നേറ്റങ്ങള്‍ ശ്രദ്ധേയമാണ്. ഇസ്‌ലാമിലെ ആദ്യ നിര്‍ണായക പോരാട്ടങ്ങളില്‍ ഇത് നമുക്ക് വ്യക്തവുമായിക്കാണാം. ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി പരിഗണിക്കപ്പെടുന്ന ഹിജ്റ രണ്ടിലെ ബദ്ര്‍ യുദ്ധം ഇതിനുദാഹരണമാണ്. യുദ്ധത്തില്‍ പങ്കെടുത്ത കറുത്തവിഭാഗക്കാരനായിരുന്നു ഉമറുല്‍ ഫാറൂഖിന്റെ അടിമയും പ്രസിദ്ധ സ്വഹാബിയുമായ മിഹ്ജഅ്. ബദ്ര്‍യുദ്ധ ദിവസം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വഹിച്ച ആദ്യ മുസ്‌ലിമാണ് അദ്ദേഹം. (സിയറു അഅ്ലാമുന്നുബലാഅ്- ഇമാം ദഹബി)
ഇക്കൂട്ടത്തില്‍ പെട്ട മറ്റൊരു സ്വഹാബി പ്രമുഖനാണ് മിഖ്ദാദു ബ്നുല്‍ അസ്വദ്. ബദര്‍ യുദ്ധത്തില്‍ കുതിരയുണ്ടായിരുന്ന അപൂര്‍വം പോരാളികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.
അലി(റ) പറഞ്ഞതായി ദഹബി വിവരിക്കുന്നു: ബദ്ര്‍ രാത്രിയാണ് ഞങ്ങളയാളെ കണ്ടത്. ആ ദിവസം മിഖ്ദാദ് ഒഴികെ ഞങ്ങളാരും കുതിര പോരാളികളായിരുന്നില്ല. അദ്ദേഹം എല്ലാ ധര്‍മയുദ്ധങ്ങളിലും പങ്കെടുക്കുകയും ദൈവത്തിന്റെ ദൂതന്റെ കുതിരപ്പോരാളി(ഫാരിസു റസൂലുല്ലാ)യെന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
ബദ്‌റിനു ശേഷം ഇസ്‌ലാമിന് ഊര്‍ജം പകരുന്ന ശക്തരായ വിശ്വാസി സമൂഹമായി അവര്‍ തുടര്‍ന്നു. എല്ലാ കറുത്ത സ്വഹാബികളും ആഫ്രിക്കന്‍ വംശജരായിരുന്നില്ല. കറുത്ത തൊലിയുള്ള അറബ് വംശജരായ സ്വഹാബികളുമവര്‍ക്കിടയിലുണ്ടായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങള്‍ മുന്നോട്ടുവക്കുന്ന വൈവിധ്യത്തിനതീതമായ സമത്വത്തിനു കീഴില്‍ അവര്‍ തുല്യരായി ജീവിച്ചു. ഈ വിഭാഗത്തില്‍പെട്ട നിരവധി പ്രമുഖ സ്വഹാബികള്‍ ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായക ഘടകങ്ങളാണ്. ഉബാദതു ബിന്‍ സാമിതുല്‍ ഖസ്‌റജി അവരില്‍ പ്രമുഖനാണ്. കറുത്ത നിറമുള്ളവനും ഈജിപ്ത് ദേശത്ത് ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തെ പ്രതിനിധാനം ചെയ്തവനുമായ അദ്ദേഹം ബിലാലിനെ പോലെ, ഈജിപ്ത് ഭരണാധികാരിയുമായുളള ചര്‍ച്ചാ സംഘത്തിലെ മുസ്‌ലിംകളുടെ നേതാവായിരുന്നു.
ഈജിപ്ത് കീഴടക്കിയ മൂസ്‌ലിം സൈന്യത്തിന്റെ കമാന്‍ഡര്‍ അംറു ബ്നുല്‍ ആസ്, അവിടുത്തെ ഭരണാധികാരിയായിരുന്ന മുഖൗഖിസുമായി ചര്‍ച്ച നടത്താന്‍ ഒരു പ്രതിനിധി സംഘത്തെ അയച്ചു. അതിന്റെ നേതാവായി അദ്ദേഹം തെരഞ്ഞെടുത്തത് ഉബാദയെയായിരുന്നു. ചര്‍ച്ചക്കു വന്ന ഉബാദയുടെ കറുപ്പ് കണ്ട മുഖൗഖിസ് മറ്റു മുസ്‌ലിംകളോടു പറഞ്ഞു: ‘ഈ കറുത്തവനെ മാറ്റി, എന്നോട് സംസാരിക്കാന്‍ മറ്റൊരാളെ കൊണ്ടുവരൂ.’ മുസ്‌ലിംകള്‍ പറഞ്ഞു: കറുത്തവനായ ഇദ്ദേഹം ഞങ്ങളില്‍ അറിവു കൊണ്ടേറ്റവും മികച്ചവനാണ്. അദ്ദേഹം ഞങ്ങളുടെ നേതാവാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ വാക്കുകളും അഭിപ്രായങ്ങളും അനുസരിക്കുന്നു, അമീറുല്‍ മുഅമിനീന്‍ ഞങ്ങളെ അയാള്‍ക്ക് കീഴിലാക്കിയിരിക്കുന്നു. അദ്ദേഹത്തെ അനുസരിക്കാനും അദ്ദേഹത്തോട് എതിരാവാതിരിക്കാനും അമീറുല്‍ മുഅമിനീന്‍ ഞങ്ങളോടു പ്രത്യേകം കല്‍പിച്ചിട്ടുണ്ട്. മുഖൗഖിസ് പറഞ്ഞു: ഈ കറുത്തവന്‍ നിങ്ങളില്‍ ഏറ്റവും മികച്ചവനാണെന്ന് നിങ്ങള്‍ എങ്ങനെയാണ് അംഗീകരിച്ചത്, എനിക്ക് അത് ഉള്‍ക്കൊള്ളാനാവുന്നില്ല. അവര്‍ പറഞ്ഞു: ഇല്ല, അദ്ദേഹം കറുത്തവനാണെങ്കിലും, നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, അദ്ദേഹം ഞങ്ങളില്‍ ബുദ്ധിയും അഭിപ്രായവും കൊണ്ട് ഏറ്റവും മികച്ച സ്ഥാനത്താണ്. കറുപ്പ് ഞങ്ങളില്‍ ഒന്നിനും തടസ്സമല്ല. മുഖൗഖിസ് പറഞ്ഞു: ‘കറുത്തവനേ,ചര്‍ച്ചയുമായി മുന്നോട്ടു പോകൂ, നമുക്ക് സൗമ്യമായി സംസാരിക്കാം’. (ഇമാം ഇബ്നു അബ്ദുല്‍ ഹകം ‘ഫുതുഹൂ മിസ്‌രി വല്‍മഗ്‌രിബ്’ )
വിജയത്തിന്റെ സംസ്‌കാരവും വിജയത്തിന്റെ മൂല്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ കൂടി, ഇസ്‌ലാമില്‍ രണ്ട് കറുത്ത സ്വഹാബികളായ ബിലാലും ഉബാദയും റോമന്‍, കോപ്റ്റിക് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും പ്രായോഗികമായി തന്നെ കറുപ്പ് കൊണ്ട് മുസ്‌ലിംകളില്‍ ഞങ്ങള്‍ക്ക് ഒന്നും നിഷേധിക്കപ്പെട്ടിട്ടില്ലെന്ന് സമൂഹത്തോട് ഉറക്കെ പറയുകയും ചെയ്തു.
പല കറുത്ത സ്വഹാബികളും ഇസ്‌ലാമിക ഭരണരംഗത്തെ സുപ്രധാന വ്യക്തികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വകാര്യ സമയങ്ങളില്‍ നബിയുടെ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ നിയോഗിച്ച, ‘പ്രവാചകന്റെ സൂക്ഷിപ്പുകാരന്‍’ എന്ന ബഹുമതി നേടിയ റബാഹ് ഒരുദാഹരണമാണ്. പ്രവാചകന്റെ അടിമയായിരുന്നു ഇദ്ദേഹം. നബി തങ്ങള്‍ ഒറ്റക്കാവുമ്പോള്‍ നബിക്ക് വേണ്ടി ബാങ്കു വിളിച്ചിരുന്നത് കറുത്തവനായ റബാഹായിരുന്നു. ചരിത്രകാരനായ ഇബ്‌നു അസീര്‍ തന്റെ അസ്ദുല്‍ ഓബയില്‍ അദ്ദേഹം നബി തങ്ങള്‍ക്കു വേണ്ടി ബാങ്കു വിളിക്കാന്‍ വേണ്ടി ഉമറിനോട് ആവശ്യപ്പെടുന്ന സംഭവം വിവരിക്കുന്നുണ്ട്. (ഇബ്‌നു അബ്ദുല്‍ ബര്‍റ്- ഇസ്തിഗാബു ഫീ മഅരിഫതുല്‍ അസ്ഹാബ്). ഈ ഗണത്തില്‍ പെട്ട മറ്റൊരു പ്രമുഖ സ്വഹാബിയാണ് ജുല്‍ബൈബ്. അദ്ദേഹം വധിക്കപ്പെട്ട സമയത്ത് അദ്ദേഹത്തെക്കുറിച്ച് നബി തങ്ങള്‍ പറഞ്ഞത് : ‘7 പേരെ വധിച്ച് അദ്ദേഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദായി. അദ്ദേഹം എന്നില്‍ നിന്നും ഞാന്‍ അദ്ദേഹത്തില്‍ നിന്നുമാണ്. അദ്ദേഹം എന്നില്‍ നിന്നും ഞാന്‍ അദ്ദേഹത്തില്‍ നിന്നുമാണ്. (സ്വഹീഹുല്‍ ബുഖാരി). മക്കയില്‍ നിന്ന് മദീനയിലേക്ക് മുസ്‌ലിംകള്‍ പലായനം ചെയ്തപ്പോള്‍ അവരില്‍ ഏറ്റവും വിവരമുള്ളവനായതിനാല്‍ മുഹാജിറുകളുടെ നേതാവായി നിന്ന സാലിമും(അബൂ ഹുദൈഫയുടെ അടിമ) ഈ സ്വഹാബി ശ്രേണിയില്‍ പെട്ടതാണ്. ഈ വിഭാഗത്തില്‍പ്പെട്ട സ്വഹാബി വനിതാ പ്രമുഖരെ പരാമര്‍ശിക്കുമ്പോള്‍ ആദ്യത്തില്‍ തന്നെ വരുന്ന നാമമാണ് ഉമ്മു ഐമന്റേത്. (ഉസ്മാനുബ്‌നു അഫ്ഫാന്റെ കാലത്താണ് മഹതി വഫാത്തായത്). മഹതി നബി(സ്വ)യുടെ വളര്‍ത്തുമ്മയും ഉസാമ ബിന്‍ സൈദിന്റെ മാതാവുമാണ്. നബി തങ്ങളുടെ വഫാത്തിനു ശേഷം അബൂബകര്‍(റ)വും ഉമര്‍(റ)വും മഹതിയെ സന്ദര്‍ശിക്കുമായിരുന്നു. മഹതി അവരുടെ മുന്നില്‍ നിന്ന് എന്നും പൊട്ടിക്കരയുമായിരുന്നു. കരഞ്ഞുകൊണ്ട് മഹതി പറയുമായിരുന്നു: വഹ്‌യ് നമ്മേ തൊട്ടു മുറിഞ്ഞ കാരണത്താലാണ് ഞാന്‍ കരയുന്നത്.
ശുദ്ധവും മനോഹരവുമായ ഈ നിറത്തിനെ ഇസ്‌ലാമിനെ പോലെ പരിഗണിച്ച മറ്റൊരു നാഗരികതയുമുണ്ടാവില്ല. ശക്തരും തുല്യരുമായി, കറുത്ത വിഭാഗക്കാര്‍ ഈ നാഗരികതക്കകത്ത് ജീവിച്ചു. സാഹിത്യം, അറിവ്, ജിഹാദ് എന്നിവയിലെ തങ്ങളുടെ മികവു കൊണ്ട് കറുത്ത വര്‍ഗക്കാരായ സ്വഹാബികള്‍, തങ്ങളുടെ ശേഷംവന്ന ഒരു വലിയ സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും വൈജ്ഞാനികവുമായ സമുദ്ധാരണത്തില്‍ വലിയ സ്വാധീനം ചെലുത്തി. മുസ്ലിം സമൂഹത്തിനകത്ത് വിജ്ഞാനം എല്ലാത്തിനുമുള്ള ഒരു അളവുകോലായിരുന്നു. എല്ലാം മേഖലയിലേക്കും കടക്കാനുള്ള കോണിപ്പടിയും വിജ്ഞാനമായിരുന്നു. വിശാലമായ വിജ്ഞാനം കൊണ്ട് പ്രശസ്തരായ നിരവധി കറുത്ത വര്‍ഗക്കാരെ കാണാന്‍ സാധിക്കും. ഈജിപ്തിലെ പ്രമുഖനായ മുഫ്തി യസീദ് ബ്‌നു അബീഹബീബ് അവരില്‍ പ്രമുഖനാണ്. ഈജിപ്തിന്റെ മാനസികാവസ്ഥ തന്നെ മാറ്റിയ പണ്ഡിതനായാണ് യസീദിനെ ചരിത്രം വിശേഷിപ്പിക്കുന്നത്. വിചിത്ര കഥകളും ചരിത്രത്തിലെ ക്ലൈമാക്‌സുകളും മാത്രം ഇഷ്ടപ്പെടുന്ന സാമൂഹ്യ മന:സ്ഥിതി മൂലം വൈജ്ഞാനിക ചൈതന്യം നഷ്ടപ്പെട്ട ഈജിപ്തിനെ, ശാന്തമായ യുക്തിയിലേക്കും ശാസ്ത്രത്തിലേക്കും അവരുടെ അറിവിനെ മുന്നോട്ടുനയിച്ച് അദ്ദേഹം വൈജ്ഞാനികമായി മാറ്റിയെടുത്തു. ഹലാലും ഹറാമും കര്‍മശാസ്ത്ര മസ്അലകളും ഈജിപ്തിലെ പൊതുജന മധ്യേ ആദ്യമായി ചര്‍ച്ചക്കുവച്ച പണ്ഡിതനെന്നാണ് അദ്ദേഹത്തെ ദഹബി പരിചയപ്പെടുത്തുന്നത്. അതിനുമുമ്പ് അവര്‍ പ്രശ്‌നങ്ങള്‍, പ്രലോഭനങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവയെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഈജിപ്തിലെ പ്രശസ്തരായ ഒരുപാട് പണ്ഡിതര്‍ ഇദ്ദേഹത്തില്‍ നിന്നാണ് അറിവു നേടിയത്. പ്രമുഖ മുഹദ്ദിസായിരുന്ന അബ്ദുല്ലാഹിബ്‌നു ലഹിയയും ഈജിപ്തിലെ പ്രശസ്ത പണ്ഡിതനും മുഫ്തിയുമായിരുന്ന ലൈസു ബ്‌നു സഅ്ദും അവരില്‍ പ്രമുഖരാണ്. ലൈസ് ഈജിപ്തിലെ ഏറ്റവും ഉന്നതനും പ്രശസ്തനുമായ വ്യക്തിയായിരുന്നു. ഞങ്ങളുടെ നേതാവും പണ്ഡിതനുമെന്നാണ് ലൈസി തന്റെ ഉസ്താദായ യസീദിനെ പരിചയപ്പെടുത്തുന്നത്. തങ്ങളുടെ സ്വാതന്ത്ര്യവും അറിവിന്റെ അന്തസും പൂര്‍ണമായി മുറുകെപ്പിടിച്ച്, ഇദ്ദേഹം ഭരണാധികാരികളുടെ മുന്നില്‍ പണ്ഡിതരുടെ യശസ്സുയര്‍ത്തി. ജനങ്ങള്‍ക്ക് ഫത്വ നല്‍കാന്‍ അമവി ഭരണാധികാരി ഉമറുബ്‌നു അബ്ദില്‍ അസീസ് ഏല്‍പ്പിച്ച മൂന്നുപേരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.
വിജ്ഞാനം കൊണ്ട് ഉന്നതിയിലെത്തിയ കറുത്ത വര്‍ഗക്കാരുടെ മറ്റൊരു പ്രതീകമാണ് താബിഉകളിലെ പ്രമുഖനായ സഈദ് ബ്‌നു ജുബൈര്‍. ഇബ്‌നു അബ്ബാസ് കൂഫക്കാരെ കാണുമ്പോഴെല്ലാം അവരില്‍ പെട്ട സഈദ് ബ്‌നു ജുബൈറിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു (തദ്കിറതുല്‍ ഹുഫാള്- ഇമാം ദഹബി). വൈജ്ഞാനികോന്നതിക്കു പുറമേ അദ്ദേഹം കൂഫയിലെ ന്യായാധിപനും അബൂബുര്‍ദയെ പോലുള്ള പ്രശസ്തരായ ന്യാധിപന്മാരുടെ സഹായിയുമായിരുന്നു. അമവി ഭരണാധികാരിയായിരുന്ന ഹജ്ജാജ് ബ്‌നു യൂസുഫിനെതിരെയുണ്ടായ പണ്ഡിത വിപ്ലവത്തില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. ചരിത്രത്തിലുള്ളതു പോലെ, ഹജ്ജാജ് ബ്‌നു യൂസുഫ് അദ്ദേഹത്തെ വധിക്കുന്നതു വരെ അദ്ദേഹം ആ നിലപാടില്‍ തന്നെ ഉറച്ചു നിന്നു.
ഖുര്‍ആന്‍ പാരായണ രംഗത്ത് കറുത്ത വര്‍ഗത്തില്‍ നിന്നുള്ള ശ്രദ്ധേയനായ പണ്ഡിതനാണ് റുവൈം നാഫിഉ ബ്‌നു അബ്ദു റഹ്മാനുല്‍ മദനി. ഏഴു ഖാരിഉകളില്‍ ഒരാളായിട്ടാണ് ഇബ്‌നുല്‍ ജസ്‌രി ഇദ്ദേഹത്തെ എണ്ണുന്നത്. പ്രഗത്ഭരായ ഒരുപറ്റം താബിഉകളില്‍ നിന്നാണ് ഇദ്ദേഹം ഖിറാഅത്ത് സ്വീകരിക്കുന്നത്. എഴുപതോളം താബിഉകളില്‍ നിന്നാണ് താന്‍ ഖിറാഅത് പഠിച്ചതെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ സൂഫിയാണ് കറാമതുകളുടെ ഉടമയെന്ന് (സ്വാഹിബുല്‍ കറാമാത്) ഇമാം ദഹബി പരിചയപ്പെടുത്തിയ ഹമ്മാദു ബ്‌നു അബ്ദുല്ല അത്തീനാതി. അപാരമായ ഉള്‍കാഴ്ചയും കറാമത്തുമുള്ള മഹാനായ വ്യക്തിയായിരുന്നെന്നാണ് ഇമാം ഖുശൈരി പരിചയപ്പെടുന്നത്. അബ്ദുല്ലാ ബ്‌നു യഹിയയുടെ അടിമയായിരുന്ന അബൂസ്വാലിഹ് ഈ മേഖലയിലെ മറ്റൊരു പ്രധാന വ്യക്തിയാണ്. ഖുര്‍ആന്‍, ഹദീസ്, നിയമ ശാസ്ത്രം തുടങ്ങിയ വിജ്ഞാനങ്ങളില്‍ മാത്രമായി കറുത്ത വര്‍ഗക്കാരായ മുസ്‌ലിംകളുടെ സാന്നിധ്യമൊതുങ്ങിയിരുന്നില്ല. സാഹിത്യം, കവിത, വാക്‌വൈഭവം തുടങ്ങി സര്‍വ മേഖലകളിലും അവരുടെ അത്ഭുതകരമായ സംഭാവനകള്‍ കാണാനാവും. തങ്ങളുടെ വാക്ചാതുര്യം കൊണ്ടും കാവ്യമികവു കൊണ്ടും അവരില്‍ ഒരുപാടു പേര്‍ മികച്ചു നിന്നിട്ടുണ്ട്. നുസൈബ് ബിന്‍ റബാഹ്. ഹാസ്യ കവി അബൂദലാമ, കവി അബൂ അതാഉസ്സിന്ദി തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ശ്രദ്ധേയമായ ഒരുപാട് രചനളുടെയും മികച്ചൊരു വിജ്ഞാനകോശത്തിന്റെയും രചയിതാവായ അബൂ ഉസ്മാനുല്‍ ജാഹിള് ഈ മേഖലയിലെ മറ്റൊരു പ്രമുഖനാണ്.
അബ്ദു ബനില്‍ ഹസ്സാസെന്ന പേരില്‍ അറിയപ്പെടുന്ന സുഹൈബും ഈ ഗണത്തില്‍ പെടുന്ന ആദ്യകാല പ്രശസ്ത കവികളിലൊരാളാണ്. ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിക കാലത്തും ജീവിച്ച കവികളില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഈ ഗണത്തില്‍ പെട്ട മറ്റൊരു കവിയാണ് അബ്ബാസികളുടെ അടിമയും അവരുടെ കവിയുമായിരുന്നു അബൂ ഫനാന്‍ അഹ്മദ് ബ്‌നു സ്വാലിഹ്. ബാഗ്ദാദിന്റെ ഉന്നത കവിയായ അദ്ദേഹത്തിന്റെ വരികള്‍ക്ക് വിശാലമായ ഉദ്ദേശ്യങ്ങളും അഗാധമായ അര്‍ഥ തലങ്ങളുമുണ്ടായിരുന്നു. അല്‍ മുതവക്കിലിന്റെ കാലത്ത് അദ്ദേഹം കവിതക്ക് പ്രശസ്തനായിരുന്നു. (അബു ഉബൈദുല്‍ ബക്‌രില്‍ അന്തലൂസി).
ജിഹാദ്, ശാസ്ത്രം, വാചാലത, കവിത എന്നിവയില്‍ മാത്രം അവര്‍ ഒതുങ്ങിയില്ല. അധികാരത്തിന്റെ സര്‍വ മേഖലകളിലും, കൊട്ടാരങ്ങളിലും മന്ത്രാലയങ്ങളിലും അവരുടേതായ രാഷ്ട്രീയ സ്വാധീനവും ഇടവും അവര്‍ ഉണ്ടാക്കിയെടുത്തു. മിസ്ര്‍ ഭരണാധികാരികള്‍ക്കു മുമ്പില്‍ തങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കാന്‍ ഉറഫാഉസ്സുദാന്‍ എന്ന പേരില്‍ ഒരു നേതൃ വിഭാഗം തന്നെ ഇവര്‍ക്ക് പ്രത്യേകമായുണ്ടായിരുന്നു. അധികാര രംഗത്ത് ശോഭിച്ചു നിന്ന കറുത്ത വിഭാഗത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തിത്വങ്ങളിലൊന്നാണ് ഈജിപ്തിലെ അമീറായിരുന്ന അല്‍ ഇഹ്ശിദി. ഈജിപ്തിന്റെ വിദ്യാഭ്യാസപരവും സാഹിത്യപരവും ശാസ്ത്രപരവുമായ പുരോഗതി ഉണ്ടാക്കിയെടുത്തതില്‍ അദ്ദേഹത്തിനു നിര്‍ണായക സ്വാധീനമുണ്ട്. ഭരണ രംഗത്ത് അദ്ദേഹം പ്രവര്‍ത്തിച്ചയത്ര മറ്റാര്‍ക്കും എത്തിച്ചേരാനായിരുന്നില്ല.
വൈജ്ഞാനിക, രാഷ്ട്രീയ രംഗത്ത് ജ്വലിച്ചു നിന്ന കറുത്ത വര്‍ഗക്കാരനായ മറ്റൊരു ഭരണാധികാരിയായിരുന്നു അമീര്‍ ബദ്‌റുദ്ദീനുല്‍ ഹബശി അസ്സ്വവാബി. ധൈര്യം, യുദ്ധപാടവം, ബുദ്ധി, സംയമനം, ധാര്‍മികത, മതം, നീതി, ദാനം തുടങ്ങിയ വിശേഷണങ്ങള്‍ക്കുടമയായ അദ്ദേഹം നാല്‍പത് വര്‍ഷത്തിലേറെക്കാലം അമീറായിരുന്നു. ഒന്നിലധികം തവണ അദ്ദേഹം ജനങ്ങള്‍ക്കൊപ്പം ഹജ്ജ് നിര്‍വഹിച്ചു.(താരീഖുല്‍ ഇസ്‌ലാം-ദഹബി).
രാഷ്ട്രീയ രംഗങ്ങളിലെ ഇടപെടലുകളെ പോലെ വ്യത്യസ്ത രാഷ്ട്രീയ വിപ്ലവങ്ങളിലും സംഭവങ്ങളിലും അവരുടെ ബഹുമുഖ പങ്കാളിത്തം നമുക്ക് കാണാനാവും. ഹിജ്‌റ 145ല്‍ മുഹമ്മദ് ബ്‌നു അബ്ദുള്ള ബിന്‍ ഹസന്റെ നേതൃത്വത്തില്‍ മദീനയില്‍ നടന്ന വിപ്ലവത്തില്‍ കറുത്തവര്‍ഗക്കാര്‍ പങ്കെടുത്തിരുന്നു. അബ്ബാസീ ഖിലാഫത്തിനെതിരെ 869 മുതല്‍ 883വരെ നടന്ന സന്‍ജ് വിപ്ലവം, സങ്കി ഭരണകൂടത്തിന്റെ ഫാത്തിമ ഭരണകൂടത്തിലെ ഇടപെടലുകള്‍ തങ്ങളുടെ സ്വാധീനത്തിന് തടസ്സമായതോടെ അതിനെതിരെ അവര്‍ നടത്തിയ പ്രക്ഷോഭം തുടങ്ങിയവയും കറുത്ത വര്‍ഗക്കാരുടെ പ്രധാന രാഷ്ട്രീയ മുന്നേറ്റങ്ങളാണ്. വര്‍ണ-ദേശ-സാമ്പത്തിക വിവേചനങ്ങള്‍ ആധുനിക ലോകത്ത് ഒരു വെല്ലുവിളിയായി ഇന്നും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ഗ-വര്‍ണ സമൂഹങ്ങള്‍ക്കതീതമായി മനുഷ്യനെന്ന ആശയത്തില്‍ സര്‍വരും തുല്യമാണെന്ന ഇസ്‌ലാമിക മൂല്യം, കറുത്തവര്‍ഗക്കാരുടെ സാഹചര്യത്തില്‍ പരിശോധിക്കുകയാണ് ഈ പഠനം. സമൂഹത്തിലെ നിര്‍ണായക ഘടകങ്ങളായ വിജ്ഞാന, രാഷ്ട്രീയ, മത, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഇസ്‌ലാമികമായി കറുത്തവര്‍ എത്രത്തോളം ഉയര്‍ന്നിരുന്നവരും തുല്യരുമായിരുന്നെന്ന് ഈ ലേഖനം സൂചിപ്പിക്കുന്നു.

അഫ്‌സല്‍ കെ ഓമാനൂര്‍