വേണ്ടത് ഒരൊറ്റ രാജ്യവും ഒരൊറ്റ നീതിയും

1095

‘ഒരു ജനത, ഒരു രാഷ്ട്രം, ഒരു നേതാവ്’ (Eien volk, ein Reich, ein Furhrer) എന്ന നാസി മുദ്രാവാക്യമാണ് ആര്‍.എസ്.എസിന്റേതെന്ന് ബി.ആര്‍ അംബേദ്കര്‍ 70 വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയിട്ടുണ്ട്. ജര്‍മനിയിലെ നാസിസത്തോടും ഇറ്റലിയിലെ ഫാസിസത്തോടും ആര്‍.എസ്.എസിന്റെ ആശയസാദൃശ്യം കൊണ്ടാണ് ഏഴുപതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇക്കാര്യം മഹാനായ അംബേദ്കര്‍ പ്രവചിച്ചത്. സ്വന്തം നിലയ്ക്ക് കേന്ദ്രത്തില്‍ അധികാരം ലഭിക്കുന്നതു വരെയും ഇക്കാര്യം ഒളിപ്പിച്ചുവയ്ക്കാന്‍ ആര്‍.എസ്.എസിനായി. 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ച് അധികാരത്തിലേറിയതോടെയാണ് രൂപീകരിക്കപ്പെട്ട് നൂറുവര്‍ഷമാകാനിരിക്കുന്ന സമയത്ത് ആര്‍.എസ്.എസ് തങ്ങളുടെ യഥാര്‍ഥ അജണ്ടകളോരോന്ന് പുത്തെടുത്ത് കൊണ്ടിരിക്കുന്നത്.
ഒരൊറ്റ രാജ്യം ഒരൊറ്റ നിയമം എന്ന പേരില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിലാണ്. ഇതിനു പുറമെ ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന പേരില്‍ ജി.എസ്.ടി നടപ്പാക്കി. ഒരൊറ്റ രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് എന്ന് വാദിച്ച് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള നീക്കത്തിലുമാണ്. ജമ്മുകശ്മീരിന് ഭരണഘടന അനുവദിച്ച സവിശേഷാധികാരം എടുത്തുകളഞ്ഞപ്പോള്‍ മോദി പ്രസംഗിച്ചത് ഒരൊറ്റ രാജ്യം ഒരൊറ്റ ഭരണഘടന എന്നായിരുന്നു. സബ്‌സിഡിയുള്ള എല്ലാ വളങ്ങളും ‘ഭാരത്’ എന്ന പേരില്‍ ഒരു പദ്ധതിക്ക് മോദി തുടക്കമിട്ടു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ ഭൂമിയുടെ രേഖകള്‍ ഏകോപിപ്പിക്കുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഒരൊറ്റ രാജ്യം ഒരൊറ്റ റേഷന്‍ കാര്‍ഡ്, ഒരൊറ്റ മൊബിലിറ്റി കാര്‍ഡ്, ഒരൊറ്റ രാജ്യം ഒരൊറ്റ ഗ്രിഡ്, ഒരൊറ്റ രാജ്യം ഒരൊറ്റ വാഹന സീരീസ് നമ്പര്‍, തുടങ്ങിയവയും ബി.ജെ.പിയുടെ നീക്കങ്ങളില്‍പ്പെട്ടതാണ്. ഇതിനിടെ അവസാനമായി ഉയര്‍ത്തിയ വാദമാണ് ഒരൊറ്റ പൊലീസ് ഒരൊറ്റ യൂനിഫോം എന്നത്. ഇനി അടുത്തത് ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ എന്നതാവും. അതിന്റെ നീക്കം ഇതിനകം തുടങ്ങിയിട്ടുണ്ട്.


ഹിന്ദി അടിച്ചേല്‍പ്പിക്കല്‍
ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദിയെ പ്രമോട്ട്ചെയ്യുന്നതും അടിച്ചേല്‍പ്പിക്കലുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ‘യൂനിറ്റി’ നയങ്ങളില്‍ ഏറ്റവും വിവാദമായതും ചര്‍ച്ചചെയ്യപ്പെട്ടതും. കേരളം, തമിഴ്നാട് തുടങ്ങിയ ഹിന്ദിയിതര സംസ്ഥാനങ്ങള്‍ ഇതിനകം ഈ നീക്കത്തോട് എതിര്‍പ്പറിയിച്ചുകഴിഞ്ഞു. ഹരിയാനയില്‍ ഒക്ടോബര്‍ അവസാനം സംഘടിപ്പിച്ച ആഭ്യന്തരമന്ത്രിമാരുടെ ദ്വിദിന യോഗത്തില്‍ അഭിസംബോധന ചെയ്യവെയാണ് ഒരൊറ്റ രാജ്യം ഒരൊറ്റ യൂനിഫോം എന്ന ആശയം മോദി പ്രഖ്യാപിച്ചത്. ഒരൊറ്റ രാജ്യം ഒരൊറ്റ സൂചന ബോര്‍ഡ് എന്ന ആശയവും പ്രസംഗത്തിനിടെ മോദി പങ്കുവയ്ക്കുകയുണ്ടായി. ഇതിനകം തന്നെ കേന്ദ്രസര്‍ക്കാരിന് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം ഹിന്ദിയിലാണ് ബോര്‍ഡ്. സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ഹിന്ദിയിലാണ് പേരിട്ടുവരുന്നത്.
2014-ല്‍ അധികാരത്തിലേറിയ ഉടന്‍ വിവിധ മന്ത്രലയങ്ങളുടെ പേര് ഹിന്ദിയിലാക്കി. പ്ലാനിംഗ് ബോര്‍ഡ് ഇല്ലാതാക്കി പകരം നിതി ആയോഗ് ആക്കി. വിദേശികളുള്‍പ്പെടെ പതിവായി വരുന്ന ല്യൂട്ടന്‍ ഡല്‍ഹിയിലെ പ്രധാന മന്ത്രാലയങ്ങള്‍ക്കുള്‍പ്പെടെ സൂചനാ ബോര്‍ഡുകള്‍ ഹിന്ദിയിലാണ്. ചിലതിനൊപ്പം ഇംഗ്ലീഷില്‍ പേര് കൊടുത്തിട്ടുണ്ട്. ഏതാണ്ടെല്ലാ മിക്ക ബി.ജെ.പി എം.പിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍ക്ക് മുന്നില്‍ പതിപ്പിച്ച നെയിം ബോര്‍ഡുകളിലൊക്കെയും ഹിന്ദിയിലാണ് പേരെഴുതിവച്ചിരിക്കുന്നത്.
ഹിന്ദിയെ മൊത്തം ഇന്ത്യക്കാരുടെയും ഭാഷയാക്കി മാറ്റാനുള്ള നീക്കം ഔദ്യോഗികമായി തന്നെ ശക്തമായി നടന്നുവരികയാണ്. ഇതിന് യു.എന്നിന്റെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഫിജിയില്‍ ആഗോള ഹിന്ദി സമ്മേളനവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹിന്ദി പ്രചാരണത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ ഹിന്ദിയില്‍ എം.ബി.ബി.എസ് സിലബസ് തയ്യാറാക്കുകയും അത് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും തന്നെ പ്രകാശനം ചെയ്യുകയും ചെയ്തു. മധ്യപ്രദേശിന്റെ ‘ഹിന്ദി എം.ബി.ബി.എസ്’ പഠിച്ച ഒരു വിദ്യാര്‍ഥിക്ക് ഹിന്ദിയിതര സംസ്ഥാനങ്ങളിലും വിദേശത്തും തുടര്‍പഠനത്തിനും ജോലിക്കുമുള്ള സാധ്യതകള്‍ സംബന്ധിച്ച ആശങ്ക മെഡിക്കല്‍ വിദഗ്ധരും ഈ രംഗത്തെ സംഘടനകളും ഉന്നയിച്ചെങ്കിലും ‘ഹിന്ദി എം.ബി.ബി.എസ്’ പഠനവുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ.


സാംസ്‌കാരിക അധിനിവേശം
പോലീസ് യൂനിഫോം ആകട്ടെ, വാഹനനമ്പറോ റേഷന്‍കോര്‍ഡോ ഭാഷയോ എന്തോ ആകട്ടെ എല്ലാം ഒന്നിപ്പിക്കുന്നത് സാംസ്‌കാരിക അധിനിവേശമാണ്. ഒരൊറ്റ പൊലീസ് ഒരൊറ്റ യൂനിഫോം എന്നത് പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കവും നല്ലതെന്നും തോന്നുന്ന ആശയമാണ്. അങ്ങനെ തോന്നിപ്പിക്കുന്നത് തന്നെയാണ് സംഘ്പരിവാരിന്റെ വിജയവും. എന്നാല്‍, എല്ലാ മേഖലയിലും ഇങ്ങനെ ഐക്യവും ഏകീകരണവും കൊണ്ടുവന്ന് തന്നെയാണ് രാജ്യത്ത് നാസി ആശയങ്ങള്‍ നടപ്പാക്കുന്നതെന്നതാണ് വാസ്തവം. നിലവില്‍ ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പോലീസിനെ യൂനിഫോം നോക്കി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നാല്‍, യൂനിഫോം ഏകോപിപ്പിക്കണമെന്നൊരു മുറവിളി ഇതുവരെ പൊതുസമൂഹത്തില്‍ ശക്തമായിരുന്നില്ല. ശൂന്യതയില്‍നിന്ന് ആശയങ്ങള്‍ ഉണ്ടാക്കി അവ ജനകീയ ആവശ്യമാക്കി മാറ്റി അതുനടപ്പാക്കുകയാണ് മോദിയും സംഘ്പരിവാരും ഓരോ കാര്യത്തിലും ചെയ്യുന്നത്.
വലിപ്പത്തില്‍ ലോകത്ത് ഏഴാമതാണ് ഇന്ത്യ. ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തും. പ്രധാന സാമ്പത്തിക ശക്തിയുമാണ്. ഇന്ത്യക്ക് സ്വന്തമായി അണുവായുധമുണ്ട്. മൂന്നാമത്തെ വലിയ സൈനിക ശക്തിയുമാണ്. ന്യൂനപക്ഷ വിഭാഗമാണെങ്കിലും ലോകത്ത് ഏറ്റവും വലിയ മുസ്ലിം സമൂഹങ്ങളിലൊന്ന് ജീവിക്കുന്നത് ഇന്ത്യയിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ബഹുസ്വരതനിലനില്‍ക്കുന്ന രാജ്യവും ഇന്ത്യയാണ്. ഇന്ത്യയെ പോലെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന മറ്റൊരു രാജ്യം ഉണ്ടാവില്ല. ആയിരക്കണക്കിന് ജനങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും നൂറുകണക്കിന് ഭാഷകളും വ്യത്യസ്ത ജാതി, ജന, മതവിഭാഗങ്ങളും ഒന്നിച്ചുകഴിയുന്ന ഒരുരാജ്യം. ഒരേസമയം വൈവിധ്യവും വൈരുധ്യവും നിലനില്‍ക്കുന്ന രാജ്യം. അതുകൊണ്ട് തന്നെ ഒരു സാംസ്‌കാരിക ഏകീകരണം നടപ്പാക്കാന്‍ കഴിയാത്ത ഈ രാജ്യത്താണ് ഏകതയ്ക്കു വേണ്ടി സംഘ്പരിവാര്‍ നീക്കം നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഈ ബഹുസ്വര ഇല്ലാതാവുമെന്നാണ് സംഘ്പരിവാരിന്റെ യൂനിറ്റി വാദങ്ങള്‍ക്കെതിരായ പ്രധാന എതിര്‍വാദം. പ്രതിപക്ഷവും ഇക്കാര്യം പറഞ്ഞുകഴിഞ്ഞു.


മറ്റ് അപകടങ്ങളും പതിയിരിക്കുന്നു
ഫെഡറലിസം ഒരു സങ്കല്‍പ്പമായേക്കാവുന്ന നീക്കങ്ങളും കേന്ദ്രസര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം പച്ചയ്ക്ക് നടക്കുന്നു. പൊതുവേ അഴിമതിവിരുദ്ധ പാര്‍ട്ടികളായി പരിഗണിക്കപ്പെടുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടെയാണ് കോടിക്കണക്കിന് അഴിമതി നടത്തിയെന്നാരോപിച്ച് ഇ.ഡി വേട്ടയാടി കൊണ്ടിരിക്കുന്നത്. എന്നാല്‍, അതേസമയം നൂറും ഇരുനൂറും കോടി രൂപയ്ക്ക് ബി.ജെ.പി ഏജന്റുമാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുന്നതിനിടെ അറസ്റ്റിലായപ്പോള്‍ ഇ.ഡി ഇടപെട്ടതുമില്ല.
എന്‍.ഐ.എക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത് മറ്റൊരു- കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലുകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുകയും അതോടൊപ്പം മുസ്ലിം വ്യക്തിനിയമം റദ്ദാക്കുകയും ചെയ്ത് ഏകസിവില്‍കോഡ് നടപ്പാക്കുകയാണ് ഈ ശ്രേണിയിലെ സംഘ്പരിവാരിന്റെ മറ്റൊരു പ്രധാന അജണ്ട. വിവിധ സമയങ്ങളിലായി അതിന് കോടതി സമ്മതം മൂളിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങള്‍ അതിനുള്ള നീക്കവും തുടങ്ങി. ചുരുക്കത്തില്‍, ആര്‍.എസ്.എസ് ലക്ഷ്യമിടുന്ന ഒരൊറ്റ രാജ്യം ഒരൊറ്റ ജനതയെന്ന നാസി ആശയത്തിലേക്ക് ഇനി അധികം ദൂരമില്ല. അപ്പോഴും നടപ്പാവാതിരിക്കുന്ന ആശയം, പൗരന്‍മാരെ അവരുടെ മതവും ജാതിയും നോക്കാതെ തുല്യരായി കാണുന്ന ‘ഒരൊറ്റ രാജ്യം ഒരൊറ്റ നീതി’ എന്നതാവും.

യു.എം മുഖ്താര്‍