രാഷ്ട്രീയ ആധിപത്യവും സാംസ്‌കാരികമായ ശ്രേഷ്ടനിര്‍മിതിയും രൂപപ്പെടുത്തുന്നതില്‍ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും പങ്ക് വലുതാണ്. ജനതയുടെ മേല്‍ ആധിപത്യംനേടാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇത് നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഈയൊരു യാഥാര്‍ഥ്യംകൂടി പരിഗണിച്ച് വേണം 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഷാ സമീപനവും സാംസ്‌കാരിക മാനങ്ങളും വിലയിരുത്തേണ്ടത്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുളളത് ഭാഷാ പഠനത്തിലാണ്. മൂന്നു വയസ്സുള്ള കുട്ടികളെ ഏതു ഭാഷയിലാണ് പഠിപ്പിക്കേണ്ടത് എന്നു തുടങ്ങി ഭാഷകള്‍ക്ക് വേണ്ടിയുള്ള യൂണിവേഴ്‌സിറ്റികളില്‍ എന്തൊക്കെ പഠിപ്പിക്കണം എന്നു വരെ ഭാഷാ പഠനത്തെ സംബന്ധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഈ നയരേഖയില്‍ കാണാം. സ്‌കൂള്‍ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും അധ്യാപകരുടെ വിദ്യാഭ്യാസവും മറ്റു പ്രായോഗിക നിര്‍മാണ രീതികളും വ്യത്യസ്തമായ വിഭാഗങ്ങളില്‍ ആണെങ്കില്‍ ഭാഷാപഠനം പോളിസിയില്‍ പലയിടത്തുമായി വിന്യസിച്ചിരിക്കുന്നത് കാണാം. ഭാഷാ പഠനത്തിനു പിന്നില്‍ കേവലം ഭാഷകള്‍ പഠിപ്പിക്കുക എന്നതിനപ്പുറം ഭാഷ ഉപയോഗിച്ച് ഒരു സംസ്‌കാരം കൂടി നിര്‍മിച്ചെടുക്കാനുള്ള ശ്രമം കൂടി ഇതിലുണ്ട്.
ആരുടെ മാതൃഭാഷ
ഏതു ഭാഷയിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. പോളിസിയില്‍ പറയുന്നത് ഇതാണ്.’Wherever possible, the medium of instruction until at least Grade 5, but preferably till Grade 8 and beyond, will be the home language/mother tongue/local language/regional language. Thereafter, the home/local language shall continue to be taught as a language wherever possible.’
(N.E.P2020,Page:13) അഞ്ചാം ക്ലാസ് വരെ ഹോം ലാംഗ്വേജ്/മാതൃഭാഷ /പ്രാദേശിക ഭാഷ എന്നിവയില്‍ അധ്യയനം നടക്കണമെന്നാണ് നയരേഖ പറയുന്നത്.
ആദ്യം പറയുന്നത് വീട്ടിലെ ഭാഷ എന്നാണ്. എന്താണീ ഹോം ലാംഗ്വേജ് ? പോളിസി ഇങ്ങനെയാണ് പറയുന്നത്:
‘Home language is usually the same language as the mother tongue or that which is spoken by local communities.'(Page:13) കേരളത്തില്‍ ജീവിക്കുന്ന മലയാളിക്കുട്ടിയുടെ മാതൃഭാഷയും ലോക്കല്‍ കമ്മ്യൂണിറ്റി സംസാരിക്കുന്ന ഭാഷയും ഒന്നാണ്.അതേസമയം ഡല്‍ഹിയെപ്പോലെയുള്ള വന്‍ നഗരങ്ങളില്‍ വളരുന്ന ഒരു കുട്ടിയുടെ ഹോം ലാംഗ്വേജ് ഏതാണ്? അവിടെ സ്‌കൂളില്‍ ഏത് ഭാഷയിലാണ് പഠിപ്പിക്കുക. ഹിന്ദിയും, ഉര്‍ദുവും, മലയാളവും തമിഴും മറ്റ് ഭാഷകളും സംസാരിക്കുന്ന കുട്ടികള്‍ ഒരേ ക്ലാസ് മുറികളില്‍ ഉണ്ടാവും. അവിടെ ഏത് ഭാഷയിലാണ് പഠിപ്പിക്കുക. അവിടെ ഒരു പ്രത്യേക ഭാഷ മാതൃഭാഷ ആയി പരിഗണിച്ച് നടപ്പിലാക്കിയാല്‍ പലരും പിന്തള്ളപ്പടും. ഇവിടെയാണ് മള്‍ട്ടിലിംഗല്‍ കരിക്കുലം പ്രസക്തമാകുന്നത്. രാമകാന്ത് അഗ്‌നിഹോത്രിയെപ്പോലെയുള്ള ഗവേഷകര്‍ ഈ ദിശയില്‍ നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണ്. തതടിസ്ഥാനത്തില്‍ ചില നീക്കങ്ങള്‍ മുമ്പ് NCTE നടത്തിയിട്ടുണ്ട്. അതിന്റെ ചുവടു പിടിച്ചാണ് ബി.എഡ് കരിക്കുലത്തില്‍ Language Accross Curriculum(LAC) എന്ന വിഷയം ഇടം നേടിയത്. പക്ഷേ, ഇതിന്റെ പ്രായോഗിക രൂപം പുതിയ പോളിസിയില്‍ കാണാനില്ല.
വ്യത്യസ്ത ആശയങ്ങള്‍ (concepts) എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ഹോം ലാംഗ്വേജില്‍ ആവുന്നത് നല്ലതാണ്.’It is well understood that young children learn and grasp nontrivial concepts more quickly in their home language/mother tongue'( page:13) അമ്മയുടെ ഭാഷയും കുട്ടി ജീവിക്കുന്ന നാട്ടിലെ ഭാഷയും ഒന്നാണെങ്കില്‍ കാര്യം വ്യക്തമാണ്. കേരളത്തില്‍ ജീവിക്കുന്ന മലയാളിക്കുട്ടികള്‍ക്ക് ഹോം ലാംഗ്വേജ് മലയാളമാണ്. അവരുടെ വിദ്യാഭ്യാസം ആരംഭിക്കേണ്ടത് മലയാളത്തിലാണ്. പക്ഷെ, കേരളത്തില്‍ ജീവിക്കുന്ന ബംഗാളികളായ കുട്ടികള്‍ പറഞ്ഞു തുടങ്ങുന്നതും വീട്ടില്‍ പറയുന്നതും ബംഗാളിയാണ്, അതവണവരുടെ ഹോം ലാംഗ്വേജ്. മലയാളിക്കുട്ടികളെ ഹിന്ദിയിലോ ഇംഗ്ലീഷിലോ പഠിപ്പിച്ചു തുടങ്ങുന്നതു പോലെ തന്നെയാണ് ബംഗാളികളായ കുട്ടികളെ മലയാളത്തില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് ഹോം ലാംഗ്വേജില്‍ പഠിപ്പിക്കുന്ന ഒരു ഗുണവും ഉണ്ടാവില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യത വേണം. പ്രാദേശിക ഭാഷയില്‍ പഠിപ്പിക്കാനായി ഇംഗ്ലീഷ് മീഡിയം ഒഴിവാക്കുകയും മറിച്ച് കുട്ടി ഏത് നാട്ടിലാണോ ജീവിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയില്‍ പഠിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നത് കുട്ടിയുടെ വളര്‍ച്ചക്ക് പ്രത്യേക ഗുണം ചെയ്യുകയില്ലെന്ന് മാത്രമല്ല, പ്രായോഗിക അക്കാദമിക വിഷമങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
മൂന്നു ഭാഷാ പദ്ധതി
രണ്ടു വയസ്സിനും എട്ടുവയസിനും ഇടക്ക് കുട്ടികള്‍ക്ക് അതിവേഗത്തില്‍ ഭാഷകള്‍ പഠിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രായോഗിക തലത്തിലും തെളിയിക്കപ്പെട്ടതാണ്. അച്ഛനും അമ്മയും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന വീടുകളില്‍ കുട്ടികള്‍ അച്ഛന്റെയും അമ്മയുടെയും ഭാഷ ഒരു ബുദ്ധിമുട്ടുമില്ലാതെ പിടിച്ചെടുക്കും. തിരിച്ച്, അവരോട് അവരുടെ ഭാഷയില്‍ മാത്രം സംസാരിക്കുകയും ചെയ്യും. ഇത്തരം ഒരു കുടുംബം താമസിക്കുന്നത് മൂന്നാമതൊരു ഭാഷ സംസാരിക്കുന്ന സ്ഥലത്താകുകയും കുട്ടികള്‍ക്ക് ആ നാട്ടിലെ കുട്ടികളുമായി ഇടപെടാന്‍ അവസരം ഉണ്ടാവുകയും ചെയ്താല്‍ കുട്ടികള്‍ ആ ഭാഷയും പഠിച്ചെടുക്കും. ഈ തത്വം ഉപയോഗിച്ച് എട്ടു വയസിനു മുമ്പുതന്നെ കൂടുതല്‍ ഭാഷകള്‍ കുട്ടികളെ പഠിപ്പിക്കണമെന്നാണ് പോളിസി പറയുന്നത്.
കുട്ടികളെ മൂന്നു ഭാഷകള്‍ പഠിപ്പിക്കണമെന്നും അതില്‍ രണ്ടെണ്ണമെങ്കിലും ഇന്ത്യന്‍ ഭാഷകള്‍ ആയിരിക്കണമെന്നും സെക്കണ്ടറി സ്‌കൂള്‍ കഴിയുമ്പോഴേക്കും രണ്ടു ഭാഷകളില്‍ അടിസ്ഥാനമായ അറിവും (basic proficiency) ഒരു ഭാഷയില്‍ കുറച്ചുകൂടി ആഴത്തിലുള്ള അറിവും വേണമെന്നാണ് പോളിസി പറയുന്നത്. പക്ഷേ, പ്രായോഗിക തലത്തില്‍ ഇത് എങ്ങനെ നടപ്പാക്കപ്പെടുമെന്നതിന്റെ രൂപം വ്യക്തമല്ല.
സംസ്‌കൃതവത്കരണം
ഒരു ഭാഷ എന്നതിനപ്പുറമുള്ള പരിഗണനയാണ് സംസ്‌കൃതത്തിന്ന് ലഭിക്കുന്നത്. Sanskrit, while alos an important modern language mentioned in the Eighth Schedule of the Constitution of India, possesses a classical literature that is greater in volume than that of Latin and Greek put together, containing vast treasures of mathematics, philoosphy, grammar, music, politics, medicine, architecture, metallurgy, drama, poetry, storytelling, and more (known as ‘Sanskrit Knowledge Systems’), written by people of various religions as well as non-religious people, and by people from all walks of life and a wide range of oscio-economic backgrounds over thousands of years(page:14)
ഇതുകൊണ്ടൊക്കെ സ്‌കൂളില്‍ എല്ലാ തലത്തിലും സംസ്‌കൃതം പഠിക്കാനായി അവസരം ഉണ്ടാകുമെന്നും കുട്ടികള്‍ പഠിക്കേണ്ട മൂന്നു ഭാഷകളില്‍ ഒന്നായി സംസ്‌കൃതം എടുക്കാമെന്നും പോളിസി പറയുന്നു. പ്രി പ്രൈമറി ഘട്ടത്തില്‍ (Foundation stage) സംസ്‌കൃത പഠനം അനായാസം നടത്താന്‍ വേണ്ട വഴി നിര്‍ദേശിക്കുന്നു. അതിനായി STS രീതി അഥവാ സംസ്‌കൃതം സംസ്‌കൃതത്തിലൂടെ തന്നെ പഠിപ്പിക്കുക( Sanskrit Through Sanskrit) അവലംബിക്കണം എന്ന് കൃത്യമായി പറയുന്നു. മാത്രമല്ല, എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്‌കൃത വിഭാഗം ഉണ്ടാകും. സംസ്‌കൃത സര്‍വകലാശാലകളെ മറ്റുള്ള വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന മള്‍ട്ടി ഡിസ്സിപ്ലിനറി സ്ഥാപനങ്ങള്‍ ആക്കും. സംസ്‌കൃത അധ്യാപകരെ ധാരാളമായി പരിശീലിപ്പിക്കും. നിയമിക്കും എന്നും തുടര്‍ന്ന് പറയുന്നു.
യഥാര്‍ഥത്തില്‍ ഈയൊരു സമീപനം ഇത് ആധുനിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാതെയുള്ളതാണ്. 2011ലെ സെന്‍സസ് അനുസരിച്ച് 1369 പ്രധാന ഭാഷകളുണ്ട്. പതിനായിരത്തിന് മുകളില്‍ ആളുകള്‍ സംസാരിക്കുന്ന 121 ഭാഷകളുണ്ട്. ഇന്ത്യയുടെ ജനങ്ങളില്‍ 96.71 ശതമാനം പേരും ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന 22 ഭാഷകളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കുന്നവരാണ്. ബാക്കി 3.29 ശതമാനം പേര്‍ മറ്റ് ഭാഷകളും.
ഹിന്ദിയാണ് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത്. 46.63 ശതമാനം പേര്‍. ബംഗാളി, മറാത്തി, തെലുഗ്,തമിഴ്, ഗുജറാത്തി,ഉര്‍ദു, കന്നട, ഒഡിയ,മലയാളം എന്നിവയാണ് ആദ്യ പത്തില്‍ വരുന്നത്. ഈ ലിസ്റ്റില്‍ ഏറ്റവും അവസാന സ്ഥാനത്ത് വരുന്ന ഭാഷയാണ് സംസ്‌കൃതം. അതായത് 120 കോടി(2011 സെന്‍സ് ) ജനങ്ങളില്‍ സംസ്‌കൃതം ഉപയോഗിക്കന്നത് കേവലം 24821 പേര്‍ മാത്രമാണ്. ഇത്തരത്തില്‍ പ്രായോഗിക ജീവിതത്തില്‍ അപ്രസക്തമായ ഒരു ഭാഷയെ അമിത പ്രാധാന്യം കൊടുത്ത് ഉയര്‍ത്തിക്കൊണ്ട് വരുന്നത് എന്തിനാണ്? ഇത് ഇന്ത്യയെ പിറകോട്ട് നയിക്കില്ലേ?
പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക് എന്ന അടിസ്ഥാനത്തിലാണ് സംസ്‌കൃതപ്പെരുമ നയരേഖ മുന്നോട്ടുവക്കുന്നത്. പക്ഷേ, ഈ പാരമ്പര്യം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിരാശാ ബോധമാണ് സമ്മാനിക്കുക. ഈ കാഴ്ചപ്പാടില്‍ വേണം സംസ്‌കൃത പ്രീണനത്തെ കാണേണ്ടത്. സംസ്‌കൃതം വേദഭാഷയാണ് എന്നതല്ല പ്രശ്‌നം. സംസ്‌കൃതത്തെ കേവലം ഒരു ഭാഷയായിട്ടല്ല ഒരു ജ്ഞാന വ്യവസ്ഥിതിയായിട്ടാണ് പോളിസി മുന്നോട്ടുവക്കുന്നത് എന്നതാണ് പ്രശനം. ഈ ജ്ഞാന വ്യവസ്ഥിതിയാണ് ഹിന്ദു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ ജ്ഞാനപ്പുരകളുടെ പടിക്ക് പുറത്താക്കിയത്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്‌കൃത വിഭാഗം ഉണ്ടാകും, സംസ്‌കൃത സര്‍വകലാശാലകളെ മറ്റുള്ള വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന മള്‍ട്ടി ഡിസ്സിപ്ലിനറി സ്ഥാപനങ്ങള്‍ ആക്കും. ഇത്തരത്തില്‍ പുരാതന ഭാഷയായ സംസ്‌കൃതത്തെ പുനര്‍ജീവിപ്പിക്കാന്‍ ചെലവഴിക്കുന്ന പണവും മനുഷ്യവിഭവശേഷി വിനിയോഗവും ഇന്ത്യയെ പിന്നോട്ടു നയിക്കില്ലേ? ജീവിത വ്യവഹാരങ്ങളില്‍ ഇടപൊടാതിരുന്ന ഹീബ്രു ഭാഷയെ ഇസ്‌റയേല്‍ പുനര്‍ജീവിപ്പിച്ച് ജീവിത ഭാഷയാക്കിയിട്ടുണ്ടെന്നത് ആധുനിക ചരിത്രമാണ്. ഇസ്രയേലിന് ഹിബ്രു പോലെ പ്രധാനപ്പെട്ടതല്ലല്ലോ ഇന്ത്യക്ക് സംസ്‌കൃതം. മാത്രമല്ല ഇസ്രയേല്‍ ജനത പോലെ സാംസ്‌കാരികമായും മതപരമായും ഒരൊറ്റ ജനതയല്ല നാം ഇന്ത്യക്കാര്‍. ഇസ്രയേലിലെ ആകെ ജനങ്ങളുടെ 160 ഇരട്ടിയിലധികം പേരുള്ള വൈവിധ്യങ്ങളുടെ കലവറയാണ് ഇന്ത്യ. ഒരു രാജ്യം ഒരൊറ്റ ജനത എന്നൊക്കെ പറയുന്നത് കേവലം മുദ്രാവാക്യമാണ്. സ്വന്തം ജാതിക്ക് പുറത്തു നിന്ന് വിവാഹം ചെയ്തതിന് ദുരഭിമാനക്കെല 2020ലെ കോവിഡ് കാലത്തും നടന്ന രാജ്യമാണിത്.
ക്ലാസിക്കല്‍ ഭാഷകള്‍
സംസ്‌കൃതം കൂടാതെ മറ്റു ക്ലാസിക്കല്‍ ഭാഷകളെ പറ്റിയും പോളിസി പറയുന്നുണ്ട്.’In addition to Sanskrit, other classical languages and literatures of India, including Tamil, Telugu, Kannada, Malayalam, Odia, Pali, Persian, and Prakrit, will alos be widely available in schools as options for students, possibly as online modules, through experiential and innovative approaches, to ensure that these languages and literature stay alive and vibrant.'( page, 15)
ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇന്ത്യയില്‍ എവിടെയുമുള്ള കുട്ടികള്‍ക്ക് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒറിയ, പാലി, പേര്‍ഷ്യന്‍, പ്രകൃത് (Prakrit) എന്നീ ക്ലാസിക്കല്‍ ഭാഷകള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് പോളിസി പറയുന്നു. മൂന്ന് ഭാഷകള്‍ പഠിക്കുന്നതിന് പുറമെ ആണിത്. ചില ഭാഷകള്‍ മാത്രം പ്രത്യേകം സംരക്ഷിക്കേണ്ടതാണ് എന്ന് തോന്നുന്നതിന്റെ മാനദണ്ഡമെന്താണ്? ഇന്ത്യയുടെ പുരോഗതിക്ക് ഇത് ഏതളവില്‍ സഹായകരമാകുമെന്നതും ചോദ്യചിഹ്നമാണ്.
വിദേശ ഭാഷാനയം
സെക്കണ്ടറി തലത്തില്‍ (ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ) കൊറിയന്‍, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ട്ടുഗീസ്, റഷ്യന്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് പോളിസി പറയുന്നു. മറ്റു സംസ്‌കാരങ്ങളെ അറിയാനും, തൊഴിലിനും മറ്റുമായി സഞ്ചരിക്കാനും ഇത് സഹായകമാകുമെന്ന് നയരേഖയില്‍ കാണാം. ലിസ്റ്റില്‍ ആദ്യം ചൈനീസ് ഭാഷയുടെ പേരുമുണ്ടായിരുന്നു. ശേഷം ഒഴിവാക്കി. രാഷട്രീയ തര്‍ക്കങ്ങളുടെ പേരില്‍ ചേര്‍ക്കുകയും വെട്ടി മാറ്റുകയും ചെയ്യേണ്ട ഒന്നാണോ ഭാഷാ നയം? UN അംഗീകരിച്ച ലോകത്തെ 101 രാജ്യങ്ങളിലെ വിനിമയ ഭാഷയായ അറബി പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള കാരണം എന്താണ്?
മൊഴിമാറ്റത്തിന്റെ ഭാഷ്യമെന്ത്?
വിവിധ ഭാഷകള്‍ തമ്മില്‍ മൊഴിമാറ്റം ചെയ്യുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ഇന്റെര്‍പ്രെറ്റേഷന്‍ ( Indian Institute of Translation and Interpretation (IITI) സ്ഥാപിക്കുമെന്ന് പോളിസിയില്‍ കാണാം.(page:55) ഇതിന്റെ പ്രവര്‍ത്തന രീതി എങ്ങനെയെന്നത് അവ്യക്തമാണ്. സങ്കുചിത ദേശീയത നിറച്ച ടെക്സ്റ്റ് ബുക്കുകള്‍ പ്രാദേശികമായി നടപ്പാക്കാനുള്ള കുറുക്കു വഴിയാണോ ഇത്?
ബഹുസ്വര ഇന്ത്യയുടെ താല്‍പര്യങ്ങള്‍
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഷാ സമീപനവും സാംസ്‌കാരിക താല്‍പര്യങ്ങളും വിശകലനം ചെയ്യുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി താഴെ പറയുന്നവ നാം മുന്നോട്ടുവക്കേണ്ടതുണ്ട്:
1.ഭാഷാ നയം സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ളതാകണം.
- സങ്കുചിത രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിനായി ആധുനിക കാലത്ത് അപ്രസക്തമായ ചില പ്രത്യേക ഭാഷകളുടെ സംരക്ഷണത്തിനായി രാജ്യത്തിന്റെ വിഭവങ്ങള്‍ അമിതമായി വിനിയോഗിക്കന്നത് അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടും, രാജ്യ പുരോഗതിയുട വേഗത കുറക്കും.
- രാഷ്ട്രീയ വര്‍ഗീയ താല്‍പര്യങ്ങള്‍ ഭാഷാ നയത്തില്‍ പ്രതിഫലിച്ച് കാണുന്നു. ഇത് അപകടകരം, തിരുത്തപ്പെടണം
- ആധുനിക കാലത്ത് അപ്രസക്തമായ പൗരാണിക സംസ്‌കാരങ്ങള്‍ തിരിച്ചുകൊണ്ട് വരാനുള്ള ശ്രമം ഇന്ത്യയിലെ എല്ലാ മതത്തിലുള്ള ജനങ്ങളെ അധോഗതിയിലേക്ക് നയിക്കും.
- ഒരുപാട് തലമുറകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ഇംഗ്ലിഷ് ഭാഷയേയും മറ്റ് ചില സംസ്‌കാരങ്ങളേയും വൈദേശികമായി കാണുന്നത് ആധുനിക കാഴ്ചപ്പാടിന് എതിരാണ്. സഹവര്‍ത്തിത്തത്തിന്റെ ഇന്‍ക്ലൂസീവ് നയമാണ് രൂപപ്പെടേണ്ടത്.
6.രാജ്യത്തെ പ്രബല ന്യൂനപക്ഷം കൂടുതലായി ഉപയോഗിക്കുന്ന ഉര്‍ദു ഭാഷക്ക് പ്രത്യേക പരിഗണന നല്‍കി അവരെ രാജ്യ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഭാഗമാക്കാണം.
7.ഇന്ത്യയുടെ ആത്മാവ് ബഹുസ്വരമാണ്. അതിനാല്‍ ഏകശിലാ രൂപത്തിലുള്ള ഭാഷാ, സംസ്‌കാര കാഴ്ചപ്പാടുകള്‍ വിദ്യാഭ്യാസ നയത്തില്‍ ഒളിച്ച് കടത്തുന്നത് ഇന്ത്യയെ ദുര്‍ബലപ്പെടുത്തും.
(കാസര്‍ക്കോട് കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)
അലി ഹുസൈന്‍ വാഫി