പ്രതീക്ഷയുടെ ആകാശം അകലെയല്ല…

1593

ലക്ഷദ്വീപില്‍ ജനസംഖ്യ നിയന്ത്രണമുള്‍പ്പെടെയുള്ള പുതിയ നയങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിലൂടെ ആത്യന്തികമായി ലക്ഷ്യംവക്കുന്നതെന്താണ് ?
ജനസംഖ്യാ നിയന്ത്രണം പോലെ വിദൂരപ്രത്യാഘാതങ്ങളുള്ള ഒരു പുതിയ നയം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍, തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കേണ്ട ഉത്തരവാദിത്തം നിലവിലെ ഭരണകൂടത്തിനുണ്ട്. അത്തരമൊരു സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ ഏതൊരു സര്‍ക്കാരിനും മുന്നോട്ടു പോകാനാകൂ.


ഈ നയത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്താണ് ?
ദ്വീപ് നിവാസികളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലക്ക് ഈ വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍ ചേര്‍ന്ന് അഭിപ്രായ സ്വരൂപണം നടത്താന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അധികൃതര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും സമര്‍പ്പിക്കും.


മദ്യവില്‍പ്പന സര്‍വത്രികമാക്കാനുള്ള നീക്കം ദ്വീപ് സമൂഹത്തെ എങ്ങനെ ബാധിക്കും…?
ജനവാസമില്ലാത്ത ദ്വീപുകളിലാണ് നിലവില്‍ മദ്യം ലഭ്യമാകുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാനുള്ള ശ്രമങ്ങള്‍ ഏറെ പ്രതിഷേധര്‍ഹമാണ്. ആള്‍ത്താമസമുള്ള ദ്വീപുകളില്‍ മദ്യം നല്‍കരുതെന്നാണ് നമ്മുടെ അഭിപ്രായം. ഇത് സാംസ്‌കാരത്തേയും,ജീവിത ചുറ്റുപാടുകളേയും മോശമായി ബാധിക്കും. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവര്‍ പറയുന്ന ന്യായം. എന്നാല്‍, ഇതിലൂടെ വിനഷ്ടമാകുന്ന തദ്ദേശ ജനവിഭാഗങ്ങളുടെ സംരക്ഷണം ആരുറപ്പ് വരുത്തും..? ജനവാസകേന്ദ്രങ്ങളില്‍ മദ്യം സര്‍വത്രികമാക്കാനുള്ള നീക്കം അനുവദിക്കാനാവില്ല.


ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ താമസിക്കുന്ന ദ്വീപില്‍ ബി.ജെ.പി ക്കും സഖ്യകക്ഷികള്‍ക്കും വേരുറപ്പിക്കാന്‍ സാധിക്കുന്നതിന്റെ സാമൂഹിക-രാഷ്ട്രീയ കാരണങ്ങള്‍ എന്തെല്ലാം?

ഒരു ജനാധിപത്യ സമൂഹത്തില്‍ ഏതൊരു പൗരനും സ്വന്തം രാഷ്ട്രീയദര്‍ശങ്ങളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നുണ്ട്. ജനങ്ങള്‍ക്കിടയിലുള്ള പിന്തുണയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിത്തറ. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഭയാനകമായ സാഹചര്യത്തിന്റെ അനുരണനങ്ങള്‍ ദ്വീപിലുമുണ്ട്. പലപ്പോഴും അതൊരു ആരോഗ്യപരമായ ജനാധിപത്യ സമൂഹത്തിന്റെ അതിരുകള്‍ ലംഘിക്കുന്നുണ്ടുതാനും.


അവസാനമായി നടന്ന രണ്ടു ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും താങ്കള്‍ ലക്ഷദ്വീപില്‍ നിന്നു പരാജയപ്പെട്ടു. സഈദ് സാഹിബിനു മുമ്പും ശേഷവുമുള്ള ദ്വീപിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എങ്ങനെ വിലയിരുത്തുന്നു ?
1967 മുതല്‍ 2007 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായി പത്തു തവണ സഈദ് സാഹിബ് ദ്വീപ് സമൂഹത്തെ പ്രതിനിധീകരിച്ചു. പതിനൊന്നാം തവണ പരാജയയപ്പെട്ടെങ്കിലും രാജ്യസഭയിലെത്തി. ഇതിനിടെ അധികാരത്തിന്റെ ഇടനാഴികളില്‍ പല പദവികള്‍ അദ്ദേഹം അലങ്കരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഒരു തവണ ദ്വീപ് സമൂഹം എന്നെ അവരുടെ പ്രതിനിധിയായി തെരഞ്ഞെടുത്തയച്ചു. പക്ഷേ, 2014 ല്‍ ബി.ജെ.പി ഗവണ്മെന്റ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രഭരണപ്രദേശങ്ങളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ വരുന്നത്. നിഷ്പക്ഷരായി ഭരണം നിര്‍വഹിക്കേണ്ടവര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുന്ന കാഴ്ച അക്ഷരാര്‍ഥത്തില്‍ ഏറെ നടുക്കമുളവാക്കുന്ന ഒന്നായിരുന്നു. നിയമവാഴ്ചയുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യം സംജാതമായിരിക്കുന്നു. ഏറെ ഞെട്ടിക്കുന്ന ഒരു തീരുമാനം ഗവണ്മെന്റ് നിയമനവുമായി ബന്ധപ്പെട്ടതാണ്. മുമ്പ് ദ്വീപുകാര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ട ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികളിലേക്കുള്ള നിയമനങ്ങള്‍ അഖിലേന്ത്യാതലത്തിലേക്ക് വ്യാപിപ്പിക്കുന്നതീരുമാനം ദ്വീപ് നിവാസികള്‍ ഭരണരംഗത്തേക്ക് വരുന്നത് തടയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഭരണകൂടം ഒരു ഏകാധിപത്യ സ്വഭാവത്തിലേക്കു നീങ്ങുന്നു. വിധിനിര്‍ണയാധികാരം കേരള ഹൈക്കോടതിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടത്തിലേക്ക് മാറ്റുന്നതും ഇത്തരം താല്‍പര്യങ്ങളുടെ ഭാഗമാണെന്ന് ഊഹിക്കേണ്ടി വരും. ദ്വീപിലെ രാഷ്ട്രീയസാഹചര്യം മാറിമറിയുന്നതിനു പിന്നില്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് വലിയ പങ്കുണ്ട്.


കേരളത്തോട് അടുത്ത് നില്‍ക്കുമ്പോഴും അത്തരമൊരു രാഷ്ട്രീയ സാഹചര്യം എന്തുകൊണ്ട് ലക്ഷദ്വീപില്‍ രൂപപ്പെട്ടു വരുന്നില്ല.?
കാരണം ലളിതമാണ്. കേരളം ഒരു സ്വതന്ത്ര്യസംസ്ഥാനമാണ്. ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമാണ്. നമുക്ക് സ്വയം തീരുമാനമെടുക്കാന്‍ നിര്‍വാഹമില്ല. ഒരു കപ്പലോടിക്കണമെങ്കില്‍ പോലും കേന്ദ്രഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തെപ്പോലെ കൃത്യമായൊരു രാഷ്ട്രീയബോധം ദ്വീപിലില്ല.


അധികാരകേന്ദ്രങ്ങളില്‍ ആഴത്തില്‍ വേരുറച്ച ബന്ധങ്ങള്‍ സഈദ് സാഹിബ് ദ്വീപുകാര്‍ക്ക് വേണ്ടി എങ്ങനെയാണ് ഫലപ്രദമായി വിനിയോഗിച്ചത്….?
ഒരു വൈവിധ്യ ജനസമൂഹമെന്ന നിലയില്‍ ലക്ഷദ്വീപിനെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയത് സഈദ് സാഹിബാണ്. കൃത്യമായ ഇടപെടലുകളിലൂടെ ഒരു ജനസമൂഹത്തിനാകെ ദിശാബോധം നല്‍കുവാന്‍ അദ്ദേഹത്തിനായി. ദ്വീപിന് പുറത്തും ഇന്ത്യന്‍ പൊതുസമൂഹത്തെ ഒന്നാകെ ഇളക്കിമറിച്ച വിഷയങ്ങളില്‍ വിശിഷ്യാ ബാബരി മസ്ജിദിന്റെ തകര്‍ച്ച, മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് തുടങ്ങിയ വിഷയങ്ങളില്‍ ഒരു സംയമനത്തിന്റെ വഴി സ്വീകരിക്കാന്‍ അദ്ദേഹത്തിനായി.


വര്‍ത്തമാനകാല സമൂഹത്തില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹം കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം നില്‍ക്കേണ്ടതിന്റെ സാംഗത്യം എത്രത്തോളമാണ് ? പ്രത്യേകിച്ച് മൃദുഹിന്ദുത്വമെന്ന ആരോപണം ഒരു വശത്തും, കൂറുമാറ്റം എന്ന യാഥാര്‍ഥ്യം മറുവശത്തും നിലനില്‍ക്കുമ്പോള്‍ ?
ഇത്ര കാലവും ഇന്ത്യയിലെ ന്യൂനപക്ഷസമൂഹങ്ങളെ സംരക്ഷിച്ചു നിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയായിരുന്നല്ലോ.. ഒരു ജനാധിപത്യപാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വഭാവികമാണ്. പാര്‍ട്ടി നയങ്ങള്‍ ഒരിക്കലും ഒരു വിഭാഗത്തിനും എതിരല്ല… എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്നുള്ളതാണ് കോണ്‍ഗ്രസിന്റെ സൗന്ദര്യം.


ദ്വീപിലെ മതപരമായ-സംഘടനാ വിഷയങ്ങളില്‍ അങ്ങ് കൃത്യമായ പക്ഷംപിടിച്ചതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനോടുള്ള പ്രതികരണം ?
ഒരിക്കലുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ള ആളുകളുമുണ്ട്. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുള്ളതു കൊണ്ട് ഞാന്‍ പക്ഷം പിടിച്ചു എന്ന ആരോപണം തന്നെ അവാസ്തവമാണ്. സംഘര്‍ഷങ്ങളെ ലഘൂകരിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഒരു ആധികാരിതയുമില്ല.
തിരിച്ചു മടങ്ങുമ്പോള്‍ ഹംദുല്ല സഈദ് ആത്മവിശ്വാസത്തില്‍ തന്നെയാണ്. അന്തകാരം നിറഞ്ഞ കടലലകള്‍ക്കു മുകളില്‍ എന്നെങ്കിലുമൊരിക്കല്‍ പ്രതീക്ഷയുടെ തെളിമാനം ഉയര്‍ന്നു വരുമെന്ന പ്രതീക്ഷയാണ് അദ്ദേഹം.

ഹംദുല്ല സഈദ്/അസ്ഹറുദ്ധീന്‍. പി, ജാമിഅഃ മില്ലിയ ഇസ്‌ലാമിയ്യ