തഖ്വ (ഭയഭക്തി) വിശ്വാസിയുടെ മുഖമുദ്രയാണ്. ഭൗതികമായ നീക്കുപോക്കുകള്‍ക്കും ഓട്ടപ്പാച്ചിലുകള്‍ക്കുമിടയില്‍ നിന്നും വിശ്വാസി സ്വരൂപിക്കുന്ന അതിഭൗതികമായ സ്വഭാവസവിശേഷതയാണത്. മാലോകരുടെ ലോകത്തില്‍ നിന്നും മാലാഖമാരുടെ ലോകത്തധിവസിക്കാന്‍ ആവശ്യമായ ആശയമാണത്. എങ്കിലും, എങ്ങനെയാണ് ഭൗതികമായ പ്രവര്‍ത്തനങ്ങളിലൂടെ അതിഭൗതികത കാംക്ഷിക്കുക എന്നത് വളരെ ചിന്തനീയമായ ചോദ്യമാണ്. നിസ്‌കാരമെന്ന പ്രത്യക്ഷത്തിലെ കുനിയലുകളും നിവരലുകളും, നോമ്പെന്ന അന്നനാളം അടച്ചുവച്ചുള്ള പട്ടിണികടക്കലുകളും, സകാത്ത് എന്ന അപരനെ സാമ്പത്തികമായി സാഹായിക്കലും ഭക്തിയായി പരിവര്‍ത്തിക്കുന്നതിന്റെ രസതന്ത്രമാണ് ഈ ലേഖനത്തിന്റെ വിഷയം.
നോമ്പിന്റെ ലക്ഷ്യം തഖ്വയാണെന്നത് സുവ്യക്തമാണ്. അല്ലാഹു പറയുന്നു: ”അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കുമുമ്പുള്ള പ്രവാചകന്മാരുടെ അനുയായികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളില്‍ ഭക്തിയുടെ ഗുണങ്ങള്‍ വളര്‍ന്നേക്കാം.”(അല്‍ബഖറ: 183) കല്‍പനകളിലും വിലക്കുകളിലും വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും അല്ലാഹുവിനെ അനുസരിച്ച് പ്രവര്‍ത്തിക്കലാണ് തഖ്വ. അപ്പോള്‍ അവനോടു കല്‍പിക്കപ്പെട്ടത് അതിലുള്ള വിശ്വാസത്തോടെയും അവന്റെ വാഗ്ദാനം വിശ്വസിച്ചും ചെയ്യുന്നു. വിലക്കപ്പെട്ടത് വിലക്കപ്പെട്ടതാണെന്ന വിശ്വാസത്തോടെയും അവന്റെ താക്കീതിനെ കുറിച്ചുള്ള ഭയത്താലും വെടിയുകയും ചെയ്യുന്നു.
അന്ത്യദിനത്തിലുള്ള വിശ്വാസവും അല്ലാഹുവിന്റെ വാഗ്ദാനങ്ങളെയും താക്കീതുകളെയും സംബന്ധിച്ച ദൃഢബോധ്യവും ഇല്ലാതെ തഖ്വയുണ്ടാക്കിയെടുക്കാനാവില്ല. അത് കല്‍പനകളാണെങ്കിലും വിലക്കുകളാണെങ്കിലും. പ്രതീക്ഷയുടെയും ഭയത്തിന്റെയും വാതിലാണവന്‍ തുറക്കുന്നത്. അവ രണ്ടുമില്ലെങ്കില്‍ ഹൃദയം എല്ലാ അര്‍ഥത്തിലും നശിച്ചതു തന്നെ. തഖ്വയെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് താബിഇകളില്‍ പ്രമുഖനായ ത്വല്‍ഖ് ബിന്‍ ഹബീബ് പറഞ്ഞു: ”അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അവനില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് ദൈവാനുസരണയോടെ പ്രവര്‍ത്തിക്കലും അല്ലാഹുവില്‍ നിന്നുള്ള പ്രകാശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയന്ന് തെറ്റുകള്‍ വെടിയലുമാണത്.” അബൂഹുറൈറയില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ടില്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞതായി കാണാം: ”നോമ്പ് പരിചയാണ്.” സഈദ് ബിന്‍ മന്‍സൂറില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ‘നരകത്തെ തടുക്കുന്ന പരിച’ എന്നും അദില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ ‘പരിചയും നരകത്തില്‍ നിന്ന് സംരക്ഷിക്കുന്ന കോട്ടയുമാണ്.’ എന്നും കാണാം.
ഇബ്നുല്‍ അറബി പറയുന്നു: ‘തീര്‍ച്ചയായും നോമ്പ് നരകത്തെ തടുക്കുന്ന പരിചയാണ്. കാരണം വികാരങ്ങളെ നിയന്ത്രിക്കലാണത്, നരകമോ വികാരങ്ങളാല്‍ വലയം ചെയ്യപ്പെട്ടതും.’ ചുരുക്കത്തില്‍, നോമ്പ് ഈ ലോകത്ത് അനുഷ്ടിച്ചാല്‍ പരലോകത്ത് നരകത്തില്‍ നിന്നും അവനുള്ള മറയായിരിക്കുമത്.’ ശാശ്വതമായ ജീവിതത്തിന് വേണ്ടിയുള്ള മനസ്സിന്റെ സന്തോഷവും ഐശ്വര്യവും സംസ്‌കരവും സാക്ഷാത്കരിക്കലാണ് നോമ്പിന്റെ ലക്ഷ്യമെന്നാണ് ഇബ്നുല്‍ ഖയ്യിം വിവരിക്കുന്നത്. അദ്ദേഹം പറയുന്നു: ‘നോമ്പുകൊണ്ട് ലക്ഷ്യംവക്കുന്നത് മോഹങ്ങളുടെ കാര്യത്തില്‍ മനസ്സിനെ നിയന്ത്രിക്കലും ശീലങ്ങളോടു വിടപറയലുമാണ്. അവയിലുള്ള പരമമായ ആനന്ദവും ഐശ്വര്യവും തേടുന്നതിനുള്ള തയ്യാറെടുപ്പും അതുകൊണ്ടുള്ള സംസ്‌കരണത്തെ അംഗീകരിക്കലുമാണത്. അതിലാണ് ശാശ്വത ജീവിതം. നോമ്പ് സൂക്ഷ്മാലുക്കളുടെ കടിഞ്ഞാണും പോരാളികളുടെ പരിചയും പുണ്യവാന്‍മാരുടെയും ദൈവസാമീപ്യം സിദ്ധിച്ചവരുടെയും പരിശീലനവുമാണ്. കര്‍മങ്ങള്‍ക്കിടയില്‍ അല്ലാഹുവിന്നുള്ളതാണത്. നോമ്പുകാരന്‍ തന്റെ യജമാനനു വേണ്ടിയല്ലാതെ ഒന്നും ചെയ്യുന്നില്ല. വികാരങ്ങളും അന്നപാനീയങ്ങളും അവന്‍ ഉപേക്ഷിക്കുന്നത് അവന് വേണ്ടിയാണ്. അല്ലാഹുവിന്റെ സ്നേഹത്തിനും പ്രീതിക്കും മുന്‍ഗണന നല്‍കി അവന്‍ തനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെയും ആസ്വാദനങ്ങളെയും ഉപേക്ഷിക്കുന്നു.
ചുരുക്കത്തില്‍, നോമ്പിന്റെയും നമസ്‌കാരത്തിന്റെയും മറ്റു ആരാധനാ കര്‍മങ്ങളുടെയും ഐഹികമായ നേട്ടങ്ങളെയും ഫലങ്ങളെയും കുറിച്ച സംസാരം ഏറ്റെടുത്ത ഒരു വിഭാഗം പ്രബോധകരുണ്ട്. നോമ്പ് സ്വഭാവ സംസ്‌കരണത്തിനാണെന്നും നമസ്‌കാരം ഐഹികമായ വ്യഥകളില്‍ നിന്നും ആശ്വാസം ലഭിക്കുന്നതിനാണെന്നും അവര്‍ പറയുന്നു. ചിലര്‍ നമസ്‌കാരത്തിന്റെ ഫലത്തെ അതിന്റെ ശാരീരിക വശത്തില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ദിക്റുകളെ ഐഹിക നേട്ടങ്ങള്‍ക്കും ശരീരത്തിന്റെ സംരക്ഷണത്തിനുമുള്ള ഒന്നാക്കി അവര്‍ മാറ്റി. ഇസ്ലാമിന്റെ നിയമങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും ഐഹികവും പാരത്രികവുമായ നേട്ടങ്ങളുണ്ടെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഐഹികമായ നേട്ടങ്ങളുടെ പരിധിയില്‍ അവയെ തളച്ചിടുന്നിടത്താണ് പ്രശ്നം. അല്ലാഹുമായുള്ള ബന്ധവും അവന്റെ പ്രതിഫലത്തെയും സ്വര്‍ഗത്തെയും സംബന്ധിച്ച പ്രതീക്ഷയും ദുര്‍ബലമാവുകയും ചെയ്യുന്നു.
പ്രവാചകന്റെ സന്നിധിയിലേക്ക് വളരെ സുന്ദരനായ മനുഷ്യന്‍ കടന്നുവരുന്നു. വളരെ ഭവ്യതയോടെ നബിക്ക് മുമ്പിലിരുന്ന് അയാള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളെ ചോദിച്ചറിയുന്നു. പ്രവാചകന്‍ അതിന് ലാളിത്യമുള്ള ഭാഷയില്‍ വിനയാന്വിതനായി മറുപടി പറയുന്നു. ഒടുവില്‍ അയാള്‍ ചോദിച്ചത് ഇഹ്‌സാനിനെ കുറിച്ചായിരുന്നു. നബിയുടെ മറുപടിക്ക് വളരെ കാവ്യമയമുണ്ടായിരുന്നു. നീ പടച്ചവനെ കാണുന്നത് പോലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്നത് വസ്തുതയാണ്. ഇതാണ് വിശ്വാസി മതപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കുന്നത്. സര്‍വസംഹാര ശക്തിയുള്ള പടച്ചവനെ തിരിച്ചറിഞ്ഞ് അടിമത്വത്തിലേക്ക് അഭയം പ്രാപിക്കുക എന്നാണതിനു നാം കൊടുക്കുന്ന നിര്‍വചനം.
കര്‍മങ്ങളും ഭയഭക്തിയും
ഇസ്‌ലാം യുക്തിക്കതീതമാണ്. പ്രവര്‍ത്തനങ്ങളിലും വിശ്വാസങ്ങളിലും ഇസ്‌ലാമിനെ പൂര്‍ണരൂപത്തില്‍ മനസ്സിലാക്കാന്‍ മനുഷ്യ യുക്തിക്ക് സാധ്യമല്ല. ദൈവികമായ ഒരു ഉത്ഭവത്തില്‍ നിന്നും പ്രവഹിക്കുന്നുവെന്നതാണ് അതിന്റെ ഒരു കാരണം. അല്ലാഹു ഖുര്‍ആനില്‍ പലയിടങ്ങളിലായി നടത്തിയ പരാമര്‍ശങ്ങളുടെ ഒരു പ്രത്യേകത ഭൗതികതയേയും അതിഭൗതികതയേയും പരസ്പരം കോര്‍ത്തുവക്കുന്നു എന്നതാണ്. സകാത്ത്, ഹജ്ജ്, നോമ്പ്, നിസ്‌കാരം എന്നിവ നിര്‍വഹിക്കുകയെങ്കില്‍ മനുഷ്യരില്‍ ഭയഭക്തി അധികരിക്കുകയും ശാശ്വതമായ വിജയം വരിക്കുകയും ചെയ്യും. അതായത്, വളരെ പ്രത്യക്ഷമായ പ്രവര്‍ത്തനങ്ങളുടെ ഫലം തഖ്‌വയെന്ന ഒരു ആശയമാവുകയും, അതിന്റെ ഒടുവിലത്തെ ഫലം പരത്രികമായ വിജയമാവുകയും ചെയ്യുന്നു. ഇതാണ്, മനുഷ്യന്റെ പരിമിതമായ യുക്തിക്ക് ഇസ്‌ലാമിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊള്ളാന്‍ കഴിയില്ല എന്നതിന്റെ സത്യാവസ്ഥ.
മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാവുന്നത് കര്‍മങ്ങളിലൂടെയാണ്. ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യനെ പളുങ്കായ സ്വഭാവസവിശേഷതയിലേക്ക് നയിക്കുന്നു. അവന്‍ നിര്‍ണിതമായ പ്രവര്‍ത്തനങ്ങളുടെ അന്ധമായ പിന്തുടര്‍ച്ചയിലൂടെ റബ്ബിന്റെ ഇഷ്ടപ്പെട്ട അടിമയായി പരിവര്‍ത്തിക്കുന്നു. അതായത്, മനുഷ്യന്‍ ദൈവേച്ഛയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവനില്‍ അടിമത്വവും വിധേയത്വവും പൂര്‍ണതയിലെത്തുന്നു. അതിനെ വളരെ സാങ്കേതികമായി നാം ഭയഭക്തിയെന്ന് വിളിക്കുന്നു.
മനുഷ്യന്‍ സാമൂഹിക ജീവിയാണ്. അവന്റെ പ്രതിനിധാനവും അടിമത്വവും പൂര്‍ണതയിലെത്തുന്നത് പടച്ചവനോടുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് മുമ്പ് പടപ്പിനോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ടുതന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും അല്ലാഹു മനുഷ്യന് ഏല്‍പ്പിച്ചുകൊടുത്ത ആരാധനാക്രമങ്ങള്‍ അവന്റെ വ്യക്തിത്വ-സാമൂഹിക-ദൈവിക ഉത്തരവാദിത്തങ്ങളെ പൂര്‍ണതയിലെത്തിക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തില്‍ അല്ലാഹുവിനോടു മാത്രമായിരിക്കുന്ന അഭിസംബോധനകള്‍ അവന്റെ വ്യക്തിത്വത്തെ വെണ്ണപോലെ ശുദ്ധീകരിച്ചെടുക്കുന്നു. ഉദാഹരണം നിസ്‌കാരം, സംശുദ്ധമായ നിസ്‌കാര നിര്‍വഹണത്തിലൂടെ ഹൃദയക്കറകള്‍ ഇല്ലാതാവുന്നു. അന്യനെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെ സ്വജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ ശീലിക്കുന്നു. അതിനാലാണ്, ഇസ്‌ലാം ലോക താളത്തിന്റെ പേരാണെന്ന് നാം പറയുന്നത്. ലോകവും അതിന്റെ ഉള്‍ഘടകങ്ങളും നൈതികമായി ഒരു സംഘട്ടനത്തിലും അകപ്പെടില്ല. എല്ലാം തഖ്‌വയിലധിഷ്ടിതമായിരിക്കുമ്പോള്‍. തഖ്‌വയുടെ ഇല്ലായ്മയാണ് ലോകത്തെ മുഴുവന്‍ സംഘട്ടനങ്ങളുടെയും കാരണം.
പട്ടിണി കിടന്ന് വളര്‍ത്തുന്ന ഭയപ്പാടുകള്‍
നോമ്പിന് തമ്പുരാനിലേക്ക് അടുക്കാനുള്ള പ്രവണത മറ്റുള്ള പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതിന്റെ പ്രതിഫലത്തെ കുറിച്ചുള്ള അല്ലാഹുവിന്റെ വാഗ്ദാനം തന്നിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് നടന്നിട്ടുള്ളത്. നോമ്പ് എനിക്കുള്ളതാണ് അതിനു ഞാനാണ് പ്രതിഫലം നല്‍കുന്നത് എന്നതാണത്. വിശ്വാസി ആചാരങ്ങളും കര്‍മങ്ങളും നിര്‍വഹിക്കുമ്പോള്‍ അവന്‍ ദൈവത്തെയും സഹജീവികളെയും സ്വന്തത്തെയും തൃപ്തിപ്പെടുത്താന്‍ ശ്മിക്കുന്നുവെന്നതാണ് വസ്തുത. നിസ്‌കാരവും നോമ്പും സകാത്തും എല്ലാം അങ്ങനെ തന്നെ. എന്നാല്‍, നോമ്പില്‍ പ്രകടനപരത ഇല്ലാതിരിക്കുന്നു എന്ന മറ്റൊരു സവിശേഷതകൂടിയുണ്ട്. വല്ലായ്മയുടെ കൊടൂരതിയിലിരിക്കുമ്പോഴും പടച്ചവന്റെ കല്‍പനകള്‍ക്കു കീഴ്‌പ്പെടുക, ദൈവികമായ കല്‍പനയില്ലാത്തവ പൂര്‍ണമായും വര്‍ജിക്കുക, ശാരീരികമായ ഇച്ഛകളില്‍ നിന്നും അകലംപാലിക്കാനുള്ള പരിശീലനം സിദ്ധിക്കുക, ഇല്ലായ്മയുടെ കെടുതിയിലിരിക്കുന്നവരോട് അനുഭാവം സൃഷ്ടിക്കുക, തന്നിലെ പിശാചിനെ ബലഹീനനാക്കുക, ശാരീരിക ഇച്ഛകളില്‍ നിന്നും ഭൗതികമായ സ്വാധീനങ്ങളില്‍ നിന്നും വിട്ടുനിന്ന് പാരത്രിക ലോകത്തിനായി തന്നില്‍ നേട്ടങ്ങള്‍ സ്വരൂപിക്കുക തുടങ്ങി നിരവധി ഉള്‍ഘടകങ്ങളാണ് നോമ്പ് ഒരു വിശ്വാസിയിലൂടെ സാധ്യമാക്കുന്നത്. നിസ്‌കാരം മനുഷ്യനെ വിദൂഷസ്വഭാവത്തില്‍ നിന്നും തടഞ്ഞുവക്കുന്നുവെന്ന് മറ്റൊരു ഖുര്‍ആന്‍ വാചകമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, വിശ്വാസത്തിന്റെ ഭാഗമായി വരുന്ന പ്രവര്‍ത്തനങ്ങളും ആചാരങ്ങളും മുസ്‌ലിമിന്റെ അടിമത്വം പൂര്‍ണതയിലെത്തിക്കുകയും സ്വന്തത്തോടും സഹചാരികളോടും ദൈവത്തോടുമുള്ള അവന്റെ ഉത്തരവാദിത്തങ്ങളെ പൂര്‍ണമായും നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതാണ് സാങ്കേതികമായി തഖ്‌വയെന്ന് വിവക്ഷിക്കുന്നത്. ഒരുത്തന്റെ പ്രഹരത്തില്‍ നിന്നും വാക്കുകളുടെ മൂര്‍ച്ചയില്‍ നിന്നും അപരന്‍ രക്ഷപ്പെട്ടുവെങ്കില്‍ അവനാണ് ഉത്തമന്‍ എന്ന ഹദീസ് വചനം വളരെ പരിചിതമാണല്ലോ.
നിസാം ചാവക്കാട്