ബൈത്തുല്‍ മാല്‍; സാമ്പത്തിക അച്ചടക്കത്തിന്റെ ശോഭന ചിത്രങ്ങള്‍

2936

2020 വര്‍ഷത്തെ അമേരിക്കയുടെ സാമ്പത്തിക ഭദ്രത 4.5 ട്രില്ല്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. കാലങ്ങളായി ലോകത്തെ വന്‍ സാമ്പത്തിക ശക്തികളായി നിലകൊള്ളുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയാണിത്. എന്നാല്‍, ചരിത്രം പരിശോധിക്കുമ്പോള്‍ ഇബ്‌നു ഖല്‍ദൂന്‍(ഹി. 808 വഫാത്ത്) തന്റെ മുഖദ്ദിമയില്‍ പറയുന്നതു പ്രകാരം ഹിജ്‌റ വര്‍ഷം 350ല്‍ സ്‌പെയിനിലെ അമവി ഭരണകൂടത്തിന്റെ പൊതുഖജനാവിലെ വരുമാനം ഇന്നത്തെ അമേരിക്കയുടെ വരുമാനത്തിന്റെ പകുതിയിലധികമുണ്ടെന്നു കാണാം. ഏകദേശം ഇന്നത്തെ 2.5 ട്രില്ല്യണ്‍ ഡോളര്‍!. ഇന്നത്തെ അമേരിക്കയും അന്നത്തെ അമവി ഭരണകൂടവും തമ്മിലുള്ള താരതമ്യത്തിലെ ശരിതെറ്റുകള്‍ക്കപ്പുറം ഇസ്‌ലാമിക നാഗരികതയുടെ സമ്പന്നമായ ചിത്രം ഇത് വരച്ചുകാട്ടുന്നുണ്ട്. ഇതിലേറെ അതിശയോക്തിജനകമായ അടരുകളൊരുപാട് നമ്മുടെ നാഗരികതയില്‍ കാണാം. 2012 ല്‍ ചരിത്രത്തിലെ സാമ്പത്തിക സാന്നിധ്യത്തെക്കുറിച്ച് നടത്തപ്പെട്ട വെസ്റ്റേണ്‍ പഠനങ്ങള്‍ പ്രകാരം, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലി മുസ്‌ലിം ഭരണാധികാരിയായ മന്‍സാ മൂസ(ഹി. 737 വഫാത്ത്)യാണ് ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അറിയപ്പെടുന്നത്! 4.6 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ സമ്പത്തിന്റെ ഉടമയായിരുന്ന റോമന്‍ ചക്രവര്‍ത്തി സീസറെ(ബി.സി 14 നൂറ്റാണ്ട്)ക്കാള്‍ കൂടുതലാണത്രെ മാന്‍സ മൂസയുടെ സമ്പാദ്യം. വടക്കന്‍ നൈജീരിയ മുതല്‍ അറ്റ്‌ലാന്റിക് വരെ നീണ്ടുകിടന്നിരുന്ന തന്റെ പ്രവിശാലമായ ഭരണപ്രദേശത്തെ ബൈത്തുല്‍ മാല്‍ കൊണ്ടാണ് അദ്ദേഹം ഇത്രമേല്‍ സമ്പന്നനായതെന്ന് വ്യക്തമാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ പൊതുഖജനാവ് സംവിധാനം, സാമ്പത്തിക വ്യവഹാരങ്ങള്‍, നയനിലപാടുകള്‍ തുടങ്ങിയവക്ക് ഇന്നത്തെ സംവിധാങ്ങളുമായി ഏറെ സാമ്യതകള്‍ കാണാം. അത്രമേല്‍ ദീര്‍ഘദൃഷ്ടിയുള്ളവരും ധിഷണാശാലികളുമായിരുന്നു പൂര്‍വകാല ചരിത്രത്തില്‍ കടന്നുപോയവര്‍. പില്‍ക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, മുസ്‌ലിം രാഷ്ട്രങ്ങളുടെ സമ്പത്തിനെക്കുറിച്ചുള്ള ഈ സങ്കല്‍പങ്ങള്‍ക്കു പിന്നില്‍ ഒരുപാട് സാമ്പത്തിക നയങ്ങളും നിരീക്ഷണങ്ങളും കാണാം. ഇന്നത്തെ ധനകാര്യ മന്ത്രാലയങ്ങള്‍ക്കും ബാങ്കുകള്‍ക്കും മറ്റു പരിഷ്‌കൃത സാമ്പത്തിക സൗകര്യങ്ങള്‍ക്കും തുല്യമായ ബൈത്തുല്‍ മാല്‍ സംവിധാനമായിരുന്നു അന്ന് അത്തരം നയങ്ങളുടെ കേന്ദ്രമായി വര്‍ത്തിച്ചത്. വിശേഷിച്ച് ബാങ്ക് ലോക്കറുകള്‍ പോലോത്ത സംവിധാനങ്ങള്‍ക്കു പോലും ഇസ്‌ലാമിക ചരിത്രത്തില്‍ മാതൃകകള്‍ കാണാം. സാമ്പത്തിക വ്യവഹാരങ്ങളില്‍, എല്ലാത്തിലുമെന്നപോലെ ധാര്‍മികതയും സുതാര്യതയും നൈതികതയുമായിരുന്നു അടിസ്ഥാപരമായി മുസ്‌ലിം ഭരണാധികാരികള്‍ പരിഗണിച്ചു പോന്നത്. ഇതിലെ ധാര്‍മികതയും നൈതികതയും സംബന്ധിച്ചുള്ള അന്നത്തെ പൊതുബോധം എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ‘ഞങ്ങള്‍ രാജാവിന്റെ സ്വത്തുസംരക്ഷകരാണെങ്കിലും മുസ്‌ലിംകളുടെ സ്വത്തുസംരക്ഷകര്‍ കൂടിയാണ്’ എന്ന അന്നത്തെ ബൈത്തുല്‍ മാലുകളിലൊന്ന് കൈകാര്യം ചെയ്തിരുന്നയാളുടെ വാക്കുകള്‍ മാത്രം മനസ്സിലാക്കിയാല്‍ മതി. ‘മുസ്‌ലിംകളുടെ സമ്പത്ത്’ അല്ലെങ്കില്‍ ‘പൊതുസമ്പത്ത്’ എന്ന പ്രയോഗത്തിന്റെ അര്‍ഥം ഈ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. മുസ്‌ലിംകളുടെ നിത്യജീവിതമായി അത്രമേല്‍ താദാത്മ്യം പുലര്‍ത്തിയിരുന്നു എന്നതു കൊണ്ട് തന്നെ, ഇടപാടുകളുടെയും വിനിമയങ്ങളുടെയും കര്‍മശാസ്ത്രം ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിച്ച, ഏറ്റവുമാദ്യം ക്രോഡീകരിക്കപ്പെട്ട കര്‍മശാസ്ത്രങ്ങളിലൊന്നാണെന്നു കാണാം. ഇസ്‌ലാമിക രാഷ്ട്രങ്ങളും മുസ്‌ലിം സമൂഹവും ഖുലഫാഉറാശിദുകളുടെ കാലം മുതല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാനകാലം വരെ നടത്തിപ്പോന്നിരുന്ന സാമ്പത്തിക വ്യവഹാരങ്ങള്‍ മനസ്സിലാക്കാതെ ഇസ്‌ലാമിക നാഗരികത പഠിക്കുക അസാധ്യമാണ്. ചെറിയ രീതിയില്‍ ആ ചരിത്രം മനസ്സിലാക്കാം.

പുരാതന സംവിധാനം
നബി(സ) തങ്ങളുടെ കാലത്തുതന്നെ ‘പൊതുമുതല്‍’ എന്ന ചിന്ത മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്നു. പൊതുമുതല്‍ സംബന്ധമായ ഉമറി(റ)ന്റെ ദര്‍ശനത്തിന്റെ ചുരുക്കം ഉത്തരവാദപ്പെട്ടവരുടെ കൈയ്യില്‍ നിന്ന് ശേഖരിക്കുകയും അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുകയും ചെയ്യുന്നതോടൊപ്പം നാടിന്റെ നന്മക്കാവശ്യമായ വിഹിതം ബാക്കിവക്കുകയും ചെയ്യുകയെന്നതാണ്. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ ഖാള്വില്‍ ഖുള്വാത്ത് (ന്യായാധിപന്മാരുടെ തലവന്‍) ആയ ഖാള്വി അബൂ യൂസുഫ്(ഹി. 182 വഫാത്ത്) തന്റെ ‘കിതാബുല്‍ ഖറാജി’ ല്‍ വിശദീകരിച്ചതും സമാനമായ ആശയമായിരുന്നു. ആധുനിക രാഷ്ട്രങ്ങള്‍ക്കിടയിലെ ധനകാര്യ മന്ത്രാലയത്തിനു തുല്യമായിരുന്നു അന്നത്തെ ബൈത്തുല്‍ മാല്‍ സംവിധാനമെന്നു മനസ്സിലാക്കാം. ടാക്‌സ് പിരിക്കുന്ന സംവിധാനവും(ദീവാനുല്‍ ഖറാജ്) ചെലവുകള്‍ കൈകാര്യം ചെയ്യുന്ന ദൗത്യവും (ദീവാനുന്നഫഖാത്ത്) എല്ലാം കൈകാര്യം ചെയ്യപ്പെട്ടിരുന്നത് ഇതിനു കീഴില്‍ തന്നെയായിരുന്നു. ഇബ്‌നു ഖല്‍ദൂന്‍ തന്റെ മുഖദ്ദിമയില്‍ ബൈത്തുല്‍ മാല്‍ സംവിധാനത്തിന്റെ ആവശ്യകത വിവരിച്ചു പറയുന്നു: ‘രാജാവിന്റെ അനിവാര്യ ചുമതലകളിലൊന്നാണ് ബൈത്തുല്‍ മാല്‍. ചുങ്കം പിരിക്കലും രാഷ്ട്രത്തിന്റെ വരവു ചെലവുകള്‍ കൈകാര്യം ചെയ്യലും സൈന്യത്തിന്റെ വേതനങ്ങള്‍ നിശ്ചയിക്കലും അവയൊക്കെ കൃത്യസമയത്ത് കൃത്യമായി കൊടുത്തുവീട്ടലുമാണ് അതിന്റെ ദൗത്യം’.
സാമ്പത്തികരംഗത്തെ സുതാര്യതയുടെ ആവശ്യകത മനസ്സിലാക്കിയതിന്റെ ഫലമായി സിദ്ദീഖി(റ) ന്റെ കാലത്തുതന്നെ ബൈത്തുല്‍ മാല്‍ സംവിധാനം നിലവില്‍ വന്നിരുന്നു. പക്ഷേ, അന്ന് ഖജനാവിന് കാവല്‍ക്കാരെ നിറുത്തുന്ന സംവിധാനം ആരംഭിച്ചിരുന്നില്ല. കാവല്‍ക്കാരെ നിറുത്താത്തതിന്റെ കാരണം ആരാഞ്ഞപ്പോള്‍ ‘അതിന് പൂട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(ത്വബഖാത്തുല്‍ കുബ്‌റാ, മുഹമ്മദ് ബിന്‍ സഅദ്). പിന്നീട് വികസിത രൂപത്തില്‍ ഒരു സ്വതന്ത്ര്യ സ്ഥാപനമായി ബൈത്തുല്‍ മാല്‍ നിലവില്‍ വരുന്നത് ഉമറുല്‍ ഫാറൂഖി(റ) ന്റെ കാലത്താണ്. അദ്ദേഹമാണ് ചുങ്കം(ഖറാജ്) പിരിവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയതും അര്‍ഹരായ ആള്‍ക്കാരുടെ പേരുവിവരപ്പട്ടിക ‘ദീവാനുല്‍ അത്വാഅ്’ സ്ഥാപിച്ചതും. ഹിജ്‌റ ഇരുപതാം വര്‍ഷം ബഹ്‌റൈനില്‍ നിന്ന് അഞ്ചു ലക്ഷം ദിര്‍ഹമുമായി അബൂ ഹുറൈറ(റ) വന്നതാണ് ഈയൊരു നീക്കത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് ഇബ്‌നുല്‍ ജൗസി(ഹി. 597 വഫാത്ത്) ‘ഉമറി(റ)ന്റെ വര്‍ത്തമാനങ്ങള്‍’ (അഖ്ബാറു ഉമര്‍) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഖലീഫ ബിന്‍ ഖയ്യാത്തിന്റെ(ഹി. 240 വഫാത്ത്) നിവേദന പ്രകാരം ചരിത്രത്തില്‍ കൃത്യമായി ഈ രജിസ്റ്റര്‍ സംവിധാനത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ഹിശാം ബിന്‍ വലീദ് ബിന്‍ മുഗീറ(ഹി. 41 വഫാത്ത്)യാണ്. അദ്ദേഹമാണ് ഈയൊരു നിര്‍ദേശം ഖലീഫക്കു മുമ്പില്‍ സമര്‍പ്പിച്ചതെന്നാണ് ചരിത്രം.
വ്യവസ്ഥാപിത രൂപം
കാലക്രമേണ ബൈത്തുല്‍ മാല്‍ സംവിധാനത്തിന്റെ നടത്തിപ്പും സംവിധാനവുമായും ബന്ധപ്പെട്ട് ആരോഗ്യകരമായ പല മാറ്റങ്ങളുണ്ടായിട്ടുണ്ട്. അമവി കാലത്താണ് ടാക്‌സ് രജിസ്റ്റര്‍(ദീവാനുല്‍ ഖറാജ്) ബൈത്തുല്‍ മാലില്‍ നിന്ന് വേര്‍തിരിയുന്നത്. രജിസ്റ്ററുകള്‍ പൂര്‍ണമായി അറബിവത്കൃതമായതും ഇക്കാലത്തായിരുന്നു. അബ്ബാസികളുടെ കാലത്ത് കലാപരവും മറ്റുമായ പല മാറ്റങ്ങളും ബൈത്തുല്‍ മാലിനുണ്ടായി. ഇക്കാലത്താണ് മന്ത്രി ഖാലിദ് ബിന്‍ ബര്‍മക്(ഹി. 165 വഫാത്ത്) രജിസ്റ്റര്‍ പേപ്പറുകള്‍ക്ക് പുറംചട്ട ഘടിപ്പിച്ച് വ്യവസ്ഥാപിത രൂപം കൊണ്ടുവന്നത്.
അതേസമയം, ഖുറാസാനിലെയും സമീപപ്രദേശങ്ങളിലെയും തുര്‍ക്കി ഭരണകൂടങ്ങള്‍ക്ക്, സല്‍ജൂക് മന്ത്രി നിളാമുല്‍ മുല്‍കി(ഹി. 485 വഫാത്ത്) ന്റെ ‘സിയാസത്ത് നാമ’യിലുള്ളത് പ്രകാരം രണ്ടു ഖജനാവുകളാണുണ്ടായിരുന്നത്. ഒന്ന് അടിസ്ഥാന ഖജനാവും(ഖസാനത്തുല്‍ അസ്ല്‍) ചെലവഴിക്കാനുള്ള ഖജനാവും(ഖസാനത്തുല്‍ ഇന്‍ഫാഖ്). ഇതില്‍, വരുമാനമായി ലഭിക്കുന്ന പണമായ ഖസാനത്തുല്‍ അസ്ല്‍ വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ രാഷ്ട്രത്തിന് പിടിച്ചു നില്‍ക്കാനുള്ള മുതല്‍ക്കൂട്ടാണതെന്നും കാണാം. ഇന്നത്തെ സോവറീന്‍ ഫണ്ട് സംവിധാനത്തോട് ഏറെ സാമ്യത പുലര്‍ത്തുന്നുണ്ട് ഈ രീതി.
ബൈത്തുല്‍ മാല്‍ സംവിധാനത്തിലെ ജോലിക്കാരുടെ രീതിയാണ് ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു ഘടകം. ആദ്യഘട്ടത്തില്‍ ഉമറി(റ)ന്റെ കാലത്ത് മുഐഖിബ് ബിന്‍ അബീ ഫാത്തിമ(റ), അബ്ദുല്ലാഹി ബിന്‍ അര്‍ഖം(റ) എന്നിങ്ങനെ രണ്ടുപേരായിരുന്നു ബൈത്തുല്‍ മാലിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഉസ്മാനി(റ)ന്റെ കാലമായപ്പോള്‍ ബൈത്തുല്‍ മാലിന് കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. അമവി കാലത്ത്, രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ സ്വതന്ത്ര്യ ഭരണകൂടങ്ങള്‍ പലതും തങ്ങളുടെ സൗകര്യാനുസൃതമായി ബൈത്തുല്‍ മാലിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി. അതോടൊപ്പം തൊഴിലാളികള്‍ക്ക് പൊതുഖജനാവില്‍ നിന്ന് നല്‍കിയിരുന്ന വേതനങ്ങളുടെ കൃത്യമായ കണക്കും ചില ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നത് കാണാം. മുഅദ്ദിനുമാര്‍, ഇമാമുമാര്‍, പാറാവുകാര്‍, വിളക്കുകള്‍ക്കാവശ്യമായ എണ്ണ, പായ, വെള്ളം, സുഗന്ധം എന്നിവയ്ക്കായി മാസത്തില്‍ 100 ദീനാര്‍, ജയില്‍ സംബന്ധമായ ചെലവുകള്‍, ജയില്‍ തൊഴിലാളികളുടെ വേതനം, സേവകര്‍ എന്നിവര്‍ക്കായി മാസത്തില്‍ 1500 ദീനാര്‍, ആശുപത്രി, ഡോക്ടര്‍മാര്‍, പാചകക്കാര്‍, ഭക്ഷണവുമായി ബന്ധപ്പെട്ട മറ്റു ചെലവുകള്‍ എന്നിവയ്ക്കായി മാസത്തില്‍ 450 ദീനാര്‍ എന്നിവയായിരുന്നു ചെലവുകളെന്ന് സ്വാബിഅ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അബ്ബാസി ഭരണകൂടത്തിന്റെ മധ്യകാലത്ത് മന്ത്രിമാര്‍ തന്നെയായിരുന്നു ധനകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ബൈത്തുല്‍ മാല്‍ സംവിധാനം ‘പൊതുഖജനാവ്’, ‘പ്രത്യേക ഖജനാവ്’ എന്നിങ്ങനെ രണ്ടായി മാറി. ഇതില്‍ ആദ്യത്തേത് പൊതുസമ്പത്തുമായി ബന്ധപ്പെട്ടുള്ള ചെലവുകള്‍ക്കുള്ളതാണെങ്കില്‍ ഖലീഫ, ഖലീഫയുടെ കുടുംബം എന്നിവയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. അബ്ബാസി ഭരണാധികാരി ഹാദി(ഹി. 170 വഫാത്ത്) യുടെ കാലത്തായിരുന്നു ഈ രീതി നിലവില്‍ വന്നത്. അതോടൊപ്പം ബൈത്തുല്‍ മാല്‍ ജോലിക്കാരുടെ കൂട്ടത്തില്‍ എഴുത്തുകാര്‍, നിരീക്ഷണ വിദഗ്ധര്‍(ജഹ്ബദ) എന്നിങ്ങനെ രണ്ടു തരക്കാരുണ്ടായിരുന്നു. കണക്കുകൂട്ടലുകളും പ്രസ്താവനകള്‍ എഴുതിയുണ്ടാക്കലുമൊക്കെയാണ് എഴുത്തുകാരന്റെ ജോലിയെങ്കില്‍ നാണയങ്ങളുടെ ക്വാളിറ്റി പരിശോധിക്കുക, മറ്റു അളവുകളും കാര്യങ്ങളും ശ്രദ്ധിക്കുക എന്നതൊക്കെയാണ് രണ്ടാം വിഭാഗക്കാരുടെ ജോലി. അമവി കാലത്തും അബ്ബാസി കാലത്തും ഇത്തരം ജഹ്ബദകളായി നിയമിക്കപ്പെട്ടവരില്‍ ക്രിസ്ത്യാനികളും ജൂതന്മാരുമുണ്ടായിരുന്നു കാണാം. പൊതുഖജനാവിലേക്കുള്ള വരുമാന മാര്‍ഗങ്ങളെക്കുറിച്ച് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയെ അഞ്ചെണ്ണമാക്കി ചുരുക്കാം. ഗനീമത്ത്, റികാസ്(ഖനനത്തിലൂടെ ലഭിക്കുന്ന സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ് പോലോത്തവ), ഖറാജ്(കൃഷി ഭൂമികളുടെയും മറ്റും ടാക്‌സ്), അശൂര്‍(വിദേശികളായ അമുസ്‌ലിം കച്ചവടക്കാരില്‍ നിന്നും ഈടാക്കുന്നത്), സകാത്ത്(ചരക്ക്, സ്വര്‍ണം വെള്ളി നാണയങ്ങള്‍, കന്നുകാലികള്‍, കൃഷി എന്നിവയിലുള്ളത്) എന്നിവയാണീ അഞ്ചു മാര്‍ഗങ്ങള്‍.
പൊതുഖജനാവിലെ സ്വത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഭരണത്തിലും ജനക്ഷേമപ്രവര്‍ത്തനങ്ങളിലും പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലും വലിയ അളവില്‍ സ്വാധീനം ചെലുത്തിയിരുന്നു. അബൂബക്കറി(റ) ന്റെ കാലത്ത് വരുമാനം രണ്ടു ലക്ഷം ദിര്‍ഹമാണെങ്കില്‍(ഏകദേശം ഇന്നത്തെ രണ്ടര ലക്ഷം അമേരിക്കന്‍ ഡോളര്‍) ഉമറി(റ)ന്റെ കാലത്ത് ബഹ്‌റൈനില്‍ നിന്നു മാത്രമുള്ള വരുമാനം അഞ്ചു ലക്ഷം ദിര്‍ഹമും ഇറാഖില്‍ നിന്നുള്ളത് 120 മില്യണ്‍ ദിര്‍ഹമുമായി ഉയര്‍ന്നു. ഇബ്‌നു അസാകിറിന്റെ റിപ്പോര്‍ട്ടനുസരിച്ച് വലീദ് ബിന്‍ അബ്ദില്‍ മലികിന്റെ ഭരണകാലത്ത് ഒരുവര്‍ഷത്തെ വരുമാനം 300 മില്യണ്‍ ദിര്‍ഹമും അബ്ബാസി ഖലീഫ മന്‍സൂറിന്റെ കാലത്ത് 900 മില്യണ്‍ ദിര്‍ഹമും അബ്ബാസി ഖലീഫ തന്നെയായ മുഖ്തദിര്‍ ബില്ലാഹ് അധികാരത്തിലേറുന്ന സമയത്ത് അത് 15 മില്യണ്‍ ദീനാറു(ഏകദേശം ഇന്നത്തെ 2.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍)മായിരുന്നു! സ്‌പെയിനിലെ അമവി ഭരണകൂടത്തിന്റെ കണക്കുകള്‍ അതിലേറെ ഞെട്ടിക്കുന്നതാണ്. ഖലീഫ അബ്ദുറഹ്മാന്‍ അന്നാസിര്‍ മരണപ്പെടുമ്പോള്‍ പൊതുഖജനാവിലുണ്ടായിരുന്ന് 15 ബില്യണ്‍ ദീനാറായിരുന്നത്രെ(ഏകദേശം ഇന്നത്തെ 2.5 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍)!

സാമ്പത്തിക സുതാര്യതയുടെ നേര്‍ച്ചിത്രങ്ങള്‍
സാമ്പത്തിക വിഷയങ്ങളിലെ മുസ്‌ലിം ഭരണാധികാരികളുടെ സൂക്ഷ്മതയുടെയും സുതാര്യതയുടെയും കഥകള്‍ സര്‍വവ്യാപകമാണല്ലോ. വെറുമൊരു ജീവിതവ്യവഹാരമെന്നതില്‍ കവിഞ്ഞ് പടച്ചവനുമായുള്ള ഇടപാടിന്റെ ഭാഗം കൂടിയാണ് മുസ്‌ലിമിന് സമ്പത്ത് എന്നതാണ് ആ സൂക്ഷ്മതയുടെ മൂലശില. ചരിത്രത്തില്‍ ഒത്തിരി ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. അലി(റ) ഖിലാഫത്ത് ഏറ്റെടുത്ത സമയം കേന്ദ്ര പൊതുഖജനാവ് കൂഫയിലേക്ക് സ്ഥാനമാറ്റം നടത്തിയതും സ്വര്‍ണവും വെള്ളിയും പൂര്‍ണമായി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തുകഴിഞ്ഞ ശേഷം ഖജനാവ് തൂത്തുവൃത്തിയാക്കി തന്റെ ദൗത്യം പൂര്‍ത്തീകരിച്ചതായി അറിയിച്ചതുമായ സംഭവം ഇസ്മാഈല്‍ ബിന്‍ മുഹമ്മദ് അല്‍ ഇസ്ഫഹാനി(ഹി. 535 വഫാത്ത്)തന്റെ ‘സിയറു സലഫിസ്സ്വാലിഹീനി’ ല്‍ പറയുന്നു.
മറ്റൊരു സംഭവം ഇപ്രകാരം വായിക്കാം: അബ്ബാസി ഖലീഫ ഹാദിയുടെ സദസ്യരിലെ പ്രധാനിയായിരുന്നു സാഹിത്യകാരനായ ഈസാ ബിന്‍ ദഅ്ബ് അല്ലൈസി(ഹി. 171 വഫാത്ത്). ഒരവസരം, അദ്ദേഹത്തിന് 30000 ദീനാര്‍ സമ്മാനമായി നല്‍കാന്‍ ഖലീഫ പ്രഖ്യാപിക്കുന്നു. അദ്ദേഹമതു സ്വീകരിക്കാന്‍ വന്നപ്പോള്‍, സ്വീകരിക്കുന്നതിനു മുമ്പ് ബൈത്തുല്‍ മാലിലെ ഉത്തരവാദപ്പെട്ട ആളുടെ എഴുത്തും ഒപ്പും വേണമെന്നും എങ്കില്‍ മാത്രമേ പണം സ്വീകരിക്കാവൂ എന്നും അദ്ദേഹത്തോട് പറയപ്പെട്ടത്രെ. (മുഅ്ജമുല്‍ ബുല്‍ദാന്‍, യാഖൂത്തുല്‍ ഹമവി). അതുകൊണ്ടു തന്നെ പരിചയത്തിനും അറിവിനുമൊപ്പം നീതിബോധവും സ്വഭാവവൈശിഷ്ട്യവും ധാര്‍മികതയും കൂടി ഇത്തരം ജോലികളില്‍ പ്രധാനമായി പരിഗണിക്കപ്പെട്ടിരുന്നു. കര്‍മശാസ്ത്രപണ്ഡിതന്മാരും ഇക്കാര്യം അവരുടെ ഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.
പൊതുഖജനാവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാന്‍ ചിലപ്പോള്‍ ഖലീഫമാരുടെ കല്‍പനകള്‍ക്കു പോലും എതിരുനിന്ന പൊതുഖജനാവു സൂക്ഷിപ്പുകാരെ ചരിത്രത്തില്‍ കാണാം. അമീര്‍ അബ്ദുറഹ്മാന്‍ അല്‍ ഔസത്വ്(ഹി. 238 വഫാത്ത്) പ്രമുഖ സംഗീത പ്രതിഭയായിരുന്ന സര്‍യാബ് മൗസിലി(ഹി. 243 വഫാത്ത്)ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചു കൊണ്ട് സൂക്ഷിപ്പുകാര്‍ പ്രതിവചിച്ചത് ‘ഞങ്ങള്‍ അമീറിന്റെ സ്വത്തുസൂക്ഷിപ്പുകാരാണെങ്കിലും മുസ്‌ലിംകളുടെ സ്വത്തുസൂക്ഷിപ്പുകാര്‍ കൂടിയാണ്’ എന്നായിരുന്നു.(ഇഫ്തിതാഹുല്‍ അന്ദുലുസ്, ഇബ്‌നുല്‍ ഖൂത്വിയ്യ).
ബൈത്തുല്‍ മാല്‍ സംവിധാനം നിലവില്‍ വന്നതോടെയായിരുന്നു രാഷ്ട്രത്തലവനുള്ള വേതനം നിശ്ചയിക്കപ്പെട്ടത്. ഈ ഗണത്തില്‍ ഉമര്‍(റ) സ്വീകരിച്ചിരുന്നത് സാധാരണ നിലയിലുള്ള ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള തുക മാത്രമായിരുന്നു. ചിലയവസരങ്ങളില്‍ ഖലീഫയുടെ സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങള്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കിയ സംഭവങ്ങളും ചരിത്രത്തില്‍ കാണാം. ഖലീഫ വലീദ് ബിന്‍ അബ്ദില്‍ മലികി(ഹി. 96 വഫാത്ത്)നെക്കുറിച്ച് ഇങ്ങനെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ജനങ്ങളെ മുഴുവന്‍ പള്ളിയില്‍ ഒരുമിച്ചു കൂട്ടി ഖജനാവ് മുഴുവന്‍ ഒഴിപ്പിച്ച് ജനങ്ങള്‍ക്കു മുന്നില്‍ വച്ച് അളന്നു നോക്കാന്‍ അദ്ദേഹം കല്‍പിച്ചു. ജനങ്ങള്‍ കാണ്‍കെ പൊതുഖജനാവിലെ സ്വത്തു മുഴുവന്‍ അളന്നുനോക്കി. എല്ലാ ജനങ്ങള്‍ക്കും തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തോളം ഉപയോഗിക്കാന്‍ മാത്രമുള്ള പണം അതിലുണ്ടായിരുന്നത്രെ!
പൊതുഖജനാവിലെ സ്വത്തുവിഹിതവുമായി ബന്ധപ്പെട്ട് പല ഖലീഫമാര്‍ക്കും വ്യത്യസ്ത വീക്ഷണങ്ങളായിരുന്നു. പക്ഷേ, അവയിലൊന്നും തന്നെ വ്യക്തി താല്‍പര്യാധിഷ്ഠിതമോ സ്വാര്‍ഥതാപരമോ ആയിരുന്നില്ല. അബൂബക്കര്‍(റ) പൊതുഖജനാവിലെ സ്വത്ത് ജനങ്ങള്‍ക്കിടയില്‍ തുല്യമായി വീതിച്ചപ്പോള്‍ ഉമര്‍(റ) ആവശ്യക്കാര്‍ക്കനുസരിച്ച് ഏറ്റവ്യത്യാസം വരുത്തുകയുണ്ടായി. അലി(റ) ഖജനാവിലുള്ളത് മുഴുവന്‍ കൊടുത്തുവീട്ടുന്ന ശീലക്കാരനായിരുന്നു. അമവി ഖലീഫ ഉമര്‍ ബിന്‍ അബ്ദില്‍ അസീസും(റ) തുല്യമായ ഭാഗീകരണം നടത്തുന്ന ആളായിരുന്നു. വുളൂ ചെയ്യാനും കുളിക്കാനും തനിക്കാവശ്യമായ വെള്ളം ചൂടാക്കാന്‍ പാവങ്ങള്‍ക്കു വേണ്ട ഭക്ഷണം തയ്യാറാക്കുന്ന പൊതു പാചകശാല ഉപയോഗിക്കരുതെന്ന അദ്ദേഹത്തിന്റെ ആജ്ഞയില്‍ സ്വന്തം അവകാശവും പൊതുസ്വത്തും തമ്മില്‍ വേര്‍തിരിച്ചു കാണിക്കുന്നതിലെ അദ്ദേഹത്തിന്റെ സൂക്ഷ്മത തെളിഞ്ഞുനില്‍ക്കുന്നുണ്ട്. അധികാരമേറ്റെടുത്തപ്പോള്‍, ദമസ്‌കസ് പള്ളിയിലെ അലങ്കാരങ്ങള്‍ക്കു വേണ്ടി പൊതുഖജനാവില്‍ നിന്നുപയോഗിച്ച പണം അര്‍ഹിക്കുന്നതിലും അധികമാണെന്നു കണ്ട് അധികം വരുന്ന പണം തിരിച്ചു പൊതുഖജനാവില്‍ തന്നെ നിക്ഷേപിച്ചത്രെ അദ്ദേഹം. ഒരുവര്‍ഷം സകാത്തിന്റെ അവകാശിയായിരുന്ന മനുഷ്യന്‍ അടുത്ത വര്‍ഷം സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനാവുന്ന വിധത്തില്‍ അക്കാലത്തെ പൊതുജനങ്ങളുടെ സാമൂഹിക നില പരുവപ്പെടുത്തിയെടുത്തത് ഖലീഫയുടെ ഈ സൂക്ഷ്മതാബോധമായിരുന്നു.
സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അനധികൃതമായി സമ്പാദിച്ച സ്വത്ത് തിരിച്ച് പൊതുഖജനാവിലേക്ക് നല്‍കാനാവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ആള്‍ക്കാരെ ജയിലിലടച്ച സംഭവവും ഉമര്‍ ബിന്‍ അബ്ദില്‍ അസീസി(റ)ന്റെ ചരിത്രത്തില്‍ കാണാം. ചിലപ്പോള്‍ ഇന്നത്തെ പ്രത്യേക സ്‌ക്വാഡുകളുടെ സഡന്‍ ഇന്‍ക്വസ്റ്റുകള്‍ക്ക് സമാനമായ പെട്ടെന്നുള്ള പല പരിശോധനകളും അന്ന് പൊതുഖജനാവുമായും അവിടത്തെ ജോലിക്കാരുമായും ബന്ധപ്പെട്ടു നടന്നിരുന്നു. സാമ്പത്തിക വ്യവഹാരങ്ങള്‍ അത്രമേല്‍ സുതാര്യമാവണമെന്ന നിര്‍ബന്ധം അവര്‍ക്കൊക്കെയുണ്ടായിരുന്നു. അപ്പോഴും മോഷണങ്ങളും തട്ടിപ്പുകളും ഒറ്റപ്പെട്ടെങ്കിലും നടന്നിരുന്നു. ഹിജ്‌റ 512ല്‍ അന്നത്തെ ഖജനാവു സൂക്ഷിപ്പാരിലൊരാളായ അബൂ ത്വാഹിര്‍ ബിന്‍ ജസ്രിയെ പിടിച്ച് വധശിക്ഷ നടപ്പിലാക്കിയ ശേഷം അദ്ദേഹത്തിന്റെ വീടുപരിശോധിച്ചപ്പോള്‍ വീട്ടില്‍ പൂഴ്ത്തിവെക്കപ്പെട്ട രീതിയില്‍ ലഭിച്ചത് നാലു ലക്ഷം ദീനാറാ(ഇന്നത്തെ 67 അമേരിക്കന്‍ മില്യണ്‍ ഡോളര്‍)യിരുന്നു.
കടപ്പാട്: അല്‍ ജസീറ

മുഹമ്മദ് ശാക്കിര്‍ മണിയറ