വിസമ്മതങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

1728

ചോദ്യങ്ങള്‍ ചോദിക്കലും അതിനു നല്‍കപ്പെടുന്ന ഉത്തരത്തോട് വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി വിസമ്മതം പ്രകടിപ്പിക്കലും ഇസ്‌ലാമിക ജ്ഞാനോല്‍പാദന പ്രക്രിയയിലെ അത്യന്താപേക്ഷികത മൂലകമാണ്. ദൈവിക ഗ്രന്ഥമായ ഖുര്‍ആനിലെ അനല്‍പ ഭാഗങ്ങളും അധിക പ്രവാചക വചനങ്ങളും (ഹദീസുകള്‍) നിശ്ചിത ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായാണ് അവതരിക്കപ്പെട്ടിട്ടുള്ളത്. പ്രവാചക മരണാനന്തരം സ്വഹാബിമാരോടായിരുന്നു മത-രാഷ്ട്രീയ-സാമൂഹിക ഇടങ്ങളില്‍നിന്നുള്ള സംശയങ്ങള്‍ ചോദിച്ചിരുന്നത്. പിന്നീട് ഈ രീതി അടുത്ത തലമുറയിലെ അറിവും പാണ്ഡിത്യവുമുള്ള വിശ്വാസികള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. പക്ഷേ, ഈ കാലത്തുതന്നെ പണ്ഡിതന്മാര്‍ പല വിഷയങ്ങളിലും ഭിന്നാഭിപ്രായക്കാരായിരുന്നു എന്നത് ഇസ്‌ലാമിക ലോകത്ത് വലിയൊരു ധൈഷണിക പ്രതിസന്ധി സൃഷ്ടിച്ചു. എന്നാല്‍, പിന്നീടുവന്ന നവോഥാന നായകരായ പണ്ഡിതര്‍ വിസമ്മതങ്ങളുടെ സ്ഥാപനവത്കരണമെന്ന ആശയം മുന്നോട്ടുവച്ച് അഭിപ്രായ വൈവിധ്യത്തെ സമീപിച്ച രീതി വളരെ പ്രസക്തമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് വിയോജിപ്പുകളോട് പുറംതിരിഞ്ഞിരിക്കുന്ന ഭരണകൂടം അരങ്ങുവാഴുന്ന സമകാലിക സാഹചര്യത്തില്‍ വിസമ്മതങ്ങളോടുള്ള ഇസ്‌ലാമിക സമീപനം ചിലത് പറഞ്ഞുവക്കുന്നുണ്ട്.
തര്‍ക്കങ്ങളെയും വിസമ്മതങ്ങളുടെ സ്ഥാപനവത്കരണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന വിജ്ഞാനശാഖയെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇല്‍മുല്‍ ഇഖ്തിലാഫ് എന്നാണ് പരിചയപ്പെടുത്തുന്നത്. അടിസ്ഥാന വിശ്വാസ സംഹിതകളല്ലാത്ത വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നത മുസ്‌ലിം സമുധായത്തിന്റെ അനുഗ്രഹമായാണ് ഇസ്‌ലാം കാണുന്നത്. ഒരു ശരി ഉത്തരം മാത്രമുള്ളൂ എന്നു തോന്നിപ്പിക്കുന്ന വിഷയങ്ങളില്‍ എന്തുകൊണ്ടാണ് മുസ്‌ലിം പണ്ഡിതന്മാര്‍ വൈവിധ്യത്തെ അംഗീകരിക്കുന്നത്, എന്തുകൊണ്ടാണ് മതത്തെയും സമൂഹത്തെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ പൊതുസമ്മതം രൂപീകരിക്കുന്നതില്‍ മധ്യകാല മുസ്‌ലിംകള്‍ വിജയിക്കുകയും ആധുനികയുഗത്തില്‍ പരാജയപ്പെടുകയും ചെയ്യുന്നത് എന്നീ പരമപ്രധാന ചോദ്യങ്ങളെ അന്വേഷിക്കല്‍ അനിവാര്യമാണ്.
പ്രവാചകന്റെ കാലത്തുതന്നെ മുസ്‌ലിംകള്‍ പരസ്പരം വിസമ്മതം പ്രകടിപ്പിച്ചിരുന്നെങ്കിലും അത് യാതൊരു ധൈഷണിക അപചയത്തിനും വഴിയൊരുക്കിയിരുന്നില്ല. പക്ഷേ, പ്രവാചക മരണാനന്തരം ഈ ഭിന്നാഭിപ്രായം മാരകമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. തര്‍ക്കിക്കുന്ന ഓരോ വിഷയങ്ങളിലും ഒരു ശരി മാത്രമാണ് നിലനില്‍ക്കുന്നത് എന്ന ഉത്തമ ബോധ്യത്തിലായിരുന്നു അവര്‍ വാദങ്ങള്‍ ഉന്നയിച്ചിരുന്നത്. കാലക്രമേണ മാതൃകാധന്യരായ പണ്ഡിതര്‍ ഈ തര്‍ക്കങ്ങള്‍ മൂലം ഉണ്ടാകുന്ന മുസ്‌ലിംകളുടെ വിഭജനം തിരിച്ചറിഞ്ഞ് സത്യസന്ധമായി ഉന്നയിക്കപ്പെടുന്ന വിസമ്മതം അംഗീകരിക്കാനും പൊതുസമ്മതം രൂപീകരിക്കാനും മുന്നിട്ടിറങ്ങി.
656 ല്‍ മൂന്നാം ഖലീഫ ഉസ്മാന്‍ (റ)വിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട തര്‍ക്കമാണ് ഇസ്‌ലാമിക ലോകത്തെ ആദ്യ ഫിത്‌നയായി കണക്കാക്കപ്പെടുന്നത്. അതിനുശേഷം അധികാരത്തിനു വേണ്ടിയും അഴിമതിക്കാരായ ഭരണാധികാരികള്‍ക്കെതിരെയുള്ള സമരമായും പല തര്‍ക്കങ്ങളും ഉടലെടുത്തു. പ്രകൃതി, ഇസ്‌ലാമിക നിയമം, അടിസ്ഥാന വിശ്വാസ ഘടകങ്ങള്‍, ഖുര്‍ആന്റെ പ്രാമാണിക ടെക്സ്റ്റ്, ഹദീസുകളുടെ സ്വീകാര്യത എന്നിവയെ സംബന്ധിച്ച ധൈഷണിക കലഹത്തിന്റെ സാന്നിധ്യം ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ വലിയതോതില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും കുറച്ചു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ഇതിലെ അധിക പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പണ്ഡിത ലോകത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍, ഗസ്സാലി ഇമാമിന്റെ മരണത്തോടെ കര്‍മശാസ്ത്രം, ദൈവശാസ്ത്രം, ഖുര്‍ആന്‍ പാരായണം, ഹദീസ് ശേഖരണം തുടങ്ങിയവയില്‍ വ്യവസ്ഥാപിതമായ പൊതുസമ്മതം ഇസ്‌ലാമിക ലോകത്ത് രൂപപ്പെട്ടുവന്നിരുന്നു. നിശ്ചിത നിയമസാധുതക്കുള്ളില്‍ നിന്ന് വിസമ്മതിക്കുന്നതില്‍ പൊതുസമ്മതം രൂപപ്പെടുത്തുന്ന ഒരു ഉടമ്പടിയാണ് അവിടെ രൂപീകരിക്കപ്പെട്ടത്.
നാലു മദ്ഹബുകളുടെ നിലനില്‍പ്പും അതിന്റെ സ്വീകാര്യതയും ഇത്തരം സ്ഥാപനവത്കരിക്കപ്പെട്ട വിസമ്മതങ്ങളുടെ പ്രധാന ഉദാഹരണമാണ്. ഇവ തമ്മില്‍ വലിയ തോതിലുള്ള വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ കര്‍മശാസ്ത്രത്തിലെ മാനദണ്ഡങ്ങളെയും കര്‍മവിധികളുടെ അടിസ്ഥാനത്തെയും തെളിവിനെയും സംബന്ധിച്ച് നിലനിന്നിരുന്ന വിപ്ലവകരമായ വിവാദങ്ങള്‍ പരിഹരിക്കാനായി. മാത്രമല്ല, പലഭാഗങ്ങളിലും കര്‍മശാസ്ത്രത്തിലെ വിധിന്യായങ്ങളെ ചൊല്ലി വാക്കു പോരാട്ടവും ലഹളയും നടന്നിരുന്നു. എന്നാല്‍, ഗസ്സാലി ഇമാമിന്റെ കാലത്തോടെ ഒരുപോലെ സ്വീകാര്യമായ നാലു മദ്ഹബുകളില്‍ മുസ്‌ലിം ലോകം സംതൃപ്തരായി.
ഖുര്‍ആന്‍ പാരായണത്തെ സംബന്ധിക്കുന്നതാണ് മറ്റൊരു ഉദാഹരണം. പലഘട്ടങ്ങളിലും ഭാഗങ്ങളിലുമായി ഇറങ്ങിയ ഖുര്‍ആന്‍ പ്രവാചക മരണത്തിനുമുമ്പ് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല എന്ന വിഷയത്തില്‍ മധ്യകാല-ആധുനിക പണ്ഡിതന്മാര്‍ യോജിക്കുന്നുണ്ട്. ഒന്നാം ഖലീഫ അബൂബക്ര്‍ (റ)ന്റെ കാലത്ത് സൈനബ് ബിന്‍ സാബിത് (റ) കല്ലുകളില്‍ നിന്നും മരത്തോലുകളില്‍ നിന്നും ഖുര്‍ആന്‍ ശേഖരിച്ചിരുന്നു എന്ന സംഭവം വിവരിക്കുന്ന ഹദീസുകള്‍ ഇതിനെ ദൃഢീകരിക്കുന്നതാണ്. പല സ്വഹാബിമാരും വ്യത്യസ്ത രീതിയിലാണ് ഖുര്‍ആനിനെ ക്രോഡീകരിച്ചത്. ഉദാഹരണത്തിന് ഖുര്‍ആനിലെ ഒരോ സൂക്തങ്ങളും അവതരക്കപ്പെട്ട കാല ക്രമമനുസരിച്ച് തിട്ടപ്പെടുത്തപ്പെട്ട ഖുര്‍ആന്‍ അലി (റ)ന്റെ അടുത്തുണ്ടായിരുന്നു.
ഉസ്മാന്‍ (റ)ന്റെ കാലത്താണ് ഖുര്‍ആന്‍ ഔദ്യോഗികമായി ക്രോഡീകരിക്കുകയും അതിന്റെ കോപ്പികള്‍ ഇസ്‌ലാമിക ലോകത്തെ പ്രധാന നഗരങ്ങളിലേക്കയക്കുകയും ചെയ്തത്. പിന്നീട് ലോകത്ത് മുഴുവനും ഉസ്മാനീ മുസ്ഹഫുകളാണ് പ്രചാരണത്തിലുണ്ടായിരുന്നത്. പക്ഷേ, ആധുനിക അറബി ഭാഷയലെ അടയാളങ്ങളും അക്ഷര ഉച്ചാരണങ്ങളെ അറിയിക്കുന്ന പ്രതിരൂപങ്ങളും ആ പ്രതികളില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍, ഖുര്‍ആന്‍ എങ്ങനെ പാരായണം ചെയ്യണം എന്നതിനെ ചൊല്ലി പല വിധേനയുള്ള തര്‍ക്കങ്ങളും അഭിപ്രായഭിന്നതകളും മുസ്‌ലിം ലോകത്തുടലെടുത്തു. അര്‍ഥത്തെ ബാധിക്കാത്ത തരത്തിലുള്ള നേരിയ വിഷയങ്ങളിലായിരുന്നു അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നതെന്നത് വളരെ ശ്രദ്ധേയമാണ്. ശേഷം, ഇല്‍മുല്‍ ഖിറാഅത്ത് ‑”THE SCIENCE OF READING‑’ എന്ന പുതിയൊരു വിജ്ഞാനശാഖ രൂപാന്തരം പ്രാപിച്ചു.
ഇസ്‌ലാമിന്റെ മൂലഗ്രന്ഥമായതുകൊണ്ടുതന്നെ ഖുര്‍ആനിലുള്ള ചെറിയ ഭിന്നതപോലും വളരെ അപകടകരമായിരുന്നു. അതിനാല്‍ തന്നെയാണ് ഉസ്മാന്‍ (റ)ന്റെ കാലത്ത് ഖുര്‍ആന്‍ ശേഖരണത്തിന് ഔദ്യോഗികമായി കല്‍പന നല്‍കിയതും. പിന്നീട് ഒരുപോലെ സ്വീകാര്യമായ ഏഴ് പാരായണ ശൈലിയില്‍ പൊതുസമ്മതം നേടിയെടുത്തത് ഈ വിഷയത്തില്‍ മുസ്‌ലിം പണ്ഡിതര്‍ ഒരു ഉടമ്പടിയില്‍ എത്തി. വാസ്തവത്തില്‍ ഇത്തരത്തിലുള്ള വൈവിധ്യം ദൈവികമായ ഔദാര്യമായാണ് മുസ്‌ലിംകള്‍ കാണുന്നത്.
അതുപോലെ, ഇസ്‌ലാമിന്റെ ആദ്യനൂറ്റാണ്ടുകളില്‍ സ്വയേച്ഛകള്‍ക്കും അധികാരത്തിനും വേണ്ടി ധാരാളം കെട്ടിച്ചമച്ച ഹദീസുകള്‍ വെളിപ്പെട്ടതിനെ തുടര്‍ന്ന് ഹദീസുകള്‍ ആധികാരികമായി സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ വിഷയത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. നിരവധി ഭിന്നാഭിപ്രായങ്ങള്‍ ഈ വിഷയത്തിലുണ്ടായിരുന്നു. ശേഷം, രണ്ട് ഹദീസ് ഗ്രന്ഥങ്ങള്‍ (ബുഖാരി, മുസ്‌ലിം) കൂടുതല്‍ ആധികാരികതയുള്ളതായും നാല് ഗ്രന്ഥങ്ങള്‍ അതിനു തൊട്ടുതാഴെയുമായി നിലനിര്‍ത്തുന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായം സ്വീകരിച്ചു.
ഇസ്‌ലാമിക ലോകത്ത് ഇന്ന് ഉത്തരം നല്‍കപ്പെടാതെ കുന്നുകൂടിക്കിടക്കുന്ന ചോദ്യങ്ങളുടെ എണ്ണം വളരെയാാണ്. ഇസ്‌ലാം മതം ഇസ്‌ലാമിക സമൂഹത്തിന്റെ വളര്‍ച്ചയുടെ പ്രധാനഘടകമായതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങളിലും മതത്തിലേക്കു നോക്കല്‍ സ്വാഭാവികമാണ്. എന്നാല്‍, സമൂഹത്തിലെ വിസമ്മത സ്വരങ്ങളെ തുന്നിച്ചേര്‍ത്ത് ഉടമ്പടി ഉണ്ടാക്കേണ്ട സ്ഥലങ്ങളില്‍ അത് ഇല്ലാതാവുമ്പോള്‍ ഉടലെടുക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ചെറുതല്ല.
മാത്രമല്ല, മധ്യകാലത്ത് വിസമ്മതങ്ങളുടെ സ്ഥാപനവത്കരണം നടന്നിരുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ചലനാത്മകതയെ സംബന്ധിക്കുന്ന വിഷയങ്ങളിലായിരുന്നു, ഇന്നത് കുറച്ചുകൂടി വിശാലമാണ്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ നേരിട്ട് പരാമര്‍ശ വിധേയമല്ലാത്ത സംസ്‌കാരവും ഇസ്‌ലാമിക ഭൂപ്രദേശങ്ങളിലെ പ്രാദേശിക ആചാരങ്ങളും തമ്മിലുള്ള വിസമ്മതം ഇതിനുദാഹരണമാണ്. ഇസ്‌ലാമിക സംസ്‌കാരവും ഇറാനിയന്‍ രാജഭരണം അടങ്ങിയ ഇറാനിയന്‍ പ്രാദേശിക സംസ്‌കാരവും സഹവസിക്കേണ്ട ആവശ്യകത പോലെ.
ഉത്തരാധുനിക യുഗത്തില്‍ മുസ്‌ലിം ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഐക്യം പുനസ്ഥാപിക്കാനും മധ്യകാല സമൂഹത്തിന്റെ സക്രിയ ഇടപെടലില്‍ നിന്നും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. തീവ്ര മുസ്‌ലിം മോഡേണിസ്റ്റുകളും സോകോള്‍ഡ് തീവ്ര ചിന്താഗതിക്കാരും പഴഞ്ചനെന്നും യാഥാസ്തികമെന്നും മുദ്രചാര്‍ത്തുന്ന പരമ്പരാഗത വിദ്യഭ്യാസ രീതിയെ അതീവ പ്രാധാന്യത്തോടുകൂടെ ഉയര്‍ത്തിക്കൊണ്ടുവരണം എന്നാതാണ് അതിലെ പ്രധാന പരിഹാര മാര്‍ഗം. ഇസ്‌ലാമിക ടെക്‌സറ്റുകളെ സ്റ്റേറ്റിന്റെയും നിശ്ചിത ആശയധാരയുടെയും അജണ്ടകളെ അടിസ്ഥാനപ്പെടുത്തി പുനര്‍വ്യാഖ്യാനിക്കാനാണ് അവര്‍ പരമ്പരാഗത വിദ്യഭ്യാസത്തെ അടിച്ചാക്ഷേപിക്കുന്നത്.

ഹംസ സ്വാലിഹ്‌