പോപ്പുലര്‍ ഫ്രണ്ട് മതേതര സമൂഹം ഇനിയും ഉണരട്ടെ…

1545

ഭയത്തില്‍ നിന്ന് മോചനമെന്ന മുദ്രാവാക്യമുയര്‍ത്തിയവര്‍, ഒടുവില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ അരക്ഷിതത്വത്തിലാക്കി ഒളിവില്‍ പോയിരിക്കുകയാണ്. 2022 തുടക്കത്തില്‍ മീഡിയ വണ്‍ ചാനല്‍ നേരിട്ട വിലക്കിനു ശേഷം ഏറ്റവും കൂടുതല്‍ മതേതര വാദികള്‍ സ്വാഗതം ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് നിരോധനമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ ഭരണഘടനാപരമായ അനീതിയുണ്ടാകാം, എന്നാല്‍, പോപ്പുലര്‍ ഫ്രണ്ട് നിലനില്‍ക്കുന്നതില്‍ യാതൊരു നീതിയുമില്ല എന്ന് അസന്നിഗ്ധമായി പറയാന്‍ കഴിയും. മറുവശത്ത് ആര്‍.എസ്.എസും അമിത്ഷായുമാണെന്ന് കരുതി പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ന്യായമില്ലാതാകുന്നില്ല. ആര്‍.എസ്.എസ് നിരോധിക്കാത്തത് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാതിരിക്കാനുള്ള കാരണവുമല്ല. മറിച്ച് ആര്‍.എസ്.എസിനെതിരെ ഒന്നുകൂടി ശക്തിയായി, ബാലന്‍സിംഗില്ലാതെ ശബ്ദമുയര്‍ത്താനുള്ള അവസരമായി ഈ നിരോധനം വഴിയൊരുക്കും.
പോപ്പുലര്‍ ഫ്രണ്ട് നിലനില്‍ക്കണമെന്ന് ജനാധിപത്യമര്യാദയുടെ പേരില്‍ പോലും സാധൂകരിക്കാന്‍ മുസ്ലിം മത സംഘടനകളോ, മുസ്ലിം ലീഗോ തയ്യാറാവാത്തത് തീവ്രവിഷത്തെ തിരിച്ചറിഞ്ഞത് കൊണ്ടാണ്. ജമാഅത്തെ ഇസ്ലാമി ഒളിഞ്ഞും തെളിഞ്ഞും പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ കൊടുക്കുന്നത് എന്‍.ഡി.എഫുമായുള്ള ആലമുല്‍ അര്‍വാഹിലെ (പിറവിക്ക് മുന്‍പേയുള്ള ആശയ ബന്ധങ്ങളുടെ ലോകം) അഭേദ്യമായ ബന്ധത്തിന്റെ പേരിലാണെന്ന് മനസ്സിലാക്കാന്‍ കുഴിമന്തി കഴിക്കേണ്ട കാര്യമില്ലല്ലോ. മൃദു ഇസ്ലാമിസ്റ്റ് നയമാണ് ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ പയറ്റുന്നത്. പോപ്പുലര്‍ ഫ്രണ്ട് വേട്ടയെ മുസ്ലിം വേട്ടയായി ചിത്രീകരിക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമം ഇതിനോടകം വൃഥാവിലായിട്ടുണ്ട്.
അസ്വസ്ഥതയില്‍ നിന്നാണ് എല്ലാ സാമൂഹിക ദ്രോഹങ്ങളും ഉടലെടുക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും തുടക്കം സാമൂഹിക അസ്വസ്ഥതയെ സൃഷ്ടിച്ചും മുതലെടുത്തും തന്നെയായിരുന്നു. വിശാല മുസ്ലിം സംഘശക്തി എന്ന ആശയം ഉയര്‍ത്തിയവരൊക്കെ ആളുകളിലെ ഭയത്തെയാണ് ചൂഷണം ചെയ്തത്. ‘സത്യം തന്നെ അപകടത്തിലാകുമ്പോള്‍ സത്യത്തിന്റെ വ്യാഖ്യാനത്തിനായി പോരാടരുത്’ എന്ന ഉമ്മത്തീവാദത്തിന്റെ അടിസ്ഥാനം തന്നെ, തങ്ങള്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയമാണെന്ന് കാണാന്‍ കഴിയും. ആ ഭയത്തില്‍ നിന്നാണ് വിശാല മുസ്ലിം ഐക്യമെന്ന ആശയം ഉത്ഭവിക്കുന്നത്. അല്ലാതെ ഐക്യ ചിന്തയില്‍ നിന്നല്ല. അതുകൊണ്ടാണ് ഈ വാദമുയര്‍ത്തിയവരെല്ലാം തന്നെ (Nondenominational Muslim / Just Muslim) പിന്നീട് മതത്തിനുള്ളില്‍ പുതിയ വിഭാഗീയത ഉണ്ടാക്കിയതായി കാണാന്‍ കഴിയുന്നത്. കള്‍ച്ചറല്‍ മുസ്ലിംകളായി പരിവര്‍ത്തനപ്പെടുകയും പിന്നീട് മുസ്ലിമിന്റെ യാതൊരു ഗുണങ്ങളുമില്ലാതെ, ആത്മീയ സ്വത്വം നഷ്ടപ്പെട്ട് ശത്രുവിനെ മാത്രം പ്രതീക്ഷിച്ച് കഴിയുന്നവരായി അധ:പതിക്കുകയും ചെയ്യുന്നവരാണ് തീവ്രവാദികളാകുന്നത് എന്ന് ഇതൊക്കെ ചേര്‍ത്തു വായിക്കുമ്പോള്‍ സാമാന്യം ആര്‍ക്കും ബോധ്യമാകും.
ഒരു ആശങ്കയെ നിര്‍മിച്ച്, അതിനെ ശത്രുവായി പ്രതിഷ്ഠിച്ച്, കേവലം ശത്രു കേന്ദ്രീകൃത സമൂഹമായി ന്യൂനപക്ഷങ്ങളെ തളച്ചിടാനുള്ള തന്ത്രത്തിന്റെ പേരായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. മനുഷ്യ വൈകാരികതയെ ഉണര്‍ത്തി സമാധാനം തകര്‍ക്കുക എന്ന പൊളിറ്റിക്കല്‍ അജണ്ടയുടെ ഏറ്റവും ഒടുവിലെ ഉദാഹരണത്തിനാണ് കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് തിരശ്ശീല വീണത്. നിരന്തരം നിരാശയും ഭീതിയും ഉയര്‍ത്തി ജനങ്ങളെ പരിഭ്രാന്തരാക്കിയാണ് ലോക ചരിത്രത്തില്‍ നാളിതുവരെ എല്ലാ ഇരവാദ പ്രസ്ഥാനങ്ങളും പിറവി കൊണ്ടത്. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ ഭയന്ന് ജീവിക്കുന്ന രണ്ടാംകിട പൗരരായി ഒരു വിഭാഗം ജനങ്ങളെ മാറ്റുക എന്നത്, ഒരേ പോലെ ഹിന്ദുത്വ വര്‍ഗീയ അജണ്ടയുടെ വിജയവും തീവ്ര ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ള വളവുമാണ്.
സംഘടന നിരോധിക്കപ്പെട്ടെങ്കിലും, തീവ്ര ആശയ പ്രചാരകര്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുകയും, പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ അഭയകേന്ദ്രമായ എസ്.ഡി.പി.ഐയിലൂടെ തന്നെ പ്രവര്‍ത്തനം തുടരുകയും ചെയ്താല്‍ വിലക്ക് എന്നത് കേവലമൊരു ലീഗല്‍ പേപ്പറില്‍ ഒതുങ്ങും. പല പല പേരുകളിലും, രൂപങ്ങളിലും, പ്രത്യക്ഷപ്പെടാന്‍ പ്രത്യേക മിടുക്കുള്ള ഇക്കൂട്ടരെ ആശയപരമായി ഇല്ലാതാക്കുമ്പോള്‍ മാത്രമേ നിരോധനം പൂര്‍ണമാവുന്നുള്ളൂ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങളും ഒരു കാലത്തും തീവ്രവാദത്തിന്റെ നിഴലില്‍ പോലും വരാത്തവരാണ്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെ പോലെയുള്ളവരുടെ പ്രവര്‍ത്തനം ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ മേല്‍, ഒരു കരിനിഴലായാണ് അവശേഷിച്ചത്.
എന്‍.ഡി.എഫിന്റെ തുടക്ക കാലം മുതല്‍, ഒടുവില്‍ പുകമറയുടെ രാഷ്ട്രീയ കുപ്പായം അണിയാന്‍ ശ്രമിച്ചപ്പോള്‍ വരെ നിതാന്ത ജാഗ്രതയോടെ മുസ്ലിം സമുദായം പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയും പടിക്കുപുറത്ത് നിര്‍ത്തിയത് കൊണ്ടാണ് ഒരു വലിയ വിപത്തില്‍ നിന്ന് രാജ്യവും ജനങ്ങളും രക്ഷപ്പെട്ടത്. ന്യൂനപക്ഷ വിഷയങ്ങളിലൊക്കെ എടുത്തുചാടി ഇടപെട്ട് വഷളാക്കി, ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ജോലി എളുപ്പമാകുന്ന കലാപരിപാടികളാണ് ഇക്കാലം വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഒരു നാണയത്തിന്റെ ഇരു വശങ്ങളായി പ്രവര്‍ത്തിച്ചു പോന്ന, ആര്‍.എസ്.എസ് ആയിരിക്കും
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിലെ
‘The Most affected people’. കാരണം മുസ്ലിം പക്ഷത്തെന്ന വ്യാജേന, നിലയുറപ്പിച്ച് ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്ക് സഹായം നല്‍കാന്‍ ഇനി പോപ്പുലര്‍ ഫ്രണ്ടില്ല എന്നത് തന്നെ. കര്‍ണാടകയില്‍ ഒരു കാമ്പസില്‍ മാത്രം ഒതുങ്ങേണ്ട ഹിജാബ് വിഷയത്തെ സുപീം കോടതി വരെ എത്തിച്ചും, പ്രവാചകരെ നിന്ദിച്ച തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടി വിഷയത്തിന്റെ മെറിറ്റ് വഴിതിരിച്ച് വിട്ടും, നാളിതുവരെ വളരെ എളുപ്പത്തില്‍ നടന്നു പോന്നിരുന്ന മതംമാറ്റങ്ങളെ ഹാദിയ വിഷയത്തിലൂടെ പ്രശ്നവത്കരിച്ചും, കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതികളെ സഹായിച്ചും, പാലത്തായി പീഢന കേസില്‍ ഒത്തുകളിച്ചും, ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിങ്ങളെ ദ്രോഹിക്കുന്ന, പൊതു സമൂഹത്തെ മുസ്ലിം വിരുദ്ധമാക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഇല്ലാതാകുന്നത് ഹിന്ദുത്വ ശക്തികള്‍ക്ക് തീരാനഷ്ടം തന്നെയാണ്. മാത്രമല്ല, ചെയ്ത ഒരു കാര്യത്തിന്റെയും പിതൃത്വം ഏറ്റെടുക്കാന്‍ പോലും നട്ടെല്ലില്ലാത്ത ഭീരുക്കളാണ് സമുദായ സംരക്ഷണത്തിനായി ഇറങ്ങിയതെന്നാണ് മറ്റൊരു വിരോധാഭാസം.
മുസ്ലിം ലീഗിനെ ഒതുക്കാന്‍ ഐ.എന്‍.എലിനെയും, പി.ഡി.പി.യെയും, ജമാഅത്തെ ഇസ്ലാമിയെയും, പോപ്പുലര്‍ ഫ്രണ്ടിനേയും പാലൂട്ടി വളര്‍ത്തിയ എല്‍.ഡി.എഫും, പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും സംഘശക്തിയാണെന്ന് തെറ്റിദ്ധരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒപ്പം ചേര്‍ത്ത് മതേതര സമൂഹത്തിന്റെ വോട്ട് പാഴാക്കിയ യു.ഡി.എഫും ഈ പാപത്തിന്റെ അപ്പക്കഷ്ണം പങ്കിടട്ടെ. നാളെ നമ്മെയും വേട്ടയാടിയേക്കാം, ജയിലില്‍ അടച്ചേക്കാം, കൊല ചെയ്തേക്കാം എന്ന് കരുതി ഒരു വര്‍ഗീയതയെയും പിന്തുണയ്ക്കാന്‍ മുസ്ലിം സമുദായത്തെ കിട്ടില്ലെന്ന്, തീവ്രവാദികളുടെ മുഖത്ത് നോക്കി ധീരമായി പറയാന്‍ മുസ്ലിം സമുദായത്തിന് കഴിഞ്ഞിരിക്കുന്നു. അത് ഗവണ്‍മന്റ് ശരിവെച്ചിരിക്കുന്നു. അതില്‍ കവിഞ്ഞ് യാതൊരു പ്രത്യേകതയും ഈ നിരോധനത്തിനില്ല. ഇന്ത്യന്‍ ജയിലുകളെ പോലും ഭയന്ന് മെഴുകുതിരി വെളിച്ചം ഊതിക്കെടുത്തി ഇരുട്ടറയില്‍ കഴിയുന്ന ഭീരുക്കള്‍ തിരിച്ചു വന്നാല്‍ അവരോട് പറയണം… ‘ശഹീദാവാന്‍ ഇഷ്ടമാണെന്ന്’ പറഞ്ഞാണ് പലരെയും നിങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടാക്കിയതെന്ന്.

ഷബിന്‍ മുഹമ്മദ്