മലബാര്‍ പക്കേജെന്ന മഹാമരീചിക

2367

മലബാറിന്റെ അവഗണനയ്ക്ക് ചരിത്രത്തോളം പഴക്കമുണ്ട് ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തുടങ്ങിയതാണ് മലബാറിനോടുള്ള അവഗണന. ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ സമരം നയിച്ച മാപ്പിളമാരുടെ നാട് എന്ന നിലക്ക് ബോധപൂര്‍വം മലബാറിനെ അവഗണിക്കുകയായിരുന്നു. അക്കാലത്ത് യാതൊരുവിധ ഭൗതിക സാഹചര്യങ്ങളും മലബാറില്‍ ഉണ്ടാക്കുവാന്‍ അവര്‍ മിനക്കെട്ടില്ല. മാത്രമല്ല ഉണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും തല്ലി പൊളിക്കാനാണ് അവര്‍ മുമ്പോട്ടു വന്നിരുന്നത്. നികുതി വര്‍ധിപ്പിച്ചും നാട്ടിലെ പാവപ്പെട്ടവരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു അവര്‍ ജന്മിമാര്‍ക്ക് വിടുവേല ചെയ്യുകയായിരുന്നു. മുസ്‌ലിം കര്‍ഷകരെ ദ്രോഹിക്കുക എന്നതായിരുന്നു അക്കാലത്ത് ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ ഹോബി. നമ്പൂതിരിമാര്‍ക്കും മറ്റു ഉയര്‍ന്ന ജാതിക്കാര്‍ക്കുമായിരുന്നു അക്കാലത്ത് നികുതി പിരിക്കാനുള്ള എല്ലാ അവകാശങ്ങളും. മുസ്ലിംകളെ ഒറ്റുകൊടുക്കാന്‍ തയ്യാറുള്ള ചേക്കുട്ടി പോലീസുകാര്‍ക്ക് മാത്രമായിരുന്നു ബ്രിട്ടീഷുകാരുടെ മുന്നില്‍ വലിയ പരിഗണന ലഭിച്ചിരുന്നത്. ബഹദൂര്‍മാരും അപ്രകാരം ഈ സൗകര്യങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുക പതിവായിരുന്നു. വയലുകളില്‍ കൃഷിചെയ്തിരുന്ന പാവപ്പെട്ട മുസ്‌ലിംകളും ദളിതരും അന്ന് ജീവിതത്തില്‍ വളരെയേറെ പിന്നില്‍ ആയിരുന്നു.
1921 ലെ മലബാര്‍ സമരം കഴിഞ്ഞതോടെ മലബാറിലെ മുസ്‌ലിം ജനവിഭാഗത്തെയും ദളിത് ജനവിഭാഗത്തെയും ബ്രിട്ടീഷുകാര്‍ എമ്പാടും ദ്രോഹിക്കുകയും അവരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും തോല്‍പ്പിക്കുകയും ചെയ്തു എന്നതാണ് സത്യം. യുവാക്കളെയും പ്രായംകൂടിയ വരെ പോലും ബെല്ലാരിയിലെയും അന്തമാനിലേയും ജയിലുകളിലടക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും മലബാറിനോട് അവഗണന തന്നെയായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. തിരുവിതാംകൂറും കൊച്ചിയും സ്വാതന്ത്ര്യ നാട്ടുരാജ്യങ്ങളായിരുന്നപ്പോള്‍, മലബാര്‍ മദ്രാസ് സംസ്ഥാനത്തിനു ഭാഗമാവുകയായിരുന്നു. മദിരാശിയില്‍ നിന്നും ഏറെ അടന്നു കിടക്കുന്ന പ്രദേശം എന്ന നിലയില്‍തന്നെ മലബാറിനു വികസനകാര്യത്തില്‍ വലിയ പരിഗണനയൊന്നും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. മദ്രാസ് അസംബ്ലിയില്‍ വികസനത്തിനുവേണ്ടി അക്കാലത്തെ മലബാറില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.എല്‍.എമാര്‍ ശബ്ദമുയര്‍ത്തിയിരുന്നെങ്കിലും അതൊന്നും വേണ്ട രൂപത്തില്‍ പരിഗണിക്കപ്പെട്ടില്ല. കൊച്ചിയിലും തിരുവിതാംകൂറിലുമുണ്ടായിരുന്നവര്‍ ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി പല വികസന പ്രവര്‍ത്തനങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോള്‍ മലബാറിനു വേണ്ടി മദ്രാസ് അസംബ്ലിയില്‍ ശബ്ദമുയര്‍ത്താനോ സമ്മര്‍ദം ചെലുത്താനോ ആരുമുണ്ടായിരുന്നില്ല.
മലബാറില്‍ നിന്നുള്ള കെ കരുണാകരന്‍, ഇ.കെ നായനാര്‍, സി.എച്ച് മുഹമ്മദ് കോയ, പിണറായി വിജയന്‍ എന്നിവരെല്ലാം സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്നെങ്കിലും മലബാര്‍ ഇപ്പോഴും വികസന കാര്യത്തില്‍ വളരെ പിന്നിലാണെന്ന് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. വിദ്യാഭ്യാസമേഖലയാണെങ്കിലും ആരോഗ്യമേഖലയാണെങ്കിലും വികസന വ്യവസായ മേഖലയാണെങ്കിലും എല്ലാം തന്നെ മലബാറില്‍ വളരെയേറെ ജനകീയമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. തലസ്ഥാനത്തു നിന്നും ദൂരം കൂടുംതോറും വികസനം കുറയും എന്ന് പറയുന്നത് വെറുതെയല്ല. കേരളത്തിലെ നാലില്‍ ഒന്നിലേറെ ജനസംഖ്യയുള്ള മലബാര്‍ പ്രദേശം വളരെയേറെ വികസനത്തിന് അര്‍ഹതയുണ്ടെങ്കിലും എല്ലാ മേഖലയിലും ഇപ്പോള്‍ പിന്നിലാണ്. കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,വയനാട്,പാലക്കാട് എന്നിങ്ങനെ ആറു ജില്ലകള്‍ മലബാറിന്റെ അതിര്‍ത്തിക്കുള്ളില്‍ വരുന്നു. നമ്മുടെ സര്‍ക്കാറുകള്‍ കൊണ്ടുവന്ന വികസനങ്ങളേക്കാള്‍ മലബാറില്‍ നിന്ന് അറേബ്യന്‍ മണലാരണ്യത്തില്‍ പോയി വിയര്‍പ്പൊഴുക്കിയ പ്രവാസികളാണ് നാടിന്റെ വികസനത്തില്‍ വലിയൊരു ഭാഗദേയം നിര്‍ണയിച്ചത്. തിരുവനന്തപുരത്തെയും എറണാകുളത്തെയും താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമാണ് ഈ വികസന നേര്‍ചിത്രങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. ജനസംഖ്യാനുപാതികമായി വികസനപ്രവര്‍ത്തനങ്ങള്‍ വീതിച്ചു നല്‍കിയിരുന്നുവെങ്കില്‍ മലബാര്‍ ഇപ്പോഴുള്ളത് പത്തിരട്ടി എങ്കിലും വികസിക്കേണ്ടതായിരുന്നു.
കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന ജില്ലയാണ് മലപ്പുറം. സെന്‍സസ് അനുസരിച്ച് മറ്റുപല ജില്ലകളിലും ഉള്ളതിന്റെ അഞ്ചിരട്ടി ജനങ്ങളാണ് ഇപ്പോള്‍ മലപ്പുറത്ത് അധിവസിക്കുന്നത്. വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ മലപ്പുറത്തിന് മൂന്നാംസ്ഥാനമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല മലപ്പുറമാണ്.
16 മണ്ഡലങ്ങള്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലപ്പുറം ജില്ലയില്‍ തന്നെയാണ്. 38 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ മലപ്പുറത്തുണ്ട്. എന്നിട്ടും, ബജറ്റ് വിഹിതം മലപ്പുറത്തിന് ആനുപാതികമായി ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് വിദ്യാഭ്യാസ ജില്ലകളും 6 താലൂക്കുകളും ഉള്ള മലപ്പുറം ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായി നാല് നിയമസഭാ സീറ്റുകള്‍ കൂടി അര്‍ഹതയുണ്ട്. ഒരു പ്രത്യേക ജനവിഭാഗത്തിന് പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ ഇങ്ങനെ നാല് നിയമസഭാ സീറ്റുകള്‍ കൂടി ലഭിക്കുന്നതിന് പലരും എതിര്‍ക്കുന്നു.
പോളിടെക്‌നിക് ഗവണ്‍മെന്റ് ഐ.ടി.ഐ സ്ഥാപനങ്ങളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മലപ്പുറത്തു മലബാറിലും വളരെ പരിമിതമാണ്. കോഴിക്കോടിനെ താരതമ്യം ചെയ്യേണ്ടത് തിരുവനന്തപുരം ആയും എറണാകുളവും ആയാണ്. കേരളത്തിലെ അറിയപ്പെടുന്ന പട്ടണങ്ങളാണ് ഇവ മൂന്നും. എന്നാല്‍, തിരുവനന്തപുരത്തും എറണാകുളത്തുള്ള നാലിലൊന്നു സൗകര്യങ്ങളും സ്ഥാപനങ്ങളും കോഴിക്കോടില്ല എന്നോര്‍ക്കണം. വിഴിഞ്ഞം തുറമുഖവും കൊച്ചി ഹാര്‍ബറുമെല്ലാം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പണ്ടേ ഉരു നിര്‍മ്മാണത്തിന് പ്രസിദ്ധമായിരുന്ന ബേപ്പൂര്‍ തുറമുഖം ഇപ്പോഴും പൂര്‍ണ നിലയില്‍ സജ്ജമാക്കിയിട്ടില്ല. പൊന്നാനി തുറമുഖം ഇപ്പോള്‍ പേരിനു മാത്രമാണ് നിലകൊള്ളുന്നത്. കണ്ണൂര്‍ ജില്ലയിലെ കാര്യങ്ങളും വളരെ വ്യത്യസ്തമല്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍ നേതാക്കന്മാര്‍ കണ്ണൂരുകാര്‍ ആയിരുന്നതുകൊണ്ട് കുറെയൊക്കെ വികസനം കണ്ണൂരില്‍ എത്തിയിട്ടുണ്ട്. പക്ഷേ, അതും ആനുപാതികമായി ഇല്ല എന്നതാണ് സത്യം. വലിയ തൊഴില്‍സാധ്യതകള്‍ എന്നത് വിദൂര സ്വപ്‌നമായി ഇപ്പോഴും തുടരുകയാണ് അവിടെ. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് കിടക്കുന്ന പ്രദേശമാണു കാസര്‍ഗോഡ്. ഇനിയും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ എത്തിയിട്ടില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടെ ജനങ്ങള്‍ പഠനത്തിന് ആശ്രയിക്കുന്നത്.
സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട്ടും ഹൈക്കോടതി ബെഞ്ച് കണ്ണൂരിലും വരുന്നത് സ്വപ്‌നം കണ്ടു കഴിയാനാണ് മലബാറിന്റെ വിധി എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നത് മലബാറില്‍ നിന്നാണ് എന്നതാണ് സത്യം. എന്നാല്‍ ആര്‍.സി.സി യുടെ സബ് സെന്ററുകള്‍ കണ്ണൂരിലും കോഴിക്കോടും തുടങ്ങണമെന്ന് ആവശ്യത്തിന് വളരെ കാലത്തെ പഴക്കമുണ്ട്. അതു പോലുള്ള മാരക രോഗങ്ങള്‍ക്കും തക്കതായ ചികിത്സ ലഭിക്കാന്‍ എല്ലാവരും തലസ്ഥാനത്തേക്ക് വണ്ടി കയറേണ്ട അവസ്ഥയാണിന്ന്. മലബാറില്‍ ഈ സൗകര്യങ്ങള്‍ എന്നുണ്ടാകും എന്ന ചോദ്യത്തിന് ഭരണാധികാരികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ മറുപടിയില്ല. മലബാറിന്റെ പിന്നാക്കാവസ്ഥയെ കുറിച്ച് ബഹുമാന്യനായ ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് ഒരിക്കല്‍ വിശേഷിപ്പിച്ച ഇങ്ങനെയാണ്: ഇടതുപക്ഷം ഭരിക്കുമ്പോള്‍ മലബാറിലും മലപ്പുറത്തിനും ബോധപൂര്‍വമായ അവഗണനയും യു.ഡി.എഫ് ഭരിക്കുമ്പോള്‍ അലസമായ പരിഗണനയുമാണ് ലഭിക്കുന്നത് എന്നാണ്. ഇടതുപക്ഷം എല്ലാകാലത്തും മലബാറില്‍ പ്രത്യേകിച്ച് മലപ്പുറത്തെ അവഗണിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. കാരണം, അവര്‍ക്ക് കാര്യമായ സീറ്റുകള്‍ ലഭ്യമല്ലാത്ത പ്രദേശം എന്നതാണ് മലപ്പുറത്തിന് അവര്‍ കാണുന്ന കുറ്റം. മലപ്പുറത്തിന്റെ വികസനത്തിനുവേണ്ടി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് ഒരുപാട് വര്‍ഷത്തെ പഴക്കമുണ്ട്. തിരൂര്‍ കേന്ദ്രമാക്കി പുതിയ തീരദേശ ജില്ല വേണമെന്ന ആവശ്യത്തെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും അംഗീകരിച്ചിട്ടുണ്ട.് ഇതുവരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അതംഗീകരിച്ചിട്ടില്ല.

കെ.പി.ഒ റഹ്മത്തുള്ള