ശംസുല്‍ ഉലമ പറഞ്ഞു; എനിക്ക് കിതാബ് നോക്കാതെ ഉറക്കം വരുന്നില്ലടോ…

2423

താങ്കളുടെ കുടുംബ പാശ്ചാത്തലം?
ഒരു പുരുഷായുസ്സ് മുഴുവന്‍ പാറാല്‍ പള്ളിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച കൂളാട്ട് മാമു മുസ്‌ലിയാര്‍ എന്നവരാണ് എന്റെ പിതാവ്. വടക്കേ മലബാറിലെ നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖായ പാലത്തുങ്കര റമളാനുശ്ശൈഖ് തങ്ങളുടെ മരുമകന്‍ കുഞ്ഞിപ്പോക്കര്‍ എന്നവരുടെ മകള്‍ ഖദീജ എന്നവരുടെ മകന്‍ പാറക്കണ്ടി മുഹമ്മദ് എന്നവരുടെ മകള്‍ ചിറ്റിക്കോത്ത് സൈനബ എന്നവരാണ് എന്റെ മാതാവ്.

പിതാവിനെ കുറിച്ചുള്ള ഓര്‍മകള്‍?
പിതാവ് കൂളാട്ട് മാമു മുസ്‌ലിയാര്‍ 80 വര്‍ഷക്കാലം വേതനം കൂടാതെ പാറാല്‍ പള്ളിയുടെ ഇമാമത്തും പള്ളി പരിപാലന കാര്യങ്ങള്‍ മുഴുവനും ശ്രദ്ധിച്ചിരുന്നവരാണ്. മരണപ്പെടുമ്പോള്‍ പിതാവിന് ഏകദേശം 100 വയസ്സ് തികയാറായിരുന്നു. അദ്ദേഹത്തിനു മുമ്പ് ഉപ്പൂപ്പ കുട്ട്യാലി ഹാജി എന്നവരായിരുന്നു. ഉപ്പ ഫഖ്‌റുദ്ദീന്‍ എന്നവര്‍ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ബാപ്പ 35 വര്‍ഷത്തിലധികം കുണ്ടലക്കണ്ടി നുസ്‌റത്തുല്‍ ഇസ്‌ലാം മദ്രസയിലെ ഉസ്താദുമായിരുന്നു. കടവത്തൂര്‍ പോക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ശംസുല്‍ ഉലമയുടെ സഹപാഠിയായിരുന്നു ബാപ്പ. ശംസുല്‍ ഉലമക്ക് സേവനം അനുഷ്ഠിക്കാന്‍ എനിക്ക് അവസരം ലഭിക്കാനുണ്ടായ കാരണം പിതാവിന്റെ ബന്ധമാണ്.

മാണിയൂര്‍-പാറാലിന്റെ ചരിത്രം എങ്ങനെയോര്‍ക്കുന്നു? പാറാല്‍ ശുഹദാക്കളെക്കുറിച്ച്?
വളരെ പുരാതനവും, ആവേശോജ്ജ്വലവുമായ ചരിത്രങ്ങളുടെ സമാഹാരമാണ് മാണിയൂര്‍ പാറാല്‍ ജുമാ മസ്ജിദും പാറാല്‍ പൊതു മൈതാനിയും. കണ്ണൂര്‍ ജില്ലയില്‍ തന്നെ അത്യുന്നതരും മഹാന്മാരുമായിരുന്ന ആരിഫീങ്ങളും ആലിമീങ്ങളും അന്തിയുറങ്ങുന്ന പാറാല്‍ മൈതാനിക്ക് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാവും. ഈ മൈതാനിയുടെ നടുവില്‍ ശോഭ വിടര്‍ത്തി വിശ്രമിക്കുന്നു പാറാല്‍ ശുഹദാക്കള്‍. മേല്‍ പറഞ്ഞത് പോലെ, മാണിയൂര്‍ ദേശത്തിന്റെ വെളിച്ചമാണ് മഹാന്‍മാരുടെ ശുഹദാക്കളുടെ മഖാം. രണ്ട് ശുഹദാക്കളാണ് മഖാമിനകത്ത് മറവ് ചെയ്യപ്പെട്ടിരിക്കുന്നത്. അവര്‍ ശുഹദാക്കളും മഹാന്‍മാരുമാണെന്ന കാര്യം മഹാനായ പാലത്തുങ്കര റമളാന്‍ ശൈഖ് തങ്ങളാണ് തന്റെ വിലായത്തിന്റെ കശ്ഫിലൂടെ അറിയിച്ചത്. നാളിതു വരെ അത്യുന്നതന്മാരായ മഹത്തുക്കള്‍ നമ്മുടെ മഖാമിനെ വളരെ ആദരവോടെയാണ് നോക്കിക്കണ്ടത്. പാലത്തുങ്കര മശാഇഖുമാരായ റമളാന്‍ ശൈഖ് തങ്ങള്‍, കുഞ്ഞിപ്പക്കര്‍ ശൈഖ് തങ്ങള്‍, അല്‍ ആരിഫു ബില്ലാഹി ശാഹുല്‍ ഹമീദ് തങ്ങള്‍, മൂലയിലകത്ത് മുഹമ്മദ് ഹാജി തങ്ങള്‍, റമളാന്‍ ഹാജി തങ്ങള്‍, അന്ത്രു ഹാജി തങ്ങള്‍, ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഖുതുബി തങ്ങളുടെ പ്രധാന ശിഷ്യനും സ്വൂഫിയുമായിരുന്ന മാണിയൂര്‍ കോറോത്ത് കുട്ട്യാലി മുസ്‌ലിയാര്‍ തുടങ്ങിയ എണ്ണമറ്റ മഹാന്മാര്‍ പ്രസ്തുത മഖാമില്‍ ആദരവോടും ബഹുമാനത്തോടും സിയാറത്ത് ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാ കൊല്ലവും മലയാള മാസം കുംഭം 20 കഴിഞ്ഞ ആദ്യ വ്യാഴാഴ്ചയാണ് പാറാല്‍ നേര്‍ച്ച എന്ന പേരില്‍ പ്രശസ്തമായ മഖാം ഉറൂസ് നടത്തപ്പെടാറുള്ളത്. പ്രചണ്ഡമായ പ്രചരണങ്ങളില്ലാതെ തന്നെ ആയിരങ്ങള്‍ ഉറൂസിനെത്തുന്നത് അത്ഭുതക്കാഴ്ചയാണ്. പഴയ കാലത്തേയും പുതിയ കാലത്തേയും ഉറൂസിന് വ്യത്യാസങ്ങളൊന്നുമില്ല. ഇപ്പോള്‍ മത പ്രഭാഷണ പരമ്പര നടക്കുന്നു. ഉറൂസിനോടനുബന്ധിച്ചുള്ള ചന്ത വിപുലമായി. തുടങ്ങിയ വ്യത്യാസങ്ങളല്ലാതെ മറ്റൊന്നും തന്നെയില്ല. റമാളാന്‍ ശൈഖ് തങ്ങളുടെ മാതാവും പിതാവും അന്തിയുറങ്ങുന്നത് പാറാല്‍ മൈതാനിയില്‍ പള്ളിയുടെ വടക്ക് വശത്തുള്ള പുറം മൈതാനിയില്‍ ആണ്. അവിടെ വേറെയും ശുഹദാക്കളുടെ ഖബ്‌റുകളുണ്ടെന്നാണ് പിതാവില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. റമളാന്‍ ശൈഖ് തങ്ങള്‍ പാറാല്‍ മൈതാനിയില്‍ അന്തിയുറങ്ങാന്‍ ആഗ്രഹിച്ചിരുന്നു എന്നത് കെ.കെ.പി അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ് റമളാന്‍ ഹാജി തങ്ങള്‍ പറഞ്ഞ കാര്യം അദ്ദേഹം എന്നോട് പങ്കുവച്ചിട്ടുണ്ട്. പ്രമുഖ മത പണ്ഡിതനായ സി. കുട്ട്യാലി മുസ്‌ലിയാര്‍, എന്റെ പിതാവ് മാമു മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, പ്രമുഖ പണ്ഡിതനും കേരളത്തിനകത്തും പുറത്തുമായി അക്കാലത്ത് അറിയപ്പെട്ട വാഗ്മിയായിരുന്ന കുഞ്ഞിപ്പരി മുസ്‌ലിയാര്‍, സി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി.കെ അബ്ദുല്ല മുസ്‌ലിയാര്‍, ചെള്ളക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, സി.പി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പാറാല്‍ മൈതാനിയില്‍ അന്ത്യ വിശ്രമം കൊള്ളുന്നവരില്‍ ഏറെ പ്രധാനികളാണ്.

പഠന കാലം എങ്ങനെയോര്‍ക്കുന്നു? സ്ഥാപനങ്ങള്‍? പ്രധാന ഗുരുക്കന്മാര്‍ ആരെല്ലാമായിരുന്നു ?
ജീവിതത്തിലെ സുപ്രധാന കാലയളവായിരുന്നു പഠന കാലം. വിദ്യാര്‍ഥി ജീവിതത്തില്‍ തന്നെ ഒരുപാട് മഹാന്‍മാരുമായി ബന്ധപ്പെടാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും സാധിച്ചു. ആഡൂര്‍ ജുമാ മസ്ജിദ്, മാട്ടൂല്‍ മടക്കര ജുമാ മസ്ജിദ്, എടയന്നൂര്‍ ജുമാ മസ്ജിദ്, ചെമ്പിലോട് ജുമാ മസ്ജിദ് തുടങ്ങിയ ദര്‍സുകളിലും കൊടുങ്ങല്ലൂര്‍ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍, കോഴിക്കോട് കുറ്റിച്ചിറ ജലാലിയ്യ തുടങ്ങിയ അറബിക് കോളേജുകളിലും പഠനം നടത്തി. പിതാവ് മാമു മുസ്‌ലിയാര്‍ തന്നെയായിരുന്നു ആദ്യ ഗുരു. പാലത്തുങ്കര മൂലയില്‍ അബ്ദുറഹ്മാന്‍ ഹാജി തങ്ങള്‍, മാണിയൂര്‍ സി.കുട്ട്യാലി മുസ്‌ലിയാര്‍ (വേങ്ങാട് ഖാള്വി), ചെമ്പിലോട് കൈതപ്പോയില്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, ഹബീബുള്ള മൗലവി കൊടുങ്ങല്ലൂര്‍, ചെള്ളക്കല്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഗുരുക്കന്മാര്‍.

ശംസുല്‍ ഉലമയുമായുള്ള ബന്ധം തുടങ്ങുന്നതെപ്പോള്‍? അതിനുണ്ടായ പശ്ചാത്തലം?
ഇ.കെ ഉസ്താദിന്റെ വഫാത്തിന്റെ 20 വര്‍ഷം മുമ്പായിരുന്നു അദ്ദേഹവുമായി ഞാന്‍ ബന്ധപ്പെടുന്നത്. വഫാത്താകുന്നതു വരെ ആ ബന്ധം തുടര്‍ന്നു. അദ്ദേഹത്തിനു സേവനം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് ഞാന്‍ ഇന്നും വിശ്വസിക്കുന്നത്.

ശംസുല്‍ ഉലമയുടെ കൂടെ ബോംബെയിലുണ്ടായിരുന്ന ഓര്‍മകള്‍ താങ്കള്‍ പറയാറുണ്ടല്ലോ ?
വളപട്ടണം സ്വദേശി മരക്കച്ചവടക്കാരനായ ഉമ്മര്‍കുട്ടി ഹാജി എന്നവരുടെ മകന്‍ അബ്ദുറഹ്മാന്‍ എന്നവരുടെ ഫഌറ്റിലായിരുന്നു ശംസുല്‍ ഉലമ ബോംബൈയിലെത്തിയാല്‍ താമസിക്കാറ്. വിശാലമായ ഹാള്‍ തന്നെ ശൈഖുനാക്ക് അവര്‍ സൗകര്യം ചെയ്തുകൊടുക്കാറുണ്ടായിരുന്നു. രാത്രി സമയങ്ങളില്‍, ഞങ്ങളൊക്കെ ഉറങ്ങിക്കഴിഞ്ഞാല്‍ അദ്ദേഹം അരണ്ട വെളിച്ചത്തില്‍ കിതാബ് നോക്കുന്നത് പതിവായിരുന്നു. അന്നൊരിക്കല്‍, നേത്രചികിത്സക്കായിരുന്നു യഥാര്‍ഥത്തില്‍ ബോംബെയിലേക്ക് പോയത്. അവിടെ അഗര്‍വാള്‍ എന്ന് പേരുകേട്ട കണ്ണ് ഡോക്ടറുണ്ടായിരുന്നു. ചികിത്സക്ക് ശേഷം അദ്ദേഹം പറഞ്ഞു: ഇനി കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുകയില്ല, ചെറുപ്പത്തില്‍ വന്ന വസൂരി കാരണം ഞരമ്പ് ക്ഷീണിച്ചുപോയിട്ടുണ്ട്. ഓപ്പറേഷന്‍ ചെയ്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല, അതിനാല്‍ ഉള്ള കാഴ്ച നിലനിര്‍ത്താന്‍ ശ്രമിക്കുക. ആ ദിവസങ്ങളിലും, രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷവും ശൈഖുനാ കിതാബ് നോക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞു: ഡോക്ടര്‍ പറഞ്ഞിരുന്നു, രാത്രി ഇങ്ങനെ വായിച്ചിരിക്കരുത് എന്ന്, അപ്പോള്‍ അദ്ദേഹം പറഞ്ഞു: എനിക്ക് കിതാബ് നോക്കാതെ ഉറക്കം വരുന്നില്ലെടോ.
കൂടെയുള്ള യാത്രയില്‍ ബോംബെയില്‍ അബ്ദുറഹ്മാന്‍ ബാവയുടെ ദര്‍ഗയില്‍ സിയാറത്ത് ചെയ്ത് കാറില്‍ തിരിച്ച് കയറിയതായിരുന്നു. പിറകിലെ സീറ്റില്‍ വലതുഭാഗത്താണ് അദ്ദേഹം ഇരിക്കുന്നത്. അക്കാലത്ത് വി.ഐ.പികളൊക്കെ വലതുഭാഗത്തായിരുന്നു ഇരിക്കാറ്. ഇടതുഭാഗത്ത്, ബോംബെയില്‍ പോയാല്‍ എപ്പോഴും കൂടെയുണ്ടാകാറുള്ള സ്വൂഫിവര്യനായ ബ്ഗദാദി തങ്ങളും ഉണ്ട്. ഡ്രൈവര്‍ അബ്ദുറഹ്മാനും ഞാനും മുന്നിലുണ്ട്. പെട്ടെന്ന് ഉച്ചത്തില്‍ സലാം മടക്കുന്നത് ഞങ്ങള്‍ കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ ശൈഖുനാ ചോദിച്ചു: മൂപ്പര്‍ എങ്ങോട്ടാ പോയത്? ഞങ്ങള്‍ ചോദിച്ചു: ആരെക്കുറിച്ചാണ് ശൈഖുനാ ചോദിക്കുന്നത്? അപ്പോള്‍ ചോദിച്ചു: ഇപ്പോള്‍ എന്നോട് സലാം ചൊല്ലുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? ഞങ്ങള്‍ പറഞ്ഞു: സലാം ചൊല്ലുന്നത് കേട്ടിട്ടില്ല, ശൈഖുനാ മടക്കുന്നതേ കേട്ടിട്ടുള്ളൂ. അപ്പോള്‍ കാറ് നിര്‍ത്താന്‍ പറഞ്ഞു, കൂടെയുള്ള ബഗ്ദാദി തങ്ങളോട് ചോദിച്ചു: തങ്ങളെ ഇവിടെയെന്തെങ്കിലും വിശേഷമുണ്ടോ? തങ്ങള്‍ പറഞ്ഞു: ഈ മതിലിന്റെ അപ്പുറത്ത് ഗൗസുല്‍ അഅഌമിന്റെ ഇരുപത്തിമൂന്നാമത്തെ മകന്റെ മഖ്ബറയാണ്. അങ്ങനെ കാറ് തിരിച്ച് ദര്‍ഗയിലേക്ക് പോയി. അവിടെ ചെന്ന് ഭവ്യതയോടെ കയ്യിലെ മോതിരവും തസ്ബീഹ് മാലയുമൊക്കെ കാലിന്റെ ഭാഗത്ത്
വച്ച് യാസീന്‍ ഓതി വലിയ ദുആ നടത്തുകയുണ്ടായി. പിന്നീട് ബോംബെയില്‍ പോകുമ്പോഴൊക്കെ ശൈഖുനാ ആ ദര്‍ഗയില്‍ സിയാറത്ത് ചെയ്യാറുണ്ടായിരുന്നു. സാധാരണ ബോംബെയില്‍ പോയാല്‍ മാഹിന്‍ മഖ്ദൂം ശാ ബാവ, ഹാജി അലി ബാവ ദര്‍ഗ എന്നിവടങ്ങളില്‍ പോകാറുണ്ടായിരുന്നു. അതോടൊപ്പം ബോംബൈ സെന്‍ട്രല്‍ ആശുപത്രിയുടെ അടുത്തുള്ള സയ്യിദ് ബഹാഉദ്ദീന്‍ നഖ്ശബന്ദി (റ)വിന്റെ മഖ്ബറയില്‍ വലിയ തഅഌമോടെ ശൈഖുനാ എപ്പോഴും പോകാറുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കൂടെ നിരവധി യാത്രകള്‍ ചെയ്യാനുള്ള മഹാഭാഗ്യമെനിക്ക് ലഭിച്ചിട്ടുണ്ട്. ബസ്സില്‍, കാറില്‍, തീവണ്ടിയില്‍, വിമാനത്തില്‍ എന്ന് വേണ്ട എല്ലാ തരത്തിലുള്ള യാത്രകളിലും അനുഗമിച്ചിട്ടുള്ള എനിക്ക് അപ്പോഴൊക്കെ തോന്നിയിട്ടുള്ളത്, ഒരു ദീര്‍ഘ യാത്രയില്‍ ഇത് പോലൊരു നല്ല കൂട്ടുകാരന്‍ മറ്റൊരാളുണ്ടാവില്ല എന്നതാണ്. ശൈഖുനായോടുള്ള ബഹുമാനം കാരണം ഞങ്ങള്‍ അങ്ങോട്ടു സംസാരിച്ച് തുടങ്ങില്ല. അപ്പോള്‍ ശൈഖുനാ ചോദിക്കും, എന്തേ നിങ്ങള്‍ ഒന്നും മിണ്ടാത്തെ എന്ന്. പിന്നെപ്പിന്നെ, ഒരുപാട് വിഷയങ്ങള്‍ സംസാരിക്കും. യാത്രയില്‍ ഒരുപാട് കഥകള്‍ അദ്ദേഹം പറയാറുണ്ടായിരുന്നു, യാത്രയില്‍ പറയുന്ന കഥകളൊക്കെ ഔലിയാക്കളുടെ കഥകളായിരുന്നു. നാട്ടുവര്‍ത്താനങ്ങളോ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ചോ ശൈഖുനാ ഒന്നും പറയാറുണ്ടായിരുന്നില്ല. ആരെയെങ്കിലും കുറിച്ച് കുറ്റവും കുറവും പറയുന്നത് ഞാന്‍ കേട്ടിട്ടുമില്ല. ദാവൂദുല്‍ ഹകീം തങ്ങളുടേയും വടകര മമ്മദാജി തങ്ങളുടെയുമൊക്കെ കഥകള്‍ ശൈഖുനാ ഇടക്കിടക്ക് പറയാറുണ്ടായിരുന്നു.
മുത്തുപ്പേട്ട തങ്ങളുമായി ശൈഖുനാക്ക് വലിയ ബന്ധമായിരുന്നു. മുത്തുപ്പേട്ട ദാവൂദുല്‍ ഹകീം തങ്ങള്‍ നിന്റെ കാര്യം ശരിയാക്കിക്കൊള്ളും എന്ന് ഈയടുത്ത് നമ്മില്‍ നിന്ന് വിടപറഞ്ഞ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരോട് പറഞ്ഞ സംഭവം എല്ലാവര്‍ക്കും അറിയുന്നതാണല്ലോ. ഇക്കാര്യം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരോട് ഞാന്‍ നേരിട്ട് ചോദിച്ചറിഞ്ഞ കാര്യമാണ്.

സംഘടനാ രംഗത്ത് സജീവമായിരുന്നല്ലോ താങ്കള്‍?
1993 ല്‍ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും ഉസ്താദ് സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആദ്യത്തെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി എന്നെ തെരഞ്ഞെടുക്കുകയുണ്ടായി. പിന്നീട് സംസ്ഥാന വൈസ് പ്രസിഡന്റായും സെക്രട്ടറിയായും വര്‍ഷങ്ങളോളം സേവനമനുഷ്ഠിക്കുകയുണ്ടായി. സുന്നി മഹല്ല് ഫെഡറേഷന്റെ കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയായും, മര്‍ഹൂം ചിത്താരി മുഹമ്മദ് ഹാജി ചെയര്‍മാനായുള്ള കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്റെ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. ശംസുല്‍ ഉലമയുടെ കൂടെയും സമസ്തയുടേയും പോഷക സംഘടനകളുടേയും നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ എനിക്ക് സാധിച്ചു. ശംസുല്‍ ഉലമയുടെ കൂടെയുള്ള നീണ്ട 15 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ എഴുതാന്‍ എന്റെയടുത്ത ഒരുപാട് വ്യക്തിത്വങ്ങള്‍ നിരന്തരമായി ആവശ്യപ്പെ
ട്ടിരുന്നു. അതു കൊണ്ടാണ് ‘ശംസുല്‍ ഉലമയുടെ കൂടെ’ എന്ന ഉദ്യമത്തിന് ഞാന്‍ ഇറങ്ങിയത്. അതിന്റെ ആരംഭം ശംസുല്‍ ഉലമ വഫാത്തായ ദിവസം ഇറങ്ങിയ ചന്ദ്രിക ദിനപ്പത്രത്തിലെ എന്റെ ഒരു ലേഖനമായിരുന്നു. ആ ലേഖനത്തിന് എന്നെ പ്രേരിപ്പിച്ചത് അന്നത്തെ ചന്ദ്രികയുടെ ചീഫ് എഡിറ്ററായിരുന്ന പ്രൊഫ.മങ്കട അബ്ദല്‍ അസീസ് മൗലവിയായിരുന്നു. അദ്ദേഹം ശൈഖുനയുമായി വളരെ അടുപ്പമുള്ള ഒരു വ്യക്തി കൂടിയായിരുന്നു. നദ്‌വത്തുല്‍ മുജാഹിദിന്റെ ഉന്നത നേതാവായിരുന്ന അദ്ദേഹം മതപരമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ശംസുല്‍ ഉലമയോടായിരുന്നു അഭിപ്രായങ്ങള്‍ ചോദിക്കാറ്. വരും തലമുറക്ക് ശംസുല്‍ ഉലമയെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ഇത് ഏറെ സഹായകമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സി.കെ.കെ മാണിയൂര്‍/അബ്ദുല്ലത്തീഫ് പാലത്തുങ്കര