പരീക്ഷണങ്ങള്‍ ശിക്ഷയോ രക്ഷയോ?

3695

നിസാം ചാവക്കാട്

സന്തോഷമാണോ സന്താപമാണോ ജീവിതത്തിന്റെ സ്ഥായിയായ പ്രകൃതി? ദൈവകല്‍പനകളെ അക്ഷരംപ്രതി അനുസരിക്കുന്ന വിശ്വാസി സമൂഹത്തെ ആവരണം ചെയ്യുന്ന രോഗങ്ങളുടെ യുക്തി എന്താണ്? ഇച്ഛകളെ പരിത്യജിച്ച് ദൈവ സാമീപ്യത്തിനായി പ്രാര്‍ഥനാ നിമഗ്‌നരാവുന്ന വിശ്വാസികളെ ഏറ്റവും സന്തോഷകരമായ ജീവിത രീതികള്‍ സമ്മാനിച്ച് തൃപ്തിപ്പെടുത്തുന്നതല്ലേ ദൈവത്തിന്റെ ദൗത്യം? ആത്മീയമായ ഹര്‍ഷോന്മുകത നല്‍കുന്ന ദൈവം ഭൗതികതയിലും സന്തോഷം നല്‍കി വിശ്വാസിയെ തൃപ്തിപ്പെടുത്തുകയല്ലേ ചെയ്യേണ്ടത്? ഇത്തരത്തില്‍, പലപ്പോഴായി നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളെ സമീപിക്കുകയാണ് ഈ ലേഖനം

ജെറേമി ബെന്‍താമിന്റെ യൂട്ടിലിറ്റേറിയന്‍ ഫിലോസഫിയെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് പീറ്റര്‍ സിംഗര്‍. ജീവിതത്തിന്റെ പ്രകൃതിരൂപം സന്തോഷമാണെന്നും ജീവിതത്തിന്റെ സന്തോഷാവസ്ഥക്ക് പ്രതികൂലമായി ബാധിക്കുന്നവയെല്ലാം വിപാടനം ചെയ്യാനുള്ള അധികാരം വ്യക്തിക്കുണ്ടെന്നും ദര്‍ശിക്കുന്ന ഏറെ അപകടകരമായ തത്ത്വശാസ്ത്ര ശാഖയാണ് യൂട്ടിലിറ്റേറിയനിസം. അന്താരാഷ്ട്ര സ്വതന്ത്ര ചിന്തകരുടെ ഐക്കണായി മാറിയ പീറ്റര്‍സിംഗര്‍ മതാധിഷ്ഠിത ധാര്‍മികതയെ ചെറുത്തുനില്‍ക്കുന്നതില്‍ ഡോക്കിന്‍സിന്റെ പര്യായമായിരിക്കുകയാണ്. അടുത്തകാലങ്ങളിലായി ദ ഗാര്‍ഡിയന്‍, വാള്‍സ്ട്രീറ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ വാദഗതികളെ വിലയിരുത്തുകയുണ്ടായി. വിനാശകാരിയായ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തിന് ദ ഗാര്‍ഡിയന്‍ നല്‍കിയ വിശേഷണം. ചുരുക്കിപ്പറഞ്ഞാല്‍, സന്തോഷത്തെ മാത്രം ജീവിതത്തിന്റെ ലക്ഷ്യവും ജീവിത പ്രകൃതിയുമായി കാണുന്ന യൂട്ടിലിറ്റേറിയനിസം പൊതുഇടങ്ങളില്‍ തന്നെ പരാജയപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ സന്തുലിതത്വത്തെയും ക്രമത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ചിന്താധാരകള്‍ മനുഷ്യന്റെ സമാധാനപരമായ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു. ജീവിതത്തിന്റെ സുഖദുഃഖങ്ങളെ കുറിച്ചും നിംനോന്നതിയെ കുറിച്ചും ഇസ്‌ലാം വച്ചുപുലര്‍ത്തുന്ന ഏകപക്ഷീയമല്ലാത്ത കാഴ്ചപ്പാടുകളുടെ ശരിവശം തെളിഞ്ഞുകാണുന്നതിനായി ചില വസ്തുതകള്‍ ആമുഖമായി സൂചിപ്പിച്ചതാണ്.

സന്തോഷമാണോ സന്താപമാണോ ജീവിതത്തിന്റെ സ്ഥായിയായ പ്രകൃതി? ദൈവകല്‍പനകളെ അക്ഷരംപ്രതി അനുസരിക്കുന്ന വിശ്വാസി സമൂഹത്തെ ആവരണം ചെയ്യുന്ന രോഗങ്ങളുടെ യുക്തി എന്താണ്? ഇച്ഛകളെ പരിത്യജിച്ച് ദൈവ സാമീപ്യത്തിനായി പ്രാര്‍ഥനാ നിമഗ്‌നരാവുന്ന വിശ്വാസികളെ ഏറ്റവും സന്തോഷകരമായ ജീവിത രീതികള്‍ സമ്മാനിച്ച് തൃപ്തിപ്പെടുത്തുന്നതല്ലേ ദൈവത്തിന്റെ ദൗത്യം? ആത്മീയമായ ഹര്‍ഷോന്മുകത നല്‍കുന്ന ദൈവം ഭൗതികതയിലും സന്തോഷം നല്‍കി വിശ്വാസിയെ തൃപ്തിപ്പെടുത്തുകയല്ലേ ചെയ്യേണ്ടത്? ഇത്തരത്തില്‍, പലപ്പോഴായി നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളെ സമീപിക്കുകയാണ് ഈ ലേഖനം.

‘സന്തോഷത്തെ മാത്സര്യബുദ്ധിയോടെ കണ്ടെത്തുക, സങ്കടത്തില്‍ നിന്നും ഓടിയൊളിക്കുക’… പ്രശസ്ത ഭൗതികമാത്ര ചിന്തകരായ എപിക്യൂറസ് പുരാതന കാലത്തും ഹോല്‍ബച്ച് അത്യാധുനിക കാലത്തും പ്രസ്തുത വാചകത്തെ മനുഷ്യജീവിവര്‍ഗങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനതത്വമായി അവതരിപ്പിച്ചിരിക്കുകയാണ്. ഭൗതികയുക്തി മനുഷ്യന്റെയും മൃഗങ്ങളുടെയും ഇടയില്‍ സാമ്യതകള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുകയും, മതയുക്തി അവയെ വ്യത്യസ്ത സ്വത്വങ്ങളായി മനസ്സിലാക്കുകയും ചെയ്യുന്നു. ആചാര സമ്പ്രദായങ്ങളും മതപരമായ നിഷേധങ്ങളുമാണ് ഈ വ്യതിരക്തതയെ വരച്ചുവക്കുന്നത് (അലി ജ ഇസ്സത്ത് ബഗോവിച്ച്, ഇസ്‌ലാം ബിറ്റവീന്‍ ഇസ്റ്റ് ആന്റ് വെസ്റ്റ്). ജീവിതം ഉദാരമായ സന്തോഷാവസ്ഥകളുടെ രമ്യഹര്‍മങ്ങളാവണമെന്നത് യുക്തിരഹിതമായ കാഴ്ചപ്പാടാണ്. കൃത്യമായ ജീവിത ലക്ഷ്യമില്ലാതെ, ജീവിതത്തെ തന്നെ പരമമായ ലക്ഷ്യമായി കാണുന്ന ഭൗതികപ്രമത്തതയുടെ സുപ്രധാന പ്രശ്‌നങ്ങളാണ് ഏകപക്ഷീയമായ ജീവിതാവസ്ഥ.
മതം ഉദാരമായ സ്വാതന്ത്ര്യത്തിന്റെ ഇടമല്ല. ഇസ്‌ലാം എന്നാല്‍ വിധേയപ്പെടുക എന്നാണ് അര്‍ത്ഥം. ദൈവകല്‍പ്പനകള്‍ക്കും, ശാസനകള്‍ക്കും വിധേയപ്പെടുക എന്ന് ചുരുക്കം. ശക്തിസ്വരൂപമായ അല്ലാഹുവിന്റെ അടിമത്തത്തിലേക്ക് മനസ്സറിവോടെ പ്രവേശിക്കുകയെന്നാണ് മുസ്‌ലിമാകുന്നതിന്റെ പ്രകടമായ അര്‍ത്ഥം. ഭൗതികമായ ആനന്ദത്തെ അന്വേഷിക്കല്‍ മനുഷ്യന്റെ യുക്തിയല്ല. ജീവികളുടെതാണ്. ആത്മീയമായ ആനന്ദമാണ് മനുഷ്യന് സഹചമായിരിക്കേണ്ട യുക്തി. അത് മൃഗങ്ങള്‍ക്ക് അപ്രാപ്യമായിരിക്കും. ഭൗതിക ജീവിതത്തെ നിര്‍ണയിക്കുന്ന സന്തോഷംസന്താപം, ജയംപരാജയം, സുഖംദുഃഖം എന്നിവയില്‍ മനുഷ്യവര്‍ഗത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥായിയായ അവസ്ഥയായി ഒന്നിനെയും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാവില്ല. ഭൗതിക സാഹചര്യങ്ങളില്‍ ജീവിക്കുകയെന്ന് മാത്രം. ലൗകികത ജീവിത ലക്ഷ്യമല്ലാത്തതിനാല്‍ ഭൗതികയുടെ വിനഷ്ടങ്ങളും വിനാശങ്ങളും മുസ്‌ലിമിനെ സാരമായി ബാധിക്കുകയില്ല. മനുഷ്യ ജീവികളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിതം കെട്ടഴിച്ചുവിടുന്നതിന് പകരം, മതത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ആഗ്രഹങ്ങളെ പിഴുതെറിയാന്‍ നാം തയ്യാറാവണം. ചുരുക്കിപ്പറഞ്ഞാല്‍, എപ്പോഴും ആനന്ദം കണ്ടെത്തല്‍ മൃഗയുക്തിയാണ്. മാത്രമല്ല, മനുഷ്യനെ മനുഷ്യനാക്കുന്നത് സന്തോഷസന്താപങ്ങളുടെ നിംനോന്നതി ഉള്‍പ്പെടുന്ന വിശ്വാസമാണ്.
ലൗകികതയുടെ വ്യത്യസ്ത ഘടകങ്ങള്‍ കൊണ്ട് മനുഷ്യനെ അല്ലാഹു പരീക്ഷിക്കും. ഇല്ലായ്മകൊണ്ടും വല്ലായ്മകൊണ്ടും പരീക്ഷിക്കും. നന്മകൊണ്ടും തിന്മകൊണ്ടും നാം നിങ്ങളെ പരീക്ഷിക്കുമെന്നാണ് (സൂറത്തുല്‍ അന്‍ബിയാഅ്, 35) ഖുര്‍ആനിന്റെ പ്രഖ്യാപനം. സമ്പത്ത്, സന്താനങ്ങള്‍ വഴി അല്ലാഹു പരീക്ഷിക്കുമെന്ന ഖുര്‍ആനിക പ്രഖ്യാപനം അനുഗ്രഹങ്ങള്‍കൊണ്ട് അല്ലാഹു അടിമയെ വിലയിരിത്തുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ശരീരത്തിലും സമ്പത്തിലും കുറച്ചില്‍ മൂലം പരീക്ഷിക്കുമെന്ന് (അല്‍ബഖറ, 155) വിവക്ഷിക്കുന്ന സൂക്തം ഇല്ലായ്മയുടെ പരീക്ഷണത്തിലേക്ക് വഴിവെക്കുന്നു. ശരീരത്തില്‍ പരീക്ഷിക്കുന്നത് അവയവ വിഘ്‌നത്തിലൂടെയും രോഗങ്ങളിലൂടെയുമായിരിക്കും. സാംക്രമിക രോഗങ്ങളും മഹാവിപത്തുകളും എപ്പോഴും ശിക്ഷയായല്ല ഇറക്കപ്പെടുന്നത്. അടിമയുടെ ദൈവ സാമീപ്യത്തിന്റെ സുപ്രധാന മാര്‍ഗമായും അവ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍, ജീവിതത്തിന്റെ സകലമാന പ്രതിസന്ധികളെയും തരണംചെയ്ത് പരീക്ഷണങ്ങളെ കവച്ചുവക്കുന്ന അടിമയാണ് അന്തിമ വിജയി.

ലൗകികതയും രോഗങ്ങളും
ഇസ്‌ലാമിക വീക്ഷണ പ്രകാരം ഭൗതികതയുടെ എല്ലാ വസ്തുക്കളും അല്ലാഹുവിലേക്ക് സഞ്ചരിക്കാനുള്ള മാര്‍ഗമാണ്. അനുഗ്രഹവും ശിക്ഷയും പരീക്ഷണവും ദൈവസാമീപ്യത്തിന്റെ ഉപാധിയാണ്. ബാധിക്കുന്നവര്‍ക്കനുസരിച്ച് ശിക്ഷയും പരീക്ഷണവും അനുഗ്രഹവുമായി പരിണമിക്കുന്നു എന്നതാണ് രോഗങ്ങളുടെ പ്രത്യേകത. ചരിത്രത്തിന്റെ താളുകള്‍ ചികയുമ്പോള്‍ വസ്തുതാപരമായ ചില സംഭവങ്ങള്‍ കണ്ടെത്താനാവും. നംറൂദിന്റെ രോഗാവസ്ഥ അദ്ദേഹത്തിന്റെ ശിക്ഷയായിരുന്നു. പതിനെട്ട് വര്‍ഷക്കാലം അയ്യൂബ് നബിയെ വേദനയുടെ കൈപ്പുനീര്‍ കുടിപ്പിച്ച അസുഖം പരീക്ഷണമായിരുന്നു. ഇമാം ഗസ്സാലിയെ ബാധിച്ച അസുഖം അദ്ദേഹത്തിന് അനുഗ്രഹമായിരുന്നു.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകം തടസ്സങ്ങളുടെയും നിഷേധങ്ങളുടെയും സങ്കേതമാണ്. ദുന്‍യാവ് വിശ്വാസിയുടെ ജയിലും അവിശ്വാസിയുടെ സ്വര്‍ഗവുമായിരിക്കും എന്ന ഹദീസ് വചനം സുപ്രസിദ്ധമാണ്. ലൗകികമായ എല്ലാ കുടുസ്സുകളിലും ദൈവഹിതത്തിന് അനുസരിച്ച് ജീവിച്ച് അന്തിമ വിജയത്തിലേക്ക് പ്രയാണം നടത്തലാണ് മുസ്‌ലിമിന്റെ ഉത്തരവാദിത്തം. അസുഖമുള്ള സമൂഹത്തിലെ കണ്ണിയായിരിക്കുമ്പോഴും, രോഗബാധിതനായിരിക്കുമ്പോഴും, ആരോഗ്യദൃഢഗാത്രനായിരിക്കുമ്പോഴും മുസ്‌ലിം അവന്റെ നാഥനിലേക്ക് വഴങ്ങിക്കൊണ്ടിരിക്കും.

രോഗങ്ങളുടെ കാരണങ്ങള്‍
അല്ലാഹു സര്‍വ ചരാചരങ്ങളുടെയും ഉടയതമ്പുരാനാണ്. തൃകാലജ്ഞാനിയും ശക്തിസ്വരൂപനുമാണ് അവന്‍. എല്ലാ വസ്തുക്കളുടെയും (കാര്യങ്ങളുടെയും) സൃഷ്ടാവുമാണ് അല്ലാഹു. മനുഷ്യന്റെ പിത്തം, കഫം, മലം, മൂത്രം എന്നിവയിലെ മാറ്റങ്ങള്‍ കാരണമാകുന്ന രോഗങ്ങളുടെ സൃഷ്ടാവും അല്ലാഹുവാണ്. അവന്റെ എല്ലാ സൃഷ്ടിപ്പിന് പിന്നിലും പരസ്യമോ പരോക്ഷമോ ആയ യുക്തിയുണ്ട്. രോഗങ്ങളിലും ആ യുക്തി നമുക്ക് മനസ്സിലാക്കാവുന്നതാണ്. രോഗങ്ങള്‍ മനുഷ്യന്റെ നിസ്സഹായതയും ബലഹീനതയും തുറന്നുകാണിക്കുന്നു. അംബരചുംബികളായ രമ്യഹര്‍മങ്ങള്‍ ഉണ്ടാക്കുകയും തിമിംഗലം പോലെ വലിയ ജീവി വര്‍ഗങ്ങളെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന മനുഷ്യന്‍, നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ പോലും കഴിയാത്ത വൈറസുകള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് മനുഷ്യന്റെ നിസ്സഹായതയുടെ ചിത്രമാണ്.
അല്ലാഹു രോഗങ്ങളെ മൂന്ന് രീതിയിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ശിക്ഷ, പരീക്ഷണം, അനുഗ്രഹം എന്നീ അവസ്ഥകളാണ് രോഗത്തിനുള്ളത്. അല്ലാഹുവിന്റെ പരമമായ ദൈവികതയെ നിഷേധിക്കുകയും കല്‍പനകളെയും ശാസനകളെയും തൃണവത്കരിക്കുകയും ചെയ്യുന്ന അവിശ്വാസിയില്‍ പ്രത്യക്ഷപ്പെടുന്ന രോഗങ്ങള്‍ ശിക്ഷാ രൂപേണയായിരിക്കും. നിരോധനാജ്ഞകളെയും കല്‍പ്പനകളെയും അക്ഷരം പ്രതി ശിരസാവഹിക്കുന്ന വിശ്വാസി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗങ്ങള്‍ അവരുടെ ആത്മീയമായ പദവി ഉയര്‍ത്താനുള്ള കാരണമായിരിക്കും. പ്രശസ്ത സൂഫി വര്യന്‍ ഫുളൈല്‍ ബിന്‍ ഇയാളിന്റെ വാചകം ഇങ്ങനെയാണ്: അല്ലാഹു ഒരു അടിമയെ അളവറ്റ് ഇഷ്ടപ്പെടുമ്പോള്‍ അവന്റെ ദുഃഖങ്ങളെ വര്‍ധിപ്പിക്കുകയും, ദേഷ്യപ്പെട്ടാല്‍ അവന് സുഖലോലുപതകള്‍ നല്‍കുകയും ചെയ്യുന്നതാണ്.
ദുര്‍മാര്‍ഗികള്‍ക്ക് ശിക്ഷയായി മഹാവിപത്തുകള്‍ അവതരിച്ചതിന്റെ ചരിത്രം നമുക്ക് മുമ്പിലുണ്ട്. ബനൂ ഇസ്‌റാഈലികള്‍ക്ക് പ്ലേഗ് രോഗം പിടിപെട്ടത് അവരുടെ ദുഷ്‌കര്‍മങ്ങളുടെ ഫലമായിട്ടാണെന്ന് നബി വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ട്. നിങ്ങളെ ബാധിക്കുന്ന വിപത്തുകളെല്ലാം നിങ്ങളുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചത് കാരണമാണ്. അവന്‍ (അല്ലാഹു) നിരവധി തവണ നിങ്ങള്‍ക്ക് മാപ്പ് നല്‍കുന്നുമുണ്ട് (ശുഅറാ: 30). അല്ലാഹു നല്‍കുന്ന ഭൗതികമായ ശിക്ഷാമുറകള്‍ സമൂഹത്തെ പൂര്‍ണമായും ബാധിക്കും. അവിശ്വാസിയെ ബാധിക്കുകയും വിശ്വാസിയെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയുണ്ടാവില്ല. എന്നാല്‍, അതിന്റെ ലക്ഷ്യങ്ങള്‍ രണ്ടായിരിക്കും. വിശ്വാസിയുടെ മുമ്പില്‍ പരീക്ഷണത്തിന്റെയും അവിശ്വാസിക്ക് മുമ്പില്‍ ശിക്ഷയുടെയും മുഖപടമായിരിക്കും അവ അണിഞ്ഞിരിക്കുക. വിശ്വാസി അതിനെ ക്ഷമയോടെ അതിജീവിക്കും. വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ, എല്ലാം അവന് ഗുണകരം. സന്തോഷജനകമായ മുഹൂര്‍ത്തത്തില്‍ അവന്‍ സ്രഷ്ടാവിന് നന്ദിചെയ്യും. അത് അവന് ഗുണകരം. ദുഃഖാര്‍ദ്ര നിമിഷങ്ങളില്‍ ക്ഷമിക്കും. അതും അവന് ഗുണകരം (ഹദീസ്).
വിശ്വാസിയെ ബാധിക്കുന്ന പരീക്ഷണങ്ങളെല്ലാം തന്നെ അവന്റെ ആത്മീയവളര്‍ച്ച ത്വരിതമാക്കുന്നതിനും അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കുന്നതിനും സ്വര്‍ഗകവാടത്തിലേക്ക് ക്രമേണ അടുത്തുനില്‍ക്കുന്നതിനുമുള്ള മാര്‍ഗമാണ്. ദുന്‍യാവിനെയും അതിന്റെ വിഭവങ്ങളെയും സുപ്രധാനമായി കരുതുന്നവര്‍ക്കല്ലാതെ അവ നഷ്ടപ്പെടുമ്പോള്‍ വേവലാതിപ്പെടേണ്ടതില്ലല്ലോ. തിരുദൂതര്‍ അരുളുന്നു: ഞാന്‍ ഭൗതിക ലോകത്ത് ജീവിക്കുന്നത് ഒരു യാത്രികനെ പോലെയാണ്. അയാള്‍ ഒരു മരത്തണലില്‍ വിശ്രമിക്കാന്‍ ഇരുന്നു. യാത്ര തുടര്‍ന്നപ്പോള്‍ തണല്‍ ഉപേക്ഷിച്ച് പോയി (തിര്‍മുദി). മറ്റൊരു അവസരത്തില്‍ നബി പറഞ്ഞു: കൊതുകിന്റെ ചിറകോളമെങ്കിലും ഈ ദുനിയാവിന് സ്ഥാനമുണ്ടായിരുന്നെങ്കില്‍ ഒരു സത്യനിഷേധിക്കും ഒരിറ്റുവെള്ളം പോലും ലഭിക്കുമായിരുന്നില്ല (തിര്‍മുദി). മനുഷ്യന്റെ ഭൗതിക സ്വത്തായ ശരീരത്തെ ജീവിതത്തിന്റെ എല്ലാമായി പരിഗണിക്കുന്നവരെ മാത്രമാണ് ശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ അലോസരപ്പെടുത്തുക.
രോഗങ്ങളുമായി ബന്ധപ്പെട്ട് നാം ഗ്രഹിക്കേണ്ട മറ്റൊരു കാര്യം പരീക്ഷണങ്ങള്‍ അല്ലാഹുവിന്റെ സ്‌നേഹം സമ്പാദിക്കാനുള്ള നിമിത്തങ്ങളാണെന്നുള്ളതാണ്. അനസ് (റ) നിവേദനം ചെയ്ത ഹദീസ് വായിക്കാം: പ്രതിഫലത്തിന്റെ പെരുപ്പം പരീക്ഷണത്തിന്റെ വലുപ്പത്തിനനുസരിച്ചാണ്. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നു. അതില്‍ അടിമ തൃപ്തിപ്പെട്ടാല്‍ അല്ലാഹുവിന്റെ തൃപ്തി അവനു ലഭിക്കുകയും അതൃപ്തി കാണിച്ചവന് കോപം ലഭിക്കുകയും ചെയ്യുന്നു (തിര്‍മുദി). അല്ലാഹുവിന്റെ പരീക്ഷണങ്ങളോ രോഗങ്ങളോ നേരിടുകയും അതില്‍ ക്ഷമയവലംബിക്കാന്‍ സാധിക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അവന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന നന്മകളുടെയും സൂചനയാണ്. പ്രശസ്തമായ ഒരു ഹദീസിന്റെ സാരം ഇങ്ങനെയാണ്: അല്ലാഹു തന്റെ ഒരടിമക്ക് നന്മ ഉദ്ദേശിച്ചാല്‍ ഇഹലോകത്ത് അവനെ വേഗത്തില്‍ പരീക്ഷണ വിധേയനാക്കും (തിര്‍മുദി).
ഒരുപക്ഷേ, അല്ലാഹു നമുക്ക് അവന്റെയടുക്കല്‍ ഉന്നത പദവി വിധിച്ചിട്ടുണ്ടായിരിക്കാം. കര്‍മങ്ങള്‍കൊണ്ടു മാത്രം എത്തിപ്പെടാനാവാത്ത ആ പദവിയില്‍ നമ്മെ എത്തിക്കാനായി അവന്‍ നമ്മെ പരീക്ഷിക്കുകയും അതു നേരിടുവാനുള്ള കഴിവ് നല്‍കുകയും ചെയ്യുകയാണെങ്കില്‍ നാം അക്ഷമ കാണിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്? നന്മ പ്രവര്‍ത്തിക്കുവന്നവര്‍ക്ക് അതിനായി പുതിയ പുതിയ വാതയനങ്ങള്‍ തുറന്നുകൊടുക്കുന്നു എന്നത് അല്ലാഹുവിന്റെ അപാരമായ ഔദാര്യമാണ്. രോഗം ഇത്തരം ഘട്ടങ്ങളില്‍ വിശ്വാസിക്ക് അനുഗ്രഹമായി ഭവിക്കുന്നു. രോഗികള്‍ക്ക് അവരുടെ കഠിന രോഗം, ക്ഷമ എന്നിവക്ക് അനുയോജ്യമായ പ്രതിഫലം നല്‍കുന്നു. അതോടൊപ്പം രോഗം കാരണം തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കുറവ് വരുന്നു എന്നതുകൊണ്ട് അവര്‍ക്ക് നല്‍കുന്ന പ്രതിഫലം കുറക്കുന്നുമില്ല. മാത്രമല്ല, രോഗികളുടെ ആരാധനാ കര്‍മങ്ങളെ കര്‍മശാസ്ത്രം ഇളവുറ്റ രീതിയിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അബൂ മൂസല്‍ അശ്അരി (റ) നിവേദനം ചെയ്ത ഹദീസ് വായിക്കാം: ഒരടിമ രോഗിയാവുകയോ, യാത്രക്കാരനാവുകയോ ചെയ്താല്‍ അല്ലാഹു സ്ഥിരതാമസക്കാരനായ ആരോഗ്യവാനായ ഒരാള്‍ക്ക് നല്‍കുന്ന പ്രതിഫലം അവന് രേഖപ്പെടുത്തുന്നതാണ് (ബുഖാരി).

പാപങ്ങള്‍ക്ക് പരിഹാരം, പാരത്രിക ലോകത്തെ ഉന്നത പദവി, ക്ഷമയുടെ ഗിരിശൃംഖങ്ങളിലേക്കുള്ള പ്രയാണം തുടങ്ങി നിരവധി നേട്ടങ്ങളാണ് വിശ്വാസിയായ രോഗിക്ക് നേടാനാവുന്നത്. അവയെല്ലാം, അവന്റെ പാരത്രിക ജവിതത്തിന്റെ പുരോഗമനത്തെ സാധ്യമാക്കുന്നതുമാണ്. രോഗവുമായി ബന്ധപ്പെട്ട അയ്യൂബ് നബിയുടെ ചരിത്രം ഏറെ പ്രസ്താവ്യമാണ്. അല്ലാഹുവിന്റെ പ്രത്യേകമായ പദവിയിലേക്ക് അദ്ദേഹം നടന്നടുത്തത് പ്രസ്തുത രോഗത്തിലൂടെയാണ്. ഭൗതികമായ സുഖസൗകര്യങ്ങള്‍ക്കിടയില്‍ നിന്നും അയ്യൂബ് നബി (അ) രോഗത്തിന് കീഴ്‌പ്പെട്ടു. ശരീരത്തില്‍ പ്രത്യേക വ്രണം രൂപപ്പെടുകയും അവയവങ്ങള്‍ പൊടിഞ്ഞുപോവുകയും ചെയ്യുന്ന രോഗം. കാണുന്നവരിലെല്ലാം രോഗിയോട് നീരസം സൃഷ്ടിക്കുന്ന ഈ രോഗം ദിനംപ്രതി മൂര്‍ച്ചിക്കുകയും ബന്ധപ്പെട്ടവരെല്ലാം കയ്യൊഴിയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏക പത്‌നിമാത്രം പരിചരണത്തിനായി കൂടെ നില്‍ക്കുകയും ബാക്കിയുള്ളവരെല്ലാം ഉപേക്ഷിക്കുകയും ചെയ്തു. പതിനെട്ട് വര്‍ഷക്കാലം മാരകമായ രോഗത്തെ കുറിച്ച് ആവലാതിപ്പെടാതിരുന്നു. അല്ലാഹുവിനോട് പോലും. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ഭാര്യ കൂലിപ്പണിയെടുത്താണ് അതിജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ഒടുവില്‍, പൊതുസമൂഹത്തില്‍ അയ്യൂബ് നബിയുടെ പ്രവാചകത്വത്തെ കുറിച്ച് വലിയ കിംവദന്തി പ്രചരിച്ചു. ഒരു പ്രവാചകനെ ദൈവം പതിനെട്ട് വര്‍ഷം കരുണയുടെ സ്പര്‍ശമില്ലാതെ ഉപേക്ഷിക്കുമോ എന്ന ചോദ്യം പ്രതിയോഗികള്‍ ഉയര്‍ത്തിവിട്ടു. വിശ്വാസിയായ സുഹൃത്ത് മുഖാന്തരം ചോദ്യം അദ്ദേഹത്തിലുമെത്തി. തുടര്‍ന്ന് അല്ലാഹുവിനോട് ദുആ ചെയ്യുകയും അല്ലാഹു രോഗമുക്തി നല്‍കുകയും ചെയ്തു. പതിനെട്ടു വര്‍ഷക്കാലത്തെ ക്ഷമയും സഹനവും ആവലാതി ശൂന്യതയും കാരണം അല്ലാഹു അദ്ദേഹത്തെ കിടയറ്റ അടിമയായി പ്രഖ്യാപിച്ചു. അദ്ദേഹം ലോക മുസ്‌ലിമിന്റെ മാതൃകാപുരുഷനാവുകയും ചെയ്തു. അന്ധനായിരുന്ന അബ്ദുല്ലാഹി ബ്‌നു ഉമ്മി മക്തൂം(റ)ന്റെയും , ഇടക്കാലയളവില്‍ സംസാര ശേഷി നഷ്ടപ്പെട്ട ഇമാം ഗസ്സാലി(റ)യുടെയും രോഗാവസ്ഥകള്‍ അവരുടെ ആത്മീയമായ പുരോഗതിയില്‍ ഗണ്യമായ അവസരങ്ങളായിരുന്നു എന്നത് ചരിത്ര പാഠങ്ങളാണ്.

രോഗങ്ങളും നേട്ടങ്ങളും
സത്യവിശ്വാസിയെ ബാധിക്കുന്ന രോഗങ്ങള്‍ അവന്റെ ആത്മീയ വളര്‍ച്ചയെ ലക്ഷ്യംവക്കുന്നു എന്നു നാം സൂചിപ്പിച്ചു. വിവിധങ്ങളായ നേട്ടങ്ങളുടെ സമ്മേളനമായാണ് ഇത്തരം ആത്മീയ വളര്‍ച്ച സാധ്യമാകുന്നത്. ശരീരത്തെയും ഹൃദയത്തെയും ശുദ്ധീകരിക്കുകയും തിന്മകളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യലാണ് അവയില്‍ സുപ്രധാനമായ ഘടകം. രോഗം, ദുഃഖം തുടങ്ങി സത്യവിശ്വാസിയുടെ ഭൗതികതയെ പ്രതിരോധത്തിലാക്കുന്നവയെല്ലാം അവന്റെ പാപങ്ങളുടെ മോക്ഷമായി പരിവര്‍ത്തിപ്പിക്കപ്പെടും (മുസ്‌ലിം, 2573) എന്ന് നബി വചനം.
ലൗകികതയില്‍ ബാധിക്കുന്ന രോഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ പാരത്രികലോകത്തെ ഇരട്ടി പ്രതിഫലങ്ങളായി പരിവര്‍ത്തിക്കപ്പെടും. രോഗാവസ്ഥ ദൈവത്തിലേക്ക് അടുക്കാനുള്ള അവസരമായും മാറുന്നു. ഒരു ഖുദ്‌സിയായ ഹദീസില്‍ ഇങ്ങനെ വായിക്കാം: എന്റെ അടിമ രോഗിയായിട്ടും നിങ്ങളവനെ സന്ദര്‍ശിച്ചില്ല. സന്ദര്‍ശിച്ചിരുന്നെങ്കില്‍ എന്നെ നിങ്ങള്‍ക്കവിടെ കാണാമായിരുന്നു (മുസ്‌ലിം, 2569).
അല്ലാഹു തന്റെ അടിമയുടെ ക്ഷമയും സഹനശേഷിയും അളന്നെടുക്കുന്ന ഉപായമായും രോഗാവസ്ഥ മനസ്സിലാക്കപ്പെടണം. ഇത്തരം പരീക്ഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ക്ഷമയുടെ ശ്രേഷ്ഠത നമുക്ക് അന്യമാകുമായിരുന്നു. വലിയ പരീക്ഷണങ്ങളാണ് വലിയ പ്രതിഫലങ്ങളായി രൂപാന്തരപ്പെടുന്നതെന്ന തിരുവചനം തീര്‍ത്തും പ്രസ്താവ്യമാണ്. വിശ്വാസത്തിന്റെ ദൃഢത കാരണമായി വിശ്വാസി തന്റെ പരീക്ഷണങ്ങളില്‍ ക്ഷമപാലിച്ചാല്‍ അന്തിമ വിജയികളായ ക്ഷമാശീലരുടെ ചുവര്‍ ചിത്രങ്ങളില്‍ അവന്‍ രേഖപ്പെടുത്തപ്പെടുമെന്നും ഹദീസുണ്ട്.
രോഗിയായ വിശ്വാസി വിമുക്തിയെ പ്രതീക്ഷിക്കുമ്പോഴെല്ലാം ദൈവസന്നിധിയുമായി അവന്റെ ഹൃദയം ബന്ധപ്പെടുന്നു. ആതുരസേവകരെല്ലാം തന്നെ വിമുക്തിയുടെ സാധ്യത തള്ളിക്കളയുമ്പോഴും, അത്ഭുതകരമായി നാഥന്‍ തന്നെ സുഖപ്പെടുത്തുമെന്ന ഉത്തമ ബോധ്യം അടിമയില്‍ ശേഷിക്കുന്നു. നിങ്ങളെന്നില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ടേയിരിക്കുക (മത്‌നുല്‍ അര്‍ബഈന്‍) എന്നാണ് പ്രസിദ്ധമായ ഖുദ്‌സീ ഹദീസിന്റെ പൊരുള്‍. മാത്രമല്ല തന്റെ നാഥനെ കുറിച്ച് ശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്താനും ആ പ്രതീക്ഷ അവനെ പ്രേരിപ്പിക്കുന്നു.
രോഗപൂര്‍വകാലത്ത് ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായിട്ടുണ്ടെങ്കില്‍ അല്ലാഹു അവനെ പ്രതിഫലം നല്‍കി സഹായിക്കും. തന്റെ ബലഹീനതയും നിസ്സാരതയും മനുഷ്യന്‍ മനസ്സിലാക്കുന്നത് രോഗാവസ്ഥയിലാണ്. മാത്രമല്ല, അല്ലാഹുവിന്റെ വിശുദ്ധ അനുഗ്രഹമായ ആരോഗ്യത്തിന്റെ അനര്‍ഘത മനസ്സിലാക്കാന്‍ വിശ്വാസിയെ രോഗങ്ങള്‍ പ്രാപ്തനാക്കുന്നു. അനാരോഗ്യമാണ് ആരോഗ്യത്തിന്റെ വിലപറഞ്ഞു തരുന്നത്. രാത്രി പകലിന്റെ വില കൈമാറിത്തരുന്നത് പോലെ.
പ്രോക്ത ഘടകങ്ങളും അവയല്ലാത്തവയും ചേരുമ്പോള്‍ രോഗാതുരനായ വിശ്വാസി ആത്മീയ ഹര്‍ഷോന്മുഖനാവുന്നു. അല്ലാഹുവിന്റെ അനര്‍ഘമായ സാമീപ്യത്തിലേക്ക് അവന്‍ കുതിക്കുകയും ചെയ്യുന്നു. ആയതിനാല്‍, രോഗങ്ങളെ ശിക്ഷയായി മാത്രം കാണാതിരിക്കുക. രോഗങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് മനസ്സിലാക്കുക..

വാല്‍ക്കഷ്ണം:
സൂഫികളായിരുന്ന ശംസുദ്ധീന്‍ തിബ്‌രീസി(റ)യുടെയും റൂമി(റ)യുടെയും ഇടയിലെ ആത്മബന്ധത്തെ കാല്‍പനികമായി അവതരിപ്പിച്ച ഗ്രന്ഥമാണ് അലി ഷഫഖിന്റെ ഫോര്‍ട്ടി റൂള്‍സ് ഓഫ് ലൗ (പ്രണയത്തിന്റെ നാല്‍പത് നിയമങ്ങള്‍). അല്ലാഹുവിന്റെ പരമമായ ഇഷ്ടത്തെ സ്വരൂപിക്കാനുള്ള വ്യവസ്ഥകളാണ് വളരെ ഭാവനാത്മകമായി ഗ്രന്ഥത്തില്‍ രചിക്കപ്പെട്ടിരിക്കുന്നത്. അവയില്‍ സുപ്രധാനമായ ഒരു വാചകം ഇങ്ങനെ വായിക്കാം: നല്‍കപ്പെട്ടതില്‍ മാത്രമല്ല, നിഷേധിക്കപ്പെട്ടതിനെ പര്യലോചിച്ച് സന്തോഷിക്കുന്നവനാണ് സൂഫി.