മുഖരം ജാ; ഖലീഫയായ ഇന്ത്യന്‍ രാജകുമാരന്‍

1236

2023 ജനുവരി 14 ശനിയാഴ്ച ഹൈദരാബാദ് നിസാം രാജകുമാരനായ മുഖരം ജാ 89-ാം വയസ്സില്‍ ഇസ്തംപൂളില്‍ വച്ച് അന്തരിച്ചു. ഒരിക്കല്‍ ദക്ഷിണേന്ത്യയിലെ ഇറ്റലിയോളം വലിപ്പമുള്ള ഒരു നാട്ടുരാജ്യം ഭരിച്ചിരുന്ന രാജവംശത്തില്‍പെട്ട ജാഹ് ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പത്തെ അവസാനത്തെ ഒട്ടോമന്‍ ഖലീഫയായ അബ്ദുല്‍ മജീദ് രണ്ടാമന്റെ ചെറുമകന്‍ കൂടിയായിരുന്നു. ഹാരോയിലും കേംബ്രിഡ്ജിലും വിദ്യാഭ്യാസം നേടിയ ജാഹിനെ നിയുക്ത ഖലീഫയായി നാമനിര്‍ദേശം ചെയ്തത് അബ്ദുല്‍ മജീദാണ്. മുഖറം ജായുടെ വിയോഗത്തോടെ അദ്ദേഹത്തിന്റെ അനന്തരാവകാശിയായ അസ്മത് ജാ രാജകുമാരനാണ് നിയുക്ത അവകാശി. സുന്നി ഇസ്ലാമിന്റെ ഏറ്റവും ആദരണീയ സ്ഥാപനങ്ങളിലൊന്നില്‍ ഒരു ഇന്ത്യന്‍ നാട്ടുകുടുംബത്തിലെ പിന്‍ഗാമികള്‍ എങ്ങനെ അവകാശവാദം ഉന്നയിക്കുന്നു എന്നതിന്റെ നിഗൂഢമായകഥയാണ് ഇനിപ്പറയുന്നത്.
തുര്‍ക്കി ഖിലാഫത്ത് അന്ത്യകുറിച്ചിട്ട് അടുത്ത വര്‍ഷം ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. മുസ്ലിം ലോകത്തിന് ഖിലാഫത്തിന്റെ പതനം ഏറെ നിരാശയുടേതായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ) വിയോഗശേഷം 1,300 വര്‍ഷക്കാലം മുസ്ലിം ലോകത്ത് ഖിലാഫത്ത് നിലനിന്നിരുന്നു. ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് മുസ്ലിംകളുടെ വിശ്വസ്തതയും അവകാശവും കാത്തു സംരക്ഷിക്കാന്‍ പര്യാപ്തമായ കാലമായിരുന്നു അത്. ഖിലാഫത്ത് കാലം ഒരിക്കലും തര്‍ക്കരഹിതമായിരുന്നില്ല. എന്നാല്‍, 1924 ലെ ഖിലാഫത്തിന്റെ അന്ത്യത്തോടെ ആധികാരികമായ ഒരു മതനേതാവില്ലാത്തതു കാരണം മുസ്ലിം ലോകം ശിഥിലമാകുകയും അതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ കൊളോണിയല്‍ ഭരണത്തിനു കീഴിലാവുകയായിരുന്നു.
തുര്‍ക്കിയില്‍ പുതുതായി രൂപംകൊണ്ട മതേതര സര്‍ക്കാര്‍ പിന്തുടരുന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം. 1922 നവംബറില്‍ അതിന്റെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി ഒട്ടോമന്‍ സുല്‍ത്താനേറ്റ് നിര്‍ത്തലാക്കുകയും സുല്‍ത്താന്‍ മുഹമ്മദ് ആറാമനെ സ്ഥാനഭ്രഷ്ടനാക്കുകയുമുണ്ടായി. ചിത്രകാരനും സംഗീതജ്ഞനും രാജകുമാരനുമായ അബ്ദുല്‍ മജീദ് സാമ്രാജ്യത്തിന്റെ നടത്തിപ്പില്‍ യാതൊരു പങ്കാളിത്തവുമില്ലാതെ ഒരു പാവയായാണ് പ്രതിഷ്ഠിക്കപ്പെട്ടത്. ഖിലാഫത്ത് നിര്‍ത്തലാക്കാനുള്ള പ്രചാരണം വികസിച്ചപ്പോഴും ഖലീഫയുടെ സ്ഥാനം താഴെയായിരുന്നു.


ഇന്ത്യന്‍ ബന്ധം
ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് കീഴില്‍ അബ്ദുല്‍ മജീദിനെ പിന്തുണച്ച് കരഘോഷമുയര്‍ന്നു. ഇത് സര്‍വ സംസ്ഥാനങ്ങളെയും സാമ്രാജ്യങ്ങളെയും മറികടക്കാനും ഏതൊരു പാന്‍ ഇസ്ലാമിക് സ്ഥാപനത്തെയും എതിര്‍ക്കാന്‍ കഴിവുള്ള ബ്രിട്ടീഷ് അധികാരികളെ ആശങ്കപ്പെടുത്തി. ഈ കരഘോഷങ്ങളെക്കാളും പിന്തുണയെക്കാളും കൊളോണിയല്‍ അധികാരികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശങ്കാജനകമായ വസ്തുത ഖിലാഫത്ത് പ്രസ്ഥാനം മതപരമായ വിഭജനങ്ങള്‍ക്കപ്പുറം ഇന്ത്യക്കാരെ ഒരു കൂട്ടമായി അണിനിരത്തുന്ന ഒന്നായി മാറി എന്നതാണ്. മഹാത്മാഗാന്ധിയും മറ്റ് പ്രമുഖ കൊളോണിയല്‍ വിരുദ്ധരും തദവസരം മുതലാക്കി അവരോടൊത്ത് അണിനിരന്നു. ബ്രിട്ടനെതിരെയുള്ള ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രകടനമായാണ് ഈ പ്രസ്ഥാനത്തെ അവര്‍ വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ക്കു കീഴില്‍ സിവില്‍ സര്‍വീസറായി സേവനമനുഷ്ഠിച്ച് പിന്നീട് സ്വാതന്ത്രത്തിന്റെ പ്രമുഖ നേതാവായി ഉയര്‍ന്നുവന്ന മൗലാന ഷൗക്കത്ത് അലി ആയിരുന്നു പ്രാസ്ഥാനിക നേതാവ്. ലോക മുസ്ലിംകളുടെ ഐക്യദാര്‍ഢ്യത്തിന്റെ കേന്ദ്രബിന്ദുവായ ഖിലാഫത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് 1923 നവംബറില്‍ പ്രസ്ഥാനം തുര്‍ക്കി പ്രധാനമന്ത്രി ഇസ്മത്ത് പാഷയ്ക്ക് ഒരു കത്തയച്ചു.
1924 മാര്‍ച്ചില്‍ ഖിലാഫത്ത് നിര്‍ത്തലാക്കുന്നതിന് പരിശ്രമിച്ച വിദേശ ഇടപെടലിനെ തുര്‍ക്കി ഗവണ്‍മെന്റ് അപലപിക്കുകയും ഖിലാഫത്ത് പ്രസ്ഥാനവും തുര്‍ക്കിയിലെ ഒട്ടോമന്‍ രാജവാഴ്ച അനുകൂല ഗൂഢാലോചനയുടെ അവകാശവാദങ്ങളും ഉപയോഗിക്കുകയും ചെയ്തു. റെഡ് ക്രസന്റ് സൊസൈറ്റിയുടെ അഭിപ്രായത്തില്‍ ഒട്ടോമന്‍ രാജകുടുംബത്തെ ഓറിയന്റ് എക്സ്പ്രസില്‍ കയറ്റി സ്വിറ്റ്സര്‍ലാന്‍ഡിലേക്കു നാടുകടത്തുകയും അവര്‍ ‘സമ്പൂര്‍ണ ദയനീയാവസ്ഥയില്‍’ എന്ന് വിശേഷിപ്പിക്കാവുന്ന സാഹചര്യത്തിലായിരുന്നു അവിടെ ജീവിച്ചത്. ‘മുന്‍ ഖലീഫ പ്രാര്‍ഥനയിലും ചിത്രരചനയിലും സംഗീതം രചിച്ചും ദിവസങ്ങള്‍ ചെലവഴിക്കുന്നു’ എന്നാണ് അവരുടെ പില്‍ക്കാല ജീവിതത്തെ സംബന്ധിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പരോക്ഷമായി ബ്രിട്ടീഷ് നിയന്ത്രണത്തിനു കീഴില്‍ അസഫ് ജാ രാജവംശം ഭരണം കയ്യാളുന്ന ഇന്ത്യന്‍ നാട്ടുരാജ്യമായ ഹൈദരാബാദില്‍ നിന്നാണ് അപ്രതീക്ഷിതമായ രൂപത്തില്‍ അവര്‍ക്ക് ധനസഹായം ലഭിച്ചത്. ഹൈദരാബാദിന്റെ ഭരണാധികാരിയായിരുന്ന നിസാം ഏഴാമന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഉസ്മാന്‍ അലി ഖാന്‍ ആയിരുന്നു. അദ്ദേഹം 12,000 ആളുകള്‍ക്ക് കൊട്ടാരം സേവകരായി ജോലി നല്‍കുകയും 50 മില്യണ്‍ പൗണ്ട് വജ്രം പേപ്പര്‍ വെയ്റ്റായി ഉപയോഗിക്കുകയും സ്വന്തമായി വിസ്‌കി ഡിസ്റ്റിലറി സ്ഥാപിക്കുകയും ചെയ്തു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിരീക്ഷണ വലയത്തിനു കീഴില്‍ അവസാനത്തെ മുഗള്‍ ഭരണകാലത്തിന്റെ ശേഷിപ്പായി പഴയ കാലഘട്ടത്തിന്റെ അടയാളമായി ഹൈദരാബാദ് നിലനിന്നിരുന്നു. അവിടത്തെ വരേണ്യ ജീവിതത്തിന്റെ അതിപ്രസരം ഐതിഹാസികമായിരുന്നു. ഹൈദരാബാദിലെ കൊട്ടാരങ്ങള്‍ ഐശ്വര്യവും പഴയ രീതിയിലുള്ള ഇന്തോ-ഇസ്ലാമിക മഹത്വവും അടയാളപ്പെടുത്തുന്നതാണ്. അനശ്വര കവിയായതിനാല്‍ നിസാം മഹിതമായ മുഗള്‍ ഭരണകൂടത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന പുരാതന രൂപത്തില്‍ ലിഖിതമായ ഖുര്‍ആനിന്റെ പകര്‍പ്പുകളും വാങ്ങി. ഡ്രമ്മിന്റെ താളത്തിലും വാട്ടര്‍പൈപ്പിന്റെ അലര്‍ച്ചയിലും നിഗൂഢമായ കവിതകളുടെ അവതരണം നടത്താനായി ഖവാലി ആചാര്യന്മാര്‍ രാജകൊട്ടാരത്തില്‍ ഇടയ്ക്കിടെ വന്നിരുന്നു. നൈസാം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ‘പുരുഷന്മാര്‍ കറുത്ത ഷെര്‍വാണികളിലും സ്വര്‍ണ ബ്രോക്കേഡിലും സുന്ദരന്മാരായി കാണപ്പെട്ടു. അതേസമയം സ്ത്രീകള്‍ നീലക്കല്ലിന്റെയും തീജ്വാലയുടെ നിറത്തിലുള്ള നക്ഷത്രത്തിന്റെ നീലിമയെ ഉദിപ്പിക്കുന്ന സാരികളാണ് ധരിച്ചിരുന്നത്. പ്ലേറ്റുകളില്‍ പേര്‍ഷ്യന്‍ പൈലസ്, മുഗള്‍ കബാബുകള്‍, ഇന്ത്യന്‍ കറികള്‍, ഫ്രഞ്ച് സലാഡുകള്‍ തുടങ്ങി ഓരോ രുചിക്കും അനുയോജ്യമായ വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ വിരുന്നെന്ന് ഒരു ബ്രിട്ടീഷ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഗാര്‍ഡന്‍ പാര്‍ട്ടികളില്‍ 60 കഷണങ്ങളുള്ള സ്ട്രിംഗ് വാദ്യമേളങ്ങളും വാള്‍ട്ട്സും ഫോക്സ്ട്രോട്ടും കലാവിരുന്നൊരുക്കി. നിസാമിന് സ്വന്തമായി ജാസ് ബാന്‍ഡ് (അമേരിക്കന്‍ നീഗ്രാകളുടെ ഗ്രാമീണസംഗീതം) ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനമായ ഐ ആം ഫോറെവര്‍ ബ്ലോവിംഗ് ബബിള്‍സ് അവതരിപ്പിക്കുന്നതിന് അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ ഭരണം താരതമ്യേന തേജസുള്ള (ബ്രിട്ടീഷ് ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍) ഭരണമാണ്. അദ്ദേഹം മുസ്ലിംകള്‍ക്ക് സ്വീകര്യയോഗ്യനായതു പോലെ ഹിന്ദു പ്രജകള്‍ക്കിടയിലും വളരെ ജനപ്രിയനായിരുന്നു. ഹിന്ദു ആഘോഷങ്ങള്‍ക്കും എല്ലാത്തരം മസ്ജിദുകള്‍ക്കും സൂഫി ആരാധനാലയങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കും അദ്ദേഹം ധനസഹായം നല്‍കി. മുസ്ലിംകളും ഹിന്ദുക്കളും എന്റെ രണ്ട് കണ്ണുകളാണെന്ന് അദ്ദേഹം ഒരിക്കല്‍ പ്രഖ്യാപിക്കുന്നുണ്ട്.
ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് അതിനെ പിന്തുണയ്ക്കാതിരുന്നതിന് നിസാമിന് കുറ്റബോധം തോന്നിയിരുന്നു. ആ കുറ്റബോധത്തിന് ചെറു ആശ്വാസം നല്‍കാന്‍ അദ്ദേഹം മുന്‍ ഖലീഫയെ സഹായിക്കാന്‍ ആഗ്രഹിച്ചു. അബ്ദുല്‍ മജീദിനും കുടുംബത്തിനും പ്രതിമാസം 300 പൗണ്ട് നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.


ഓട്ടോമന്‍-അസഫ് ജാ യൂണിയന്‍
നാടുകടത്തിയ അബ്ദുല്‍ മജീദിനെയും മറ്റു ഓട്ടോമന്‍ വംശജരെയും 19ാം നൂറ്റാണ്ടില്‍ ഫ്രഞ്ച് റിവിയേരയിലെ ഒരു വില്ലയിലാണ് താമസിപ്പിച്ചത്. ‘നീന്താന്‍ കഴിയുന്ന കൈയ്യുറ മാത്രം ധരിച്ച് ഒരു വലിയ കൈക്കുടയും ചുമന്ന്’ മുന്‍ ഖലീഫയെ പലപ്പോഴും കടല്‍ത്തീരത്ത് കണ്ടിരുന്നു എന്ന് പലരും സാക്ഷിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മൗലാന ഷൗക്കത്ത് അലി ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ നിസാം നിയോഗിച്ച ഇംഗ്ലീഷ്-ഇസ്ലാമിക് പണ്ഡിതനായ മര്‍മഡ്യൂക്ക് പിക്താളിനൊപ്പം മറ്റൊരു അഭിലാഷ പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നിസാമിന്റെ മകന്‍ അസം ജായോട് മുന്‍ ഖലീഫയുടെ മകളായ ദുരുഷെഹ്വാര്‍ രാജകുമാരിയെയും നിസാമിന്റെ ഇളയ മകന്‍ മൊഅസ്സം ജായോട് അവളുടെ ബന്ധുവായ നിലൂഫറിനെ വിവാഹം കഴിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. നിസാമും അബ്ദുല്‍ മജീദും അവസാനം വിവാഹത്തെ അംഗീകരിച്ചു. 1931 അവസാനത്തോടെ അസമും മൊഅസ്സം ജായും ഫ്രഞ്ച് നഗരമായ നൈസിലെ നെഗ്രെസ്‌കോ എന്ന ആഡംബര ഹോട്ടലില്‍ എത്തി അവരുടെ പരിവാരങ്ങള്‍ക്കായി രണ്ടു നിലകള്‍ മുഴുവന്‍ ബുക്ക് ചെയ്തു. അടുത്തുള്ള പാലൈസ് കാരബാസലില്‍ വച്ചാണ് വിവാഹങ്ങള്‍ നടന്നത്. ‘പ്രാചീനവും ചരിത്രപരവുമായ രണ്ട് രാജവംശങ്ങള്‍ക്കിടയില്‍ ഇതോടെ ഒരു സഖ്യം സ്ഥാപിതമായിരിക്കുന്നു. അത് ശോഭനമായ ഭാവിയുടെ സാധ്യതകളെ തുറന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് ഉറപ്പിച്ച് നിസാം അബ്ദുല്‍ മജീദിന് ഒരു സന്ദേശം അയച്ചു.
ഈ വാര്‍ത്ത കേട്ട കൊളോണിയല്‍ അധികാരികള്‍ ആകെ പരിഭ്രാന്തരായി. ഹൈദരാബാദിലെ ബ്രിട്ടീഷ് റെസിഡന്റ്സ് അധികാരിയായ ടെറന്‍സ് കീസ് ഖിലാഫത്ത് ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതിനായി ‘പദ്ധതിയുടെ തുറന്ന പുനരുജ്ജീവനം’ എന്ന തലക്കെട്ടില്‍ വൈസ്രോയിക്ക് കത്തയച്ചു. ബ്രിട്ടനിലെ തുര്‍ക്കി എംബസി വിവാഹങ്ങളില്‍ നിദര്‍ശിതമായ ‘ഖിലാഫത്ത് ഗൂഢാലോചന’ യെ അപലപിച്ചു. ജെറൂസലേമിലെ ഗ്രാന്‍ഡ് മുഫ്തിക്കൊപ്പം സംഘടിപ്പിച്ച വേള്‍ഡ് ഇസ്ലാമിക് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആ ഡിസംബറില്‍ പലസ്തീനിലേക്ക് പോയത് മൗലാന ഷൗക്കത്ത് അലിയാണ്. തന്റെ ‘പാന്‍ ഇസ്ലാമിക് ഫെഡറേഷനുള്ള പദ്ധതി’ എന്ന് ബ്രിട്ടീഷ് ചാരന്മാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്തുണ നേടലാണ് അദ്ദേഹം ഈ യാത്രയിലൂടെ ലക്ഷ്യമിട്ടത്. മുസ്ലിം നേതൃത്വത്തോടുള്ള ഓട്ടോമന്‍ അവകാശവാദത്തെ പങ്കെടുത്ത നിരവധി പേര്‍ എതിര്‍ത്തതോടെ യോഗം പരാജയപ്പെട്ടു. കൊളോണിയല്‍ രൂപകല്‍പനകളെ വെല്ലുവിളിക്കാന്‍ തക്കശക്തിയുള്ള ഒരു മുസ്ലിം ശക്തിയും അന്നുണ്ടായിരുന്നില്ല.
അതിനിടെ വിവാഹിതരായ ദമ്പതികള്‍ തങ്ങളുടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഹൈദരാബാദിലെ ഇന്തോ-യൂറോപ്യന്‍ കൊട്ടാരമായ ബെല്ല വിസ്തയില്‍ രാജകുമാരി ദുരുശെവര്‍ താമസം തുടങ്ങി. അവിടെ വെച്ച് നന്നായി ഉറുദു സംസാരിക്കാന്‍ പഠിച്ച അവര്‍ ആശുപത്രികളെ സംരക്ഷിക്കുകയും പെണ്‍കുട്ടികള്‍ക്കായി ഒരു ജൂനിയര്‍ കോളേജ് സ്ഥാപിക്കുകയും ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അവളുടെ ബന്ധു നിലൂഫര്‍ യൂറോപ്യന്‍-ഇന്ത്യന്‍ ശൈലികള്‍ ലയിപ്പിച്ച് രൂപകല്‍പന ചെയ്ത തന്റെ വസ്ത്രങ്ങളിലൂടെ ഒരു ഫാഷന്‍ ഐക്കണായി മാറി. ഹൈദരാബാദിലെ പ്രമാണിമാരുടെ സ്ഥിരവിഹാര പാര്‍ട്ടികളില്‍ ഷോ അവതരിപ്പിക്കുന്ന സെലിബ്രിറ്റികളായിരുന്നു അവര്‍ രണ്ട് പേരും. പിന്നീട് 1933 അവസാനത്തോടെ, എല്ലാവരും കാത്തിരുന്ന നിമിഷം സമാഗതമായി. രാജകുമാരി ദുരുഷേവര്‍ ഒരു പുത്രന് ജന്മം നല്‍കി രാജകുമാരന്‍ മുഖരം ജാഹ്. രാജ പദവിയില്‍ ഒട്ടും താല്‍പര്യമില്ലാത്ത മകനെ എതിര്‍ത്താണ് നിസാം കുഞ്ഞിനെ തന്റെ അനന്തരാവകാശിയായി തെരഞ്ഞെടുത്തത്.


ഖിലാഫത്തിന്റെ വേഷം
മുഖറം ജാ രാജകുമാരന്‍ ലോക മുസ്ലിംകളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ മജീദിന്റെ വില്‍പത്രത്തില്‍ (അന്തിമ ഉസ്മാനിയ ഖലീഫ 1944 ല്‍ പാരീസില്‍ വെച്ച് അന്തരിച്ചു) ജാഹിനെ തന്റെ അനന്തരാവകാശിയും അടുത്ത ഖലീഫയുമായി നാമനിര്‍ദേശം ചെയ്തതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയപ്പോള്‍ അവരെല്ലാം ഞെട്ടിയെന്ന് ചരിത്രകാരനായ ജോണ്‍ സുബ്രിസിക്കി ‘ദി ലാസ്റ്റ് നിസാമി’ ല്‍ എഴുതുന്നു. ഹൈദരാബാദ് കൊളോണിയല്‍ നിയന്ത്രണത്തിലായിരുന്നതിനാല്‍ തന്നെ ഇതൊരു നടക്കാത്ത മനോഹര സ്വപ്നം മാത്രമായിരുന്നു. മാത്രമല്ല, സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം രൂപപ്പെടുത്തിയത് ജനാധിപത്യ രാഷ്ട്രീയക്കാരാണ്, രാജകുമാരന്മാരല്ല. ഹൈദരാബാദുമായുള്ള ഓട്ടോമന്‍ സഖ്യത്തിന് പിന്നിലെ സൂത്രധാരന്‍ മൗലാന ഷൗക്കത്ത് അലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന നേതാവായി തുടര്‍ന്നു. 1936 ല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന അദ്ദേഹം ഇന്ത്യയിലെ മുസ്ലിംകളുടെ നേതാവായി സ്വയം വിശേഷിപ്പിച്ച പ്രസിദ്ധ അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ മുഹമ്മദ് അലി ജിന്നയുടെ അടുത്ത സഖ്യകക്ഷിയായി.
1940 ല്‍ മുസ്ലിം ലീഗ് പാകിസ്ഥാന്‍ എന്ന ഒരു സ്വതന്ത്ര മുസ്ലിം രാഷ്ട്ര രൂപീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചു. 1947 ആയപ്പോഴേക്കും മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകള്‍ക്ക് സ്വയംഭരണാധികാരം നല്‍കികൊണ്ടുള്ള ഇന്ത്യന്‍ ഫെഡറേഷന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇന്ത്യയുടെ വിഭജനത്തോടെ ബ്രിട്ടീഷുകാര്‍ വിടവാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഹൈദരാബാദിലെ വരേണ്യവര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടികള്‍ പരസ്പരം രോഷാകുലരാവുകയും പഴയ ഇന്തോ-ഇസ്ലാമിക് സംസ്‌കാരത്തിന്മേല്‍ വെല്ലുവിളികള്‍ ഉയരുകയുമുണ്ടായി.
തന്റെ അനന്തരാവകാശിയായ മുഖറം ജാ ലോക മുസ്ലിംകളുടെ ഖലീഫയും മഹാനും ശക്തനുമായ നേതാവായിരിക്കുമെന്ന് വിഭാവനം ചെയ്ത നിസാം അദ്ദേഹത്തിന് കീഴില്‍ ഹൈദരാബാദ് പരമാധികാരവും സ്വയംഭരണാധികാരവുമുള്ള രാജ്യമാകണമെന്ന് ആഗ്രഹിച്ചു. എന്നാല്‍, സ്വതന്ത്ര ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന വിശാല പ്രവിശ്യയായ ഹൈദരാബാദിന്റെ സ്വയംഭരണം ഏറ്റെടുക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞു. പുതുതായി രൂപീകരിച്ച പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവായ ജിന്നയ്ക്ക് നിസാമുമായി ഗാഢമായ ബന്ധമുണ്ടായിരുന്നു. 1946 ല്‍ സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഹൈദരാബാദില്‍ അവര്‍ നടത്തിയ യോഗം ദയനീയമായി പരാജയപ്പെട്ടു. ജിന്ന യോഗത്തില്‍ ചുരുട്ട് വലിച്ച് നിസാമിന്റെ മുന്നില്‍ കാലുകള്‍ നീട്ടി ഇരിക്കുന്നതിനു മുമ്പ് ‘ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?’ എന്നു ചോദിച്ച് നിസാം അലറുകയും ജിന്ന തിടുക്കത്തില്‍ തന്റെ ചുരുട്ട് വലിച്ചെറിഞ്ഞതാണ് കാരണം.
ഇതൊക്കെയാണെങ്കിലും വിഭജനത്തിന് തൊട്ടുമുമ്പത്തെ മാസം നിസാമിനെ നേരിട്ടുകണ്ട ജിന്ന ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് കീഴടങ്ങരുതെന്ന് ഉപദേശിക്കുകയും ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഹൈദരാബാദില്‍ എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചാല്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ മുസ്ലിംകളും നൂറ് ദശലക്ഷം വരുന്ന ലോക മുസ്ലിംകളും ഐക്യമായി പ്രതിഷേധിക്കും എന്ന് ബ്രിട്ടീഷ് വൈസ്രോയിക്ക് മുന്നറിയിപ്പ് നല്‍കാനും ആവശ്യപ്പെട്ടു. ഈ നിലപാട് ഹൈദരാബാദ് സര്‍ക്കാരിന് ധൈര്യം പകര്‍ന്നു. എന്നാല്‍, 1948 ശരത്കാലത്തോടെ ഇന്ത്യന്‍ സൈന്യം ഹൈദരാബാദ് വളഞ്ഞു. സെപ്തംബര്‍ 11 ന് ജിന്ന മരണപ്പെട്ടതോടെ പാകിസ്ഥാനില്‍ അരാജകത്വം നടമാടിയതിനാല്‍ ഹൈദരാബാദിനു വേണ്ടി സൈനിക സഹായം നല്‍കുന്നത് അസാധ്യമായി. രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യം സംസ്ഥാനം ആക്രമിച്ച് ഇന്ത്യയോട് സംയോജിപ്പിച്ചു. ഇപ്പോള്‍ തെലങ്കാന എന്ന് വിളിക്കപ്പെടുന്ന പ്രദേശമായിരുന്നു ഇത്. ഹൈദരാബാദ് നഗരം അതിന്റെ തലസ്ഥാനമാണ്.
എന്നാല്‍, നിരാശാജനകമായ കാര്യമെന്തെന്നാല്‍ ഇതിന്റെ അനന്തരഫലം വിനാശകരമായിരുന്നു. സ്വതന്ത്ര റിപ്പോര്‍ട്ടുകളുടെ കണക്ക് പ്രകാരം പതിനായിരക്കണക്കിന് മുസ്ലിംകളെങ്കിലും അധിനിവേശം കാരണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരാണ് ഇതിന്റെ കാരണക്കാരായി ആരോപിക്കപ്പെട്ടത്. മനുഷ്യ ഭാവനയെ അമ്പരപ്പിക്കുംവിധം നിരവധി മുസ്ലിംകള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തന്നെ അമ്പരന്നു. ഹൈദരാബാദ് ഇനിയൊരിക്കലും പഴയതുപോലെയാകില്ല.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ജീവിതം
ദുരുഷേവര്‍ രാജകുമാരി 2006 ല്‍ തന്റെ 92-ാം വയസ്സില്‍ മരിക്കുന്നതുവരെ തന്റെ ജീവിതം ലണ്ടനിലാണ് ചെലവഴിച്ചത്. അവളുടെ മകന്‍ മുഖരം ജാ, പിതാവിനെപ്പോലെ ഹാരോയിലും തുടര്‍ന്ന് കേംബ്രിഡ്ജിലുമാണ് വസിച്ചത്. 1950 കളുടെ മധ്യത്തില്‍ ഒരു വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ അദ്ദേഹവും അമ്മയും ഒരു ചടങ്ങില്‍ ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന ഏള്‍ മൗണ്ട് ബാറ്റണുമായി കണ്ടുമുട്ടിയപ്പോള്‍ പ്രഭുവിന് ദുരുഷോവര്‍ രാജകുമാരിയോട് പറയാന്‍ കഴിയുന്നത് ‘ക്ഷമിക്കണം മാഡം’ എന്നായിരുന്നു. 1967ല്‍ നിസാം മരിക്കുകയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മുഖറം ജാ അധികാരത്തിലേറുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് ഖലീഫ പദവി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നിയമപരമായ അവകാശം ഇല്ലാതിരുന്നതാണ് പുതിയ നിസാമിന് അധികാരത്തിലെത്തുന്നതിനു തടസ്സമായത്. 1974ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പട്ടയം നിര്‍ത്തലാക്കുകയും പുതിയ നികുതികളും ഭൂനിയമങ്ങളും ചുമത്തുകയും ചെയ്തു. അവസാനം രാജവംശത്തിന്റെ ഭൂരിഭാഗം സ്വത്തുക്കളും വില്‍ക്കേണ്ട പരിതസ്ഥിതി അഭിമുഖീകരിക്കേണ്ടിവന്നു. ഇത് ഒരു സമ്പന്ന വരേണ്യവര്‍ഗത്തിന്റെ പ്രത്യേകാവകാശ നഷ്ടത്തിന്റെ നേര്‍ ചിത്രീകരണമാണ്. എന്നാല്‍, അതിനു വിധയേരാകേണ്ടി വന്നത് പ്രഭുക്കന്മാര്‍ മാത്രമായിരുന്നില്ല. ലോകവീക്ഷണവും സൗന്ദര്യവും സമാധാനവും സഹിഷ്ണുതയുള്ളതുമായ ഒരു ഇന്തോ-ഇസ്ലാമിക് സംസ്‌കാരത്തിന്റെ ശിഥിലീകരണവും കൂടിയാണ് അതിലൂടെ അടയാളപ്പെടുന്നത്.
1973ല്‍ ഓസ്ട്രേലിയയിലെ ഒരു ചെമ്മരിയാട് ഫാമിലേക്ക് താമസം മാറിയ അദ്ദേഹം അവിടെ ബുള്‍ഡോസര്‍ ഓടിക്കുന്നത് ആസ്വദിച്ചുകൊണ്ട് ജീവിതത്തിന് പുതിയ വാതായനകള്‍ തുറന്നു. ഒടുവില്‍ അദ്ദേഹം ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഹൃദയമായ ഇസ്തംപൂളിലെ ഒരു ചെറിയ അപ്പാര്‍ട്ട്മെന്റില്‍ താമസമാക്കി. അവിടെ വെച്ചാണ് അദ്ദേഹം നിര്യാതനാകുന്നത്. എന്നാല്‍, നിസാം തന്റെ ജീവകാരുണ്യ സംരംഭങ്ങളിലൂടെ ഹൈദരാബാദുമായി എപ്പോഴും ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തെ അടക്കം ചെയ്തതും ഹൈദരാബാദിലാണ്.
സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, റിച്ചാര്‍ഡ് ആറ്റന്‍ബറോ എന്നിവരുള്‍പ്പെടെയുള്ള ഹോളിവുഡ് സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മൂത്തമകന്‍ പ്രിന്‍സ് അസ്മെത് ജാ ഒരു ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മാതാവാണ്. അദ്ദേഹം തന്റെ പിതാവിന്റെ പിന്‍ഗാമിയായി ഹൈദരാബാദിന്റെ അടുത്ത നിസാമായിത്തീരും. എന്നിരുന്നാലും, ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് ഉസ്മാനികളും ലോകത്തിലെ ഏറ്റവും സമ്പന്നമായ മുസ്ലിം കുടുംബങ്ങളിലൊന്നും തമ്മില്‍ സ്ഥാപിച്ച ശ്രദ്ധേയമായ സഖ്യത്തിന്റെ ഫലമായ ഖലീഫ പദവിയില്‍ ജാഹിന് ശക്തമായ അവകാശമുണ്ടെന്ന കാര്യത്തില്‍ ഭൂരിഭാഗം ജനങ്ങളും അജ്ഞരാണ്.
അവലംബം: _w : https://www.middleeasteye.net/discover/mukarram-jah-indian-prince-ottoman-caliphate

ഇംറാന്‍ മുല്ല
വിവ: നിയാസ് അലി